പെരുമ്പാവൂര്‍: സമാജജീവിതത്തിന്റെ സര്‍വ്വമേഖലയിലും ഹൈന്ദവ ഐക്യം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്‍.ഹരി പെരുമ്പാവൂര്‍ അപ്പൂസ് ഓഡിറ്റോറിയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിന് അതീതമായി ഹിന്ദുത്വ വികാസമുണ്ടാകേണ്ടതുണ്ട്. ഇതിനായി ഹൈന്ദവ പോഷക സംഘടനകളെ പരിപോഷിപ്പിക്കണം. വിശാലമായ അര്‍ത്ഥത്തില്‍ ഹിന്ദു ധര്‍മ്മത്തിന്റെ ഐക്യവും പോഷണവും സാധ്യമാക്കാന്‍ ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തനത്തിലൂടെ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന രക്ഷാധികാരികളായ എം.കെ. കുഞ്ഞോല്‍ മാഷ്, കെ.എന്‍. രവീന്ദ്രനാഥ് എന്നിവര്‍ നിലവിളക്ക് കൊളുത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷയായി. ‘ഹിന്ദു ഐക്യവേദി നയവും ദൗത്യവും’ എന്ന വിഷയത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.എസ്. ബിജു, ആര്‍.വി. ബാബു, സംഘടനാ സെക്രട്ടറി സി. ബാബു, സഹസംഘടന സെക്രട്ടറി വി. സുശികുമാര്‍, ട്രഷറര്‍ പി. ജ്യോതീന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് നടന്ന സമാപന സഭയില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി അധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് ടി.വി. പ്രസാദ് ബാബു സമാപന സന്ദേശം നല്‍കി. സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്‍, മധ്യമേഖല സംഘടനാ സെക്രട്ടറി കെ.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു.