ചൈനയെ ചങ്കോടു ചേര്‍ത്തുനിര്‍ത്തിയ നമ്മുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്കയെയും നേപ്പാളിനെയും പാകിസ്ഥാനെയുമെല്ലാം സാമ്പത്തികഞെരുക്കമെന്ന മഹാവിപത്ത് വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ രാജപക്‌സേ സര്‍ക്കാരിനെതിരായ ജനകീയപ്രക്ഷോഭം അക്രമാസക്തമായി മുന്നേറി അവിടത്തെ സര്‍ക്കാരിനെത്തന്നെ അട്ടിമറിച്ചിട്ടത് നമ്മള്‍ കണ്ടു. വരുംവരായ്കകളെക്കുറിച്ച് ആരായാതെ, പ്രസിഡന്റ് ഗോതബായയും മഹിന്ദയും ബേസിലും അടക്കമുള്ള രാജപക്‌സേ കുടുംബം നിയന്ത്രിച്ചിരുന്ന ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രദര്‍ശിപ്പിച്ച കെടുകാര്യസ്ഥതയാണ് നാടിന്റെ സാമ്പത്തികാവസ്ഥയെ ഇത്തരത്തില്‍ കുട്ടിച്ചോറാക്കിയതെന്നും അതുകൊണ്ടുതന്നെ ഭരണം അവസാനിപ്പിച്ച്, തിരഞ്ഞെടുപ്പിലൂടെ നാടിനെ നേര്‍വഴിക്കു നയിക്കാന്‍ കാര്യശേഷിയുള്ള മറ്റാരെയെങ്കിലും തിരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ആ നാട്ടിലെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്. തെരുവിലിറങ്ങിയ ജനാവലിയെ പോലീസിന്റെയും പട്ടാളത്തിന്റെയും അകമ്പടിയോടെ ഒട്ടും ദയാദാക്ഷിണ്യമില്ലാതെ മഹിന്ദ രാജപക്‌സേയുടെ സര്‍ക്കാര്‍ ‘കൈകാര്യം’ ചെയ്തു. പ്രക്ഷോഭകാരികളോട് മഹിന്ദ പുലര്‍ത്തുന്ന നിഷ്ഠൂരത, പ്രഭാകരന്‍ എന്ന എല്‍.ടി.ടി.ഇ നേതാവിന്റെ പിഞ്ചുമകന്റെ നെഞ്ചിന്‍കൂടു തകര്‍ത്തു പാഞ്ഞ വെടിയുണ്ടകള്‍ മുമ്പുതന്നെ അടയാളപ്പെടുത്തിയതാണല്ലൊ! അന്ന് സിംഹളന്മാര്‍ തങ്ങളുടെ ഹീറോ ആയി നെഞ്ചിലേറ്റിയ അതേ രാജപക്‌സേയെ കഴിവുകെട്ടവന്‍ എന്നു മുദ്ര കുത്തി അധികാരനിഷ്‌ക്കാസനം ചെയ്യാന്‍ സിംഹളന്മാര്‍തന്നെ തെരുവിലിറങ്ങിയത് ഒരുപക്ഷേ, കാലം കാത്തു വച്ച കാവ്യനീതിയാവാം.
എല്ലാ തൊഴിലാളിസംഘടനകളും ലങ്കയിലെ അക്രമാസക്തരായ സമരക്കാര്‍ക്കൊപ്പം പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിലയുറപ്പിച്ചിരുന്നു. റെയില്‍വേ യൂണിയനുകള്‍ പണിമുടക്കുന്നതുകാരണം ട്രെയിനുകളൊന്നും ഓടിയിരുന്നില്ല. മരുന്ന് ഇറക്കുമതി ചെയ്യാന്‍ പണമില്ലാത്തതിനാല്‍ ആശുപത്രികള്‍ മിക്കതും പൂട്ടിക്കിടന്നു. രാജ്യാന്തരനാണ്യനിധിയില്‍ നിന്ന് പണം കടമെടുക്കുവാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍ ആ രാജ്യത്തിന്റെ ഭരണസാരഥികള്‍. അതുകിട്ടുന്നതുവരെ സംഗതികള്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ അവര്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കതകിനു മുട്ടിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യധാന്യങ്ങളും ഇന്ധനവും സാമ്പത്തികസഹായവും യഥേഷ്ടം നല്കിക്കൊണ്ട് ഭാരതം ഈ വൈതരണിയില്‍, ശ്രീലങ്കയ്‌ക്കൊപ്പം നില്ക്കുന്നുണ്ട്.
കയ്യില്‍ ശ്രീലങ്കന്‍പതാകയുമേന്തി, ‘രാജ്യമൊന്നാകെ കൊളംബോയിലേക്ക്’ എന്ന മുദ്രാവാക്യവും മുഴക്കിക്കൊണ്ട് ശ്രീലങ്കയുടെ ഗ്രാമന്തരങ്ങളില്‍ നിന്നുപോലും തലസ്ഥാനത്തേക്കൊഴുകിയെത്തിയ ബഹുജനപ്രക്ഷോഭത്തിന് വഴങ്ങി ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സേയ്ക്ക് രാജിവെച്ചൊഴിയേണ്ടി വന്നു. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ അക്രമമഴിച്ചു വിട്ട കുറ്റത്തിന് തീര്‍പ്പുണ്ടാവുന്നതുവരെ രാജ്യം വിടരുതെന്ന് മന്ത്രിമാരെ കോടതി വിലക്കി. സുപ്രീം കോടതിയില്‍ തങ്ങള്‍ക്കെതിരെ നിലനില്ക്കുന്ന പരാതികളില്‍ വാദം കേള്‍ക്കുന്നതുവരെ രാജ്യം വിടില്ലെന്ന് മഹീന്ദ രാജപക്‌സേയും മുന്‍ ധനമന്ത്രി ബേസില്‍ രാജപക്‌സേയും കോടതിക്കുറപ്പു നല്കി. പക്ഷേ, പിന്നീട് മനം മാറിയ ബേസില്‍, കൊളംബോ വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചു വഴി ദുബായിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എയര്‍പ്പോര്‍ട്ടിലുണ്ടായിരുന്ന ജനങ്ങള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞ് അധികൃതരെ വിവരം ധരിപ്പിച്ചതു കാരണം എയര്‍പ്പോര്‍ട്ടിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്മാര്‍ ഇടപെട്ട് പ്രസ്തുത പരിശ്രമം പരാജയപ്പെടുത്തുകയാണുണ്ടായത്.
പൊറുതിമുട്ടിയ ജനങ്ങള്‍ കൊട്ടാരം വളഞ്ഞതിനെത്തുടര്‍ന്ന് നേരെ മാലദ്വീപിലേക്കും അവിടെനിന്ന് സിങ്കപ്പൂരിലേക്കും പ്രസിഡന്റ് ഗോതബായ രാജപക്‌സേ, ഭാര്യക്കും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ജീവനുംകൊണ്ടോടി. പ്രധാനമന്ത്രി റെനില്‍ വിക്രമസിങ്കെയെ ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം സിങ്കപ്പൂരിലേക്ക് പലായനം ചെയ്തത്. (മഹിന്ദ രാജപക്‌സേയുടെ പലായനത്തിനു ശേഷം, പ്രസിഡന്റ് ഗോതബായ രാജപക്‌സേയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് തെരുവു ഭരിക്കുന്ന സാധാണക്കാര്‍ക്ക് പിന്തുണയുമായി പ്രധാനമന്ത്രിക്കസേരയില്‍ അവരോധിതനായ ആളാണ് റനില്‍ വിക്രമസിംഗെ എന്നോര്‍ക്കണം. രാഷ്ട്രീയനഭസ്സില്‍ പരക്കുന്ന അമാവാസിയും പൗര്‍ണ്ണമിയും അല്ലെങ്കിലും പ്രവചനാതീതമാണല്ലൊ).
ഇതറിഞ്ഞ ജനങ്ങള്‍, പ്രസിഡന്റിന്റെ പുതിയ തന്ത്രത്തില്‍ രോഷാകുലരായി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി കയ്യാങ്കളി നടത്തി. പ്രസിഡന്റ് ഗോതബായ രാജപക്‌സേയും ഇടക്കാല പ്രസിഡന്റ് റെനില്‍ വിക്രമസിങ്കെയും രാജിവെക്കണമെന്ന് അവര്‍ രൂക്ഷമായ ഭാഷയില്‍ത്തന്നെ അധികൃതരോട് ആവശ്യപ്പെട്ടു. കലാപം ഭയന്ന് റെനില്‍ വിക്രമസിങ്കെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിരത്തുകളില്‍ ഏതവസ്ഥയും നേരിടാന്‍ തയ്യാറായി സൈനികവാഹനങ്ങള്‍ റോന്തു ചുറ്റി. സിങ്കപ്പൂരില്‍ സുരക്ഷിതനായെത്തിയ ഗോതബായ, ജനങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി, സ്പീക്കര്‍ക്ക് ഇമെയില്‍ വഴി തന്റെ രാജിക്കത്ത് സമര്‍പ്പിച്ചു. റെനില്‍ വിക്രമസിങ്കെയും അതിനെത്തുടര്‍ന്ന് ട്വിറ്ററിലൂടെ രാജി പ്രഖ്യാപിക്കുകയാണുണ്ടായത്. പക്ഷേ, ഈ മാസം 20-ന് നടന്ന തിരഞ്ഞെടുപ്പില്‍ റെനില്‍ വിക്രമസിങ്കെ 134 വോട്ടുകള്‍ നേടി വന്‍ ഭൂരിപക്ഷത്തോടെ രാഷ്ട്രപതിക്കസേരയില്‍ അഭിഷിക്തനാവുന്നതാണ് ലോകം കണ്ടത്. ഏതായാലും പ്രസിഡന്റ് പദത്തിലെത്തിയിരിക്കുന്നത്, ഇന്ത്യയുടെ ഉറ്റ ബന്ധുവാണെന്ന് തന്റെ പൂര്‍വ്വകാല നിലപാടുകളിലൂടെ തെളിയിച്ച ഒരു മഹാമനുഷ്യനാണ് എന്നുള്ളത് തീര്‍ച്ചയായും ഭാരതത്തിന് അഭിമാനകരംതന്നെയാണ്.
അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് സര്‍വ്വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷം തയ്യാറാവണമെന്ന് റെനില്‍ വിക്രമസിങ്കേ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അന്താരാഷ്ട്രനാണയനിധിയുമായുള്ള ചര്‍ച്ചകളും തിരക്കുപിടിച്ചുതന്നെ നടക്കുന്നുണ്ട്.
വിദേശനാണ്യശേഖരം കൈകാര്യം ചെയ്യുന്നതിലുള്ള പിടിപ്പുകേടു നിമിത്തം ദൈനംദിനാവശ്യത്തിനുള്ള അവശ്യസാധനങ്ങള്‍ക്കുപോലും തീവില കൊടുക്കേണ്ടി വരുന്ന ദുരവസ്ഥയിലേക്ക് സാധാരണക്കാര്‍ തള്ളപ്പെട്ടതിന്റെ പ്രതിഫലനമാണ് ശ്രീലങ്കയില്‍ അരങ്ങേറിയ അക്രമാസക്തമായ പ്രകടനങ്ങള്‍ക്കെല്ലാം കാരണമായത്. ദേശീയവരുമാനത്തിന്റെ സിംഹഭാഗവും വാങ്ങിയ കടത്തിന്റെ പലിശയും മുതലുമായി ചൈന കൊണ്ടുപോവുമ്പോള്‍ ദീര്‍ഘദര്‍ശനക്കുറവുകൊണ്ടുണ്ടായ പിഴവു നികത്താന്‍ മുണ്ടു മുറുക്കിയുടുക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന ശോച്യാവസ്ഥയിലേക്ക് ശ്രീലങ്ക തള്ളപ്പെട്ടതിനുള്ള ജനങ്ങളുടെ പ്രതികരണം!. ടൂറിസത്തെയും അല്പസ്വല്പം കാര്‍ഷികവിഭവങ്ങളുടെ കയറ്റുമതിയെയും മാത്രം ആശ്രയിച്ച് ‘വയറു കഴുകി’യിരുന്ന ലങ്കയ്ക്ക് കോവിഡെന്ന മഹാമാരി ഏല്പിച്ച പ്രഹരംതന്നെ താങ്ങാവുന്നതിലും അധികമായിരുന്നു. ആ പ്രതിസന്ധിയെ മറികടക്കാനാണ് ചൈനയില്‍നിന്ന് ഇടംവലം നോക്കാതെ ആ നാട് പണം കടം വാങ്ങിയത്. വികസനത്തിന്റെ പേരില്‍ അതിനുമുമ്പു വാങ്ങിയ കടങ്ങള്‍ വേറെയും! കിട്ടിയ അവസരം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ചൈന ശ്രീലങ്കയ്ക്കു ചുറ്റും ഗൂഢോദ്ദേശ്യങ്ങളുടെ അദൃശ്യമായ സാമ്പത്തിക കിനാവള്ളികള്‍ പാകിയിട്ടു. മറ്റു വൈദേശിക സാമ്പത്തികസ്രോതസ്സുകളില്‍നിന്ന് വാങ്ങിക്കൂട്ടിയിരുന്ന ഋണഭാരത്തോടൊപ്പം ഇതുകൂടിയായപ്പോള്‍ ശ്രീലങ്കയുടെ ചുമലിലെ ഭാരം താങ്ങാവുന്നതിലും അധികമായി.
മണ്ണെണ്ണ, ഡീസല്‍, പെട്രോള്‍, പാചകവാതകം തുടങ്ങിയ ഇന്ധനങ്ങളുടെ അലഭ്യതകൊണ്ട് 12 മണിക്കൂറിലധികം പവര്‍ കട്ട്, ഭക്ഷ്യസാധനങ്ങള്‍ക്ക് ഇന്നുവരെ നാടു കണ്ടിട്ടില്ലാത്ത തീവില, രോഗശാന്തിക്കുള്ള മരുന്നുപോലും കിട്ടാക്കനിയാവുന്ന ദൈന്യത, ഉപ്പുപോലും ഇറക്കുമതി ചെയ്യേണ്ടിവരുന്ന ദുരവസ്ഥ എന്നിവകൊണ്ട് പൊറുതിമുട്ടിയതു കാരണമാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സേയുടെ വസതിക്കുമുമ്പില്‍ തടിച്ചുകൂടിക്കൊണ്ട് ആ രാജ്യത്തെ ജനങ്ങള്‍ പ്രതിഷേധപ്രകടനം നടത്തി നിലവിലുള്ള സര്‍ക്കാരിനോട് രാജിവെച്ചൊഴിയാന്‍ ആവശ്യമുന്നയിച്ചത്. ചൈനയെ കണ്ണുമടച്ച് വിശ്വസിച്ചതിന്റെ ഇരുട്ടടിയേറ്റ് ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ശ്രീലങ്ക നട്ടം തിരിഞ്ഞു.
690 കോടി ഡോളര്‍ വിദേശക്കടം തിരിച്ചടയ്ക്കാന്‍ ബാധ്യതയുള്ള ലങ്കയുടെ പക്കല്‍ വെറും 200 കോടി ഡോളറിന്റെ വിദേശനാണ്യശേഖരമാണ് നിലവിലുള്ളത്. ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ധനക്ഷാമം തരണം ചെയ്യാന്‍തന്നെ ചുരുങ്ങിയത് ഇരുനൂറുകോടിയോളം ഡോളര്‍ ആവശ്യം വരും. തത്സമയം കയ്യിലുള്ള വിദേശനാണ്യശേഖരം ഉപയോഗപ്പെടുത്തിയാല്‍ ബാക്കിയാവശ്യങ്ങള്‍ക്ക് എന്തു ചെയ്യുമെന്ന ചോദ്യവും ശ്രീലങ്കയെ നന്നേ കുഴക്കുന്നുണ്ട്. കടം കഴുത്തുഞെരിക്കുന്ന ഈ അപകടസന്ധിയില്‍ വീണ്ടും കടം വാങ്ങി രാജ്യത്തെ തീരാബാധ്യതയുടെ കാണാക്കയങ്ങളിലേക്ക് തള്ളിവിടുക എന്ന മഹാവിപത്തിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ് ആ രാജ്യം ഇപ്പോള്‍. സൗഹൃദം നടിച്ച് അടുത്ത ബന്ധുവിനെപ്പോലെ കൂടെയുണ്ടായിരുന്ന ചൈന ശ്രീലങ്കയുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ് ബാന്ധവമുപേക്ഷിച്ചിരിക്കുന്നു!
എന്നാല്‍, ഈ വൈതരണി കടക്കുന്നതുവരെ ഭാരതം ശ്രീലങ്കയുടെ കൂടെയുണ്ടാവുമെന്ന് ലോകത്തോട് തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ പ്രശ്‌നത്തില്‍ ഭാരതം ഇടപെടണമെന്ന് തമിഴ്‌നാട്ടിലെ ലോകസഭാംഗങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് വിദേശകാര്യമന്ത്രി ജയശങ്കറിന്റെയും മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി.മുരളീധരന്‍, പുരുഷോത്തം രൂപാലേ എന്നിവരുടെയും മേല്‍നോട്ടത്തില്‍ സര്‍വ്വകക്ഷിയോഗം സംഘടിപ്പിച്ചിരുന്നു. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കോവിഡ് രോഗബാധിതയായതിനാല്‍ കേന്ദ്രധനമന്ത്രാലയം സെക്രട്ടറിയാണ് അവര്‍ക്കുവേണ്ടി യോഗത്തില്‍ പങ്കെടുത്തത്.
ദ്വീപിലെ അരക്ഷിതാവസ്ഥയെത്തുടര്‍ന്ന് ഭാരതത്തിലേക്കുള്ള അഭയാര്‍ത്ഥിപ്രവാഹം വര്‍ദ്ധമാനാവസ്ഥയില്‍ത്തന്നെയാണ് തുടരുന്നത്. ആ നാട്ടില്‍നിന്ന് ഭാരതത്തിലേക്കുള്ള അഭയാര്‍ത്ഥിപ്രവാഹത്തോട് ചിലരെങ്കിലും മനസ്സിലും വചസ്സിലും അമര്‍ഷം പുലര്‍ത്തുന്നുണ്ട് എന്നുള്ളതാണ് വാസ്തവം. തമിഴരൊഴിച്ച് ബാക്കിയുള്ള സിംഹളരൊന്നും ഭാരതീയരല്ലെന്നും അവരെ സഹായിക്കാനുള്ള ബാധ്യതയൊന്നും ഭാരതത്തിനില്ലെന്നുമുള്ള പ്രസ്താവനകള്‍ നമ്മുടെ നാട്ടിലെ ചില രാഷ്ട്രീയകോണുകളില്‍നിന്നെങ്കിലും ഉയര്‍ന്നു വരുന്നുമുണ്ട്. 32500 വര്‍ഷങ്ങള്‍ക്കുമുമ്പ്, ലെമൂറിയ ഭൂഖണ്ഡത്തില്‍നിന്ന് മാറ്റപ്പെട്ട് ശ്രീലങ്കയില്‍ ജീവിച്ചുവരുന്ന പൂര്‍വ്വികരായ തമിഴ്‌വംശജര്‍, 1619 വരെ ചോള-പാണ്ഡ്യരാജാക്കന്മാരുടെ പ്രജകളായി ജീവിച്ചിരുന്ന തമിഴരുടെ പിന്മുറക്കാര്‍, 18-ാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ തോട്ടംജോലിക്കുവേണ്ടി എത്തിയവര്‍ എന്നിങ്ങനെയുള്ള മൂന്നു തലങ്ങള്‍ ശ്രീലങ്കയിലുള്ള തമിഴരുടെ യഥാര്‍ത്ഥ പരിച്ഛേദം നമുക്കു കാട്ടിത്തരുന്നു. ഇതില്‍ ആദ്യത്തെ രണ്ടു തലങ്ങള്‍ സൗകര്യപൂര്‍വ്വം തമസ്‌ക്കരിച്ചുകൊണ്ട്, മൂന്നാമത്തെ വിഭാഗത്തെ ചൂണ്ടിക്കൊണ്ടാണ് തമിഴന്മാര്‍ കുടിയേറ്റക്കാരാണെന്നു ആരോപിച്ചുകൊണ്ട് ചൈനയോടു ചായ്‌വുള്ള മഹീന്ദ രാജപക്‌സേയുടെ ആജ്ഞാനുവര്‍ത്തികളായ സിംഹളസേന 2009-ല്‍ നരഹത്യ നടത്തിയത്. ആ കടുത്ത അനീതിക്കുള്ള കൊടുംശിക്ഷയാണ് ഇപ്പോള്‍ കാലം രാജപക്‌സേക്ക് കല്പിച്ചരുളിയിരിക്കുന്നത്.
രാജപക്‌സേയുടെ കാലംതൊട്ടു മാത്രം തുടങ്ങിയതല്ല ഈ കൊലവിളികള്‍. 1948-ല്‍ സിലോണ്‍ സ്വാതന്ത്ര്യം നേടുമ്പോള്‍ത്തന്നെ സിംഹളര്‍ക്കും തമിഴര്‍ക്കും ഇടയിലുള്ള സ്പര്‍ദ്ധ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരുന്നു. സ്വാതന്ത്ര്യലബ്ധിക്കാലത്ത് ഭാരതത്തില്‍ ഹിന്ദുവിനെയും മുസല്‍മാനെയും തമ്മിലടിപ്പിച്ച് നിതാന്തശത്രുക്കളാക്കിമാറ്റിയ അതേ തന്ത്രംതന്നെയാണ് ഇംഗ്ലീഷുകാര്‍ അവിടെയും പ്രയോഗിച്ചത്. സ്വാതന്ത്ര്യലബ്ധിക്കാലത്ത്, സിലോണില്‍ ഉന്നത തസ്തികകളിലെല്ലാം തമിഴന്മാരായിരുന്നു ഉണ്ടായിരുന്നത്. ഈ കാരണം ചൊല്ലിക്കൊണ്ടാണ് 1948-ല്‍ തമിഴര്‍ക്കെതിരെയുള്ള ആദ്യത്തെ ആക്രമണം അഴിച്ചുവിടപ്പെട്ടത്.
ഇതിനെത്തുടര്‍ന്ന് 1948-ല്‍ ഡി. എസ് സേനാനായകേ കൊണ്ടുവന്ന ‘സിലോണ്‍ സിറ്റിസണ്‍ഷിപ്പ് ആക്ട്’ പ്രകാരം സിംഹളരല്ലാത്ത ഇന്ത്യന്‍ വംശജര്‍ക്ക് പൗരത്വം നിഷേധിക്കപ്പെട്ടു. 1956-ല്‍ സിംഹളം ഔദ്യോഗികഭാഷയായി മാറ്റപ്പെട്ടതോടെ സിലോണിന്റെ മണ്ണില്‍ തമിഴര്‍ രണ്ടാംതരം പൗരന്മാരാവുകയായിരുന്നു. ജെ.വി. ശെല്‍വനായകത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഫെഡറല്‍ പാര്‍ട്ടിയുടെ എം.പിമാര്‍ ഇതില്‍ പ്രതിഷേധിച്ച് സത്യഗ്രഹമിരുന്നെങ്കിലും സംഘടിതരായ ഒരുപറ്റം ആളുകളുടെ സായുധാക്രമണം ചെറുത്തുനില്ക്കാനാവാതെ അവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു. തുടര്‍ന്നുണ്ടായ ആക്രമണങ്ങളില്‍ നിരവധി തമിഴര്‍ കൊല്ലപ്പെട്ടു. അനവധിപേര്‍ വീടും കുടിയും നഷ്ടപ്പെട്ട് നിരാലംബരായി.
സിലോണിന്റെ വടക്കുകിഴക്കന്‍ പ്രവിശ്യകളില്‍ ഒരു കോളനിപോലെ താമസിച്ചിരുന്ന തമിഴരെ ഛിന്നഭിന്നമാക്കാന്‍ ഇതിനിടെ സിംഹളഗവണ്മെന്റ് മറ്റൊരു തന്ത്രവും പ്രയോഗിച്ചു. തമിഴന്മാരുടെ വീടുകള്‍ക്കിടയില്‍ മതച്ചൊരുക്കും ഭാഷാഭ്രാന്തുമുള്ള സിംഹളരെ താമസിപ്പിച്ച് തമിഴരുടെ കൂട്ടായ്മയുടെ ശക്തിയെ ദുര്‍ബലപ്പെടുത്തി. 1972-ല്‍ തങ്ങളനുഭവിച്ചുവന്ന ന്യൂനപക്ഷസംവരണാവകാശംകൂടി പിന്‍വലിക്കപ്പെട്ടതോടെ സിലോണിന്റെ മണ്ണില്‍ തമിഴ്ജനത നിരാലംബരായ ഒരുകൂട്ടം കുടിയേറ്റക്കാരായി തരംതാഴ്ത്തപ്പെട്ടു. 1973-ല്‍ അവര്‍ക്ക് വിദ്യാഭ്യാസരംഗത്തുണ്ടായിരുന്ന സംവരണംകൂടി റദ്ദാക്കപ്പെട്ടതോടെ തമിഴരുടെ അരക്ഷിതാവസ്ഥ പരിപൂര്‍ണ്ണമായി.
തുടര്‍ച്ചയായുണ്ടായ ഈദൃശങ്ങളായ നടപടികളില്‍ മനംനൊന്ത് ഫെഡറല്‍ പാര്‍ട്ടി, മറ്റു പ്രാദേശികപാര്‍ട്ടികളുമായി കൈകോര്‍ത്തുകൊണ്ട് ‘തമിള്‍ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട്’ ((TULF) ) രൂപീകരിച്ചു. അതിനെത്തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പില്‍ തമിഴ് എംപിമാരുടെ അംഗസംഖ്യ ഗണ്യമായി ഉയര്‍ന്നു.
1193-ല്‍, ബക്തിയാര്‍ ഖില്‍ജി നളന്ദാ സര്‍വ്വകലാശാല നിലംപരിശാക്കി അവിടത്തെ ഗ്രന്ഥശാല തീവെച്ചു നശിപ്പിച്ചതുപോലെ 1981-ല്‍ സിംഹളര്‍, തെക്കേ ഏഷ്യയിലെതന്നെ ഏറ്റവും വലിയ ലൈബ്രറിയായിരുന്ന ജാഫ്‌നാ ലൈബ്രറി തീവെച്ചുനശിപ്പിച്ചു. 97000 പുസ്തകങ്ങളുള്ള ഒരു വന്‍ഗ്രന്ഥശേഖരമായിരുന്നു അത് എന്നോര്‍ക്കണം. ലങ്കയുടെ മണ്ണില്‍ ചിരകാലം വാണിരുന്ന തമിഴരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ധാരാളം പുസ്തകങ്ങള്‍ അതിലുണ്ട് എന്നുള്ളതായിരുന്നു ആ ലൈബ്രറി അഗ്നിക്കിരയാക്കാനുണ്ടായ കാരണം. അതിന്റെ ആഘാതം താങ്ങാനാവാതെ ആ ലൈബ്രറിയുടെ സ്ഥാപകരിലൊരാളും വിശ്രുതപണ്ഡിതനുമായിരുന്ന റെവറന്റ് ഡേവിഡ് ഹൃദയംപൊട്ടി മരിച്ചു. അതോടെയാണ് സിലോണില്‍ എല്‍.ടി.ടി.ഇ ഉത്ഭവിക്കുന്നതും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നതും.
13 സിംഹളനേതാക്കളെ കൊന്നുകൊണ്ട് അവര്‍ അരിശംതീര്‍ത്തുവെങ്കിലും ഭയങ്കരമായിരുന്നു അതിന്റെ പ്രത്യാഘാതം. ഒറ്റ രാത്രികൊണ്ട് മൂവായിരം തമിഴരാണ് അന്ന് കൊല്ലപ്പെട്ടത്. ഒരു ലക്ഷത്തി എണ്‍പതിനായിരം പേര്‍ അഭയാര്‍ത്ഥികളായി മറ്റുരാജ്യങ്ങളിലേക്ക് പലായനം ചെയ്തു. പകല്‍ക്കൊള്ളകളും ബലാത്സംഗങ്ങളും നിത്യസംഭവങ്ങളായി. തടവുകാരായി പിടിക്കപ്പെട്ട തമിഴന്മാരായ, 53 രാഷ്ട്രീയ തടവുകാരെ ജയിലധികൃതരും സിംഹളരായ തടവുകാരും ചേര്‍ന്ന് അടിച്ചുകൊന്നു. അതോടെ, കൊല്ലും കൊലയും ഒരു സാമൂഹ്യരീതിയായി അംഗീകരിക്കപ്പെട്ടതുപോലെയുള്ള അന്തരീക്ഷം ലങ്കയുടെ മണ്ണില്‍ പ്രത്യക്ഷമായി. 1989വരെ ഒരു ഏകാധിപതിയെപ്പോലെ ജയവര്‍ദ്ധനെ തന്റെ ഭരണം തുടര്‍ന്നു. സഹികെട്ട്, ഭാരതമയച്ച ദൂതവൃന്ദത്തിനുനേരെയുണ്ടായ ശ്രീലങ്കന്‍ നേവിയുടെ ആക്രമണത്തെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് തടഞ്ഞു. തുടര്‍ന്ന്, ഇന്ത്യന്‍ സമാധാനസേന (ഐ.പി.കെ. എഫ്) ഉണ്ടായതും രാജീവ്ഗാന്ധിക്ക് ജീവന്‍വെടിയേണ്ടി വന്നതും വി.പി സിങ്ങ് ഇന്ത്യന്‍ സമാധാനസേനയെ പിന്‍വലിച്ചതുമെല്ലാം ചരിത്രത്തിന്റെ സുവിദിതമായ ഭാഗങ്ങളാണല്ലോ. ഈ കാലഘട്ടത്തില്‍, തമിഴര്‍ക്കെതിരെ സിംഹളര്‍ അഴിച്ചുവിട്ട അരുംകൊലകൊണ്ട് മൂന്നുലക്ഷം തമിഴ് സഹോദരങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടു എന്നാണ് ഔദ്യോഗികമായ കണക്ക്. യാഥാര്‍ത്ഥ്യം സ്വാഭാവികമായും ഈ കണക്കില്‍നിന്ന് ബഹുദൂരത്താവുമെന്നുള്ളതാണ് വാസ്തവം.
ചരിത്രപരമായി 3500 മുതല്‍ 4000 വരെ വര്‍ഷങ്ങളുടെ പിന്‍ബലമുള്ള സിലോണ്‍തമിഴരെ കുടിയേറ്റക്കാരാണെന്ന് 2500 വര്‍ഷത്തിന്റെ മാത്രം ചരിത്രമുള്ള സിംഹളര്‍ പറയുമ്പോള്‍ ചരിത്രമറിയാനും ന്യായാന്യായമന്വേഷിച്ചിടപെടാനും ഉത്തരവാദിത്വമുള്ളവര്‍ മൗനം നടിച്ചിരിക്കുകയാണ് ചെയ്തത്. 32500 വര്‍ഷങ്ങളുടെ പൂര്‍വ്വികത അവകാശപ്പെടാവുന്നവര്‍തൊട്ട് 200 വര്‍ഷംമുമ്പ് തോട്ടപ്പണിക്കുപോയവര്‍ വരെയുള്ള തമിഴരുടെ പിന്‍മുറക്കാര്‍ വരെ, പിന്നീട് കുടിയേറിയ സിംഹളനെ (ഒറീസക്കാരനെ) ഭയന്ന് ജീവിക്കേണ്ട വൈചിത്ര്യത്തിനെതിരെയുള്ള പൊട്ടിത്തെറികളായിരുന്നു എല്‍.ടി.ടി.ഇയുടെ ഒളിയാക്രമണങ്ങള്‍. നരകത്തിന്റെ നേര്‍ക്കാഴ്ചകളാണ് യുദ്ധവേളയില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന തമിഴര്‍ക്കെതിരെ സിംഹളപ്പട്ടാളം അക്കാലത്ത് അഴിച്ചുവിട്ടത്. ഉറ്റവരും ഉടയവരും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട്, എപ്പോള്‍വേണമെങ്കിലും കടന്നുവന്നേക്കാവുന്ന മരണത്തിനു ഭയന്നുകൊണ്ട്, കുഞ്ഞുങ്ങളെയും ഇറുക്കിപ്പിടിച്ചുകൊണ്ട് പലായനം ചെയ്യേണ്ടി വന്ന ഈ ഹതഭാഗ്യരുടെ അവസ്ഥ ഒന്നു സങ്കല്പിച്ചുനോക്കൂ. രണ്ടുലക്ഷംപേരാണ് വാവുനിയയിലെ അഭയാര്‍ത്ഥിക്യാമ്പില്‍ പട്ടിണിയും പരിവട്ടവുമായി അന്ന് കഴിയേണ്ടി വന്നത്. തങ്ങള്‍ക്കുവേണ്ടി രക്ഷാശബ്ദമുയര്‍ത്തിക്കൊണ്ട് ആരും വരില്ലെന്ന് ബോധ്യമുള്ള നിരാലംബരായിരുന്നുവല്ലൊ അവര്‍! രൂപംകൊണ്ട് ‘ഇന്ത്യയുടെ കണ്ണുനീര്‍ത്തുള്ളി’യെന്ന് ശ്രീലങ്കയ്ക്ക് പാശ്ചാത്യര്‍ കല്പിച്ചരുളിയ വിശേഷണം എല്ലാംകൊണ്ടും അന്വര്‍ത്ഥമാവുന്നതാണ് അക്കാലത്ത് ലോകം കണ്ടത്.
സിംഹളരുടെയും തമിഴരുടെയും വേരുകള്‍ ഇന്ത്യയിലാെണന്നിരിക്കെ നിര്‍മ്മാണാത്മകമായ ഒരു പോംവഴി കണ്ടെത്താനുള്ള ബാധ്യത തീര്‍ച്ചയായും ഭാരതത്തിനുണ്ടായിരുന്നു. സാരഗര്‍ഭമായ ഏതോ വാചാലമൗനം സോണിയാഗാന്ധി അമരം കാത്ത അന്നത്തെ ഭാരതസര്‍ക്കാരിനെ അതില്‍നിന്ന് തടയുകയാണുണ്ടായത്. ഭാരതം പരോക്ഷമായി തമിഴരെ അടിച്ചമര്‍ത്താന്‍ ശ്രീലങ്കക്ക് ഒത്താശചെയ്യുന്നുണ്ടെന്ന ആരോപണങ്ങളും അന്നുയര്‍ന്നുവന്നിരുന്നു. തമിഴ്‌നാട്ടിലെ നേതാക്കന്മാരാകട്ടെ, ഈ അവസ്ഥയില്‍നിന്ന് പരമാവധി രാഷ്ട്രീയനേട്ടം കൊയ്‌തെടുക്കാനുള്ള തത്രപ്പാടില്‍ വ്യാപൃതരായി. ‘തമിഴിനത്തലൈവര്‍’ എന്നു പോറ്റപ്പെട്ട കരുണാനിധിയുടെ മകള്‍ കനിമൊഴിയെയും തമിഴിനെയും ദളിതനെയും ന്യൂനപക്ഷത്തെയും ‘ഉയിര്‍മൂച്ചായി മതിക്കു’ന്ന തിരുമാവളവനെയുംപോലെയുള്ള രാഷ്ട്രീയവ്യാപാരികള്‍ അന്ന് മഹീന്ദ രാജപക്‌സേയെ സന്ദര്‍ശിച്ചതും അദ്ദേഹം കൊടുത്ത പാരിതോഷികങ്ങള്‍ അത്യാഹ്ലാദത്തോടെ സ്വീകരിക്കാന്‍ മത്സരിച്ചതും മാധ്യമങ്ങളിലെ അന്നത്തെ ചുടുള്ള വാര്‍ത്തയായിരുന്നു.
‘വിടുതലൈപ്പുലികളുടെ പതനത്തിനുശേഷം, എല്ലാ ശ്രീലങ്കന്‍ പൗരന്മാര്‍ക്കും തുല്യാവകാശമാണുണ്ടാവുക’ എന്ന് രാജപക്‌സേ ഇവര്‍ക്കു കൊടുത്ത വാഗ്ദാനം പിന്നീട് കാറ്റില്‍ പറക്കുന്നതാണ് ലോകം കണ്ടത്. അത് ശ്രീലങ്കന്‍ ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനോ അവിടെ മൂന്നാംതരം പൗരന്മാരെപ്പോലെ കഴിയുന്ന നമ്മുടെ തമിഴ്‌സഹോദരന്മാര്‍ക്ക് കുളിരുപെയ്യുന്ന തണലായെത്താനോ അന്നത്തെ ഭാരതസര്‍ക്കാരും മേല്പറഞ്ഞ രാഷ്ട്രീയവ്യാപാരികളും യാതൊരുവിധ നീക്കങ്ങളും നടത്തിയില്ലെന്നുള്ളതാണ് ഖേദകരമായ സത്യം. ജയവര്‍ദ്ധനെയുമായുണ്ടാക്കിയ കരാറുപ്രകാരം ലങ്കയുടെ വടക്കുകിഴക്കന്‍പ്രദേശങ്ങള്‍ ഏകോപിപ്പിച്ച് തമിഴ് പ്രാതിനിധ്യം ഉറപ്പുവരുത്താമെന്ന് അതിനുമുമ്പുതന്നെ തീരുമാനമായതാണ്. പക്ഷേ, പിന്നീടുരുത്തിരിഞ്ഞ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ അതു പ്രായോഗികമാക്കാനുള്ള സാധ്യതകള്‍ വിദൂരമാക്കുകയാണ് ചെയ്തത്.
പിന്നീട്, അമേരിക്ക മനുഷ്യാവകാശത്തിന്റെ മറവില്‍നിന്നുകൊണ്ട് ലങ്കന്‍തമിഴര്‍ക്കുവേണ്ടി മുതലക്കണ്ണീര്‍ പൊഴിക്കുന്നത് ലോകം കണ്ടു. അവിടെ സ്ത്രീകളെന്നും കുഞ്ഞുങ്ങളെന്നും വ്യത്യാസമില്ലാതെ, തമിഴന്‍ തലയറ്റുവീഴുമ്പോഴില്ലാത്ത സഹതാപം, ഇറാക്കിന്റെ ആഭ്യന്തരകാര്യങ്ങളില്‍ മൂക്കുനുഴച്ച് ഒരു രാഷ്ട്രത്തെത്തന്നെ നിലംപരിശാക്കിയപ്പോഴില്ലാത്ത സഹതാപം, കശ്മീരില്‍ പാകിസ്ഥാന്റെ പിന്തുണയോടെ തീവ്രവാദികള്‍ പച്ചജീവനുകള്‍ വെട്ടിവീഴ്ത്തുമ്പോഴില്ലാത്ത സഹതാപം, പിറന്ന നാടും വിടുംവിട്ട് ഭിക്ഷാടകരെപ്പോലെ കാല്‍നൂറ്റാണ്ടായി അഭയാര്‍ത്ഥിക്യാമ്പുകളില്‍ക്കഴിയുന്ന കശ്മീരി പണ്ഡിറ്റുകളോടില്ലാത്ത സഹതാപം കൂലംകുത്തിയൊഴുകാന്‍ കാരണം, ലങ്കയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ചൈനയുടെ പുത്തന്‍പ്രവേശമായിരുന്നുവെന്നറിയാന്‍ വലിയ കുശാഗ്രസാമര്‍ത്ഥ്യത്തിന്റെയൊന്നും ആവശ്യമില്ല. പണ്ട്, ഇസ്രായേലിലെ മനുഷ്യക്കുരുതികള്‍ക്ക് കൂട്ടുനിന്നതിന് മനുഷ്യാവകാശ കൗണ്‍സിലിന്റെ തീവ്രവിമര്‍ശനത്തിന് വിധേയമായ നാടാണ് അമേരിക്ക എന്നോര്‍ക്കണം.
മനുഷ്യാവകാശം ഏറ്റവും കൂടുതല്‍ ധ്വംസിക്കപ്പെട്ടത് ഇറാക്ക് കഴിഞ്ഞാല്‍ ശ്രീലങ്കയിലാണ് എന്നാണ് കണക്കുകള്‍ നിരത്തിക്കൊണ്ട് യുണൈറ്റഡ് നേഷന്‍സ് അന്ന് അവകാശപ്പെട്ടത്.
ഭാരതീയരാണെന്ന കാരണമാരോപിച്ചുകൊണ്ട്, വിദേശീയരെന്നു മുദ്രകുത്തി നമ്മുടെ സഹോദരങ്ങളായ തമിഴരെ കിരാതമായി കൊന്നൊടുക്കിയ രാജപക്‌സേ, പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചൊഴിയുന്നതിനുമുമ്പ്, സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് ഭാരതത്തിന്റെ വാതില്പുറത്തു നിന്നത് ഒരുപക്ഷെ, കാലമൊരുക്കിയ നിയോഗമായിരിക്കണം. ഗതകാലചരിത്രത്തിന്റെ ദുരിതപശ്ചാത്തലങ്ങളെല്ലാം മറന്ന്, നിരാലംബയായ ശ്രീലങ്കയെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്തി സഹായമെത്തിക്കാന്‍തന്നെയാണ് അപ്പോഴും ഉദാരമനസ്‌കനും സംസ്‌കാരസമ്പന്നനുമായ നരേന്ദ്രമോദി നയിക്കുന്ന ഭാരതം താല്പര്യം കാണിച്ചത്. ഇന്ധനം നല്കിയും ഭക്ഷ്യധാന്യങ്ങളെത്തിച്ചും വമ്പിച്ച തോതില്‍ പല ലക്ഷം കൊടി ഡോളറിന്റെ ധനസഹായം നല്കിയും നല്ല അയല്‍ക്കാരനെപ്പോലെ സഹായഹസ്തം നീട്ടിക്കൊണ്ട് നില്ക്കുന്ന ഭാരതം, ശ്രീലങ്കയെ തങ്ങളുടെ വരുതിയില്‍നിന്ന് തട്ടിക്കൊണ്ടുപോകുമോ എന്ന ഭയം ചൈനയെ നല്ലപോലെ നൊമ്പരപ്പെടുത്തുന്നുണ്ട്.
ചൈന തങ്ങളോട് പ്രദര്‍ശിപ്പിച്ചിരുന്ന അടുപ്പം കേവലം വ്യാപാരതലത്തില്‍ മാത്രമൊതുങ്ങുന്നതായിരുന്നുവെന്ന് ശ്രീലങ്ക തിരിച്ചറിഞ്ഞത് ഈ പ്രതിസന്ധിഘട്ടത്തിലായിരുന്നു. ഹമ്പന്‍ദോട്ടാ തുറമുഖനിര്‍മ്മാണത്തിന് ചൈന നല്കിയ കടം തിരിച്ചടയ്ക്കാന്‍ വയ്യാതെ വന്ന അവസരത്തില്‍, ആ തുറമുഖത്തെ 99 വര്‍ഷത്തേയ്ക്ക് ചൈനതന്നെ പാട്ടത്തിനു പിടിച്ചുവാങ്ങിയപ്പോള്‍, ചൈന തങ്ങളെ കുരുക്കാന്‍ ഇങ്ങനെയുള്ള വേറെ പല കെണികളും ഒരുക്കിവെച്ചിട്ടുണ്ടാവുമെന്ന് അനുമാനിക്കാനുള്ള രാഷ്ട്രീയ കുശാഗ്രബുദ്ധി രാജപക്‌സേയ്ക്കില്ലാതെ പോയി. അന്നുതന്നെ, ഒരല്പം രാഷ്ട്രീയജാഗ്രത ചൈനയുടെ നീക്കങ്ങളോട് ശ്രീലങ്ക പുലര്‍ത്തിയിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ഈ പ്രതിസന്ധി ആ നാടിന് നേരിടേണ്ടി വരുമായിരുന്നില്ല എന്നുള്ളതാണ് വാസ്തവം. കടമടയ്ക്കാന്‍ വീണ്ടും കടം വാങ്ങേണ്ടുന്ന ദുരവസ്ഥയൊരുക്കി, ലങ്കയില്‍ സാമ്പത്തികപാപ്പരത്തമുണ്ടാക്കിക്കൊണ്ട് ആ വിഷമവൃത്തത്തില്‍പ്പെട്ടുഴലുന്ന ശ്രീലങ്കയെ മൊത്തം വിഴുങ്ങാനാണ് ചൈനാഡ്രാഗണ്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് കണ്ടറിയാനുള്ള ദീര്‍ഘവീക്ഷണം രാജപക്‌സേ പ്രദര്‍ശിപ്പിക്കേണ്ടതായിരുന്നു.
ചൈനയെ തങ്ങളോടു ചേര്‍ത്തുനിര്‍ത്തിയാല്‍ ഭാരതം ശ്രീലങ്കയുടെമേല്‍ കൈവെക്കാന്‍ ഭയപ്പെടുമെന്ന് രാജപക്‌സേ കണക്കു കൂട്ടി. അതിന്റെ ഭാഗമായാണ് എല്‍.ടി.ടി.ഇയുടെ ഉന്മൂലനത്തിനുശേഷം ചൈനയുമായി 14 കരാറുകളില്‍ രാജപക്‌സേയുടെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഒപ്പുവച്ചത്. 4180 കോടി രൂപയുടെ പദ്ധതിയില്‍ രാജ്യത്തെ വിവിധ ഉദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കും തുറമുഖങ്ങളെ ബലപ്പെടുത്താനും ഒക്കെയാണ് ഈ കരാറിലൂടെ പ്രധാനമായും വ്യവസ്ഥചെയ്യപ്പെട്ടിരുന്നത്. കൊളംബോയ്്ക്കടുത്ത് കലേ റോഡില്‍ ഇന്ത്യന്‍ എമ്പസിയുടെ കെട്ടിട നിര്‍മ്മാണത്തിനായി മാറ്റിവച്ചിരുന്ന സ്ഥലം ഇന്ത്യയുമായുള്ള ഉടമ്പടി ഉപേക്ഷിച്ചുകൊണ്ട് ചൈനയുടെ ഗതാഗതകാര്യാലയത്തിന് അന്ന് ശ്രീലങ്ക കൈമാറുകയും ചെയ്തു. ചൈനാക്കാരന് ശ്രീലങ്കന്‍വിസയുടെ ലഭ്യതയിലുള്ള നൂലാമാലകള്‍ തളര്‍ത്താനും അക്കാലത്ത് ഇരുരാജ്യങ്ങളും തമ്മില്‍ ഉടമ്പടിയിട്ടിട്ടുണ്ടായിരുന്നു. ഈ ഉടമ്പടിയിലൂടെ ശ്രീലങ്കക്കാരന് ചൈന സന്ദര്‍ശിക്കാനുള്ള അനുമതി ലഭ്യമാകുന്നില്ലെന്നുള്ളത് ചൈനയുടെ കുതന്ത്രത്തെ അടിവരയിട്ട് അടയാളപ്പെടുത്തുന്നുണ്ടല്ലൊ.
ലങ്കയിലെ ശംഭൂര്‍ വൈദ്യുതോല്പാദനപദ്ധതിക്കും ബലാലിലെ വിമാനത്താവളപുനരുദ്ധാരണപദ്ധതിക്കുംവേണ്ടി ഇന്ത്യയുമായുണ്ടാക്കിയ കരാര്‍ റദ്ദുചെയ്ത് നമ്മുടെ ശത്രുരാജ്യമായ പാകിസ്ഥാനുമായി ശ്രീലങ്ക അക്കാലത്ത് പുതിയ കരാറുണ്ടാക്കിയതും ഭാരതത്തോടുള്ള മഹീന്ദ രാജപക്‌സേയുടെ മനഃസ്ഥിതി വെളിപ്പെടുത്തുന്നുണ്ട്. തമിഴ് പുലികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കൂട്ടുനിന്നതിന് ചൈനയ്ക്കും പാകിസ്ഥാനും രാജപക്‌സേ സര്‍ക്കാര്‍ അക്കാലത്ത് നന്ദി രേഖപ്പെടുത്തിയത് ഈ സംഭവങ്ങളോട് ചേര്‍ത്തുവേണം വായിക്കുവാന്‍.
അതിനെത്തുടര്‍ന്നുണ്ടായ ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാവായ വു പാങ് ജൂവിന്റെ ശ്രീലങ്കാസന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള ബന്ധം ബലപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു. അരുണാചലപ്രദേശം സ്വന്തമാണെന്നവകാശപ്പെട്ടുകൊണ്ട് അതിര്‍ത്തി പ്രദേശങ്ങളില്‍ റോഡും വിമാനത്താവളങ്ങളും മറ്റു സൗകര്യങ്ങളും നിര്‍ബാധം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ചൈനയുടെ ലങ്കവഴിയുള്ള പുത്തന്‍ പ്രവേശത്തില്‍ ഒളിഞ്ഞു കിടക്കുന്ന അപകടം ഇന്ത്യ സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചത്. അമ്പാരെപൊത്തു കടല്‍ഭാഗത്തുനിന്ന് ഇന്ത്യന്‍ മീന്‍പിടുത്തക്കാരെ വാശിയോടെ തുരത്തിയോടിച്ചിരുന്ന ശ്രീലങ്ക, അതേ കടല്‍പ്രദേശത്ത് ചൈനയെ മീന്‍ പിടിക്കാന്‍ അനുവദിച്ചത് ചൈനയുടെ പക്ഷത്തേക്കുള്ള ലങ്കയുടെ ചായ്‌വ് വ്യക്തമായി പ്രകടമാക്കുന്നതോടൊപ്പം തങ്ങള്‍ക്ക് ഭാരതത്തെക്കാള്‍ പ്രിയങ്കരം ചൈനയാണ് എന്ന സന്ദേശത്തിന്റെ പറയാതെപറച്ചിലുംകൂടിയായിരുന്നു. കടലതിര്‍ത്തി ലംഘനത്തിന്റെ പേരുംപറഞ്ഞ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വേട്ടയാടിയിരുന്ന ലങ്കന്‍ പട്ടാളക്കാര്‍ക്കിടയില്‍ ചൈനാ പട്ടാളക്കാരെയും കണ്ടതായുള്ള മീന്‍പിടുത്തക്കാരുടെ സാക്ഷ്യം, ശ്രീലങ്കന്‍ പട്ടാളത്തില്‍പ്പോലും അക്കാലത്ത് വേരൂന്നിപ്പടര്‍ന്ന ചൈനീസ് സ്വാധീനംതന്നെയാണ് വിളിച്ചുചൊല്ലുന്നത്.
തങ്ങളുടെ കമ്പോളച്ചരക്കുകള്‍ അറബ് – ആഫ്രിക്കന്‍ വിപണികളിലെത്തിക്കാന്‍ ഇന്ത്യാ സമുദ്രത്തില്‍ ആധിപത്യമുറപ്പിക്കുക എന്ന നിഗൂഢതാല്‍പര്യം മാത്രമാണ് ചൈനയുടെ ഈ ലങ്കാപ്രേമത്തിനു പിന്നില്‍ ഒളിഞ്ഞുകിടക്കുന്നത് എന്നും അതിനു വേണ്ടിക്കൂടിയാണ്, 7500 കോടി രൂപ ചെലവഴിച്ച് ലങ്കയുടെ ദക്ഷിണഭാഗത്തുള്ള ഹമ്പന്‍ദോട്ടാ തുറമുഖത്തിന്റെ നിര്‍മ്മാണപ്രക്രിയയില്‍ ചൈന ഊര്‍ജ്ജസ്വലമായി വ്യാപൃതമാവാന്‍ തയ്യാറായത് എന്നും തിരിച്ചറിയാന്‍ ശ്രീലങ്കന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല. ഇതിലൂടെ, തമിഴ്‌നാട്ടിലുള്ള ചെന്നൈ, തൂത്തുക്കുടി എന്നീ തുറമുഖങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം കുറച്ചുകൊണ്ട്, ഭാരതം നേടിയിരുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് ഹമ്പന്‍ദോട്ടയില്‍നിന്ന് കൊയ്‌തെടുക്കാനും തങ്ങള്‍ക്ക് പരിപൂര്‍ണ്ണ മേല്‍ക്കോയ്മയുള്ള ആ തുറമുഖത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഭാരതത്തിന്റെ സുരക്ഷയ്ക്ക് തുരങ്കംവയ്ക്കാനുമാണ് ചൈന പദ്ധതിയിട്ടിരുന്നത്. ഹമ്പന്‍ദോട്ടാ തുറമുഖം വേണ്ടിവന്നാല്‍ ചൈനയുടെ പോര്‍ക്കപ്പലുകള്‍ക്കും ആണവ അന്തര്‍വാഹിനികള്‍ക്കും നങ്കൂരമിടാന്‍പോലും ആ നാടിനുപയോഗപ്പെടുത്താനാകും എന്ന മഹാനേട്ടമാണ് ആ തുറമുഖത്തെ 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിനെടുത്തതിലൂടെ, കലക്കവെള്ളത്തില്‍ മീന്‍പിടിച്ചുകൊണ്ട് ചൈന സാധിച്ചെടുത്തത്.
നമ്മള്‍ അതിര്‍ത്തി പങ്കിടുന്ന അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ ഭാരതത്തോട് ഒട്ടും മമതയില്ലാത്ത പ്രദേശങ്ങളായി നിലനിര്‍ത്തിക്കൊണ്ട് ആ ശത്രുത ഉപയോഗപ്പെടുത്തി ഭാരതത്തെ ഛിദ്രമാക്കാന്‍ വേണ്ടി മാത്രമാണ് നമ്മുടെ അയല്‍നാടുകളോട് ചൈന അമിതസൗഹൃദം പുലര്‍ത്തിപ്പോരുന്നത് എന്നു മനസ്സിലാക്കിയിട്ടും ചൈനയെ പ്രകോപിപ്പിച്ചാല്‍ ഭാരതത്തിന് അപകടമാണെന്നു ഭയന്ന് ആ നാടിന്റെ കുതന്ത്രങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ് ഭാരതത്തിലെ അക്കാലത്തെ ഭരണസാരഥികള്‍ ചെയ്തത്. ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന് ചൈനീസ് ഡ്രാഗണിനു ബോധ്യപ്പെടുത്തിക്കൊടുത്ത് അതിന്റെ വാലാട്ടം അവസാനിപ്പിക്കാന്‍, അമ്പത്താറിഞ്ചിന്റെ നെഞ്ചുബലമുള്ള നരേന്ദ്രമോദിയെന്ന ഭാരതപുത്രന്‍ ഭരണത്തിന്റെ അമരം കാക്കുന്ന കാലംവരെ നമ്മുടെ നാടിന് കാത്തിരിക്കേണ്ടിവന്നു.
ഏതായാലും, ചൈനയെ വിശ്വസിച്ച് ഇന്ത്യക്കു നേരെ പടമെടുത്തു ചീറ്റിയ എല്ലാ വിഷ സര്‍പ്പങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നത് സമാനാവസ്ഥതന്നെയാണ്. ശ്രീലങ്കയെപ്പോലെത്തന്നെ, ചൈനയുടെ വാദ്യമേളത്തിനൊത്ത് ‘ആടിക്കളി’ച്ചിരുന്ന പാകിസ്ഥാനെയും നേപ്പാളിനെയുംപോലുള്ള ‘കുഞ്ഞിരാമ’ന്മാര്‍ ഇന്ന് ആ നാടിനെ വിശ്വസിച്ചതുമൂലമുണ്ടായ സാമ്പത്തികപാപ്പരത്തത്തിന്റെ വിഷമവൃത്തത്തില്‍പ്പെട്ടുഴലുകയാണ്. ഭരണാധിപന്മാരുടെ ദീര്‍ഘവീക്ഷണക്കുറവ് ഒരു നാടിനെ ശിഥിലീകരിക്കാന്‍ എത്രത്തോളം കാരണമാവുമെന്ന് ഈ മൂന്നു രാജ്യങ്ങളും ലോകത്തോട് വിളിച്ചു പറയുന്നുണ്ട്.
പാകിസ്ഥാന് ചൈന നിര്‍മ്മിച്ചുകൊടുത്ത ബലൂച് പ്രവിശ്യയിലുള്ള ഗദ്വാര്‍തുറമുഖത്തിനുമുണ്ട് ‘ഹമ്പന്‍ദോട്ടാ’ തുറമുഖത്തിന് സമാനമായ ഒരു കഥ പറയാന്‍! 2016 നവംബര്‍ 14-ാം തിയതി അന്നത്തെ പാകിസ്ഥാന്‍പ്രധാനമന്ത്രി നവാസ് ഷെരീഫാണ് ആ തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചത്. 757 ദശലക്ഷം ഡോളര്‍ പലിശരഹിതവായ്പയായാണ് ചൈന പാകിസ്ഥാനിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കിയിരുന്നത്. ഇതുകൂടാതെ ഗദ്വാറില്‍ത്തന്നെ 230 ദശലക്ഷം ഡോളര്‍ ചെലവില്‍ തികച്ചും സൗജന്യമായി ഒരു അന്തര്‍ദ്ദേശീയവിമാത്താവളംകൂടി പാകിസ്ഥാന് നിര്‍മ്മിച്ചുനല്കാമന്നും ചൈന വാഗ്ദാനം ചെയ്തിരുന്നുവത്രെ! കാര്യമെന്തൊക്കെത്തന്നെയായാലും, ശ്രീലങ്കയുടെ കയ്യില്‍നിന്ന് ഹമ്പന്‍ദോട്ടാ തുറമുഖം കൈക്കലാക്കിയതുപോലെത്തന്നെ, പാകിസ്ഥാന്റെ ഗദ്വാര്‍ തുറമുഖവും ചൈന 40 വര്‍ഷത്തേക്ക് പാട്ടത്തിന് തരമാക്കിയെടുത്തു.
പാകിസ്ഥാനെ പ്രീണിപ്പിച്ചുനിര്‍ത്തി ആ നാട്ടിലൂടെ അറബിക്കടലിലേക്കെത്താന്‍ ഒെരളുപ്പവഴി ഉണ്ടാക്കിയെടുക്കുക എന്നതില്‍ കവിഞ്ഞ് ആ നാടിനോടുള്ള പ്രേമാതിരേകമൊന്നുമല്ല ചൈനയെ ഇതിനൊക്കെ പ്രേരിപ്പിച്ചത് എന്ന കാര്യം ഇതോടെ ലോകത്തിന് വ്യക്തമായി. മാത്രവുമല്ല, ഭാരതവുമായി യുദ്ധമുണ്ടാവുന്ന സാഹചര്യത്തില്‍ ഈ തുറമുഖവും വിമാനത്താവളവുമൊക്കെ നമ്മുടെ നാടിനെതിരെ ഉപയോഗിക്കാനും ചൈന ക്കാവും എന്നൊരു അപകടകരമായ പാര്‍ശ്വഫലംകൂടി ഇതോടെ സംജാതമായി.
സ്വന്തം നേട്ടങ്ങള്‍ മുന്നില്‍ക്കണ്ടുകൊണ്ട് ഇത്തരത്തില്‍ മറ്റു രാജ്യങ്ങളില്‍ പണം മുടക്കുന്ന ചൈനയുടെ കുതന്ത്രങ്ങള്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച പാകിസ്ഥാന്‍, വാങ്ങിയ കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ നട്ടം തിരിയുന്നതും ഈദൃശങ്ങളായ കടങ്ങള്‍കൊണ്ടുണ്ടായ വമ്പിച്ച സാമ്പത്തികപ്രതിസന്ധി നിമിത്തം ഇമ്രാന്‍ഖാന്‍ അവിശ്വാസപ്രമേയത്തിലൂടെ സ്ഥാനമൊഴിയേണ്ടി വന്നതും ലോകം കണ്ടു. ഒരു വലിയ സാമ്പത്തിക അനിശ്ചിതത്വത്തിന് ഗണപതി കുറിച്ചുകൊണ്ടാണല്ലൊ ഇമ്രാന്‍ഖാന്‍ ഗോദവിട്ടിറങ്ങിയത്.
ഇത്രയൊക്കെയായിട്ടും, നശിച്ചു കുത്തുപാളയെടുത്തുകൊണ്ടിരിക്കുന്ന പാകിസ്ഥാന്‍, ചൈനയെ, ആ നാടൊരുക്കിവെച്ച കെണികള്‍ തിരിച്ചറിയാതെ, ‘ആള്‍ വെതര്‍ ഫ്രണ്ട്’ എന്നു വിശേഷിപ്പിച്ചുകൊണ്ട് ആ നാടിനു ചുറ്റും ഇപ്പോഴും വട്ടമിട്ടുകൊണ്ടിരിക്കുകയാണ് എന്നുള്ളതാണ് ആശ്ചര്യമുളവാക്കുന്ന വസ്തുത. ഇന്ത്യയ്ക്ക് എല്ലാ കാലത്തും തീരാതലവേദനയായി പാകിസ്ഥാനെ നിലനിര്‍ത്താനും പാക്കധീനകശ്മീരില്‍ തങ്ങള്‍ മുടക്കിയ സമ്പത്ത് സുരക്ഷിതമാക്കി നിര്‍ത്താനും സ്വന്തം നാടിന്റെ ധനപരമായ മുന്നേറ്റത്തിനും വേണ്ടി മാത്രമാണ് ചൈന തങ്ങളോട് സ്‌നേഹം നടിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞ്, കശാപ്പുകാരനെ നമ്പിയ ആടിന്റെ അവസ്ഥയില്‍നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്ന പാകിസ്ഥാനെ ലോകം കാണാന്‍ പോകുന്ന കാലം അതിവിദൂരമല്ല.
ഇന്ത്യയോടുള്ള ബന്ധത്തിന് അയവു വരുത്തിക്കൊണ്ട്, കമ്മ്യൂണിസ്റ്റു തുരുത്തുകളിലെ മരീചികകള്‍ കണ്ട് വെള്ളമെന്നു മോഹിച്ച്, മാവോ സിദ്ധാന്തത്തിന്റെ മുഷിഞ്ഞു നാറുന്ന അങ്കിയുമെടുത്തണിഞ്ഞ് ചൈനയുടെ പിന്നാലെപ്പോയ നേപ്പാളും ഇന്ന് വമ്പിച്ച സാമ്പത്തിക അരക്ഷിതാവസ്ഥയുടെ ഭീഷണി നേരിടുകയാണ്. ചൈനയുടെ പാളയത്തിലേക്ക് നേപ്പാള്‍ കരയ്ക്കടുത്ത ഉടനെത്തന്നെ, ആ രാജ്യത്തിന്റെ ഭൂപ്രദേശങ്ങള്‍ തങ്ങളുടെതാണെന്നവകാശപ്പെട്ട് അത് ബലം പ്രയോഗിച്ച് നേടിയെടുക്കാനാണ് ചൈന ധൃതി കാണിച്ചത്. മാത്രവുമല്ല, ഇന്ത്യനതിര്‍ത്തികള്‍ പങ്കിടുന്ന നേപ്പാളിനെ, പതിവുപോലെ കടക്കെണിയില്‍ കുടുക്കി തങ്ങളുടെ അധീനതയിലെത്തിച്ചാല്‍, ഒരു യുദ്ധമുണ്ടാവുന്ന സാഹചര്യത്തില്‍ ഭാരതത്തിലേക്ക് നേപ്പാള്‍ വഴിയുള്ള പ്രവേശം എളുപ്പമായിരിക്കുമെന്ന് കണക്കുകൂട്ടി, ശ്രീലങ്കയിലേക്കെന്നതുപോലെ അവിടേക്കും നിയന്ത്രണമില്ലാതെ ചൈന പണം പമ്പുചെയ്തു കയറ്റി. ചൈനയില്‍ നിന്നു വാങ്ങിയ കടത്തിന്റെ പലിശപോലും അടയ്ക്കാന്‍ കഴിയാതെ നട്ടം തിരിയുകയാണ് നേപ്പാള്‍ ഇപ്പോള്‍.
1.17 ലക്ഷം കോടി നേപ്പാള്‍ രൂപ മാത്രമാണ് ഇപ്പോള്‍ ആ രാജ്യത്തിന്റെ ഖജനാവില്‍ ബാക്കിയുള്ളത്. വെറും ഏഴു മാസത്തെ ആഭ്യന്തര ചെലവ് നേരിടാന്‍ മാത്രമേ ഈ തുക മതിയാവൂ. രാജ്യത്തിന്റെ കടമാകട്ടെ, മൊത്തവരുമാനത്തിന്റെ പകുതിയോളം തുകയ്ക്കുണ്ടുതാനും. ലങ്കയെപ്പോലെത്തന്നെ അവശ്യവസ്തുക്കളുടെ കുതിച്ചുയരുന്ന വില നിയന്ത്രിക്കാനാവാതെ ശ്വാസം മുട്ടുകയാണ് നേപ്പാള്‍.
വിദേശനാണ്യത്തിന്റെ കരുതല്‍ശേഖരം സംരക്ഷിക്കാന്‍ ആഡംബരവസ്തുക്കളുടെ ഇറക്കുമതി നിരോധിച്ചും ഇന്ധനത്തിന്റെ അമിതോപയോഗത്തിന് കടിഞ്ഞാണിടാന്‍ ആഴ്ചയില്‍ രണ്ടു ദിവസം പൊതുഅവധി പ്രഖ്യാപിച്ചും സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ പെടാപ്പാടുപെടുകയാണ് നമ്മുടെ ഈ അയല്‍രാജ്യം. ഇന്ധനത്തിന്റെ ഉപഭോഗം നിയന്ത്രിക്കാന്‍, ഇന്ധനവില നാലിരട്ടിയോളമാണ് നേപ്പാള്‍ സര്‍ക്കാര്‍ ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഭക്ഷ്യവസ്തുക്കള്‍ക്ക് 20 ശതമാനവും വില കൂട്ടിയിട്ടുണ്ട്.
ചൈന പ്രകടിപ്പിക്കുന്ന സൗഹൃ ദം സ്വാര്‍ത്ഥത്തിന്റെ സൃഗാലതന്ത്രങ്ങളാണെന്നും ആ നാടിനെ വിശ്വസിച്ചാല്‍ സ്വന്തം നിലനില്പുപോലും ആ കമ്മ്യൂണിസ്റ്റ് രാജ്യം അപകടത്തിലാക്കുമെന്നുമുള്ള പാഠം ശ്രീലങ്കയുടെയും പാകിസ്ഥാന്റെയും നേപ്പാളിന്റെയും അനുഭവങ്ങളില്‍ നിന്ന് ഇനിയെങ്കിലും പഠിക്കാന്‍ മറ്റു രാജ്യങ്ങള്‍ക്ക് കഴിയണം. കുറുനരിയുടെ കപടതന്ത്രങ്ങളുമായി, തന്റെ അതിരുകള്‍ വികസിപ്പിക്കാന്‍ അയല്‍രാജ്യങ്ങളുമായെല്ലാം നിരന്തരം അതിര്‍ത്തിപ്രശ്‌നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്ന ചൈനയെ ഒറ്റപ്പെടുത്താന്‍ ലോകരാജ്യങ്ങള്‍ മുന്നോട്ടു വരണം. വിശ്വാസവഞ്ചനകൊണ്ട്, തങ്ങളെ ആശ്രയിച്ച രാജ്യങ്ങളെ ഒന്നൊഴിയാതെ പാപ്പരത്തത്തിലേക്ക് തള്ളിവിട്ട് ‘വെടക്കാക്കി തനിക്കാക്കുന്ന’- തന്ത്രം പയറ്റുന്ന നാട് എന്ന ഒരൊറ്റ അപമതി മതിയല്ലൊ ചൈനയെന്ന സാമദ്രോഹിയെ അസ്പൃശ്യത ചുമത്തി തീണ്ടാപ്പാടകലെ നിര്‍ത്താന്‍!