Saturday, July 2, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ജാട്ട് ഗ്രാമങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം (ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 2)

മാത്യൂസ് അവന്തി

Print Edition: 17 June 2022

സോമനാഥത്തില്‍ സുല്‍ത്താന്‍ കണ്ടതും കേട്ടതും എല്ലാം അത്ഭുതമായിരുന്നു. ക്ഷേത്രത്തിലെ ഒരു നിലവറ പൊളിച്ചപ്പോള്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും തിളക്കംകൊണ്ടു കണ്ണുചിമ്മി. സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത സോമനാഥന്റെ ലക്ഷക്കണക്കിനു ചെറു വിഗ്രഹങ്ങളായിരുന്നു അതു നിറയെ. എണ്ണിതീര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഒടുവില്‍ കൂറ്റന്‍ തുകല്‍ സഞ്ചികളില്‍ വാരിനിറച്ച് അവ ഒട്ടകവണ്ടികളില്‍ കയറ്റി.

സോമനാഥത്തില്‍നിന്നു ലഭിച്ച സമ്പത്തെല്ലാം കുന്നുകൂടി കഴിഞ്ഞപ്പോള്‍ ഇരുകൈകളും ആകാശത്തിലേയ്ക്കുയര്‍ത്തി സുല്‍ത്താന്‍ വിലപിച്ചു.

”പരമകാരുണികനായ തമ്പുരാനെ, ഈ സമ്പത്തിന്റെ നൂറിലൊന്നുപോലും ഹിന്ദുസ്ഥാനിലെ ഒരു രാജാവിന്റെയും ഖജനാവില്‍ ഉണ്ടായിരിക്കുകയില്ല. അങ്ങയുടെ അനുഗ്രഹത്തിനു നന്ദി.”

മറ്റൊരത്ഭുതം കാണാന്‍ പ്രമാണിമാര്‍ സുല്‍ത്താനെ ക്ഷണിച്ചു. അവിടെ ഒരു വിഗ്രഹം അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്ക്കുന്നു; ഒരാള്‍ ഉയരത്തില്‍ എങ്ങും തൊടാതെ. ചെറിയ കമ്പികൊണ്ട് എവിടെയെങ്കിലും കെട്ടിയുറപ്പിച്ചിട്ടുണ്ടാകുമെന്നു കരുതി സുല്‍ത്താന്‍ നന്നായി പരിശോധിച്ചു. എങ്ങും ഒരു ബന്ധവുമില്ല. വിഗ്രഹത്തില്‍നിന്ന് ഒരേ അകലത്തില്‍ ഇരുവശത്തും രണ്ടു തൂണുകള്‍ നില്ക്കുന്നത് സുല്‍ത്താന്‍ ശ്രദ്ധിച്ചു. അതിലൊരെണ്ണം സുല്‍ത്താന്റെ കല്പനപ്രകാരം പൊളിച്ചുനീക്കിയപ്പോള്‍ വിഗ്രഹം നിലംപതിച്ചു. വലിയൊരു ശാസ്ത്രജ്ഞനെപ്പോലെ സുല്‍ത്താന്‍ പറഞ്ഞു.

”രണ്ടു തൂണുകളും കാന്തക്കല്ലു (Lodestone) കൊണ്ടു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. രണ്ടു തൂണിന്റെയും ആകര്‍ഷണബലത്തില്‍ നിന്നതുകൊണ്ടു ലോഹം പൊതിഞ്ഞിട്ടുള്ള വിഗ്രഹം താഴെ വീണില്ല എന്നു മാത്രം. അതില്‍ അത്ഭുതമൊന്നുമില്ല.”

തങ്ങളുടെ സുല്‍ത്താന്റെ ബുദ്ധിശക്തിയെ ഗസ്‌നിയിലെ പ്രമാണിമാര്‍ തേന്‍മൊഴികള്‍കൊണ്ടു പുകഴ്ത്തി.

ഗസ്‌നിയിലേയ്ക്കു മടങ്ങുംമുന്‍പ് ഒരു ജോലികൂടി തീര്‍ക്കുവാനുണ്ട്. സുല്‍ത്താന്‍ പറഞ്ഞു.

”മാലിക് അയാസ്…. നമ്മുടെ സഹോദരങ്ങളായ മുവായിരം സൈനികരെയാണ് ഇവിടെ പരമാര രാജാവും അയാളുടെ അവിശ്വാസി സൈന്യവും ചേര്‍ന്നു കൊന്നത്. പകരം വീട്ടാതിരുന്നാല്‍ നമ്മുടെ സഹോദരങ്ങളുടെ ചോര നമ്മെയോര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കും.”
”സത്യമാണു തിരുമനസ്സെ. രാജാവ് നമ്മെ ഭയന്ന് ഖാന്‍ഡു (Khandu) കോട്ടയില്‍ ഒളിച്ചിരിപ്പുണ്ട്. ഇവിടെ നിന്ന് ആറുനാഴിക ദൂരെയാണ് ഖാന്‍ഡുകോട്ട.”

”സൈന്യം അങ്ങോട്ടു പുറപ്പെടട്ടെ.” സുല്‍ത്താന്‍ ആജ്ഞാപിച്ചു.

സോമനാഥത്തിലെ അത്യാചാരങ്ങള്‍ കഴിഞ്ഞ് ആലസ്യം പൂണ്ടുകിടന്നിരുന്ന കാട്ടുചെന്നായ്ക്കള്‍ ഒരിക്കല്‍കൂടി ചുണ്ടുകള്‍ നനച്ചു. കാലാളിനെ സോമനാഥത്തില്‍ നിര്‍ത്തിയ ശേഷം കുതിരപ്പടയുമായി സുല്‍ത്താന്‍ ഖാന്‍ഡുവിലേയ്ക്കു പുറപ്പെട്ടു. 30,000 കുതിരകളുടെ കുളമ്പടികള്‍ ഭൂമിയുടെ ആത്മാവിനെ വിറപ്പിച്ചു. ഖാന്‍ഡുവിലേയ്ക്കുള്ള വഴിയില്‍ അനേകം ചെറു ഗ്രാമങ്ങളുണ്ടായിരുന്നു. കുതിരക്കുളമ്പിനു കീഴില്‍ അവരുടെ കൃഷിപ്പാടങ്ങളും കുടിലുകളും എല്ലാം നിലംപരിശായി. മനുഷ്യരെല്ലാം ഓടി രക്ഷപ്പെട്ടിരുന്നു. അവശേഷിച്ച കന്നുകാലികളും ആട്ടിന്‍കൂട്ടങ്ങളും ഗസ്‌നി സൈന്യത്തിന്റെ ശാപ്പാടിനുള്ള വകയായി.

ഖാന്‍ഡുവിലെത്തിയപ്പോള്‍ കോട്ടവാതില്‍ അടച്ചിരിക്കുന്നതുകണ്ടു. കോട്ടയ്ക്കു ചുറ്റുമുള്ള ആഴമേറിയ കിടങ്ങില്‍ വെള്ളം നിറച്ചിരിക്കുന്നു. കുറുകെ കടക്കാന്‍ ഒരു പഴുതുനോക്കി സുല്‍ത്താനും പരിവാരങ്ങളും പലവട്ടം കോട്ടയ്ക്കുചുറ്റും കുതിരയോടിച്ചുനടന്നു. ഇല്ല, ഒരു പഴുതും കണ്ടില്ല.

ഒടുവില്‍ സുല്‍ത്താന്‍ ആകാശത്തിലേയ്ക്കു കൈകളുയര്‍ത്തി ഇപ്രകാരം പ്രാര്‍ത്ഥിച്ചു.

”പരമകാരുണികനായ തമ്പുരാനെ… ഈ കോട്ടയിലെ അവിശ്വാസികളെയത്രയും അവിടുത്തെ വിശ്വസ്ത ദാസനായ ഈയുള്ളവന്റെ കൈകളില്‍ ഏല്പിച്ചു തരേണമേ… അവരുടെമേല്‍ അങ്ങയുടെ നീതി നിര്‍ദ്ദയം നടപ്പിലാക്കുവാന്‍ അങ്ങയുടെ ഈ വിശ്വസ്ത ദാസനെ അനുവദിച്ചാലും.”
അതേസമയം പേടിച്ചരണ്ട നൂറുകണക്കിനു കുഞ്ഞുങ്ങളും സ്ത്രീകളും ഗസ്‌നിപ്പടയുടെമേല്‍ ദൃഷ്ടിയുറപ്പിച്ച് കോട്ടമുകളില്‍ നില്ക്കുന്നുണ്ടായിരുന്നു. അവരുടെമേല്‍ നിര്‍ദ്ദയം നീതി നടത്തുവാനാണല്ലോ സുല്‍ത്താന്‍ പ്രാര്‍ത്ഥിച്ചത്.

തക്ബീര്‍ വിളികള്‍കൊണ്ടു വീര്യം മൂത്തു നില്ക്കുന്ന സൈന്യത്തിനു നേരെ തിരിഞ്ഞുനിന്ന് സുല്‍ത്താന്‍ പറഞ്ഞു.

”മണ്ണും കല്ലും തടികളും ഇട്ട് കിടങ്ങുനികത്തി മറുവശത്തെത്താനാണ് സത്യദൈവത്തിന്റെ അരുളപ്പാട്.” പിന്നെ സേനാധിപനു നേരെ തിരിഞ്ഞു പറഞ്ഞു.
”മാലിക് അയാസ്…. ഈ കല്പന നിര്‍വ്വഹിക്കാന്‍ വേണ്ടത് ഉടന്‍ ആരംഭിക്കുക.”

സുല്‍ത്താന്റെ കുതിരപ്പട സമതലമാകെ നിരന്നു. വലുതും ചെറുതുമായ കല്ലുകള്‍ അവര്‍ കുതിരപ്പുറത്തു വലിച്ചുകയറ്റി. മറ്റൊരു സേനാഘടകം മരങ്ങള്‍ മുറിച്ചുവീഴ്ത്തി. തടികള്‍ കുതിരകളെക്കൊണ്ടു കെട്ടിവലിപ്പിച്ച് കിടങ്ങിലേയ്ക്കു തള്ളാന്‍ തുടങ്ങി. ഏതാനും കുതിരകള്‍ക്ക് കുറുകെ കടന്ന് പോകാവുന്നത്ര വീതിയുള്ള പാത പിറ്റേദിവസം ഉച്ചയോടെ പൂര്‍ത്തിയാകുമെന്നുറപ്പായി. പരമാവധി വേഗത്തില്‍ പണി തുടര്‍ന്നു. ഒരുരാത്രി അവിടെ പാളയമടിക്കണം. രാത്രി ഭക്ഷണത്തിനുള്ള വക കൊള്ളചെയ്തു കൊണ്ടുവരാന്‍ കുതിരപ്പടയുടെ ഒരു സംഘം സമീപഗ്രാമങ്ങള്‍ തേടി പുറപ്പെട്ടു. അരക്ഷിതരായ ഗ്രാമീണരുടെ മേല്‍ ചുഴലിക്കാറ്റായി അവര്‍ വീശിയടിച്ചു. കണ്ണില്‍കണ്ട പുരുഷന്മാരെയൊക്കെ നിഗ്രഹിച്ചു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും രാത്രിവിനോദത്തിനായി പിടിച്ചുകെട്ടി. കന്നുകാലികളെയും കിട്ടാവുന്നത്ര ധാന്യവും ശേഖരിച്ചു. മടങ്ങുംമുന്‍പ് കുടിലുകള്‍ തീയിട്ടുനശിപ്പിക്കാന്‍ മറന്നില്ല. അവിശ്വാസികളുടേതായി യാതൊന്നും അവശേഷിക്കരുതെന്നാണ് സുല്‍ത്താന്റെ പ്രമാണം.

പിറ്റേദിവസം ഉച്ചയോടെ ഖാന്‍ഡു കോട്ടയിലേയ്ക്കു ഒരു നടപ്പാത പൂര്‍ത്തിയായി. അതുവഴി മറുകരയിലെത്തിയ സൈന്യം തടികൊണ്ടു നിര്‍മ്മിച്ച കൂറ്റന്‍ കോട്ടവാതിലിനു മുന്‍പില്‍ എത്തിനിന്നു. നാഫ്ത മുക്കിയ പരുത്തിഗോളങ്ങള്‍ ചുവട്ടിലിട്ടു കത്തിച്ചപ്പോള്‍ കോട്ടവാതിലിനു തീ പിടിച്ചു. സൈന്യത്തിന് അകത്തു കടക്കാനുള്ള പഴുതുണ്ടാക്കുവാന്‍ അധികസമയം വേണ്ടിവന്നില്ല. പ്രാവിന്‍കൂട്ടില്‍ കടന്നുകയറിയ കഴുകന്മാരെപ്പോലെ സുല്‍ത്താന്റെ ഭീകരന്മാര്‍ ഓരോ മനുഷ്യജീവിയെയും കൊത്തിവലിച്ചു. പുരുഷന്മാരെ കൂട്ടക്കൊല ചെയ്തു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സ്ത്രീകളെയും ബന്ധിച്ചു. നെഞ്ചില്‍ ചേര്‍ത്തു പിടിച്ചിരിക്കുന്ന കൈക്കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞശേഷം അമ്മമാരെ കൈകള്‍ പിന്നില്‍ കൂട്ടി ബന്ധിച്ചു. ഇന്നലെവരെ ഒരേ മച്ചിനുകീഴില്‍ ഉറങ്ങിയ കുടുംബാംഗങ്ങള്‍ ഇനിയൊരിക്കലും കാണാത്തവണ്ണം വേര്‍പിരിയുകയാണ്. അവര്‍ ഇനി സുല്‍ത്താന്റെ സ്വത്താണ്. ആരെങ്കിലുമൊക്കെ അവരെ ലേലംചെയ്തു കൊണ്ടുപോകും. ആരും രക്ഷിക്കാനില്ലാത്തവണ്ണം വിലകെട്ട ജന്മങ്ങളായി മാറി ഹിന്ദുസ്ഥാനിലെ ഹിന്ദുസമൂഹം.

ഖാന്‍ഡുകോട്ടയിലുള്ള സര്‍വ്വസമ്പത്തും കൊള്ള ചെയ്യപ്പെട്ടു. രാജാവിന്റെ ഖജനാവു തകര്‍ത്ത് രത്‌നങ്ങളും സ്വര്‍ണനിക്ഷേപങ്ങളും കവര്‍ന്നു. പക്ഷെ തന്റെ പ്രതികാരദാഹം തീര്‍ക്കാന്‍ സുല്‍ത്താന്‍ തേടിവന്ന ആളെമാത്രം കിട്ടിയില്ല. സുല്‍ത്താന്‍ എത്തുംമുന്‍പുതന്നെ രാജാവ് രക്ഷപ്പെട്ടിരുന്നു. കോട്ടയ്ക്കകം ഒരു ചാമ്പല്‍ക്കൂനയായി മാറ്റിയശേഷം സുല്‍ത്താന്റെ സൈന്യം അടിമകളെ വലിച്ചിഴച്ചുകൊണ്ട് പുറത്തേയ്ക്കുനീങ്ങി.

സുല്‍ത്താന്റെ എല്ലാ സങ്കല്പങ്ങള്‍ക്കും അപ്പുറമാണ് സോമനാഥം കൊള്ളയടിച്ചതിലൂടെ വാരിക്കൂട്ടിയ സമ്പത്ത്. അനേകം രാജാക്കന്മാരുടെ ഖജനാവ് ഒരുമിച്ചു കിട്ടിയാലുണ്ടാകുന്നത്ര സമ്പത്താണ് കിട്ടിയത്. ലക്ഷക്കണക്കിന് അടിമകളെ വിറ്റു കിട്ടാന്‍പോകുന്ന തുക വേറെ. പിടിച്ചെടുത്ത ആനകളുടെ മൂല്യം നിര്‍ണ്ണയിക്കാനാവില്ല.

സുല്‍ത്താന് ഈ കടല്‍ത്തീര നഗരം വല്ലാതെ ഇഷ്ടപ്പെട്ടുപോയി. ഇവിടെ സ്വര്‍ണവും ഇന്ദ്രനീലവും ധാരാളമായി കുഴിച്ചെടുക്കാവുന്ന ഖനികള്‍ ഉണ്ടെന്നുകേട്ടു. സാരദ്വീപത്തിലും (ശ്രീലങ്ക) പെഗു ദ്വീപിലും (ഇപ്പോള്‍ അറിയപ്പെടുന്ന പെഗുദ്വീപ് മ്യാന്‍മറില്‍ ആണ്. ചരിത്രകാരന്‍ സൂചിപ്പിക്കുന്നത് മറ്റേതെങ്കിലും ദ്വീപ് ആയിരിക്കും) അത്തരം ഖനികള്‍ ധാരാളം ഉണ്ടത്രെ. വരണ്ട കുന്നുകള്‍ മുള്ളുകള്‍പോലെ തെറിച്ചുനില്ക്കുന്ന അഫ്ഗാനിസ്ഥാന്‍വിട്ട് ഗുജറാത്ത് തലസ്ഥാനമാക്കി താന്‍ ഇവിടെയങ്ങു കൂടിയാലോ എന്ന് സുല്‍ത്താന്‍ ചിന്തിച്ചു. തന്റെ സൈന്യത്തിന് ഇവിടെ തുടരാനാണു താല്പര്യമെന്ന് സുല്‍ത്താന്‍ മനസ്സിലാക്കി. കഴുതപ്പുലികളുടെ കൂട്ടക്കരച്ചില്‍പോലെ തന്റെ സൈനികര്‍ ചിരിക്കുന്നതു കണ്ട് സുല്‍ത്താന്‍ പുളകമണിഞ്ഞു. ഹിന്ദുസ്ഥാനിലെ അവിശ്വാസി പെണ്ണുങ്ങളുടെമേല്‍ എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് അതിക്രമം നടത്താം. ഇഷ്ടംപോലെ പശുവിറച്ചി കഴിക്കാം. ധാരാളം വെള്ളവും ധാന്യങ്ങളും. സന്തുഷ്ടരായ സൈന്യമാണ് ഏതു രാജാവിന്റെയും സ്വത്ത്. തന്റെ സൈന്യം പൂര്‍ണ്ണ സംതൃപ്തരാണ്. അപ്പോള്‍ ഇവിടെ തുടരുകതന്നെ.

ഗസ്‌നിയുടെ ഭരണം മകന്‍ മസൂദിനെ ഏല്പിക്കാം. സുല്‍ത്താന്റെ തലയില്‍ ഈ ചിന്ത ചൂടുപിടിക്കുന്നതറിഞ്ഞ് ഗസ്‌നിയില്‍ നിന്നെത്തിയിട്ടുള്ള പ്രമാണിമാര്‍ പരിഭ്രാന്തരായി. അവരുടെ ബീവിമാരും സമ്പത്തും ബന്ധുക്കളും ഗസ്‌നിയിലാണുള്ളത്. എത്ര കിട്ടിയാലും സമ്പത്തിനോടുള്ള ആര്‍ത്തി ശമിക്കാത്ത സുല്‍ത്താന് ഇവിടം ഇഷ്ടമാകും. പക്ഷേ തങ്ങളുടെ കാര്യം അതല്ല. പ്രമാണിമാര്‍ ഒറ്റയ്ക്കും കൂട്ടായും ആലോചനയില്‍ മുഴുകി. ഒടുവില്‍ അവര്‍ കൂട്ടായി സുല്‍ത്താനെ സമീപിച്ചു പറഞ്ഞു.

”നഹ്ര്‍വാല തലസ്ഥാനമാക്കി ഇവിടെ തുടരുക എന്ന തിരുമനസ്സിന്റെ ആഗ്രഹം ഉചിതംതന്നെ. ഈ നഗരം മനോഹരവും ആരെയും മോഹിപ്പിക്കുന്നതുമാണ്. ഇവിടെത്തന്നെ തുടരാന്‍ ഞങ്ങളും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഖൊറാസാന്‍ മേഖല പിടിച്ചെടുക്കാന്‍ നാം എത്രനാള്‍ യുദ്ധം ചെയ്തു. എത്ര കൂട്ടക്കൊലകള്‍ നടത്തി. എത്ര കഷ്ടപ്പെട്ടാണ് ശത്രു ഗോത്രങ്ങളെ അമര്‍ച്ചചെയ്ത് നാം ഖൊറാസാന്‍ സ്വന്തമാക്കിയത്. തിരുമനസ്സ് ഹിന്ദുസ്ഥാനില്‍ തലസ്ഥാനം സ്ഥാപിച്ചു എന്നറിയുന്ന നിമിഷം ഖൊറാസാനിലെ ശത്രുഗോത്രങ്ങളൊക്കെ തലപൊക്കും; ശക്തി പ്രാപിക്കും. അവര്‍ ഗസ്‌നിയെത്തന്നെ ആക്രമിക്കാന്‍ തയ്യാറാകും. അങ്ങയുടെ സാന്നിദ്ധ്യമില്ലാതെ മാലിക് മസൂദിന് സ്വന്തമായി ഇത്ര വലിയ ശക്തികളെ അമര്‍ച്ച ചെയ്യാനാവില്ലെന്ന് അടിയങ്ങള്‍ ചിന്തിക്കുന്നു.”

പ്രമാണിമാര്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു. അതു ശരിയാണെന്നു സുല്‍ത്താനു തോന്നി. (അല്ലെങ്കില്‍ ഗുജറാത്തിനെ മറ്റൊരു അഫ്ഗാനിസ്ഥാനാക്കി സുല്‍ത്താന്‍ മാറ്റുമായിരുന്നു).

”ഗസ്‌നിയില്‍നിന്നു നാം പുറപ്പെട്ടിട്ട് രണ്ടര വര്‍ഷമായി. വിജയകരമായ ജിഹാദിന്റെ രണ്ടരവര്‍ഷം. ഇനി നമുക്കു മടങ്ങാം.” സുല്‍ത്താന്‍ പ്രഖ്യാപിച്ചു.

അനേകം നാഴിക നീളമുള്ള കൂറ്റന്‍ സര്‍പ്പത്തെപ്പോലെ സുല്‍ത്താന്റെ സൈന്യം ചലിച്ചു. കുതിരപ്പടയും കാലാളും ആനയും ഒട്ടകങ്ങളും ബന്ധിക്കപ്പെട്ട അടിമകളും അക്കൂട്ടത്തിലുണ്ട്. ഇനിയൊരിക്കലും കാണാന്‍ അവസരമില്ലാത്ത സ്വന്തം ഭൂമിയില്‍ കണ്ണീരിന്റെ തീക്കനല്‍ വീഴ്ത്തിക്കൊണ്ട് ബന്ധിക്കപ്പെട്ട സ്ത്രീകളും കുട്ടികളും സഞ്ചരിച്ചു. അവസാനിക്കാത്ത ദുരിതത്തിന്റെ 2500 കിലോമീറ്റര്‍ സഞ്ചരിച്ച് ഗസ്‌നിയിലെത്തിയാല്‍ സ്ത്രീകളെ ലേലത്തില്‍ വാങ്ങാന്‍ വേശ്യാലയം സൂക്ഷിപ്പുകാരും വെപ്പാട്ടികളെ വേണ്ടവരും കാത്തുനില്ക്കുന്നുണ്ടാകും. ചിലര്‍ക്കുവേണ്ടത് അടുക്കളയിലേക്കുള്ള പരിചാരികമാരെയാണ്. ആണ്‍കുട്ടികളുടെ വൃഷണം ഉടച്ച് അവരെ ഷണ്ഡന്മാരാക്കിയതിനു ശേഷമാകും ലേലം ചെയ്യുന്നത്. പ്രമാണിമാരുടെ ബീവിമാരെ സൂക്ഷിക്കുന്ന അന്തഃപുരങ്ങള്‍ക്കു കാവല്‍ നില്ക്കാന്‍ പുരുഷത്വം നഷ്ടപ്പെട്ട പുരുഷ അടിമകളെയാണ് വേണ്ടത്.

യാത്രക്കിടയില്‍ വലിയൊരു പ്രതിസന്ധിയെക്കുറിച്ചുള്ള അറിവ് സുല്‍ത്താനു കിട്ടി. ഖാന്‍ഡുകോട്ടയില്‍നിന്നു രക്ഷപ്പെട്ട പരമാര രാജാവും അജ്മീറിലെ രാജാവും ഹിന്ദുസ്ഥാനിലെ മറ്റു നിരവധി രാജാക്കന്മാരെ വിളിച്ചുകൂട്ടി ഒരു വന്‍സൈന്യത്തിനു രൂപം കൊടുത്തിരിക്കുന്നു. അവര്‍ ആക്രമണത്തിനൊരുങ്ങി വഴിയില്‍ കാത്തുനില്ക്കുന്നു. ശത്രുസൈന്യത്തിന്റെ ആഴവും പരപ്പും തിരിച്ചറിഞ്ഞ സുല്‍ത്താന്‍ എതിര്‍ക്കാന്‍ നിന്നില്ല.

”ആ വഴിവിട്ട് താര്‍ മരുഭൂമിയിലൂടെ സഞ്ചരിക്കണം. മുള്‍ട്ടാനിലേക്കുള്ള വഴി കാട്ടാന്‍ ഒരാളെ കണ്ടെത്തുക.” സുല്‍ത്താന്‍ ആജ്ഞാപിച്ചു.

മാലിക് അയാസ് കൂട്ടിക്കൊണ്ടുവന്ന വഴികാട്ടി പറഞ്ഞു. ”ഞാന്‍ കച്ചവട സംഘങ്ങള്‍ക്കൊപ്പം ധാരാളം സഞ്ചരിച്ചിട്ടുണ്ട്. താര്‍ മരുഭൂമി കുറുകെ കടന്ന് പഞ്ചാബിലൂടെ മുള്‍ട്ടാനിലെത്താനുള്ള വഴി ഞാന്‍ കാട്ടിത്തരാം.”

വഴികാട്ടിക്കു പിന്നാലെ സുല്‍ത്താനും സൈന്യവും സഞ്ചരിച്ചു. നിരവധി രാപകലുകള്‍ കഴിഞ്ഞു. ഒടുവില്‍ ഘോരമായി വരണ്ട മരൂഭൂമിയുടെ ഹൃദയത്തില്‍ എത്തിയതുപോലെ തോന്നി. ചുഴലികളായി വീശിയടിക്കുന്ന തീക്കാറ്റ്. ഇടക്കിടയ്ക്ക് സൂര്യവെളിച്ചം മറയ്ക്കുന്ന മണല്‍ക്കാറ്റ്. മരുപ്പച്ചയുടെ പച്ചത്തുരുത്ത് എങ്ങും തെളിയാത്ത ഘോരമായ മരുഭൂമി. ഏതോ കാലത്ത് ചത്തുവീണ മൃഗങ്ങളുടെ അസ്ഥികൂടങ്ങള്‍.

സുല്‍ത്താനു സംശയം തോന്നി. വഴികാട്ടിയെ തന്റെ മുന്‍പില്‍ ഹാജരാക്കാന്‍ ആജ്ഞാപിച്ചു.

നിര്‍ഭയനായി നിന്നുകൊണ്ട് വഴികാട്ടി പറഞ്ഞു.

”സോമനാഥന്റെ ക്ഷേത്രത്തിലെ പൂജാരികളില്‍ ഒരാളാണു ഞാന്‍. എന്റെ ക്ഷേത്രം നിങ്ങള്‍ തകര്‍ത്തു. എന്റെ ജനങ്ങളെ കൊന്നു. ഇത് എന്റെ പ്രതികാരം. മരുഭൂമിയുടെ ചക്രമദ്ധ്യത്തിലാണു നിങ്ങളെ ഞാന്‍ കുടുക്കിയിരിക്കുന്നത്. ഇവിടെനിന്നു നിങ്ങള്‍ ജീവനോടെ പുറത്തു കടക്കുകയില്ല. എന്റെ തല സുല്‍ത്താനു വേണമല്ലോ. അതു വെട്ടി എടുത്തുകൊള്ളൂ.”

സുല്‍ത്താന്‍ അയാളുടെ തല വെട്ടിയെടുത്തു. അതൊരു കുന്തത്തില്‍ കോര്‍ത്ത് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരു തുര്‍ക്കി മുമ്പില്‍ നടന്നു.

വര്‍ണ്ണനാതീതമായ ദുരിതങ്ങളിലാണു സുല്‍ത്താന്‍ കുടുങ്ങിയത്. കനല്‍ പൊഴിയുന്ന ആകാശത്തിനു കീഴില്‍ സൂര്യാഘാതമേറ്റ് കുതിരയും ഒട്ടകവും മനുഷ്യരും ചത്തുവീണു. തുള്ളിവെള്ളമില്ല, ഭക്ഷണമില്ല, ഒരു പുല്‍നാമ്പുപോലും എങ്ങും കാണാനില്ല. ശവങ്ങള്‍ കൊത്തിവലിക്കാന്‍ തിരക്കുകൂട്ടി സുല്‍ത്താന്റെ സൈന്യദളത്തിനു മുകളില്‍ കഴുകന്മാരുടെ ഒരുപറ്റം സഞ്ചരിച്ചു. ഒടുവില്‍ സുല്‍ത്താന്‍ ഒരു മരുപ്പച്ചയില്‍ എത്തിയപ്പോഴേക്കും ആയിരക്കണക്കിനു ജഡങ്ങള്‍ വഴിയില്‍ വീണുകഴിഞ്ഞിരുന്നു.

സിന്ധിലൂടെ സൈന്യം കടന്നുപോകുമ്പോള്‍ വീണ്ടും അത്യാഹിതം സുല്‍ത്താനെ തേടിയെത്തി. ഉപ്പുപര്‍വ്വതങ്ങള്‍ നിറഞ്ഞ സാള്‍ട്ട് റേഞ്ചിലൂടെ കടന്നു പോകുകയായിരുന്നു. വീരപോരാളികളായ ജാട്ട് ഗോത്രങ്ങള്‍ സുല്‍ത്താന്റെ സൈന്യത്തെ ആക്രമിച്ചു. പര്‍വ്വത മേഖലയിലെ ഊടുവഴികളും ചുരങ്ങളും അറിയാവുന്ന ജാട്ടുകള്‍ വളരെയേറെ കിരാത സൈനികരെ കൊല്ലുകയും സുല്‍ത്താന്റെ കൊള്ളമുതല്‍ അപഹരിക്കുകയും ചെയ്തു. എ.ഡി. 1026 ല്‍ ആണ് ഈ സംഭവം. എല്ലാ പ്രതിസന്ധികളും അതിജീവിച്ച് ഒടുവില്‍ സുല്‍ത്താന്‍ ഗസ്‌നിയില്‍ എത്തിച്ചേര്‍ന്നു.

നോവിച്ചവരോടു പക തീര്‍ക്കാതെ വിശ്രമിക്കാന്‍ കഴിയാത്ത ആളാണ് സുല്‍ത്താന്‍. പകതീര്‍ക്കല്‍ ക്രൂരവും രക്തപങ്കിലവുമായിരിക്കും. കൊള്ള ചെയ്തു സമ്പാദിക്കുന്ന ധനം സൈനിക നേട്ടങ്ങള്‍ക്കുവേണ്ടി ഏതളവുവരെ ഉപയോഗിക്കാനും സുല്‍ത്താനു മടിയില്ല. സോമനാഥത്തില്‍നിന്നു മടങ്ങുംവഴി തന്റെ സൈന്യത്തെ ആക്രമിച്ച് കൊള്ളമുതല്‍ പിടിച്ചെടുത്ത ജാട്ടുകള്‍… അവര്‍ ഇനി ഭൂമിയില്‍ വേണ്ട. ഇസ്ലാം മതം അടിച്ചേല്‍പ്പിക്കുവാനുള്ള മുന്‍കാല ശ്രമങ്ങള്‍ക്കെതിരെ 300 വര്‍ഷമായി ചെറുത്തുനില്ക്കുന്ന അവിശ്വാസികളുടെ സമൂഹമാണ് ജാട്ടുകള്‍. (എ.ഡി. 720 ല്‍ മൊഹമ്മദ് ബിന്‍ ക്വാസിമിന്റെ നേതൃത്വത്തില്‍ വന്ന അറബിസൈന്യം സിന്ധ് ആക്രമിച്ച് 26000 ഹിന്ദു, ബുദ്ധ മതക്കാരെ കൂട്ടക്കൊല ചെയ്തു. അവശേഷിച്ചവര്‍ ഇസ്ലാം മതം സ്വീകരിച്ചു. അന്നും സിന്ധിലെ ജാട്ടുകള്‍ മതപരിവര്‍ത്തനത്തിനു തയ്യാറായില്ല). ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ ജാട്ടുകളുടെ ഭാഷയറിയാവുന്ന ചെറിയൊരു സംഘത്തെ സുല്‍ത്താന്‍ സിന്ധിലേക്കയച്ചു.

സിന്ധുനദിയുടെ തീരപ്രദേശങ്ങളില്‍ സഞ്ചരിച്ച് തോണി നിര്‍മ്മിക്കുന്നവരെ കണ്ടെത്തുകയാണ് അവരുടെ ദൗത്യം. ഒന്നും രണ്ടുമല്ല 1400 തോണികളെങ്കിലും നിര്‍മ്മിക്കണം. നിരവധി സ്ഥലങ്ങളിലായി അത്രയും തോണികള്‍ നിര്‍മ്മിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ഒരു നിര്‍മ്മാണ സ്ഥലത്തും 5 ല്‍ കൂടുതല്‍ എണ്ണം നിര്‍മ്മിക്കാനുള്ള കരാര്‍ ചെയ്തില്ല. തോണിയുടെ മദ്ധ്യഭാഗത്ത് ഇരുവശങ്ങളിലും അതുപോലെ മുന്നിലും രണ്ടടി നീളം വരുന്ന ഇരുമ്പുകുഴല്‍ ഘടിപ്പിക്കുവാനും നിര്‍ദ്ദേശിച്ചു.

ഒരുവര്‍ഷംകൊണ്ട് തോണികളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. എ.ഡി.1027 ല്‍ സുല്‍ത്താന്റെ പതിനായിരക്കണക്കിനു കുതിരപ്പട ഖൈബര്‍ ചുരമിറങ്ങി സിന്ധുവിന്റെ തീരത്തെത്തി. അപ്പോഴേയ്ക്കും പല സ്ഥലങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 1400 തോണികള്‍ ഒരേ സ്ഥലത്ത് എത്തിച്ചിരുന്നു. ഗസ്‌നിയില്‍നിന്നു പണിതീര്‍ത്തുകൊണ്ടുവന്ന 5 അടിനീളം വരുന്ന ഇരുമ്പിന്റെ കുന്തമുനകള്‍ ഓരോ തോണിയുടെയും ഇരു വശങ്ങളിലും മുന്‍പിലും ഘടിപ്പിച്ചിട്ടുള്ള ഇരുമ്പുകുഴലുകളില്‍ ഇട്ട് മുറുക്കി. അങ്ങനെ തോണിതന്നെ ഒരു ആയുധമാക്കി സുല്‍ത്താന്‍ പരിവര്‍ത്തനം ചെയ്തു. ഓരോ തോണിയിലും 20 വീതം അമ്പെയ്ത്തുകാര്‍ ഇരുന്നു.

സുല്‍ത്താന്റെ നാവികപ്പട വരുന്നതറിഞ്ഞ് ജാട്ട് ഗ്രാമങ്ങള്‍ ഇളകി പുറപ്പെട്ടു. ജന്മനാ പോരാളികളായ ജാട്ടുകള്‍ ആയുധമെടുത്തുകൊണ്ട് അവരുടെ തോണികളില്‍ കയറി. അസാമാന്യ ഉയരവും ശരീര വണ്ണവും നീട്ടിവളര്‍ത്തിയ താടിയും ഒരിക്കലും തളരാത്ത പോരാട്ടവീര്യവും ജാട്ടുകളുടെ പ്രത്യേകതയാണ്. സുല്‍ത്താന്റെ തോണികളില്‍ ഇടിച്ചുകയറി തലങ്ങും വിലങ്ങും വാള്‍വീശിയാല്‍ തുര്‍ക്കിപ്പട തലയറ്റുവീഴുമെന്ന് ജാട്ടുകള്‍ കരുതി. എന്നാല്‍ അതല്ല സംഭവിച്ചത്. അലറിക്കൊണ്ടു പാഞ്ഞുചെന്ന ജാട്ടുകളുടെ തോണിയിലേയ്ക്ക് സുല്‍ത്താന്റെ തോണികള്‍ ഇടിച്ചുകയറി. തോണികളില്‍ ഘടിപ്പിച്ചിരുന്ന ഇരുമ്പു മുനകള്‍ ജാട്ടുകളുടെ തോണിയെ തുളച്ചുകൊണ്ട് അകത്തു കയറി. തടികൊണ്ടു നിര്‍മ്മിച്ച തോണിയുടെ ചേര്‍പ്പുപലകകള്‍ ഇളകി. ഒപ്പം അകത്തേയ്ക്കു വെള്ളവും കയറിത്തുടങ്ങി. അങ്ങനെ ജാട്ടുകളില്‍ അശുഭചിന്തയുടെ ആദ്യവിത്തു വിതച്ചശേഷം തുര്‍ക്കി സേന അമ്പും വില്ലുമെടുത്തു. അമ്പിന്‍മുനകളില്‍ ഘടിപ്പിച്ചിട്ടുള്ള പരുത്തി ശകലത്തില്‍ നാഫ്ത്ത മുക്കി തീകൊളുത്തി അമ്പുകള്‍ ജാട്ടുകളുടെ തോണിയിലേയ്ക്കു തൊടുത്തുവിട്ടു. ജാട്ടുകളുടെ അവസാന തോണിയിലും തീ പിടിച്ചു. പരുക്കന്‍ പരുത്തി വസ്ത്രത്തിലും താടിമീശയിലും തലമുടിയിലും തീപിടിച്ച ജാട്ടുകള്‍ പ്രാണവേദനയോടെ അലറിക്കൊണ്ട് നദിയില്‍ ചാടി. ആയിരം വര്‍ഷം മുന്‍പ് അലക്‌സാണ്ടറും പൗരവ രാജാവും (പോറസ്) ഏറ്റുമുട്ടിയ അതേ സിന്ധുവില്‍ത്തന്നെ തുര്‍ക്കികളും ഹിന്ദുക്കളും ഏറ്റുമുട്ടുകയാണ്.

നദിയില്‍ കിലോമീറ്ററുകളോളം നീളത്തിലും വീതിയിലും ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കെ സുല്‍ത്താന്റെ മറ്റൊരു സേനാദളം ജാട്ട് ഗ്രാമങ്ങളിലേയ്ക്കു ഇരമ്പിക്കയറി. പുരുഷന്മാര്‍ യുദ്ധരംഗത്തായിരുന്നതുകൊണ്ട് ഗ്രാമങ്ങള്‍ അരക്ഷിതമായിരുന്നു. പേടിസ്വപ്‌നങ്ങളില്‍ മാത്രം കാണുന്ന രാക്ഷസീയ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ സ്ത്രീകളും കുഞ്ഞുങ്ങളും ഓടാന്‍പോലും മറന്നു. ജാട്ട് ഗ്രാമങ്ങള്‍ ചോരക്കളങ്ങളായി. കൊള്ളയും തീവയ്പും സാര്‍വ്വത്രികമായി നടന്നു. 2000 വള്ളങ്ങള്‍ നിര്‍മ്മിക്കാനും സൈനികച്ചെലവിനും വേണ്ടി വന്നതിന്റെ പത്തിരട്ടി തുക ജാട്ട് ഗ്രാമങ്ങള്‍ കൊള്ള ചെയ്‌തെടുത്തു. ഇവിടെ സുല്‍ത്താന്റെ ജിഹാദ് വന്‍വിജയമായിരുന്നു. ജാട്ടുഗ്രാമങ്ങളെ മുഴുവനായും ഇസ്ലാമില്‍ ചേര്‍ത്തു. ഇന്ന് ഈ ഗ്രാമങ്ങള്‍ പാകിസ്ഥാനിലാണ്.

(തുടരും)

 

Tags: ഗസ്‌നിസോമനാഥംSomnath TempleGazniഗസ്നി മതഭീകരതയുടെ മനുഷ്യാകാരംസോമനാഥ്മുഹമ്മദ് ഗസ്‌നി
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ബ്രിട്ടനെ വിറപ്പിച്ച വിപ്ലവകാരി

യംഗ് ഇന്ത്യന്റെ രഹസ്യങ്ങള്‍

കൊമ്പുകുത്തുന്ന ക്യാന്‍സര്‍

സത്യപ്രതിജ്ഞയും വഞ്ചനാ കുറ്റവും

കലാപത്തിന്റെ കരുത്ത് (വനവാസികളും സ്വാതന്ത്ര്യസമരവും 4)

സ്വദേശാഭിമാനിയുടെ ‘തനിനിറം’

Kesari Shop

  • കേസരി വാര്‍ഷിക വരിസംഖ്യ ഓണപ്പതിപ്പ് ഇല്ലാതെ ₹1,000.00
  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
  • കേസരി ആജീവനാന്ത വരിസംഖ്യ ₹20,000.00
Follow @KesariWeekly

Latest

താലിബാന്‍വത്ക്കരിക്കപ്പെടുന്ന മാധ്യമകേരളം

മോദി സാക്കിയയോട് നന്ദി പറയണം !

ബാബാ യോഗേന്ദ്രജിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പത്മശ്രീ പുരസ്‌കാരം നല്‍കുന്നു.

യോഗേന്ദ്രനാഥ് യോഗി- സംസ്‌കാര്‍ഭാരതിക്കായി സമര്‍പ്പിച്ച ജീവിതം

ബ്രിട്ടനെ വിറപ്പിച്ച വിപ്ലവകാരി

ഡോ. റെയ്ച്ചല്‍ മത്തായി ചില ഓര്‍മ്മക്കുറിപ്പുകള്‍

യംഗ് ഇന്ത്യന്റെ രഹസ്യങ്ങള്‍

സി.പി.എം ബംഗാളില്‍ ഉണ്ടാക്കിയ നവോത്ഥാനം ഇങ്ങനെ

നിന്നെയും കാത്ത്

ഭാരതീയ വിചാരകേന്ദ്രം സംവാദപരമ്പര കൊച്ചിയില്‍ 
ഡയരക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈചാരിക സ്വാശ്രയത്വം അനിവാര്യം: ഡോ. ജേക്കബ് തോമസ്

ആര്‍.എസ്എസ് കൂത്തുപറമ്പ് ഖണ്ഡ് കാര്യാലയം സഹസര്‍കാര്യവാഹ്
സി.ആര്‍.മുകുന്ദ ഉദ്ഘാടനം ചെയ്യുന്നു.

സംഘത്തിന്റേത് സര്‍വ്വാശ്ലേഷിയായ സമീപനം: സി.ആര്‍. മുകുന്ദ

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies