കോഴിക്കോട്: കോവിഡ് പ്രതിസന്ധിയും റഷ്യ-ഉക്രൈന് യുദ്ധവും കാരണം അച്ചടി മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി കേരള റീജണല്‍ കമ്മറ്റി ചെയര്മാന് എം.വി. ശ്രേയാംസ്കുമാര്‍ ആവശ്യപ്പെട്ടു. പത്രവ്യവസായത്തിന്റെ ഉല്പാദന ചിലവിന്റെ അമ്പത് ശതമാനത്തിലധികം പത്രക്കടലാസാണ്. കോവിഡ് മൂലം ആഗോള തലത്തില്‍ ഫാക്ടറികള്‍ പലതും അടച്ചു പൂട്ടിയതിനാല്‍ ന്യൂസ്പ്രിന്റ് ലഭ്യതയില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. ഇതുമൂലം ന്യൂസ്പ്രിന്റിന്റെ വില കഴിഞ്ഞ ഒന്നര വര്‍ഷമായി കുതിച്ചുയരുകയാണ്.
ഇന്ത്യയിലേക്കാവശ്യമായ ന്യൂസ്പ്രിന്റിന്റെ നാല്പത്തഞ്ച് ശതമാനവും ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍ നിന്നാണ്. ഉക്രൈനുമായുള്ള യുദ്ധം കാരണം റഷ്യക്കെതിരെ യു.എസ്സും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചതോടെ റഷ്യയില്‍ നിന്നുള്ള പത്രക്കടലാസ് ഇറക്കുമതി നിലച്ചിരിക്കുകയാണ്. ഇതുമൂലം പത്രക്കടലാസിന് വലിയ വന്വിലവര്ദ്ധനവാണ് ഉണ്ടായിട്ടുളളത്. ടണ്ണിന് 450 യു.എസ്. ഡോളറായിരുന്ന പത്രക്കടലാസിന്റെ വില ഇപ്പോള്‍ 1000 ഡോളര്‍ കടന്നിരിക്കുന്നു. പത്രവ്യവസായത്തിന്റെ നിലനില്പുതന്നെ ആശങ്കപ്പെടുത്തുന്ന സ്ഥിതിവിശേഷമാണുളളത്. ഒട്ടനവധി ദിനപത്രങ്ങളും മാസികകളും ഇതിനകം അടച്ചുപൂട്ടുകയുണ്ടായി. അതുകൊണ്ട് തന്നെ അച്ചടി മാധ്യമങ്ങളെ രക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.