ഭാരതം സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ നമ്മുടെ മഹത്തായ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ധാരകളെയും സാഹചര്യങ്ങളെയും പുന:പരിശോധിക്കുന്നത് തികച്ചും സന്ദര്‍ഭോചിതമായിരിക്കും. പ്രത്യേകിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ നൂറാം വര്‍ഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ വേളയില്‍. സ്വാതന്ത്ര്യസമരത്തില്‍ സംഘത്തിന്റെ പങ്കെന്ത് എന്ന ചോദ്യം പല ചര്‍ച്ചകളിലും ഉയര്‍ന്നു വരാറുണ്ട്. ഉപ്പു സത്യഗ്രഹം എന്നും അറിയപ്പെടുന്ന 1930 കളിലെ നിയമലംഘന പ്രസ്ഥാനത്തില്‍ സംഘത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് വെളിച്ചം വീശുകയാണ് ഈ പരമ്പരയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന് ഉപോല്‍ബലകമായ തെളിവുകള്‍ക്കായി കൂടുതലായും ആശ്രയിച്ചിരിക്കുന്നത് ആ കാലഘട്ടത്തിലെ മറാത്തി പ്രസിദ്ധീകരണങ്ങളായ ‘കേസരി’യും, ‘മഹാരാഷ്ട്ര’ ദ്വൈവാരികയുമാണ്. ഇവ രണ്ടും യഥാക്രമം പൂനെയില്‍ നിന്നും നാഗ്പൂരില്‍ നിന്നുമാണ് പ്രസിദ്ധീകരിച്ചിരുന്നത്. അക്കാലത്ത് ഇവയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് ഇവിടെ വിവരശേഖരണത്തിനായി അവലംബിക്കുന്നത്.
സ്വാതന്ത്ര്യസമരത്തില്‍ സംഘത്തിന്റെ പങ്കെന്താണ് എന്ന ചോദ്യം സാധാരണയായി ഉയര്‍ന്നു കേള്‍ക്കാറുണ്ട്. ഇതിനുള്ള ഉത്തരം വളരെ ലളിതമാണ്. സംഘടന എന്ന നിലയില്‍ സംഘത്തിന് സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമില്ല. എന്നാല്‍ സ്വയംസേവകര്‍ സ്വാതന്ത്ര്യസമരത്തില്‍ ഗണനീയമായ പങ്ക് നിര്‍വ്വഹിച്ചിട്ടുണ്ട്. ഈ ഒരു വാചകം പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ക്കും കാരണമായേക്കാം. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ സംഘത്തിന്റെ സ്ഥാപകനായ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ എന്തായിരുന്നു ചിന്തിച്ചിരുന്നതെന്ന് നമുക്ക് പരിശോധിക്കാം. അതുതന്നെയാണ് ഈ വിഷയത്തില്‍ നാളിതുവരെയായുള്ള സംഘത്തിന്റെ നിലപാടും.
സ്വാതന്ത്ര്യം എപ്പോള്‍ കിട്ടുമെന്ന് പലരും ചോദിച്ചു കൊണ്ടിരുന്നപ്പോള്‍ ഡോ. ഹെഡ്‌ഗേവാര്‍ അവരോട് തിരിച്ചു ചോദിച്ചത് മറ്റൊരു കാര്യമായിരുന്നു. എങ്ങനെയാണ് നമുക്ക് സ്വാതന്ത്ര്യം നഷ്ടമായത്? എങ്ങനെയാണത് വീണ്ടെടുക്കാനാവുക? ഈ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സമഗ്രമായി ചിന്തിച്ചിരുന്നെന്ന് മാത്രമല്ല, ഭാരതത്തെ അടിമത്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ മറികടക്കാനുള്ള ഒരു പദ്ധതിയും അദ്ദേഹം ആവിഷ്‌കരിച്ചു. ഇത്തരത്തില്‍ അദ്ദേഹം വിഭാവനം ചെയ്ത രാഷ്ട്ര പുനര്‍നിര്‍മ്മാണ പദ്ധതി ദീര്‍ഘകാലത്തേക്കുള്ളതായിരുന്നു. അതേസമയം, ആ കാലഘട്ടത്തില്‍ നടന്നുവന്ന പ്രക്ഷോഭങ്ങളൊക്കെയും ഹ്രസ്വകാലത്തേക്കുള്ളവയായിരുന്നു. അതിന്റെ ലക്ഷ്യങ്ങളും അങ്ങനെ തന്നെ. ദീര്‍ഘകാല ലക്ഷ്യമായിട്ടുള്ള രാഷ്ട്ര നിര്‍മ്മാണവും, സാഹചര്യം ആവശ്യപ്പെടുന്ന പ്രവര്‍ത്തനവും തമ്മില്‍ നീതിപൂര്‍വ്വകമായ നിഷ്പക്ഷത നിലനിര്‍ത്തുക എന്നത് തീര്‍ച്ചയായും ക്ലേശകരമായ കാര്യമായിരുന്നു. ഒരു പ്രസ്ഥാനമെന്ന നിലയില്‍ സംഘത്തെ അടിയന്തര സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന ഈ മുന്നേറ്റത്തില്‍ നിന്നും അകറ്റി നിര്‍ത്തിയും, എന്നാല്‍ സ്വയംസേവകരെ ഈ നിയോഗത്തില്‍ ഏര്‍പ്പെടുവാന്‍ പ്രേരിപ്പിച്ചുമാണ് ഡോ.ഹെഡ്‌ഗേവാര്‍ ഈ സാഹചര്യത്തെ അതിസമര്‍ത്ഥമായി നേരിട്ടത്. മാത്രമല്ല സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുകൊണ്ട് സ്വയമൊരു മാതൃകയായി അദ്ദേഹം മുന്നില്‍ നിന്ന് വഴികാട്ടുകയും ചെയ്തു. ഒരു സംഘടന എന്ന നിലയില്‍ സംഘത്തെ അദ്ദേഹം ഇതില്‍ നിന്നും അകറ്റിനിര്‍ത്തി. കാരണം സംഘടനയുടെ ലക്ഷ്യമായി അദ്ദേഹം വിഭാവനം ചെയ്ത കാര്യങ്ങള്‍ കുറേക്കൂടി വലുതും വിശാലവുമായിരുന്നു. ഒരു സംഘടന എന്ന നിലയില്‍ സംഘം അതില്‍ നിന്നും വ്യതിചലിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇത്തരം സംഘട്ടനങ്ങള്‍ ഉയര്‍ന്നു വരാത്ത രീതിയിലുള്ള ഒരു സമൂഹത്തെയാണ് അദ്ദേഹം നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചത്. സംഘം തന്നെ അപ്രസക്തമായി പോകുന്ന തരത്തിലുള്ള ആത്മവീര്യം നിറഞ്ഞ ഒരു ഹിന്ദു സമൂഹത്തെയാണ് അദ്ദേഹം വിഭാവനം ചെയ്തത്.
മാത്രമല്ല മറ്റൊരു അടിസ്ഥാനപരമായ കാര്യവും അദ്ദേഹത്തിന്റെ ചിന്തകളെ സ്വാധീനിച്ചിരുന്നു. ഹിന്ദു സമൂഹം എന്നും സംഘം എന്നും ഉള്ള വൈരുദ്ധ്യത്തിന്റെ ഒരു ലാഞ്ചന പോലും ഉണ്ടാകാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ആര്യസമാജം പോലെയോ, രാമകൃഷ്ണമിഷന്‍ പോലെയോ ഹിന്ദു സമൂഹത്തിന്റെ ഉള്ളില്‍ തന്നെയുള്ള ഒരു സംഘടനയായല്ല, മറിച്ച് മുഴുവന്‍ ഹിന്ദുക്കള്‍ക്കും വേണ്ടിയുള്ള ഒരു സംഘടന എന്ന രീതിയിലാണ് അദ്ദേഹം സംഘത്തെ കണ്ടത്. ഇത് കൃത്യമായും വ്യക്തമാക്കുന്ന രണ്ട് സംഭവങ്ങളെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും നമുക്ക് കണ്ടെത്താവുന്നതാണ്.
1938 ല്‍ ഹൈദരാബാദ് നൈസാമിന്റെ ഹിന്ദു വിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്കെതിരെ ഹൈദരാബാദില്‍ ഹിന്ദുക്കള്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു. എന്നാല്‍ ഈ ഒരു മുന്നേറ്റത്തെ അനുകൂലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ഹെഡ്‌ഗേവാര്‍ സംഘശാഖകള്‍ക്ക് നിര്‍ദ്ദേശം നല്‍കാത്തത് ഹിന്ദു അനുകൂല സംഘടനകളില്‍ നിന്നും സംഘത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാന്‍ കാരണമായി. എന്നാല്‍ ഈ ഒരു മുന്നേറ്റത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചു കൊണ്ട് കത്തുകള്‍ അയക്കാന്‍ അദ്ദേഹം മറന്നിരുന്നില്ല. അദ്ദേഹത്തിന്റെ വ്യക്തമായ നിലപാട് ഇതായിരുന്നു ‘സംഘ സ്വയംസേവകന്‍ ഹിന്ദു സമൂഹത്തിന്റെ ഭാഗമാണ്, സംഘത്തില്‍ ചേരുന്നതോടു കൂടി ആ ഹിന്ദു സമൂഹത്തിന്റെ ഭാഗം എന്ന ഉത്തരവാദിത്തത്തില്‍ നിന്നും ഒരു സ്വയംസേവകനും വിരമിക്കുന്നില്ല.’ (സംഘ ആര്‍കൈവ്‌സ്, ഹെഡ്‌ഗേവാര്‍ പേപ്പേര്‍സ്, രജിസ്റ്റേര്‍സ്/ രജിസ്റ്റര്‍ 1 ഡി.എസ്.സി.-0056).
അതുകൊണ്ട് തന്നെ ഹിന്ദു സമൂഹത്തിലെ ഒരു സജീവ അംഗം എന്ന നിലയില്‍, സമൂഹത്തില്‍ ഇടപെടേണ്ട ഏതൊരു ഉത്തരവാദിത്തത്തിലും സജീവമായി ഇടപെടാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഏതൊരു സ്വയംസേവകനും ഉണ്ടായിരിക്കും എന്ന് മാത്രമല്ല, അങ്ങനെ ഉണ്ടാകുന്നത് അഭിനന്ദനീയമായ ഒരു കാര്യമായും സംഘത്തിന്റെ വിജയമായും അദ്ദേഹം കരുതി എന്നാണ് അദ്ദേഹത്തിന്റെ കത്തുകളില്‍ നിന്നും നമുക്ക് അനുമാനിക്കാവുന്നത്.
സംഘം ഒരു സംഘടന എന്ന നിലയില്‍ ഇതില്‍ നിന്നും വിട്ടുനിന്നെങ്കിലും ആവശ്യമുള്ളത്രയും പ്രതിരോധ ഭടന്മാര്‍ ഈ മുന്നേറ്റത്തില്‍ എത്തിപ്പെടുന്നുണ്ടെന്നും അതില്‍ സജീവമായി ഇടപെടുന്നുണ്ടെന്നും ഡോ. ഹെഡ്‌ഗേവാര്‍ ഉറപ്പ് വരുത്തുകയും ചെയ്തു. ഉദാഹരണത്തിന് ശങ്കര്‍ രാമചന്ദ്ര ദത്തെ മഹാരാഷ്ട്ര പ്രവിശ്യയിലെ ഹിന്ദു മഹാസഭയുടെ സെക്രട്ടറി ആയിരുന്നു. സത്യഗ്രഹത്തിന്റെ തുടക്കം മുതല്‍ക്കു തന്നെ അതുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തി ആയിരുന്നു അദ്ദേഹം. 1938 ല്‍ പൂനെയിലെ ഒരു ഹിന്ദു യുവ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ അദ്ദേഹം എത്തുകയുണ്ടായി. അവിടെ വച്ച് ദത്തെ ഹെഡ്‌ഗേവാറിനെ കാണുകയും സത്യഗ്രഹത്തില്‍ പങ്കെടുക്കുവാന്‍ അഞ്ഞൂറോളം പ്രവര്‍ത്തകരെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
‘അത്രയേ വേണ്ടൂ? ഒന്നുകൊണ്ടും പേടിക്കേണ്ട, നിങ്ങള്‍ മറ്റ് കാര്യങ്ങള്‍ നോക്കിക്കോളൂ..’ എന്നായിരുന്നു ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ മറുപടി. അദ്ദേഹത്തിന്റെ ആത്മവിശ്വാസം ദത്തെയെ വലിയ രീതിയില്‍ ആകര്‍ഷിച്ചു. (സംഘ ആര്‍കൈവുകള്‍ …)
സംഘം ഒരു പ്രസ്ഥാനം എന്ന നിലയില്‍ പ്രക്ഷോഭത്തില്‍ സജീവമായി ഇടപെട്ടില്ല എങ്കിലും, സംഘത്തില്‍ നിന്നും രാജ്യസ്‌നേഹത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു കിട്ടിയ സ്വയംസേവകന്മാര്‍, രാജ്യം ആവശ്യപ്പെടുന്ന എന്തിനും വേണ്ടി, ജീവന്‍ തന്നെ ബലിയര്‍പ്പിക്കാന്‍ സന്നദ്ധരായി മുന്നോട്ട് വരും എന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ ഈ ആത്മവിശ്വാസത്തിനു പിന്നില്‍. ഹെഡ്‌ഗേവാറിന്റെ ആത്മവിശ്വാസം വെറുതെയായില്ല. അനവധി കാര്യവാഹകന്മാരും സ്വയംസേവകരും സാധാരണ ഹിന്ദുക്കള്‍ എന്ന നിലയില്‍ സത്യഗ്രഹത്തില്‍ പങ്കാളികളായി.
സതാര ജില്ലയിലും തെക്കന്‍ മഹാരാഷ്ട്രയിലെ രാജ ഭരണ പ്രവിശ്യകളിലും മുന്നേറ്റത്തിന് ദിശാബോധം നല്‍കാന്‍ ഒരു യുദ്ധകാര്യസമിതി ഫെബ്രുവരി 1939 ന് രൂപീകരിക്കുകയുണ്ടായി. അതിന്റെ പ്രസിഡന്റ്, സത്താര ജില്ലയിലെ സംഘചാലക് ശിവറാം വിഷ്ണു മോടക് ആയിരുന്നു. യുദ്ധകാര്യസമിതിയുടെ മറ്റൊരു അംഗമായ കാശി നാഥ് ഭാസ്‌കര്‍ ലിമായെ, മഹാരാഷ്ട്ര പ്രവിശ്യയുടെ സംഘചാലക് ആയിരുന്നു (കേസരി, 17 ഫെബ്രുവരി 1939). പൂനെയിലെ ശനിവാര്‍ വാടാ മൈതാനത്ത് വച്ച്, 22 ഏപ്രില്‍ 1939 ന് ഒരു വലിയ ജാഥ സംഘടിപ്പിക്കപ്പെട്ടു. ഹിന്ദു മഹാസഭയുടെ നേതാവ് എല്‍.പി. ഭോപട്കരിന്റെ നേതൃത്വത്തില്‍ എന്തിനും തയ്യാറായ 200 പ്രതിരോധഭടന്മാര്‍ സത്യഗ്രഹത്തിലേക്ക് പുറപ്പെടുന്നതുമായി ബന്ധപ്പെട്ട് യാത്രയയപ്പ് നല്‍കാനായിരുന്നു അത്. സദസ്സിന്റെ മുന്‍നിരയില്‍ തന്നെ ഹെഡ്‌ഗേവാര്‍ സന്നിഹിതനായിരുന്നു (കേസരി, 24 ഏപ്രില്‍ 1939). അടുത്ത ദിവസം തന്നെ പ്രതിരോധ ഭടന്മാരെ യാത്രയയക്കുവാന്‍ ഹെഡ്‌ഗേവാര്‍ സ്വയം റെയില്‍വേസ്റ്റേഷനില്‍ എത്തുകയുണ്ടായി. നൂറുകണക്കിന് സ്വയംസേവകരും സ്വന്തം ഇഷ്ടത്തിനുസരിച്ച് സിവില്‍ പ്രതിരോധ മുന്നേറ്റത്തില്‍ പങ്കാളികളായി. അതില്‍ ഒന്ന് ഹെഡ്‌ഗേവാറിന്റെ മരുമകനായ ‘വമന്‍’ ആയിരുന്നു. അദ്ദേഹത്തെ പിന്നീട് നിസാമിന്റെ പോലീസുകാര്‍ ഇരുട്ടറയില്‍ അടയ്ക്കുകയും ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്തു (കേസരി, ജൂണ്‍ 09, 1939).
ഏപ്രില്‍ 1939 ല്‍ പൂനെ ജില്ലാ മജിസ്‌ട്രേറ്റ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അതുപ്രകാരം സോണിയ മാരുതി ക്ഷേത്രത്തില്‍ വാദ്യോപകരണങ്ങള്‍ വായിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി. സമീപത്തുള്ള തമ്പോളി പള്ളിയിലെ നമാസിന് തടസ്സം നേരിടുന്നു എന്ന് കാണിച്ചായിരുന്നു അത്. പൂനെയിലെ ഹിന്ദുക്കള്‍ പ്രതിഷേധം എന്ന നിലയില്‍ സത്യഗ്രഹം ആരംഭിച്ചു. സന്ദര്‍ഭവശാല്‍ ഈ സമയത്ത് ഹെഡ്‌ഗേവാര്‍ പൂനെയില്‍ എത്തപ്പെട്ടു. ഈ അവസരത്തില്‍ സംഘം എന്ത് നടപടി കൈക്കൊള്ളും എന്ന് അവിടെ ഉള്ള ചിലര്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം തമാശ രൂപേണ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു ‘സത്യഗ്രഹം എന്നത് മുഴുവന്‍ പൗരന്മാര്‍ക്കും വേണ്ടിയുള്ളതാണ്, അതിനാല്‍ തന്നെ നൂറുകണക്കിന് സ്വയംസേവകര്‍ സ്വതന്ത്ര പൗരന്മാരായി ഈ സത്യഗ്രഹത്തില്‍ പങ്കെടുക്കും. ഇനി അതല്ല അവര്‍ സ്വയംസേവകര്‍ എന്ന് പ്രസിദ്ധപ്പെടുത്തിക്കൊണ്ട് പങ്കെടുക്കണം എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ഞാന്‍ ഒരു കാര്യം ചെയ്യാം, എല്ലാവരോടും രണ്ടു കൊമ്പ് തലയില്‍ അണിയാന്‍ പറയാം’.
ആ സമയത്ത് തന്നെയായിരുന്നു ഹെഡ്‌ഗേവാര്‍ തന്റെ നാഗ്പൂരിലെ വീട്ടിലേക്ക് വേണ്ടി രണ്ട് കാട്ടുപോത്തിന്റെ കൊമ്പുകള്‍ വാങ്ങിയത്. അതും കൂടെ പരാമര്‍ശിച്ചാണ് അദ്ദേഹം മറുപടി പറഞ്ഞത് (സംഘ ആര്‍കൈവ്‌സ്). ഹെഡ്‌ഗേവാര്‍ സ്വയം സത്യഗ്രഹത്തില്‍ പങ്കെടുത്ത് പ്രതീകാത്മകമായി അറസ്റ്റ് വരിച്ചിരുന്നു എന്നും ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നിട്ടുപോലും ഒരു സംഘടന എന്ന തലത്തില്‍ സംഘത്തെ സത്യഗ്രഹത്തില്‍ ഇടപെടുത്തുവാന്‍ തയ്യാറല്ല എന്ന തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു.
എന്നാല്‍ തന്റെ ഈ പൊതുനിലപാടില്‍ നിന്നും കടകവിരുദ്ധമായി അദ്ദേഹം പ്രതികരിച്ച ഒരു സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. 1929 ഡിസംബറില്‍ ലാഹോറില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ വച്ച് പൂര്‍ണ്ണ സ്വരാജ് അഥവാ പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന നിലപാട് കോണ്‍ഗ്രസ്സ് തങ്ങളുടെ അജണ്ടയായി നിശ്ചയിക്കുകയുണ്ടായി. മാത്രമല്ല 1930 ജനുവരി 26 ന് പൂര്‍ണ്ണസ്വരാജ് ദിവസമായി കൊണ്ടാടുവാനും തീരുമാനിച്ചു. ഇതിന് ശേഷം കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടും ലക്ഷ്യവും ഇതായിരിക്കും എന്നും പ്രഖ്യാപിച്ചു. പൂര്‍ണ്ണ സ്വരാജ് എന്ന ലക്ഷ്യത്തിന്റെ വലിയ ആരാധകനായ ഹെഡ്‌ഗേവാറിന് തന്റെ സന്തോഷം നിയന്ത്രിക്കാനായില്ല. 1930 ജനുവരി 21 ന് സംഘശാഖകള്‍ക്ക് അദ്ദേഹം നല്‍കിയ നിര്‍ദ്ദേശത്തില്‍ ഇങ്ങനെ എഴുതി: 1930 ജനുവരി 26ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ എല്ലാ ശാഖകളിലും യോഗങ്ങള്‍ സംഘടിപ്പിക്കണം. അവ ശാഖകളുടെ സമ്മേളന കേന്ദ്രത്തില്‍ അഥവാ സംഘസ്ഥാനുകളില്‍ ആയിരിക്കുകയും വേണം. അതിനുശേഷം എല്ലാവരും ദേശീയ പതാകയെ (ഭഗവയെ) വന്ദനം ചെയ്യണം. മാത്രമല്ല പ്രഭാഷണങ്ങളില്‍ക്കൂടി എന്താണ് സ്വാതന്ത്ര്യം എന്നും, അതിനേക്കാള്‍ ഉപരിയായി മറ്റൊന്നും ഇല്ലെന്നും ജനങ്ങളെ ഉദ്‌ബോധിപ്പിക്കണം. കൂടാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന മഹത്തായ ലക്ഷ്യത്തെ ഏറ്റെടുത്തതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ചു കൊണ്ടായിരിക്കണം യോഗം സമാപിക്കേണ്ടത് എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു (സംഘ ആര്‍കൈവുകള്‍).
ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ ചിന്തകളെ മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും സ്വാതന്ത്ര്യസമരത്തിന്റെ ഭൂമികയില്‍ സംഘത്തിന്റെ പങ്ക് എന്താണ് എന്ന ചോദ്യം തന്നെ അനാവശ്യമായി തോന്നും. ഇനി നമുക്ക് വനസത്യഗ്രഹത്തെക്കുറിച്ച് പരിശോധിക്കാം.
സിവില്‍ നിസ്സഹകരണ പ്രസ്ഥാനം
ഭാരതത്തിന്റെ ഭാവി ഭരണഘടനയുടെ സ്വഭാവം, അതിന്റെ ഘടന എന്നിവ തീരുമാനിക്കേണ്ടത് എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ചര്‍ച്ചയിലൂടെ ആയിരുന്നു. എന്നാല്‍ അതിനുപകരം ഏകപക്ഷീയമായി 1927 നവംബര്‍ 8 ന് ഭരണഘടനാ രൂപീകരണ ചുമതല സൈമണ്‍ കമ്മീഷനെ ഏല്‍പ്പിച്ചുകൊണ്ട് ഒരു പ്രഖ്യാപനം ബ്രിട്ടീഷ് ഗവണ്‍മെന്റ് പുറപ്പെടുവിക്കുകയുണ്ടായി. കമ്മീഷനില്‍ ഒരൊറ്റ ഭാരതീയന്‍ പോലും ഉണ്ടായിരുന്നില്ല എന്നതിനാല്‍ രാഷ്ട്രീയഭേദമെന്യേ എല്ലാവരും ഇതിനെ എതിര്‍ത്തു. ഈ ഒരു പശ്ചാത്തലത്തിലാണ് ആഗസ്റ്റ് 28 മുതല്‍ 31 വരെ ലഖ്‌നൗവില്‍ സമ്മേളിച്ച സര്‍വ്വകക്ഷി സമ്മേളനം, അത് നിയോഗിച്ച മോത്തിലാല്‍ നെഹ്‌റു തയ്യാറാക്കിയ ഭരണഘടന ഏകകണ്ഠമായി അംഗീകരിച്ചത്. എന്നിരുന്നാലും പൂര്‍ണ്ണ ഡൊമീനിയന്‍ പദവിയുടെ യാതൊരു ഉറപ്പും ബ്രിട്ടീഷുകാരില്‍ നിന്നും ലഭിക്കാതിരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് അതിന്റെ ലാഹോര്‍ സമ്മേളനത്തില്‍ വച്ച് (ഡിസംബര്‍ 1929) കേന്ദ്രത്തിന് എതിരായും അവരുടെ പ്രവിശ്യാ സംവിധാനങ്ങള്‍ക്ക് എതിരായും സര്‍ക്കാര്‍ നിശ്ചയിച്ച കമ്മറ്റികള്‍ക്ക് എതിരെയും തങ്ങള്‍ക്ക് ഉചിതം എന്ന് തോന്നുന്ന സമയത്ത് പൂര്‍ണ്ണ നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിക്കാന്‍ അഖില ഭാരതീയ കോണ്‍ഗ്രസ്സ് സമിതിയെ ചുമതലപ്പെടുത്തി. ഇതില്‍ പൂര്‍ണ്ണ നികുതി നിരാകരണവും ഉള്‍പ്പെടുത്തിയിരുന്നു. ഭാരതം സാമ്പത്തികമായി തകര്‍ന്നിരിക്കുകയായിരുന്നു. ജനങ്ങളുടെ കയ്യില്‍ നിന്നും പിരിക്കുന്ന നികുതി എന്നത് അവരുടെ വരുമാനത്തിന്റെ ആനുപാതികമായി വളരെയധികം ഉയര്‍ന്നതായിരുന്നു. ജനങ്ങളുടെ ശരാശരി വരുമാനം പ്രതിദിനം ഏഴ് പൈസ ആയിരുന്നു. അവര്‍ നിലവില്‍ തന്നെ അടച്ചുകൊണ്ടിരിക്കുന്ന ഭീമമായ നികുതിക്ക് പുറമെ അടിയാളന്മാരില്‍ നിന്നും ഈടാക്കുന്ന ഭൂനികുതി 20% വര്‍ദ്ധിപ്പിച്ചിരുന്നു. പൂര്‍ണ്ണമായും പാവങ്ങളുടെ തലയില്‍ വരുന്ന ഉപ്പ് നികുതി 3% വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു (ആര്‍.സി മജുംദാര്‍, ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രം).
1930 ഫെബ്രുവരി 14, 15 തീയതികളില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുവാന്‍ ഗാന്ധിജിയെ അധികാരപ്പെടുത്തി. തുടര്‍ന്ന് സ്ത്രീകളും പുരുഷന്മാരും അടക്കം 79 സത്യഗ്രഹികളെ കൂടെക്കൂട്ടി, പതുക്കെ നടന്ന്, 24 ദിവസം കൊണ്ട് 241 മൈല്‍ സഞ്ചരിച്ച് അദ്ദേഹം ദണ്ഡി കടപ്പുറത്ത് എത്തി. തുടര്‍ന്ന് 1930 ഏപ്രില്‍ 6 ന് തിരമാലകള്‍ അവശേഷിപ്പിച്ച അല്പം ഉപ്പ് കയ്യിലെടുത്ത് അദ്ദേഹം ബ്രിട്ടീഷുകാര്‍ അടിച്ചേല്‍പ്പിച്ച ഉപ്പ് നിയമം ലംഘിക്കുകയുണ്ടായി. ഈ പ്രവൃത്തി രാജ്യത്തുടനീളം ജനങ്ങളെ ആഴത്തില്‍ സ്വാധീനിച്ചു. ഇതില്‍ നിന്നും പ്രചോദിതരായി രാജ്യത്ത് പലയിടത്തും ഉപ്പ് നിയമം ലംഘിക്കപ്പെട്ടു. ജനം സാധാരണ ചട്ടികള്‍ ഉപയോഗിച്ച് നഗരങ്ങളില്‍ ഉപ്പ് ഉണ്ടാക്കി. തുടര്‍ന്ന് കൂട്ട അറസ്റ്റുകള്‍, മറ്റ് അടിച്ചമര്‍ത്തലുകള്‍ എന്നിവ നടന്നു. 60,000 രാഷ്ട്രീയ തടവുകാരെ ജയിലില്‍ അടച്ചു (മജുംദാര്‍).
വനസത്യഗ്രഹം
ഉപ്പ് സത്യഗ്രഹം വളരെ പരിമിതവും കൂടുതല്‍ പ്രതീകാത്മകവുമായ അനുരണനങ്ങളാണ് മദ്ധ്യ പ്രവിശ്യകളിലും ബേരാറിലും ഉണ്ടാക്കിയത്. മദ്ധ്യ പ്രവിശ്യകള്‍ എന്ന് പറയുന്നത് മറാത്തി സംസാരിക്കുന്ന നാഗ്പൂര്‍, വാര്‍ദ്ധ, ചന്ദ അതായത് ഇന്നത്തെ ചന്ദ്രപൂര്‍ പിന്നെ ഭണ്ടാര എന്നീ ജില്ലകളും, ഹിന്ദി സംസാരിക്കുന്ന നര്‍മദ (നിമാര്‍, ഹോഷങ്ങാ ബാധ്, നരസിംഹപൂര്‍, ബെതുല്‍, ചിന്ദാവാര തുടങ്ങിയ ജില്ലകള്‍), ഇത് കൂടാതെ മജബല്‍പൂര്‍ (ജബല്‍പൂര്‍, സാഗര്‍, ധാമോ, സിയോനി, പിന്നെ മണ്ടല ജില്ലകള്‍), ചത്തിസ്ഘഢ് (റയ്പൂര്‍, ബിലാസ്പൂര്‍, പിന്നെ ദര്‍ഗ് ജില്ലകള്‍) എന്നിവ ചേര്‍ന്നതായിരുന്നു. സമാനമായിരുന്നു ബേരാരും. ഈ പ്രദേശങ്ങളില്‍ ഉപ്പ് നിലങ്ങളോ കടല്‍ തീരമോ താരതമ്യേന എളുപ്പമുള്ള ലക്ഷ്യങ്ങള്‍ ആയിരുന്നില്ല. അതിനാല്‍ തന്നെ സത്യഗ്രഹത്തിന്റെ ഭാഗമായി 1930 ഏപ്രില്‍ 13 ന് ബഹി ഹന്ദ ജില്ലയിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നുള്ള ഉപ്പ് വെള്ള കിണറുകളില്‍ നിന്നാണ് ഉപ്പ് ആദ്യമായി ഉണ്ടാക്കിയത്. എങ്കിലും ബേരാറിലെ ഉപ്പ് സത്യഗ്രഹം 1930 മെയ് 13 വരെ തുടര്‍ന്നു. (കെ.കെ. ചൗധരി, സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഉറവിട വിവരങ്ങള്‍). അതിനാല്‍ മദ്ധ്യ പ്രവിശ്യകള്‍, ഇത്തരത്തില്‍ ഉപ്പ് ഉത്പാദിപ്പിക്കാന്‍ ഉള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് അവര്‍ക്ക് ബാധകമായ മറ്റ് അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ക്കെതിരെ നിസ്സഹകരണസമരം നടത്താന്‍ തീരുമാനിക്കുകയുണ്ടായി.
1927 ലെ ഭാരത വന നിയമം, ബേരാറിലെ കര്‍ഷകര്‍ക്ക് നേരെയുള്ള ഇത്തരത്തിലുള്ള ഒരു അടിച്ചമര്‍ത്തല്‍ നിയമമായിരുന്നു. ഈ നിയമം നിലവില്‍ വരുന്നതിനു മുമ്പ് മുളയ്‌ക്കോ, മറ്റ് വനം ഉത്പന്നങ്ങള്‍ക്കോ, കന്നുകാലികള്‍ക്ക് ആവശ്യമായ പുല്ലിനോ ഒന്നും തന്നെ നികുതിയോ മറ്റ് നിയന്ത്രണങ്ങളോ ഉണ്ടായിരുന്നില്ല. വനസംരക്ഷണം എന്ന വ്യാജേന ഗവണ്‍മെന്റ് കാടുകള്‍ക്ക് മേലെ നിയന്ത്രണം കൊണ്ടുവന്നതോടു കൂടി ഈ സാഹചര്യവും മാറി. കര്‍ഷകരുടെ താല്‍പര്യത്തിന് അനുസരിച്ച് നടപടി എടുക്കേണ്ടിയിരുന്ന ഗവണ്‍മെന്റ് തങ്ങളുടെ ഖജനാവ് നിറയ്ക്കുന്നതില്‍ ആയിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. പുല്ല് അരിയലും കാലിമേയ്ക്കലും വരെ നിരോധിക്കപ്പെട്ടു. കാലിത്തീറ്റ എന്നത് ചിലവേറിയതും ദുര്‍ലഭവുമായി. തങ്ങളുടെ ധാര്‍ഷ്ട്യം നിറഞ്ഞ നടപടികളിലൂടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സാഹചര്യം വഷളാക്കി. പ്രവിശ്യാ കൗണ്‍സിലിലും പൊതുയോഗങ്ങളിലും സര്‍ക്കാരിന് നിവേദനങ്ങള്‍ സമര്‍പ്പിച്ചുവെങ്കിലും ഒരു ഫലവും ഉണ്ടായില്ല. മറ്റൊരു വഴിയും ഇല്ലാതെ ദേശീയ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മേല്‍നോട്ടത്തിനു വേണ്ടി നിര്‍മ്മിക്കപ്പെട്ട ബേരാര്‍ യുദ്ധ സമിതി ഉപ്പ് നിയമത്തിന് പകരം കിരാതമായ വനം നിയമം ലംഘിക്കുന്ന പ്രവൃത്തികളിലേക്ക് സ്വാഭാവികമായും നീങ്ങി. അനുമതിയോ ലൈസന്‍സോ ഇല്ലാതെ നിരോധിത വനം മേഖലയില്‍ പുല്ല് അരിഞ്ഞു കൊണ്ടായിരുന്നു അത്. ബാപ്പുജി അനെ എന്ന പേരില്‍ അറിയപ്പെടുന്ന മാധവ് ശ്രീ ഹരി ആയിരുന്നു യവാത്മാല്‍ ജില്ലയിലെ പുസദ് എന്ന സ്ഥലത്ത് 1937 ജൂലായ് 10 ന് സത്യഗ്രഹം നയിക്കാന്‍ നിയോഗിക്കപ്പെട്ടത് (ചൗധരി, പേജ് 957).
ഹിംഗന്‍ ഘാട്ടിലെ രാഷ്ട്രീയ അക്രമം
ഇന്ത്യയിലെ സാഹചര്യങ്ങള്‍ ഇത്രയും പ്രക്ഷുബ്ധമായ ഈ അവസ്ഥയില്‍, എവിടെ ആയിരുന്നു ഹെഡ്‌ഗേവാര്‍? 1908 മുതല്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു അദ്ദേഹം. 1925 ല്‍ സംഘം ആരംഭിച്ചതിന് ശേഷവും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു. 1926 ഓടെ സംഘശാഖകള്‍ നാഗ്പൂരിലും വാര്‍ധയിലും നന്നായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഹെഡ്‌ഗേവാറിന്റെ വിപ്ലവകാരികളായ സഹപ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ മദ്ധ്യ പ്രവിശ്യയില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ അവര്‍ പഞ്ചാബില്‍ ഒറ്റപ്പെട്ടു കിടക്കുകയായിരുന്നു. ഈ സമയം അവരെ തിരിച്ചു കൊണ്ടുവരാനുള്ള ഒരു പദ്ധതി അദ്ദേഹം തയ്യാറാക്കി. ഹെഡ്‌ഗേവാറിന്റെ മറ്റൊരു വിപ്ലവകാരിയായ സഹപ്രവര്‍ത്തകന്‍ ഗംഗാ പ്രസാദ് പാണ്ഡെയ്ക്കായിരുന്നു ഈ ആസൂത്രണത്തിന്റെ ചുമതല നല്‍കപ്പെട്ടത്. എന്നാല്‍ ഈ പദ്ധതി നടപ്പിലാക്കിയതിനുശേഷം പാണ്ഡെ രോഗ ബാധിതനായി. 1927 ല്‍ വാര്‍ധയില്‍ തിരിച്ചെത്തുകയും ചെയ്തു. അദ്ദേഹം തന്റെ സ്വയരക്ഷക്കായി കൂടെ കരുതിയിരുന്ന ഒരു പിസ്റ്റോള്‍ സാഹചര്യവശാല്‍ ഒരു സുഹൃത്തിന്റെ കയ്യില്‍ ആയിപ്പോയി. 1928 ല്‍ വാര്‍ധ ജില്ലയിലെ ഹിംഗാന്‍ ഘാട്ട് റെയില്‍വേ സ്റ്റേഷനിലെ സര്‍ക്കാര്‍ ഖജനാവ് ആക്രമിച്ച് പണം കവരുവാനുള്ള ഒരു ശ്രമം നടക്കുകയുണ്ടായി. ഈ രാഷ്ട്രീയ കവര്‍ച്ചാശ്രമത്തിനിടെ ഒരു പിസ്റ്റോള്‍ ഉപയോഗിച്ചിരുന്നു എന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അത് തന്റെതാണെന്ന് പാണ്ഡെയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം അത് വീണ്ടെടുക്കുകയും ചെയ്തു. ഈ പിസ്റ്റോളിനെ കുറിച്ചുള്ള ഏതു അന്വേഷണവും തന്നിലേക്ക് നയിക്കപ്പെടുമെന്ന് മനസ്സിലാക്കിയ ഹെഡ്‌ഗേവാര്‍ അദ്ദേഹത്തിന്റെ വലംകൈയായ കേന്ദ്ര പ്രവിശ്യാ കോണ്‍ഗ്രസ്സ് സമിതി കാര്യദര്‍ശിയും, അഖില ഭാരതീയ കോണ്‍ഗ്രസ്സ് സമിതി അംഗവും സര്‍വ്വോപരി വാര്‍ദ്ധ ജില്ലയിലെ സംഘചാലകുമായ ഹരികൃഷ്ണ അഥവാ അപ്പാജി ജോഷിയോടൊപ്പം രാത്രി പാണ്ഡെ താമസിക്കുന്ന സ്ഥലത്ത് എത്തുകയും പിസ്റ്റോള്‍ കൈവശപ്പെടുത്തുകയും ചെയ്തു. അവിടെ തങ്ങളെ കാത്തിരുന്ന ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഹെഡ്‌ഗേവാര്‍ അടിച്ച് നിലം പരിശാക്കുകയും, രാത്രിയുടെ കനത്ത അന്ധകാരത്തിലേക്ക് ഊളിയിടുകയും ചെയ്തു.
ഇതിനുശേഷം ഹെഡ്‌ഗേവാറും അപ്പാജി ജോഷിയും ബ്രിട്ടീഷുകാരുടെ കനത്ത നിരീക്ഷണത്തിലായി. അവരെ മാത്രമല്ല അവരുടെ വീടുകളും നിരീക്ഷിക്കുകയും ചെയ്തു. സംഘശാഖകളിലും മറ്റുമുള്ള അവരുടെ പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ടു. മറ്റാളുകള്‍ക്ക് അവരെ കാണാന്‍ തന്നെ ഭയമായി തുടങ്ങി. 1930 ന്റെ തുടക്കത്തില്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അപ്പാജിയെ വിളിച്ചു വരുത്തി. അദ്ദേഹം അപ്പാജിയോട് പറഞ്ഞു , ‘നിങ്ങള്‍ കോണ്‍ഗ്രസ്സില്‍ ആണ് പ്രവര്‍ത്തിക്കുന്നത്, എങ്കിലും നിങ്ങള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നില്ല, മറിച്ച് നിങ്ങള്‍ പോകുന്നത് ശാഖകളിലേക്കാണ്. നിങ്ങള്‍ ചെറുപ്പമാണ്. നിങ്ങള്‍ വിപ്ലവാത്മകമായി ചിന്തിക്കുന്നു. ഹെഡ്‌ഗേവാറിന്റെ നേതൃത്വം വിപ്ലവാത്മകമാണ്. നിങ്ങള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കാത്തത് കൊണ്ട് നിങ്ങള്‍ അതില്‍ വിശ്വസിക്കുന്നില്ല എന്ന് വ്യക്തമാണ്. നിങ്ങള്‍ അക്രമത്തിലാണ് വിശ്വസിക്കുന്നത് എന്ന് ഞങ്ങള്‍ എന്തുകൊണ്ട് സംശയിക്കരുത്? നിങ്ങളുടെ കൈവശം ആയുധങ്ങള്‍ അടക്കമുള്ള വസ്തുക്കള്‍ ഉണ്ട്, ഞങ്ങളുടെ കൈവശം വിവരം ഉണ്ട്.’
അതിനുള്ള അപ്പാജിയുടെ മറുപടി ഇപ്രകാരമായിരുന്നു. ‘നിങ്ങള്‍ ഈ പറയുന്നത് ശരിയാണെങ്കില്‍ ഈ വിവരങ്ങള്‍ എല്ലാം ഞങ്ങളെ തന്നെ നിരീക്ഷിച്ചുകൊണ്ട് നിങ്ങള്‍ ശേഖരിച്ചു എന്നാണോ നിങ്ങള്‍ കരുതുന്നത്? ദയവ് ചെയ്ത് നിങ്ങളുടെ ഈ നാടകം നിര്‍ത്തുക’. അപ്പാജിയുടെ നിലപാട് പ്രതീക്ഷിച്ച ഫലം ഉണ്ടാക്കി. ഹെഡ്‌ഗേവാറിന്റെയും അപ്പാജിയുടെയും മേലുള്ള നിരീക്ഷണത്തിന് അയവുണ്ടായി. ഹിംഗണ്‍ ഘാട്ട് രാഷ്ട്രീയ അതിക്രമത്തിന് മേലുള്ള കോടതി വിചാരണ നടപടികള്‍ പൂര്‍ത്തിയാവുകയും പ്രതികള്‍ എന്ന് സംശയിച്ചവരെ കോടതി ശിക്ഷിക്കുകയും ചെയ്തു.
താന്‍ പഴയപോലെ ഒരു വിപ്ലവകാരിയായി തുടരുന്നില്ല എന്ന് സര്‍ക്കാരിനെ ബോധിപ്പിക്കാന്‍ ഹെഡ്‌ഗേവാറിന് ഈ വിധി ആവശ്യമായിരുന്നു. ഈ മുഴുവന്‍ സംഭവവികാസങ്ങളുടെയും മുകളില്‍ ഒരു തിരശ്ശീല ഇടാന്‍ സമയമായി എന്ന് അപ്പാജിക്ക് തോന്നി. 1930 ഫെബ്രുവരിയില്‍ ഹെഡ്‌ഗേവാറിന് അയച്ച കത്തില്‍ ശ്രദ്ധാപൂര്‍വ്വമായ ആലോചനകള്‍ക്ക് ശേഷം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ താന്‍ തീരുമാനിച്ചതായി അപ്പാജി എഴുതി. സംഘത്തിന്റെ പരിശീലന ശിബിരത്തിനു(ഒ.ടി.സി.) ശേഷം ഇതില്‍ തീരുമാനം എടുക്കാം എന്ന് ഹെഡ്‌ഗേവാര്‍ മറുപടി നല്‍കി. തന്റെ ആരോഗ്യവും തിരക്കേറിയ ചര്യകളും പരാമര്‍ശിച്ച് കൊണ്ട് ശിബിരത്തിനുശേഷം അപ്പാജി വീണ്ടും കത്തെഴുതി. എന്നാല്‍ അത്ര പെട്ടെന്ന് സമ്മതം നല്‍കാന്‍ ഹെഡ്‌ഗേവാര്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ വീണ്ടും സമാന ആവശ്യവുമായി അപ്പാജി കത്തെഴുതിയപ്പോള്‍ ഹെഡ്‌ഗേവാര്‍ ഒടുവില്‍ തന്റെ സന്നദ്ധത അറിയിച്ചു. ഒടുവില്‍ രണ്ട് പേരും തമ്മില്‍ കൂടിക്കാഴ്ച നടക്കുകയും സത്യഗ്രഹത്തില്‍ പങ്കെടുക്കുവാന്‍ തീരുമാനമാവുകയും ചെയ്തു (സംഘ ആര്‍കൈവ്).
(തുടരും)
വിവര്‍ത്തനം: സായന്ത് അമ്പലത്തില്‍