ലഭ്യമായ സൂചനകളനുസരിച്ച് കലാപത്തിന് നേതൃത്വം കൊടുത്തവരെയും അവരുടെ കലാപത്തിലെ പങ്കാളിത്തത്തെക്കുറിച്ചും ഇങ്ങനെ ചുരുക്കാം.
രാമന്‍ നമ്പി
1812ലെ കലാപത്തിന്റെ പ്രധാന സൂത്രധാരനും ആസൂത്രകനും നേതാവും രാമന്‍ നമ്പിയായിരുന്നു. ഗണപതിവട്ടത്തിന് അടുത്തുള്ള കുറിച്യാട് സ്വദേശിയായിരുന്നു രാമന്‍ നമ്പി. കുറുമ സമുദായാംഗമായ രാമന്‍നമ്പിയാണ് കുറുമപ്പടക്ക് രൂപംകൊടുത്തത്.കുറുമസമുദായത്തിലെ ദേശമൂപ്പന്റെ ആജ്ഞാനുവര്‍ത്തിയായ വാല്യക്കാരനായിരുന്നു രാമറ്. നാട്ടുകാര്‍ സ്‌നേഹാദരപൂര്‍വ്വം അദ്ദേഹത്തെ നമ്പി എന്ന് വിളിച്ചു. രാമറ് നമ്പിയാണ് പിന്നീട് രാമന്‍ നമ്പി എന്നറിയപ്പെട്ടത്. കുറിച്യാട് സായിപ്പന്മാരെ ബന്ധിയാക്കി ഗിരിവര്‍ഗകലാപത്തിനു തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. 1812 മാര്‍ച്ച് 27ന് പുല്‍പ്പള്ളി മുരിക്കന്മാര്‍ ക്ഷേത്രത്തില്‍ വച്ച് വിളംബര പ്രഖ്യാപനം നടത്തിയതും രാമന്‍ നമ്പിയാണ്. അത് 1812 ലെ കലാപത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച സംഭവമായിരുന്നു. കുറ്റ്യാടി ചുരത്തില്‍ വെച്ച് ഇംഗ്ലീഷ് സൈന്യത്തെ നിശ്ശേഷം തകര്‍ത്ത് വയനാടന്‍ കലാപത്തിന്റെ നേതാവായി മാറി. മകനെയും കുടുംബാംഗങ്ങളെയും ബ്രിട്ടീഷുകാര്‍ പിടിച്ചു ബന്ദികളാക്കി. അവരെ മോചിപ്പിക്കാനുള്ള പോരാട്ടത്തില്‍ 1812 ഏപ്രില്‍ 30ന് കുടക് സൈനിക പോസ്റ്റ് ആക്രമിക്കുന്നതിനിടയില്‍ വെടിയേറ്റുമരിച്ചു. മരിക്കുമ്പോള്‍ ഏതാണ്ട് 50നോടടുത്ത് പ്രായമുണ്ടാകും. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരനായ വനവാസി പോരാളിയായിരുന്നു രാമന്‍ നമ്പി.
വെങ്കലോന്‍ കേളു
വെങ്കലോന്‍ കേളു 1812 ലെ ഗിരിവര്‍ഗ കലാപത്തില്‍ സജീവമായ പങ്കാളിയായ കുറിച്യപ്പടയാളിയാണ്. രാമന്‍ നമ്പിയുടെ വീരമൃത്യുവിനു ശേഷം ശക്തമായി കലാപത്തെ നയിച്ച ധീരന്‍. വ്യക്തിപരമായ വിവരങ്ങള്‍ ലഭ്യമല്ല. 1812 മെയ് 8ന് വെങ്കലോന്‍ കേളു വധിക്കപ്പെട്ടതോടെയാണ് കലാപം അവസാനിച്ചതായി ടി.എച്ച്. ബാബര്‍ പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് 1812 ലെ കലാപത്തിലെ ശക്തനായ പോരാളിയായിരുന്നു വെങ്കലോന്‍ കേളു എന്നു പറയാം.
പ്ലാക്ക ചന്തു
പ്ലാക്ക ചന്തു എന്ന പേര് സൂചിപ്പിക്കുന്നത് അദ്ദേഹം കുറിച്യപ്പടയിലെ പോരാളിയാണ് എന്നാണ്. അദ്ദേഹത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തറവാട് പേരിനോട് ചേര്‍ന്ന് സ്വന്തം പേരു ചേര്‍ക്കുന്ന പതിവ് കുറിച്യരിലുണ്ട്. എന്നാല്‍ പ്ലാക്ക എന്ന പേരില്‍ ഒരു കുറിച്യത്തറവാട് വയനാട്ടില്‍ ഉണ്ടായിരുന്നതായി അറിവില്ല. പിലാക്കര എന്ന പേരില്‍ ഒരു കുറിച്യത്തറവാട് വെളുമ്പുകണ്ടത്തിനടുത്ത് ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. തലക്കര ചന്തുവിന്റെ ഭാര്യവീട് അവിടെയായിരുന്നു. തലക്കര ചന്തു ദീര്‍ഘകാലം അവിടെ താമസിച്ചതായി പറയുന്നു. പിലാക്കര ചന്തു എന്നത് ബ്രിട്ടീഷ് രേഖകളില്‍ പ്ലാക്ക ചന്തു എന്ന് പ്രയോഗിച്ചതാണോ എന്ന് സംശയിക്കാം. തലക്കര ചന്തുവിനോടൊപ്പം പഴശ്ശി സമരങ്ങളില്‍ പ്ലാക്ക ചന്തു പങ്കാളിയായിരിക്കാം. രാമന്‍ നമ്പിയോടൊപ്പം 1812 ലെ കലാപത്തില്‍ സജീവമായി പങ്കെടുത്തു. 1812 ഏപ്രില്‍ 29ന് മാനന്തവാടിയില്‍ വച്ച് നടന്ന പോരാട്ടത്തില്‍ ധീരമായി മരണം ഏറ്റുവാങ്ങി.
മാമ്പിലാന്തോടന്‍ യാമു
മാമ്പിലാന്തോടന്‍ യാമു ചെട്ടി സമുദായത്തിലെ ധീരനായ പോരാളിയായിരുന്നു. ബ്രിട്ടീഷ് രേഖകള്‍ മാമ്പിലാന്തോടന്‍ യാമു എന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. എന്നാല്‍ യഥാര്‍ത്ഥ പേര് മാവിലാന്തോടന്‍ യാമു എന്നായിരിക്കാം. മാവിലാന്തോട് വച്ചാണ് പഴശ്ശിരാജ വീരമൃത്യു വരിക്കുന്നത്. പഴശ്ശിസമരങ്ങളില്‍ പങ്കെടുത്ത പോരാളിയാകാം. എന്നാല്‍ അത്തരം സൂചനകള്‍ ലഭ്യമായിട്ടില്ല. പഴശ്ശി രാജാവിന്റെ മരണശേഷം കലാപത്തില്‍ സജീവമായി പങ്കാളിയായതാവാനും വഴിയുണ്ട്. കുറിച്യാട്, കുപ്പാടി, കുറ്റ്യാടിച്ചുരം, കുഞ്ഞോം എന്നിവിടങ്ങളില്‍ വച്ച് നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു. പുല്‍പ്പള്ളി മുരിക്കന്മാര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന കലാപത്തിന്റെ വിളംബര പ്രഖ്യാപനത്തില്‍ പ്രധാന പങ്ക് വഹിച്ചതും ഇദ്ദേഹമാണ്. ബ്രിട്ടീഷ് സൈനിക മാര്‍ച്ചിനെ കുഞ്ഞോത്ത് വച്ച് ആക്രമിക്കുന്നതിന് നേതൃത്വം നല്‍കി. 1812 ഏപ്രില്‍ 28ന് കുഞ്ഞോത്തുവച്ച് ആ പോരാട്ടത്തില്‍ വീരമൃത്യു വരിച്ചു.
അയിരവീട്ടില്‍ കോന്തപ്പന്‍
അയിരവീട്ടില്‍ കോന്തപ്പന്‍ 1812ലെ കലാപത്തിലെ കരുത്തനായ നേതാവാണ്. 1812 ഏപ്രില്‍ 1ന് നടന്ന നല്ലൂര്‍നാട് കലാപത്തിന്റെ സൂത്രധാരനും ആസൂത്രകനും നേതാവും അദ്ദേഹമായിരുന്നു. അയിരവീട്ടില്‍ എന്നത് പ്രസിദ്ധമായ നായര്‍ തറവാടാണ്. മാനന്തവാടി താലൂക്കിലെ പോരൂര്‍ ദേശമാണ് അവരുടെ കേന്ദ്രം. അവരുടെ തറവാടും അവിടെയായിരുന്നു. എടച്ചന നായന്മാരെ പോലെ വിപ്ലവവീര്യം പ്രദര്‍ശിപ്പിച്ചവരായിരുന്നു അവരും. അദ്ദേഹത്തിന്റെ സമീപദേശമായിരുന്നു നല്ലൂര്‍നാട്. അവിടുത്തെ നായന്മാരെയും കുറിച്യരെയും സംഘടിപ്പിച്ച് 1812 ഏപ്രില്‍ 1ന് കലാപം നടത്തി. തുടര്‍ന്ന് അക്കാലത്തെ മറ്റു കലാപങ്ങളിലും സജീവ പങ്കാളിയായി. 1812 ഏപ്രില്‍ 28ന് കുഞ്ഞോത്ത് വെച്ച് ബ്രിട്ടീഷ് സൈനിക മാര്‍ച്ചിനെ ആക്രമിച്ചു. ആ ആക്രമണത്തില്‍ അദ്ദേഹം വീരമൃത്യുവരിച്ചു.
രാമന്‍ നമ്പി- തികഞ്ഞ വിപ്ലവകാരി
രാമന്‍ നമ്പി എന്ന വിപ്ലവകാരിയെ ബ്രിട്ടീഷുകാര്‍ ഭയപ്പെട്ടിരുന്നു എന്നതിന് അദ്ദേഹത്തിന്റെ മരണാനന്തരം ബ്രിട്ടീഷുകാര്‍ നടത്തിയ കാര്യങ്ങള്‍ തെളിവാണ്. രാമന്‍ നമ്പിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ആ ഓപ്പറേഷന് നേതൃത്വം നല്‍കിയ കേണല്‍ ജയിംസ് വെല്‍ഷ് തന്റെ സൈനികരോട് അദ്ദേഹത്തിന്റെ തലയറുത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. വയനാടിന്റെ ചുമതലയുണ്ടായിരുന്ന മേലുദ്യോഗസ്ഥനും മലബാര്‍ സബ് കളക്ടറുമായ ടി.എച്ച്. ബാബറെ ആ തല ഏല്‍പ്പിക്കുന്നു. ബാബര്‍ തന്റെ വിശ്വസ്തനായ റവന്യൂ ഉദ്യോഗസ്ഥന്‍ കണാരമേനോനെ കാണിച്ച് ആ ശിരസ്സ് രാമന്‍ നമ്പിയുടേത് തന്നെയാണെന്ന് ഉറപ്പിക്കുന്നു. എന്നിട്ടും തൃപ്തിവരാതെ ബാബര്‍ ഏതാനും ദിവസങ്ങള്‍ മുമ്പ് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം പിടികൂടിയിരുന്ന മകനെയും ഇത് കാണിച്ചുകൊടുത്തു. ‘മനക്കരുത്തോടും തികഞ്ഞ നിശ്ശബ്ദതയോടും അവനും അത് അംഗീകരിച്ചു.’ ഇത് കേണല്‍ ജയിംസ് വെല്‍ഷ് തന്നെ തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ വിശദീകരിക്കുന്നതാണ്.
മരണാനന്തരം ഇത്തരം കടുത്ത നിലപാടുകള്‍ രാമന്‍ നമ്പിയോട് കാണിച്ചതില്‍നിന്നും അദ്ദേഹത്തിന്റെ വിപ്ലവവീര്യമാണ് പ്രകടമാകുന്നത്. രാമന്‍ നമ്പിയുടെ മരണം ബ്രിട്ടീഷുകാര്‍ എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ഒരുപക്ഷെ അദ്ദേഹത്തിന്റെ തലക്ക് വലിയ ഇനാംപ്രഖ്യാപിച്ചിരിക്കാം. പഴശ്ശി സമരങ്ങളിലെ കലാപകാരികളെ കാണിച്ചുകൊടുക്കുന്നവര്‍ക്കും പിടിച്ചു കൊടുക്കുന്നവര്‍ക്കും വധിക്കുന്നവര്‍ക്കും പ്രത്യേകം പ്രത്യേകം ഇനാം പ്രഖ്യാപിച്ചിരുന്നു. അത്തരത്തില്‍ 1812 ലെ കലാപത്തില്‍ പങ്കെടുത്ത പടനായകന്മാര്‍ക്കും പ്രത്യേകം പ്രത്യേകം ഇനാം പ്രഖ്യാപിച്ചിട്ടുണ്ടാവാം. അതിനെ കുറിച്ചുള്ള രേഖകള്‍ വരുംകാലത്ത് ലഭ്യമാകും എന്ന് വിശ്വസിക്കുന്നു. രാമന്‍ നമ്പിയുടെ തലയെ ഇത്രയധികം പരിശോധന നടത്തി ഉറപ്പുവരുത്തിയത് രണ്ടു കാരണങ്ങളാലാകാം. അദ്ദേഹത്തിന്റെ മരണം ബ്രിട്ടീഷുകാര്‍ക്ക് അത്യാവശ്യമായിരുന്നു എന്നതും അദ്ദേഹത്തിന്റെ തലക്ക് വലിയ ഇനാം പ്രഖ്യാപിച്ചിട്ടുണ്ടാവും എന്നതുമാണ്. രാമന്‍ നമ്പിയുടെ മരണത്തെ സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ച് ബ്രിട്ടീഷുകാര്‍ കള്ളം പ്രചരിപ്പിച്ചു എന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. സ്വന്തം ജനങ്ങളാല്‍ വഞ്ചിക്കപ്പെട്ട് രാമന്‍ നമ്പി കഴുത്തില്‍ അമ്പേറ്റ് മരിച്ചു എന്നാണ് കേണല്‍ ജയിംസ് വെല്‍ഷ് വ്യക്തമാക്കുന്നത്. എന്നാല്‍ അത് വസ്തുതാവിരുദ്ധമാണ്. കാരണം സ്വന്തം ആളുകളാല്‍ വഞ്ചിക്കപ്പെടാന്‍ യാതൊരു സാധ്യതയുമില്ല. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത് ചുരുക്കം ചില കുറുമ പടയാളികള്‍ മാത്രമായിരുന്നു. അവരാകട്ടെ പുല്‍പ്പള്ളി ക്ഷേത്രത്തില്‍ വച്ച് സായിപ്പന്മാരെ ആട്ടിപ്പായിക്കാനുള്ള പോരാട്ടത്തില്‍ മരണംവരെയും ഉണ്ടാകുമെന്ന് പ്രതിജ്ഞ ചെയ്തവരാണ്. കുറിച്യാട്, കുപ്പാടി, കുറ്റ്യാടിച്ചുരം, കുടക് തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ബ്രിട്ടീഷുകാരെ നേരിട്ട പോരാളികളാണ്. അവരില്‍ നിന്നും ചതിയും വഞ്ചനയും പ്രതീക്ഷിക്കുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല.
ഭാരതത്തിന്റെ സുദീര്‍ഘമായ ചരിത്രത്തില്‍ വഞ്ചനയുടെയും ചതിയുടെയും നിരവധി സന്ദര്‍ഭങ്ങളുണ്ട്. അധിനിവേശശക്തികള്‍ക്കെതിരെ നടത്തിയ പല പോരാട്ടങ്ങളിലും ഭീഷണിയായി നിന്നത് അത്തരം ആഭ്യന്തരശത്രുക്കള്‍ തന്നെയാണ്. കൂടെയുണ്ടായിരുന്ന അപൂര്‍വ്വം ചിലരുടെ ചതിയും വഞ്ചനയുമാണ് പല അധിനിവേശവിരുദ്ധ പോരാട്ടങ്ങളെയും പരാജയപ്പെടുത്തിയത്. എന്നാല്‍ വെളിച്ചപ്പാടന്മാരുടെ അരുളപ്പാടുകള്‍ ശിരസ്സാവഹിച്ച് ദൈവസന്നിധിയില്‍വെച്ച് ഈശ്വര നാമത്തില്‍ പ്രതിജ്ഞയെടുത്ത് പരമ്പരാഗത ആയുധങ്ങളുമായി ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ അങ്കം കുറിച്ച് പോരാട്ടത്തിനിറങ്ങിയ വനവാസി സഹോദരന്മാരില്‍ നിന്നും അത്തരം നീക്കങ്ങള്‍ ഉണ്ടാവാന്‍ വിദൂരമായ സാധ്യത പോലുമില്ല.
നിയന്ത്രിക്കാനും അടിച്ചമര്‍ത്താനും കഴിയാത്ത കലാപം
1812 മെയ് 8ന് കലാപം അടിച്ചമര്‍ത്തി എന്നാണ് ടി.എച്ച്.ബാബര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്. അതും വസ്തുതാവിരുദ്ധമായ ഒരു റിപ്പോര്‍ട്ടാണ്. കലാപം പിന്നെയും 1820 വരെയും തുടര്‍ന്നു എന്നതാണ് വാസ്തവം. മേലധികാരികളുടെയും ബ്രിട്ടീഷ് സുപ്രീം ഗവണ്‍മെന്റിന്റെയും പ്രീതി പിടിച്ചുപറ്റാനാണ് കലാപം അടിച്ചമര്‍ത്തി ((The riot was suppressed) ) എന്ന് ഓപ്പറേഷന് നേതൃത്വം കൊടുത്ത പ്രാദേശിക ഉദ്യോഗസ്ഥര്‍ പ്രചരിപ്പിച്ചത്. എന്നിട്ടും 50 കുറിച്യ വിപ്ലവകാരികള്‍ കീഴടങ്ങാതെയിരുന്നു. അവരെ പിടികൂടാനും കഴിഞ്ഞില്ല എന്ന് കേണല്‍ ജയിംസ് വെല്‍ഷ് പറയുന്നു. അതേക്കുറിച്ച് മേലധികാരികള്‍ അന്വേഷിച്ചപ്പോള്‍ ‘ആ 50 കുറിച്യരില്‍ മൂന്നോ നാലോ പേര്‍ മാത്രമേ പ്രശ്‌നക്കാരായുള്ളൂ’എന്ന മുടന്തന്‍ ന്യായമാണ് ടി.എച്ച്.ബാബര്‍ നിരത്തുന്നത്.
1812 ലെ കലാപത്തെ എത്രയും പെട്ടെന്നുതന്നെ അടിച്ചമര്‍ത്തണം എന്ന അന്തിമമായ താക്കീത് ബ്രിട്ടീഷ് മേലധികാരികളില്‍ നിന്നും ബാബറിനു ലഭിച്ചിരുന്നു എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണ് പാതിവഴിയില്‍ വെച്ച് തന്നെ കലാപം അവസാനിച്ചു എന്ന് റിപ്പോര്‍ട്ട് കൊടുത്തത്. വയനാട്ടില്‍ സമാധാനം പുലര്‍ന്നെന്നും ജനങ്ങള്‍ ക്ഷമാപൂര്‍വ്വം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങിയെന്നും പറയുന്നതില്‍ നിന്ന് അത് വ്യക്തമാണ്. 1812 ലെ ഗിരിവര്‍ഗകലാപം ബ്രിട്ടീഷുകാര്‍ക്ക് അത്രയധികം പ്രയാസങ്ങള്‍ സൃഷ്ടിച്ചു എന്നതില്‍ തര്‍ക്കമില്ല.
1812നുശേഷം വയനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ കലാപം തുടര്‍ന്നതിന്റെ തെളിവുകളുണ്ട്. പുല്‍പ്പള്ളി, പാക്കം, പനമരം, തിണ്ടുമ്മല്‍, നല്ലൂര്‍നാട്, പുളിഞ്ഞാല്‍ കുഞ്ഞോം തുടങ്ങി വനവാസികള്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ കലാപങ്ങള്‍ തുടര്‍ന്നു. അതതു പ്രദേശങ്ങളിലുളള ചിലര്‍ ചേര്‍ന്ന് ഒരു നേതാവും ഇല്ലാതെ തന്നെ സംഘടിതമായോ ആസൂത്രണം ചെയ്‌തോ അല്ലാതെയാണ് ഈ കലാപങ്ങള്‍ നടത്തിയത്. അത്തരം കലാപങ്ങളില്‍ വീറും ശൗര്യവും കുറവായിരുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലീഷുകാര്‍ക്ക് അടിച്ചമര്‍ത്താന്‍ എളുപ്പത്തില്‍ സാധിച്ചു. എങ്കിലും തോമസ് വാര്‍ഡന്‍ അവയെ ‘നിയന്ത്രിക്കാനും അടിച്ചമര്‍ത്താനും പറ്റാത്ത കലാപങ്ങള്‍’ എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. കാരണം ഒരു പ്രദേശത്തെ കലാപങ്ങള്‍ അടിച്ചമര്‍ത്തുമ്പോള്‍ മറ്റൊരിടത്ത് കലാപം ആരംഭിക്കും. അവിടുത്തെ കലാപം അടിച്ചമര്‍ത്തുമ്പോള്‍ പഴയസ്ഥലത്തെ കലാപം വീണ്ടും ആരംഭിക്കും. അതുകൊണ്ടാണ് ‘നിയന്ത്രിക്കാനും അടിച്ചമര്‍ത്താനും പറ്റാത്ത കലാപങ്ങളാണ്’ 1812നു ശേഷം നടന്നത് എന്ന് പറയുന്നത്.
1812നു ശേഷമുള്ള സമരങ്ങള്‍ നിയന്ത്രിക്കാനും അടിച്ചമര്‍ത്താനും സാധിക്കാത്തതിനുള്ള പ്രധാന കാരണം അനാഥമായ സമരങ്ങളായിരുന്നു എന്നതാണ്. പഴശ്ശിരാജ, എടച്ചന കുങ്കന്‍, തലക്കര ചന്തു, രാമന്‍ നമ്പി എന്നിവരെപ്പോലെ 1812നു ശേഷമുള്ള ഗിരിവര്‍ഗകലാപങ്ങള്‍ക്ക് ശക്തമായ നേതൃത്വം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കൃത്യമായ ആസൂത്രണമോ സംഘടിതമായ രൂപമോ ഐക്യമോ ആ പ്രക്ഷോഭങ്ങള്‍ക്ക് ഉണ്ടായതുമില്ല. അതിനാല്‍ അത്തരം പ്രക്ഷോഭങ്ങള്‍ക്ക് കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞതുമില്ല. ബ്രിട്ടീഷുകാര്‍ക്ക് അടിച്ചമര്‍ത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടിയും വന്നില്ല. കാരണം പലതും സ്വയം ഇല്ലാതാവുകയാണ് ചെയ്തത്. പഴശ്ശിസമരങ്ങളിലും 1812ലെ കലാപത്തിലും തദ്ദേശീയര്‍ ചിന്തിയ ചോരക്ക് അളവില്ല.ഒരു തുള്ളി ചോര പോലും ചിന്താതെയാണ് ഭാരതം സ്വാതന്ത്ര്യം നേടിയത് എന്ന വാദം ചിലര്‍ ഉന്നയിക്കാറുണ്ട്.എന്നാല്‍ 1812 വരെയുള്ള കാല്‍നൂറ്റാണ്ടിനുളളില്‍ വയനാട്ടില്‍ തന്നെ നിരവധി രക്തച്ചൊരിച്ചില്‍ ഉണ്ടായിട്ടുണ്ട്. ഒരു തുള്ളി ചോരയല്ല ഒരു ചോരപ്പുഴ തന്നെ വയനാട്ടിലൂടെ അക്കാലത്ത് ഒഴുകിയിട്ടുണ്ട്. എന്നാല്‍ 1812നു ശേഷം രക്തച്ചൊരിച്ചില്‍ ഇല്ലാതെയാണ് കുറച്ചുകാലത്തേക്കെങ്കിലും ബ്രിട്ടീഷ് സൈന്യം കലാപങ്ങളെ നേരിട്ടത്. കലാപകാരികളെ അറസ്റ്റുചെയ്ത് പ്രത്യേകം സജ്ജമാക്കിയ ജയിലറകളില്‍ അടക്കുന്ന സമ്പ്രദായം ആരംഭിച്ചു. ജയിലറകളില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാക്കി കൊലപ്പെടുത്തുകയോ വിചാരണ നടത്തി വധശിക്ഷക്ക് വിധിക്കുകയോ ചെയ്യുന്ന രീതി അവര്‍ പിന്നീടവലംബിച്ചു. സായുധാക്രമണങ്ങളിലൂടെ ഭാരതത്തെ കീഴ്‌പ്പെടുത്താന്‍ ആവില്ലെന്ന് ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്താന്‍ പഴശ്ശിസമരങ്ങള്‍ക്കും 1812ലെ ഗിരിവര്‍ഗകലാപങ്ങള്‍ക്കും കഴിഞ്ഞു എന്നത് അഭിമാനകരമായ വസ്തുതയാണ്.
(അവസാനിച്ചു)
ആധാരഗ്രന്ഥങ്ങള്‍
C.Gopalan Nair,Wayanad Its People and Traditions,Madrass,1911
Franscis Buchanan, A Journey from Madrass through Mysore,Canara and Malabar,Delhi,1807
James Welsh, Military Reminiscence
Edgar Thurston,Castes and Tribes of Southern India, Madrass,1909
T.K.Raveendran, Institutions and Movements in Kerala History, Trivandrum,1978
K.V.KrishnaIyar,A Short History of Kerala, Ernakulam,1966
P.R.G.Mathure,Tribal Situation in Kerala, Trivandrum,1966
വില്യം ലോഗന്‍, മലബാര്‍ മാന്വല്‍ (തര്‍ജമ ടി.വി.കൃഷ്ണന്‍), കോഴിക്കോട്, 2004
ഡോ.കെ.കെ.എന്‍.കുറുപ്പ്, പഴശ്ശിസമരങ്ങള്‍, തിരുവനന്തപുരം,1980
ഡോ.ടി.കെ.രവീന്ദ്രന്‍,1812ലെ കുറിച്യ കലാപം (വിവര്‍ത്തനം പി.ബാലകൃഷ്ണന്‍) കേരള വനവാസി വികാസ കേന്ദ്രം, കോഴിക്കോട്.
ഒ.കെ.ജോണി, വയനാട് രേഖകള്‍, കോഴിക്കോട്, 2001
പുറത്തൂര്‍ ശ്രീധരന്‍, കേരള ചരിത്രം, എച്ച് & സി ബുക്‌സ്, തൃശ്ശൂര്‍
ഡോ.സ്‌കറിയ സക്കറിയ (എഡിറ്റര്‍) തലശ്ശേരി രേഖകള്‍, നാഷണല്‍ ബുക്ക് സ്റ്റാള്‍, തിരുവനന്തപുരം
ജോസഫ് സ്‌കറിയ, പഴശ്ശി രേഖകളിലെ വ്യവഹാരഭാഷ, കോഴിക്കോട്, 2007
മുണ്ടക്കയം ഗോപി, കുറും പുറൈ, കല്‍പ്പറ്റ
മുണ്ടക്കയം ഗോപി, അറിയപ്പെടാത്ത വയനാട്, കല്‍പ്പറ്റ,2002
വി.കെ.സന്തോഷ് കുമാര്‍, എടച്ചന കുങ്കന്‍ ജീവിതവും പോരാട്ടവും,പൈതൃകം ബുക്‌സ്, 2020
ഡോ.അസീസ് തരുവണ, വയനാട്ടിലെ ആദിവാസികള്‍ ചരിത്രവും വര്‍ത്തമാനവും,കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
കേസരി, വൃത്താന്തം, പ്രഗതി (വിവിധ ലക്കങ്ങള്‍)