ഞായറാഴ്ചയാണ്. രാവിലെത്തന്നെ ഗേറ്റില്‍ ശബ്ദം കേട്ട് നോക്കി. കസിന്‍ ഉണ്ണിവക്കീലാണ്. സ്റ്റാമ്പ് പേപ്പറുമായി വന്നതാണ്.
‘എന്താ തിരക്കിലാണോ ?’
‘അതെ… രാവിലെത്തന്നെ പേപ്പറില്‍ ഒരു വാര്‍ത്ത. ‘ഹിന്ദുക്കളില്‍ നവോത്ഥാനം വേണം.
അപ്പൊ എന്താണാവോ ഈ നവ നവോ.. എന്ന ചിന്തയിലാ… അത് നൂറു കൊല്ലം മുമ്പുണ്ടായതെന്തോ എന്നാണല്ലോ നാമെല്ലാം കണക്കാക്കിയിരിക്കുന്നത്.’
ഉണ്ണി ചിരിച്ചു.
‘അതെ.. പി.എസ്.സി ടെസ്റ്റിന് ഒരു അഞ്ചെട്ട് പേരുടെ വിവരങ്ങള്‍ ബൈഹാര്‍ട്ടാക്കി വെച്ചാല്‍ നവോത്ഥാനം ആയി’
‘ശ്രീനാരായണ ഗുരു തൊട്ട് കെ. കേളപ്പന്‍ വരെ അല്ലെ… വര്‍ഷം, സ്ഥലം, പ്രസ്ഥാനം, പിന്നെ കേരള സിംഹം, കേരള ലിങ്കണ്‍, കേരള ഗാന്ധി എന്നൊക്കെയുള്ള വിളിപ്പേര് അത്ര മതി. അവര്‍ ചെയ്ത കാര്യങ്ങള്‍ സമുദായ പരിഷ്‌ക്കരണം ഒന്നും ആര്‍ക്കും അറിയണ്ട അല്ലെ?’
‘സത്യമാണ്. അല്ലെങ്കിലും അതിപ്പോള്‍ ഹിന്ദു നിന്ദ നടത്താനുള്ള ഒരു ഉപാധി മാത്രമായി മാറിയിരിക്കുന്നു.’
‘ശരിയാണ്. ഇപ്പോള്‍ 50 ശതമാനത്തില്‍ താഴെ ജനസംഖ്യയുള്ളവരുടെ നൂറു വര്‍ഷം മുമ്പത്തെ അപരാധങ്ങളുടെ അയവിറക്കല്‍ ആയി മാറി.’
‘മറ്റുള്ളവര്‍ക്കൊന്നും ഈ നവോത്ഥാനം ബാധകമല്ല. അവിടെ നവീന അനാചാരങ്ങള്‍ പൊന്തി വരുകയാണ്. വേദി വിലക്ക്, താലിബാന്‍ മോഡല്‍ വസ്ത്ര ധാരണം, മത വിദ്വേഷ കൊലവിളികള്‍, രാഷ്ട്ര വിരുദ്ധ പ്രസ്താവനകള്‍ തുടങ്ങി..’
‘നവോത്ഥാനം എന്ന വാക്ക് ഫ്രഞ്ചില്‍ നിന്ന് വന്ന ഇംഗ്ലീഷ് വാക്കായ renaissance ന്റെ പരിഭാഷയാണ്. യൂറോപ്പില്‍ സംസ്‌കാരം, കല, സാഹിത്യം, സമൂഹ പരിഷ്‌ക്കാരങ്ങള്‍ എന്നിവയ്ക്കാണെങ്കില്‍ ഇവിടെ മത സമുദായ പരിഷ്‌ക്കരണങ്ങള്‍ക്ക് മാത്രമാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. മറ്റു ഇന്ത്യന്‍ ഭാഷകളിലൊന്നും നവോത്ഥാനം എന്ന് ഉപയോഗിച്ച് കാണുന്നുമില്ല. ഹിന്ദിയില്‍ പുനര്‍ ജാഗരണ്‍, നവ ജാഗരണ്‍, സുധാര്‍വാദ് എന്നൊക്കെയാണ് പറയുന്നത്.’
‘പക്ഷെ നമ്മള്‍ രാജാറാം മോഹന്റോയിയെ ഭാരതത്തിലെ നവോത്ഥാന പിതാവായിക്കാണുന്നു. ബാല വിവാഹം, സതി എന്നിവ നിര്‍ത്തലാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിനാണ് അല്ലെ?’
‘കൂട്ടത്തില്‍ പറയട്ടെ രാജാറാം എന്ന വിളി ശരിയല്ല രാജാ രാംമോഹന്‍ റോയ് എന്ന് തന്നെ വേണം…’
‘തീര്‍ച്ചയായും… അതില്‍ വില്യം ബെന്റിക്കിന് ചില ദുരുദ്ദേശങ്ങളും ഉണ്ടായിരുന്നു എന്ന് സംശയിക്കണം. സതി നിര്‍ത്തലാക്കിയതിന് വലിയ എതിര്‍പ്പുണ്ടായിരുന്നില്ല എന്നത് തന്നെ ഹിന്ദു സമൂഹത്തില്‍ അതത്ര വ്യാപകമായിരുന്നില്ല എന്ന് കാണിക്കുന്നു. മാത്രമല്ല അതിന് മതപരമായ അനുവാദവുമുണ്ടായിരുന്നില്ല. എത്ര സതിയുണ്ടായി? ഏതു വര്‍ഷം? എന്ന ചോദ്യത്തിന് ശരിയായ ഉത്തരമൊന്നുമില്ല. എന്തായാലും സതി ആഗോള ഹിന്ദുവിന്റെ തീരാക്കളങ്കമായി മാറിയില്ലേ? അവര്‍ക്കതുമതി. ഇന്നും നമ്മുടെ ‘വിഡോ ബേര്‍ണിങ്’ നെപ്പറ്റി പരദേശികള്‍ ചര്‍ച്ച ചെയ്യും. ഗരുഡന്‍ തൂക്കം കേരളത്തിലോ തമിഴ്‌നാട്ടിലോ ഒരു മൂലയില്‍ നടക്കുന്ന കാര്യമായിരിക്കാം. പക്ഷെ രാജസ്ഥാനിലെ ഹിന്ദുവിനെ അപമാനിക്കാന്‍ അത് ഉപയോഗിച്ചാല്‍ എങ്ങനെയിരിക്കും?’
‘ഹ..ഹ..’
അത് ഉണ്ണി വക്കീലില്‍ ചിരി ഉണര്‍ത്തി.
‘ജാതീയതയ്ക്കും ഒരു സമാനത ഇല്ലല്ലോ. ഉണ്ണിത്താനും കുറുപ്പും ഒന്നും ബീഹാറിലില്ല, യു.പി.യിലുമില്ല. അവിടെയുള്ളത് ഇവിടെയുമില്ല. പിന്നെ അതെങ്ങനെ ഹിന്ദുവിന്റെ മൊത്തത്തിലാവും? വര്‍ണ്ണവിവക്ഷ ഗ്രന്ഥങ്ങളിലുണ്ടെങ്കിലും അത് ജാതിയല്ലല്ലോ.’
‘ഹ..ഹ.. ശരിയാണ് . ശബരിമലയിലെ യുവതി പ്രവേശ വിരുദ്ധത പ്രാദേശിക ആചാര മര്യാദയില്‍ പെട്ട കാര്യമാണ്. അതുമായി ധര്‍മ്മഗ്രന്ഥങ്ങള്‍ക്കോ ഹിന്ദുസമാജത്തിനോ ഒരു ബന്ധവുമുണ്ടായിരുന്നില്ല. എങ്കിലും ഹിന്ദുമതത്തിലെ അവശേഷിക്കുന്ന നീചത്വമായി അത് ലോകം മുഴുവന്‍ പ്രചരിപ്പിക്കപ്പെട്ടു. ഹിന്ദു നിന്ദകരായ കമ്മ്യൂണിസ്റ്റുകളുടെ കുത്സിത വൃത്തി. അതിനവര്‍ നവോത്ഥാന വനിതാ മതില്‍ കെട്ടി, പര്‍ദ്ദാധാരികളുടെ സഹായത്തോടെ. സ്വന്തം തട്ടകത്തിലെ പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കാനുള്ള അവകാശം വേണമെന്ന് പറയാന്‍ ധൈര്യമില്ലാത്തവരെയാണ് നിന്ദകര്‍ കൂടെ കൂട്ടിയത്. എത്ര അരോചകം! ‘
‘ശരിയാണ്. സ്വന്തം വേഷവിധാനത്തിലും ചിന്തയിലും ആചാരങ്ങളിലും പുറകോട്ട്, വളരെ പുറകോട്ട്, പോകുന്നവര്‍ മറ്റുള്ളവര്‍ക്ക് നവോത്ഥാനം, പരിഷ്‌കരണം വേണമെന്ന് ശഠിക്കുക. ഹാ കഷ്ടം!’
‘ഹ..ഹ..ഹ…സത്യം. സ്വാതന്ത്ര്യാനന്തര കേരളത്തില്‍ എന്ത് നടന്നു? നവോത്ഥാനമോ അധ:പതനമോ ഉണ്ടായത്? ഈ കഴിഞ്ഞ 75 വര്‍ഷത്തെ ചരിത്രം പഠിപ്പിക്കേണ്ടെന്നോ? ആരും അറിയേണ്ടെന്നോ?’
‘ശരിയാണ്. ഓരോന്ന് എടുത്ത് പരിശോധിച്ചാല്‍ കേരള സമൂഹത്തെ ഇത്രയും അധഃപതിപ്പിച്ചത് ആര് എന്ന ചോദ്യം വരും. നവോത്ഥാന നേതാക്കളെ സ്മരിക്കുന്നതോടൊപ്പം സമൂഹത്തെ അധഃപതിപ്പിച്ച നേതാക്കളെയും അനുസ്മരിക്കേണ്ടതുണ്ട്.’
‘കറക്ട്!’
ഉണ്ണി വക്കീല്‍ ഓരോന്ന് ഓര്‍ത്തെടുത്തു.
‘ഹര്‍ത്താല്‍, ബന്ദ്, പണിമുടക്ക്, സമരങ്ങള്‍, കമ്പനികള്‍ പൂട്ടിക്കല്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍, ആഭാസ സമരങ്ങള്‍, കിസ്സ് ഓഫ് ലവ്, യോനീകവാടം, മാധ്യമ അപചയം, സ്ത്രീ പീഡനങ്ങള്‍, മുത്തലാക്കിനെതിരെ, പൗരത്വ നിയമത്തിനെതിരെ, കള്ളപ്പണ നിരോധന നടപടിക്കെതിരെ, ആര്‍ബി ഐയ്‌ക്കെതിരെ, അഴിമതി, കൈക്കൂലി, കളവ്, ധിക്കാരം, കൊലവിളികള്‍, പെരുമാറ്റ ദൂഷ്യങ്ങള്‍, പ്രകൃതി നാശം, പരിസ്ഥിതി മലിനീകരണം, മായം ചേര്‍ക്കല്‍, മലിന ഭക്ഷണം അങ്ങനെ കേരളം നമ്പര്‍ വണ്‍ ആയ എത്രയെത്ര കാര്യങ്ങള്‍. പുതിയ തലമുറയെ ഇതിന്റെയൊക്കെ ഭവിഷ്യത്തുക്കള്‍ പഠിപ്പിച്ചില്ലെങ്കില്‍ നമ്മള്‍ നശിച്ച് നാനാവിധമാകും.’
‘ഇതിനൊക്കെ കാരണക്കാരായ നവീന മാടമ്പികള്‍ക്ക് നിയമത്തെ തീരെ പേടിയില്ല. പോലീസ് സ്റ്റേഷനില്‍ കേറി പ്രതികളെ ഇറക്കി കൊണ്ടുപോകും. പാര്‍ട്ടി ഗ്രാമങ്ങള്‍, ഒറ്റപ്പെടുത്തല്‍, നിസ്സഹകരണം, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, എല്ലാം പുതിയ, നവീന അനാചാരങ്ങള്‍ തന്നെ. സര്‍ക്കാരിന്റെ ഒത്താശയില്ലെങ്കില്‍ ഇതൊന്നും നടക്കില്ല.’
‘ശരിയാണ് പത്രമാധ്യമങ്ങളിലും ഉണ്ട് ഈ അസംബന്ധങ്ങള്‍.. അവിടെ കൊല്ലപ്പെട്ടത് സംഘികളല്ലേ, അത് എന്തിനു റിപ്പോര്‍ട്ട് ചെയ്യണം? എന്ന് ഒരു പത്രപ്രവര്‍ത്തക. വേറിട്ട് കാണല്‍ പതിവ് ജോലിയാവുമ്പോള്‍ പരിപാടിയുടെ പേര് ‘വേറിട്ട കാഴ്ച’ എന്നാവും.’
‘ഹ..ഹ.. അത് ശരിയാണ്’.
‘സര്‍ക്കാര്‍ ആകട്ടെ, ആധുനിക ഭൂപ്രഭുക്കന്മാരെ മറച്ചു വെച്ച് നൂറു വര്‍ഷം മുമ്പുള്ള ജന്മികുടിയാന്റെ കഥകളാണ് പറയുന്നത്. പാര്‍ട്ടി ചാനലുകള്‍ യഥാര്‍ത്ഥ തമ്പുരാന്മാരെ കാണിക്കാതെ നൂറു വര്‍ഷം മുമ്പത്തെ മനയ്ക്കലെ തമ്പുരാന്മാരെ കാട്ടി ജനത്തെ വഞ്ചിക്കുകയാണ്’.
‘പ്രൊപ്പൊഗാണ്ട’.
‘ശരിയാണ്. ആത്മവിമര്‍ശനം തീരെ ഇല്ല. മനുഷ്യന്‍ തമാശക്കെങ്കിലും ഒന്ന് കണ്ണാടി നോക്കില്ലേ?’
‘മാ.പാര്‍ട്ടിയിലും മു.മതത്തിലും ഒരു പോലെ തമാശ ഹറാമാണ്’.
‘അതുകൊണ്ടായിരിക്കും നെറ്റില്‍ ‘ഹലാല്‍ ജോക്‌സ്’ തകര്‍ക്കുന്നത്. പക്ഷെ നിരുപദ്രവ ജോക്‌സ് ആണ്. അധികവും ഇന്‍ഡോനേഷ്യന്‍, മലയേഷ്യന്‍ വെറൈറ്റി’.
‘കിം ഉല്‍ സൂങ് ന്റെ ഒരു തമാശ വായിച്ചത് ഓര്‍മ്മ വരുകയാണ്:
കിം മന്ത്രിമാരൊത്ത് മൃഗയാവിനോദത്തിനു ഇറങ്ങിയിരിക്കുകയാണ്.. കാട്ടിലെ പൊയ്കയ്ക്കടുത്ത് അതാ കുറെ വാത്തുകള്‍..
‘ഷൂട്ട് ചെയ്യ്’ ആഭ്യന്തരമന്ത്രിയോട് കിം ആജ്ഞാപിച്ചു. അയാള്‍ ‘ടെ’ എന്ന് പൊട്ടിച്ചു വാത്തുകള്‍ പറന്നു പോയി. ഒന്നിനേം കിട്ടിയില്ല.
ഉടന്‍ കിം പ്രതിരോധമന്ത്രിയോട് ആജ്ഞാപിച്ചു ‘ഷൂട്ട് ദെം..’ അയാള്‍ ഉന്നം വെച്ചു ‘ട്ടെ’ എന്ന് പൊട്ടിച്ചു. ഒന്നിനെയും കിട്ടിയില്ല.
കിമ്മി നു ദേഷ്യം വന്നു. അയാള്‍ രൂക്ഷമായി നോക്കി. തോക്ക് ഇങ്ങോട്ട് താ എന്ന് പറഞ്ഞു അത് വാങ്ങിച്ച് ഉന്നം വെച്ച് ‘ഠ ട്ടേ’ എന്ന് പൊട്ടിച്ചു.
ഒന്നിനെയും കിട്ടിയില്ല. എല്ലാം ആകാശത്തു പറന്ന് കളിച്ചു.
അപ്പോള്‍ വാര്‍ത്താ വിതരണമന്ത്രി ഉറക്കെ വിളിച്ചു പറഞ്ഞു ‘അഹോ… മഹാദ്ഭുതം! അന്തരിച്ചു പോയ വാത്തുകളതാ അന്തരീക്ഷത്തില്‍ പറന്നു കളിക്കുന്നു’.
എന്ന്.
‘ഹ..ഹ..’ ഉണ്ണിവക്കീല്‍ ചിരിച്ചു കൊണ്ട് എഴുന്നേറ്റു എന്നിട്ട് പറഞ്ഞു:
‘ഇവിടെ പറപ്പിച്ചു വിട്ട സമാധാനപ്രാവ് ചത്തു വീണപ്പോള്‍ സമാധാനത്തില്‍ കേരളം നമ്പര്‍ വണ്‍ എന്ന് പറഞ്ഞ പോലെ അല്ലെ?’
Comments