Wednesday, July 16, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

”സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ”

വിനയരാജ് വളയന്നൂര്‍

Print Edition: 5 August 2022

ആഗസ്റ്റ് 18: ശ്രീകൃഷ്ണജയന്തി

”സമാനാര്‍ത്ഥ വാചികളായ വേദശബ്ദങ്ങളില്‍ ഒന്നത്രെ ‘സങ്കര്‍ഷണന്‍’. രൂപവും പ്രകൃതവും ഭിന്നമെങ്കിലും ആന്തരചോദനയായി ചരാചരങ്ങളിലാകെ പടര്‍ന്നുകിടക്കുന്ന; ജീവ സമഷ്ടി എന്ന് വിവക്ഷിക്കപ്പെടുന്ന വാക്ക്. ആ സാകല്യചേതനയെ ഋഷിമാര്‍ സ്വന്തം അഹന്തയെ ത്രേതാഗ്നിയില്‍ ഹോമിച്ചുകൊണ്ട് ആരാധിച്ചു. പില്‍ക്കാലത്ത് ദേശകാലാവസ്ഥകള്‍ക്കും അഭിരുചികള്‍ക്കും അനുസൃതമായി ആ ‘സങ്കര്‍ഷണനെ’ താന്താങ്ങളുടെ ശീലുകളിലും ശൈലികളിലും ഉപാസിച്ചുപോന്ന ഒരു ജനതതി. സങ്കര്‍ഷണന്‍ ക്രമേണ കൃഷ്ണനായി, കൃഷ്ണന്‍ വാസുദേവനായി, അമ്പാടിക്കണ്ണനായി, രാധാകാമുകനായി, പാര്‍ത്ഥസാരഥിയായി, സുദര്‍ശനചക്രധാരിയായി, മഥുരാനാഥനായി. നിഷാദ ശരമേറ്റ തന്റെ കാല്‍വിരല്‍ത്തുമ്പില്‍ നിന്ന് ഇറ്റുവീണ ചോരത്തുള്ളികളാല്‍ പുതിയൊരു (കലി) യുഗത്തിന് പുലര്‍ച്ച കുറിച്ചുകൊണ്ട് കടന്നുപോയി. ഇന്നിതാ അയ്യായിരത്തി തൊണ്ണൂറ്റിയെട്ടില്‍ എത്തിയ ഒരു യുഗാബ്ദവും എണ്‍പതുകോടി മനുഷ്യരടങ്ങുന്ന ഒരു രാഷ്ട്രവും അഗാധബോധത്തില്‍ ആ മയില്‍പ്പീലിയുടെ തിളക്കവും കാന്തവൈഭവവും ഏറ്റുവാങ്ങിക്കൊണ്ട് നിലനില്‍ക്കുന്നു!”

കാല്‍നൂറ്റാണ്ടിന് മുമ്പ് സുഗതകുമാരി ടീച്ചര്‍ എഴുതിയ കൃഷ്ണകവിതകളുടെ സമാഹാരത്തിന്റെ അവതാരികയില്‍, ‘ഒരു മയില്‍പ്പീലിയും ഒരു രാഷ്ട്രവും’ എന്ന ശീര്‍ഷകത്തില്‍ കൈരളിയുടെ എക്കാലത്തെയും അതുല്യ ദാര്‍ശനിക കവിയായ വിഷ്ണുനാരായണന്‍ നമ്പൂതിരി കുറിച്ചിട്ട വാക്കുകളാണിത്. കൃഷ്ണ സങ്കല്‍പ്പത്തെ ഇത്രമേല്‍ സൗന്ദര്യാത്മക ദാര്‍ശനിക ഭാവത്തില്‍ പകര്‍ന്നു തന്ന മറ്റൊരാളില്ല. ഒരു തിരുത്ത് മാത്രമേ ആവശ്യമുള്ളൂ. കാലചക്രത്തിന്റെ തിരിച്ചിലില്‍ അയ്യായിരത്തി തൊണ്ണൂറ്റി എട്ട് ഇപ്പോള്‍ കൃഷ്ണവര്‍ഷം അയ്യായിരത്തി ഒരുനൂറ്റി ഇരുപത്തിനാലായിരിക്കുന്നു. എണ്‍പതു കോടി ജനത നൂറ്റി മുപ്പത് കോടിയെ അതിക്രമിച്ചിരിക്കുന്നു.

രാഷ്ട്ര സ്വത്വത്തെകുറിച്ചുള്ള ആ ഋഷി പ്രോക്ത ചിന്ത അത്യന്തം അമൂല്യമാണ്. രാഷ്ട്രത്തെ താങ്ങിനിര്‍ത്തുന്നത് അതിന്റെ ആന്തരകോശങ്ങളിലാകെ ജ്വലിച്ചുനില്‍ക്കുന്ന ധാര്‍മ്മിക മഹസ്സാണ്. അത് ഓരോ ഭാരതീയനെയും ഇന്ത്യയെന്ന വിവേകത്തില്‍ കൊണ്ടുചെന്ന് തളയ്ക്കുന്നു. അതിന്റെ സാക്ഷാത്കാരത്തില്‍ കവിഞ്ഞൊരു സാഫല്യം ഇവിടുത്തെ കവിതയ്ക്കും കലയ്ക്കും ശാസ്ത്രത്തിനും മതത്തിനും ചരിത്രത്തിനുമില്ല. അതുകൊണ്ട്, ആയിരത്താണ്ടുകളായി ചിതറിക്കിടന്ന നാട്ടുരാജ്യങ്ങള്‍ക്കിടയിലൂടെ രാഷ്ട്രം എന്ന സത്യം ഉയര്‍ന്നു തിളങ്ങി. അതുകൊണ്ടുതന്നെ, ഇനി ഒരായിരം വര്‍ഷങ്ങളിലൂടെ മുറിഞ്ഞു നുറുങ്ങിയാലും രാഷ്ട്രമെന്ന സത്യം ആസേതു ഹിമാലയങ്ങള്‍ക്കിടയില്‍ അസ്തമിക്കാന്‍ പോകുന്നില്ല. കുരുക്ഷേത്രത്തില്‍വച്ച് സങ്കര്‍ഷണാത്മകനായ ഗീതാകാരനില്‍ നിന്നാണ് നമുക്കാദ്യം ഈ ഉറപ്പ് ലഭിച്ചത്.”

‘ഉണ്ടും, ഇണചേര്‍ന്നു, ഉറങ്ങിയും പുലരുന്ന ഒരു ജനസമൂഹത്തെ നാം രാഷ്ട്രമെന്ന് വിളിക്കാറില്ല. അക്ഷരത്താളുകളില്‍ വെളിവിന്റെയും സൗന്ദര്യത്തിന്റെയും ശതശോഭമായ മയില്‍പ്പീലിയെ പോറ്റിവളര്‍ത്തുന്ന നാഗരികതയ്‌ക്കേ രാഷ്ട്രം എന്ന വലിയ വാക്ക് ചേരൂ.” വിഷ്ണുനാരായണന്‍ നമ്പൂതിരി തുടര്‍ന്ന് എഴുതിയ വാക്കുകളാണിത്.

സ്വത്വബോധത്തികവാര്‍ന്ന ആ മയില്‍പ്പീലി തുണ്ടിനെ ജീവിതത്തിന്റെ പുസ്തകതാളുകളില്‍ കരുതലോടെ കാത്തുസൂക്ഷിക്കാന്‍ നമ്മുടെ ‘ബാല്യത്തെ’ പ്രാപ്തമാക്കുക എന്നതാണ് ബാലഗോകുലത്തിന്റെ ദൗത്യം. നിരന്തരവും നിതാന്തവുമായ വ്യഗ്രതയോടെ ബാലഗോകുലം ഇക്കാലമത്രെയും ചെയ്തുപോന്നതും, ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ഇനി നാളെകളില്‍ ചെയ്യാന്‍ പോകുന്നതും ഇതുമാത്രമാണ്.

നമുക്കെങ്ങനെ നമ്മെയും നമ്മുടെ സ്വത്വത്തെയും നഷ്ടപ്പെടുന്നു എന്നത് ബാല്യ-കൗമാരങ്ങളെ അടുത്തറിയുന്നതിലൂടെ ബാലഗോകുലത്തിന് ബോധ്യപ്പെടുന്നതാണ്. ആ ബോധ്യത്തില്‍ നിന്നാണ് ‘സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ’ എന്ന ആശയം ബാലഗോകുലം മുന്നോട്ടുവയ്ക്കുന്നത്.

”സ്വധര്‍മ്മേ നിധനം ശ്രേയഃ
പരധര്‍മോ ഭയാവഹഃ” എന്നാഹ്വാനം ചെയ്ത ഗീതാകാരന്റെ ജന്മദിനാഘോഷവേളയാണ് അതിനനുയോജ്യമായ സന്ദര്‍ഭം.

സ്വത്വം എന്നത് ഒരു പൈതൃകപ്പെരുമയാണ്. സഹസ്രാബ്ദങ്ങളുടെ ജീവിതപ്രവാഹത്തിലൂടെ രൂപപ്പെട്ടുവരുന്ന ‘ഒരാന്തരികചേതന’യാണത്. നമ്മില്‍ പ്രകടീകൃതമാവുന്ന സ്വഭാവം തന്നെ സ്വത്വാവിഷ്‌കൃതമാണ്. ഭാഷ, വേഷം, ഭക്ഷണം, പെരുമാറ്റം, ശീലങ്ങള്‍, ശൈലികള്‍ എല്ലാം സ്വത്വാവിഷ്‌കാരത്തിന്റെ വൈവിധ്യഭാവങ്ങളത്രെ.

ഭാരതം എന്ന രാഷ്ട്രബോധത്തിനകത്തെ ദേശാന്തരഭാവങ്ങളിലൊന്നാണ് ‘മലയാണ്‍മ’. ഭാരതീയത കേരളീയത്വത്തിലും കേരളീയത ഭാരതീയത്വത്തിലും പരസ്പരപൂരകമായി വിലയിച്ചിരിക്കുന്നു. ഒന്ന് മറ്റൊന്നില്‍ നിന്ന് വിഭിന്നമോ വേറിട്ട അസ്തിത്വമുള്ളതോ അല്ല. അതുകൊണ്ടാണ് ശരീരവും മനസ്സും ബുദ്ധിയുമെല്ലാം കൈരളിയ്ക്ക് നിവേദിച്ച് കവി പി. കുഞ്ഞിരാമന്‍ നായര്‍ കവിതപോലെ മധുരിക്കുന്ന ഗദ്യത്തില്‍ ഇങ്ങനെ എഴുതിയത്. ”പരമാര്‍ത്ഥത്തില്‍ ഗംഗയും നിളയും രണ്ടല്ല; ശ്രീകാശിയും ഗോകര്‍ണ്ണവും രണ്ടല്ല; കേരള സംസ്‌കാരവും ഭാരത സംസ്‌കാരവും രണ്ടല്ല; തുഞ്ചത്താചാര്യനും തുളസീദാസനും രണ്ടല്ല; ശിവജിയും പഴശ്ശിയും രണ്ടല്ല.”

ഭാരതത്തില്‍ നിന്ന് വിഭിന്നമായ ഒരു മണ്ണും മനസ്സും കേരളത്തിനില്ലെന്ന് മനസ്സിലാകുമ്പോഴാണ് കൈരളിയുടെ സ്വത്വം കാത്തുസൂക്ഷിക്കേണ്ടത് നമ്മില്‍ നിന്നും ഭാരതം നഷ്ടപ്പെടാതിരിക്കാന്‍ അനിവാര്യമാണെന്ന് ബോധ്യപ്പെടുക.

സംസ്‌കൃതിയെ മൂല്യശോഷണം സംഭവിക്കാതെ കാത്തുസൂക്ഷിക്കുന്നതില്‍ ഭാഷ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. തുഞ്ചന്റെ തപസ്സില്‍ പിറന്ന ഭാഷയാണ് മലയാളം. ചെറുശ്ശേരിയും കണ്ണശ്ശനും പൂന്താനവും കുഞ്ചനുമെല്ലാം അനുഗ്രഹിച്ചരുളിയ ഭാഷ. ആശാനും ഉള്ളൂരും വള്ളത്തോളുമെല്ലാം ലാളിച്ചു പോറ്റി വളര്‍ത്തിയ ഭാഷ. ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ശങ്കരപ്പിള്ളയും സി.വി.യും സമ്പന്നമാക്കിയ ഭാഷ.

വ്യാസഭാരതത്തെ മലയാളിയ്ക്ക് അനുഭവവേദ്യമാക്കിയത് കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാനാണ്. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ കേരള കാളിദാസനായി മാറി. മലയാണ്‍മയുടെ മനോഹരവര്‍ണ്ണനയായി ”ജയ ജയ കോമള കേരളധരണീ, ജയ ജയ മാമക പൂജിത ജനനീ” എന്ന് ബോധേശ്വരന്‍ പാടുമ്പോള്‍ അത് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ‘വന്ദേമാതര’ ത്തിന് തുല്യമായി ദേശത്തെക്കുറിച്ചുള്ള സ്വാഭിമാന ബോധം നമ്മില്‍ ഉണര്‍ത്തുകയാണ്. ദേശീയ ഗീതവും, കേരളഗാനവും സമാനതയിലെത്തുന്നത് രണ്ടിനും നാടിന്റെ തനിമയെ, സ്വത്വത്തെ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടാണ്.

ഏതൊരു സമൂഹത്തിന്റെയും പൈതൃകമൂല്യങ്ങള്‍ തലമുറകളിലേയ്ക്ക് പകര്‍ന്നു നല്‍കുന്നതില്‍ മാതൃഭാഷ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മലയാളം മലയാളിയുടെ മാതൃഭാഷയാണ്. മാതൃത്വത്തോടുള്ള വൈകാരിക ബന്ധം വിച്ഛേദിക്കാതെ കാത്തുസൂക്ഷിക്കുക എന്നത് ഏറ്റവും വലിയ സ്വധര്‍മ്മാചരണമാണ്.

ഭൂപ്രകൃതി ഇത്രമേല്‍ കനിഞ്ഞരുളിയ നാട് മറ്റൊന്നില്ല. ”പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലചായ്ച്ചും; സ്വച്ഛാബ്ധിമണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും; പള്ളികൊണ്ടീടുന്ന നിന്‍പാര്‍ശ്വയുഗ്മത്തെ കാത്തുകൊള്ളുന്നു കുമാരിയും, ഗോകര്‍ണ്ണേശനുമമ്മേ…” എന്ന കാവ്യ ഭാവന ഉണര്‍ന്നത് കൈരളിയ്ക്ക് മാത്രം സ്വന്തമായ ഭൂപരസൗന്ദര്യം കൊണ്ടാണ്. കാടും, മേടും കാട്ടാറുകളും വയലേലകളും പുഴയോരങ്ങളും മാമലകളും നിറഞ്ഞ് ഹരിതാഭമായ കേരളം കാര്‍ഷിക സമൃദ്ധിയുടെയും വൈവിധ്യത്തിന്റെയും ഗരിമയും പ്രൗഢിയും വിളിച്ചോതിയ നാടാണ്.

വ്യത്യസ്തങ്ങളായ രൂചിക്കൂട്ടുകളുടെ ഭക്ഷണരീതി നമ്മുടെ കാര്‍ഷിക സംസ്‌കാരത്തിന്റെ അനുപമമായ അടയാളപ്പെടുത്തലാണ്. മലയാളിയുടെ ആരോഗ്യത്തെ കാത്തുസൂക്ഷിച്ചുപോന്നത് ഈ ഭക്ഷണ സംസ്‌കാരമായിരുന്നു. നമ്മുടെ ആഘോഷങ്ങള്‍ സമ്പന്നമായിത്തീരുന്നതില്‍ വൈവിധ്യപൂര്‍ണ്ണമായ വിഭവക്രമവും നാം അവ ആഹരിക്കുന്ന രീതിയും സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ഭക്ഷണത്തിലെന്നപോലെ ‘മലയാളിത്തം’ പ്രകടമാവുന്ന മറ്റൊന്ന് വസ്ത്രധാരണ രീതിയാണ്. ലളിതവും ശാലീനവും സുന്ദരവുമായ വസ്ത്രധാരണം മലയാളികളുടെ സൗന്ദര്യബോധത്തിന്റെ നിറപ്പകിട്ടാര്‍ന്ന ലക്ഷണമാണ്.
മണ്ണില്‍ പൊന്ന് വിളയിച്ച മലയാളിയുടെ കഠിനാദ്ധ്വാനം ഇന്ന് പഴങ്കഥയായി മാറിക്കഴിഞ്ഞു. കാര്‍ഷിക വൃത്തിയില്‍ നിന്നും നാം ‘അതിവേഗം ബഹുദൂരം’ അകലത്തിലായിക്കഴിഞ്ഞു. കാര്‍ഷിക സംസ്‌കൃതിയിലൂടെ രൂപപ്പെട്ടുവന്ന നമ്മുടെ ശീലങ്ങളും ശൈലികളും ജീവിതരീതികളും അന്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്.

ഉല്‍പാദനത്തെ കയ്യൊഴിയുകയും ഉപഭോഗം ഭ്രാന്തമായ ആവേശമായി മാറുകയും ചെയ്തിരിക്കുന്നു. മലയാളത്തനിമയിലൂന്നിയ കാഴ്ചയും കാഴ്ചപ്പാടും നഷ്ടപ്പെട്ട് നാമിന്ന് കമ്പോളവല്‍ക്കരണത്തിന്റെ മായികക്കാഴ്ചയിലകപ്പെട്ടിരിക്കുകയാണ്. ലോകത്തിന്റെ ഏത് കോണില്‍ അവതരിപ്പിക്കപ്പെടുന്ന ജീവിത ശൈലിയെയും ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളില്‍ സ്വന്തം ജീവിതത്തില്‍ പകര്‍ന്നാടാനുള്ള അന്ധമായ അനുകരണവ്യഗ്രത ആത്മസത്തയെ നഷ്ടപ്പെടുത്തി ആര്‍ഭാടത്തിലും പുറംമോടിയിലും അഭിരമിക്കുന്ന വര്‍ഗ്ഗമായി മലയാളിയെ അധഃപതിപ്പിച്ചിരിക്കുന്നു.

കുടുംബ ജീവിതത്തെ സാമൂഹിക ജീവിതത്തിലേയ്ക്ക് വികസിപ്പിച്ചെടുക്കുന്ന അയല്‍പക്കബന്ധങ്ങളില്‍ നിന്നും അകന്നുമാറി ഗ്രാമീണ ജീവിതോഷ്മളതയുടെ ഉറവകളില്‍ മണ്ണിട്ട് മൂടി കെട്ടിപ്പൊക്കുന്ന അംബരചുംബികളായ കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്ക് മുകളില്‍, ഏകാന്തതയുടെ തുരുത്തില്‍ വിജനമായ ആകാശക്കാഴ്ചകളുമായി കഴിയാനാഗ്രഹിക്കുംവിധം മലയാളി മാനസാന്തരപ്പെട്ടിരിക്കുന്നു.

ഏതൊരു സമൂഹവും നവീകരിക്കപ്പെടുകയും, ആധുനീകരിക്കപ്പെടുകയും ചെയ്യുക എന്നത് സമാജ പരിവര്‍ത്തനത്തിന്റെ സ്വാഭാവിക രീതിയാണ്.

എന്നാല്‍ മലയാളിക്കും മലയാളനാടിനും സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇത്തരം സ്വാഭാവിക പരിണാമങ്ങളല്ല മറിച്ച് ഒട്ടും അഭിലഷണീയമല്ലാത്ത അപരവല്‍ക്കരണമാണ്.

മലയാളനാടിന്റെ ജീവിതരീതി, ഭാഷ, ഭക്ഷണം, വസ്ത്രധാരണം, പെരുമാറ്റം എന്നിവ മാത്രമല്ല ശീലങ്ങളും ശൈലികളുമുള്‍പ്പെടെ സകലതും പാശ്ചാത്യവല്‍ക്കരണത്തിന്റെയും അറേബ്യന്‍വല്‍ക്കരണത്തിന്റെയും നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നുകൊണ്ടിരിക്കയാണ്. നാടിന്റെ തനിമയും നന്മയുമുള്‍ക്കൊള്ളുന്നതെല്ലാം അപ്രത്യക്ഷമാവുകയും ദോഷകരവും അനുചിതവുമായതെല്ലാം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ജീവിതത്തില്‍ കാത്തുസൂക്ഷിച്ചുപോന്ന സകലമൂല്യങ്ങളെയും റദ്ദുചെയ്തുകൊണ്ട് ‘ഡിസ്‌പോസിബിള്‍’ സംസ്‌കാരം പടര്‍ന്നുകയറുകയാണ്. ‘ഉപയോഗശേഷം വലിച്ചെറിയുക’ എന്നത് മലയാളി ജീവിതത്തിന്റെ പൊതുസ്വഭാവമായി മാറിക്കഴിഞ്ഞു. വലിച്ചെറിയുക, ഉപേക്ഷിക്കുക എന്നിങ്ങനെ നിഷേധാത്മക ചിന്തയും പ്രവൃത്തിയും കൊണ്ട് വികലമാക്കപ്പെടുന്ന ജീവിതയാത്ര ആശങ്കയും ആകുലതയും സൃഷ്ടിക്കുന്നു. വിവാഹമോചനങ്ങളുടെ വര്‍ദ്ധനവും വൃദ്ധസദനങ്ങളുടെ പെരുപ്പവും ആത്മഹത്യകളുടെ ആധിക്യവും നമ്മെ അസ്വസ്ഥമാക്കുന്നു.

മാതൃത്വത്തിന്റെ സകലമാന സൗന്ദര്യത്തെയും ആവാഹിച്ചെടുത്തവതരിപ്പിക്കപ്പെട്ട താരാട്ട് പാട്ടാണ് ‘ഓമനത്തിങ്കള്‍കിടാവോ’ എന്നത്. പെറ്റമ്മയുടെ മടിയില്‍ക്കിടന്ന്, അമ്മിഞ്ഞപ്പാല് നുകര്‍ന്ന് സ്‌നേഹലാളനയേറ്റ് പുഞ്ചിരി തൂകുന്ന കുഞ്ഞ് കോമളത്താമരപ്പൂവായും, പൂവില്‍ നിറഞ്ഞ മധുവായും പൂര്‍ണേന്ദുനിലാവായും, തത്തകള്‍ കൊഞ്ചും മൊഴിയായും ചാഞ്ചാടിയാടുന്ന മയിലായും, പഞ്ചമം പാടുന്ന കുയിലായും വാക്കുകള്‍ക്കതീതമായി വര്‍ണ്ണിക്കപ്പെട്ട മലയാള നാട്ടില്‍, ഇന്ന് പെറ്റിട്ട കുഞ്ഞിന്റെ പൊക്കിള്‍ക്കൊടിയെ സ്വന്തം കൈ കൊണ്ട് വലിച്ചു പൊട്ടിച്ച്, വാരിയെടുത്ത് കാട്ടിലേയ്ക്കും, കായലിലേയ്ക്കും, തെരുവോടയിലേയ്ക്കും കുപ്പത്തൊട്ടിയിലേയ്ക്കും വലിച്ചെറിയുന്ന രാക്ഷസീയത അനുദിനക്കാഴ്ചയും വാര്‍ത്തയുമായി മാറിയിരിക്കുന്നു.

ആധുനിക ലോകജീവിതത്തെ ആകമാനം അപകടപ്പെടുത്തിയ ‘കൊറോണ’ വൈറസിന്റെ വ്യാപനത്തെക്കാള്‍ ഭയാനകമാണ് കേരളത്തിലെ യുവ സമൂഹത്തില്‍ പടര്‍ന്നുകയറുന്ന മയക്കുമരുന്നിനോടുള്ള ആസക്തി. നമ്മുടെ ബാല്യ-കൗമാരങ്ങളെ തിരിച്ചുപിടിക്കാനാവാത്തവിധം സര്‍വ്വ നാശത്തിന്റെ അഗാധഗര്‍ത്തങ്ങളിലേയ്ക്ക് തള്ളിവീഴ്ത്തുന്ന കൊടും വിപത്തിനെ കണ്ടില്ലെന്ന് നടിച്ച് ഒരടിപോലും മുന്നോട്ടുപോകാന്‍ കേരളത്തിന് സാധ്യമല്ല. ഭാവി വാഗ്ദാനങ്ങളായ കുട്ടികളുടെ സ്വബോധത്തെ നശിപ്പിക്കുന്ന വിഷപ്പകര്‍ച്ചയെ തടയുക എന്നതാണ് ഇന്ന് നിര്‍വ്വഹിക്കാനുള്ള ഏറ്റവും വലിയ സാമൂഹ്യ ദൗത്യം. സ്വബോധം നഷ്ടമാവുന്ന സമൂഹത്തിന് സ്വത്വബോധം വീണ്ടെടുക്കുക സാധ്യമല്ല. അതുകൊണ്ട് മലയാളത്തിന്റെ പ്രജ്ഞയെ വിഷലിപ്തമാക്കി നശിപ്പിക്കുന്ന അഭിനവ കാളിയനെതിരെയുള്ള ‘ധര്‍മ്മയുദ്ധം’ ആരംഭിക്കാനുള്ള സന്ദര്‍ഭമാണിത്.

അതിന് നമുക്ക് മാതൃക കണ്ണനാണ്. അമ്പാടിയുടെ സ്‌നേഹോഷ്മളമായ ജീവിതത്തെ തകിടം മറിച്ച കാളിയന്റെ ചെയ്തികള്‍ക്കു മുന്നില്‍ കാളിന്ദിയിലേയ്ക്ക് ഒന്ന് നോക്കാന്‍പോലും ധൈര്യമില്ലാതെ സമൂഹം നിശ്ശബ്ദമായി മുഖം താഴ്ത്തി നിന്നപ്പോള്‍ സധൈര്യം, ഏകനായി കാളിന്ദിയിലേയ്ക്ക് നടന്നുചെന്നവനായിരുന്നു കണ്ണന്‍. കാളിയന്റെ കൊടുംവിഷപ്പത്തിയെ തന്റെ പാദങ്ങള്‍ക്കൊണ്ട് ചവുട്ടി അടക്കിയ കണ്ണന്റെ കരുത്ത് സമാജത്തിന് കാരുണ്യമായാണ് അനുഭവപ്പെട്ടത്. സമാജസംരക്ഷണം എന്ന കൃഷ്ണ മാര്‍ഗ്ഗം അഥവാ ധര്‍മ്മമാര്‍ഗ്ഗമാണ് ബാലഗോകലുത്തിന്റെ വഴി.

അപചയത്തിന്റെ അപകടകരമായ സഞ്ചാരപഥത്തില്‍ നിന്നും കേരളത്തെ സ്വത്വാവിഷ്‌കാരത്തിന്റെ സ്വധര്‍മ്മാചരണ മാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുക എന്നതാണ് വര്‍ത്തമാനകാല സാഹചര്യത്തില്‍ നമുക്ക് നിര്‍വ്വഹിക്കാനുള്ള സാമൂഹിക ദൗത്യം.

ഒരു മയില്‍പ്പീലിയില്‍, കോലക്കുഴലില്‍, പൈക്കിടാവില്‍ തൈര്‍ക്കുടത്തില്‍, മഞ്ഞപ്പട്ടില്‍, ഒരാലിലത്തുണ്ടില്‍, ഒരു കുഞ്ഞുപുഞ്ചിരിയില്‍ കണ്ണന്‍ എന്ന സമഗ്രഭാവം നിറയുന്നപോലെ, ജീവിതത്തിന്റെ ഓരോ തുടിപ്പിലും അനുഭവവേദ്യമാകത്തക്കവിധം കൈവിട്ടുപോകുന്ന കൈരളിയുടെ സ്വത്വത്തെ നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്.

‘ഉപേക്ഷിക്കുക’ എന്ന നിഷേധാത്മകതയില്‍ നിന്നും ‘സംരക്ഷിക്കുക’ എന്ന സര്‍ഗ്ഗാത്മകതയിലേക്കുള്ള മാനസിക പരിവര്‍ത്തനമാണ് കേരളത്തിന്റെ തനിമയും സംസ്‌കൃതിയും നിലനിര്‍ത്താനുള്ള മാര്‍ഗ്ഗം. നമ്മുടെ മണ്ണിനെയും മനസ്സിനെയും കാടിനെയും മേടിനെയും കാട്ടാറുകളെയും വയലേലകളെയും പുഴയോരങ്ങളെയും സംരക്ഷിക്കേണ്ടതനിവാര്യമാണ്.

നമ്മുടെ കാവും കുളങ്ങളും നാടും നാട്ടുനടപ്പും നാട്ടറിവുകളും നാടന്‍ശീലുകളും പൈതൃകപ്പെരുമ നിറയുന്ന നാട്ടാചാരങ്ങളും നമ്മുടെ ചരിത്രവും ഭാഷയും വേഷവും ഭക്ഷണരീതിയും ശീലങ്ങളും ശൈലികളുമെല്ലാം സംരക്ഷിക്കപ്പെടുകയും ജീവിതത്തിന്റെ സ്വാഭാവികതയായി അനുഭവപ്പെടുകയും ചെയ്യുന്നതിലൂടെയാണ് സ്വത്വം ആവിഷ്‌ക്കരിക്കപ്പെടുക. സ്വധര്‍മ്മാചരണമല്ലാതെ അതിന് മറ്റ് വഴികളില്ല.

(ബാലഗോകുലം ഉത്തരമേഖലാ ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)

Share1TweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies