ന്യൂദല്‍ഹി: പരിസ്ഥിതി സംരക്ഷണത്തിന് പ്രക്ഷോഭങ്ങളല്ല ബദല്‍ മാര്‍ഗ്ഗങ്ങളാണ് ആവശ്യമെന്ന് ആര്‍എസ്എസ് പര്യാവരണ്‍ സംരക്ഷണ ഗതിവിധി അഖിലഭാരതീയ സംയോജകന്‍ ഗോപാല്‍ ആര്യ പറഞ്ഞു. ദല്‍ഹിയില്‍ ഭാരത് പ്രകാശന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവന്റെ ആദ്യശ്വാസം മുതല്‍ അവസാന ശ്വാസം വരെയുള്ള യാത്ര പരിസ്ഥിതിയിലൂടെയാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള താത്പര്യം മനുഷ്യന്റെ ഉള്ളില്‍ ഉണ്ടായി വന്നെങ്കില്‍ മാത്രമേ പരിസ്ഥിതി സംരക്ഷണം സാധ്യമാകൂ. ഒരു മരം അത് ജീവിച്ചിരിക്കുന്നിടത്തോളം കാലം അതിന്റെ തടി മറ്റുള്ളവര്‍ക്കായി കൊടുത്തുകൊണ്ടിരിക്കും. പരിസ്ഥിതിയുടെ കാര്യത്തില്‍ സുജലാം-സുഫലാം എന്ന് ഉദ്‌ഘോഷിച്ച നമ്മുടെ നാടിന്റെ സ്വഭാവം പോലും ഇന്ന് എവിടെ എത്തിയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
രാജ്യത്ത് ഓരോ മിനിറ്റിലും ഒരു ദശലക്ഷം പ്ലാസ്റ്റിക് കുപ്പികള്‍ നിര്‍മ്മിക്കപ്പെടുന്നു എന്നാണ് കണക്ക്. വീടുകളിലെ എല്ലാ ജോലികള്‍ക്ക് പോലും രാസവസ്തുക്കള്‍ ഉപയോഗിക്കുന്നു. സ്വന്തം വീടിന്റെ ആന്തരിക പ്രകൃതിയെ നേരെയാക്കിക്കൊണ്ട് ബാഹ്യപ്രകൃതിയെ സംരക്ഷിക്കാന്‍ ശ്രമിക്കണം. ആഗോള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പ്രകൃതിയോടിണങ്ങിയുള്ള ജീവിതശൈലിയിലൂടെ പരിഹാരം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.