ഹ! രാവിലെ തന്നെ കാക്കൂര്‍ ശ്രീധരന്‍ മാഷ് !
വന്ന ഉടനെ കുശലാന്വേഷണത്തിനു നില്‍ക്കാതെ കുട മൂലയില്‍ ചാരിവെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു
‘മഹാരാഷ്ട്രയില്‍ .. ഹ.ഹ… എന്താ ഇത് കഥ ?’
‘പാഊസ് പട്‌ല’ എന്ന് ഞാനും.
‘എന്ന് വെച്ചാല്‍ ?’
‘സാധാരണ ജൂലായ് ആഗസ്ത് ആവുമ്പോഴേ മണ്‍സൂണ്‍ അവിടെ എത്താറുള്ളു. ഇത്തവണ ജൂണില്‍ തന്നെ എത്തി. നന്നായി പെയ്തു. പാഊസ് എന്നാല്‍ മഴ; പട്‌ല എന്നാല്‍ വീണു, പെയ്തു എന്നൊക്കെ.’
മാഷ് അന്തരാര്‍ത്ഥം മനസ്സിലാക്കി നന്നായി ചിരിച്ചു.
‘അപ്പൊ ഒരൊറ്റ മഴയ്ക്ക് ഭരണം താളം തെറ്റും അല്ലെ ?’
‘ഉം.. കാര്‍മേഘം ഉരുണ്ടു കൂടാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. ആ പാവം സന്യാസിമാരെ അടിച്ചു കൊന്ന അന്ന് മുതല്‍..
പിന്നെ.. ഉത്തരേന്ത്യക്കാര്‍ മഴ നമ്മളെക്കാളും നന്നായി ആഘോഷിക്കും.’
‘ശരിയാണ് നമ്മുടെ മഴ പോലെ ശക്തമായ മഴയില്ലല്ലോ അവിടെ ?’
‘ആര് പറഞ്ഞു.. മഹാരാഷ്ട്ര വരെയൊക്കെ ശക്തമായ മഴയാണ്. അതിനാലല്ലേ വെള്ളം കെട്ടി നില്‍ക്കുന്നതും വെള്ളപ്പൊക്കമുണ്ടാവുന്നതും.
അവിടത്തെ നഴ്‌സറി കുട്ടികളുടെ പ്രശസ്തമായ ഒരു ഗാനം തന്നെ മഴയെ കുറിച്ചാണ്..’
സഹൃദയനായ മാഷ്‌ക്ക് കൗതുകം.. ‘എന്താദ്.. അറിയോ ?’
‘ഒരു രണ്ടു വരി ..ഞാന്‍ ചൊല്ലാം…’
‘സാങ് സാങ് ഭോലനാഥ് ..
പാഊസ് പടേല്‍ കാ ..?
ശാളെ ഭൗതി താളെ സാജൂണ്‍
സുട്ടി മിലേല്‍ കാ ?’
ഞാന്‍ ഇങ്ങനെ പരിഭാഷപ്പെടുത്താം
‘പറയൂ പറയൂ ഭോലനാഥ് മഴ വന്നീടുമോ ?
സ്‌കൂളിനുള്ളില്‍ വെള്ളം കേറി
അവധി.. കിട്ടീടുമോ?’
‘ഹ..ഹ..’
മാഷ്‌ക്ക് താല്‍പ്പര്യം വര്‍ദ്ധിച്ചു. ‘തികച്ചും വ്യത്യസ്തം.. നമ്മള്‍ ആലോചിക്കാത്തത്’
ഭോലനാഥ് അപ്പക്കാളയാണ്. കുട്ടി വീട്ടില്‍ വന്ന അപ്പക്കാളയോട് ചോദിക്കുകയാണ് ഇത്.
എന്ത് ചോദിച്ചാലും കൊണ്ടുനടക്കുന്ന ആള് ഡ്രം കൊട്ടുമ്പോള്‍ കാള തലയാട്ടും. കുട്ടിയ്ക്ക് സന്തോഷമാകും.
‘ഹ..ഹ.. നമ്മുടെ നാട്ടിലും അപ്പക്കാള പണ്ട് വരാറുണ്ടായിരുന്നു. ഇപ്പൊ കാണാറില്ല. എന്നിട്ട്?’
‘പിന്നെ ഓരോ ചോദ്യങ്ങളാ..’
ഭോലനാഥ്.. ദുപാരി ആയീ ജോപെല്‍ കാ? എന്നൊക്കെ..
‘അതെന്താ?’
‘ഭോലനാഥ്, ഉച്ചയ്ക്ക് അമ്മ ഉറങ്ങിടുമോ?’
മാഷിന്റെ കൗതുകം വര്‍ദ്ധിച്ചു.. ‘ അതെന്തിനാ അമ്മ ഉറങ്ങുന്നത് ?’
‘ഉച്ചയ്ക്ക് അമ്മ ഉറങ്ങുമ്പോഴാണ് കുട്ടികള്‍ പലഹാരം കട്ടു തിന്നുക..’
‘ഹ..ഹ..’ മാഷ്‌ക്ക് അത് നന്നേ പിടിച്ചു.. പിന്നെ തെല്ലൊന്നു ആലോചിച്ച് മാഷ് പറഞ്ഞു.
‘എത്ര വൈവിധ്യമാര്‍ന്നത്!… നാം നമ്മുടെ സംസ്ഥാനങ്ങളിലെ ഭാഷയും സംസ്‌കാരവും പഠിക്കേണ്ടിയിരിക്കുന്നു.
അല്ല.. ഈ അപ്പക്കാളയൊക്കെ ഇപ്പോഴും അവിടെ ഉണ്ടോ ?’
‘കര്‍ണ്ണാടകത്തിലും മഹാരാഷ്ട്രത്തിലും ഇപ്പോഴും ഉണ്ട്. നന്ദിയുടെ പ്രതീകമാണല്ലോ അപ്പക്കാള. അലങ്കരിച്ച കാളയുമായി നടന്നാല്‍ ആളുകള്‍ എന്തെങ്കിലും കൊടുക്കും. ഭിക്ഷക്കാരന് കൊടുക്കുന്നതിലേറെ’
‘കൂട്ടത്തില്‍, ആ പാട്ടിന്റെ ലിറിക്‌സ് ഒന്ന് വേണേ ..’
‘പാട്ട് കേട്ടോളൂ ..
‘ഇതാ ലിങ്ക് : https://www.youtube.com/watch?v=Ru7IWs-QbZk&ab_channel=JingleToons
‘ഓ.കെ താങ്ക്‌സ് !’
‘അതി പ്രാചീന കാലം തൊട്ട് എല്ലാ സംസ്‌കാരത്തിലും കാളയും മനുഷ്യനും തമ്മില്‍ ഒരു അഭേദ്യബന്ധമുള്ളതായി കാണാം. സിന്ധു നദീതട സംസ്‌കാരത്തില്‍ ആദ്യം കുഴിച്ചെടുത്തതില്‍ കാളയുടെ രൂപമുണ്ടായിരുന്നു. ലോകത്തിലെ പ്രാചീന സംസ്‌കാരങ്ങളായ ഈജിപ്ഷ്യന്‍, സുമേറിയന്‍, മായന്‍, ഇങ്ക, ചൈനീസ് എന്ന് വേണ്ട കാള ഇന്നും അന്നും സമൂഹത്തിന്റെ സംസ്‌കാര ചിഹ്നമായി സ്തൂപങ്ങളിലും മുദ്രകളിലും.’
‘ശരിയാണ് .. ഭാരതത്തിന്റെ ദേശീയ ചിഹ്നത്തിലും കാളയുണ്ടല്ലോ’പുതിയ വിവാദങ്ങള്‍ ഓര്‍ത്തായിരിക്കണം മാഷൊന്നു ചിരിച്ചു.
‘മാര്‍ക്‌സിസ്‌ററ് സൈദ്ധാന്തികന്‍’ എമ്മെക്കാരന്‍ ശിശു പറഞ്ഞത് ഞാനും കേട്ടു. ചുമ്മാവിരോധം കൊണ്ടുള്ള തലപ്രാന്ത്. മൂന്ന് സിംഹങ്ങള്‍ എന്ന്. അത് നാലെണ്ണം ഉണ്ടെന്നു പോലുമറിയാത്ത മൂര്‍ഖര്‍.’
‘ശരിയാണ് സാരനാഥിലെ ഒറിജിനല്‍ രൂപം ഒന്ന് പരിശോധിച്ചിട്ട് എന്തെങ്കിലും പറയാ.. അതില്ല.’
‘രാഷ്ട്രീയ കാളകളി തന്നെ.’
‘സദാ കുതിരക്കച്ചവടം എന്ന് കുറ്റപ്പെടുത്തുന്ന കാളകള്‍ അല്ലെ?’
‘ഹ..ഹ.. ശരിയാ പക്ഷെ ഇംഗ്‌ളീഷില്‍ പൊളിറ്റിക്കല്‍ ബുള്‍സ് എന്ന് പറഞ്ഞാല്‍ വലതും ഇടതും അല്ലാത്ത രാഷ്ട്രീയക്കാര്‍ എന്നാണ്.’
‘അതെയോ..അത്തരം രാഷ്ട്രീയ കാളകള്‍ കേരളത്തിലും ഉണ്ടല്ലോ?’
‘ഉണ്ട് .. ബാലകൃഷ്ണപിള്ള അത്തരം ഒരു കാളയായിരുന്നു.അജ്ജാതി ജനുസ്സുകള്‍ ഇപ്പോഴും ഉണ്ട്.’
എന്നാല്‍’ഓള്‍ഡ് ബുള്‍’ വയസ്സന്‍ കാള എന്ന് പറയുന്നത് അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ സീനിയര്‍ മെമ്പര്‍മാരെയാണ്. അവര്‍ ശക്തരാണ്, പത്രമാധ്യമങ്ങള്‍ അവരുടെ വാക്കുകള്‍ ശ്രദ്ധിക്കും. റിപ്പോര്‍ട്ട് ചെയ്യും.
‘കാളകള്‍ക്ക് വല്ലാത്ത സ്വാധീനമാണ് അല്ലെ ?’
‘അതെ കാളപ്പോര്, കാളപൂട്ട്, മരയടി, ജെല്ലിക്കെട്ട് അങ്ങനെ കാള രാഷ്ട്രീയത്തിലെ ഗതി വിഗതികളെ നിയന്ത്രിക്കുന്നുമുണ്ട്.’
‘നമ്മുടെ നാട്ടില്‍ കാളപൂട്ട് മത്സരങ്ങള്‍ അപൂര്‍വ്വമായി. അല്ലെ?’
‘കൃഷിയുണ്ടെങ്കിലല്ലേ കാളകള്‍ ഉണ്ടാവൂ.. ഇപ്പോള്‍ കന്ന് വെച്ച് പൂട്ടുന്നത് തീരെ ഇല്ലാതായി എല്ലാം ട്രാക്ടറില്‍ ആയി.’
‘കാളപ്പോര് നമ്മുടെ നാട്ടില്‍ ഇല്ല, പക്ഷെ കോഴിപ്പോര് ഉണ്ട് അല്ലെ ?’
‘പിന്നെ.. നിരോധിച്ചതാണെങ്കിലും കോഴിപ്പോര് ആന്ധ്രയിലും മറ്റും വ്യാപകമാണ്. അഞ്ഞൂറ് കോടിയുടെ ബിസിനസ്സാണ്. പോരില്‍ ഒന്നാം സമ്മാനം 10 ലക്ഷം വരെയൊക്കെയാണ്. കോഴിയുടെ കാലില്‍ ചെറിയ കത്തി പിടിപ്പിച്ച് .. രക്തരൂക്ഷിതമാണ് കോഴിപ്പോര്..’
‘നമ്മുടെ നാട്ടിലും കാളപൂട്ടില്‍ സമര്‍ത്ഥരായ ചില മലപ്പുറത്തുകാര്‍ അതിന് മദ്യവും മാംസഭക്ഷണവുമൊക്കെ കൊടുത്ത് ഉത്തേജിപ്പിച്ചാണ് വിടുന്നത് എന്ന് കേട്ടിട്ടുണ്ട്.’
‘മൃഗങ്ങളെ ഉപദ്രവിച്ചുള്ള ഒരു പരിപാടിയും അനുവദിച്ചുകൂടാ..’ മാഷ് അഹിംസാ വാദിയായി.
‘എന്നാല്‍ ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിച്ച് ഉപദ്രവിക്കുന്നതോ ?’
‘അതും കുറയ്ക്കണം .. കാളയ്ക്ക് പകരം കൃത്രിമ കാളകളെയല്ലേ നാം ഇപ്പോള്‍ ഉപയോഗിക്കുന്നത് ?’
‘ആനപ്രേമികള്‍.. കേള്‍ക്കണ്ട മാഷേ.. സംസ്‌ക്കാരത്തിന് കോട്ടം തട്ടും !’
‘ഹ..ഹ.. ജനാധിപത്യ രാജ്യമായതുകൊണ്ട് നിരോധനം കൊണ്ട് വന്നാല്‍ കാളപ്പോരു തുടങ്ങും..അല്ലെ?’
‘കോക്ക് ഫൈറ്റ് .. സാക്ഷാല്‍ രക്തരൂക്ഷിത കോഴിപ്പോര് ! ..’
‘നിരോധനം ഒന്നുമില്ലാതെ ദേശീയ ചിഹ്നം പുതിയ പാര്‍ലിമെന്റ് കെട്ടിടത്തില്‍ കയറ്റിയത് കണ്ടു വെറളിപിടിച്ചിരിക്കയാണ് ഒരു കൂട്ടര്‍. ഓരോന്നിനും ഓരോ പൂജയും, ഇനിയിപ്പോ മന്ദിരം ഉദ്ഘാടനത്തിന് ഫലകത്തില്‍ ‘നരേന്ദ്ര ദാമോദര്‍ ദാസ് മോദി’ എന്ന പേരും എങ്ങനെ സഹിക്കും? എന്തിനാണ് ഈ മോദിജി ഇങ്ങനെയൊക്കെ ?
‘മാഷേ .. അധികാരമുണ്ടെങ്കില്‍ അത് ചെയ്യും. ഗുരുവായൂരമ്പലത്തില്‍ കൃഷ്ണന്‍ എവിടെയാണ് ഇരിക്കുന്നത് എന്നറിയാത്ത പിണറായിയുടെ പേരുള്ള ഫലകം അമ്പലത്തിന്റെ ചുറ്റുമതിലില്‍ വെച്ചതും അതുകൊണ്ടുതന്നെ. ഇത് അതിനേക്കാള്‍ എത്രയോ ഭേദം. ഒന്നുമില്ലെങ്കില്‍ പാര്‍ലമെന്റിനെ ക്ഷേത്രം പോലെ കണക്കാക്കുന്ന ആളാണല്ലോ മോദിജി.’
കുടയെടുത്ത് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ മാഷ് പറഞ്ഞു:
‘വിമര്‍ശനത്തിന്റെ മുനയൊടിഞ്ഞ സ്ഥിതിയ്ക്ക് ‘എമ്മെക്കാരന്‍ ശിശു’ വും മറ്റു മൂര്‍ഖരും മൗനം പാലിക്കുമെന്ന് കരുതാമോ എന്തോ?’
മാഷുടെ ആ ചോദ്യത്തിന് ഞാന്‍ ഇത്രയും മറുപടിയും നല്‍കി.
‘സത്യമേവ ജയതേ എന്ന് സ്തംഭത്തില്‍ എഴുതിയിട്ടുണ്ടെങ്കിലും ധര്‍മ്മ ചക്രത്തിനുള്ള പ്രാധാന്യം ഏറെയാണ് മാഷേ..
ഹ..ഹ..
സര്‍വ്വം ധര്‍മ്മ ചക്ര പ്രവര്‍ത്തനായ….’