നാല് കോടി ജനങ്ങളെ കൊന്നുകൊണ്ട് ലോക കൊലയാളി സമൂഹത്തില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന ഇദ്ദേഹത്തിന്റെ പേരിലെ ‘ഖാന്‍’ കേട്ട് മുസ്ലീം ആണെന്നു ധരിക്കേണ്ട. മംഗോളിയയിലെ ഗോത്രങ്ങള്‍ നേതാവ് അല്ലെങ്കില്‍ ഭരണാധികാരിയെ ‘ഖാന്‍’ എന്നു വിളിച്ചു. ഇതര സമൂഹങ്ങളിലെ ശക്തന്മാര്‍ രാജാവാകുന്നതിനുവേണ്ടി മത്സരിച്ചപ്പോള്‍ മംഗോളിയന്‍ ഗോത്രജീവികള്‍ ‘ഖാന്‍’ ആകാന്‍വേണ്ടി പരസ്പരം കൊന്നു. കൂട്ടക്കൊലയ്ക്കു കാരണമായി മുഹമ്മദ് ഗസ്‌നിക്ക് ഇസ്ലാമും സ്റ്റാലിന് കമ്മ്യൂണിസവും ഹിറ്റ്‌ലര്‍ക്കു സ്വരാജ്യ സ്‌നേഹവും പറയാനുണ്ട്. എന്നാല്‍ ചെങ്കിസ്ഖാന്‍ കൊന്നത് ഇത്തരം ആദര്‍ശങ്ങള്‍ക്കൊന്നും വേണ്ടിയല്ല. ലോകം മുഴുവന്‍ കീഴടക്കാന്‍ അറേബ്യയില്‍നിന്നു പറന്നുപൊങ്ങിയ കാട്ടുകടന്നല്‍ കൂട്ടം ചെങ്കിസ്ഖാന്‍ കത്തിച്ചുവീശിയ തീപ്പന്തത്തിനു മുന്‍പില്‍ ചിറകുകരിഞ്ഞു വീണില്ലായിരുന്നെങ്കില്‍ ഹിന്ദുസ്ഥാന്‍ മറ്റൊരു അറേബ്യ ആകുമായിരുന്നു. കാലം ജനിപ്പിച്ചെടുത്ത ഈ നരസിംഹമൂര്‍ത്തിയുടെ ജീവിതത്തിലേക്ക് ഒരുനിമിഷം.
എട്ടുലക്ഷത്തി എണ്‍പത്തേഴായിരം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന പുല്‍മേട്; മരങ്ങളില്ല, ഇടക്കിടെ മൊട്ടക്കുന്നുകള്‍. പന്ത്രണ്ടുലക്ഷത്തി തൊണ്ണൂറ്റയ്യായിരം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഗോബി മരുഭൂമി. ഇതുരണ്ടും കൂടി ചേര്‍ന്നാല്‍ അതു മംഗോളിയ. ഭൂമിയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന രാജ്യങ്ങളിലൊന്ന്. ഭൂമിയില്‍ ഏറ്റവും തണുപ്പുള്ള മരുഭൂമി. ഇവിടെ ജീവിതം അതികഠിനം. ആടുകളെ വളര്‍ത്തി അതിന്റെ മാംസം ഭക്ഷിക്കും, പാല്‍കുടിക്കും. തണുപ്പില്‍നിന്നു രക്ഷപ്പെടാന്‍ ആട്ടിന്‍ കൊഴുപ്പ് ശരീരമാസകലം പുരട്ടും. മൃഗത്തോല്‍ തുന്നിക്കൂട്ടി അതുകൊണ്ടു വൃത്താകൃതിയില്‍ പണിയുന്ന കൂടാരങ്ങളില്‍ താമസം.
രാത്രിയില്‍ തണുപ്പു പൂജ്യത്തിനു താഴെയെത്തുന്ന കാലാവസ്ഥ. നിരന്തരം ആവര്‍ത്തിക്കുന്ന ഗോത്രയുദ്ധം. ഇവിടെയാണ് തെമുജിന്‍ ജനിച്ചത്. ആ ഗോത്രത്തിന്റെ ‘ഖാന്‍’ ആയിരുന്നു പിതാവ് യെസുഗെയ്. ടാട്ടാറുകള്‍ എന്ന ഗോത്രം യെസുഗെയ്‌യെ ചതിച്ചുകൊന്നു. അടുത്ത ഖാന്‍ സ്ഥാനം പിടിച്ചെടുക്കുന്നതിന് അവസരം നോക്കി കാത്തിരിക്കുന്ന സ്വന്തം വിശ്വസ്തന്‍ യെസുഗെയ്‌യുടെ ഏഴുമക്കളെയും ഭാര്യയെയും ഗോത്രത്തില്‍നിന്ന് ആട്ടിയോടിച്ചു. കമ്പിളി വസ്ത്രങ്ങളും ഭക്ഷണവുമില്ലാതെ പുല്‍മേടുകളില്‍ അവര്‍ വിറങ്ങലിച്ചു മരിക്കുമെന്ന് വഞ്ചകനായ അയാള്‍ കരുതി. പക്ഷേ അവര്‍ അതിജീവിച്ചു. ചെറുജീവികളെ വേട്ടയാടി ഭക്ഷിച്ചും അതിന്റെ തൊലികൊണ്ട് സ്വന്തം ശരീരം പൊതിഞ്ഞും അവര്‍ മരണത്തെ അതിജീവിച്ചു. കുറച്ചുവളര്‍ന്നപ്പോള്‍ തെമുജിന്‍ മറ്റൊരു ഗോത്രത്തിന്റെ കണ്ണില്‍പെട്ടു. അവര്‍ ആ കുട്ടിയെ ബന്ധിച്ച് അടിമയാക്കി. ഒടുവില്‍ സാഹസികമായി രക്ഷപ്പെട്ട് അവന്‍ ഒരു കുതിരയെ സ്വന്തമാക്കി. പിന്നീട് ഒരു വാളും സ്വന്തമാക്കി. അമ്മയെയും സഹോദരങ്ങളെയും കൂടെക്കൂട്ടി. ചെറുഗോത്രങ്ങളെ ആക്രമിച്ച് കൊള്ളയും കൊലയും തുടങ്ങി. അങ്ങനെ സ്വത്തും അനുചരന്മാരും പെരുകി. അച്ഛനെ ചതിച്ചുകൊന്ന ടാട്ടാറുകളെ ആകമാനം കൊന്നൊടുക്കി. അവരുടെ കന്നുകാലികളെയും സ്ത്രീകളെയും സ്വന്തം ഗോത്രത്തിനു മുതല്‍ക്കൂട്ടാക്കി. അച്ഛന്റെ ഖാന്‍ സ്ഥാനം പിടിച്ചെടുത്ത ചതിയനെ കൊന്നു. അതോടെ സ്വന്തം ഗോത്രത്തിലെ യുവാക്കളെല്ലാം തെമുജിന്റെ കൂട്ടാളികളായി. മാസങ്ങളും പിന്നെ വര്‍ഷങ്ങളും നീണ്ടുനില്ക്കുന്ന യുദ്ധയാത്രകള്‍ തെമുജിന്‍ ആരംഭിച്ചു. സഞ്ചാരപാതയിലുള്ള മുഴുവന്‍ ഗോത്രങ്ങളെയും ഉന്മൂലനം ചെയ്തു. മംഗോളിയന്‍ സമതലത്തിലെ പുല്‍മേടുകള്‍ ചോരക്കളമായി. ശവങ്ങള്‍ സംസ്‌കരിക്കാതെ കിടന്നു. വലിയ ഗോത്രങ്ങള്‍ തെമുജിനുമായി സഖ്യത്തിലേര്‍പ്പെട്ടു. അവസരം കാത്തിരുന്ന് അത്തരം വലിയ ഗോത്രങ്ങളെ കൊന്ന് കൊള്ളയടിച്ചു. തെമുജിന്‍ മരണത്തിന്റെ പര്യായമായി വളര്‍ന്നു.
ഒമ്പത് വയസ്സിനുമുന്‍പ് തെമുജിന്റെ ഭാര്യയായി പിതാവു പറഞ്ഞുവച്ചിരുന്ന ബോര്‍ട്ടെ എന്ന പെണ്‍കുട്ടിയെ മറ്റൊരു ഗോത്രം അടിമയാക്കിയിരുന്നു. ആ ഗോത്രത്തെ പൂര്‍ണ്ണമായി കൂട്ടക്കൊല ചെയ്ത് കൊച്ചു ഭാര്യയെ വീണ്ടെടുത്തു. അവള്‍ യുദ്ധയാത്രകളില്‍ തെമുജിന്റെ തുണയും ഉപദേശകയുമായി. എണ്ണിയാലൊടുങ്ങാത്ത ചെന്നായക്കൂട്ടം പോലെ മംഗോളിയന്‍ സമതലങ്ങളില്‍ തെമുജിന്റെ സൈന്യം പെരുകി. ആ സൈന്യം കടന്നുപോകുന്ന പാതയില്‍ മനുഷ്യരോ മൃഗങ്ങളോ യാതൊന്നും ജീവനോടെ അവശേഷിച്ചില്ല.
വലിയ നേതാവായപ്പോള്‍ തെമുജിന്‍ എന്ന പേരുമാറ്റി ജനങ്ങള്‍ അദ്ദേഹത്തെ ചെങ്കിസ്ഖാന്‍ എന്നു വിളിച്ചു. ആ പേരു കേള്‍ക്കുമ്പോള്‍ ഭരണകൂടങ്ങള്‍ വിറച്ചു. ചൈനയിലെ പരമ്പരാഗത രാജവംശങ്ങളെ ചെങ്കിസ്ഖാന്‍ കടന്നാക്രമിച്ചു. മതമോ ധാര്‍മ്മിക ബോധമോ ഇല്ലാത്ത ചെങ്കിസ്ഖാന്റെ കൂട്ടക്കൊലകള്‍ക്കു മുമ്പില്‍ വ്യവസ്ഥാപിത ഭരണകൂടങ്ങള്‍ക്കും സൈന്യങ്ങള്‍ക്കും പിടിച്ചുനില്ക്കാന്‍ കഴിഞ്ഞില്ല (തെല്‍ഗ്രി എന്ന ആകാശദൈവത്തെ മംഗോളുകള്‍ ഭയപ്പെട്ടിരുന്നതായി കാണാം). ജനസമൂഹങ്ങളെ പൂര്‍ണ്ണമായി കൊന്നൊടുക്കിയതിനാല്‍ കൃഷിയിറക്കാന്‍ ജനങ്ങളില്ലാതെ ഭൂമി തരിശായി മാറി. പട്ടിണിമരണം അവശേഷിച്ച ജനജീവിതത്തെകൂടി തുടച്ചുമാറ്റി. കസാഖ്സ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ചൈനയുടെ പടിഞ്ഞാറന്‍ മേഖല, റഷ്യ എന്നിങ്ങനെ ചെങ്കിസ്ഖാന്റെ ചവിട്ടടിയില്‍ മണല്‍പോലെ പൊടിഞ്ഞ രാജ്യങ്ങളുടെ എണ്ണം പെരുകി.
അറേബ്യയിലേക്കൊരു യുദ്ധയാത്ര ചെങ്കിസ്ഖാന്‍ ആഗ്രഹിച്ചില്ല. അഫ്ഗാനിസ്ഥാന്‍വരെ 36 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന ഇറാനിലെ ഖ്വറാസ്മിയന്‍ (Khw Arazmian Empire) സാമ്രാജ്യം ചരിത്രത്തിലെ ഏറ്റവും വിസ്തൃതിയുള്ള സാമ്രാജ്യങ്ങളിലൊന്ന്. ടര്‍ക്കികളും ഇറാനികളും ചേരുന്ന സുന്നി മുസ്ലീം സാമ്രാജ്യം. ഷാ അലാഡിന്‍ മുഹമ്മദ് രണ്ടാമന്‍ അതിപ്രതാപശാലിയായ ഭരണാധികാരി. ഈ മഹാശക്തിയുമായി ഏറ്റുമുട്ടാന്‍ ചെങ്കിസ്ഖാന്‍ ആഗ്രഹിച്ചില്ല. എന്നാല്‍ സ്വര്‍ഗ്ഗതുല്യ നഗരങ്ങളെന്ന് കേഴ്‌വികേട്ട ഇറാനെക്കുറിച്ചും ബാഗ്ദാദിനെക്കുറിച്ചും ചെങ്കിസ്ഖാന്‍ ധാരാളം കേട്ടിരിക്കുന്നു. കൊള്ളചെയ്‌തോ വ്യാപാരം ചെയ്‌തോ ഭൂമിയിലെ ഏതു മനോഹര വസ്തുക്കളും മനോഹരികളായ അടിമപ്പെണ്‍കൊടിമാരെയും അറബികള്‍ ഈ നഗരങ്ങളിലെത്തിക്കുമെന്ന് ചെങ്കിസ്ഖാന്‍ കേട്ടിരിക്കുന്നു. അറേബ്യയിലെ സ്വര്‍ഗ്ഗനഗരങ്ങളുമായി പുരാതനമായ സില്‍ക്കുപാതയിലൂടെ വ്യാപാരബന്ധം സ്ഥാപിക്കാന്‍ ചെങ്കിസ്ഖാന്‍ ആഗ്രഹിച്ചു. 500 പേരടങ്ങുന്ന ഒരു വര്‍ത്തകസംഘത്തെ അദ്ദേഹം സില്‍ക്കുപാതയിലൂടെ ഇറാനിയന്‍ (ഖ്വറാസ്മിയന്‍) സാമ്രാജ്യത്തിലേക്കയച്ചു. ചെങ്കിസ്ഖാന്റെ കുടുംബവും ബന്ധുക്കളും സേനാധിപന്മാരും ഈ പദ്ധതിയില്‍ മുതല്‍ മുടക്കിയിരുന്നു. അവര്‍ സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍, സില്‍ക്ക്, മറ്റിനം തുണിത്തരങ്ങള്‍, മൃഗരോമം എന്നിങ്ങനെ വിലയേറിയ വസ്തുക്കള്‍ വര്‍ത്തകസംഘത്തെ ഏല്പിച്ചു. ഇവ ഇറാന്‍ സാമ്രാജ്യത്തിലെ മുസ്ലീം വ്യാപാരികള്‍ക്കു കൊടുത്ത് പകരം കച്ചവടവസ്തുക്കള്‍ കൊണ്ടുവരുകയാണ് വര്‍ത്തകസംഘത്തിന്റെ ദൗത്യം. എന്നാല്‍ ഓട്ട്‌റാര്‍ (Otrar) എന്ന ഖ്വറാസ്മിയന്‍ നഗരത്തിലെ ഗവര്‍ണര്‍ വര്‍ത്തകസംഘത്തെ ആക്രമിച്ചു. ഇനാല്‍ചുക്ക് (Inalchuq) എന്ന ഗവര്‍ണര്‍ അഹങ്കാരം കൊണ്ട് അന്ധത ബാധിച്ച ആളായിരുന്നു. ഇസ്ലാം സാമ്രാജ്യത്തെ വെല്ലാന്‍ മറ്റൊരു ശക്തി ഭൂമിയില്‍ രൂപംകൊണ്ടിട്ടുണ്ട് എന്നയാള്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ചെങ്കിസ്ഖാന്റെ മഹത്വത്തെക്കുറിച്ച് വര്‍ത്തകസംഘം പറഞ്ഞതൊക്കെ അയാള്‍ പുച്ഛിച്ചു തള്ളി. വര്‍ത്തക സംഘത്തിലുള്ളവര്‍ ചാരന്മാരാണെന്നും ഇറാന്‍ സാമ്രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനയാണ് സംഘത്തിന്റെ ലക്ഷ്യമെന്നും ഇനാല്‍ചുക്ക് പ്രഖ്യാപിച്ചു. അയാള്‍ സംഘത്തെ തടവുകാരാക്കി. അവര്‍ കൊണ്ടുവന്ന കച്ചവട വസ്തുക്കള്‍ കൊള്ളചെയ്തു സ്വന്തമാക്കി.
ബുദ്ധികെട്ട ഗവര്‍ണറുടെ നടപടിമൂലം ചെങ്കിസ്ഖാന് കച്ചവടവസ്തുക്കളും ദൗത്യ സംഘത്തെയും നഷ്ടപ്പെട്ടു. സാമ്രാജ്യത്തിന്റെ അധിപന്‍ ഷാ അലാഡിന്‍ മുഹമ്മദിനെ നേരില്‍ കണ്ട് നിവേദനം നടത്താന്‍ ചെങ്കിസ്ഖാന്‍ മൂന്ന് രാജപ്രതിനിധികളെ അയച്ചു. അവരില്‍ ഒരാള്‍ മുസ്ലീമും മറ്റു രണ്ടുപേര്‍ മംഗോളിയക്കാരും ആയിരുന്നു. ഗവര്‍ണറേക്കാള്‍ നൂറുമടങ്ങ് ആവര്‍ത്തിച്ച അഹങ്കാരത്തിനുടമയാണ് ഷാ. അദ്ദേഹം മൂന്നു പ്രതിനിധികളെയും പിടികൂടി തല മുണ്ഡനം ചെയ്യാന്‍ ആജ്ഞാപിച്ചു. അതില്‍ മുസ്ലീമിന്റെ തല വെട്ടിയെടുത്തു. അത് ചെങ്കിസ്ഖാനു കൊടുക്കണമെന്ന നിര്‍ദ്ദേശത്തോടെ മറ്റു രണ്ടുപേരുടെയും കൈവശം കൊടുത്തയച്ചു.
പ്രത്യേക കാരണമൊന്നുമില്ലാതെ കൂട്ടക്കൊലക്കിറങ്ങുന്ന ചെങ്കിസ്ഖാന്‍ ഈ അപമാനത്തില്‍ രോഷംകൊണ്ടുപുളഞ്ഞു. ഏറ്റവും സമര്‍ത്ഥരായ സൈന്യാധിപന്മാരെ അദ്ദേഹം വിളിച്ചുകൂട്ടി. അവരോടൊപ്പം തന്റെ ചില പുത്രന്മാരെയും ചേര്‍ത്തു (അതിനകം 14 ഭാര്യമാരിലും കൂടി അനേകം മക്കള്‍ ജനിച്ചിരുന്നു) വന്‍തോതിലുള്ള പടയൊരുക്കമാണ് പിന്നെ നടന്നത്. ഏതൊരു അറബി-തുര്‍ക്കി സൈനികനെയുംകാള്‍ കൂടുതല്‍ കായികശക്തിയും മനഃശക്തിയും പരിശീലനവും യുദ്ധപരിചയവും നേടിയവരാണ് മംഗോളിയന്‍ സൈന്യം. തീയില്‍ കുരുത്തതു വെയിലത്തു വാടുകയില്ല എന്നു പറയുംപോലെ മംഗോളിയന്‍ മരുഭൂമിയിലെ നിവാസികള്‍ക്ക് അറേബ്യ ഒരു പ്രശ്‌നമേയല്ല. തീവ്ര ദുരിതങ്ങളെ അതിജീവിച്ചുകൊണ്ട് ചെങ്കിസ്ഖാനും സൈന്യവും സഞ്ചരിച്ചു.
4500 കിലോമീറ്റര്‍ മരുഭൂമിയിലൂടെയും ചുട്ടുപഴുത്ത ഇരുമ്പിന്റെ മുനപോലെ നില്ക്കുന്ന പര്‍വ്വതങ്ങള്‍ കയറിയിറങ്ങിയും അവര്‍ ഇറാന്‍ സാമ്രാജ്യത്തിന്റെ ഭാഗമായ ഖ്വറാസ്മിയയില്‍ എത്തിച്ചേര്‍ന്നു. അറബിദേശത്തേക്ക് താന്‍ അയച്ചിരുന്ന ചാരന്മാരെ ചെങ്കിസ്ഖാന്‍ കണ്ടുമുട്ടി. അവരുടെ വര്‍ത്തമാനം സൂക്ഷ്മമായി അപഗ്രഥിച്ചശേഷം അദ്ദേഹം തന്റെ ഒരു ലക്ഷം വരുന്ന സൈന്യത്തെ മൂന്നായി വിഭജിച്ചു. അതിസമര്‍ത്ഥനായ പോരാളിയും ചെങ്കിസ്ഖാന് ഏറ്റവും ഇഷ്ടമുള്ള പ്രഥമഭാര്യ ബെര്‍ട്ടെയില്‍ ജനിച്ച പുത്രനുമായ ജോച്ചെയുടെ കീഴില്‍ ഒരു സൈന്യത്തെ ഖ്വറാസ്മിയയുടെ വടക്കു പടിഞ്ഞാറന്‍ ദിശയിലേക്കയച്ചു. ജെബെ എന്നു വിളിക്കുന്ന, പോരില്‍ ഖ്യാതി തെളിയിച്ച സേനാധിപനു കീഴില്‍ രണ്ടാം സൈന്യത്തെ തെക്കുകിഴക്കന്‍ മേഖലയിലേക്കയച്ചു. ഇറാനിയന്‍ സാമ്രാജ്യത്തിന്റെ എക്കാലത്തെയും മുഖ്യനഗരമായ സമര്‍ഖണ്ഡ് ഇരുഭാഗത്തുകൂടിയും വളഞ്ഞ് ആക്രമിക്കുകയാണ് ലക്ഷ്യം.
ചെങ്കിസ്ഖാനും ടൊളൂയി (Tolui) എന്ന പുത്രനും ചേര്‍ന്ന് ഖ്വറാസ്മിയയെ വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ആക്രമിച്ചു.
ചെങ്കിസ്ഖാന്‍ ആരാണെന്ന് അതുവരെ അറിയാതിരുന്ന ഷാ അലാഡിന്‍ മുഹമ്മദിന് ഒടുവില്‍ ബോധോദയമുണ്ടായി. മംഗോളിയയില്‍ നിന്ന് ലാവാപ്രവാഹംപോലെ വന്നുകൊണ്ടിരിക്കുന്ന സൈന്യം തന്റെ സാമ്രാജ്യമാകെ നിറഞ്ഞിരിക്കുന്നു. പരിഭ്രാന്തനായ ഷാ തിടുക്കത്തില്‍ എടുത്ത തീരുമാനങ്ങളൊക്കെ തെറ്റി. തന്റെ സൈന്യത്തെ ചെറിയ ഘടകങ്ങളായി വിഭജിച്ച് ഓരോ നഗരവും സംരക്ഷിക്കാനയച്ചു. ആ തീരുമാനം ഏറ്റവും വലിയ തെറ്റായിരുന്നു. അതിദീര്‍ഘമായ യാത്രകൊണ്ട് ക്ഷീണിതരായിരുന്ന മംഗോളിയന്‍ സൈന്യം അറബികളുടെ വിഭജിക്കപ്പെട്ട ചെറിയ സേനാഘടകങ്ങളെ ഓരോന്നായി തുടച്ചുമാറ്റിക്കൊണ്ട് ഓരോ നഗരത്തിലേക്കും ഇരച്ചുകയറി.
തന്റെ വര്‍ത്തകസംഘത്തെ തടവുകാരാക്കിയ ഓട്ട്‌റാര്‍ (Otrar) നഗരം മിന്നല്‍ ആക്രമണത്തിലൂടെ ചെങ്കിസ്ഖാന്‍ കീഴടക്കി. ഗവര്‍ണര്‍ ഇനാള്‍ചുക്കിനെ പിടിച്ചെടുത്ത് പൊതുജനമദ്ധ്യത്തില്‍ അയാളുടെ കണ്ണിലും ചെവികളിലും ഉരുക്കിയ വെള്ളി ഒഴിച്ച് കൊന്നു. തുടര്‍ന്ന് പൗരജനങ്ങളെ വ്യാപകമായി കൂട്ടക്കൊല ചെയ്തു. ഓട്ട്‌റാര്‍ നഗരം വിജനമായ ശവപ്പറമ്പായി. സ്ത്രീകളെയും കുട്ടികളെയും അടിമകളായി ബന്ധിച്ചു. തനിക്കെതിരെ ആയുധമെടുക്കാതിരുന്ന യുവാക്കളെ സ്വന്തം സൈന്യത്തില്‍ ചേര്‍ത്തു.
തുടര്‍ന്ന് ബുഖാറ (Bukhara) നഗരത്തിലേയ്ക്കു ചെങ്കിസ്ഖാന്‍ മാര്‍ച്ചുചെയ്തു. ഒരു കാലത്ത് ഗസ്‌നി മുഹമ്മദിന്റെ വിഹാര രംഗമായിരുന്നു ഈ നഗരം. ചെറിയൊരു കോട്ടയും അതിനെചുറ്റി ജലം നിറച്ചിട്ടുള്ള കിടങ്ങും. എതിര്‍ക്കാന്‍ നില്ക്കാതെ നഗരപാലകര്‍ കോട്ടവാതില്‍ തുറന്നുകൊടുത്തു. കോട്ടക്കുള്ളിലെ ഒളിയിടങ്ങളില്‍ തുര്‍ക്കി സൈനികരില്‍ ചിലര്‍ 12 ദിവസം പിടിച്ചുനിന്നു പൊരുതി. ഒടുവില്‍ തുര്‍ക്കികളെ മുഴുവനായി കൊന്നുകൊണ്ടു കോട്ട കീഴടക്കി. ശില്പികളെയും കൈത്തൊഴില്‍ വിദഗ്ദ്ധരെയും മംഗോളിയയിലേയ്ക്കു കൊണ്ടുപോകാന്‍ മാറ്റിനിര്‍ത്തി. ചെങ്കിസ്ഖാനെതിരെ പോരാടാതിരുന്ന യുവാക്കളെ മംഗോളിയന്‍ സൈന്യത്തില്‍ ചേര്‍ത്തു. അവശേഷിച്ചവരെ അടിമകളാക്കി ബന്ധിച്ചു. (ഹിന്ദുസ്ഥാനില്‍ നടന്നതൊക്കെ ഇവിടെ അറബികളുടെ ഹൃദയഭൂമിയില്‍ ആവര്‍ത്തിക്കുകയാണ്).
അവിടെ മുഖ്യ മുസ്ലീം പള്ളിയില്‍ ബുഖാറ നഗരത്തിലെ പ്രമാണിമാരെ ചെങ്കിസ്ഖാന്‍ വിളിച്ചുവരുത്തി. ദ്വിഭാഷികളുടെ സഹായത്തോടെ അദ്ദേഹം അവരോടു പറഞ്ഞു.
”നിങ്ങള്‍ വലിയ പാപങ്ങള്‍ ചെയ്തിരുന്നില്ലെങ്കില്‍ എന്നെപ്പോലൊരു കഠിനശിക്ഷ ദൈവം നിങ്ങളുടെമേല്‍ അയക്കുകയില്ലായിരുന്നു.”
ബുഖാറ വീണതോടെ സമര്‍ഖണ്ഡിലേക്കുള്ള യാത്രയിലെ തടസ്സങ്ങള്‍ നീങ്ങി. ഉസ്‌ബെക്കിസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം അലക്‌സാണ്ടര്‍ ചക്രവര്‍ത്തിമുതല്‍ ഇറാനിയന്‍, ടര്‍ക്കിഷ് രാജാക്കന്മാര്‍വരെ മാറിമാറി ഭരിച്ച സമ്പന്ന നഗരമാണ്. അറബികളുടെ അഭിമാനമായ നഗരകവാടത്തില്‍ ചെങ്കിസ്ഖാന്‍ വന്നുനില്ക്കുന്നു. ഭാരതത്തിലെ മഥുരാനഗരത്തിനും സോമനാഥത്തിനും മുന്‍പില്‍ മുഹമ്മദ് ഗസ്‌നിയും തുര്‍ക്കികളും വന്നു നിന്നതുപോലെ. ചരിത്രത്തിന്റെ പുനരാവര്‍ത്തനം നടക്കുകയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നു കൊള്ളചെയ്തുകൊണ്ടുവന്ന മനോഹര വസ്തുക്കള്‍കൊണ്ടു പണിതുയര്‍ത്തിയ സമര്‍ഖണ്ഡ് നഗരം തേങ്ങി. പക്ഷേ ചെങ്കിസ്ഖാനു കനിവില്ലായിരുന്നു. ശത്രുവിന്റെ വയര്‍ കുത്തിപ്പൊളിക്കുമ്പോള്‍ നരസിംഹം കനിവുകാട്ടാറില്ല.
സമര്‍ഖണ്ഡിലെ കോട്ട ശക്തമാണ്. കോട്ട കാത്തുകൊണ്ടു നിലയുറപ്പിച്ച അറബിസൈന്യം അതിലേറെ ശക്തം. കോട്ടമുകളില്‍ നിന്ന് അവര്‍ അമ്പുകളും കുന്തങ്ങളും താഴേയ്ക്കു തൊടുത്തുവിട്ടു. ബോംബുനിര്‍മ്മാണം അക്കാലത്ത് ആരംഭിച്ചിട്ടില്ല. തോക്കും ഉണ്ടായിരുന്നില്ല. എന്നാല്‍ വെടിമരുന്നും നാഫ്തയും സ്‌ഫോടകവസ്തുക്കളായി ഉപയോഗിച്ചു തുടങ്ങിയിരുന്നു. പരുത്തിച്ചാക്കിനുള്ളില്‍ വെടിമരുന്നു നിറച്ച് തിരിക്കുതീകൊളുത്തി അത് മംഗോള്‍ സൈന്യത്തിനുനേരെ കോട്ടമുകളില്‍നിന്ന് തുര്‍ക്കികള്‍ എറിഞ്ഞുവിട്ടു. വന്‍തോതില്‍ തീയും മിന്നലും ഉണ്ടാക്കിക്കൊണ്ട് വെടിമരുന്നു കത്തുമ്പോള്‍ അടുത്തുള്ള മംഗോള്‍ സൈന്യം പൊള്ളലേറ്റ് നാലുപാടും ചിതറി. ഇതുകണ്ട് ചെങ്കിസ്ഖാന്‍ രോഷംകൊണ്ടു ജ്വലിച്ചു. സ്വന്തം കുടുംബവും സൈന്യവും ചെങ്കിസ്ഖാന് ഒരുപോലെയാണ്. അവര്‍ക്കു വേദനിച്ചാല്‍ ഖാന്‍ അത് ഏറ്റുവാങ്ങും. കോട്ടക്കുചുറ്റും നിശ്ചിത അകലത്തില്‍ ഭീമന്‍ തെറ്റാലികള്‍ സ്ഥാപിക്കപ്പെട്ടു. 10 കിലോഗ്രാം തൂക്കംവരുന്ന കല്ലുകളും നാഫ്തയില്‍ മുക്കി തീകൊളുത്തിയ പരുത്തി ഗോളങ്ങളും ഇടതടവില്ലാതെ കോട്ടക്കുള്ളിലേക്കു വിക്ഷേപിച്ചു തുടങ്ങി. കോട്ടക്കുള്ളിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തീ പിടിച്ചു. പുറത്തേക്കോടിയ ജനങ്ങളുടെ തലയില്‍ വലിയ ശിലാഗോളങ്ങള്‍ പതിച്ച് തലചിതറി. നിരവധി ദിവസങ്ങള്‍ രാവും പകലും ഈ ആക്രമണം തുടര്‍ന്നു. ഒടുവില്‍ കോട്ടവാതില്‍ തകര്‍ത്ത് മംഗോളിയന്‍ സൈന്യം തള്ളിക്കയറി. അതിനുള്ളില്‍ അവശേഷിച്ച ഓരോ അറബിസൈനികനെയും വാളിനിരയാക്കി. പേര്‍ഷ്യന്‍ ചരിത്രകാരന്‍ അത്താ-മാലിക് ജുവൈനി (Ata-Malik Juvayni) എഴുതിയിരിക്കുന്നത്:
‘അനന്തരം സമര്‍ഖണ്ഡ് നഗരത്തിലെ ജനങ്ങളോട് പുറത്തേക്കു പോകുവാന്‍ മംഗോള്‍ സൈന്യം ആവശ്യപ്പെട്ടു. ഓടി രക്ഷപ്പെടുവാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് കരുതി ജനങ്ങള്‍ വലിയ സന്തോഷത്തോടെ നഗരത്തിനു പുറത്തേക്കു പ്രവഹിച്ചു. ഒരു വെളിംപ്രദേശത്ത് ജനങ്ങളെ അണിനിരത്തി. തുടര്‍ന്ന് മംഗോള്‍ സൈന്യം അവരെ വളഞ്ഞു. നിഷ്ഠൂരമായ കൂട്ടക്കൊലയാണ് പിന്നീട് നടന്നത്. അവസാനത്തെയാളും വധിക്കപ്പെട്ടുകഴിഞ്ഞ് മൃതദേഹങ്ങളില്‍ നിന്നു തലവെട്ടി വേര്‍പെടുത്തിയെടുത്തു. ആ തലകള്‍കൊണ്ട് മൈതാനത്ത് നിരവധി പിരമിഡുകളുണ്ടാക്കി. ചെങ്കിസ്ഖാന്‍ വിജയചിഹ്നം പണിയുന്നത് ഇങ്ങനെയാണ്.’
സമര്‍ഖണ്ഡിനു തെക്കുഭാഗത്തുള്ള ടെര്‍മിസ് (Termez നഗരം കീഴടക്കിയപ്പോഴും മംഗോളിയന്‍ സൈന്യം ജനങ്ങളെ നഗരത്തിനുപുറത്തുള്ള വെളിംപ്രദേശത്ത് നിരത്തി നിര്‍ത്തി. ഇവിടെ പുരുഷന്‍, സ്ത്രീ, കുട്ടികള്‍ എന്നിങ്ങനെ തരംതിരിച്ചാണ് നിര്‍ത്തിയത്. തുടര്‍ന്ന് മുഴുവന്‍ ജനങ്ങളെയും കൊന്നുകളഞ്ഞു. വധിക്കപ്പെടാതെ അവശേഷിച്ച സ്ത്രീപുരുഷന്മാരെ ചെങ്കിസ്ഖാന്‍ അടിമച്ചന്തയില്‍ വില്പന നടത്തിയില്ല. പകരം അടിമസ്ത്രീകളെ മംഗോളിയന്‍ ഭവനങ്ങളില്‍ പരിചാരകരായും പുരുഷന്മാരെ യുദ്ധസംരംഭങ്ങള്‍ക്കും നിയോഗിച്ചു.
മംഗോളിയന്‍ സൈന്യം കടന്നുപോകുന്ന നഗരങ്ങളൊക്കെ തീര്‍ത്തും വിജനമാക്കപ്പെട്ടു. ഒന്നുകില്‍ കൂട്ടക്കൊലക്കിരയാകുന്നു അല്ലെങ്കില്‍ അടിമകളാക്കപ്പെടുന്നു.
നിഷാപൂര്‍ (Nishapur) നഗരത്തെ ആക്രമിക്കുന്നതിനു നേതൃത്വം നല്‍കിയത് ചെങ്കിസ്ഖാന്റെ മകളുടെ ഭര്‍ത്താവ് തോക്യുചര്‍ (Toquchar) ആണ്. കീഴടങ്ങാനുള്ള ആജ്ഞ ധിക്കരിച്ചുകൊണ്ട് നഗരത്തിലെ അറബിസൈന്യം യുദ്ധം തുടങ്ങി. കോട്ടക്കുള്ളില്‍നിന്ന് കൃത്യമായി ലക്ഷ്യംകുറിച്ച് എയ്തുവിട്ട ഒരമ്പ് തോക്യുചറിന്റെ കഴുത്തില്‍ തുളഞ്ഞുകയറി. അദ്ദേഹം തല്‍ക്ഷണം കുതിരപ്പുറത്തുനിന്നു താഴേയ്ക്കു വീണു മരിച്ചു. വിധവയാക്കപ്പെട്ട മകളുടെ ദുഃഖം കണ്ടുനില്ക്കാന്‍ ചെങ്കിസ്ഖാനു കഴിഞ്ഞില്ല. മാത്രമല്ല മകള്‍ ഗര്‍ഭിണിയുമായിരുന്നു.
ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ട് മകളെ ചേര്‍ത്തുപിടിച്ച് അദ്ദേഹം പറഞ്ഞു.
”മകളെ, ഈ നഗരത്തിന്റെയും അതിലെ ജനങ്ങളുടെയും വിധി നിനക്കു വിട്ടിരിക്കുന്നു. എന്തുശിക്ഷ നല്‍കണമെന്നു നിനക്കു തീരുമാനിക്കാം.”
മകള്‍ മറുപടി പറഞ്ഞു. “ഈ നഗരത്തിലെ മുഴുവന്‍ മനുഷ്യജീവികളെയും കൊന്നുകളയുക. മാത്രമല്ല പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങി എല്ലാ ജീവജാലങ്ങളും കശാപ്പുചെയ്യപ്പെടണം.”
ഈ ഉത്തരവു നടപ്പിലാക്കുവാന്‍ ചെങ്കിസ്ഖാന്‍ ഏല്പിച്ചത് തന്റെ പുത്രന്‍ ടൊളുയി (Tolui)യെ. നഗരത്തില്‍ വധിക്കപ്പെട്ട സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും തലകള്‍ വെവ്വേറെ പിരമിഡുകളായി ഉയര്‍ത്തിക്കെട്ടി എന്നു ചരിത്രം.
വടക്കന്‍ തുര്‍ക്ക്‌മെനിസ്ഥാനിലെ ഉര്‍ഗെഞ്ച് (Urgench) മുസ്ലീം ലോകത്തെ കീര്‍ത്തികേട്ട നഗരമാണ്. വാണിജ്യവും സമ്പത്തും നിറഞ്ഞുനില്ക്കുന്ന നഗരം. എന്തുവിലകൊടുത്തും നഗരം രക്ഷിക്കാന്‍ ഷാ അലാഡിന്‍ മുഹമ്മദിന്റെ സൈന്യം പ്രതിജ്ഞാബദ്ധമാണ്. നഗരത്തിലെ ഓരോ വളവിലും തിരിവിലും ഉപവഴികളിലും മുസ്ലീംസൈന്യം പതിയിരുന്നു. അപ്രതീക്ഷിത മൂലകളില്‍നിന്ന് അവര്‍ മംഗോള്‍ സൈന്യത്തിനുമേല്‍ ചാടിവീണു. ഇരു സൈന്യങ്ങളും ഇഞ്ചോടിഞ്ചു പോരാടി. ഒരേ വാശിയോടെ രണ്ടു സിംഹങ്ങള്‍ പോരാടി മരിക്കുന്നതു പോലുള്ള കാഴ്ച ഉര്‍ഗെഞ്ച് നഗരത്തിലാകെ കാണപ്പെട്ടു. സ്വന്തം നഗരത്തില്‍ പോരാടുന്ന മുസ്ലീം സൈന്യത്തിന് നഗരവഴികള്‍ സുപരിചിതമാണ്. 4500 കി.മീ. അകലെ മരുഭൂമിയില്‍ നിന്നെത്തിയ മംഗോളിയര്‍ക്ക് അപരിചിതമായ നഗരാന്തരീക്ഷം പ്രതികൂലമായി നിന്നു. മരണപ്പെട്ട മംഗോളിയന്‍ സൈന്യത്തിന്റെ എണ്ണം പതിവിലേറെ പെരുകി. എല്ലാ വിരുദ്ധ സാഹചര്യങ്ങള്‍ക്കുമെതിരെ നിന്നുപൊരുതിയ മംഗോളിയന്‍ സൈന്യത്തിന്റെ ഉരുക്കുമുഷ്ടിയില്‍ മുസ്ലീം സൈന്യം ഒടുവില്‍ പൊടിഞ്ഞുപോയി. ഉര്‍ഗെഞ്ചിലെ യുവതികളെയും ചെറിയ കുട്ടികളെയും ചെങ്കിസ്ഖാന്‍ തന്റെ സൈന്യത്തിന് അടിമകളായി നല്‍കി. ശില്പികളെയും കൈവേലക്കാരെയും മംഗോളിയയിലേക്കയച്ചു. അവശേഷിച്ച മുഴുവന്‍ ജനങ്ങളെയും കൂട്ടക്കൊല ചെയ്തു. പേര്‍ഷ്യന്‍ ചരിത്രകാരന്‍ ജുവൈനി എഴുതിയിരിക്കുന്നത് ചെങ്കിസ് ഖാന്‍ ഉര്‍ഗെഞ്ച് നഗരത്തിലെ കൂട്ടക്കൊലക്കു വേണ്ടി 50000 മംഗോള്‍ ഭടന്മാരെ നിയോഗിച്ചു എന്നാണ്. ഒരു ഭടന്‍ 24 തടവുകാരെ വീതം കൊല്ലുക എന്നതാണ് ലക്ഷ്യം. അങ്ങനെയെങ്കില്‍ 12 ലക്ഷം ജനങ്ങള്‍ അവിടെ വധിക്കപ്പെട്ടിരിക്കണം.
(തുടരും)