ജമ്മു: ദേശഭക്തിയെ ജനമനസ്സുകളില്‍ അണയാതെ കാത്തുസൂക്ഷിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. പ്രദര്‍ശിനികളിലോ, സമ്മേളനങ്ങളിലോ, പ്രസംഗങ്ങളിലോ മാത്രം ഒതുങ്ങേണ്ടതോ വിശേഷദിവസങ്ങളില്‍ മാത്രമുണരേണ്ട വികാരമോ അല്ല ദേശഭക്തിയെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗര്‍ ഗുല്‍ഷന്‍ മൈതാനത്ത് കശ്മീര്‍ പീപ്പിള്‍സ് ഫോറം സംഘടിപ്പിച്ച കാര്‍ഗില്‍ വിജയദിനാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെയാകെ അഭിമാനമുയര്‍ത്തി നില്‍ക്കുന്ന മകുടമാണ് കശ്മീര്‍. സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ വേണ്ടി നിരന്തരം പോരാടുന്ന ജനങ്ങളുടെ നാടാണത്. സ്വാതന്ത്ര്യ പോരാട്ടത്തിന്റെ അനിവാര്യത മനസ്സിലാക്കാന്‍ പുതിയ തലമുറ ഈ നാട്ടിലേക്ക് തീര്‍ത്ഥാടനം നടത്തണം. കാശ്മീരിനുമേല്‍ നാളിതുവരെ നടന്ന അത്യാചാരങ്ങളുടെ ചരിത്രം ഭീകരമാണ്. രാഷ്ട്രത്തെ കാത്തുസൂക്ഷിക്കാന്‍ നിരവധി ധീരസൈനികരുടേതിനു പുറമേ അനേകായിരം സാധാരണക്കാരുടെയും ചോര ഇവിടെ വീണിട്ടുണ്ട്. അവരെയൊന്നും ഓര്‍ക്കാതെ ഭാരതത്തിന് മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര്യഭാരതത്തില്‍ ആദ്യം നടന്ന ജനകീയ സമരം കശ്മീരിന്റെ അസ്മിത ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടിയായിരുന്നു. ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയും പണ്ഡിറ്റ് പ്രേംകുമാര്‍ ദോഗ്രയുമൊക്കെ ജീവന്‍ നല്‍കിയ സമരം. ഒരു രാജ്യത്തില്‍ രണ്ട് പതാകയും രണ്ട് പ്രധാനമന്ത്രിയും വേണ്ട എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ ആ സമരം രാഷ്ട്ര ഏകതയ്ക്കു വേണ്ടിയായിരുന്നു. പുതിയ തലമുറ കശ്മീരിനെ അറിയണം. രാജ്യത്തെ സര്‍വ്വോത്കൃഷ്ടമാക്കിത്തീര്‍ക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളികളായ കശ്മീരിലെ വീരബലിദാനികള്‍ക്ക് അര്‍ത്ഥപൂര്‍ണമായ ശ്രദ്ധാഞ്ജലി അര്‍പ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ജമ്മു കശ്മീര്‍ പിപ്പിള്‍സ് ഫോറം അധ്യക്ഷന്‍ രമേശ് ചന്ദ്ര സബര്‍വാള്‍ അധ്യക്ഷത വഹിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മുഖ്യാതിഥിയായി. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്, റിട്ട. ജസ്റ്റിസ് പ്രമോദ് കോലി, ലഫ്റ്റനന്റ് ജനറല്‍ വീരേന്ദ്രകുമാര്‍ ചതുര്‍വേദി, മുന്‍ ഡിജിപി അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.