മലയാള കാവ്യലോകത്തെയും ഗാനലോകത്തെയും സമ്പന്നമാക്കിയ എസ്.രമേശന്‍നായര്‍ വേണ്ടവിധം ആദരിക്കപ്പെടാതെപോയ അതുല്യ പ്രതിഭയാണ്. ഗാനരംഗത്തെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെട്ട വയലാര്‍, ഒഎന്‍വി, പി.ഭാസ്‌കരന്‍ എന്നിവര്‍ക്ക് തുല്യനായ രമേശന്‍നായര്‍, അവരെപ്പോലെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ചേര്‍ന്നുനടന്ന ആളല്ല. അക്കാരണത്താല്‍ അദ്ദേഹത്തെ തമസ്‌കരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടന്നിട്ടുണ്ടാവാം. കാര്‍മേഘത്തുണ്ടുകള്‍ക്കു സൂര്യപ്രഭയെ തടഞ്ഞുനിര്‍ത്താനാവില്ല. കവിതകളുടെ കരുത്തുകൊണ്ടും ഗാനങ്ങളുടെ മികവുകൊണ്ടും രമേശന്‍നായര്‍ കേരളീയരുടെ ഹൃദയത്തില്‍ എക്കാലവും നിറഞ്ഞു നില്‍ക്കും.
രമേശന്‍നായര്‍ നമ്മെ വിട്ടുപിരിഞ്ഞ സന്ദര്‍ഭത്തിലാണ് അദ്ദേഹം എഴുതിയ ഗാനങ്ങളുടെ പട്ടിക പുറത്തു വരുന്നത്. ഇതെല്ലാം രമേശന്‍നായരുടെ വരികളായിരുന്നുവോ എന്ന അത്ഭുതത്തോടെയാണ് ആ സന്ദര്‍ഭത്തില്‍ പലരും അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. കൃഷ്ണഭക്തനായ അദ്ദേഹം എഴുതിയ ഭക്തിഗാനങ്ങള്‍ ഓരോ ഭക്തന്റെ ഹൃദയത്തിലും ഉണര്‍ത്തുന്ന വികാരം ചെറുതല്ല. നൂറുകണക്കിന് കൃഷ്ണഗാനങ്ങള്‍ എഴുതിയപ്പോഴും ആവര്‍ത്തന വിരസത തെല്ലുമില്ലാതെ ഓരോ ഗാനങ്ങളിലും കൃഷ്ണന്റെ വ്യത്യസ്ത ഭാവതലങ്ങളാണ് കവി കണ്ടത്.
‘ഇഷ്ടപദി’ എന്ന കാവ്യമെഴുതിയ രമേശന്‍നായരുടെ മനസ്സില്‍ കൃഷ്ണന്‍ എപ്പോഴും നിറഞ്ഞുനിന്നിരുന്നു. ഗീതഗോവിന്ദ രചനാവേളയില്‍ ജയദേവ കവിക്കും അദ്ദേഹത്തിന്റെ പത്‌നി പത്മാവതിക്കും അനുഭവവേദ്യമായ കൃഷ്ണ ദര്‍ശനമാണ് ഇഷ്ടപദി എന്ന കവിതയ്ക്ക് ആധാരമായത്. ഹൃദയസ്പര്‍ശിയായ അഞ്ഞൂറോളം സിനിമാഗാനങ്ങളുടെ രചയിതാവ് എന്ന നിലയിലും, ആയിരക്കണക്കിന് ഭക്തിഗാനങ്ങള്‍ എഴുതി സാധാരണക്കാരന്റെ മനസ്സിന് ഊര്‍ജ്ജം പകര്‍ന്ന കവി എന്ന നിലയിലുമാവും സാധാരണക്കാര്‍ അദ്ദേഹത്തെ ഹൃദയത്തില്‍ ഏറ്റുന്നത്.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ അക്ഷരങ്ങളിലൂടെ ആവാഹിച്ചെഴുതിയ ഗുരുപൗര്‍ണ്ണമി, മറ്റു കൃതികളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന കാവ്യമാണ്. ‘കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തില്‍ സംഭവിച്ച മഹത് ജനനമാണ് ശ്രീനാരായണഗുരുവിന്റെ ജനനമെന്ന്’ കവി പല സന്ദര്‍ഭത്തിലും പറഞ്ഞിട്ടുണ്ട്. ഗുരുപൗര്‍ണ്ണമി എന്ന കാവ്യത്തിലൂടെ അദ്ദേഹം മലയാള ഭാഷയ്ക്കു നല്‍കിയ ഉണര്‍വ്വ് വളരെ വലുതാണ്.
”ഒരുമകൊണ്ടീമണ്ണില്‍ മര്‍ത്ത്യന്നുനേടുവാന്‍
കഴിയാത്ത പൊരുളുകളില്ല.
അറിവുകൊണ്ടെയ്യുമ്പോഴരികത്തു വീഴാത്ത
പരമരഹസ്യങ്ങളില്ല” -എന്നു ഗുരുപൗര്‍ണ്ണമയിലെ വരികള്‍ ഒരു സാത്വികനായ ആചാര്യനില്‍ നിന്നുതിരുന്ന മുത്തുമണികള്‍ തന്നെയാണ്.
തിരുക്കുറള്‍ പത്തു വര്‍ഷംകൊണ്ട് തന്റെ മനസ്സിലേയ്ക്ക് ആവാഹിച്ചാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. ചിലപ്പതികാരം മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയപ്പോള്‍ അതുവരെ നാം വായിച്ച ചിലപ്പതികാരത്തിനെക്കാള്‍ ഒരു പ്രത്യേക ഓജസ്സ് ആ കാവ്യത്തില്‍ നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞു. കേരളം നല്‍കിയ അംഗീകാരത്തേക്കാള്‍ വലിയ അംഗീകാരങ്ങളാണ് തമിഴ്‌നാട് സര്‍ക്കാരും വിവിധ തമിഴ്‌സംഘങ്ങളും അദ്ദേഹത്തിനു അതിന്റെ പേരില്‍ നല്‍കിയത്.
2000-ത്തിലാണ് കന്യാകുമാരിയില്‍ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി തിരുവള്ളുവരുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. ആ ചടങ്ങില്‍ സംബന്ധിക്കാന്‍ കരുണാനിധി രമേശനായരെ ക്ഷണിച്ചത് ഒരു വലിയ സംഭവമായിരുന്നു. അതുപോലെ 2001-ല്‍ വള്ളുവര്‍ ദിനാഘോഷത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മൂന്നു ലക്ഷം രൂപയുടെ പുരസ്‌കാരമാണ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയത്. ഭാരതത്തിലെ പരമോന്നത സാഹിത്യ പുരസ്‌കാരമായ, ജ്ഞാനപീഠ അവാര്‍ഡുസംഖ്യ അന്ന് ഒന്നര ലക്ഷം ആയിരുന്നു എന്നോര്‍ക്കണം. കന്യാകുമാരിയുടെ ഹൃദയസ്പന്ദനത്തിന്റെ ചൈതന്യം തുളുമ്പുന്ന മലയാളമാണ് തന്റെ മലയാളമെന്ന് അദ്ദേഹം അഭിമാനിച്ചിരുന്നു.
ആക്ഷേപഹാസ്യ രചനയിലും എസ്. രമേശന്‍നായര്‍ കൈവച്ചിട്ടുണ്ട്. സ്ത്രീ പര്‍വ്വം, ആള്‍രൂപം, വികടവൃത്തം, ശതാഭിഷേകം എന്നീ ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ രാഷ്ട്രീയ നാടകങ്ങളില്‍ സാമൂഹ്യവിമര്‍ശനം ശക്തമായി കാണാന്‍ കഴിയും.
നല്ല ഒരു കവിത എഴുതാന്‍ കവിക്ക് ഏറെ അദ്ധ്വാനിക്കേണ്ടതുണ്ട്. അത്രയും അദ്ധ്വാനം ആവശ്യമില്ലെങ്കിലും അല്പം അദ്ധ്വാനം വായിക്കുന്ന ആളും പുലര്‍ത്തിയാല്‍ മാത്രമെ നല്ല കവിത ആസ്വദിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ എത്ര മിനക്കെട്ടാലും മനസ്സിലാകാത്ത കവിതകളെഴുതുന്ന കവികളോട് അദ്ദേഹത്തിന് യോജിക്കാന്‍ കഴിഞ്ഞില്ല. മലയാളഭാഷയുടെയും സംസ്‌കൃതത്തിന്റെയും എല്ലാ സൗന്ദര്യ ശാസ്ത്രങ്ങളും പൗരാണിക ദര്‍ശനങ്ങളും നന്നായി മനസ്സിലാക്കിയിരുന്നതുകൊണ്ട് ആ തിളക്കം അദ്ദേഹത്തിന്റെ കവിതകളിലെല്ലാം അനുഭവപ്പെടുന്നുണ്ട്.
കവിതയില്‍നിന്നും ഗാനരംഗത്തേയ്ക്കു കടക്കുന്നത് 1985-ല്‍ ആണ്. കവിതയെ ഉപേക്ഷിച്ചല്ല ഗാനരംഗത്തേയ്ക്കു കടന്നത്. സിനിമാഗാന രംഗത്തേയ്ക്കും ഭക്തിഗാനരചനയിലേയ്ക്കും കടന്ന അദ്ദേഹത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഗാനങ്ങളെല്ലാം നല്ല ഭാവഗീതങ്ങളാണല്ലോ. വൃത്തനിബദ്ധമായ കവിതയെ അദ്ദേഹം ഒരിക്കലും കൈവെടിഞ്ഞില്ല. വൃത്തമില്ലാതെ കവിത എഴുതുന്നവരോട് അദ്ദേഹം പറഞ്ഞത്, ‘വൃത്തം ഇല്ലാതെ കവിത എഴുതിക്കോളൂ, എന്നാല്‍ വൃത്തം എന്തെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുവേണം വൃത്തനിരാസം നടത്താന്‍’ എന്നാണ്.
ഭാരതീയ സംസ്‌കൃതിയില്‍ നിന്ന് ഉള്‍ക്കൊണ്ട ഊര്‍ജ്ജം അദ്ദേഹത്തിന്റെ എല്ലാ രചനകളിലും നമുക്ക് ദര്‍ശിക്കാന്‍ കഴിയും. പരമ്പരയായി നമുക്ക് പലവിധത്തില്‍ ലഭിച്ച സമ്പത്തിനെക്കുറിച്ച് നമ്മള്‍ ബോധവാന്മാരാകണമെന്നും പഴയതൊക്കെ വേണ്ടാ എന്നു തീരുമാനിക്കുമ്പോഴും, പൂര്‍വ്വികരെ നിഷേധിക്കുമ്പോഴും, അവര്‍ ചെയ്തത് എന്തായിരുന്നു എന്നു ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പല സന്ദര്‍ഭത്തിലും പറഞ്ഞിട്ടുണ്ട്. ദൈവദശകത്തിനും നീതിസാരത്തിനും വ്യാഖ്യാനം ചമയ്ക്കാനും അദ്ദേഹം തയ്യാറായത് പാരമ്പര്യത്തെ സ്വയം സ്വീകരിച്ചുകൊണ്ടായിരുന്നു. കുടുംബബന്ധങ്ങള്‍ക്ക് ഭാരതീയര്‍ കൊടുക്കുന്ന സ്ഥാനം ലോകത്ത് മറ്റൊരിടത്തുമുള്ള ജനവിഭാഗം നല്‍കുന്നില്ല. പാശ്ചാത്യര്‍ വ്യക്തിസ്വാതന്ത്ര്യത്തിനാണ് പ്രമുഖ സ്ഥാനംകൊടുക്കുന്നത്. ഭാരതീയരാകട്ടെ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനായി വ്യക്തിസ്വാതന്ത്ര്യംപോലും ബലികഴിക്കാറുണ്ട്. പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്താല്‍ അടുത്തകാലത്ത് ഭാരതത്തിലും വ്യക്തിസ്വാതന്ത്ര്യത്തിന് അമിത പ്രധാന്യം ലഭിച്ചു തുടങ്ങിയിരിക്കുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല.
‘പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ….” എന്നാരംഭിക്കുന്ന ഒരൊറ്റ സിനിമാഗാനം മാത്രംമതി മലയാളമുള്ള കാലത്തോളം അദ്ദേഹത്തെ ഓര്‍ക്കാന്‍. കവിതകളെക്കാള്‍ ഒരു കവിയെ ജനകീയനാക്കുന്നത് ഗാനങ്ങളാണല്ലോ. പ്രണയത്തെക്കുറിച്ച് മഹാന്മാരായ എല്ലാ കവികളും മനോഹരമായ കവിതകള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ പ്രണയഹൃദയം ജീവിതംമുഴുവന്‍ പങ്കുവയ്ക്കുന്ന ഭാര്യ എന്ന സങ്കല്‍പത്തെ രമേശന്‍നായരെപ്പോലെ മനോഹരമായി ആവിഷ്‌ക്കരിച്ചിട്ടുള്ള കവികള്‍ വിരളമാണ്.
കുടുംബബന്ധങ്ങളിലേയ്ക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു പുരുഷന്റെയും സ്ത്രീയുടെയും മനസ്സില്‍ ചില സങ്കല്‍പ്പങ്ങള്‍ ഉണ്ടാവാറുണ്ട്. അത്തരം ഒരു സങ്കല്പത്തെ ഒരു സിനിമാഗാനത്തിലൂടെ നമ്മുടെ മനസ്സിലേയ്ക്ക് അദ്ദേഹം കുടിയിരുത്തി. 1986-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മമ്മൂട്ടിയും സുഹാസിനിയും നായികാനായകന്മാരായി അഭിനയിച്ച രാക്കുയിലിന്‍ രാഗസദസ്സില്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തെ എക്കാലത്തെയും മികച്ച ഗാനം രമേശന്‍നായരിലൂടെ നമുക്ക് ലഭിച്ചത്.
പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളായും, എത്രതെളിഞ്ഞാലും എണ്ണവറ്റാതുള്ള ചിത്രവിളക്കായും, കണ്ണുനീര്‍ത്തുള്ളിയില്‍ മഴവില്ലുതീര്‍ക്കുന്ന സ്വര്‍ണ്ണപ്രഭയായും, ദുഃഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ത്തുമ്പിനാല്‍ പുഷ്പങ്ങളാക്കുകയും, മന്ദസ്മിതങ്ങളാല്‍ നീറും മനസ്സില്‍ ചന്ദനം ചാര്‍ത്തുന്ന ഭാര്യയെ, ഭാരതീയ സ്ത്രീസങ്കല്‍ത്തിലെ സ്ത്രീയെ മനസ്സില്‍ പ്രതിഷ്ഠിച്ചുകൊണ്ടാവണം രമേശന്‍നായര്‍ അവതരിപ്പിച്ചത്.
ഒരു സമൂഹം ഭാവിയില്‍ മികച്ചതാവണമെങ്കില്‍ ആ സമൂഹത്തിലെ കുട്ടികളില്‍ രൂപപ്പെടുത്തിയെടുക്കേണ്ട മനോഹരമായ സങ്കല്‍പങ്ങളെക്കുറിച്ച് ചിന്തിച്ച ആളായിരുന്നു രമേശന്‍നായര്‍. ബാലസാഹിത്യം എന്നാല്‍ ചില അക്ഷരപ്പാട്ടുകളും വിജ്ഞാനകഥകളുമാണെന്ന ധാരണ മാറ്റിയെടുക്കാനുള്ള ശ്രമമായിരുന്നു ബാലസാഹിതി പ്രകാശന്റെ ലക്ഷ്യം. ബാലസാഹിതി പ്രകാശന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സന്ദര്‍ഭത്തില്‍ മലയാളത്തിലെ ഉന്നതരായ എഴുത്തുകാരെക്കൊണ്ട് നല്ല ബാലസാഹിത്യ കൃതികള്‍ രചിക്കാന്‍ അദ്ദേഹം നിരന്തരം പ്രേരണ നല്‍കി. അതുവഴി വിലപ്പെട്ട ബാലസാഹിത്യകൃതികളാണ് നമ്മുടെ കുട്ടികള്‍ക്കു ലഭിച്ചത്. ഇപ്പോഴും അതിന്റെ അമരക്കാരനായ എന്‍. ഹരീന്ദ്രന്‍മാസ്റ്റര്‍ ആ ദൗത്യം എറ്റെടുത്ത് മുന്നോട്ടുപോകുന്നുണ്ട്.
അദ്ദേഹത്തോട് അടുത്തിടപഴകുന്ന സന്ദര്‍ഭത്തില്‍, അദ്ദേഹത്തിലെ സവിശേഷമായ വ്യക്തിത്വത്താല്‍ ഗുരുതുല്യനായോ, ഉത്തമസുഹൃത്തായോ, വഴികാട്ടി ആയിട്ടോ അദ്ദേഹത്തെ നമ്മുടെ ഹൃദയം സ്വയം സ്വീകരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അദ്ദേഹം സമ്മാനിച്ച കവിതയുടെ വെളിച്ചത്തിലൂടെയാണ് എനിക്ക് അദ്ദേഹം ഗുരുതുല്യനാകുന്നത്.
പന്ത്രണ്ടാം വയസ്സില്‍ എഴുതിയ ‘പരിവര്‍ത്തനം’ എന്ന കവിതയിലൂടെ മലയാള കാവ്യലോകത്ത് രംഗപ്രവേശം ചെയ്ത രമേശന്‍നായര്‍, വാക്കുകളുടെ പൊരുളറിഞ്ഞുമാത്രം വാക്കുകളെ കവിതയില്‍ തുന്നിച്ചേര്‍ത്ത പ്രതിഭയായിരുന്നു. ബി.എ.യ്ക്കു പഠിക്കുമ്പോള്‍ത്തന്നെ ആദ്യ കവിതാസമാഹാരം പുറത്തിറങ്ങുക എന്ന അപൂര്‍വ്വ ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു. അര്‍ത്ഥസമ്പുഷ്ടമാണ് അദ്ദേഹത്തിന്റെ കവിത. അതില്‍ അവ്യക്തതയുള്ള ഒരു വാക്കുപോലും ചൂണ്ടിക്കാണിക്കാന്‍ ഒരു നിരൂപകര്‍ക്കും കഴിഞ്ഞിട്ടില്ല. മലയാളം എം.എ. ഒന്നാംറാങ്കില്‍ പാസ്സായ ആള്‍ക്ക് വാക്കുകളെക്കുറിച്ചും വാക്യത്തെക്കുറിച്ചും നല്ല ബോധമുണ്ടാകുമെന്നു പറയേണ്ടതില്ല. അറിവും അഭ്യാസവും ഒരുപോലെ സന്നിവേശിപ്പിച്ചാണ് അദ്ദേഹം കവിതാരചന നടത്തിയത്.
മലയാളത്തിന്റെ ശ്രീ എന്നു വിശേഷിപ്പിക്കുന്ന വൈലോപ്പിള്ളിയോടാണ് രമേശന്‍നായര്‍ കൂടുതല്‍ അടുത്തുനില്‍ക്കുന്നത്. വൈലോപ്പിള്ളി മലയാള കവിതയില്‍ സൃഷ്ടിച്ച മലയാളിത്തം, അല്ലെങ്കില്‍ കേരളീയതയാണ് അദ്ദേഹത്തെ മലയാളത്തിന്റെ ശ്രീ എന്നു വിളിക്കാന്‍ എം.എന്‍.വിജയന്‍മാഷെപ്പോലെയുള്ള നിരൂപകനെ പ്രേരിപ്പിച്ചത്. അതുപോലെ രമേശന്‍നായരുടെ പല കവിതകളിലും മലയാളിത്തത്തിന്റെ ആ ശ്രീത്വം നമുക്ക് കാണാന്‍ കഴിയും. അത്തരം കവിതകളെക്കുറിച്ചുള്ള സൂക്ഷ്മമായ പഠനം വൈലോപ്പിള്ളിക്കവിതയില്‍ നടന്നതുപോലെ രമേശന്‍നായരുടെ കവിതകളില്‍ നടന്നിട്ടില്ല. ഭാവിയില്‍ നടക്കും എന്ന് ഉറപ്പാണ്. കാരണം മലയാള കവിതയ്ക്ക് കേരളീയതയെ മാറ്റിനിര്‍ത്തി, നിലനില്‍ക്കാന്‍ കഴിയില്ല.
ശ്യാമയ്‌ക്കൊരുപൂവ് എന്ന കവിതാസമാഹാരമാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ഈ സമാഹാരത്തിന് ടി.പത്മനാഭന്‍ എഴുതിയ മുഖക്കുറിപ്പ് ശ്രദ്ധേയമാണ്. ”നമ്മുടെ പഴയ കവികള്‍ ഋഷിമാരായിരുന്നു. ഋഷി അല്ലാത്തവര്‍ കവിയല്ല. ഋഷി സത്യം ദര്‍ശിക്കുന്നവനാണ്. എന്നിട്ട് ആ സത്യം ലോക നന്മയ്ക്കായി വിളിച്ചു പറയുന്നവനാണ്. അത്തരം ഋഷികവികളുടെ വംശം മലയാളത്തില്‍ കുറഞ്ഞുവരുന്നു. അത്തരം ഒരു ഋഷി കവിയാണ് രമേശന്‍നായര്‍.” സമുന്നതനായ കഥാകാരന് രമേശന്‍നായരോടുള്ള ആദരവാണ് ഈ വരികളിലൂടെ പ്രകടമാകുന്നത്.
കണിക്കൊന്ന
ഗാനരചയിതാവ് എന്ന നിലയില്‍ അദ്ദേഹത്തെക്കുറിച്ച് ഏറെ പറയാനുണ്ടെങ്കിലും കവി എന്ന നിലയില്‍ പ്രധാനമായും രണ്ടു കവിതകളെമാത്രം സാമാന്യമായി ഒന്നുപരിശോധിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. ഒന്ന് ‘കണിക്കൊന്നയും’ മറ്റൊന്ന് ‘കിരാതം’ എന്ന കവിതയുമാണ്. അതില്‍ ഒന്ന് കേരളീയതയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നുവെങ്കില്‍ മറ്റേത് നമ്മുടെ സംസ്‌കൃതിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന കവിതയാണ്.
‘കണിക്കൊന്ന’ എന്ന കാവ്യബിംബത്തെ സ്വീകരിച്ചുകൊണ്ട് മലയാളത്തിലെ പ്രമുഖ കവികളെല്ലാം മനോഹരങ്ങളായ കവിതകള്‍ എഴുതിയിട്ടുണ്ട്. വൈലോപ്പിള്ളി കണിക്കൊന്ന എന്ന പേരില്‍ത്തന്നെ കണിക്കൊന്നയെ പൂര്‍ണ്ണമായും ആവാഹിച്ചുകൊണ്ട് തന്റെ കവിതയില്‍ ഒരു ആത്മപ്രപഞ്ചം സൃഷ്ടിച്ചിട്ടുണ്ട്. ‘പൂക്കാതിരിക്കാന്‍ എനിക്കാവതില്ല’ എന്ന പേരില്‍ കണിക്കൊന്നയുടെ മഹത്വത്തെ മനോഹരമായി അയ്യപ്പപ്പണിക്കരും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കേരളത്തിന്റെ ദേശീയ പുഷ്പമായ കണിക്കൊന്നയെ പ്രശസ്തരായ മിക്ക കവികളും കാവ്യവിഷയമായി സ്വീകരിച്ച് കൈരളിയെ ധന്യമാക്കിയപ്പോള്‍ ഇതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ഒരു കവിതയായിട്ടാണ് രമേശന്‍നായരുടെ കണിക്കൊന്നയെ ഞാന്‍ സ്വീകരിക്കുന്നത്.
രമേശന്‍നായര്‍ കണിക്കൊന്നയെ കാവ്യബിംബമായി സ്വീകരിക്കുമ്പോള്‍ മറ്റൊരു അര്‍ത്ഥ തലത്തിലേയ്ക്കാണ് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത്. മേടവിഷപ്പുലരിയില്‍ താന്‍ കണികാണുന്ന കണിക്കൊന്ന തന്റെ പ്രാണപ്രേയസിയാണ് എന്ന ധ്വനി, അതിമനോഹരമായിട്ടാണ് കവി, സന്നിവേശിപ്പിച്ചിട്ടുള്ളത്. ഈ കവിതയിലെ ഓരോ വരികളും ഇഴകീറി പരിശോധിച്ചാല്‍ ഇപ്പറഞ്ഞ കാര്യം സുവ്യക്തമാവും.
പിന്നെയുമടിമുടി പൂത്തുനില്‍ക്കുന്ന കണി-
ക്കൊന്നയായ് നീയെന്‍ ജന്മസാഫല്യമായ് …. എന്നാരംഭിക്കുന്ന വരികളില്‍ത്തന്നെ താന്‍ പറയുന്നത് ആരെക്കുറിച്ചാണ് എന്ന സൂചന കവി നല്‍കുന്നു. ചന്ദനം മണക്കുന്ന നിന്റെ സാമീപ്യം എന്റെ അന്തഃരംഗത്തിന്‍ ചാരിതാര്‍ത്ഥ്യമാണെന്ന് കവി പറയുമ്പോള്‍ തന്റെ പ്രാണപ്രേയസിയോടുള്ള ഇഷ്ടം കവി തെല്ലും മറച്ചുവയ്ക്കുന്നില്ല.
ജീവിതമാകുന്ന തോണിയില്‍ കയറി തുഴയുമ്പോള്‍ എനിക്ക് സാന്ത്വനമേകുന്നത് നിന്റെ പ്രേമപൂര്‍വ്വമായ കടാക്ഷമാണെന്നും അതിനാല്‍ മണിവീണകള്‍ പാടുന്ന തീരത്തേയ്ക്ക് ജീവിതത്തോണിയെ എത്തിക്കുവാന്‍ എനിക്ക് കഴിഞ്ഞിരിക്കുന്നുവെന്നും അതുവഴി എന്റെ ജീവിതം സഫലമായെന്നും കവി വിളംബരം ചെയ്യുന്നു. നിന്റെ മന്ദസ്മിതത്തിന്റെ നിലാവ് ഉണ്ണുമ്പോള്‍ യാതൊരു ഗുണവും മണവുമില്ലെന്ന് ഞാന്‍ കരുതിയ ജീവിതമാകുന്ന മണല്‍ത്തരി എനിക്ക് മധുരമുള്ളതായി അനുഭവപ്പെടുന്നുവെന്നാണ് കവി പറയുന്നത്.
നിന്നിലൂടറിഞ്ഞു ഞാനിപ്രപഞ്ചത്തിന്റേതാം
തന്മയില്‍ത്തിരിവയ്ക്കുമുണ്‍മയെല്ലാം- എന്ന് സമ്മതിക്കാന്‍ കവിക്ക് തെല്ലും മടിയില്ല.
ചന്ദനം പരിമളം നിന്നന്തരാത്മാവിന്റെ
ഗന്ധമായ്ത്തീര്‍ന്നു’ എന്നു പറഞ്ഞുകൊണ്ട് ജീവിതസഖിയുടെ ഹൃദയനിര്‍മ്മലതയെ കവി വാനോളം പുകഴ്ത്തുകയാണ്.
‘ഇത്രവേഗംനാം ഇടവഴികള്‍ പിന്നിലാക്കി-
യെത്തിയോ വെളിച്ചത്തില്‍ മണ്ഡലത്തില്‍- എന്ന് പറയുമ്പോള്‍ തങ്ങളുടെ ജീവിത യാത്രകള്‍, യാതനകള്‍ നിറഞ്ഞ ഇടവഴിയിലൂടെ ആയിരുന്നുവെന്നും ആ ഇടവഴിയിലൂടെ നടന്നുപോയ നാളുകള്‍ വളരെ വേഗത്തില്‍ കടന്നുപോയെന്നും വെള്ളി വെളിച്ചമുള്ള ഒരു രാജവീഥിയിലേയ്ക്ക് നമ്മള്‍ കടന്ന് ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിച്ചുവെന്നുമാണ് കവി വെളിപ്പെടുത്തുന്നത്.
‘എന്റെയക്ഷമയിപ്പോള്‍ കണ്‍തുറക്കുവാനുള്ള
വെമ്പലായ്‌നിന്നനുജ്ഞകാത്തുനില്‍പൂ – ജ്യോതിസ്സിലേയ്ക്കുയര്‍ന്നു നില്‍ക്കുന്ന കവിയുടെ ആത്മവിശ്വാസത്തെ ഉണര്‍ത്തുന്ന തന്റെ പ്രിയപ്പെട്ടവള്‍ തന്നെക്കാള്‍ മുന്നിലാണെന്നു പറയുമ്പോള്‍ ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണത്തില്‍ തന്റെ സഹധര്‍മ്മിണി വഹിച്ച പങ്ക് എത്ര വലുതായിരുന്നുവെന്ന് കവി തിരിച്ചറിയുകയാണ്.
‘ഹാ, മിഴിതുറന്നുഞാന്‍ കാണുന്നുചിരന്തന
കാമനയുടെ ഏഴുതിരിവിളക്കില്‍നി-
ന്നീരില വിരിയിന്നു പൊന്നുരുളിയായ് നിന്റെ
പ്രേമസൗഭാഗ്യം മുന്നില്‍ പുഞ്ചിരിപ്പൂ- എന്ന കവിവാക്യത്തിലൂടെ തങ്ങളുടെ പ്രേമവല്ലരിയില്‍ വിരിഞ്ഞ സത് സന്തതിയെക്കുറിച്ചുള്ള സൂചനകൂടി നല്‍കുകയാണ്.
കാവ്യജീവിതത്തില്‍ തനിക്ക് കൈത്താങ്ങായി നിന്ന കണിക്കൊന്നയായിട്ടാണ് തന്റെ ജീവിതസഖിയെ കവി കാണുന്നത്. ഈ അര്‍ത്ഥ തലത്തിനപ്പുറം മറ്റു പല അര്‍ത്ഥതലങ്ങളും കണിക്കൊന്ന എന്ന കവിത നല്‍കുന്നുണ്ടെന്ന കാര്യവും വിസ്മരിക്കുന്നില്ല. എങ്കിലും കണിക്കൊന്നയെ തന്റെ ജീവിത സഖിയായി ചേര്‍ത്തുനിര്‍ത്തി അവതരിപ്പിക്കുന്ന രമേശന്‍ നായരുടെ കണിക്കൊന്ന മലയാളത്തിലെ മറ്റു കണിക്കൊന്നക്കവിതകളില്‍നിന്ന് എങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്ന സൂചന ആദ്യ വായനയില്‍ത്തന്നെ നമുക്ക് ബോധ്യപ്പെടുന്നുണ്ട്.
കിരാതം
ഏറ്റവും വലിയശത്രു അവനവന്റെ ഉള്ളില്‍ത്തന്നെയാണുള്ളത്. ആ ശത്രുവിനെ ഇല്ലാതാക്കുന്നവര്‍ക്കു മാത്രമെ ജീവിതം സ്വര്‍ഗ്ഗതുല്യമാക്കാന്‍ കഴിയുകയുള്ളു. ഈ ഒരു ആശയമാണ് കിരാതം എന്ന കവിത മുന്നോട്ടുവയ്ക്കുന്നത്. കേവലം ഒരു കാട്ടാളന്റെ മുന്നില്‍ അടിയറവ് പറഞ്ഞ അര്‍ജ്ജുനനെ അവതരിപ്പിച്ചുകൊണ്ടാണ് ഈ സത്യത്തെ കവി ഉന്മൂലനം ചെയ്യുന്നത്.
വിശ്രുതന്‍ വിജയന്‍ നീ കേവലമൊരസ്ത്രത്താല്‍
വിശ്വപുഷ്പങ്ങളെ കമ്പനംകൊള്ളിക്കുന്നോന്‍.
എങ്കിലുമൊരുവനവേടന്റെയൗദാര്യക്കാ-
ലെന്തിനിന്നേരത്തുഴിഞ്ഞീടുന്നൂകിതപ്പോടെ.
കവി അര്‍ജ്ജനനോടു ചോദിക്കുന്ന ഓരോ ചോദ്യവും ഓരോ മനുഷ്യനും അവന്റെ ഉള്ളിലേയ്ക്കുനോക്കി ചോദിക്കേണ്ടതാണ്. വീരനെന്ന് അഭിമാനിച്ച് തന്റെ കയ്യിലുള്ള ആയുധത്തില്‍ അമിത പ്രതീക്ഷപൂണ്ട് അസ്ത്രമയക്കുന്ന സന്ദര്‍ഭത്തില്‍ താന്‍ എയ്ത അസ്ത്രങ്ങളെ പൂക്കളായി ഏറ്റുവാങ്ങുന്ന ആ കരുത്തിനു മുന്നില്‍ പ്രണമിക്കാന്‍ അര്‍ജ്ജുനന്‍ കൂട്ടാക്കുന്നില്ല. ആവനാഴിയിലെ അസ്ത്രമെല്ലാം തീര്‍ന്നിട്ടും താന്‍ തളര്‍ന്നിട്ടും വില്ലുകൊണ്ട് പ്രഹരിച്ച് ജയിക്കാന്‍ നോക്കുകയാണ്. അര്‍ജ്ജുനന്റെ വില്ലിനെ ചുള്ളിക്കമ്പുപോലെ പിടിച്ചെടുത്ത് നിഷ്പ്രഭമാക്കി പുഞ്ചിരിച്ചുനില്‍ക്കുന്ന വനവേടന്റെ ഔദാര്യമാണ് തന്റെ ജീവനെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അഹങ്കാരത്തിന് തെല്ലൊരു ശമനമുണ്ടായത്. എന്നിട്ടും തന്റെ ശക്തിയില്‍ അഹങ്കരിക്കുന്ന അര്‍ജ്ജുനനെയാണ് പിന്നീടും നാം കാണുന്നത്.
ശത്രുസംഹാരത്തിന് ശക്തികൂട്ടാന്‍ തപസ്സുതെയ്യുന്ന അര്‍ജ്ജുനോട് നിന്റെ ശത്രുക്കള്‍ ആരാല്ലാമെന്നാണ് കവി ചോദിക്കുന്നത്. ആരും ജയിക്കാത്തതാണ് യുദ്ധം. എന്നിട്ടും സ്വന്തം സഹോദരന്മാരെ കൊന്നൊടുക്കാന്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിനാണ് തപസ്സെന്ന കഠിനയജ്ഞത്തില്‍ അര്‍ജ്ജുനന്‍ ഏര്‍പ്പെടുന്നത്.
ശത്രുക്കളെന്നാല്‍ സ്വന്തം സോദരന്മാരാണമ്മ-
പെറ്റതാണവരെയുംനിന്നെയുമെങ്കില്‍ക്കൂടി
സര്‍വ്വവുമൊടുക്കിനിന്‍ സ്വാര്‍ത്ഥമേപുലര്‍ത്തേണം
ഗര്‍വ്വത്താല്‍ കൊന്നുംവെന്നും ഭരിച്ചു സുഖിക്കേണം… എന്ന വലിയ ചോദ്യമാണ് കവി ചോദിക്കുന്നത്. ഈ ചോദ്യം ഏതുകാലത്തും പ്രസക്തമാണ്. യുദ്ധത്തിലൂടെ ഒരു നാട് മരുപ്പറമ്പാവുന്ന കാഴ്ചയാണ് ഇപ്പോഴും നാം കണ്‍മുന്നില്‍ കാണുന്നത്.
ശ്വസിക്കാനിളംകാറ്റ്, പാടുവാന്‍കുയില്‍പ്പറ്റം
വസിക്കാന്‍കുടില്‍, ചാരത്തൊഴുകാനൊരുപുഴ,
ചുരത്താന്‍പൈക്കള്‍,സ്വര്‍ഗ്ഗസൗന്ദര്യംനിന്‍മുറ്റത്തു
വിടര്‍ത്താന്‍ വസന്തം വര്‍ഷിക്കാന്‍ മുകില്‍നിര… ഇങ്ങനെ എല്ലാവര്‍ക്കുമായി എല്ലാവരുടെയും സന്തോഷത്തിനായി ഒരുങ്ങിനില്‍ക്കുന്ന പ്രകൃതിയെ ആണ് യുദ്ധത്തിലൂടെ മരുപ്പറമ്പും ശവപ്പറമ്പും ആക്കി മാറ്റുന്നത്. അത് കവിക്ക് സഹിക്കുന്നില്ല. നീ നിന്റെ യുദ്ധക്കൊതി അവസാനിപ്പിച്ച് തിരിഞ്ഞുനോക്കാനാണ് കവി പറയുന്നത്. ആ തിരിഞ്ഞുനോട്ടം പാരമ്പര്യത്തിലേയ്ക്കാണ്.
സമസൃഷ്ടരില്‍സ്‌നേഹം സകലാദ്യുതഭാവം
സര്‍വ്വകാരുണ്യം ശീലം സാത്വികം മനോഹരം
നിഷ്പക്ഷം ധര്‍മ്മാധര്‍മ്മചിന്തനം അഹിംസയാം
നിഷ്‌കളങ്കത്വം ദൈവതുല്യമാമൗന്നത്യവും….- ഇത്തരം ഗുണങ്ങളാണ് നിന്നെപ്പോലുള്ള ഭരണക്കാരില്‍ ഉണ്ടാവേണ്ടതെന്നും ആ പാരമ്പര്യത്തെ മുറുകെപിടിക്കാനുമാണ് കവി അര്‍ജ്ജുനനോടു പറയുന്നത്. അല്ലാതെ പാരമ്പര്യത്തെ നിഷേധിച്ചുകൊണ്ട് അതൊന്നും തനിക്ക് ബാധകമല്ലെന്ന് ചിന്തിച്ചുകൊണ്ട്,
നീ നിന്റെ ആള്‍ക്കാര്‍,നിന്റെനാടു, നിന്‍സിംഹാസനം
ഈമട്ടിലെല്ലാംനിന്റെ നിന്റെമാത്രമായ്ത്തീര്‍ക്കാന്‍
ജന്മമേ തുലയ്ക്കുന്ന പാര്‍ത്ഥ,….. നീ നേടാന്‍പോവുന്നത് എന്താണ് എന്ന് ഹൃദയത്തില്‍ കൈവച്ചുകൊണ്ട് ആലോചിക്കാനാണ് കവി അപേക്ഷിക്കുന്നത്. കൊന്നും വെന്നും നീ നേടിയെടുത്ത ഇക്കണ്ട മണ്ണും മക്കളും കുടുംബവും രത്‌നപീഠവും സ്തുതിപാഠകരും ചാമരക്കാറ്റും താലപ്പൊലിയും അങ്ങനെ എല്ലാ പ്രതാപവും ഇട്ടെറിഞ്ഞ് പോകണ്ടിവരുന്ന നിമിഷം ഉണ്ടെന്ന് അറിയുക. ആ സമയം സ്വച്ഛന്ദമൃത്യുപോലും നിന്നെ തീണ്ടുവാന്‍ അറയ്ക്കുമ്പോള്‍, എത്ര നിസ്സാരനാണ് നീ എന്നു നിനക്ക് തിരിച്ചറിവുണ്ടാവുമ്പോള്‍, അന്യദുഃഖത്തെച്ചൊല്ലിപ്പൊഴിക്കാന്‍ ഒരു തുള്ളിക്കണ്ണീരും അവശേഷിക്കില്ലെന്നാണ് പാര്‍ത്ഥനെ കവി ഓര്‍മ്മിപ്പിക്കുന്നത്. അതുകൊണ്ട് കവി അര്‍ജ്ജുനോടു പറയുന്നു,
നീ മതിയാക്കുക വാശി ഫല്‍ഗുന, കാട്ടാളന്റെ
കനിവാല്‍ക്കൈവന്നൊരീതീക്ഷ്ണ മാമിച്ഛാശക്തി.
നീ നിന്റെ ഉള്ളില്‍ത്തന്നെയെയ്‌തൊടുക്കുക നിന്നില്‍
നൂറല്ല, നൂറായിരം ശത്രുക്കളല്ലീവാഴ്‌വൂ.
നമ്മുടെ അന്തഃരംഗത്തില്‍ കുടിയേറിയിരിക്കുന്ന ശത്രുക്കളെ തുരത്താതെ എന്തൊക്കെ വെട്ടിപ്പിടിച്ചാലും ശാശ്വതമായ ശാന്തി ലഭിക്കില്ല. ഉള്ളില്‍ കയറിക്കൂടിയ ശത്രുക്കളാണ് നമ്മെ നശിപ്പിക്കുന്നത്. ആ ശത്രുക്കളാണ് ചൂതാടാന്‍ ക്ഷണിക്കുന്നത്, അവരാണ് കാട്ടിലേയ്ക്ക് അയയ്ക്കുന്നതും ആര്‍ത്തിയും അഹങ്കാരവും നമ്മില്‍ നിറയ്ക്കുന്നതും. അവരാണ് എല്ലാ ദുര്‍വൃത്തികളും നമ്മെക്കൊണ്ട് ചെയ്യിക്കുന്നത്. അതുകൊണ്ട് അല്ലയോ അര്‍ജ്ജുനാ,
അന്യരെ ലക്ഷ്യംവയ്ക്കുമമ്പുനീയഥാകാലം
നിന്നിലേയ്ക്കുന്നംപിഴയ്ക്കാതെയെയ്ത്- ഉള്ളിലെ ശത്രുവിനെ പരാജയപ്പെടുത്തുക. അന്യരെ ലക്ഷ്യമാക്കി തൊടുക്കുന്ന അമ്പുകളാണ് നമ്മളുടെ ആത്മശാന്തി കെടുത്തുന്നത്. ആ ശത്രുവിനെ തിരിച്ചറിഞ്ഞ് പിടിച്ചു പുറത്താക്കാന്‍ നമുക്കു എപ്പോഴാണോ കഴിയുന്നത് അപ്പോള്‍ മാത്രമാണ് ശാശ്വതമായ സംതൃപ്തി ലഭിക്കുക. ഭക്തിപ്രസ്ഥാനത്തിലെ എല്ലാകവികളും നമ്മളോട് ആവര്‍ത്തിച്ചു പറഞ്ഞകാര്യം മറ്റൊരു രീതിയിലാണ് എസ്. രമേശന്‍നായര്‍ എന്ന കവി കിരാതത്തിലൂടെ പറയുന്നത്. ഏറെ വിശദീകരണം വേണ്ട കവിതയാണിത്. എത്ര വിശദീകരിച്ചാലും പുതിയ പുതിയ അര്‍ത്ഥതലങ്ങളെ ഈ കവിതയില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും.
മലയാളഭാഷ ഉള്ളകാലത്തോളം രമേശന്‍നായര്‍ എന്ന അനശ്വരനായ കവി മരിക്കില്ല. മലയാളികളുടെ മനസ്സില്‍ ഇപ്പോഴും എപ്പോഴും അദ്ദേഹം ജീവിക്കും.