ചിന്താ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്രൃം, ആവിഷ്‌ക്കാര സ്വാതന്ത്രൃം എന്നിവയൊക്കെ പൗരന് അനുവദിച്ച് നല്‍കുന്നതുകൊണ്ടാണ് ജനാധിപത്യ ഭരണക്രമത്തെ താരതമ്യേന മെച്ചപ്പെട്ട വ്യവസ്ഥയായി ലോകം അംഗീകരിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ മൗലികവാദികളും മതമൗലികവാദികളും ഒരിയ്ക്കലും ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കാറില്ലെന്നു മാത്രമല്ല തരം കിട്ടിയാല്‍ ആ വ്യവസ്ഥയെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യും. രാഷ്ട്രീയ മൗലികവാദത്തിന്റെ ലോകം കണ്ട ഏറ്റവും ഭീകരമുഖം കമ്മ്യൂണിസമാണെങ്കില്‍ മതമൗലികവാദത്തിന് നിരവധി ഉദാഹരണങ്ങള്‍ ഇന്ന് ഭൂമുഖത്തുണ്ട്. ഹിറ്റ്‌ലറും മുസോളിനിയും സ്റ്റാലിനും മാവോയും എല്ലാം രാഷ്ട്രീയ വംശീയ മൗലിക വാദത്തിന്റെ പേരില്‍ വംശഹത്യകളും ചോരപ്പുഴകളും നിരവധി സൃഷ്ടിച്ചിട്ടുണ്ട്. ഇസ്ലാമിക മതമൗലികവാദം ലോകത്തു മുഴുവന്‍ നൂറ്റാണ്ടുകളായി അക്രമങ്ങളും കൂട്ടക്കുരുതികളും നടത്തിക്കൊണ്ടിരിക്കുകയാണ്. പൗരന്റെ മൗലിക സ്വാതന്ത്ര്യത്തെ അംഗീകരിക്കാത്ത ഇക്കൂട്ടര്‍ ജനാധിപത്യ വ്യവസ്ഥകളില്‍ നുഴഞ്ഞു കയറുകയും ജനാധിപത്യത്തിന്റെ സൗകര്യങ്ങള്‍ എല്ലാം അനുഭവിച്ചുകൊണ്ടു വളര്‍ന്ന്, തരം കിട്ടുമ്പോള്‍ ഭരണക്രമത്തെ അട്ടിമറിച്ച് ഏകാധിപത്യമോ മതാധിപത്യമോ സ്ഥാപിക്കുകയും ചെയ്യും. പിന്നെ പൗരന് അഭിപ്രായ സ്വാതന്ത്ര്യമോ ആഹാര സ്വാതന്ത്ര്യമോ ആവിഷ്‌ക്കാര സ്വാതന്ത്ര്യമോ ഒന്നും ഉണ്ടാവില്ല. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ചൈനയിലും എല്ലാം നാം കാണുന്നത് ലക്ഷണമൊത്ത ഏകാധിപത്യ ഭരണകൂടങ്ങളാണ്. ആശയപരമായി എല്ലാ ഏകാധിപത്യത്തിന്റെയും ജീന്‍ ഘടന ഒന്നായതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ മൗലികവാദികള്‍ക്കും ഇസ്ലാമിക മതഭീകരവാദികള്‍ക്കും പലപ്പോഴും ഐക്യപ്പെടാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും കഴിയുന്നത്. അത്തരമൊരു ഐക്യപ്പെടല്‍ കേരളത്തില്‍ രൂപപ്പെട്ടിട്ട് കുറച്ച് വര്‍ഷങ്ങളായി. പാര്‍ട്ടി കോടതികളും മത കോടതികളും തിട്ടൂരങ്ങളും ഫത്വകളും ഇറക്കാനും അത്തരം കല്‍പ്പനകള്‍ അനുസരിക്കാത്തവരെ രാഷ്ട്രീയമായും ശാരീരികമായും ഉന്മൂലനം ചെയ്യാനും ശ്രമിച്ചു തുടങ്ങിയാല്‍ അവിടെ ജനാധിപത്യം അപകടത്തിലാണെന്ന് മനസ്സിലാക്കാം.
കെ.എന്‍.എ.ഖാദര്‍ എന്ന സാംസ്‌ക്കാരികനായകനു നേരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന മാധ്യമ വിചാരണകളും രാഷ്ട്രീയ വിചാരണകളും താലിബാന്‍ ശൈലിയെ ആണ് അനുസ്മരിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ അമ്പത്തിരണ്ടടി ഉയരമുണ്ടായിരുന്ന ബാമിയാന്‍ ബുദ്ധപ്രതിമ തകര്‍ത്ത താലിബാന്‍ ശക്തികള്‍ കേരളത്തില്‍ പിടിമുറുക്കി കഴിഞ്ഞു എന്നതിന്റെ തെളിവാണ് കേസരി വാരിക നടത്തിയ ‘സ്‌നേഹ ബോധി’ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കുകയും സമാധാനത്തിന്റെയും ഭൂതാനുകമ്പയുടെയും പ്രതീകമായ ബുദ്ധപ്രതിമയുടെ അനാച്ഛാദനത്തില്‍ പങ്കാളിയാകുകയും ചെയ്തതിന്റെ പേരില്‍ കെ.എന്‍.എ ഖാദറിനെതിരെ ‘ഫത്വ’ ഇറക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. കേസരി വാരികയും മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും സംയുക്തമായി സംഘടിപ്പിച്ച ‘സ്‌നേഹ ബോധി’ സാംസ്‌ക്കാരിക സമ്മേളനത്തിന്റെ ഉള്ളടക്കം തന്നെ പരിസ്ഥിതി സംരക്ഷണവും ജീവകാരുണ്യവും ഭൂതാനുകമ്പയും ഉയര്‍ത്തിപ്പിടിക്കുക എന്നതായിരുന്നു. കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ വേദിയിലും സദസിലുമുണ്ടായിരുന്ന പ്രൗഢ ഗംഭീരമായ സാംസ്‌കാരിക സമ്മേളനത്തില്‍ വിവാദപരമായ യാതൊരു പരാമര്‍ശവും ആരുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നു മാത്രമല്ല മത രാഷ്ട്രീയ അതീതമായ മാനവ മൂല്യങ്ങളുടെ ഉദാത്ത വാണികള്‍ ആ വേദിയില്‍ നിന്നും ഉയരുകയും ചെയ്തു. എന്നാല്‍ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരു ചാനല്‍ പ്രവര്‍ത്തകന്‍ ആര്‍.എസ്.എസ്. പരിപാടിയില്‍ മുസ്ലിം ലീഗുകാരനായ കെ.എന്‍.എ ഖാദര്‍ പങ്കെടുത്തു എന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയും കേരളത്തിലെ മറ്റ് ചില മാധ്യമങ്ങള്‍ അത് ഏറ്റുപിടിച്ച് വിവാദമാക്കുകയും ചെയ്തു.
കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയെ ആര്‍.എസ്.എസ് പരിപാടിയായി ചിത്രീകരിച്ച് വിവാദം കൊഴുപ്പിച്ചതിന്റെ പിന്നില്‍ അസഹിഷ്ണുതയുടെ ജിഹാദി മാര്‍ക്‌സിസ്റ്റ് മാധ്യമ ഗൂഢാലോചന സ്പഷ്ടമാണ്. കേരളത്തിലെ പല മാധ്യമ പ്രവര്‍ത്തകരും ഇരട്ട ശമ്പളം പറ്റുന്നവരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആര്‍.എസ്.എസ്സിന്റെയും കേസരിയുടെയും വേദിയില്‍ ആരും പോകാന്‍ പാടില്ലെന്നു തിട്ടൂരമിറക്കുന്നവര്‍ പറയുന്നത് ആര്‍.എസ്.എസും അനുബന്ധ സംഘടനകളും വര്‍ഗ്ഗീയ സംഘടനകളാണെന്നാണ്. ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനലിലും മാധ്യമം, ചന്ദ്രിക തുടങ്ങിയ ലക്ഷണമൊത്ത മതമൗലികവാദ പത്രസ്ഥാപനങ്ങളുടെ പരിപാടികളിലും പങ്കെടുക്കുന്നതില്‍ ഇവിടെ ആരെയും വിലക്കാത്ത ഇടത് മാധ്യമ ഇരുതലമൂരികളാണ് കേസരിക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്നത്. പരിപാടികളില്‍ ആശയസംവാദത്തെ ഭയപ്പെടുന്ന താലിബാനിസ്റ്റ് മാര്‍ക്‌സിസ്റ്റ് മാധ്യമ പ്രവര്‍ത്തകരാണ് ഇത്തരം വിവാദങ്ങള്‍ക്കു പിന്നില്‍ എന്ന് കാണാന്‍ കഴിയും. ജനാധിപത്യ മൂല്യങ്ങളെ ദൃഢപ്പെടുത്തുന്ന സംവാദ സംസ്‌ക്കാരത്തെ എന്നും താലിബാനിസ്റ്റുകള്‍ ഭയപ്പെടുന്നു. സംവാദങ്ങളില്‍ വിജയിക്കാവുന്ന പ്രത്യയശാസ്ത്രബലമില്ലായ്മ തിരിച്ചറിയുന്നവരാണ് വിവാദത്തിന്റെ പുകമറ സൃഷ്ടിക്കാന്‍ എല്ലാക്കാലവും പരിശ്രമിക്കുന്നത്. മുസ്ലിം മതമൗലിക പ്രസ്ഥാനങ്ങളുടെ വേദിയിലും അത്തരക്കാരുടെ മാധ്യമങ്ങളിലും നിത്യസാന്നിദ്ധ്യങ്ങളായ ചില ഇടതുപക്ഷ നേതാക്കളും അവരുടെ തിട്ടൂരങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരുമാണ് കേസരി നടത്തിയ ‘സ്‌നേഹ ബോധി’ അനാച്ഛാദനത്തില്‍ വര്‍ഗ്ഗീയത കണ്ടത്. 1993ല്‍ കമ്യൂണിസ്റ്റ് ദാര്‍ശനികനായ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടും ആര്‍.എസ്.എസ് ദാര്‍ശനികനായ പി.പരമേശ്വരനും തമ്മില്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ വച്ച് സംവാദം നടത്താന്‍ കഴിഞ്ഞത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നത്തെപ്പോലെ പൂര്‍ണ്ണമായും താലിബാന്‍വത്ക്കരിക്കപ്പെടാതിരുന്നതുകൊണ്ടാണ്.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം രാജ്യദ്രോഹപ്രവര്‍ത്തനം കണ്ടെത്തിയ ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ മാതൃഭൂമി ചാനലില്‍ കുടിയേറിയത് അടുത്ത കാലത്താണ്. അയാളാണ് കേസരി വാരിക വര്‍ഗ്ഗീയമായതുകൊണ്ട് അതിന്റെ പരിപാടിയില്‍ കേരളത്തിലെ സാംസ്‌ക്കാരിക നായകന്മാര്‍ പങ്കെടുക്കരുതെന്ന ജിഹാദി ഫത്വ കഴിഞ്ഞ ദിവസം ചാനലിലൂടെ വിളംബരം ചെയ്തത്. ഇത്തരം പുത്തന്‍കൂറ്റ് ചാനല്‍ ചര്‍ച്ചാവീരന്മാര്‍ മാതൃഭൂമി പ്രസ്ഥാനത്തിന്റെ അമരക്കാരായിരുന്ന കെ.പി.കേശവമേനോനും കേരള ഗാന്ധി കേളപ്പനും കേസരിയുടെ വിവിധ വേദികളെ ഒരു കാലത്ത് അലങ്കരിച്ചിട്ടുള്ള ചരിത്രം മാതൃഭൂമി പത്രത്തിന്റെ ചരിത്രമറിയുന്ന ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കുന്നത് നല്ലതാണ്. ഉറൂബും എസ്. ഗുപ്തന്‍ നായരും കടത്തനാട്ട് മാധവി അമ്മയും വൈക്കം മുഹമ്മദ് ബഷീറും, കേസരിയുടെ സാംസ്‌ക്കാരിക വേദികളെ ധന്യരാക്കിയവരാണ്. അക്കിത്തവും വിഷ്ണുനാരായണന്‍ നമ്പൂതിരിയും സുഗതകുമാരിയും കുഞ്ഞുണ്ണി മാഷും ഒക്കെ കേസരിയുടെ താളുകളിലെ അനശ്വര അക്ഷര സാന്നിദ്ധ്യങ്ങളായിരുന്നു. ജമാഅത്തെ ഇസ്ലാമിയോട് ഉണ്ടചോറിന് നന്ദികാണിക്കുവാന്‍ ഇന്ന് മാതൃഭൂമി ചാനലിനെ ഉപയോഗിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ നിയന്ത്രിച്ചാല്‍ അവര്‍ക്ക് കൊള്ളാം. എന്തായാലും കമ്മ്യൂണിസ്റ്റ് ജിഹാദി മാധ്യമ അച്ചുതണ്ട് കേരള മാധ്യമ രംഗത്തെ താലിബാന്‍വത്ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.