എന്നെ ആറു വയസ്സിലാണ് സ്‌കൂളില്‍ ചേര്‍ത്തിയത്. അതിനു കാരണം രണ്ടു പേരാണ്. ഒന്ന് ഒരു തത്തമ്മ. മറ്റൊന്ന് പെറ്റമ്മയും.വിഷുവും വിഷു വേലയുമൊക്കെ കഴിഞ്ഞുള്ള മേടമാസത്തിലെ ഒരു ഉച്ചനേരം. തലപ്പാവും മാറാപ്പും കൂട്ടിലൊരു തത്തമ്മയുമായി തമിഴും മലയാളവും കൂടിക്കലര്‍ന്ന ഭാഷയില്‍ പാട്ടൊക്കെ പാടിക്കൊണ്ട് ഒരു വൃദ്ധന്‍ വരാന്തയില്‍ വന്നിരുന്നു.
ഞാന്‍ കൗതുകത്തോടെ അയാളുടെ അടുത്തുചെന്നു നിന്നു. എന്റെ നോട്ടം മുഴുവനും കൂട്ടില്‍ കിടക്കുന്ന തത്തമ്മയിലായിരുന്നു.
വൃദ്ധന്‍ കിളിയെ വര്‍ണിച്ച് ഒരു പാട്ടുപാടി. പിന്നെ, വെറ്റിലക്കറയുള്ള പല്ലുകള്‍ പ്രദര്‍ശിപ്പിച്ച് വിസ്തരിച്ചൊന്നു ചിരിച്ചു.
അപ്പോഴേക്കും അമ്മ ഉള്‍പ്പെടെയുള്ളവര്‍ വരാന്തയിലെത്തി.
‘കണ്ണനെക്കുറിച്ച് കിളിക്ക് എന്താണു പറയാനുള്ളതെന്നു നോക്കാം.’
അമ്മ പറഞ്ഞു.
വൃദ്ധന്‍ കാര്‍ഡുകള്‍ നിരത്തിയ ശേഷം തത്തയെ തുറന്നു വിട്ടു. തത്തമ്മ കൂട്ടില്‍ നിന്നിറങ്ങി പതുക്കെ നടന്ന് കാര്‍ഡുകള്‍ക്കു മുന്നില്‍ വന്നുനിന്നു. പിന്നെ, ഇടയില്‍ നിന്നും ഒരു കാര്‍ഡ് കൊത്തിയെടുത്ത് വൃദ്ധന്റെ മുന്നില്‍ വച്ച് കുട്ടിലേയ്ക്കു തിരിച്ചു കയറി.
വൃദ്ധന്‍ കാര്‍ഡു തുറന്നു. ശ്രീകൃഷ്ണന്‍ മാടുമേയ്ക്കുന്ന ചിത്രം.
വൃദ്ധന്‍ ആദ്യം എന്നെ ഒന്നു നോക്കി. പിന്നെ, അമ്മയെ നോക്കി.
മാടുമേയ്ക്കുന്ന കൃഷ്ണന്റെ ചിത്രം അമ്മയെ കാണിച്ചു. എന്റെ പേരെന്താണെന്നു തിരക്കി.
‘കണ്ണന്‍’
അമ്മ പറഞ്ഞു.
‘ഭേഷ്, കിളി പൊയ് ശൊല്ലാത്…..’- വൃദ്ധന്‍ മുഖവുരയോടെ തുടങ്ങി.
അയാള്‍ പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെയായിരുന്നു.
‘കാലിമേയ്ക്കുന്ന കണ്ണനെ പോലെ ഈ കുട്ടിയും കന്നുകാലികളെ മേച്ചു നടക്കും. കണ്ണില്‍ നോക്കി നുണ പറയും. ചില്ലറ മോഷണങ്ങള്‍ നടത്തും…..’
ശ്രീകൃഷ്ണന്റെ സകല കൊള്ളരുതായ്മയും വൃദ്ധന്‍ എന്റെ തലയില്‍ കെട്ടിവച്ചു. കൊള്ളാവുന്ന കാര്യങ്ങളൊന്നും പറഞ്ഞതുമില്ല.
അമ്മയ്ക്ക് ആകെ സങ്കടമായി. അമ്മ കിളിയേയും ജ്യോതിഷക്കാരനേയും മാറി മാറി നോക്കി.
‘ഒരു കാര്‍ഡു കൂടി എടുത്തു നോക്കിയാലോ?’
എന്നെ ദയനീയമായി ഒന്നു നോക്കിയ ശേഷം അമ്മ ജ്യോതിഷക്കാരനോട് ചോദിച്ചു.
വൃദ്ധന്‍ കൈ മലര്‍ത്തി.
‘അപ്പടി ശെയ്താലും ഫലം കെടയാത്.’
അമ്മയ്ക്കു പിന്നെ ഒന്നു മാത്രമെ അറിയേണ്ടിയിരുന്നുള്ളു.
‘പഠിക്കുന്ന കാര്യത്തില്‍ എങ്ങനെ?’
വൃദ്ധന്‍ കുറെ നേരം കാര്‍ഡില്‍ തന്നെ നോക്കിയിരുന്ന് താടി ചൊറിഞ്ഞു. അനന്തരം തമിഴില്‍ ഒരു പാട്ടുപാടി.ആറു വയസ്സിനു മുമ്പ് സ്‌കൂളിലേയ്ക്കു പറഞ്ഞു വിടേണ്ട എന്നൊരുപദേശവും നല്‍കി.
കിളി ജ്യോതിഷക്കാരന് അമ്മ നാഴിയരിയും നാലണയും നല്‍കി പറഞ്ഞു വിട്ടു. അയാള്‍ പോയ ശേഷം അമ്മ എന്നെ അടിമുടി ഒന്നു നോക്കി.
‘എന്താടാ, നിന്റെ കൈയില്‍?’
ഞാന്‍ കൈയിലുള്ള കുഞ്ഞു കോപ്പ അമ്മയെ കാണിച്ചു.
‘ആ അസത്തു തത്തയ്ക്ക് പാലു കൊടുക്കുന്ന പാത്രമാണ്. അതിനി പാലുകുടിക്കേണ്ട.’
ഞാന്‍ പറഞ്ഞു.
അമ്മ ഒന്നു നെടുവീര്‍പ്പിട്ടു കൊണ്ട് അകത്തേയ്ക്കു പോയി.
‘കിളിക്കു തെറ്റുപറ്റില്ല. കണ്ണനെ ഇക്കൊല്ലം സ്‌കൂളില്‍ വിടണ്ട. ആറു വയസ്സുകഴിയട്ടെ.’- അമ്മ പറഞ്ഞു.
‘പാടവും കുളവുമൊക്കെ താണ്ടി പോകേണ്ടതല്ലേ. ഇത്തിരി വിവരം വച്ചിട്ടുമതി സ്‌കൂളില്‍ പോക്ക്.’ അച്ഛനും ഉറപ്പിച്ചു.
അങ്ങനെയാണ് കൂട്ടരേ, ഞാന്‍ ഒരു വര്‍ഷം കൂടി വീട്ടിലിരുന്നത്.