(1903 ഏപ്രിലില്‍, കശ്മീരിലെ സോളമന്റെ പീഠം എന്നുകൂടി പേരുള്ള ശങ്കരാചാര്യശൈലത്തില്‍ ശ്രീ അരവിന്ദന്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. അവാച്യമായ ആ നിമിഷങ്ങളില്‍ അനന്തതയുമായി ആത്മലയം നേടിയതിന്റെ അനുഭൂതിയാണ് ”അദ്വൈതം” എന്ന കവിതയില്‍ ധ്വനിപ്പിക്കുന്നത്. മൊഴിമാറ്റം: പി.ഐ.ശങ്കരനാരായണന്‍)
എവിടെ, ബ്ഭൂവിന്റെ ഫലശൂന്യപ്രേമ
വഴികള്‍ ശൂന്യമായവസാനിക്കുന്നൂ,
എവിടെ, കാലത്തിന്നരികിലേകനായ്
അനന്തതയുമായഭിമുഖം നോക്കി-
യിരിക്കുന്നൂ മഹാപുരുഷന്‍ ശങ്കരന്‍.
ഉയരെ നിര്‍മ്മിച്ച ചെറിയൊരമ്പലം,
അവിടെ സോളമന്നിരിപ്പിടമെന്ന
മഹാഗിരിമേലേ നടന്നുകേറി ഞാന്‍.
അരൂപിയാമേകാന്തതയെന്നെച്ചുറ്റി-
യൊഴുകി, യൊക്കെയും അതിശയം, നാമ
രഹിതമാമൊന്നായ് പരിണമിക്കുന്നു!
പിറക്കാത്ത പൂര്‍ണ്ണ യഥാര്‍ത്ഥ ലോകത്തിന്‍
പിറവിയായ് സ്ഥിതിയനാദ്യന്തം സ്ഥിരം.
ഒരു നിശ്ശബ്ദത! വിടര്‍ന്നൊരസ്തിത്വ
വിശേഷവാക്കിലായ് അലിഞ്ഞു സര്‍വ്വവും!
തുടക്കമജ്ഞാതം, സ്വരരഹിതവും
നിമിഷം കണ്ടതും ശ്രവിച്ചതുമെല്ലാം
അകലത്താക്കുന്നൂ, പറഞ്ഞറിയിക്കാന്‍
കഴിയാത്തോരുച്ചസ്ഥിതി ഭരിക്കുന്നു!
പ്രപഞ്ചമായ തന്‍ വിമൂകശൃംഗത്തില്‍
അപൂര്‍ണ്ണശൂന്യതയ്ക്കിളക്കമില്ലാത്ത
പ്രശാന്തതയുണ്ടു നിറഞ്ഞിരിക്കുന്നു;
വിജനത, യേകാന്തതതന്നെ എങ്ങും!