മഹാപുരുഷന്മാരോട് നീതി ചെയ്യുന്നതില്‍ അനുയായികള്‍ പരാജയപ്പെടാറുണ്ടല്ലോ. ലോകത്തിന്റെ ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള രീതിയാണിത്. ബ്രിട്ടീഷാധിപത്യത്തില്‍നിന്ന് ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന സമരത്തിന് ദീര്‍ഘമായ ഒരു കാലയളവില്‍ നേതൃത്വം നല്‍കുകയും, സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തെ നിര്‍ണായകമായി സ്വാധീനിക്കുകയും ചെയ്ത മഹാത്മാഗാന്ധിയുടെ കാര്യത്തിലും ഇതു സംഭവിച്ചിട്ടുണ്ട്. ഗാന്ധിജി ജീവിച്ചിരിക്കുമ്പോള്‍ തന്നെ അനുയായികളില്‍ ചിലര്‍ ആ മഹാത്മാവിന്റെ ആശയാദര്‍ശങ്ങള്‍ ദുര്‍വ്യാഖ്യാനിക്കുകയും ദുരുപയോഗിക്കുകയും ചെയ്തിരുന്നു. ഇതിനോട് സൗമ്യമായി, എന്നാല്‍ കണിശമായിത്തന്നെ ഗാന്ധിജി വിയോജിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമസ്വരാജ് ആയിരുന്നുവല്ലോ ഗാന്ധിജിയുടെ വികസന മാതൃക. എന്നാല്‍ ഇത് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കില്ലെന്നു മാത്രമല്ല, പരിഗണിച്ചിട്ടുപോലുമില്ലെന്നാണ് ഒരിക്കല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ഗാന്ധിജിക്ക് മറുപടി നല്‍കിയത്. ഇതു സംബന്ധിച്ച കത്തിടപാടുകള്‍ ഇരുവരും തമ്മിലെ മൗലികമായ വിയോജിപ്പുകള്‍ വെളിപ്പെടുത്തുകയുണ്ടായി. ഗാന്ധിജിയുടെ മരണത്തിനുശേഷം അനുയായികള്‍ക്ക് ഈ അസൗകര്യം മാറിക്കിട്ടി. സെക്രട്ടറിയായിരുന്ന പ്യാരെലാല്‍ പോലും സ്വന്തം അഭിപ്രായങ്ങള്‍ ഗാന്ധിജിയുടെതായി അവതരിപ്പിച്ചുവെന്ന് സംശയിക്കാന്‍ കാരണങ്ങളുണ്ട്.
ഗാന്ധിജിയുടെ ശരിതെറ്റുകള്‍
വ്യക്തിജീവിതത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും തനിക്ക് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ചിട്ടുള്ളയാളാണ് ഗാന്ധിജി. ഗാന്ധിജിക്ക് സംഭവിച്ചിട്ടുള്ള ചില തെറ്റുകള്‍ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാതെ തന്നെ മറ്റു പലരും ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. എന്നാല്‍ ഗാന്ധിയന്മാരായി അറിയപ്പെടുന്ന പലരും ഗാന്ധിജി സ്വയം സമ്മതിച്ചിട്ടുള്ള തെറ്റുകള്‍ പോലും അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവരാണ്. ഗാന്ധിജിയുടെ തെറ്റുകളെ സമ്പൂര്‍ണ ശരികളാക്കി അവതരിപ്പിക്കുന്നതിലും, ഗാന്ധിയന്‍ ദൗര്‍ബല്യങ്ങള്‍ എന്നു വിലയിരുത്താവുന്നവയെ കരുത്താക്കി വ്യാഖ്യാനിക്കുന്നതിലും ഗാന്ധിയന്മാര്‍ പരസ്പരം മത്സരിക്കുന്നതുപോലെ തോന്നും.
താന്‍ ഒരു സനാതന ഹിന്ദുവാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളയാളാണ് ഗാന്ധിജി. എന്നാല്‍ ചില അഭിനവ ഗാന്ധിയന്മാരുടെ വാദഗതികള്‍ കണ്ടാല്‍ തോന്നുക ഈയൊരു കാര്യം മാത്രമാണ് ഗാന്ധിജി ഹിന്ദുമതത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്നാണ്. ഇതുപോലും മനസ്സില്ലാമനസ്സോടെയാണ് ഇക്കൂട്ടര്‍ അംഗീകരിക്കുക. ഭഗവദ്ഗീതയ്ക്ക് ‘അനാസക്തിയോഗം’ എന്ന പേരില്‍ വ്യാഖ്യാനമെഴുതിയിട്ടുള്ളയാളാണ് ഗാന്ധിജി എന്ന കാര്യം ചില ഗാന്ധിയന്മാര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നതുപോലും കാണാം. ഹിന്ദുമത തത്വങ്ങളെയും ഹിന്ദുമത പാരമ്പര്യത്തെയും കുറിച്ച് പഠിക്കുകയും, കാലഗതിയില്‍ അതില്‍ വന്നുചേര്‍ന്ന അഴുക്കുകളെക്കുറിച്ച് പരിശോധിക്കുകയും, തന്റേതായ നിഗമനങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുള്ളയാളാണ് ഗാന്ധിജി. ഇവയൊക്കെ ശരിയോ തെറ്റോ എന്നു തീരുമാനിക്കാനുള്ള മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇങ്ങനെയൊരു സ്വാതന്ത്ര്യം സ്വയംപ്രഖ്യാപിത ഗാന്ധിയന്മാര്‍ അംഗീകരിച്ചുകൊടുക്കാറില്ല.
”ഹിന്ദുമതം ഗംഗാനദിയെപ്പോലെയാണ്. ഉത്ഭവസ്ഥാനത്ത് അത് വിശുദ്ധവും കളങ്കരഹിതവുമാണ്. എന്നാല്‍ പ്രവാഹത്തിനിടയില്‍ അതില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി. ഗംഗാനദിയെപ്പോലെ മൊത്തത്തില്‍ ഹിന്ദുമതവും ലോകോപകാരപ്രദമാണ്… ഹിന്ദുമതം നിഗൂഢതയെ വെറുക്കുന്നു. ജ്ഞാനം അനന്തമാണ്. അതുപോലെയാണ് സത്യത്തിന്റെ പ്രയോഗവും. ഓരോ ദിവസവും നമ്മുടെ ജ്ഞാനം ആത്മശക്തിയാല്‍ സമ്പന്നമാകുന്നു. അതു നാം തുടരുകയും വേണം. പുതിയ പരീക്ഷണം നമ്മെ പുതിയ ദൗത്യം പഠിപ്പിക്കുന്നു. എന്നാല്‍ സത്യം എന്നും അഭിന്നമായിരിക്കും.(1)” ഇതായിരുന്നു ഗാന്ധിജിയുടെ സുചിന്തിതമായ നിലപാട്.
സ്വാതന്ത്ര്യസമരത്തിനുശേഷം ഭാരതം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമായിരുന്നു അയോധ്യാ പ്രക്ഷോഭം. ശ്രീരാമന്റെ ജന്മഭൂമിയില്‍ നിലനില്‍ക്കുന്ന ബാബറിമസ്ജിദിനു പകരം അവിടെ മുന്‍പുണ്ടായിരുന്ന ക്ഷേത്രം പുനര്‍നിര്‍മിക്കണമെന്നതായിരുന്നുവല്ലോ ആ പ്രക്ഷോഭത്തിന്റെ ആവശ്യം. നൂറുശതമാനവും നീതീകരിക്കാവുന്ന ഈ ആവശ്യം അംഗീകരിക്കാനോ അനുകൂലമായി പ്രതികരിക്കാനോ ഭരണകൂടം തയ്യാറാവാതിരുന്നത് സ്വാഭാവികമായും ജനരോഷം ക്ഷണിച്ചുവരുത്തി. എന്നാല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ കൂട്ടാക്കാതെ തുടക്കം മുതല്‍ ഒടുക്കം വരെ അയോധ്യാ പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ലെഫ്റ്റ്-ലിബറലുകള്‍ എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ബുദ്ധിജീവികള്‍. ഗാന്ധിജിയെയാണ് ഇതിന് ഉപയോഗപ്പെടുത്തിയത്. അയോധ്യയിലെ രാമന്‍ ഗാന്ധിജിയുടെ രാമനല്ലെന്നും, ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യം മതരാജ്യമല്ലെന്നും മാധ്യമപ്രവര്‍ത്തകരും സാഹിത്യകാരന്മാരും ചരിത്രകാരന്മാരും രാഷ്ട്രീയ നേതാക്കളും സംഘടിതമായും ആസൂത്രിതമായും പ്രചരിപ്പിച്ചു. അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നത് ‘രാമന്റെ ദുഃഖം’ ആണെന്നു സ്ഥാപിക്കാന്‍ പുസ്തകമെഴുതിയവരും കൂട്ടുപിടിച്ചത് ഗാന്ധിജിയെയാണ്. മുന്‍കാലത്ത് ഗാന്ധിയന്‍ ആദര്‍ശങ്ങളോട് യാതൊരു ആഭിമുഖ്യവും പ്രകടിപ്പിക്കാത്തവര്‍ പോലും അയോധ്യാ പ്രക്ഷോഭത്തെ വിമര്‍ശിക്കാന്‍ ഗാന്ധിയന്മാരായി മാറുന്നതും കാണാന്‍ കഴിഞ്ഞു. രാമക്ഷേത്രം ഹിന്ദുവിരുദ്ധമാണെന്നു സ്ഥാപിക്കാന്‍ വേണ്ടി മാത്രം ഗാന്ധിഭക്തരായി മാറിയവരും ഇക്കൂട്ടത്തിലുണ്ട്.
രാമചന്ദ്ര ഗുഹയുടെ ദുഃഖം
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് ഗാന്ധിജിയുടെ സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണെന്ന് വാദിച്ചവരില്‍ പ്രമുഖനാണ് കോളമിസ്റ്റും ഗ്രന്ഥകാരനുമായ രാമചന്ദ്ര ഗുഹ. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള പ്രക്ഷോഭം ഹിന്ദുധര്‍മത്തിന്റെയും ഹിന്ദുക്കളുടെയും ഊര്‍ജ്ജം വഴിതിരിച്ചുവിടലായേ ഗാന്ധിജി കാണുമായിരുന്നുള്ളൂ എന്നതില്‍ യാതൊരു സംശയവുമില്ല എന്നാണ് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍(2) ഗുഹ വാദിച്ചത്. 1980 കളിലും 90 കളിലും രാമന്റെ പേരില്‍ പരത്തിയ വിദ്വേഷം ഗാന്ധിജിയെ അമ്പരപ്പിക്കുമായിരുന്നു എന്നും ഈ ലേഖനത്തില്‍ ഗുഹ പറയുന്നുണ്ട്.
ഗാന്ധിജിയുടെ ഹിന്ദുത്വം വിഭാഗീയമല്ല സമന്വയാത്മകമാണ്, അത് പ്രകടിപ്പിക്കാന്‍ ക്ഷേത്രങ്ങള്‍ ആവശ്യമില്ലെന്നും, ആരാധനയ്ക്കായി ഗാന്ധിജി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നില്ലെന്നുമൊക്കെ ഈ ലേഖനത്തില്‍ രാമചന്ദ്രഗുഹ കണ്ടെത്തുന്നുണ്ട്! 1921 ല്‍ അയോധ്യ സന്ദര്‍ശിച്ച ഗാന്ധിജി അവിടുത്തെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയില്ലെന്നും ഗുഹ അവകാശപ്പെടുന്നു. ഇങ്ങനെയൊക്കെ പറയുന്നതിന്റെ ഉദ്ദേശ്യം ഒന്നുമാത്രം-അയോധ്യയില്‍ രാമക്ഷേത്രം വരുന്നത് ഗാന്ധിജിയുടെ ആഗ്രഹത്തിന് വിരുദ്ധമാണെന്ന് സ്ഥാപിക്കുക. ഗാന്ധിജിയുടെ ജീവചരിത്രകാരന്‍ എന്ന നിലയ്ക്കുകൂടിയാണ് താനിതു പറയുന്നതെന്ന് ഗുഹ വ്യക്തമാക്കുന്നുണ്ട്. ഗാന്ധിജിയുടെ പേരില്‍ ഇങ്ങനെയൊക്കെ പറയാന്‍ തനിക്ക് യോഗ്യതയുണ്ടെന്നു വരുത്താനാണിത്. ഗാന്ധിജിയുടെയല്ല, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അനുയായിയാണ് ഗുഹ എന്ന ധാരണയാണ് വായനക്കാര്‍ക്കുള്ളത്. അയോധ്യയില്‍ രാമക്ഷേത്രം വരുന്നതിനെ എതിര്‍ക്കാന്‍ ഗാന്ധിജിയെ കൂട്ടുപിടിക്കുന്നു എന്നുമാത്രം.
സുപ്രീംകോടതി 2019 നവംബറില്‍ അയോധ്യ കേസില്‍ രാമക്ഷേത്രത്തിന് അനുകൂലമായി വിധി പറയുന്നതിനു മുന്‍പാണ് ഗുഹ ഈ ലേഖനമെഴുതുന്നത്. തന്റെ വാദഗതികള്‍ സമര്‍ത്ഥിക്കാന്‍ ഗാന്ധിജിയുടെ ചെറുമകന്‍ രാമചന്ദ്ര ഗാന്ധിയെയും ഗുഹ കൂട്ടുപിടിക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രത്തിനു പകരം ‘റാം-റഹിം ഛബൂത്ര’യാണ് വേണ്ടതെന്ന് രാമചന്ദ്ര ഗാന്ധി അഭിപ്രായപ്പെട്ടതാണ് ഇതിനു കാരണം. രാമക്ഷേത്രത്തിനു പകരം സര്‍വകലാശാലയും ആശുപത്രിയുമൊക്കെയാണ് അയോധ്യയില്‍ വേണ്ടതെന്നും ചില കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതും ഗാന്ധിജിയുടെ പേരിലായിരുന്നു. ഇതിലേതാണ് ഗാന്ധിജിയുടെ അഭിലാഷത്തിനു വേണ്ടതെന്ന് പറയാനാവില്ലെന്നും, എന്നാല്‍ അതൊരിക്കലും രാമക്ഷേത്രം പോലെ വലിയ നിര്‍മിതിയാവില്ലെന്ന കാര്യം ഉറപ്പാണെന്നും ഗുഹ തീര്‍പ്പുകല്‍പ്പിക്കുന്നു.
ഗാന്ധിജിയെ പിന്‍പറ്റിനിന്ന് അയോധ്യയിലെ രാമക്ഷേത്രത്തിനെതിരെ രാമചന്ദ്രഗുഹ പറയുന്നതൊക്കെ സുപ്രീംകോടതി വിധിയോടെ അപ്രസക്തമാവുകയുണ്ടായി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവാദം നല്‍കുകയാണ് സുപ്രീംകോടതി ചെയ്തത്. ഏതെങ്കിലും കാര്യത്തില്‍ സമ്പൂര്‍ണ നീതി ഉറപ്പുവരുത്തുന്നതിനായി സ്വന്തം അധികാരം ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 ഉപയോഗിക്കുകയാണ് കോടതി ചെയ്തത്. ‘ദീര്‍ഘം പശ്യതു, മാ ഹൃസ്വം’ (ദീര്‍ഘവീക്ഷണത്തോടെ നോക്കുക, ഹ്രസ്വദൃഷ്ടി പാടില്ല) എന്ന ഡോ.എസ്. രാധാകൃഷ്ണന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഗാന്ധിജിയുടെ മറ്റൊരു ചെറുമകനായ ഗോപാല്‍കൃഷ്ണ ഗാന്ധി പരമോന്നത നീതിപീഠത്തിന്റെ വിധിയെ സ്വാഗതം ചെയ്യുകയുണ്ടായി. എന്നാല്‍ ”എന്റെ സ്വത്വവും പൗരത്വവും സമൂഹത്തിലെ തുല്യ പദവിയും കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു. ഭാരതത്തിലെ ഒരു സ്ഥാപനങ്ങളിലും ഇനി പ്രതീക്ഷയില്ല” എന്ന് മറ്റൊരാള്‍ എഴുതിയത് ട്വീറ്റു ചെയ്ത് തന്റെ നിരാശയും അമര്‍ഷവും പ്രകടിപ്പിക്കുകയാണ് രാമചന്ദ്ര ഗുഹ ചെയ്തത്. സുപ്രീംകോടതി വിധിയോടുള്ള തന്റെ നിലപാട് എന്താണെന്ന് പറയാനുള്ള ബൗദ്ധികമായ സത്യസന്ധത ഗുഹ പ്രകടിപ്പിക്കുന്നില്ല.
‘നവജീവനി’ല്‍ വന്നത്
രാമചന്ദ്ര ഗുഹയായാലും രാജ്‌മോഹന്‍ ഗാന്ധിയായാലും ഗാന്ധിജിയുടെ താല്‍പ്പര്യം എന്തെന്ന് അറിയാതെയാണ് ആ മഹാത്മാവിനെ അയോധ്യാ പ്രക്ഷോഭത്തിന്റെയും രാമക്ഷേത്രത്തിന്റെയും വിരുദ്ധ പക്ഷത്ത് പ്രതിഷ്ഠിച്ചത്. യഥാര്‍ത്ഥത്തില്‍ ഗാന്ധിജിയുടെ കാഴ്ചപ്പാടിനും നിലപാടിനും ആഗ്രഹത്തിനും അനുസൃതമായ ആവശ്യമാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ ഹിന്ദുജനത മുന്നോട്ടുവച്ചത്. ഗുഹയെപ്പോലുള്ള ഗാന്ധിയന്മാര്‍ കാണാതെ പോവുകയോ മറച്ചുപിടിക്കുകയോ ചെയ്ത ഗാന്ധിജിയുടെ നിലപാട് ഇപ്പോള്‍ വെളിപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്തിരിക്കുകയാണ്. ഏതെങ്കിലും ആരാധനാ കേന്ദ്രങ്ങള്‍ കേടുവരുത്തുന്നത് അത്യന്തം ഹീനമായ പാപമാണ്. മുഗള്‍ഭരണകാലത്ത് മതഭ്രാന്തു മൂലം മുസ്ലിം ഭരണാധികാരികള്‍ ഹിന്ദുക്കളുടെ നിരവധി ആരാധനാലയങ്ങള്‍ മസ്ജിദുകളാക്കി മാറ്റിയിട്ടുണ്ട് എന്നാണ് ഗാന്ധിജി എഴുതിയിട്ടുള്ളത്. താന്‍ നടത്തിയിരുന്ന ‘നവജീവന്‍ പത്രിക’ എന്ന മാസികയില്‍ ഒരു വായനക്കാരന്റെ കത്തിനുള്ള മറുപടിയില്‍ ക്ഷേത്രങ്ങള്‍ തകര്‍ത്ത് മസ്ജിദുകള്‍ നിര്‍മിക്കുന്നത് അടിമത്തമാണെന്നും ഗാന്ധിജി നിലപാടെടുക്കുന്നുണ്ട്.
രാംഗോപാല്‍ എന്നയാളുടെ കത്തിന് പത്രാധിപരായ ഗാന്ധിജി 1937 ജൂലായ് 27 ന് നല്‍കിയ മറുപടിയില്‍ ഇങ്ങനെയാണുള്ളത്:
”ഏതെങ്കിലും ആരാധനാലയങ്ങള്‍ തകര്‍ക്കുന്നത് അത്യന്തം ഹീനമായ പാപമാണ്. മുഗള്‍ഭരണകാലത്ത് മതഭ്രാന്തുമൂലം മുസ്ലിം ഭരണാധികാരികള്‍ ഹിന്ദുക്കളുടെ നിരവധി ആരാധനാലയങ്ങള്‍ കയ്യേറിയിട്ടുണ്ട്. ഇവയില്‍ പലതും കൊള്ളചെയ്യുകയും തകര്‍ക്കുകയും മസ്ജിദുകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ദൈവത്തെ ആരാധിക്കുന്ന കേന്ദ്രങ്ങളെന്ന നിലയ്ക്ക് ക്ഷേത്രങ്ങളും മസ്ജിദുകളും തമ്മില്‍ വ്യത്യാസമില്ലെങ്കിലും ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ആരാധനാരീതികള്‍ക്ക് വ്യത്യാസമുണ്ട്.”
”മതപരമായ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍, താന്‍ ആരാധന നടത്തുന്ന ഒരു മസ്ജിദ് ഹിന്ദുവായ ഒരാള്‍ കൊള്ളയടിക്കുന്നത് ഒരു മുസ്ലിമിന് ഒരിക്കലും സഹിക്കാനാവില്ല. ഇതുപോലെ താന്‍ ആരാധിക്കുന്ന രാമന്റെയോ കൃഷ്ണന്റെയോ വിഷ്ണുവിന്റെയോ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നത് ഹിന്ദുവിനും അംഗീകരിക്കാനാവില്ല. എവിടെയെങ്കിലും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അടിമത്വത്തിന്റെ ചിഹ്നങ്ങളാണ്. ഇത്തരം സ്ഥലങ്ങളില്‍ തര്‍ക്കങ്ങളുണ്ടാവുമ്പോള്‍ ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കണം. മുസ്ലിങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ ഹിന്ദുക്കളുടെ കൈവശമുണ്ടെങ്കില്‍ അത് മഹാമനസ്‌കതയോടെ മുസ്ലിങ്ങള്‍ക്ക് വിട്ടുകൊടുക്കണം. ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രങ്ങള്‍ മുസ്ലിങ്ങളുടെ കൈവശമാണെങ്കില്‍ അവ സന്തോഷത്തോടെ ഹിന്ദുക്കള്‍ക്കും കൈമാറണം. ഇത് പരസ്പരമുള്ള വിവേചനങ്ങള്‍ നീക്കി ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ ഐക്യം വളര്‍ത്തുകയും ചെയ്യും. ഭാരതത്തെപ്പോലൊരു രാജ്യത്തിന് ഇത് അനുഗ്രഹമാവും.”
(It is very heinous sin to damage any place of worship. During the Mughal period, due to religious fanaticism, the Mughal rulers occupied many religious places of Hindus. Many of these were looted and destroyed and many were converted into mosques. Although both temples and mosques are holy places of worship of God and there is no difference between the two, the worship tradition of both Hindus and Muslims is different.
From a religious point of view, a Muslim can never tolerate that a Hindu loots the mosque where he has been praying. Similarly, a Hindu will never tolerate that his temple, where he has been worshiping Ram, Krishna, Vishnu and other gods, be demolished. Where such incidents have happened, these are signs of slavery. Both Hindus and Muslims should decide between themselves about such places where disputes take place. Those places of worship of Muslims which are in the posssession of Hindus, Hindus should generously give them to Muslims. Similarly the religious places of Hindus which are in possession of Muslims should be happily handed over to Hindus. This will remove mutual discrimination and unity among Hindus and Muslims will increase, which will prove to be blessing for a country like India.)(3)
ഗാന്ധിജിയുടെ അഭിലാഷം
എന്താണ് ഗാന്ധിജി പറയുന്നതെന്ന് വിശദീകരണത്തിന്റെയോ വ്യാഖ്യാനത്തിന്റെയോ ആവശ്യമില്ലാതെ തന്നെ വ്യക്തമാണ്. മതഭ്രാന്തുകൊണ്ട് ആരാധനാലയങ്ങള്‍ ആക്രമിക്കുന്നതും കയ്യടക്കിവയ്ക്കുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ല. അത് അടിമത്വത്തിന്റെ പ്രതീകമാണ്. കയ്യേറ്റക്കാര്‍ സ്വമേധയാ അത്തരം ആരാധനാലയങ്ങള്‍ യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കണം എന്നാണ് യാതൊരു വളച്ചുകെട്ടുമില്ലാതെ ഗാന്ധിജി പറയുന്നത്. അയോധ്യയുടെ കാര്യത്തില്‍ നൂറ്റാണ്ടുകളായി ഹിന്ദുജനത ആവശ്യപ്പെട്ടുപോന്നതും ഇതുതന്നെയാണ്. അയോധ്യയില്‍ സ്ഥിതിചെയ്തിരുന്ന പൗരാണികമായ രാമക്ഷേത്രം മുഗള്‍ ആക്രമണകാരിയായ ബാബറുടെ ആജ്ഞയനുസരിച്ച് തകര്‍ത്ത് സ്ഥാപിച്ചതാണ് ‘ബാബറി മസ്ജിദ്’ ആയി പില്‍ക്കാലത്ത് അറിയപ്പെട്ടതെന്നും, വൈദേശികാധിപത്യത്തിന്റെയും അടിമത്വത്തിന്റെയും ഈ കളങ്കം ആത്മാഭിമാനമുള്ള ഒരു ജനതയ്ക്കും സഹിക്കാനാവില്ലെന്നു മുള്ള നിലപാടായിരുന്നു ഹിന്ദുത്വ-ദേശീയ സംഘടനകളുടേത്. അയോധ്യയിലെ രാമജന്മഭൂമിയെന്ന് തങ്ങള്‍ സഹസ്രാബ്ദങ്ങളായി വിശ്വസിച്ചുപോരുന്ന സ്ഥലത്ത് രാമന്റെ ക്ഷേത്രമാണ് വേണ്ടതെന്ന ഹിന്ദുക്കളുടെ ആവശ്യം നൂറുശതമാനവും നീതീകരിക്കാവുന്നതായിരുന്നു. അത് അവരുടെ അവകാശവുമായിരുന്നു. എന്നാല്‍ ആ അവകാശം നിരന്തരം നിഷേധിക്കപ്പെട്ടുപോന്നു. ഇതിനെതിരെ ഉയര്‍ന്നു വന്നതാണ് അയോധ്യാ പ്രക്ഷോഭം. അവസാനം സുപ്രീംകോടതി തന്നെ ഈ അവകാശം അനുവദിച്ചുകൊടുക്കുകയായിരുന്നു. ഐതിഹാസികമായ ഈ തീരുമാനത്തില്‍ ഗാന്ധിജിയുടെ അഭിലാഷവും പ്രതിഫലിക്കുന്നുണ്ട്. അയോധ്യയുടെ കാര്യത്തില്‍ മാത്രമല്ല കാശിയിലെയും മഥുരയിലെയും ക്ഷേത്രധ്വംസനങ്ങളുടെ കാര്യത്തിലും ഗാന്ധിജിയുടെ കാഴ്ചപ്പാട് ഇതുതന്നെയാണെന്നു വരുന്നു.
1921 ല്‍ ആദ്യമായും അവസാനമായും അയോധ്യ സന്ദര്‍ശിച്ച ഗാന്ധിജി അവിടുത്തെ ക്ഷേത്രങ്ങളിലൊന്നും ദര്‍ശനം നടത്തിയിട്ടില്ലെന്നും രാമചന്ദ്ര ഗുഹ പറയുന്നു. ഗാന്ധിജി രാമക്ഷേത്രത്തിന് എതിരാണെന്ന് സ്ഥാപിക്കാനാണ് ഈ കഥ പറയുന്നതും. എന്നാല്‍ അയോധ്യയിലേത് കേവലമായ ആരാധനയുടെ പ്രശ്‌നമായിരുന്നില്ല. ആര്‍ക്കും ഏതുരൂപത്തിലും ഈശ്വരനെ ആരാധിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഹിന്ദുധര്‍മത്തിലുണ്ട്. ക്ഷേത്രദര്‍ശനം നടത്തിയും നടത്താതെയും ഈശ്വരവിശ്വാസം പുലര്‍ത്തുന്നവരും ആരാധിക്കുന്നവരുമുണ്ട്. ക്ഷേത്ര സങ്കല്‍പ്പത്തില്‍ വിശ്വാസമില്ലാത്തവരും അതിനെതിരല്ല എന്നതാണ് ഹിന്ദുധര്‍മത്തിന്റെ മഹത്വം. ഗുജറാത്തിലെ ഭവനഗറില്‍ ഒരു രാമക്ഷേത്രത്തിന് ഗാന്ധിജി തറക്കല്ലിടുകയും (1928) ചെയ്തിട്ടുണ്ട്. ഗാന്ധിജി ക്ഷേത്രത്തിനെതിരായിരുന്നില്ലെന്നു മാത്രമല്ല പല ക്ഷേത്രങ്ങൡും ദര്‍ശനം നടത്തുകയും ചെയ്തിട്ടുണ്ട്. ഗാന്ധിജി അടിസ്ഥാനപരമായി ഈശ്വരവിശ്വാസിയായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ലല്ലോ.
”ഞാനെഴുതുന്ന കാര്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വൈരുദ്ധ്യം കണ്ടെത്തുകയും, എന്നിട്ടും എന്റെ ബുദ്ധിസ്ഥിരതയില്‍ വിശ്വാസം ഉണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കില്‍ രണ്ടാമത്തേത് സ്വീകരിക്കാവുന്നതാണ്.” (4) ഇതാണ് ഗാന്ധിജിയുടെ വാക്കുകള്‍. 1921 ല്‍ അയോധ്യ സന്ദര്‍ശിച്ച ഗാന്ധിജി ക്ഷേത്രദര്‍ശനം നടത്തിയില്ലെന്നാണല്ലോ രാമചന്ദ്ര ഗുഹ പറയുന്നത്. എന്നാല്‍ മുഗള്‍ ഭരണകാലത്ത് മുസ്ലിം ഭരണാധികാരികള്‍ മതഭ്രാന്തുകൊണ്ട് ക്ഷേത്രങ്ങള്‍ തകര്‍ക്കുകയുണ്ടായെന്നും, അതിക്രമത്തിലൂടെ കയ്യടക്കിയിരിക്കുന്ന ആരാധനാലയങ്ങള്‍ അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കണമെന്നും 1937 ലാണ് ഗാന്ധിജി ‘നവജീവന്‍ പത്രിക’യില്‍ എഴുതുന്നത്. ഇതില്‍ ഏതാണ് സ്വീകരിക്കേണ്ടതെന്ന് ഗാന്ധിജിയെ അറിഞ്ഞിട്ടുള്ളവര്‍ക്ക് സംശയമുണ്ടാവില്ലല്ലോ.
അടിക്കുറിപ്പ്
1. യങ് ഇന്ത്യ, 08-04-1926
2. Mahatma Gandhi would not have wanted a temple in Ayodya, Ramachandra Guha, Hindustan Times, 09-02-2019.
3. India Today, 22-05-2022.
4. ഹരിജന്‍, 29-04-1933.