അന്താരാഷ്ട്ര സാമ്പത്തിക വിവരങ്ങള്‍ അനുസരിച്ച് ലോകത്തെ പ്രധാനപ്പെട്ട പല രാജ്യങ്ങളും കോവിഡ് കാലഘട്ടത്തില്‍ കടമെടുക്കുന്നത് കൂടിയിട്ടുണ്ട്. ചില കണക്കുകള്‍ സൂചിപ്പിക്കുന്നത് 1980ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷമുള്ള കാലഘട്ടത്തിലേക്കാള്‍ കൂടുതല്‍ തുക യു.എസ് അടക്കമുള്ള ഒട്ടുമിക്ക വികസ്വര രാജ്യങ്ങളും കോവിഡ് കാലഘട്ടത്തിനുശേഷം കടമെടുത്തിട്ടുണ്ട് എന്നാണ്. ഇത് സൂചിപ്പിക്കുന്നത് കടബാധ്യത നമ്മുടെ മാത്രം പ്രശ്‌നമല്ല എന്നതല്ലേ? കോവിഡ് എന്ന അസാധാരണ കാലഘട്ടത്തെ നേരിടുവാനും, 130 കോടി ജനങ്ങള്‍ക്ക് വാക്‌സിനും ഭക്ഷ്യവസ്തുക്കളും സൗജന്യമായി നല്‍കുവാനും കര്‍ഷകരുടെ കയ്യില്‍നിന്ന് ഉല്‍പന്നങ്ങള്‍ താങ്ങുവിലക്ക് സംഭരിക്കുവാനും എല്ലാം കമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയും നികുതി ഇല്ലാതാകുകയും ചെയ്യുമ്പോള്‍ ഒരു ദീനദയാലുവായ ഭരണാധികാരിക്കും കടം മേടിക്കാതിരിക്കാന്‍ ആവില്ല.
ആധികാരികമായ 2022 ലെ പല സര്‍വ്വേകളും പ്രകാരം രാജ്യങ്ങളുടെ ദേശീയ ഋണ സൂചികയില്‍ ജപ്പാനും യു.എസ്സും യുകെയും ഫ്രാന്‍സും സിംഗപ്പൂരുമെല്ലാം ഇന്ത്യയേക്കാള്‍ വായ്പകൂടുതല്‍ എടുത്ത രാജ്യങ്ങളാണ്. എന്നാല്‍ ഈ രാജ്യങ്ങളെ കടക്കെണിയിലാണെന്ന് കണക്കാക്കാത്തതിന് പലകാരണങ്ങള്‍ ഉണ്ട്. വായ്പമേടിച്ച രാജ്യങ്ങളുടെ തിരിച്ചടവിന്റെ ശേഷിയാണ് ഇവിടെ കടക്കെണിയിലാണോ അല്ലയോ എന്ന് കണക്കാക്കുന്നതില്‍ മുഖ്യബിന്ദു. അതില്‍ ജിഡിപിയുടെ വളര്‍ച്ച, രാജ്യത്തിലേക്കുള്ള വിദേശ നിക്ഷേപങ്ങളുടെ വരവ്, വിദേശനാണ്യ ശേഖരം, മനുഷ്യസമ്പത്ത്, ധാന്യശേഖരം, വീടുകളുടെ ആസ്തി തുടങ്ങിയ പല കാര്യങ്ങള്‍ ആണ് ഉള്‍പ്പെട്ടിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ തിരിച്ചടവിനു പ്രാപ്തിയുള്ള രാജ്യങ്ങള്‍ക്ക് വായ്പ ഒരു പ്രശ്‌നമായി സാമ്പത്തിക വിദഗ്ദ്ധര്‍ കാണുന്നില്ല എന്നതാണ് സത്യം. ജിഡിപിയുടെ വളര്‍ച്ചയുടെ കാര്യത്തിലും മനുഷ്യസമ്പത്തിന്റെ കാര്യത്തിലും ധാന്യ ശേഖരത്തിന്റെ അടക്കം പലകാര്യത്തിലും ഭാരതത്തിന്റെ ധനകാര്യസ്ഥിതി ഇന്ന് അന്താരാഷ്ട്രതലത്തില്‍ത്തന്നെ മികച്ചതും ഏറ്റവും മുന്നിലുള്ളതുമാണ്. ഇതുവരെ കടമെടുത്ത തുകയുടെ തിരിച്ചടവിന്റെ കാര്യത്തിലും ഭാരതത്തിനു ഏറ്റവും മികവാര്‍ന്ന ചരിത്രമാണ് ഉള്ളത്. പാര്‍ലമെന്റില്‍ വെച്ച കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം മാത്രം 34,715 കോടി രൂപ ഭാരതം തിരിച്ചടച്ചിട്ടുണ്ട്. വേള്‍ഡ് ബാങ്കുതന്നെ കണക്കാക്കിയിട്ടുള്ള 8 ശതമാനം വളര്‍ച്ചയും സുസ്ഥിരഭരണകൂടവും ശക്തമായ ആഭ്യന്തര മാര്‍ക്കറ്റും ഉള്ള രാജ്യത്തിന് മുന്നിലുള്ള ഈ കടങ്ങള്‍ അത്രവലിയ ഭാരമാവില്ല. ബാധ്യതയും.
ഇത് മാത്രവുമല്ല ഭാരതം കടമെടുക്കുന്നത് കൂടുതലും ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് റീ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് എന്ന സ്ഥാപനത്തില്‍ നിന്നുമാണ്. അവര്‍ പ്രവര്‍ത്തനമികവിന്റെ പേരില്‍ ഭാരതത്തിനു നല്‍കിയത് 2017 – 18 ല്‍ 6852 കോടിയായിരുന്നുവെങ്കില്‍ 2021 – 22 ല്‍ അത് 22,362 കോടിയായി ഉയര്‍ത്തുകയും ചെയ്തു. ഇത് പേരുസൂചിപ്പിക്കുംപോലെ രാജ്യം ഉപയോഗിക്കുന്നത് വികസന പദ്ധതികള്‍ക്കും രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. പിഎം ഗതി ശക്തി പോലുള്ള വികസന പദ്ധതിയുടെ 20,000 കോടിയും കോവിഡ് കാലത്തെ 20 ലക്ഷം കോടിയുടെ പാക്കേജും, സംസ്ഥാനങ്ങള്‍ക്കുള്ള ഒരു ലക്ഷം കോടിയുടെ പലിശരഹിത വായ്പയുമെല്ലാം രാജ്യത്തെ ഭാവിയില്‍ കൂടുതല്‍ സുസ്ഥിരവും, വികസനോന്മുഖമാക്കുകയും രാജ്യത്തിന്റെ വായ്പാതിരിച്ചടവിന്റെ പ്രയത്‌നം ലഘൂകരിക്കുകയും ചെയ്യും. ഭാരതം കടം മേടിക്കുന്നത് മൂലധന നിക്ഷേപത്തിനും സുസ്ഥിര വികസന പദ്ധതികള്‍ക്കുമാണെങ്കില്‍ കേരളം മേടിക്കുന്നത് ശമ്പളവും പലിശയും നല്‍കാനാണ് എന്നതാണ് പ്രധാനവ്യത്യാസം.
വായ്പാബാധ്യത ഇല്ല എന്നത് ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പുസ്തകത്തില്‍ അത്ര മികവാര്‍ന്ന ചിത്രമൊന്നുമല്ല. ഉദാഹരണത്തിന് വായ്പ ഏറ്റവും കുറഞ്ഞ രാജ്യ ത്തിന്റെ പട്ടികയില്‍ പേരുകേള്‍ക്കാത്ത കുറെ രാജ്യങ്ങളുടെ കൂടെ അഞ്ചാമതായി 7.8 % ജിഡിപിയുടെ കടബാധ്യതയുമായി നമ്മുടെ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനും ഉണ്ട്. ഇതുകൊണ്ടു അഫ്ഗാനിസ്ഥാനെ ഭാരതത്തേക്കാള്‍ മികച്ച സാമ്പത്തിക ഭദ്രതയുള്ള രാജ്യമായി കണക്കാക്കുകയില്ലല്ലോ? എന്തുതന്നെയായാലും ധനകാര്യസ്ഥാപനങ്ങള്‍ കെ.എസ്.ആര്‍.ടി.സിയെക്കാള്‍ ബാധ്യത കൂടുതല്‍ ഉണ്ടെങ്കിലും ടാറ്റയ്ക്കായിരിക്കുമല്ലോ വായ്പനല്‍കുവാന്‍ സാധ്യത. ചുരുക്കിപ്പറഞ്ഞാല്‍ വായ്പയുടെ വലിപ്പമല്ല മറിച്ച് വായ്പ്പ തിരിച്ചടക്കുവാനുള്ള കരുത്തും മൂലധന നിക്ഷേപത്തിന്റെ തോതും സാമ്പത്തിക അച്ചടക്കവുമാണ് ധനകാര്യമേഖലയില്‍ പ്രസക്തം.
എന്തുകൊണ്ട് കേരളത്തിന്റെ വായ്പാപരിധി ഉയര്‍ത്തുന്നില്ല?
ഇനി എന്തുകൊണ്ടാണ് കേരളത്തിന്റെ വായ്പാ നിരക്ക് കേന്ദ്രം കൂട്ടാത്തത് എന്ന ധനമന്ത്രിയുടെ ചോദ്യം മുന്‍കാല വായ്പകളുടെ നിബന്ധനകളെക്കുറിച്ചുള്ള അറിവില്ലായ്മയോ മറവിയോ ആയിരിക്കും. മുന്‍ ധന മന്ത്രിയുടെ നേതൃത്വത്തില്‍ കേരളമടക്കം സംസ്ഥാനങ്ങള്‍ കോവിഡ് കാലഘട്ടത്തില്‍ വായ്പാ പരിധി സംസ്ഥാനത്തിന്റെ ജിഡിപിയുടെ 3 ല്‍ നിന്ന് 5 % കൂട്ടിമേടിച്ചപ്പോള്‍ കെ.എസ്.ഇ.ബിയുടേതടക്കം പല സംസ്ഥാനസര്‍ക്കാര്‍ വകുപ്പുകളിലും ചില നിയന്ത്രണങ്ങളും ഭരണ പരിഷ്‌കാരങ്ങളും സ്വകാര്യവല്‍ക്കരണവും വേണ്ടിവരുമെന്നുള്ള നിബന്ധന ഒപ്പുവെച്ചിട്ടുള്ളതാണ്. ഇതുകൂടാതെ ഒരുരാജ്യം ഒരു റേഷന്‍കാര്‍ഡ്, കേരളത്തെ നിക്ഷേപ സൗഹൃദമാക്കുവാനുള്ള നടപടികള്‍, തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍ എന്നിവയും നിബന്ധനകളില്‍ ചിലതാണ്. എന്നാല്‍ ഇവയില്‍ പലതും പൂര്‍ണ്ണമായി നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല, അല്ലെങ്കില്‍ ചില വകുപ്പുകളില്‍ നിബന്ധനകള്‍ ഒന്നും നടപ്പിലായിട്ടില്ല എന്നതാണ് വായ്പാ നിയന്ത്രണത്തിന്റെ ഒരു പ്രധാന കാരണം. അന്ന് കടമെടുത്ത പണംകൊണ്ടാണ് കോവിഡ് കാലത്ത് സഹസ്രകോടികള്‍ ഗ്ലൗസും ഗൗണും അമിതവിലക്കുവാങ്ങി അഴിമതിനടത്തി നാടുമുടിച്ചത്. അതായത് മുന്‍ ധനകാര്യമന്തി ഒപ്പിട്ടുകൊടുത്ത് ഒന്നും നടപ്പാക്കാത്തതുകൊണ്ടാണ് വായ്പാ നിരക്കുയര്‍ത്തി കിട്ടാത്തത്. ഇത് പുതിയ ധനമന്ത്രി എന്തുകൊണ്ടോ അറിഞ്ഞില്ല, അല്ലെങ്കില്‍ മുന്‍ഗാമിയെ നിസ്സഹായനായി വെള്ളപൂശുന്നു.
ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ എന്താണ് കെ.എസ്.ഇ.ബിയിലെ തര്‍ക്കങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ എന്ന്? എങ്ങിനെയെങ്കിലും ചിലവുചുരുക്കി, പരിഷ്‌കാരങ്ങള്‍ പേരിനുവരുത്തി കടംമേടിക്കുവാന്‍ വെമ്പല്‍ കൊണ്ടുനില്‍ക്കുകയാണ് മുഖ്യമന്ത്രിയും പുതിയ ധനമന്ത്രിയും. പക്ഷെ നിബന്ധന നടപ്പിലാക്കാത്തതിന് പഴി കേന്ദ്രത്തിനും നരേന്ദ്രമോദിക്കും. ഇത്രയൊക്കെ ആയിട്ടും 5,000 കോടി കേരള സര്‍ക്കാരിന് വായ്പ കേന്ദ്രം അനുവദിക്കുകയും ചെയ്തിട്ടുണ്ട് എന്നത് കേരളത്തെ കേന്ദ്രസര്‍ക്കാര്‍ പരിധിയില്ലാതെ സഹായിക്കുന്നു എന്നതിന്റെ കൂടി തെളിവാണ്.
Comments