കേശുവേട്ടന്റെ മെസ്സേജ് ‘ഈ വഴി പോകുമ്പോള്‍ ഒന്ന് വരണേ.. ചെറിയ ഒരു കംപ്യൂട്ടര്‍ പ്രോബ്ലം’.
കാര്യമായി ഒന്നും ഉണ്ടാവില്ല. മിക്കവാറും ഏതെങ്കിലും പാസ്സ്വേര്‍ഡ് മറന്നതാവും.
വൈകീട്ട് കുടയെടുത്ത് പതുക്കെ ഇറങ്ങി. പുറത്ത് പോക്കുവെയില്‍ ചെരിഞ്ഞ് വീഴുന്നുണ്ടായിരുന്നു.
കേശുവേട്ടന്റെ വീട്ടില്‍ കേറിയപ്പോള്‍ തന്നെ പുള്ളിയുടെ ശ്രദ്ധ കുടയിലായി.
‘എന്താ ഈ കാക്കാലന്‍ കുടയുമായി?’
‘ഇതുകൊണ്ടു രണ്ടു കാര്യമുണ്ട്. ഒന്ന് മഴ. രണ്ട് ശുനക ശല്യത്തിന് ഒരു പരിഹാരം.’
‘ശരിയാണ്.. കോര്‍പ്പറേഷന്‍ ശുനക പ്രജനന യജ്ഞ’ത്തില്‍ മുഴുകിയിരിക്കയാണെന്നു തോന്നുന്നു.’
തിണ്ടത്ത് കേറിയിരുന്നപ്പോള്‍ കേശുവേട്ടന്‍ തുടര്‍ന്നു:
‘എവിടെ മഴ? കണ്ടില്ലേ വെയില്.. ഇടവപ്പാതി പോയി. മിഥുനം പകുതിയായി. മഴ മടിച്ച് മടിച്ചാണ് പെയ്യുന്നത്.’
‘മഴയ്ക്ക് ഇപ്പോള്‍ പഞ്ഞമാസമാണ്.. നമ്മുടെ പഞ്ഞമാസത്തില്‍ മഴ വരുമായിരിക്കും’ ഞാന്‍ സമാധാനപ്പെടുത്തി.
‘കേരളത്തിന് എല്ലാ മാസവും പഞ്ഞമാസമാണ്. റിസര്‍വ് ബാങ്ക് ഭീഷണിപ്പെടുത്തിയത് കേട്ടില്ലേ ?’
‘ഹു കെയേഴ്സ് ? ..എന്നിട്ടും ധൂര്‍ത്തിനു വല്ല പഞ്ഞവുമുണ്ടോ?’
‘ലോക കേരള സഭ പോലും! ഹ..ഹ..ഹ.. എന്തിനാ അതൊക്കെ? മുണ്ടു മുറുക്കി ഉടുക്കേണ്ടയിടത്ത് 64 കൂട്ടം കൂട്ടി വള്ളസദ്യയോ?’
‘കമ്മ്യുണിസ്റ്റുകള്‍ ചാര്‍വ്വാകന്‍മാരാണ്, വിതണ്ഡന്മാരാണ്. യാവജ്ജീവേത് സുഖം ജീവേത്.. ഋണം കൃത്വാ ഘൃതം പിബേത്… ജീവിച്ചിരിക്കുന്നത്രയും കാലം സുഖമായി ജീവിക്കുക കടം വാങ്ങി അടിച്ചു പൊളിച്ച് .. ഹിന്ദിയില്‍ പറയും ‘ഋണ് ലേ ലോ.. മരണ് തോ ആയേഗാ.. ഔര്‍ ഫിര്‍ ക്യാ ഹോയേഗാ?..ച്ചാല്‍ കടം മേടിച്ചോ മരണം വന്നാല്‍ ആരു ചോദിക്കാന്‍..?’
‘ഹ..ഹ..’ കേശുവേട്ടന് അത് ക്ഷ പിടിച്ചു.
‘കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ചൈനീസ് പുരാണകഥയിലെ ഹൂലി ജിങ് പോലെ ഒമ്പത് വാലുള്ള കുറുക്കനാണ്. അതിന് രൂപമാറ്റമുണ്ടാകും ആണാവും പെണ്ണാവും സ്പിരിറ്റ് ആവും പ്രേതമാവും ആളുകളുടെ അറിവും ബുദ്ധിയും ഓര്‍മ്മശക്തിയും അത് മോഷ്ടിക്കും ഇല്ലാതാക്കും.’
‘അവസാനം പറഞ്ഞത് ശരിയാണ്. അല്ലെങ്കില്‍ ഇത്രയ്ക്ക്.. കളവ് കണ്മുന്നില്‍ കണ്ടിട്ടും മിണ്ടാട്ടമില്ലാത്ത അട്ടിപ്പേറ് അണികള്‍ ഉണ്ടാകുന്നതെങ്ങനെ?’
‘മാസ്മരിക കുറുക്കന്മാരുടെ കഴിവ് തന്നെ!’
‘അല്ല.. ഈ ഒമ്പത് വാല് എന്തിനാ?’
‘അതിനു ഉത്തരമില്ല.. പുരാണ കഥയല്ലേ. രാവണന് പത്ത് തലയെന്തിനാ എന്ന ചോദ്യം പോലെ.. ഒമ്പത്, തൊണ്ണൂറ്, തൊള്ളായിരം, തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്ന് ഇതൊക്കെ പഴയ ചൈനക്കാരുടെയും കമ്മ്യൂണിസ്റ്റുകളുടെയും ഇഷ്ടസംഖ്യകളാ..’
‘ഹ..ഹ..ഹ..’ കേശുവേട്ടന്‍ ഉറക്കെ ചിരിച്ചു.
അപ്പോഴേയ്ക്കും പോക്കുവെയില്‍ വരാന്തയില്‍ പതിച്ചു.. കൂടെ ഒരു മഴച്ചാറലും..
‘ആങ് ഹാ കുറുക്കന്റെ കാര്യം പറഞ്ഞെ ഉള്ളൂ.. നോക്കൂ.. കുറുക്കന്റെ കല്ല്യാണം.’
‘ശരിയാണ് കുട്ടിക്കാലത്ത് ഇങ്ങനെ മഴയും വെയിലും വന്നാല്‍ ഞങ്ങള്‍ കുറുക്കന്റെ കല്ല്യാണം എന്ന് പറഞ്ഞിരുന്നു.’
‘എന്തിനാ കുട്ടിക്കാലമാക്കുന്നത് ഇപ്പോഴും പറഞ്ഞോളൂ.. കേശുവേട്ടന് അറിയോ.. ലോകം മുഴുവന്‍ ഇതിന് കുറുക്കന്റെ കല്യാണം എന്നാണ് പറയുന്നത്. യൂറോപ്പിലും ജപ്പാനിലും തെക്കേ അമേരിക്കയിലും എല്ലാം.. ചിലയിടത്ത് നേരിയ വ്യതിയാനം ഉണ്ട് എന്ന് മാത്രം’
‘റിയലി?’
‘യെസ്… ഇന്ത്യയില്‍ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കുറുക്കന്റെ കല്യാണമാണ്. ചുരുക്കം ചിലയിടത്ത് കുറുക്കന്റെയും കാക്കയുടെയും കല്യാണം എന്നുണ്ട്.’
‘ആഫ്രിക്കയില്‍ ചിലയിടത്ത് കഴുതയുടെയും കുരങ്ങന്റെയും കല്ല്യാണം എന്ന് പറയും.’
‘എന്തായാലും കല്യാണം തന്നെ അല്ലെ?’
‘ഗള്‍ഫില്‍ ജോലി ചെയ്യവേ ഒരിക്കല്‍ ഇത് പോലെ മഴയും വെയിലും വന്നു. ജനല്‍ തുറന്നിട്ട് ഞാന്‍ ‘ഫോക്‌സസ് വെഡ്ഡിങ്’ എന്ന് ഉറക്കെ പറഞ്ഞു. അത് കേട്ട് ഫിലിപ്പീന്‍കാരനും സുഡാനിയും പറഞ്ഞു ഞങ്ങളുടെ നാട്ടിലും അങ്ങനെ പറയും. പിന്നെ ഓഫീസില്‍ അത് വലിയ ചര്‍ച്ചയായി. ഇംഗ്ലീഷുകാരനും പാകിസ്താനിയും ബംഗ്ലാദേശുകാരനും എല്ലാരും കുറുക്കന്റെ കല്ല്യാണം എന്ന് പറഞ്ഞു. ഫ്രഞ്ചുകാരന്‍ ഒരാള്‍ ഉണ്ടായിരുന്നു അത് കേട്ട് അയാള്‍ ചിരിച്ചു. എല്ലാരും അയാളെ നോക്കി. അയാള്‍ പറഞ്ഞു ഞങ്ങളുടെ നാട്ടില്‍ ഇങ്ങനെയുള്ള മഴയ്ക്ക്’ചെകുത്താന്‍ ഭാര്യയെ തല്ലി; മകളെ കെട്ടി’ എന്നാണ് പറയുന്നത് എന്ന്. എല്ലാരും കുടുകുടെ ചിരിച്ചു.’അത് നന്നായി.. പുതിയ അറിവായി’ എന്ന് കേശുവേട്ടന്‍.
‘ലോകത്ത് എല്ലാ പുരാതന സംസ്‌കാരത്തിലും അവരുടെ വിശ്വാസത്തിന്റെ ഭാഗമായോ ആചാരത്തിന്റെ ഭാഗമായോ ഐതിഹ്യങ്ങളിലോ കുറുക്കന്‍ ഉണ്ട്.
ചൈനീസ്, ജാപ്പനീസ്, പുരാതന ഗ്രീക്ക്, ആഫ്രിക്കന്‍, അമേരിക്കന്‍ നേറ്റിവ്ഇന്ത്യന്‍ എന്നീ സംസ്‌കാരങ്ങളില്‍ സജീവ പ്രതീകാത്മക ബിംബമാണ് കുറുക്കന്‍. നോര്‍ഡിക്ക് രാജ്യങ്ങളായ നോര്‍വ്വേ, ഫിന്‍ലാന്‍ഡ്, സ്വീഡന്‍ എന്നിവിടങ്ങളില്‍ കുറുക്കനാണ് ധ്രുവപ്രദേശത്തെ അഭൗമ പ്രകാശത്തിന്റെ (Aurora) കാരണക്കാരന്‍. ആകാശത്തിലെ ഇന്ദ്രജാലക്കാരനായ’തുളിക്കെട്ട്’ എന്ന് പേരുള്ള വന്‍ കുറുക്കന്‍ വാലാട്ടിയാണത്രെ അതി മനോഹരങ്ങളായ നിറങ്ങളുണ്ടാക്കുന്നത്.
ചൈനീസ് ജാപ്പനീസ് കഥകളില്‍ മാന്ത്രികനായ കുറുക്കന്‍ രൂപം മാറുക മാത്രമല്ല ഇടയ്ക്ക് യക്ഷിയും ആവും. ജപ്പാനില്‍ നാസു അഗ്‌നിപര്‍വ്വത താഴ്‌വരയില്‍ ഷെസ്സോ സെക്കി – മരണ കല്ല് – എന്നൊരു കല്ലുണ്ട്. അതില്‍ ഈ കുറുക്കന്റെ സ്പിരിറ്റ് – തമാമൊ നോ മയി എന്ന യക്ഷി പ്രേതം – കുടികൊള്ളുന്നുണ്ടെന്ന വിശ്വാസമുണ്ടായിരുന്നു അടുത്ത് ചെന്നാല്‍ മരണം ഉറപ്പാണെന്നും. ആ കല്ല് ഈയിടെ സ്വയം പൊട്ടി രണ്ടായി പിളര്‍ന്നു. അത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴും ആരും അടുത്ത് പോയിട്ടില്ല. ചൈനയില്‍ ഷാങ് രാജവംശത്തിന്റെ അന്ത്യം കുറിച്ചത് കുറുക്കന്റെ പ്രേതമായിരുന്നുവത്രെ. അത് പിന്നീട് ഇന്ത്യയിലേയ്ക്ക് കടന്നു കളഞ്ഞു. ഒരു രാജകുമാരന്റെ വെപ്പാട്ടിയാവുകയും അദ്ദേഹത്തെക്കൊണ്ട് ആയിരം പേരുടെ തല വെട്ടിപ്പിക്കുകയും ചെയ്തു എന്ന് അവരുടെ കഥകളില്‍ പറയുന്നു.
പല രാജ്യങ്ങളിലും കുറുക്കനെ കാണുന്നത് നല്ല ശകുനമാണ് എങ്കിലും ആഫ്രിക്കയില്‍ അപശകുനമാണ്. ആഫ്രിക്കന്‍ നാടോടിക്കഥകളില്‍ കുറുക്കന്‍ സ്ഥിരം കഥാപാത്രമാണ്. ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ ഒരു ചൊല്ലുണ്ട് ‘ചളിക്കുറുക്കന്‍ ജീവിക്കും’ എന്ന്. അതിനര്‍ത്ഥം കാലില്‍ ചളിയുള്ളവന്‍ – അധ്വാനിക്കുന്നവന്‍ – ജീവിക്കും എന്നാണ്.
പുരാതന ഗ്രീസിലെ ഈസോപ്പ് കഥകളില്‍ കുറുക്കന്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
ഗ്രീക്ക് പുരാണത്തില്‍ ത്യുമെസ്സിയന്‍ കുറുക്കന്‍ ഭീകര ജന്തുവാണ്. ഡയോണിസസ് ദേവന്‍ തെബെസ്സിന്റെ കുട്ടികളെ തിന്ന് തെബെസ്സിനെ ശിക്ഷിക്കാന്‍ പറഞ്ഞു വിട്ടതാണ് ഈ ഭീകരക്കുറുക്കനെ.
ഭാരതത്തില്‍ പഞ്ചതന്ത്രകഥകളിലല്ലാതെ പുരാണ കഥകളില്‍ അങ്ങനെ കുറുക്കനെ അധികം കണ്ടിട്ടില്ല. നാടോടിക്കഥകളില്‍ ധാരാളമുണ്ടാവാം.’
എല്ലാം കേട്ടിരുന്ന കേശുവേട്ടന്‍ പറഞ്ഞു.
‘രാഷ്ട്രീയത്തില്‍ നമുക്ക് യഥേഷ്ടം കുറുക്കന്മാരുണ്ടല്ലോ. അത് പോരെ എന്ന് കരുതിയാവാം.’
‘ശരിയാ.. കുറി മായ്ക്കുന്ന കുറുക്കന്‍, മുക്രിയക്ക് സര്‍വ്വവും സമര്‍പ്പിച്ചു കത്തെഴുതുന്ന കോണ്‍ഗ്രസ്സ് കുറുക്കന്‍, അരമനകളില്‍ കിടന്നു നിരങ്ങുന്ന മതേതര കുറുക്കന്മാര്‍, കസ്റ്റംസില്‍ പരിശോധന കൂടാതെ വരുന്നത് കോണ്‍സുലേറ്റ് ജീവനക്കാരാണെന്ന് കണ്ടു അവരെ കള്ളക്കടത്തിന് ഉപയോഗിക്കുന്ന മന്ത്രിക്കുറുക്കന്മാര്‍, ഖുറാനിലും ഈത്തപ്പഴത്തിലും സ്വര്‍ണ്ണം കടത്തുന്ന മത രാഷ്ട്രീയ കുറുക്കന്മാര്‍, ട്രഷറിയില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന ഉദ്യോഗസ്ഥ കുറുക്കന്മാര്‍, സ്വന്തം കുഞ്ഞിനെ കൊന്നത് കടുവയാണെങ്കിലും കടുവയുടെ പേര് പറയാത്ത യമണ്ടന്‍ കമ്മ്യുണിസ്റ്റ് കുറുക്കന്മാര്‍ അങ്ങനെ സൂത്രശാലികളായ അനേകം കള്ളക്കുറുക്കന്മാരുടെ കേദാരഭൂമിയാണ് കേരളം.’ഹ..ഹ.. ഹ….ട്രൂ.. ടു ദ പോയന്റ്..’ എന്ന് ചിരിച്ചുകൊണ്ട് കേശുവേട്ടന്‍ പറഞ്ഞപ്പോള്‍, ഒരു പഴയ പത്രപ്രവര്‍ത്തകനെ ബഹുമാനിക്കണമല്ലോ എന്ന് കരുതി ഞാന്‍ മാധ്യമക്കുറുക്കന്മാരെപ്പറ്റി ഒന്നും പറഞ്ഞില്ല. വാസ്തവത്തില്‍ ഈ മാധ്യമക്കുറുക്കന്മാരല്ലേ രാഷ്ട്രീയക്കുറുക്കന്മാരെന്ന തസ്‌ക്കരവര്‍ഗ്ഗത്തിന് നിത്യവും കഞ്ഞി വെക്കുന്നവര്‍?