ലക്ഷക്കണക്കിന് കോപ്പികള്‍ വില്‍ക്കപ്പെട്ട, ബെസ്റ്റ് സെല്ലറായ ‘സാപിയന്‍സ് – എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമെന്‍കൈന്‍ഡ്’ എന്ന ഗ്രന്ഥത്തില്‍ ഗ്രന്ഥകാരനായ യുവാല്‍ നോവ ഹരാരി പറഞ്ഞ ‘ഇന്ത്യയിലെ ഹരിത വിപ്ലവം ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ്’ എന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുകയാണെങ്കില്‍ കാര്‍ഷിക മേഖല ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ ശാസ്ത്രജ്ഞന്മാര്‍ അയാള്‍ക്കെതിരെ പ്രതിരോധമുയര്‍ത്തുകയും ‘ഹരിത വിപ്ലവത്തിന് എന്താണ് കുഴപ്പം’ എന്നു ചോദിച്ചു കൊണ്ട് അയാളെ വിമര്‍ശിക്കുകയും ചെയ്യും. 1986 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ഇലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയിലെ ‘ദി ഗ്രേറ്റ് ജീന്‍ റോബറി’ എന്ന സംശയാതീത ലേഖനമെഴുതിയ, ഇപ്പോള്‍ ഗോവയില്‍ താമസിക്കുന്ന, വന്ദ്യ വയോധികനായ ക്ലോഡ് അല്‍വാരിസിന്റെ കീഴില്‍ ഹരാരിക്ക് അഭയം തേടാം. പക്ഷെ ഈ ലേഖനത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. വനത്തില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ കൃഷിക്കാരായി മാറിയ ചരിത്രാതീത കാലത്തെ കാര്‍ഷികവിപ്ലവത്തില്‍ മണ്ണിനു നല്‍കിയിരുന്ന പ്രാധാന്യം ഇതു പരിശോധിക്കുന്നു. 700 പേരുടെ ജീവന്‍ നഷ്ടപ്പെട്ട വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തെയും ഇത് വിലയിരുത്തുന്നു. നിയമങ്ങള്‍ കേന്ദ്രം പിന്‍വലിച്ചെങ്കിലും താങ്ങുവില ഉള്‍പ്പെടെയുള്ള പ്രധാന പ്രശ്‌നങ്ങളുടെ പേരില്‍ അവര്‍ ഇപ്പോഴും അനിശ്ചിതകാല സമരം തുടരുകയാണ്.
മാനവ ചരിത്രത്തിലെ ഏറ്റവും വിവാദമായ സംഭവങ്ങളിലൊന്നാണ് കാര്‍ഷിക വിപ്ലവം. ചില പക്ഷപാതികള്‍ കരുതുന്നത് ഇതാണ് മാനവികതയെ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിച്ചതെന്നാണ്. ഇത് തകര്‍ച്ചയിലേക്കാണ് നയിച്ചതെന്ന് മറുപക്ഷവും ഉറപ്പിച്ചു പറയുന്നു. സാപ്പിയന്‍സ് പ്രകൃതിയുമായുള്ള സഹജീവിതം ഉപേക്ഷിച്ച് അത്യാഗ്രഹത്തിലേക്കും വേറിടലിലേക്കും കുതിച്ചു നീങ്ങിയ ദിശാമാറ്റം ഇതാണെന്നും അവര്‍ പറയുന്നു. ഏതു വഴിയിലൂടെയാണ് നീങ്ങിയതെങ്കിലും ഒരു തിരിച്ചു പോക്ക് അസാദ്ധ്യമാണ്. വേട്ടയാടലോ വിഭവ ശേഖരണമോ ഇനി ആവശ്യമില്ലാത്ത വിധം ജനസംഖ്യ ത്വരിതഗതിയില്‍ വര്‍ദ്ധിപ്പിക്കാനും കൃഷി അവരെ സഹായിച്ചു. ഏതാണ്ട് 10000 ബിസിയില്‍ കൃഷിയിലേക്കുള്ള പരിവര്‍ത്തനം നടക്കുന്നതിനു മുമ്പ് ഭൂമി 5-8 മില്യന്‍ സഞ്ചാരികളുടെ ആവാസ കേന്ദ്രമായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും 1-2 മില്യന്‍ സഞ്ചാരികളേ ഉണ്ടായിരുന്നുള്ളൂ (മുഖ്യമായും ആസ്‌ട്രേലിയ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍). ലോകത്തെ 150 മില്യന്‍ കര്‍ഷകര്‍ അവരുടെ സംഖ്യയെ ചെറുതാക്കി.
മണ്ണ് – ദൈവദത്തമായ സമ്മാനം
റോയ് ഡബ്ല്യു.സി മോണ്‍സണ്‍ എന്ന പ്രമുഖ മണ്ണ് ശാസ്ത്രജ്ഞന്‍ കാര്‍ഷിക ശാസ്ത്രത്തിലെ ആധികാരിക ഗ്രന്ഥമായ അഡ്വാന്‍സസ് ഇന്‍ അഗ്രോണമിയിലെ ‘കോണ്‍സെപ്റ്റ് ഓഫ് സോയില്‍’ എന്ന അദ്ധ്യായത്തില്‍ ഇങ്ങനെ എഴുതി: ‘മാനവ ജീവിതത്തിന്റെ ഊടുംപാവും നെയ്തത് മണ്ണില്‍ നിന്നുള്ള നൂലുകള്‍ ഉപയോഗിച്ചാണെന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ – അത് എല്ലായിടത്തും കളിമണ്ണിന്റെ മണമുള്ളതാണ്.’ മണ്ണിനു പകരമാണ് ഇവിടെ കളിമണ്ണ് എന്ന് ഉപയോഗിച്ചിരിക്കുന്നത്. താമസിക്കാനായാലും കൃഷിക്കായാലും മണ്ണ് തന്നെ ആശ്രയം. ‘മാനവ ജീവിതത്തിന്റെ ഊടുംപാവും’ എന്ന് മണ്ണുമായി നാടകീയമായി ബന്ധപ്പെടുത്തിയെങ്കിലും ദശാബ്ദങ്ങളും നൂറ്റാണ്ടുകളും കഴിഞ്ഞതോടെ ഇതില്‍ മാറ്റം വന്നു എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല. ഈ ആശയം മണ്ണുമായി പ്രാചീന കാലം മുതല്‍ ബന്ധപ്പെട്ടതും സമൂഹങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതിനെയെല്ലാം പ്രതിഫലിപ്പിച്ചതാണെന്ന കാര്യവും നിഷേധിക്കാനാവില്ല. ഭൂമിയിലെ ജീവിതത്തിന് ദൈവം നല്‍കിയ ഏറ്റവും മൂല്യവത്തായ സമ്മാനമാണ് മണ്ണ്. ഇതിനെ ‘അനന്ത ജീവിതത്തിന്റെ ആത്മാവ്’ എന്നാണ് 1986 ല്‍ ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നടന്ന ലോക മണ്ണ് ശാസ്ത്ര സമ്മേളത്തില്‍ ഈ ലേഖകന്‍ വിശേഷിപ്പിച്ചത്. ഭക്ഷണ ശേഖരണത്തിനായാലും കൃഷിക്കായാലും മണ്ണ് തന്നെയാണ് കേന്ദ്ര സ്ഥാനത്ത്. ‘ഭൂഗോളത്തിന്റെ ലോലമായ ആവരണം’ എന്ന ആദ്യ കാല വിവരണത്തില്‍ നിന്ന് മണ്ണെന്ന അടിസ്ഥാനാശയം മാറാതെ സസ്യങ്ങളുടെ വളര്‍ച്ചയ്ക്കും മാനവ ജീവിതത്തിന്റെ നിലനില്പിനുമുള്ള ഉപാധിയെന്ന നിലയില്‍ ഈ ആശയത്തിന് വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ആദ്യകാല മനുഷ്യനെ സംബന്ധിച്ച് ഇത് അവന്റെ നിലനില്പിനുള്ള ഭൗതിക പിന്തുണ മാത്രമായിരുന്നു. ക്രമേണ ചില മേഖലകള്‍ക്ക് മറ്റുള്ളവയേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുകയും മറ്റു ചിലത് സാധ്യമെങ്കില്‍ ഒഴിവാക്കുകയും ചെയ്തിരിക്കാം. ദശാബ്ദങ്ങളായി മണ്ണ് ശാസ്ത്രത്തില്‍ നിരവധി ഗവേഷണങ്ങള്‍ നടക്കുകയും ‘ഭൂഗോളത്തിന്റെ ലോലമായ ആവരണ’ത്തെ കുറിച്ച് ഒട്ടേറെ വിവരങ്ങള്‍ ലഭിക്കുകയും ചെയ്ത ശേഷവും മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും നിലനില്പിന് ഇത് നിര്‍ണ്ണായകമാണെന്ന ധാരണ മാറ്റമില്ലാതെ തുടരുന്നത് അത്ഭുതകരമാണ്. ആദിമമനുഷ്യനെ സംബന്ധിച്ചിടത്തോളം മണ്ണ് തന്റെ നിലനില്പിന് ഭൗതിക പിന്തുണ നല്‍കുന്ന ഒരു ഉപാധി മാത്രമായിരുന്നു. ചില മേഖലകള്‍ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ പ്രയോജനപ്പെടുന്നവയും മറ്റു ചിലത് ഒഴിവാക്കപ്പെടേണ്ടവയുമാണ്. ദൈവം മനുഷ്യന് നല്‍കിയ അമൂല്യ സമ്മാനമായ മണ്ണിനെ നശിപ്പിക്കത്ത വിധം അമിതമായി സമ്പത്ത് കുന്നുകൂട്ടാനുള്ള അത്യാഗ്രഹം വിവരണങ്ങള്‍ക്ക് അതീതമാണ്.
മണ്ണ് നശീകരണം: അപകടകരമായ പ്രവണതകള്‍
നമ്മുടെ പൂര്‍വ്വികര്‍ ചെയ്തതുപോലെ ഭക്ഷണം സംഭരിക്കുന്നതിനു പകരം, വളര്‍ത്താന്‍ തുടങ്ങിയതോടെയാണ് മണ്ണിനോടുള്ള സമീപനത്തില്‍ ആദ്യമായി മാറ്റം വന്നത്. മണ്ണ് ശാസ്ത്രത്തിന്റെ തുടക്കവും ഇതിലൂടെയായിരുന്നു. ക്രൈസ്തവ പൂര്‍വ്വ കാലത്ത്, ഏകദേശം 9000 വര്‍ഷങ്ങള്‍ക്കു മുമ്പ് സംഭവിച്ച ഈ മാറ്റം ആനുപാതികമായി ഒരു ചെറിയ ശതമാനം മണ്ണിനെയേ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാധിച്ചിരുന്നുള്ളൂ. എന്നാല്‍ അടുത്ത കാലത്തായാണ് ഈ മാറ്റം മനുഷ്യരുടെ നിലനില്പിനെ ബാധിച്ചു തുടങ്ങിയത്. വലിയ അളവില്‍ മണ്ണിന്റെ നിലവാരം തകരുകയും സുസ്ഥിരമായ കൃഷിക്ക് അനുയോജ്യമല്ലാതായിത്തീരുകയും ചെയ്തത് ഒരു നൂറ്റാണ്ടു മുമ്പു മാത്രമാണ്. തിരിച്ചു പിടിക്കാനാവാത്തവിധം 10 മില്യന്‍ ഹെക്ടറോളം നല്ല കൃഷി ഭൂമി മനുഷ്യരുടെ പ്രവൃത്തി മൂലം നശിച്ചത് രണ്ടാം ലോക മഹായുദ്ധത്തോടെയാണ്. ഇന്ത്യയില്‍ മാത്രം ആകെയുള്ള 328.73 ഹെക്ടര്‍ ഭൂവിസ്തൃതിയുടെ ഏതാണ്ട് മൂന്നിലൊരുഭാഗം, 120.40 ഹെക്ടറും ഉപയോഗ ശൂന്യമായിത്തീര്‍ന്നിരിക്കുകയാണ്. ഹരിത വിപ്ലവത്തിന്റെ ഫലമായി വന്‍തോതില്‍ രാസവളം ഉപയോഗിച്ചതിലൂടെ ഇത് അധികവും സംഭവിച്ചത് പഞ്ചാബിലാണ്. ഇന്ത്യന്‍ ‘ഹരിത വിപ്ലവ’ത്തിന്റെ ‘കളിത്തൊട്ടിലാ’യാണല്ലോ പഞ്ചാബ് അറിയപ്പെടുന്നത്.
ഗുരുതരമായി നശിപ്പിക്കപ്പെട്ട 1.2 ബില്യന്‍ ഹെക്ടര്‍ കൃഷിഭൂമി വലിയ വില കൊടുത്താലേ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പറ്റൂ. മണ്ണിന്റെ കാര്യക്ഷമതയിലുള്ള ഈ നഷ്ടം സൂചിപ്പിക്കുന്നത് അടുത്ത 20-30 വര്‍ഷങ്ങള്‍ക്കിടയില്‍ വലിയ ഭക്ഷണ ദൗര്‍ലഭ്യം ഉണ്ടാകുമെന്നാണ്. പതിവു പോലെ ഇത് ബാധിക്കുക അവികസിത രാജ്യങ്ങളിലെ ജനങ്ങളെ ആയിരിക്കും. പ്രധാനമായും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെയും ഒരുപരിധി വരെ ഏഷ്യാ ലാറ്റിന്‍ അമേരിക്ക ഭൂഖണ്ഡങ്ങളെയും ഈ ഭക്ഷണ ദൗര്‍ലഭ്യം ബാധിക്കും. ഗുരുതരമായി നശിപ്പിക്കപ്പെട്ട മണ്ണിന്റെ മൂന്നില്‍ രണ്ടു ഭാഗവും ആഫ്രിക്കയിലും ഏഷ്യയിലുമാണ്. മധ്യ അമേരിക്കയിലെ വിളഭൂമിയുടെ 25% വും നശിപ്പിക്കപ്പെട്ടു. വടക്കെ അമേരിക്കയില്‍ ഇതിന്റെ അളവ് തീരെ കുറവാണ് – 4.4 % മാത്രം. ഹരിത വിപ്ലവം മൂലം 80 വികസ്വര രാജ്യങ്ങളില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ ഭക്ഷ്യ ഉല്പാദനം അപ്രതീക്ഷിതമായി കുറഞ്ഞു. മണ്ണിന്റെ നിലവാരത്തകര്‍ച്ചയാണ് ഇതിനുള്ള പ്രധാന കാരണം. ഭാരത ഉപഭൂഖണ്ഡത്തില്‍ അടുത്ത കാലത്തു നടന്ന ഉപഗ്രഹ സര്‍വ്വെ വെളിപ്പെടുത്തുന്നത് ദുഃഖകരമായ ഒരു സത്യമാണ് – ഭാരതത്തില്‍ ഹരിത വിപ്ലവം നടന്ന സ്ഥലങ്ങളിലാണ് മണ്ണിന്റെ നിലവാരത്തകര്‍ച്ചയും ഉണ്ടായിട്ടുള്ളത്.
ആഗോള സ്ഥിതിയും ഭാരതത്തിന്റെ അവസ്ഥയും
ഒരു ഹെക്ടറോ അതില്‍ താഴെയോ ഉള്ള ചെറിയ കൃഷിഭൂമികളിലാണ് ലോകത്തിലെ കൃഷിയുടെ 40%വും നടക്കുന്നത്. അജ്ഞാനവും ദാരിദ്ര്യവും ഈ അവസ്ഥയുടെ പ്രതിഫലനമാണ്. ഇന്ത്യയിലെ കൃഷിയുടെ 85% വും ഈ ഗണത്തില്‍ പെടുന്നതാണ്. ഇതില്‍ കൃഷി ചെയ്യുന്ന പാവപ്പെട്ട കൃഷിക്കാര്‍ക്ക് വളരെ കുറച്ചേ വില്‍ക്കാനുണ്ടാകൂ. അതിനാല്‍ താങ്ങുവിലയുടെ ആനുകൂല്യമൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല. പലര്‍ക്കും ഇതിനെ കുറിച്ച് അറിയുകയുമില്ല. ബീഹാറിലും ഉത്തരാഖണ്ഡിലും നടത്തിയ വ്യാപകമായ യാത്രയില്‍ ഈ ലേഖകന് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണിത്. അതിനാല്‍ കൃഷിയിലുള്ള ഊന്നല്‍ വന്‍ തോതിലുള്ള കൃഷിയില്‍ ഒതുങ്ങി നില്‍ക്കുന്നു. പഞ്ചാബില്‍ കാണപ്പെടുന്നതു പോലെ വന്‍തോതിലുള്ള കൃഷിയും ഉയര്‍ന്ന ചെലവും സ്വകാര്യ മേഖലയ്ക്ക് ഉണ്ടാകുന്ന വലിയ ലാഭവും കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ഇന്ത്യയുടെ പൊതുസ്വഭാവമായി തീര്‍ന്നിരിക്കുന്നു. അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസിതത്വശാസ്ത്രത്തിന്റെ ഒരു പ്രധാന ആശയമായിരുന്നു ലീബെന്‍സ്രം. മുന്തിയ വര്‍ഗങ്ങള്‍ എണ്ണം കൂടുമ്പോള്‍ കീഴാള വര്‍ഗങ്ങളെ അവരുടെ ഭൂമിയില്‍ നിന്ന് പുറത്താക്കി തങ്ങളുടെ ഭൂവിസ്തൃതി കൂട്ടണമെന്ന് നാസികള്‍ പ്രചരിപ്പിച്ചു. ഇതു തന്നെയാണ് കൃഷി ഭൂമിയുടെ കാര്യത്തിലും സംഭവിക്കുന്നത്. വലിയ കൃഷിക്കാര്‍ ചെറിയ കൃഷിക്കാരെ വിഴുങ്ങുന്ന അവസ്ഥ പലയിടത്തും കാണപ്പെടുന്നു.
ഭാരതത്തിന്റെ മുന്നിലുള്ള വഴി
കര്‍ഷക സമരത്തിന്റെ സമയത്ത് സുസ്ഥിരമായ മണ്ണ് മാനേജ്‌മെന്റിനെയോ വളം ഉപയോഗിക്കുന്നതിന്റെയോ കാര്യം ആരും ചൂണ്ടിക്കാണിച്ചില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. മണ്ണിനെ ഫലപ്രദമായി ഉപയോഗിക്കാത്തതിനാല്‍ ഭാരതത്തില്‍, പ്രത്യേകിച്ച് പഞ്ചാബില്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. വന്‍തോതില്‍ നെല്ലോ ഗോതമ്പോ ഉല്പാദിപ്പിച്ച് കമ്പോളത്തില്‍ വില്‍ക്കുന്നതില്‍ മാത്രമാണ് കൃഷിക്കാരുടെ ശ്രദ്ധ. 1965-75 കാലഘട്ടത്തില്‍ യൂറിയ ഉള്‍പ്പെടെയുള്ള രാസവളങ്ങള്‍ വന്‍തോതില്‍ ഉപയോഗിച്ചതിന്റെ ഫലമായി ഉയരം കുറഞ്ഞ വിളകള്‍ നശിക്കുകയുണ്ടായി. മണ്ണില്‍ സ്വതവേയുള്ള ഫലഭൂയിഷ്ഠത നഷ്ടമായി. കാര്‍ബണിന്റെ അളവ് കുറഞ്ഞു. യൂറിയയുടെ അനിയന്ത്രിതമായ ഉപയോഗം മൂലം നൈട്രേറ്റ് അവശിഷ്ടങ്ങള്‍ ഭൂഗര്‍ഭജലത്തില്‍ കലര്‍ന്നു. കൂടാതെ ആഗോള താപനത്തിന് ഇതും കാരണമായി. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് പരിസ്ഥിതി സംരക്ഷിക്കാതെയുള്ള ഭക്ഷ്യോല്പാദനത്തിന് എത്രമാത്രം വില കൊടുക്കേണ്ടി വന്നു എന്നു കണക്കാക്കുകയാണെങ്കില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഉണ്ടായ രാസവസ്തുവിനിയോഗം കൊണ്ടുള്ള കെടുതികള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ഹരിത വിപ്ലവമല്ല, ‘അത്യാഗ്രഹ വിപ്ലവ’മാണ് ഇവിടെ നടക്കുന്നത്.
വികൃതമാക്കപ്പെട്ട ഈ അവസ്ഥ ശരിയാക്കുന്നതിന് ഭാരതം അതിന്റെ വള വിനിയോഗ തന്ത്രത്തില്‍ അഴിച്ചു പണി നടത്തേണ്ടതുണ്ട്. കാര്‍ഷിക വിളയുടെ നിലനില്പിന്റെ 50% ലധികവും രാസവളങ്ങളെയും ജൈവ വളങ്ങളെയും ആശ്രയിച്ചാണ് . ഉദാഹരണമായി കൃഷി ഭൂമിയില്‍ സ്വാഭാവികമായി 0.5 % നൈട്രജന്‍ ആണ് ഉണ്ടാവുന്നതെങ്കില്‍ യൂറിയയില്‍ അത് 46% ആയിരിക്കും. അതുകൊണ്ടാണ് നാം വലിയ അളവില്‍ രാസവളങ്ങളെ ആശ്രയിക്കുന്നത്.
നമ്മുടെ മണ്ണ് പരിപാലന നയവും രാസവള വിനിയോഗവും ബന്ധപ്പെടുത്തി സമഗ്രമായ ഒരു നയത്തിന് രൂപം നല്‍കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പാശ്ചാത്യ വികസിത രാജ്യങ്ങള്‍ വളരെയേറെ മുന്നോട്ടു പോയിട്ടുള്ളതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ‘ദി ന്യൂട്രിയന്റ് ബഫര്‍ പവര്‍ കോണ്‍സെപ്റ്റ്’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണിനെ സംരക്ഷിച്ചു കൊണ്ടുള്ള ഒരു വള വിനിയോഗ പദ്ധതിക്ക് രൂപം നല്‍കേണ്ടതുണ്ട്.
വിവ: സി.എം.രാമചന്ദ്രന്‍
(ലേഖകന്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ കാര്‍ഷിക ശാസ്ത്രജ്ഞനാണ്.)