ജൂണ്‍ 17നായിരുന്നു വാഞ്ചിനാഥന്‍ ബലിദാന ദിനം
തമിഴ്‌നാട്ടിലെ ചെങ്കോട്ട കേരളത്തിന്റെ അതിര്‍ത്തി പ്രദേശമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായ ഇവിടെ 1886 ല്‍ രഘുപതി അയ്യരുടെയും രുക്മിണി അമ്മാളുവിന്റെയും മകനായി വാഞ്ചിനാഥന്‍ ജനിച്ചു. ചെങ്കോട്ടയില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വാഞ്ചിനാഥന്‍ തിരുവനന്തപുരം മൂലം തിരുനാള്‍ മഹാരാജ കോളേജില്‍ നിന്നും എം.എ.ബിരുദം നേടി. പൊന്നമ്മാളെ വിവാഹം കഴിച്ച വാഞ്ചിനാഥന് തിരുവിതാംകൂര്‍ വനംവകുപ്പില്‍ ക്ലര്‍ക്കായി ജോലി ലഭിച്ചു. സന്തുഷ്ടമായ കുടുംബജീവിതം നയിക്കുമ്പോഴും ബ്രിട്ടീഷ് ഭരണത്തിനെതിരായ അമര്‍ഷം വാഞ്ചിനാഥന്റെ മനസ്സില്‍ പുകയുന്നുണ്ടായിരുന്നു.
വാഞ്ചിനാഥന്റെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തിരുനെല്‍വേലിയില്‍ സുബ്രഹ്‌മണ്യഭാരതി, വി.ഒ.ചിദംബരം പിള്ള, സുബ്രഹ്‌മണ്യ ശിവ എന്നിവരുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമര പോരാട്ടം നടക്കുന്നുണ്ടായിരുന്നു. സുബ്രഹ്‌മണ്യ ഭാരതിയുടെ കവിതകള്‍ ജനങ്ങളില്‍ പ്രകമ്പനം സൃഷ്ടിച്ച കാലം. സ്വദേശി വ്യവസായങ്ങളാരംഭിച്ച് ചിദംബരം പിള്ളയും സുബ്രഹ്‌മണ്യ ശിവയും ബ്രിട്ടീഷുകാര്‍ക്ക് ശക്തമായ വെല്ലുവിളി സൃഷ്ടിച്ച സമയം. അതുകൊണ്ടായിരിക്കണം ബ്രിട്ടീഷ് ഭരണകൂടം 1910 ല്‍ റോബര്‍ട്ട് വില്യം ആഷെ എന്ന കുപ്രസിദ്ധ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ തിരുനെല്‍വേലിയിലേക്ക് കളക്ടറായി നിയോഗിച്ചത്.
കളക്ടറായ ആഷെ പ്രദേശവാസികളോട് കൂടിയാലോചിക്കാതെ പുതിയ വ്യവസായങ്ങള്‍ ആരംഭിച്ചു. പരിസ്ഥിതിക്ക് ഏറെ ആഘാതം ഉയര്‍ത്തിയ ഈ പദ്ധതികള്‍ തദ്ദേശീയമായ വ്യവസായങ്ങള്‍ തകര്‍ക്കാനും ലക്ഷ്യമിട്ടിട്ടുള്ളതായിരുന്നു. ചിദംബരം പിള്ള ആരംഭിച്ച ‘സ്വദേശി സ്റ്റീം നാവിഗേഷന്‍ കമ്പനി’ എന്ന ഷിപ്പിങ്ങ് കമ്പനി തദ്ദേശീയരായ ധാരാളം യുവാക്കള്‍ ജോലി ചെയ്യുന്ന സ്ഥാപനമായിരുന്നു. ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ‘ബ്രിട്ടീഷ് ഇന്ത്യ സ്റ്റീം നാവിഗേഷന്‍ കമ്പനി’ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ’സ്വദേശി സ്റ്റീം നാവിഗേഷന്‍ കമ്പനി’ ആഷെയുടെ ഗൂഢാലോചനയുടെ ഭാഗമായി അടച്ചിടേണ്ടി വന്നു. ചിദംബരം പിള്ളയെയും സുബ്രഹ്‌മണ്യ ശിവയെയും ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച് പീഡിപ്പിച്ചു. സ്വദേശി കമ്പനിയുടെ കപ്പലുകള്‍ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത് ബ്രിട്ടീഷ് ഷിപ്പിങ്ങ് കമ്പനികള്‍ക്ക് മറിച്ച് വില്‍ക്കുകയുണ്ടായി.
ഇതിനെ തുടര്‍ന്ന് പട്ടിണിയിലായ തൊഴിലാളികളും കുടുംബങ്ങളും പ്രതിഷേധിച്ചപ്പോള്‍ അവര്‍ക്ക് നേരെ വെടി വെക്കാന്‍ ആഷെ ഉത്തരവിട്ടു. ഇതേ കാലയളവില്‍ മിഷണറിമാരെ രംഗത്തിറക്കി തിരുനെല്‍വേലി പ്രദേശത്ത് വ്യാപകമായ മതപരിവര്‍ത്തനത്തിനും ആഷെ നേതൃത്വം നല്‍കി. കര്‍ഷകരില്‍ നിന്നും ജന്മികളില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ ആഷെ പിടിച്ചെടുത്തത് പട്ടിണി രൂക്ഷമാക്കി.
സനാതനമായ സംസ്‌കാരത്തിനെതിരായ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ആസൂത്രിതമായ നീക്കം വാഞ്ചിനാഥന്റെ മനസ്സിനെ ഏറെ അലോസരപ്പെടുത്തി. തന്റെ ഭാര്യാസഹോദരന്‍ ശങ്കരകൃഷ്ണന്‍, നീലകണ്ഠ ബ്രഹ്‌മചാരി എന്നിവരോടൊപ്പം ‘ഭാരതമാതാ സംഘം’ എന്ന വിപ്ലവപ്രസ്ഥാനത്തില്‍ വാഞ്ചിനാഥന്‍ സജീവമായി പ്രവര്‍ത്തിക്കുവാനാരംഭിച്ചു. 1907 ല്‍ സ്വരാഷ്ട്രത്തിനായി വീരബലിദാനം നല്‍കിയ വിപ്ലവകാരികളായ ഖുദിറാം ബോസും പ്രഫുല്ല ചാകിയും വാഞ്ചിനാഥനെ ഏറെ സ്വാധീനിച്ചിട്ടുണ്ടായിരുന്നു.
ഏതാണ്ട് ഇതേ സമയത്ത് 1910 ല്‍ ലണ്ടനില്‍ ബ്രിട്ടീഷ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട സവര്‍ക്കര്‍ പോണ്ടിച്ചേരിയിലെത്തിയിരുന്നു. ജോര്‍ജ് അഞ്ചാമനെ രാജാവായി വാഴിക്കുന്നതിനെതിരെ സവര്‍ക്കറും മാഡം കാമയും വിപ്ലവകാരികളോട് സായുധസമരം നടത്താന്‍ ആഹ്വാനം ചെയ്തിരുന്നു. മാഡം കാമയുടെ നിര്‍ദ്ദേശമനുസരിച്ച് പോണ്ടിച്ചേരിയില്‍ വിപ്ലവകാരികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു എന്നറിഞ്ഞ വാഞ്ചിനാഥന്‍ നീലകണ്ഠ ബ്രഹ്‌മചാരിയെ അവിടെ കാണാന്‍ സാധിക്കും എന്ന പ്രതീക്ഷയോടെ പോണ്ടിച്ചേരിയിലെത്തി.
1911 ജനുവരിയില്‍ 3 മാസം ലീവെടുത്താണ് വാഞ്ചിനാഥന്‍ പോണ്ടിച്ചേരിയിലെത്തിയത്. വിപ്ലവകാരികളോട് ആശയപരമായി സംവദിച്ച വാഞ്ചിനാഥനിലെ യുവവീര്യം വിപ്ലവകാരികളിലെ ആയുധവിദഗ്ദ്ധനായി അറിയപ്പെട്ടിരുന്ന വരാഹനരി വെങ്കിടേഷ സുബ്രഹ്‌മണ്യ അയ്യരുടെ ശ്രദ്ധയാകര്‍ഷിച്ചു. മാഡം കാമ കൊടുത്തയച്ച തോക്കുകളില്‍ ഒന്ന് വരാഹനരി വെങ്കിടേഷ സുബ്രഹ്‌മണ്യ അയ്യര്‍ വാഞ്ചിനാഥന് സമ്മാനിക്കുകയും ഉപയോഗിക്കാനുള്ള പരിശീലനം നല്‍കുകയും ചെയ്തു.
1911 ജൂണ്‍ 17ന് രാവിലെ ആഷെയും കുടുംബവും കൊടൈക്കനാലില്‍ പോകാനായി തിരുനെല്‍വേലി – മാണിയാച്ചി മെയില്‍ തീവണ്ടിയില്‍ മാണിയാച്ചി ജംഗ്ഷനിലെത്തി. ഇതേ വണ്ടിയില്‍ വാഞ്ചിനാഥനും ശങ്കരകൃഷ്ണനും സെക്കന്റ് ക്ലാസ്സ് കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തിയ വണ്ടിയുടെ ഫസ്റ്റ് ക്ലാസ്സ് കംപാര്‍ട്ട്‌മെന്റിലിരുന്ന് തൂത്തുക്കുടിയില്‍ നിന്നും മദിരാശിയിലേക്ക് പോകുന്ന ഇന്തോ-സെയ്‌ലോണ്‍ ബോട്ട് മെയിലിന്റെ വരവ് കാത്തിരിക്കുകയായിരുന്നു ആഷെയും കുടുംബവും.
11 മണിയോടെ വാഞ്ചിനാഥനും ശങ്കരകൃഷ്ണനും ആഷെയുടെ കംപാര്‍ട്ട്‌മെന്റിലെത്തി. അപകടം മണത്തറിഞ്ഞ ആഷെ വാഞ്ചിനാഥന് നേരെ തന്റെ തൊപ്പി വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ വാഞ്ചിനാഥന്‍ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നും ആഷെയുടെ നെഞ്ചിലേക്ക് കാഞ്ചി വലിച്ചു. ആഷെ തല്‍ക്ഷണം മരിച്ച് വീണു.
പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങിയ വാഞ്ചിനാഥനെ ആഷെയുടെ സുരക്ഷ ഉദ്യോഗസ്ഥനായ ഖാദര്‍ ബാദ്ഷാ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വാഞ്ചിനാഥന്‍ പിടികൊടുക്കാതെ സ്റ്റേഷനിലെ ശുചിമുറിയിലെത്തി. ബ്രിട്ടീഷ് പോലീസ് ശുചിമുറി വളഞ്ഞ് വാതില്‍ തകര്‍ത്ത് അകത്ത് കയറുന്നതിന് മുമ്പായി ഭാരതമാതാവിന്റെ ആ വീരപുത്രന്‍ വായിലേക്ക് സ്വയം നിറയൊഴിച്ച് മരണം വരിച്ചു. കൂട്ടാളിയായ ശങ്കരകൃഷ്ണന്‍ ഇതിനിടെ വയലിലൂടെ ഓടി രക്ഷപ്പെട്ടിരുന്നു.
ആഷെയുടെ കൊലപാതക ഗൂഢാലോചന കുറ്റം ചുമത്തി ശങ്കരകൃഷ്ണന്‍, ഹരിഹര അയ്യര്‍, ചിദംബരം പിള്ള എന്നിവരെ കോടതി ഏഴ് വര്‍ഷം കഠിന തടവിന് വിധിച്ചു. മാഡം കാമ വാഞ്ചിനാഥനെ പുകഴ്ത്തി ഇങ്ങിനെയെഴുതി – ‘ഭാരതത്തില്‍ അടിമകള്‍ ജോര്‍ജ് അഞ്ചാമനെ രാജാവായി വാഴിക്കാന്‍ ഒരുങ്ങിയപ്പോള്‍ അങ്ങ് തെക്ക് മാണിയാച്ചിയില്‍ ഒരു ധീരനായ യുവാവ് രാഷ്ട്രസ്‌നേഹം എന്തെന്നും ധീരത എന്താണെന്നും രാഷ്ട്രത്തിന് കാണിച്ച് കൊടുത്തു.’
ആഷെയുടെ വധത്തിന് ശേഷം ഭാരതമാതാ സംഘത്തില്‍ ധാരാളം യുവാക്കള്‍ ആകൃഷ്ടരായി. ബ്രിട്ടീഷ് പോലീസും ഭീഷണി തിരിച്ചറിഞ്ഞ് സംഘത്തിനെതിരായ നടപടികള്‍ ആരംഭിച്ചു. ആഷെയുടെ വധത്തില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട ധര്‍മ്മരാജന്‍, വെങ്കിടേശ്വരന്‍ എന്നീ യുവാക്കള്‍ ബ്രിട്ടീഷ് പട്ടാളത്തിന് കീഴടങ്ങാന്‍ തയ്യാറായില്ല. ധര്‍മ്മരാജന്‍ വിഷം കഴിച്ചും വെങ്കിടേശ്വരന്‍ സ്വയം കഴുത്തറുത്തും രാഷ്ട്രത്തിനായി ബലിദാനികളായി. സ്വാതന്ത്ര്യലബ്ധി വരെ വാഞ്ചിനാഥന്‍ സൃഷ്ടിച്ച വിപ്ലവവലയം ബ്രിട്ടീഷ് പട്ടാളത്തെ വെല്ലുവിളിച്ച് കൊണ്ടേയിരുന്നു.
ഇന്ന് മാണിയാച്ചി റെയില്‍വേ സ്റ്റേഷന്‍ ‘വാഞ്ചി മാണിയാച്ചി ജംക്ഷന്‍’ എന്നാണറിയപ്പെടുന്നത്. ചെങ്കോട്ടയില്‍ വാഞ്ചിനാഥന് തമിഴ്‌നാട് സര്‍ക്കാര്‍ ഭവ്യമായ സ്മാരകവും പണി കഴിപ്പിച്ചിട്ടുണ്ട്.
ഭാരതമാതാ സംഘത്തിന്റെ നേതാവായിരുന്ന സോമസുന്ദരന്‍ പിള്ളയുടെ അഭിപ്രായത്തില്‍ വാഞ്ചിനാഥന്‍ ആഷെയെ വധിക്കാനുണ്ടായ കാരണം ചിദംബരം പിള്ളയ്ക്കും സുബ്രഹ്‌മണ്യ ശിവക്കുമെതിരെ ആഷെ എടുത്ത കടുത്ത നടപടികളാണ്. ആത്മാഹുതി ചെയ്ത വാഞ്ചിനാഥന്റെ ഉടുപ്പിലെ കീശയില്‍ നിന്നും ലഭിച്ച ഒരു കുറിപ്പില്‍ കൃത്യമായ കാരണം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ആ കുറിപ്പ് വെളളക്കാരന്റെ ഉള്ളം കിടുക്കുന്നതായിരുന്നു. കുറിപ്പില്‍ വാഞ്ചിനാഥന്‍ ഇങ്ങിനെയെഴുതി:
”എന്റെ ജീവിതം മാതൃഭൂമിക്ക് വേണ്ടിയുള്ള ഒരു എളിയ സമര്‍പ്പണമാണ്. ഇതിന് ഞാന്‍ മാത്രമാണ് ഉത്തരവാദി.
ഇംഗ്ലണ്ടിലെ മ്ലേച്ഛന്മാര്‍ നമ്മുടെ രാഷ്ട്രത്തെ അക്രമിച്ച് കീഴ്‌പ്പെടുത്തി, ഹിന്ദുക്കളുടെ സനാതനധര്‍മ്മത്തെ നശിപ്പിക്കുകയാണ്. ഓരോ ഭാരതീയനും ഇംഗ്ലീഷുകാരെ തുരത്തിയോടിച്ച് സ്വരാജ്യം തിരിച്ച് പിടിക്കാനും സനാതന ധര്‍മ്മത്തെ പുന:സ്ഥാപിക്കുവാനുമുള്ള പരിശ്രമത്തിലാണ്.
നമ്മുടെ രാമന്‍, ശിവാജി, കൃഷ്ണന്‍, ഗുരു ഗോവിന്ദന്‍, അര്‍ജുനന്‍ എന്നിവര്‍ ഇവിടെ ഭരിച്ച് ഈ ധര്‍മ്മത്തെ കാത്ത് രക്ഷിച്ചവരാണ്. ഇതേ നാട്ടില്‍ ഗോമാസം ഭക്ഷിക്കുന്ന മ്ലേച്ഛനായ ജോര്‍ജ് അഞ്ചാമനെ രാജാവായി വാഴിക്കാനുള്ള തയ്യാറെടുപ്പുകള്‍ ബ്രിട്ടീഷുകാര്‍ നടത്തുകയാണ്.
ജോര്‍ജ് അഞ്ചാമന്‍ ഭാരതത്തില്‍ കാല് കുത്തുന്ന നിമിഷം, അവനെ വധിക്കാനായി മൂവായിരം മദ്രാസികള്‍ ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ്. ഇത് ഏവരെയും അറിയിക്കാനാണ് ഞാന്‍ ഈ കൃത്യം ചെയ്തത്. ഹിന്ദുസ്ഥാനിലെ എല്ലാവരും അവരവരുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കണം.
ഗോമാംസം ഭക്ഷിക്കുന്ന ജോര്‍ജ് അഞ്ചാമന്റെ കിരീടധാരണം ആഘോഷിക്കാനായി വരുന്ന റോബര്‍ട്ട് ആഷെയെ ഞാന്‍ വധിക്കും-കാരണം ഇത് എത്രയോ മഹാന്മാരായ രാജാക്കന്മാരെ സൃഷ്ടിച്ച രാജ്യമാണ്. എന്റെ ഈ കൃത്യത്തിലൂടെ ബ്രിട്ടീഷ്‌കാര്‍ ഈ പുണ്യരാഷ്ട്രത്തെ അടിമരാഷ്ട്രമാക്കുന്നതില്‍ ഭയക്കും.
ഞാന്‍ ആഷെയെ വധിക്കുന്നത് ജോര്‍ജ് അഞ്ചാമന് നല്‍കുന്ന പരസ്യമായ താക്കീതാണ്.
വന്ദേ മാതരം വന്ദേ മാതരം വന്ദേ മാതരം’
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്ന അവസരത്തില്‍ വാഞ്ചിനാഥനെ പോലുള്ള വിപ്ലവകാരികളെ സമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കാനെങ്കിലും സാധിക്കണം. തന്റെ ഇരുപത്തി അഞ്ചാം വയസ്സില്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്ത വാഞ്ചിനാഥന് ശതകോടി പ്രണാമം.