ആഗസ്റ്റ് 20 മാപ്പിളക്കലാപം ആരംഭം
1921ലെ മാപ്പിള ലഹളക്കാലത്ത് ഭയചകിതരായി പലായനം ചെയ്തവരേയും കൊല്ലപ്പെട്ടവരേയും മതം മാറ്റത്തിനു വിധേയരാകേണ്ടിവന്നവരുടെയും നെഞ്ചകം തകരുന്ന അനുഭവങ്ങളാണ് ഇക്കാലമത്രയും പറഞ്ഞും രേഖപ്പെടുത്തിയും വെച്ചിട്ടുള്ളത്. തക്ബീര്‍ മുഴക്കി വാളും വാരിക്കുന്തവും പിടിച്ച് അലറി വിളിച്ചു കൊണ്ട് പാഞ്ഞടുക്കുന്ന മാപ്പിളമാരെക്കണ്ട് പിഞ്ചു കുട്ടികളടക്കം നിലവിളിച്ചോടുന്ന ചിത്രം മനസ്സില്‍ തെളിയുമ്പോള്‍ അറിയാതെ ഉയര്‍ന്നു വരാറുള്ള പതിവു ചോദ്യമുണ്ട് – ‘ഈ അക്രമികളെ നേരിടാന്‍ ഏറനാട്ടിലും വള്ളുവനാട്ടിലും ആണുങ്ങളായി പിറന്ന ഹിന്ദുക്കളുണ്ടായിരുന്നില്ലേ?’ എന്ന്. പ്രസക്തമായ ഒരു ചോദ്യം തന്നെയാണത്. എന്നാല്‍ ലഹളക്കാരെ നേരിട്ട അനുഭവങ്ങളുണ്ടായിരുന്നുവോ എന്ന അന്വേഷണത്തില്‍ അങ്ങിങ്ങു ചില സൂചനകളുണ്ടായി എന്നല്ലാതെ മാപ്പിള ലഹളനടന്നിട്ട് നൂറ് വര്‍ഷം തികഞ്ഞിട്ടും അതിന് കൃത്യതയൊന്നുമുണ്ടായിട്ടില്ല. മതപരിവര്‍ത്തനത്തിനെതിരെ ശക്തിയുക്തം എതിര്‍ത്ത് ഹിന്ദുവായി ജീവിക്കുമെന്ന് പ്രഖ്യാപിച്ച ധീരരെ ഇക്കാര്യത്തില്‍ ആദ്യമൊന്ന് അനുസ്മരിക്കേണ്ടതുണ്ട്. ജോലിയും വീടും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനത്തിനു വന്ന മിഖായേല്‍ ഫ്രിറ്റ്‌സ് എന്നക്രിസ്ത്യന്‍ മിഷണറിയുടെ മുഖത്തു നോക്കി ഞങ്ങള്‍ ഹിന്ദുവായിത്തന്നെ ജീവിച്ചു മരിക്കും എന്നു പറയാന്‍ ചങ്കൂറ്റം കാണിച്ച നായാടിമാര്‍ ഹിന്ദു സമൂഹത്തിന് അഭിമാനമാണ്. ചരിത്രത്തില്‍ എവിടേയും രേഖപ്പെടുത്താത്തതാണ് ഈ സംഭവം.
ഹിന്ദു സമൂഹത്തിലെ ജാതി വ്യവസ്ഥകള്‍ മുതലെടുത്ത് കേരളത്തില്‍ വ്യാപകമായ മതപരിവര്‍ത്തനത്തിന് രംഗത്തിറങ്ങിയത് തെക്കന്‍ കേരളത്തില്‍ ക്രിസ്ത്യാനികളും വടക്കന്‍ കേരളത്തില്‍ മുസ്ലീങ്ങളുമാണ്. വടക്കന്‍ കേരളത്തില്‍ ഹിന്ദുക്കളുടെ കഴുത്തില്‍ വാളു വെച്ചാണ് മത പരിവര്‍ത്തനം നടത്തിയതെങ്കില്‍ തെക്കന്‍ കേരളത്തില്‍ ക്രിസ്ത്യാനികള്‍ ജോലിയും കൂലിയും സമഭാവവും വാഗ്ദാനം ചെയ്തിട്ടായിരുന്നു അത് സാധിച്ചത്. റിംഗിള്‍ ടോബി എന്ന ക്രിസ്ത്യന്‍ മിഷണറി തിരുവിതാംകൂറില്‍ എത്തിയതോടെയാണ് തെക്കന്‍ കേരളത്തില്‍ മിഷണറി പ്രവര്‍ത്തനം തുടങ്ങിയത്. ഇത് 1806 ലാണ്. തുടര്‍ന്ന് സാല്‍വേഷന്‍ ആര്‍മിയും ചര്‍ച്ച് മിഷന്‍ സൊസൈറ്റിയും മതപരിവര്‍ത്തനം ലക്ഷ്യമിട്ട് തെക്കന്‍ കേരളത്തില്‍ വേരുറപ്പിച്ചു. വടക്കന്‍ കേരളത്തില്‍ ഇസ്ലാം മതത്തിലേക്ക് ഹിന്ദുക്കളെ ബലമായി മതപരിവര്‍ത്തനം തുടങ്ങിയത് ടിപ്പുവിന്റെ പടയോട്ടത്തോടു കൂടിയാണ്. അതിനു പിന്നാലെയാണ് ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കുക എന്ന ലക്ഷ്യത്തോടെ ബാസല്‍ മിഷന്‍ സൊസൈറ്റി 1834 ല്‍ മലബാറില്‍ എത്തിയത്. കോഴിക്കോട്ടായിരുന്നു ഇവരുടെ ആസ്ഥാനം. തിരുന്നാവായയില്‍ നായാടി വിഭാഗത്തില്‍ പെട്ട നിരവധി കുടുംബങ്ങളുണ്ടായിരുന്നു. ഹിന്ദു സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ഈ വിഭാഗം മനുഷ്യരായി ജനിക്കുകയും മനുഷ്യരെ പോലെ ജീവിക്കാനാവാതെ മരിക്കുകയും ചെയ്തിരുന്ന വിഭാഗമായിരുന്നു. മരണാനന്തരം സഞ്ചയനം കഴിഞ്ഞാല്‍ കുഴിമാടത്തിനു മീതെ മൂടുവെട്ടിവെക്കുന്ന കുലവാഴ വല്ല വിധേനയും നശിക്കാതെ കുലച്ചുവെന്നാല്‍ ആ വാഴക്കുല വെട്ടിയെടുത്ത് ഭക്ഷിക്കാനുള്ള അവകാശം നായാടി മാര്‍ക്കായിരുന്നു. മേല്‍ജാതിക്കാര്‍ക്ക് ഉറി നിര്‍മ്മിച്ച് ഉരി അരി സമ്മാനം വാങ്ങി ജീവിച്ചിരുന്നവരാണ് നായാടികള്‍. വിദ്യാഹീനരും വൃത്തിഹീനരുമായതിനാല്‍ ഇവരുടെ സമീപത്തുകൂടിപ്പോലും ആരും പോകാറില്ല. ഹിന്ദു സമൂഹത്തിലെ ഉന്നതകുലജാതര്‍ പുറമ്പോക്കിലേക്ക് ആട്ടിയകറ്റിയ നായാടികളെ മതം മാറ്റാനാണ് ക്രിസ്ത്യന്‍ മിഷണറിമാര്‍ പദ്ധതിയിട്ടത്. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്.പ്രസ്തുത ദൗത്യത്തിനായി എത്തിയ ഗുണ്ടര്‍ട്ട് നായാടികളെക്കണ്ട് അമ്പരന്നു. അദ്ദേഹം ബാസല്‍ മിഷന് അയച്ച കത്തില്‍ ‘നമ്മള്‍ നമ്പൂതിരിമാരേയും നായന്‍മാരേയുമൊക്കെ മതം മാറ്റിയിട്ടുണ്ട്. മനുഷ്യരായി പിറക്കുകയും മനുഷ്യരെ പോലെ ജീവിക്കാനാവാതെ നടക്കുകയും ചെയ്യുന്ന ഈ നായാടി മാരെ മതം മാറ്റിയാല്‍ നമ്മള്‍ മതം മാറ്റിയ ഞാന്‍ നേരത്തെ പറഞ്ഞ വിഭാഗം ഇവരുമൊന്നിച്ച് പന്തിഭോജനം നടത്തില്ല’ എന്നു പറഞ്ഞ് മടങ്ങി. തുടര്‍ന്നാണ് മിഖായേല്‍ ഫ്രിറ്റ്‌സിനെ ബാസല്‍ മിഷന്‍ മതംമാറ്റ ദൗത്യം ഏല്‍പ്പിക്കുന്നത്. പൊന്നാനി കേന്ദ്രീകരിച്ച് മലബാര്‍ കലക്ടര്‍ ഹെന്‍ട്രി കനോലി ഇതിന് ചുക്കാന്‍ പിടിച്ചിരുന്നു. മതം മാറിയാല്‍ ജോലിയും സ്വന്തമായി ഭൂമിയും വീടും നല്‍കാമെന്ന് പറഞ്ഞ് മിഖായേല്‍ ഫ്രിറ്റ്‌സ് നായാടികളെ പ്രലോഭിപ്പിച്ചു. എന്നാല്‍ ഒരു സംഘം നായാടികള്‍ ഹിന്ദുവായിത്തന്നെ ജീവിക്കുമെന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ചു. മതംമാറാതെ തിരുന്നാവായയില്‍ ജീവിക്കുക അസാദ്ധ്യമാണെന്നു മനസ്സിലാക്കിയ അവര്‍ ഭാരതപ്പുഴ കടന്ന് പൊന്നാനിയിലെത്തി. മറ്റുള്ളവര്‍ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. അക്കാലത്ത് ക്രിസ്തുമതം സ്വീകരിച്ചവരുടെ പരമ്പര ക്രിസ്ത്യാനികളായിത്തന്നെ തിരുന്നാവായ, കൊടക്കല്‍, കാരത്തൂര്‍ പ്രദേശങ്ങളില്‍ ഇന്നുമുണ്ട്. മതം മാറാന്‍ തയ്യാറാവാതെ പുഴ കടന്ന നായാടികളുടെ പരമ്പരയും പൊന്നാനിയിലുണ്ട്. പൊന്നാനിയിലെ നായാടിക്കോളനിയിലാണ് ഇവര്‍ ജീവിക്കുന്നത്.
ജാതി വ്യവസ്ഥയുടെ ദുരിതം പേറുന്ന കാലത്തും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കൂടി മൗനാനുവാദത്തോടെ നടന്ന മതപരിവര്‍ത്തനത്തെ എതിര്‍ത്ത നായാടികളെ അഭിമാനത്തോടെ അനുസ്മരിക്കാനും അവരുടെ പരമ്പരക്ക് മതിയായ ജീവിത, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാനും ഹിന്ദുസമൂഹത്തിനു ബാദ്ധ്യതയുണ്ട്. മാപ്പിള ലഹളക്കാലത്ത് ലഹളക്കാരെ നേരിട്ട സംഭവങ്ങളാണ് അതില്‍പ്പിന്നീടുണ്ടായത്. ലഹളക്കാരെ വെട്ടിക്കൊന്ന കൊടുങ്ങല്ലൂരമ്മയുടെ ഉപാസകനായ നാരായണന്റെ വീരമൃത്യുവാണ് അതിലൊന്ന്. നിലമ്പൂര്‍ കോവിലകം അക്രമിക്കാനെത്തിയ ലഹളക്കാര്‍ക്ക് നാരായണന്റെ ചേതനയറ്റ ശരീരം ചാടിക്കടന്നിട്ടേ മുന്നോട്ടു പോവാന്‍ കഴിഞ്ഞുള്ളൂ. മലബാറിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തനത്തിന്റെ അമരക്കാരില്‍ ഒരാളും നിലമ്പൂര്‍ കോവിലകത്തെ അംഗവുമായ ടി.എന്‍.ഭരതന്‍ ജീവിച്ചിരുന്ന കാലത്ത് ഈ ലേഖകനോടു പറഞ്ഞതാണ് നാരായണന്റെ പോരാട്ട വീര്യം. പതിവായി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോകാറുള്ള ചാലിയ സമുദായക്കാരനായ നാരായണന്‍ കോവിലകത്തെ ആശ്രിതനല്ല. എങ്കിലും ഇയാള്‍ ഇടയ്ക്ക് കോവിലകത്ത് വരാറുണ്ട്. 1921 ആഗസ്റ്റ് 21 നാണ് നിലമ്പൂര്‍ കോവിലകം അക്രമിക്കാന്‍ മാപ്പിളമാരെത്തിയത്. ഈ സമയത്ത് നാരായണന്‍ കോവിലകത്തെ പടിപ്പുരയിലുണ്ടായിരുന്നു. തക്ബീര്‍ മുഴക്കി ആയുധമേന്തിയ നൂറുകണക്കിന് മാപ്പിളമാര്‍ പടിപ്പുര കടക്കാന്‍ ശ്രമിച്ചതും വെട്ടുകത്തിയും ഉയര്‍ത്തി നാരായണന്‍ ലഹളക്കാരുടെ മുന്നിലേക്ക് കുതിച്ചെത്തി. ഉറഞ്ഞുതുള്ളികൊണ്ട് നാരായണന്‍ വീശിയ വെട്ടുകത്തിയുടെ വായ്ത്തലപ്പില്‍ എട്ടു ലഹളക്കാര്‍ പിടഞ്ഞൊടുങ്ങി. നൂറോളം മാപ്പിളമാരെ നാരായണന്‍ ഒറ്റക്കാണ് നേരിട്ടത്. എന്നാല്‍ ഏറെ നേരം അദ്ദേഹത്തിനു പിടിച്ചു നില്‍ക്കാനായില്ല. ഒന്നു തളര്‍ന്ന നാരായണനെ മാപ്പിളമാര്‍ തുണ്ടം തുണ്ടമായി വെട്ടിക്കൊന്നു. വീരമൃത്യു വരിച്ച നാരായണന്റെ ശരീരം ചാടിക്കടന്നിട്ടേ ലഹളക്കാര്‍ക്ക് പടിപ്പുര കടക്കാനായുള്ളു. തുടര്‍ന്ന് രണ്ടു സ്ത്രീകളടക്കം കോവിലകത്തെ 17 ആശ്രിതരെ വെട്ടിക്കൊന്നു. അക്രമികള്‍ നിലമ്പൂരിലെ മാപ്പിളമാരായിരുന്നില്ല. പതിനേഴു പേരെ വെട്ടിക്കൊലപ്പെടുത്തിയ മാപ്പിള ലഹളക്കാര്‍ മാനവേദന്‍ തിരുമുല്‍പ്പാടിന്റെ കഴുത്തില്‍ വാള്‍ വെച്ചതും നിലമ്പൂരിലെ മാപ്പിളമാര്‍ ഓടിയെത്തിയിട്ട് ‘ഞങ്ങളെ ആദ്യം കൊല്ല്, ഞങ്ങളുടെ തമ്പുരാനെ തൊടാന്‍ ധൈര്യമുള്ളവരുണ്ടെങ്കില്‍ വരിനെടാ’ എന്നും പറഞ്ഞ് ലഹളക്കാരെ ഓടിക്കുകയായിരുന്നു. അന്ന് ലഹളക്കാരില്‍ നിന്നും തമ്പുരാനെ രക്ഷിച്ച മാപ്പിളമാര്‍ക്ക് നന്ദി സൂചകമായി ഏറെക്കാലം ഓരോ മാസവും ഒരു നിശ്ചിത തുക കോവിലകത്തു നിന്നും കൊടുത്തു വന്നിരുന്നു. വീരമൃത്യു വരിച്ച നാരായണന്‍ ഹിന്ദു സമാജത്തിന്റെ വീരപുരുഷനാണെന്നാണ് ടി.എന്‍.ഭരതന്‍ പറഞ്ഞത്.
മാപ്പിള ലഹളക്കാലത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും അടങ്ങുന്ന ഒരു ഗ്രാമത്തെ മതഭ്രാന്തരായ മാപ്പിള ലഹളക്കാരില്‍ നിന്നും രക്ഷിച്ച കുന്നത്ത് ചന്തു നായരുടെ കഥയാണ് മറ്റൊന്ന്. ഇതുവരെ രേഖപ്പെടുത്താത്ത മറ്റൊരു ചരിത്രം. കുന്നത്ത് ചന്തു നായര്‍ എടവലത്ത് ഗോപാലന്‍ മാഷിന്റെ (ഗോപാലന്‍നായരുടെ) വലിയ അമ്മാവനാണ്. നേരമ്മാവന്‍ ചന്തു എന്ന കുഞ്ഞന്‍നായരും. അദ്ധ്യാപകവൃത്തിയില്‍ നിന്നും വിരമിച്ച എഴുപത്തിനാലു വയസ്സുള്ള ഗോപാലന്‍ മാഷ് ലഹളക്കാലത്തെ ചെറുത്തു നില്‍പ്പിന്റെ ചരിത്രം ഓര്‍മ്മിച്ചെടുത്തു. നേരമ്മാവന്‍ ചന്തു എന്ന കുഞ്ഞന്‍ നായര്‍ ആ ചരിത്രം തലമുറകളിലൂടെ കൈമാറട്ടെ എന്നാഗ്രഹിച്ചു കൊണ്ടാവാം ബാല്യക്കാരനായ മരുമകന്‍ ഗോപാലനോട് അന്ന് ആ ചരിത്രം പറഞ്ഞത്.
കോഴിക്കോട്ടു നിന്നും ഇരുപത്തിരണ്ട് കിലോമീറ്റര്‍ കിഴക്കു മാറി കൊടുവള്ളി മണ്ഡലത്തില്‍ കെഴക്കോത്ത് പഞ്ചായത്തിലെ എളയത്തില്‍ വട്ടോളി എന്ന ഗ്രാമത്തിലാണ് കുന്നത്ത് തറവാട്. സാമൂതിരി രാജാവിന്റെ സൈന്യത്തില്‍ പെട്ടവരായിരുന്നു കുന്നത്തു തറവാട്ടിലെ അംഗങ്ങള്‍. കളരിയും കളപ്പുരയും പത്തായപ്പുരയുമൊക്കെ ഉണ്ടായിരുന്ന പഴയ നായര്‍ സൈനികത്തറവാട്. തലക്കിലോനും (ശിവ ചൈതന്യം) ഭഗവതിയുമുള്ള പരദൈവസ്ഥാനങ്ങളും തറവാട്ടിലുണ്ട്. കളരിയില്‍ പയറ്റു പഠിപ്പിച്ചിരുന്നു. അബൂബക്കര്‍ കോയ തങ്ങളുടെ ജാറം ആണ്ടുനേര്‍ച്ചയായ ആവുപ്പാട്ട് ആണ്ടുനേര്‍ച്ചയുടെ ഉപജ്ഞാതാവ് 1921 കാലഘട്ടത്തിലെ കാരണവരായ ചന്തു നായരായിരുന്നു. ജാതി മത ഭേദമില്ലാതെ വട്ടോളി ഗ്രാമത്തിലെ എല്ലാവര്‍ക്കും ആരാധ്യനായിരുന്നു ചന്തു നായര്‍. തികഞ്ഞ അഭ്യാസിയുമാണ്. മാപ്പിള ലഹളക്കാലത്ത് ലഹളക്കാര്‍ കൊലയും കൊള്ളിവെപ്പും മതപരിവര്‍ത്തനവുമായി അരീക്കോട്, മുക്കം, താമരശ്ശേരി, കൊടുവള്ളി വഴി നീങ്ങിക്കൊണ്ടിരിക്കുന്ന വിവരം വട്ടോളി ഗ്രാമത്തിലുള്ളവരെ ഭയചകിതരാക്കി. മാപ്പിളമാര്‍ അടക്കമുള്ളവര്‍ ഉല്‍ക്കണ്ഠയിലായിരുന്നു. ലഹളക്കാര്‍ ഗ്രാമത്തിലെത്തിയാല്‍ ഗ്രാമം ചുട്ടു ചാമ്പലാക്കുമെന്നും മതസാഹോദര്യം തകരുമെന്നും ഭയപ്പെട്ട അവര്‍ ഗ്രാമത്തെ ലഹളക്കാരില്‍ നിന്നും രക്ഷിക്കാന്‍ ചന്തുനായരോട് അപേക്ഷിച്ചു. ലഹളക്കാരെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കരുതെന്ന തീരുമാനത്തിലായിരുന്നു ചന്തു നായരും. അദ്ദേഹം നാട്ടിലെ അരോഗദൃഢഗാത്രരായ ചെറുപ്പക്കാരെ മുഴുവന്‍ വിളിച്ച് യോഗം ചേര്‍ന്നു. മാപ്പിള ലഹളക്കാര്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടുകൊണ്ട് വന്നുകൊണ്ടിരിക്കുകയാണ്. ലഹളക്കാരെ വട്ടോളിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കരുത്. ആയുധ സജ്ജരായി നമ്മള്‍ ഒരുമിച്ച് അവരെ തടയണം. ലഹളക്കാര്‍ ഗ്രാമത്തില്‍ എത്തിയതിനുശേഷം തടയുന്നതിനേക്കാള്‍ നല്ലത് അവര്‍ ഇവിടെ എത്തുന്നതിനു മുമ്പ് തടഞ്ഞ് പിന്തിരിപ്പിക്കുന്നതാണ്. അദ്ദേഹം ചെറുപ്പക്കാരോടു പറഞ്ഞു. അവിടെ കൂടിയവരൊക്കെചന്തു നായര്‍ പറഞ്ഞ പ്രകാരം ലഹളക്കാരെ തടയാന്‍ സന്നദ്ധരായി. കുന്നത്ത് തറവാട്ടിലെ ക്ഷേത്രത്തില്‍ ചെന്ന് ഭഗവതിയെ ധ്യാനിച്ചാണ് വാളുമായി ചന്തു നായര്‍ ലഹളക്കാരെ നേരിടാന്‍ ഇറങ്ങിത്തിരിച്ചത്. ഒപ്പം മരുമകന്‍ ചന്തു എന്ന കുഞ്ഞനെയും കൂട്ടി. ഗ്രാമത്തിലെ ചെറുപ്പക്കാര്‍ അടങ്ങുന്ന സംഘം അക്രമം നടത്തി വരികയായിരുന്ന ലഹളക്കാരെ തേടി പോവുകയായിരുന്നു. മുക്കവും കഴിഞ്ഞ് ഓമശ്ശേരിക്ക് കുറച്ചിപ്പുറം, അതായത് വട്ടോളിയില്‍ നിന്നും ഏതാണ്ട് പത്ത് കിലോമീറ്റര്‍ അകലെയുള്ള പുത്തൂരിലെത്തിയപ്പോഴേക്കും ലഹളക്കാര്‍ പുത്തൂരിലെത്തിക്കഴിഞ്ഞിരുന്നു.
നൂറു കണക്കിനു ലഹളക്കാരെ ചന്തു നായരുടെ നേതൃത്വത്തില്‍ വട്ടോളിക്കാര്‍ തടഞ്ഞു. അക്രമം വെടിഞ്ഞ് ആയുധം താഴെ വച്ച് മടങ്ങിപോവാന്‍ ചന്തു നായര്‍ ആവശ്യപ്പെട്ടു. ആയുധധാരികളായ ലഹളക്കാര്‍ കുന്നത്തുകാരണവരുടെ നിര്‍ദ്ദേശം അംഗീകരിച്ചില്ലെന്നു മാത്രമല്ല വട്ടോളി സംഘത്തെ അവര്‍ അക്രമിച്ചു.
ആയോധനവിദ്യയില്‍ നിപുണരായ വട്ടോളി സംഘം കയ്യും മെയ്യും മറന്ന് പറന്നു വെട്ടി. ചന്തു നായര്‍ യുദ്ധമുന്നണിയിലെന്ന പോലെ വാളുമായി പാറിപ്പറന്നു. നിരവധി ലഹളക്കാര്‍ക്ക് പരിക്കേറ്റു. ചിലരെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. ഒടുവില്‍ പരാജയപ്പെട്ട ലഹളക്കാര്‍ പിടിച്ചുനില്‍ക്കാനാവാതെ പിന്തിരിഞ്ഞോടുകയാണുണ്ടായത്. മാപ്പിള ലഹളക്കാലത്ത് ഒരു ഗ്രാമം മുഴുവന്‍ ലഹളക്കാരെ നേരിട്ട ഏക സംഭവമാണിത്. ചന്തു നായരുടെ സംഘത്തില്‍ പെട്ട പണിക്കര്‍ എന്നു വിളിക്കുന്ന ചെറുപ്പക്കാരന് നേരിയ പരുക്കേറ്റു എന്നതൊഴിച്ചാല്‍ വട്ടോളി സംഘത്തിന് യാതൊരു കേടും സംഭവിച്ചിരുന്നില്ല. ലഹളക്കാര്‍ പിന്തിരിഞ്ഞോടിയതിനു ശേഷമാണ് ബ്രിട്ടീഷ് പട്ടാളം സ്ഥലത്തെത്തിയത്. ഒരു ഗ്രാമത്തെ ലഹളക്കാരില്‍ നിന്നും മോചിപ്പിച്ച പട്ടാളകമാന്റര്‍ ചന്തു നായരെ ആശ്ലേഷിച്ചു. മദിരാശിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അഭിനന്ദിക്കുകയും തോക്കുകള്‍ ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കുകയും ചെയ്തു. കുന്നത്ത് ചന്തു നായരുടെ ആജ്ഞാശക്തിയും പോരാട്ട വീര്യവും പഴമക്കാര്‍ അതിശയത്തോടെ എന്നും ഓര്‍മ്മിക്കുമായിരുന്നു. മാപ്പിള ലഹളയുണ്ടാക്കിയ അകല്‍ച്ച മറന്ന് മതസൗഹാര്‍ദ്ദം അന്നും ഇന്നും കാത്തുസൂക്ഷിച്ച ചരിത്രമാണ് കുന്നത്തു തറവാട്ടിലെ കാരണവരിലൂടെ വട്ടോളി ഗ്രാമത്തിനു പറയാനുള്ളത്. ചന്തു നായര്‍ക്കു വേണ്ടി ഒരു സ്മൃതിമണ്ഡപം പരദേവതാ ക്ഷേത്രങ്ങള്‍ക്കൊപ്പമുണ്ട്. ഈ സ്മൃതി മണ്ഡപത്തില്‍ അദ്ദേഹത്തിന്റെ വാള്‍ ഇന്നും സൂക്ഷിക്കുന്നു. വിളക്കുവെച്ച് ആ വീര കേസരിയെ ആരാധിക്കുന്നു. കുന്നത്ത് ചന്തു നായരുടെ പോരാട്ട വീര്യത്തിന്റെ ചരിത്രം മാപ്പിള ലഹളയുടെ ചരിത്രത്തില്‍ ഇടം പിടിക്കേണ്ടതാണ്.