നാഗ്പൂര്‍: ഭാരതത്തിലെ വിവിധതകള്‍ ഏകാത്മതയുടെ പ്രകടീകരണങ്ങളാണെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ആത്മപ്രഭാവം ഓരോ വ്യക്തിയുടെയും സമാജത്തിന്റെയും സ്വാഭാവികമായ താല്പര്യവും സ്വാതന്ത്ര്യത്തിന്റെ പ്രേരണയുമാണ്. മനുഷ്യന് സ്വാതന്ത്ര്യത്തില്‍ മാത്രമേ സ്വരാജ്യാനുഭവമുണ്ടാകുകയുള്ളൂ. ഓരോ രാഷ്ട്രത്തിന്റെ ഉദയവും വിശ്വജീവിതത്തില്‍ തനതായ സംഭാവനകള്‍ നല്‍കാനായിട്ടാണെന്ന് സ്വാമി വിവേകാനന്ദന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഓരോരുത്തരും സ്വന്തം വൈശിഷ്ട്യത്തില്‍ ഉറച്ചുനിന്നുകൊണ്ട്, മറ്റുള്ളവരുടെ വൈശിഷ്ട്യത്തെ ആദരിച്ച് എല്ലാവരെയും ഒരേ നൂലില്‍ കൂട്ടിച്ചേര്‍ത്ത് സംഘടിതമായ ഒരു സമൂഹമെന്ന രീതിയില്‍ മുന്നോട്ടു പോകണം.
വ്യക്തിയെയും സമൂഹത്തെയും പാകപ്പെടുത്താതെ ഒരു തരത്തിലുള്ള പരിവര്‍ത്തനവും ലോകത്തെവിടെയും വന്നിട്ടില്ല. സ്വതന്ത്ര രാഷ്ട്രത്തിന്റെ കാലാനുസൃതമായ ഭരണ വ്യവസ്ഥയും നടപ്പുഭരണത്തിന്റെ നല്ല വശങ്ങളും ദേശാനുകൂലമാക്കി സ്വീകരിക്കേണ്ടിയിരിക്കുന്നു. അതിന് സമൂഹത്തിന്റെ അസ്മിതയെക്കുറിച്ചുള്ള തിരിച്ചറിവും വിശുദ്ധമായ ദേശഭക്തിയും വ്യക്തിപരവും ദേശീയവുമായ അച്ചടക്കവും ഏകാത്മതയുടെ കരുത്തും വേണം. അപ്പോഴാണ് ഭൗതിക ജ്ഞാനവും സാമര്‍ത്ഥ്യവും ഗുണവും ഭരണത്തിന്റെ ആനുകൂല്യവും ഒക്കെ രാഷ്ട്രത്തിന്റെ ഉത്കര്‍ഷത്തിന് സഹായകമാകുന്നത്.
നിരന്തരമായ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ആഘോഷമാണ് അമൃത മഹോത്സവം. ത്യാഗത്തിലൂടെയും സമര്‍പ്പിത കര്‍മ്മത്തിലൂടെയും അതിനോടുള്ള പ്രതിബദ്ധത പ്രകടമാക്കണം. തനതും കാലാനുസൃതവുമായ ഭരണ വ്യവസ്ഥകള്‍ നിര്‍മ്മിച്ച് ഭാരതത്തെ പരമവൈഭവത്തിന്റെ ധന്യതയില്‍ എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.