സാധാരണക്കാര്‍ക്കും സാമ്പത്തിക മേഖലയില്‍ ഉയര്‍ന്ന വളര്‍ച്ച പ്രതീക്ഷിക്കുന്ന ആളുകള്‍ക്കും ഏറെ പ്രതീക്ഷികള്‍ നല്‍കുന്ന ഒരു ഭരണ സംവിധാനമായിരിക്കും നരേന്ദ്രമോദി എന്ന പ്രതിഭാശാലിയായ പ്രധാനമന്ത്രി തന്റെ രണ്ടാം വരവില്‍ നല്‍കാനൊരുങ്ങുന്നത്. ഒന്നാം ഭരണത്തില്‍ ഭാരതത്തിന് ഒരുറച്ച സാമ്പത്തിക അടിത്തറ പാകാന്‍ നരേന്ദ്രമോദിക്ക് സാധിച്ചു എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. പടവുകള്‍ നിരവധി താണ്ടിവേണം നാം സാമ്പത്തിക സുസ്ഥിരത എന്ന സ്വപ്‌ന സാക്ഷാത്ക്കാരത്തിലെത്താന്‍. അതിനുള്ള ഊര്‍ജ്ജമാണ് തങ്ങളുടെ സമ്മതിദാനത്തിലൂടെ സാധാരണ ജനങ്ങള്‍ മോദിയുടെ മേലെ വലിയ തോതില്‍ വര്‍ഷിച്ചിരിക്കുന്നത്. രാജ്യത്തെ മുന്‍ നിര സാമ്പത്തിക ശക്തിയായി വളര്‍ത്താനുള്ള പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധാരണക്കാരന്റെ കൈ സഹായമാണ് ഈ തിരഞ്ഞെടുപ്പിലെ അവന്റെ സമ്മതിദാനം.
സുശക്തമായ സാമ്പത്തിക അടിത്തറ
ശക്തമായ സാമ്പത്തിക അടിത്തറ പാകാന്‍ അഞ്ച് വര്‍ഷത്തെ ഒന്നാം മോദി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ധനക്കമ്മിയും വ്യാപാരക്കമ്മിയും പണപ്പെരുപ്പവും പ്രതീക്ഷകള്‍ക്കും പ്രയത്‌നങ്ങള്‍ക്കും അനുസരിച്ച് നിയന്ത്രിച്ച് നിര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ആഭ്യന്തരവും ആഗോളവുമായ പ്രശ്‌നങ്ങളും പ്രതിസന്ധികളും കാരണം ഉയര്‍ന്നുനില്‍ക്കുമ്പോഴും ആടിയുലയുന്ന സാമ്പത്തിക വളര്‍ച്ചാനിരക്കിനെ സുസ്ഥിരമായി നിര്‍ത്താന്‍ ശക്തമായ സാമ്പത്തിക നടപടികള്‍ ആവശ്യമാണ്. ഭാരതത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ മിക്കവയും പൂര്‍വാര്‍ജ്ജിതങ്ങളാണ്. പൊടുന്നനെ പൊട്ടിപ്പുറപ്പെട്ടവയല്ല അവയൊന്നും. അതുകൊണ്ടുതന്നെ പ്രശ്‌ന പരിഹാരവും പടിപടിയായി മാത്രമെ സാധിക്കുകയുള്ളു. അറുപത് വര്‍ഷത്തെ ആര്‍ജ്ജിത പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം അറുപത് മാസംകൊണ്ട് സാധിക്കണമെന്നില്ല.
ഉയര്‍ന്ന മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച (ജിഡിപി) യിലേയ്ക്ക് രാജ്യത്തെ മടക്കിക്കൊണ്ടുവരാന്‍ പക്വതയോടെയുള്ള സാമ്പത്തിക നടപടികള്‍ ആവശ്യമാണ്. വളര്‍ച്ചയുടെ വേഗം തെല്ലും കുറയ്ക്കാത്ത, എന്നാല്‍ ദൂരവ്യാപകമായി ഗുണഫലങ്ങള്‍ പ്രദാനം ചെയ്യാന്‍ കെല്പ്പുള്ള സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കണം. ഉത്പാദന മാന്ദ്യവും ഉയര്‍ന്ന ഇറക്കുമതിയും പരിഹാരമില്ലാതെ തുടരുന്ന പ്രശ്‌നങ്ങളാണ്. കയറ്റുമതി വര്‍ദ്ധനവിന് ഊന്നല്‍ കൊടുക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് മാത്രമെ വികസന കാര്യത്തില്‍ പരിവര്‍ത്തനം പ്രതീക്ഷിക്കാന്‍ സാധിക്കുകയുള്ളു. ആഭ്യന്തര ഉത്പാദനവും ആഭ്യന്തര ഉപഭോഗവും വര്‍ദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്. സാധാരണക്കാര്‍ക്ക് സൗജന്യവും സബ്‌സിഡിയും, മറ്റ് സൗകര്യങ്ങളും ഉയര്‍ന്നതോതില്‍ നല്‍കിക്കൊണ്ട് ഉത്പാദനക്ഷമതയും ഉത്പാദനവും, ഉത്പന്നങ്ങളുടെ ഗുണനിലവാരവും നിലനിര്‍ത്താന്‍ നമുക്ക് സാധിച്ചെന്ന് വരില്ല. ന്യൂനതമ ആയ് യോജന (NYAY),Universal Basic Income പോലുള്ള ജനപ്രിയ പദ്ധതികള്‍ ഉത്പാദന ക്ഷമതയും മൂലധനവര്‍ദ്ധനവും ഉണ്ടാക്കാന്‍ സഹായകരമല്ല. അതിന് മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളാണാവശ്യം.
ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. കാര്യക്ഷമമല്ലാത്ത പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതടക്കമുള്ള നയപരിപാടികള്‍ ഊര്‍ജസ്വലതയോടെ നടപ്പിലാക്കാന്‍ പുതിയ സര്‍ക്കാരിന് സാധിക്കുന്നതാണ്. പൊതുമേഖലാ ഓഹരികളുടെ വിറ്റഴിക്കല്‍ പൂര്‍വാധികം ശക്തിയോടെ നടപ്പിലാക്കേണ്ടതുണ്ട്. സഹസ്രകോടികളുടെ സാമ്പത്തിക സ്രോതസ്സായ ഒഹരി വിറ്റഴിക്കല്‍ ആധുനിക വികസനത്തിന്റെ അനിവാര്യതയായി വേണം നാം കാണാന്‍. ഇത്തരം ആധുനിക സാമ്പത്തിക സ്രോതസ്സുകള്‍ ഉപയോഗിച്ചു മാത്രമെ അടിസ്ഥാന സൗകര്യവികസനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാരിന് സാധിക്കുകയുള്ളൂ. അടിസ്ഥാന സൗകര്യ വികസനത്തില്‍ പൊതുമേഖലയ്‌ക്കൊപ്പം സ്വകാര്യമേഖലയുടെ പങ്കാളിത്തവും ഉറപ്പാക്കേണ്ടതുണ്ട്.
പുതിയ റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കാന്‍ പുതിയ ഭരണം പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ സര്‍ക്കാര്‍ സര്‍വസന്നാഹങ്ങളോടുംകൂടി നടപ്പിലാക്കി തുടങ്ങിയ റെയില്‍ വികസനവും റെയില്‍വെ സ്റ്റേഷനുകളുടെ മുഖംമിനുക്കല്‍ നടപടി ക്രമങ്ങളും യാത്രക്കാര്‍ക്കുള്ള അത്യാവശ്യ സൗകര്യങ്ങളും വര്‍ദ്ധിച്ച തോതില്‍ തുടരേണ്ടതുണ്ട്. ഇതിനും പുറമെയാണ് തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും പശ്ചാത്തല സൗകര്യ വിപുലീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. നഗരവികസനത്തിനായുള്ള സ്മാര്‍ട്ട്‌സിറ്റി പദ്ധതികള്‍ പ്രതീക്ഷിച്ച വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ബാങ്കിംഗ് മേഖലയുടെ മികവ്
ബാങ്കിംഗ് മേഖല കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. പതിനെട്ടില്‍ പന്ത്രണ്ട് പൊതുമേഖലാ ബാങ്കുകളും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കിട്ടാക്കടം കൊണ്ട് പൊറുതിമുട്ടിയ ബാങ്കുകള്‍ക്ക് കരകയറാന്‍ നാല്പ്പതിനായിരം കോടി രൂപയുടെ സര്‍ക്കാര്‍ ധനസഹായമെന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. റിസര്‍വ് ബാങ്കില്‍ മതിയായ നീക്കിയിരിപ്പ് ഉണ്ടെന്നാണ് ഋരീിീാശര ഇമുശമേഹ എൃമാല ംീൃസ( ഋഇഎ) എന്ന പ്രത്യേക സമിതി കണ്ടെത്തിയിരിക്കുന്നത്. ഉഷ തോറാട്ട് പാനലിന്റെ ശുപാര്‍ശയായ 18 ശതമാനമോ അഥവാ 20 ശതമാനമോ റിസര്‍വ് കരുതിയാലും മൂന്ന് ലക്ഷം കോടിയിലധികം രൂപ റിസര്‍വ് ബാങ്കിന്റെ കൈവശം ലഭ്യമാണ്. അതില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായി ഒരു ലക്ഷം കോടി സര്‍ക്കാരിലേയ്ക്ക് മാറ്റാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള മൂന്നു ലക്ഷം കോടി രൂപയുടെ കരുതല്‍ ധനത്തില്‍ നല്ലൊരു പങ്ക് നേടിയെടുക്കുന്ന കാര്യം സര്‍ക്കാരിന് ആലോചിക്കാവുന്നതാണ്. ബാങ്കുകളുടെ മൂലധന ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇത്തരം പരിപാടികള്‍ ആധുനിക സാമ്പത്തിക മാനേജ്‌മെന്റിന് അത്യാവശ്യമാണ്.
പുതിയ Insolvency and Bankruptcy Law നടപ്പില്‍ വന്നതിന് ശേഷം സ്ഥിതി മെച്ചപ്പെടുന്നു എന്നു വേണം കരുതാന്‍. രണ്ടു ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയുടെ തിരിച്ചടവിനുള്ള നടപടിക്രമത്തിലാണ് സര്‍ക്കാരും പൊതുമേഖലാ ബാങ്കധികാരികളും. ബാങ്കുകള്‍ കടക്കാരെ തേടിപ്പോകാതെ തന്നെ കടക്കാര്‍ സെറ്റില്‍മെന്റിനായി ബാങ്കിനെ സമീപിക്കുന്ന സാഹചര്യമാണ് ബാങ്കിംഗ് രംഗത്ത് മോദി സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
ചെറിയ ബാങ്കുകളുടെ സംയോജനമാണ് ബാങ്കിംഗ് മേഖല ശക്തിപ്പെടുത്താനുള്ള ഒരു പോംവഴി. എസ്ബിഐയുടെ ചുവട്പിടിച്ചുള്ള വിവിധ ബാങ്കുകളായ ദേനാബാങ്ക്, വിജയബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിച്ചതുപോലെ പൊതുമെഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കുമായുള്ള ഇതര ബാങ്കുകളുടെ ലയനകാര്യം പുതിയ സര്‍ക്കാരിന്റെ പ്രധാന അജണ്ട ആവാനാണ് സാധ്യത. ദുര്‍ബലമായ ഒട്ടേറെ ബാങ്കുകള്‍ക്ക് പകരം ശക്തമായ ഏതാനും ബാങ്കുകള്‍ എന്നതാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം.
ബാങ്കുകളുടെ കിട്ടാക്കടം കുറച്ചുകൊണ്ടുവന്നാല്‍ മാത്രമെ ഭാരതത്തിന്റെ സമ്പദ്ഘടനയെ ഉയര്‍ന്ന വളര്‍ച്ചയിലേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. ബാങ്കുകള്‍ക്ക് കൂടുതല്‍ വായ്പകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെങ്കില്‍ ബാങ്കുകളുടെ വര്‍ദ്ധിച്ചുവരുന്ന നിഷ്‌ക്രിയ ആസ്തികള്‍ക്ക് സുസ്ഥിരമായ പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. പ്രതിസന്ധി നേരിടുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കാനും കൂടി പുതിയ സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കേണ്ടതാണ്.
മെച്ചപ്പെട്ട നികുതി വരുമാനം
തുടക്കത്തില്‍ തടസ്സങ്ങള്‍ ഉണ്ടായെങ്കിലും തികച്ചും ഭാവനാത്മകവും ഭാവാത്മകവുമായി നടപ്പിലാക്കാന്‍ സാധിച്ച ചരക്ക് സേവന നികുതിയുടെ പ്രയോജനം സര്‍ക്കാരിനും സാധാരണ ചെറുകിട കച്ചവടക്കാര്‍ക്കും ലഭിച്ചു തുടങ്ങിയിരിക്കുകയാണ്. ജിഎസ്ടിയുടെ മുന്നോട്ടുള്ള പോക്കിന് മോദിയുടെ രണ്ടാം വരവ് ആക്കംകൂട്ടുന്നതാണ്. പ്രതിമാസം ബഹുസഹസ്രം കോടി രൂപയുടെ വരുമാന സാധ്യതയുള്ള സാമ്പത്തിക സ്രോതസ്സായി മാറിയ ജിഎസ്ടി നികുതി സ്ലാബുകള്‍ പരിഷ്‌ക്കരിച്ച് കൂടുതല്‍ ലളിതവും കാര്യക്ഷമവുമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. നികുതി വലയില്‍ കൂടുതല്‍ പേരെ കൊണ്ടുവന്ന്, നികുതി റിട്ടേണുകള്‍ കൂടുതല്‍ വ്യാപാരീ സൌഹൃദമാക്കി നികുതി പിരിവ് വിപുലമാക്കേണ്ടത് സാമ്പത്തിക പുരോഗതിക്ക് അത്യാവശ്യമാണ്.
നികുതി സമ്പ്രദായം കാര്യക്ഷമമാക്കിയതോടെ പ്രതിവര്‍ഷം പരസഹസ്രം കോടി രൂപയുടെ വര്‍ദ്ധനവ് നികുതി വരുമാനത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അത് ചെറിയ ശതമാനം വ്യക്തികളുടെയും വ്യവസായികളുടെയും പങ്കാണെന്നത്, ജനസംഖ്യ നൂറ്റിമുപ്പത് കോടിയിലെത്തി നില്‍ക്കുന്ന ഭാരതത്തെ സംബന്ധിച്ചേടത്തോളം അത്ഭുതമുണ്ടാക്കുന്ന കാര്യമാണ്. ആഭ്യന്തര വരുമാനത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ് നമ്മുടെ നികുതി വരുമാനം. പതിനൊന്നു ലക്ഷം കോടിരൂപയോളം എത്തിനില്‍ക്കുന്ന പ്രതിവര്‍ഷ പ്രത്യക്ഷ നികുതി വരുമാനത്തില്‍ പകുതിയും കമ്പനികളുടെ അഥവാ ചെറുതും വലുതുമായ വ്യവസായികളുടെ സംഭാവനയാണ്. റജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ വെറും ഇരുപത് ശതമാനം മാത്രമെ നികുതി ശൃംഖലയില്‍ പെടുന്നുള്ളു. സിംഹഭാഗവും മഞ്ഞ് മലകളെ പോലെ കാണാമറയത്താണ്. മറ്റെ പകുതിയിലെ ഏറിയ പങ്കും മൂന്ന് കോടിയോളം വരുന്ന വ്യക്തിഗത നികുതിദായകരില്‍ നിന്നും പിരിച്ചെടുക്കുന്നതാണ്. ഇവരില്‍ നല്ലൊരു ശതമാനം മാസപ്പടി വാങ്ങിക്കുന്ന സര്‍ക്കാര്‍/ സര്‍ക്കാരിതര ജീവനക്കാരാണ്. ഭാരതത്തിലെ ഒരു കോടിയിലധികം വരുമാനം വെളിപ്പെടുത്തിയിരിക്കുന്നവരുടെ സംഖ്യ വെറും ഒന്നര ലക്ഷമാണ്. പതിനാലു കോടിയോളം ശരാശരി വരുമാനം അഥവാ സമ്പത്ത് കൈവശമുണ്ടെന്ന് കണക്കാക്കപ്പെട്ട ഭാരതത്തിലെ പാര്‍ലിമെന്റംഗങ്ങളില്‍ എത്ര പേര്‍ നികുതിദായകരാണെന്നത് കണക്കുകള്‍ക്കപ്പുറത്താണെന്നാണ് കേള്‍വി. ഇവിടെയാണ് നികുതിദായക സൗഹൃദമായ നികുതി സമ്പ്രദായത്തിലൂടെ സാമ്പത്തിക വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ശ്ലാഘനീയമാകുന്നത്.
സാമ്പത്തിക പുരോഗതിക്ക് സര്‍ജിക്കല്‍ സ്‌ട്രൈക്ക്
നോട്ട് നിരോധനവും ജിഎസ്ടിയും സര്‍ക്കാരിന്റെ വഴിപിഴച്ച വികസന നടപടികളായി വിശേഷിപ്പിച്ച പ്രതിപക്ഷത്തിന്റെ വായടപ്പിക്കുന്ന മിന്നുന്ന വിജയമാണ് മോദി സര്‍ക്കാര്‍ കൈവരിച്ചിരിക്കുന്നത്. നോട്ട് നിരോധനത്തിന്റെ യും ജിഎസ്ടിയുടെയും പേരില്‍ ഉണ്ടാക്കിയ ആശയക്കുഴപ്പം നിലനില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി തന്റെ രണ്ടാം വരവിനുള്ള തയ്യാറെടുപ്പ് ഒരു പൊതുതിരഞ്ഞെടുപ്പിലൂടെ നടത്തിയത് എന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെയും ജനങ്ങളുടെ മനസ്സ് വായിക്കാനുള്ള കഴിവിന്റെയും നിദര്‍ശനമാണ്.
മുന്നോട്ടുള്ള വഴിയില്‍ ഇത്തരം സര്‍ജിക്കല്‍ സ്‌ട്രൈക്കുകളാണ് സാമ്പത്തിക പുരോഗതിക്ക് മോദി സര്‍ക്കാരിന് കരുത്തായി തീരുന്നത്. കാരണം സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക് തങ്ങളുടെ ജീവിതസാഹചര്യവും സാമ്പത്തിക ഭദ്രതയും മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളവയായിരുന്നു ഒന്നാം മോദി സര്‍ക്കാരിന്റെ മിക്ക സാമ്പത്തിക പരിഷ്‌ക്കാരങ്ങളും. സര്‍വാശ്ലേഷിയായ സാമ്പത്തിക വികസനം ലക്ഷ്യമാക്കിയുള്ള ബാങ്കിംഗ് സേവന വ്യാപനവും, മുദ്രാ വായ്പാപദ്ധതികളും, ജിഎസ്ടിയും, പ്രധാനമന്ത്രി ഉജ്വല യോജനയും ആയുഷ്മാന്‍ ഭാരത് എന്ന സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും, അടല്‍ പെന്‍ഷന്‍ പദ്ധതികളും, സര്‍ക്കാര്‍ സേവനം നേരിട്ട് ബാങ്ക് വഴി ലഭ്യമായതുമൊക്കെയാണ് മോദിയെ മനസ്സില്‍ കൊണ്ടു നടക്കാന്‍ സാധാരണക്കാരെ പ്രേരിപ്പിച്ചത്. അല്ലാതെ പ്രതിപക്ഷത്തിന്റെ പുകമറകളും പാര്‍ലമെന്റ് സ്തംഭനമെന്ന ഭാവനാശൂന്യമായ നടപടികളുമല്ല. മുന്‍ സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഇത്തരം പദ്ധതികള്‍ മുന്‍വിധികളില്ലാതെ എന്നാല്‍ ഏറെ മുന്‍ കരുതലോടെ, താഴെത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്ക് പ്രയോജനപ്പെടും വിധം കൃത്യമായി നടപ്പിലാക്കാന്‍ സാധിച്ചുവെന്നതാണ് മോദിയുടെ വിജയം. കര്‍ഷക സൗഹൃദമായിരുന്നു അരുണ്‍ജെയ്റ്റ്‌ലിയുടെ അവസാനത്തെ ബജറ്റ്. ആത്മഹത്യമാത്രം മുന്നില്‍ കണ്ട് മുന്നോട്ട് പോയിരുന്ന കര്‍ഷക സമൂഹത്തെ പ്രതിപക്ഷത്തിന്റെ പ്രതിഷേധറാലികളില്‍ നിന്ന് മോചിപ്പിച്ച് പ്രതിവര്‍ഷം ആറായിരം രൂപ ലഭിക്കുന്ന പദ്ധതിയുടെ ഭാഗമാക്കിയത് ഏറെ പ്രയോജനം ചെയ്തു എന്ന് വേണം കരുതാന്‍. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പത്ത് കോടിയോളം ശൗചാലയങ്ങള്‍ പണിയാന്‍ സാധിച്ചുവെന്നത് സ്വച്ഛ് ഭാരത് അഭിയാന്‍ എന്ന പദ്ധതിയുടെ കരുത്ത് വെളിവാക്കുന്നു. ഗാന്ധിജിയുടെ സ്വപ്‌നമായ വെളിയിട വിസര്‍ജന വിമുക്ത ഭാരതം സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിന്റെ നൂറ്റിയമ്പതാം ജയന്തി നാളില്‍ സാധിച്ചത് ഗുജറാത്തിന്റെ മകനായ നരേന്ദ്രമോദിക്കാണെന്നതില്‍ നമുക്കഭിമാനിക്കാം.
ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യവും പ്രോത്സാഹനവും ലഭിച്ച അഞ്ചുവര്‍ഷമായിരുന്നു മോദിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. എളുപ്പത്തില്‍ ഒരു സംരംഭം കെട്ടിപ്പടുക്കാനുള്ള അടിസ്ഥാന സാഹചര്യമൊരുക്കാന്‍ ഒന്നാം എന്‍ഡിഎ ഭരണത്തിനു സാധിച്ചിട്ടുണ്ട്. പുതിയ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് ആവശ്യമായ മൂലധനവും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാനുമാണ് പുതിയ സര്‍ക്കാര്‍ പരിശ്രമിക്കേണ്ടത്. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിച്ച് ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ ജീവിത സാഹചര്യം ഒരുക്കേണ്ടുന്നത് അവരുടെ വോട്ടുകള്‍ നേടി വിജയിച്ച സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.
ഓഹരിവിപണിയില്‍ ചരിത്രനേട്ടമാണ് വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള മോദി സര്‍ക്കാരിന്റെ രണ്ടാം വരവ് ഉണ്ടാക്കിയത്. മിന്നുന്ന പ്രകടനത്തോടെ തിരിച്ചു വരുന്ന മോദി സര്‍ക്കാരിനെ സ്വര്‍ണത്തിളക്കവുമായാണ് നിക്ഷേപകര്‍ സ്വീകരിച്ചത്. ചരിത്രത്തിലാദ്യമായി നിഫ്റ്റി പന്ത്രണ്ടായിരവും സെന്‍സക്‌സ് നാല്പ്പതിനായിരവും ഭേദിച്ചത് ഭാരതീയ ജനത ആര്‍പ്പുവിളികളുമായി തെരുവീഥികള്‍ കൈയടക്കിയ നിമിഷത്തിലായിരുന്നു. ആവേശം കെട്ടടങ്ങുമ്പോള്‍ വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്നത് രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ സാമ്പത്തിക നടപടികളായിരിക്കും. ധനകാര്യം, കമ്പനികാര്യം, വ്യവസായം എന്നീ മന്ത്രാലയങ്ങളുടെ കരുത്തുറ്റ നേതൃത്വവും കാര്യക്ഷമതയും, നിയമരംഗം, വിദ്യാഭ്യാസം ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളില്‍ മോദി സര്‍ക്കാരിന്റെ വരുംകാല പ്രവര്‍ത്തനങ്ങളുമാണ് വിപണിയില്‍ വിലയിരുത്തപ്പെടുക. വിപണിയില്‍ സുസ്ഥിരനേട്ടം കൈവരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെയും ഉത്തരവാദിത്വത്തോടെയും ഭരണ നിര്‍വഹണത്തില്‍ വ്യാപൃതമാകേണ്ടതുണ്ട്.
രാജ്യത്തെ ഉത്പാദനവും കയറ്റുമതിയും ഉപഭോഗവും വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇത്തരം നടപടികളുടെ ഒരു ഘോഷയാത്രയാണ് വര്‍ദ്ധിച്ച തോതില്‍ വോട്ട് നല്‍കി വിജയിപ്പിച്ച സാധാരണ ജനങ്ങള്‍ മോദി സര്‍ക്കാര്‍ രണ്ടില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ മാനേജ്‌മെന്റ് വിഭാഗത്തിലെ മുന്‍ പ്രഫസറും ഡല്‍ഹി ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനം ഹില്‍ (HIL) ഇന്ത്യ ലിമിറ്റഡിന്റെ ഇന്റിപെന്റന്റ് ഡയറക്ടറുമാണ് ലേഖകന്‍)