ഗിരിവര്‍ഗജനത വിശിഷ്യാ കുറിച്യരും കുറുമരും നടത്തിയ പ്രക്ഷോഭത്തിന്റെ ഉജ്ജ്വലമായ വിജയം മറ്റു കലാപകാരികളെയും ആവേശം കൊള്ളിച്ചു. തുടര്‍ന്ന് 1812 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി കലാപം വയനാട്ടിലുടനീളം വ്യാപിച്ചു. പുല്‍പ്പള്ളി, പാക്കം, പനമരം, ചീക്കല്ലൂര്‍, മീനങ്ങാടി, മേപ്പാടി, വൈത്തിരി, കൈനാട്ടി, കൃഷ്ണഗിരി, ചോമാടി, മാനന്തവാടി, പഴൂര്‍, ചീരാല്‍, പുളിഞ്ഞാല്‍, കുറ്റ്യാടിച്ചുരം തുടങ്ങിയ ബ്രിട്ടീഷ് കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. പ്രതിരോധിക്കാന്‍ വന്ന കോല്‍ക്കാരന്മാരെയും സായിപ്പന്മാരെയും യാതൊരു ദാക്ഷിണ്യവും കൂടാതെ കലാപകാരികള്‍ വധിച്ചു.
ബ്രിട്ടീഷ് പിന്മാറ്റം
പ്രക്ഷോഭകാരികളെ നേരിടാന്‍ അതിശക്തമായ നടപടികള്‍ ബ്രിട്ടീഷുകാര്‍ കൈക്കൊണ്ടു. വടക്കേ വയനാട്ടിലെ കലാപങ്ങള്‍ നേരിടാന്‍ മാനന്തവാടിയിലും തെക്കന്‍ വയനാട്ടിലെ കലാപങ്ങള്‍ നേരിടാന്‍ സുല്‍ത്താന്‍ബത്തേരിയിലും ശക്തമായ പോലീസ് സംവിധാനം ഏര്‍പ്പെടുത്തി. എന്നാല്‍ അത് മതിയാവില്ലെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് മേലധികാരികള്‍ തീരപ്രദേശത്തു നിന്നും മൈസൂരില്‍ നിന്നും കൂടുതല്‍ പട്ടാളത്തെ വയനാട്ടിലേക്ക് അയച്ചു. ഒരു വിഭാഗം കുറ്റ്യാടി വഴിയും മറ്റൊരു വിഭാഗം താമരശ്ശേരി വഴിയും മൂന്നാമതൊരു വിഭാഗം മൈസൂരില്‍ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ടു. കുറ്റ്യാടി വഴി വന്ന ഇംഗ്ലീഷ് സൈനിക വിഭാഗത്തിന് കുറ്റ്യാടിച്ചുരത്തില്‍ വച്ച് ശക്തമായ എതിര്‍പ്പ് നേരിട്ടു. അവിടെയുണ്ടായിരുന്ന എല്ലാവഴികളും തന്ത്രപ്രധാനമായ കേന്ദ്രങ്ങളും കുറിച്യ കുറുമ, നായര്‍ വിപ്ലവകാരികളുടെ നിയന്ത്രണത്തിലായിരുന്നു. പ്ലാക്ക ചന്തു, അയിരവീട്ടില്‍ കോന്തപ്പന്‍, മാമ്പിലാന്തോടന്‍ യാമു (മാവിലാന്തോടന്‍ യാമു) എന്നിവരുടെ നേതൃത്വത്തില്‍ പ്രക്ഷോഭകാരികള്‍ കുറ്റ്യാടിച്ചുരം കയ്യടക്കി.
1812 ഏപ്രില്‍ 8ന് കുറ്റ്യാടിച്ചുരത്തില്‍ നടന്ന പോരാട്ടത്തില്‍ 18 ഭടന്മാര്‍ക്കും രണ്ട് ബ്രിട്ടീഷ് ഓഫീസര്‍മാര്‍ക്കും മാരകമായി പരിക്കേറ്റതായി വില്യം ലോഗന്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ അത്രയും ആള്‍നാശം ബ്രിട്ടീഷ് ശക്തിക്കുണ്ടായി എന്ന് കരുതണം. ബ്രിട്ടീഷ് സൈനിക വിഭാഗത്തിന് വയനാട്ടില്‍ പ്രവേശിക്കാന്‍ സാധിക്കാതെ പിന്തിരിഞ്ഞു പോകേണ്ടിവന്നു. കലാപകാരികള്‍ ഗണ്യമായ സംഖ്യകളില്‍ ഒത്തുകൂടിയിട്ടുണ്ടെന്നും ചുരം അവരുടെ നിയന്ത്രണത്തിലാണെന്നും ടി.എച്ച്.ബാബര്‍ ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
താമരശ്ശേരിച്ചുരം വഴി വന്ന ബ്രിട്ടീഷ് സൈനിക വിഭാഗത്തെ വൈത്തിരിയില്‍ വച്ച് 1812 ഏപ്രില്‍ 12ന് പ്രക്ഷോഭകാരികള്‍ നേരിട്ടു. കുറിച്യ, കുറുമ, ചെട്ടി പടയാളികളുടെ ഗറില്ലായുദ്ധരീതിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അവരും തിരിച്ചു പോവുകയാണുണ്ടായത്. അതോടുകൂടി വയനാട് പൂര്‍ണ്ണമായും പ്രക്ഷോഭകാരികളുടെ നിയന്ത്രണത്തിലായി. രാമന്‍ നമ്പിയെ പ്രക്ഷോഭകാരികളുടെ നേതാവായി അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
മാത്രമല്ല വയനാടിനെ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് വിമുക്തമായ ഒരു പ്രദേശമായി അവര്‍ പ്രഖ്യാപിച്ചു. വയനാടിന്റെ ക്രമപ്രകാരമുളള അധികാരാവകാശങ്ങള്‍ കോട്ടയത്തെ പഴശ്ശിരാജാവിനാണെന്നും അവര്‍ പ്രഖ്യാപിച്ചു. തിരുവിതാംകൂറില്‍ കൊട്ടാരത്തില്‍ അഭയാര്‍ത്ഥിയായിക്കഴിയുന്ന, യശഃശരീരനായ കേരളവര്‍മ്മരാജയുടെ അനന്തരവന്‍ പഴശ്ശിരാജയെ അവര്‍ വയനാട്ടിലേക്ക് ക്ഷണിച്ചു. വയനാടിനും തിരുവിതാംകൂറിനും ഇടയില്‍ ശക്തമായ ഒരു കണ്ണി ഉണ്ടായിരുന്നുവെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ആ പഴശ്ശിയുവരാജകുമാരനില്‍ സൂക്ഷ്മമായ ഒരു നിരീക്ഷണം വേണമെന്ന് തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റിന് മലബാര്‍ സബ് കലക്ടര്‍ തോമസ് ഹാര്‍വെ ബാബര്‍ എഴുതിയതിന്റെ തെളിവുകളുണ്ട്.യുവരാജാവായ പഴശ്ശിരാജ തിരുവിതാംകൂറില്‍ നിന്നും വയനാട്ടില്‍ എത്തിയിരിക്കുന്നു എന്ന് വയനാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു.
അതോടുകൂടി റവന്യൂ പിരിക്കുന്ന തദ്ദേശീയരായ ഉദ്യോഗസ്ഥന്മാരും പോലീസുകാരും ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പണിയെടുക്കുന്ന തൊഴിലാളികളും വ്യാപകമായി കലാപകാരികളുടെ പക്ഷം ചേര്‍ന്നു. കോല്‍ക്കാരന്മാരായ പോലീസുകാര്‍ക്ക് സ്വാധീനമുണ്ടായിരുന്ന ചിലയിടങ്ങളിലെ ബ്രിട്ടീഷ് പോസ്റ്റുകള്‍ അവര്‍ തന്നെ ആക്രമിച്ചു. എതിര്‍ത്തു നിന്ന യൂറോപ്യന്മാരെ അവര്‍ വധിച്ചു. പലയിടങ്ങളിലും സായിപ്പന്മാര്‍ പോസ്റ്റുകള്‍ ഒഴിവാക്കി ജീവരക്ഷാര്‍ത്ഥം പലായനം ചെയ്തു.അന്നുണ്ടായിരുന്ന ബ്രിട്ടീഷ് സൈനികരില്‍ ഭൂരിഭാഗവും കൊലചെയ്യപ്പെടുകയും ബാക്കിയുള്ളവര്‍ മൈസൂര്‍ വഴി രക്ഷപ്പെടാന്‍ പരിശ്രമിക്കുകയും ചെയ്തതായി ടി.എച്ച്.ബാബര്‍ സൂചിപ്പിക്കുന്നു. മാത്രമല്ല ബ്രിട്ടീഷ് സൈനികരുടെ ആയുധങ്ങള്‍ പൂര്‍ണമായും പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്തതായും പറയുന്നു. ടി.എച്ച്.ബാബര്‍ എഴുതിയ ഒരു റിപ്പോര്‍ട്ടില്‍ ബന്‍സാലിപുരത്തേക്ക് പോയവരില്‍ 22 പേര്‍ തങ്ങളുടെ ആയുധങ്ങള്‍ അവരെത്തടഞ്ഞ കലാപകാരികള്‍ക്ക് നല്‍കിയതായി രേഖപ്പെടുത്തുന്നു.
ശിപായിമാരുടെ മാറ്റം
റവന്യൂ ഉദ്യോഗസ്ഥന്മാരും വ്യാപകമായി വിപ്ലവകാരികളോടൊപ്പം ചേരുകയോ ജോലി മതിയാക്കുകയോ ചെയ്തു. ചില ഉദ്യോഗസ്ഥര്‍, പിരിച്ച വസ്തുക്കളും പണവും പ്രക്ഷോഭകാരികളുടെ നേതാക്കന്മാര്‍ക്ക് നല്‍കുകയുണ്ടായി. ഇത് പ്രക്ഷോഭത്തിന്റെ സാധുതയും ആവശ്യകതയും അവര്‍ക്ക് ബോധ്യപ്പെട്ടതിന്റെ തെളിവാണ്. ബ്രിട്ടീഷുകാരുടെ നയങ്ങളോടുള്ള വിയോജിപ്പും വെറുപ്പും അവരുടെ തന്നെ തദ്ദേശീയരായ ഉദ്യോഗസ്ഥരില്‍ പ്രകടമായിരുന്നു.
ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഉത്തരവിനെക്കാള്‍ പ്രക്ഷാഭത്തിലെ നേതാക്കളുടെ ആഹ്വാനങ്ങളും വിളംബരങ്ങളും എഴുത്തുകളുമാണ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും സ്വാധീനിച്ചത്. വെള്ളത്തൊലിക്കാരെയും വട്ടത്തൊപ്പിക്കാരെയും ആട്ടിപ്പായിക്കാനുള്ള അന്തിമ യുദ്ധത്തില്‍ പങ്കാളികളാവാനായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ ആവശ്യപ്പെട്ടത്. നികുതിപിരിവ് നിര്‍ത്തുക, തദ്ദേശീയര്‍ ബ്രിട്ടീഷുകാര്‍ക്ക് പണിയെടുക്കുന്നത് ഒഴിവാക്കുക, ജനങ്ങളുടെ സ്വതന്ത്രമായ ജീവിതത്തിന് അവസരമുണ്ടാക്കുക തുടങ്ങിയവയായിരുന്നു കലാപകാരികള്‍ എഴുത്തിലൂടെയും വിളംബരങ്ങളിലൂടെയും ആഹ്വാനം ചെയ്തിരുന്നത്.അത് ജനങ്ങളെ സ്വാധീനിച്ചതുകൊണ്ടാണ് 1812ല്‍ ഒരു ബഹുജനമുന്നേറ്റമായ പ്രക്ഷോഭം നടന്നത്.
പ്രക്ഷോഭങ്ങളുടെ അന്ത്യം
കലാപത്തിന്റെ പെട്ടെന്ന് ഉണ്ടായ വ്യാപനം സബ് കളക്ടറായ ടി.എച്ച്.ബാബറെയും മേലുദ്യോഗസ്ഥന്മാരെയും വിറളി പിടിപ്പിച്ചു. അക്കാലത്ത് അദ്ദേഹം മേലുദ്യോഗസ്ഥന്മാരുമായി നടത്തിയ എഴുത്തുകുത്തുകള്‍ അത് വെളിപ്പെടുത്തുന്നു. അന്നത്തെ മലബാര്‍ പ്രിന്‍സിപ്പല്‍ കളക്ടറായ തോമസ് വാര്‍ഡനും വയനാട്ടില്‍ ക്രമസമാധാനം പുലര്‍ത്താന്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ലെഫ്റ്റനന്റ് ജയിംസ് ടാഗിന്റെ നേതൃത്വത്തിലുള്ള പട്ടാള വിഭാഗത്തിന് യാതൊന്നും ചെയ്യാന്‍ സാധിച്ചില്ല. അതിനാല്‍ ടി.എച്ച്.ബാബര്‍ മലബാറിലെയും മൈസൂരിലെയും കൂടുതല്‍ ബ്രിട്ടീഷ് പട്ടാളത്തെ വയനാട്ടിലേക്ക് വിളിപ്പിച്ചു. എന്നാല്‍ മൈസൂരില്‍ നിന്നും വന്ന സൈനിക വിഭാഗത്തിന് മാത്രമേ വയനാട്ടില്‍ പ്രവേശിക്കാന്‍ സാധിച്ചുള്ളൂ. മറ്റെല്ലാ വഴികളും കലാപകാരികള്‍ കയ്യടക്കിക്കഴിഞ്ഞിരുന്നു
1812 ഏപ്രില്‍ 12ന് ടി.എച്ച്.ബാബര്‍ അന്നത്തെ ദക്ഷിണേന്ത്യന്‍ കമാന്‍ഡിങ് ഓഫീസറായ കേണല്‍ ലോക് വാര്‍ട്ടിന് എഴുതിയ കത്ത് പ്രസക്തമാണ്. ‘സാമഗ്രികളുടെ മേല്‍നോട്ടത്തിനായി ക്യാപ്റ്റന്‍ വാക്കറെയോ അതുപോലെ ബുദ്ധിമാനും കര്‍മകുശലനുമായ മറ്റൊരാളെക്കൂടിയോ ഉടന്‍ അയക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം ശിപായിമാരുടെ ഒരു കമ്പനി കൂടി അയയ്ക്കണം. കഴിയുമെങ്കില്‍ കുറച്ചുകൂടി യൂറോപ്യന്മാരെയും അയക്കുമല്ലോ. നമുക്ക് ചുരത്തില്‍ ശക്തമായ എതിര്‍പ്പാണ് നേരിടേണ്ടിവരിക. ഇവിടെയും മാനന്തവാടിക്കുമിടയില്‍ നാട്ടുകാര്‍ വളരെ ശക്തരാണ്. നമ്മുടെ പക്കല്‍ അഞ്ച് ഡോളികളാണ് ഇപ്പോഴുള്ളത്. അഞ്ചെണ്ണം കൂടി എത്തിക്കാനുള്ള സൗമനസ്യം കാണിക്കണം.’
കമ്പനിയുടെ ദയനീയത
1812 ലെ വിപ്ലവത്തിന്റെ ആഴവും വ്യാപ്തിയും എത്രയായിരുന്നു എന്ന് ടി.എച്ച്. ബാബറിന്റെ ഈ വാക്കുകളില്‍ പ്രകടമാണ്. വയനാട്ടില്‍ ഉണ്ടായിരുന്ന ചുരുക്കം ബ്രിട്ടീഷുകാരായ സൈനികരുടെ അവസ്ഥ പരമ ദയനീയമായിരുന്നു. അതീവ രഹസ്യമായ കേന്ദ്രങ്ങളില്‍ ഒളിച്ചിരിക്കേണ്ട ഗതികേടില്‍ അവര്‍ എത്തിയിരുന്നു. നാട്ടുകാരുടെ കണ്ണില്‍പ്പെട്ടാല്‍ അവര്‍ക്ക് മരണം ഉറപ്പായിരുന്നു. അത്രയധികം വെറുപ്പ് തദ്ദേശീയര്‍ക്ക് ബ്രിട്ടീഷുകാരോട് ഉണ്ടായിരുന്നുവെന്ന് സാരം. യാതൊരു സഹായവും ഒരു ഭാഗത്തുനിന്നും അവര്‍ക്ക് ലഭ്യമല്ലാതായി. പലചരക്ക് സാധനങ്ങളുടെയും ഭക്ഷണസാധനങ്ങളുടെയും ആയുധങ്ങളുടെയും അഭാവത്തില്‍ ബ്രിട്ടീഷ് സൈനികര്‍ പൂര്‍ണമായും വിഷമിച്ചു.
കാട്ടുയുദ്ധരീതികള്‍ പിന്തുടരുമ്പോഴും ശത്രുക്കളോട് ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചായിരുന്നു പഴശ്ശിസമരങ്ങള്‍ നടന്നതെന്ന് ഡോ.കെ.കെ.എന്‍ കുറുപ്പ് നിരീക്ഷിക്കുന്നു. എന്നാല്‍ 1812ലെ ഗിരിവര്‍ഗകലാപത്തില്‍ അത്തരം ധാര്‍മികതയും സഹാനുഭൂതിയും ഇംഗ്ലീഷുകാരോട് പ്രക്ഷോഭകാരികള്‍ കാണിച്ചതായി കരുതാനാകില്ല. വയനാട്ടില്‍ അകപ്പെട്ടുപോയ സായിപ്പന്മാര്‍ക്ക് ഭക്ഷണസാമഗ്രികള്‍ എത്തുന്നത് പോലും തടയപ്പെട്ടത് അതിന്റെ സൂചനയാണ്. ബ്രിട്ടീഷ് അധികാരികളുമായി സന്ധിസംഭാഷണങ്ങളും കൂടിക്കാഴ്ചകള്‍ പോലും അക്കാലത്ത് നടന്നതായി സൂചനയില്ല. അതുകൊണ്ടുതന്നെ വെള്ളക്കാരെ നാട്ടില്‍ നിന്ന് ആട്ടിയോടിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1812 ലെ കലാപം നടന്നതെന്ന് ഉറപ്പിക്കാം.
കമ്പനി ശക്തമാകുന്നു
1812 ഏപ്രില്‍ അവസാനത്തോടുകൂടി അതിശക്തമായ പോരാട്ടത്തിന് ബ്രിട്ടീഷ് ഗവണ്‍മെന്റ് തയ്യാറായി. മൈസൂരില്‍ നിന്ന് വിപുലമായ സൈന്യം വയനാട്ടിലേക്ക് മാര്‍ച്ച് നടത്തി. തോമസ് വാര്‍ഡനും ടി.എച്ച്.ബാബറും പുതിയ ആക്രമണരീതികള്‍ ആസൂത്രണം ചെയ്തു. വയനാട്ടില്‍ ഇംഗ്ലീഷ് പട്ടാളം കേണല്‍ വെബറിന്റെയും കേണല്‍ ജയിംസ് വെല്‍ഷിന്റെയും ക്യാപ്റ്റന്‍ ജയിംസിന്റെയും നേതൃത്വത്തില്‍ മൂന്ന് ഡിവിഷനുകളായി തിരിഞ്ഞു. തുടര്‍ന്ന് വിപ്ലവകാരികള്‍ക്കുവേണ്ടി അവര്‍ വയനാടുമുഴുവന്‍ അരിച്ചുപെറുക്കി. പ്രക്ഷോഭകാരികളോട് ഉടന്‍ കീഴടങ്ങാന്‍ ആഹ്വാനം ചെയ്തു. കീഴടങ്ങാത്തവരുടെ വീട്ടുകാരെ ക്രൂരമായി പീഡിപ്പിച്ചു. വീടുകള്‍ കത്തിച്ചു. ജീവനോടെ പിടിക്കപ്പെട്ട കലാപകാരികളെ നിര്‍ദയം ക്രൂരമായ വിധത്തില്‍ വധിച്ചു.
എന്നാല്‍ തദ്ദേശ പോരാളികള്‍ ചെറുത്തുനില്‍പ്പ് ശക്തമായി തുടര്‍ന്നു. അവരുടെ ഒളിപ്പോര്‍ യുദ്ധതന്ത്രം ബ്രിട്ടീഷ് പട്ടാളത്തെ കഷ്ടപ്പെടുത്തി. അവരുടെ പരമ്പരാഗത ആയുധങ്ങള്‍ക്കു മുമ്പില്‍ ബ്രിട്ടീഷുകാരുടെ ആധുനിക ആയുധങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ജെയിംസ് വെല്‍ഷ് സൂചിപ്പിച്ചത് ‘കുറിച്യരുടെയും കുറുമരുടെയും ചുറുചുറുക്കും നിശ്ചയദാര്‍ഢ്യവും ആക്രമണോത്സുകതയും എടുത്തുപറയേണ്ടതാണ്’എന്നാണ്. എങ്കിലും ക്രൂരവും ഭീകരവുമായ പുതിയ യുദ്ധതന്ത്രങ്ങള്‍ രൂപപ്പെടുത്തി ബ്രിട്ടീഷ് പട്ടാളം വിപ്ലവകാരികളെ നേരിടുകയാണുണ്ടായത്.
വയനാട് മാര്‍ച്ച്
1812 ഏപ്രില്‍ 25 മുതല്‍ ബ്രിട്ടീഷ് സംയുക്ത സൈന്യത്തിന്റെ ശക്തമായ മാര്‍ച്ച് വയനാട്ടില്‍ സംഘടിപ്പിക്കപ്പെട്ടു. വയനാട്ടില്‍ നെടുകെയും കുറുകെയുമായി പട്ടാളക്കാര്‍ നടത്തിയ മാര്‍ച്ചില്‍ കനത്ത രക്തച്ചൊരിച്ചില്‍ ഉണ്ടായി. ക്രൂരമായ മര്‍ദ്ദനങ്ങളും വെടിവെപ്പും കൊലപാതകങ്ങളും വ്യാപകമായി നടന്നു. കലാപകാരികളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടു. അവരില്‍ പലരുടെയും കുടുംബാംഗങ്ങളെ വധിക്കുകയോ ബന്ധിക്കുകയോ ചെയ്തു. കലാപനേതാവായ രാമന്‍ നമ്പിയുടെ മകനെയും കുടുംബാംഗങ്ങളെയും ജീവനോടെ പിടികൂടി ബന്ദികളാക്കി. മക്കളുടെയും കുടുംബാംഗങ്ങളുടെയും ജീവന്‍ വച്ച് പല കലാപനേതാക്കളേയും കീഴടങ്ങാന്‍ നിര്‍ബന്ധിച്ചു.
ബ്രിട്ടീഷുകാരുടെ ഇത്തരം ചെയ്തികള്‍ ജനമനസ്സുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വളരെയധികം പേര്‍ ബ്രിട്ടീഷ്‌സൈന്യത്തിനു മുമ്പില്‍ അടിയറവു പറഞ്ഞു. മാപ്പപേക്ഷ പരിഗണിക്കാമെന്ന ബാബറുടെ ഉറപ്പിന്മേല്‍ നേതാക്കളെയും കലാപത്തെയും കയ്യൊഴിയാമെന്ന് പല കലാപകാരികളും വാക്കുകൊടുത്തു. ഇങ്ങനെ ചെയ്തവരെ ബാബര്‍ ശരിക്കും പ്രയോജനപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അതില്‍ വലിയൊരു ഭാഗം ആളുകളും ഒറ്റുകാരും ചാരന്മാരും ആകാന്‍ തയ്യാറായില്ല. സാധാരണമായ ജീവിതത്തിലേക്ക് തിരിച്ചു പോവുകയാണ് അവര്‍ ചെയ്തത്.
സൈനികനീക്കം
തുടര്‍ന്ന് ബ്രിട്ടീഷ് സൈനിക വിഭാഗങ്ങള്‍ സുല്‍ത്താന്‍ബത്തേരിയിലും മാനന്തവാടിയിലും തമ്പടിച്ചു. സുല്‍ത്താന്‍ബത്തേരിക്ക് വടക്കുഭാഗത്തുള്ള ഗിരിവര്‍ഗ്ഗക്കാരുടെ നിയന്ത്രണത്തിലുള്ള വനമേഖലകളില്‍ ശക്തമായ ആക്രമണം നടത്തി. അവിടങ്ങളിലുണ്ടായിരുന്ന കലാപകാരികളെയും സാധാരണ ജീവിതം നയിക്കുന്നവരെയും സൈന്യം തുരത്തി. നിശ്ചിതകേന്ദ്രങ്ങളില്‍ ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിച്ച് കലാപകാരികളെ തുരത്താന്‍ ശക്തമായ നടപടികള്‍ ആരംഭിച്ചു. സുല്‍ത്താന്‍ബത്തേരി, പനമരം, മാനന്തവാടി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടും സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടും മാനന്തവാടി, പുല്‍പ്പള്ളി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചും ശക്തമായ സൈനിക നീക്കം ബ്രിട്ടീഷുകാര്‍ നടത്തി.
ബ്രിട്ടീഷുകാര്‍ നടത്തിയ ഇത്തരത്തിലുള്ള ആസൂത്രിതവും സംഘടിതവും ശക്തവുമായ സൈനിക നീക്കങ്ങളുടെ ഫലമായി പ്രക്ഷോഭത്തിന് ശക്തിക്ഷയം സംഭവിക്കാന്‍ തുടങ്ങി. തുടര്‍ച്ചയായുള്ള ഏറ്റുമുട്ടലുകളും അവര്‍ക്ക് വിനയായി. അതുകൊണ്ടുതന്നെ കലാപത്തില്‍ നിന്നും പിന്മാറാന്‍ പലരും തയ്യാറായി.
കലാപകാരികളുടെ ചില നീക്കങ്ങളും കലാപത്തിന്റെ ശക്തിക്ഷയത്തിന് കാരണമായിത്തീര്‍ന്നതായി കാണാം. സമാധാനപരമായി സാധാരണ ജീവിതം നയിക്കുന്നവരെ കലാപകാരികളുടെ പക്ഷം സ്വീകരിക്കാന്‍ നടത്തിയ ഇടപെടലുകള്‍ അവര്‍ക്ക് വിനയായി.കലാപകാരികളോട് സഹകരിക്കാത്തവര്‍ ക്രൂരമായ ശിക്ഷകള്‍ക്ക് വിധേയരായി. ബ്രിട്ടീഷുകാരോടെന്ന പോലെ കലാപകാരികള്‍ അവരോട് പെരുമാറി. അവരുടെ വീടുകളും വസ്തുവകകളും തീയിട്ടു ചാമ്പലാക്കി. കലാപകാരികളുടെ ഇത്തരം നയപരിപാടികള്‍ കലാപത്തിന്റെ സുഗമമായ ഗതിയെ പിന്നോട്ടടുപ്പിച്ചു.
കലാപത്തില്‍ പങ്കെടുക്കുന്ന സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനുളള തന്ത്രങ്ങളും ബ്രിട്ടീഷുകാര്‍ നടത്തി. വയനാട്ടില്‍ കുറുമര്‍ക്ക് ഉണ്ടായിരുന്ന ആധിപത്യത്തെ തകര്‍ത്തത് നായന്മാരാണെന്ന് പ്രചരിപ്പിച്ചു. കുറിച്യര്‍, ഗോത്രവിഭാഗങ്ങളിലെ മേലാളന്മാരാണെന്നും അവരുടെ ആധിപത്യം ഉറപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും പ്രചരിപ്പിച്ചു. ഇത്തരം ബ്രിട്ടീഷ് തന്ത്രങ്ങള്‍ കുറുമ പ്രക്ഷോഭകാരികളെ ചെറിയ രീതിയില്‍ സ്വാധീനിച്ചു. കുറുമപ്പോരാളികളില്‍ പലരും സ്വമേധയാ കീഴടങ്ങുകയും ബ്രിട്ടീഷുകാരോട് ആദരവ് പ്രകടിപ്പിക്കുകയും പോരാട്ടഭൂമി വിട്ട് സ്വന്തം കൃഷി സ്ഥലങ്ങളിലേക്ക് തിരിച്ചു പോവുകയും ചെയ്തുവെന്ന് പറയപ്പെടുന്നു.
(തുടരും)