പ്രശസ്ത ഇംഗ്‌ളീഷ് ബ്രോഡ്കാസ്റ്ററും പരിസ്ഥിതിവാദിയുമായ ഡേവിഡ് ആറ്റന്‍ബറോയുടെ വിഖ്യാതമായ ഡോക്യുമെന്ററിയാണ് ബ്ലൂ പ്ലാനറ്റ് II. ലോകം മുഴുവനുമുള്ള പരിസ്ഥിതി പ്രേമികളെയും ബഹുഭൂരിപക്ഷം വരുന്ന ജനസമൂഹത്തെയും വളരെയേറെ സ്വാധീനിച്ച ഒരു ഡോക്യുമെന്ററിയായിരുന്നു അത്. അദ്ദേഹം അതില്‍ അത്യന്തം ഹൃദയഭേദകമായ ഒരു ദൃശ്യം കാണിച്ചിരുന്നു. ഭക്ഷണം തേടി അലഞ്ഞുനടന്നിരുന്ന ഒരു ആല്‍ബട്രോസ് പക്ഷി വഴിയരികില്‍ കണ്ട ഒരു പ്ലാസ്റ്റിക് വസ്തു ഭക്ഷണമാണെന്ന് കരുതി തന്റെ കുഞ്ഞിന് കൊടുക്കുന്നതും അത് ഭക്ഷിച്ച് ആ പക്ഷിക്കുഞ്ഞ് പിടഞ്ഞ് വീണ് മരിക്കുന്നതും.
അനേകം ലക്ഷം ജീവിവര്‍ഗങ്ങളുടെ ആവാസകേന്ദ്രമായ ഈ പ്രകൃതിയിലെ കേവലമൊരു ജീവിവര്‍ഗം മാത്രമായ മനുഷ്യന്‍ പ്രപഞ്ചത്തില്‍ അധീശത്വം പുലര്‍ത്താനായി ചെയ്തുകൂട്ടുന്ന അധാര്‍മ്മിക പ്രവര്‍ത്തികളുടെ നൈരന്തര്യങ്ങള്‍ക്കിടയിലൂടെ ഒരു അന്താരാഷ്ട്ര പരിസ്ഥിതി ദിനം കൂടി കടന്നുവരികയാണ്. ജനസഹസ്രങ്ങള്‍ക്കിടയില്‍ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ 1972ല്‍ തീരുമാനിക്കുകയും 1974 മുതല്‍ ആഘോഷിക്കുകയും ചെയ്തുപോരുന്ന ദിനാചരണമാണിത്. ‘ഒരു ഭൂമി മാത്രം’ എന്നതാണത്രേ ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഈ അവസരത്തില്‍ നമ്മുടെ ഭൂമിയെക്കുറിച്ച് ചില ചിന്തകള്‍ പങ്കുവെക്കുക മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
നാം ഉള്‍പ്പെട്ട സൗരയൂഥത്തിലെ തനിക്കുമാത്രമായി നിശ്ചയിക്കപ്പെട്ട പാതയിലൂടെ തലമുണ്ഡനം ചെയ്ത്, സ്വന്തം മക്കള്‍ ചെയ്ത കൊടുംപാപങ്ങളുടെ വിഴുപ്പുഭാണ്ഡവുമായി, ഏങ്ങി വലിഞ്ഞ് നടന്നുപോകുന്ന സാക്ഷാല്‍ ഭൂമീദേവിയെ ഹൃദയവേദനയാല്‍ ഈറനണിഞ്ഞ കണ്ണുകളുമായി നോക്കിക്കൊണ്ട് ആസന്ന മരണയായ ആ അമ്മയ്ക്ക് ആത്മശാന്തിയും അമൃതശാന്തിയും പാടിയ ഒരു മഹാകവി നമുക്കുണ്ടായിരുന്നു. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും അദ്ദേഹം തൊടുത്തുവിട്ട വാക്ശരങ്ങള്‍ ഈ പരിസ്ഥിതി ദിനത്തിലും നമ്മെ ഏറെ അസ്വസ്ഥരാക്കുന്നു.
‘മുണ്ഡിത ശിരസ്‌കയായ്
ഭ്രഷ്ടയായ് നീ
സൗരമണ്ഡല പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി
സന്താനപാപത്തിന്‍ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു
മനസ്സിലതിതീവ്രമാം
വേദനകള്‍ തന്‍ ജ്വാലമാത്രമായി
പോകുമീപോക്കില്‍…..’
മഹാനായ മലയാള കവി ഓഎന്‍വി കുറുപ്പാണ് ഏതാനും വര്‍ഷംമുമ്പ് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട അമ്മയായ ഭൂമിദേവിക്ക് ഇങ്ങനെയൊരു അമൃതശാന്തിഗീതം എഴുതിയത്.
എന്നാല്‍ അതിനും സംവത്സരങ്ങള്‍ക്കപ്പുറത്ത്
കാണെക്കാണെ വയസാകുന്നു
മക്കള്‍ക്കെല്ലാമെന്നാലമ്മേ
വീണക്കമ്പികള്‍മീട്ടുകയല്ലേ
നവതാരുണ്യം നിന്‍തിരുവുടലില്‍
ഓണനിലാവില്‍ കോടിയുടുത്താ-
ലമ്മക്കിന്നും പുതുലാവണ്യം…
എന്ന് അഭിമാനത്തോടെ ഉദ്‌ഘോഷിച്ച അതേ കവിതന്നെയാണ് മനുഷ്യന്റെ കോടാലീകൃത സംഹാരതാണ്ഡവം വിതച്ച ദുരന്തചിത്രത്തിന് മുന്നില്‍ കണ്ണീര്‍ കണങ്ങളോടെ നിസ്സഹായനായി നിന്ന് അമൃതശാന്തിയുടെ മന്ത്രധ്വനികള്‍ മൊഴിഞ്ഞത്.
മനുഷ്യന്‍ ചന്ദ്രനിലേക്ക് പോയി അവിടെ നിന്ന് ശേഖരിച്ചുകൊണ്ടുവന്ന ചാന്ദ്രശിലകള്‍ അമേരിക്കയിലെ മഹാനഗരത്തിന്റെ പ്രധാനകേന്ദ്രത്തില്‍ പ്രദര്‍ശനത്തിനായി വെച്ചപ്പോള്‍ ആ പ്രദര്‍ശനനഗരിയില്‍ തടിച്ചുകൂടിയ പുരുഷാരത്തെ നോക്കി പിഴുതുമാറ്റപ്പെട്ട അതേ ചാന്ദ്രശിലകള്‍ പറയുന്നതായി സങ്കല്‍പ്പിച്ച് ‘കെട്ടുപോയ് ഞങ്ങളിലെ സൂര്യന്‍’ (സൂര്യഗീതം) എന്ന് എഴുതിയതും ഇതേ കവി തന്നെയാണ്.
ഗതികേടിന്റെ പാരമ്യതയില്‍ നിന്നുകൊണ്ട് പറഞ്ഞതാണെങ്കിലും അദ്ദേഹം ഒരിക്കലും ഭൂമിമാതാവിന്റെ മരണം ആഗ്രഹിച്ചിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാകും. അശ്വത്ഥാമാ ഹതഃ എന്ന് ഉറക്കെയും കുഞ്ജര എന്ന് പതുക്കെയും പറഞ്ഞപോലെ ഭൂമിക്കൊരു ചരമഗീതം ഉറക്കെ പാടുമ്പോഴും ദീര്‍ഘസുമംഗലീ ഭവഃ എന്ന് ഭൂമിയെ നോക്കി പതുക്കെ മന്ത്രിച്ചുപോകുന്നു. എന്തെന്നാല്‍ ഭൂമിയുടെ സീമന്തരേഖയിലെന്നും പ്രഭാത കുങ്കുമം തുടിക്കുന്നത് കാണാന്‍ എന്റെ കവിത മോഹിക്കുന്നു. അത് ചാര്‍ത്തുന്ന സൂര്യന്റെ നേര്‍ക്ക് ഒരു സങ്കീര്‍ത്തനമാവാനും….’ (ഭൂമിക്കൊരു ചരമഗീതം എന്ന പുസ്തകത്തിന്റെ ആമുഖം)
ഒരു മഹാസ്‌ഫോടനത്തിലൂടെ ഉണ്ടായ (ബിഗ് ബാംഗ്) ഈ പ്രപഞ്ചം ഒരു നിമിഷമാത്ര ഞെരക്കത്തില്‍ അവസാനിക്കുമെന്ന് ആംഗല സാഹിത്യകാരനായ എലിയറ്റും പറഞ്ഞിട്ടുണ്ട്.
This is the way the world ends,
this is the way the world ends
not with a bang
but a whimper (ഇങ്ങനെയാണ് ലോകം അവസാനിക്കുക… ഒരു പൊട്ടിത്തെറിയിലല്ല.. ഒരു ഞരക്കത്തില്‍…)
വിഴുപ്പുകളലക്കുന്നു
കലക്കുന്നു വിഷപ്പത
ചളിതോണ്ടിക്കളയുവാന്‍
നീളുന്നില്ലൊരു ഹസ്തവും (നരബലി) എന്ന് എഴുതിയത് നമ്മുടെ പ്രിയപ്പെട്ട പ്രകൃതി ഉപാസകന്‍ പി. കുഞ്ഞിരാമന്‍ നായരാണ്. ‘രാമായണ കാലത്തെ പുഷ്പിതാരണ്യ വീഥികള്‍ കണ്ട് കണ്‍നിറഞ്ഞ കവി അവ പെരുംചുടലയായി മാറുന്നതും ചുക്കിച്ചുരുങ്ങിച്ചുരുണ്ട് നില്‍ക്കുന്നതും നോക്കിക്കരഞ്ഞു’ എന്ന് മഹാകവി പി.യെപ്പറ്റി ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് ആണ് പറഞ്ഞത് (പി. കവിതകളുടെ അവതാരിക). ‘കാളിദാസന്‍ ഹിമഗിരിനിരയെ പൃഥ്വിയുടെ മാനദണ്ഡമെന്ന് വിളിച്ചപ്പോള്‍ മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ നമ്മുടെ സഹ്യാദ്രിയെ സംഭവസര്‍വസ്വസാക്ഷി എന്നാണ് വിളിച്ചത് എന്നും അഴീക്കോട് സാക്ഷ്യപ്പെടുത്തുന്നു (അതേ പുസ്തകം)
പ്രകൃതിമാതാവ് സ്വന്തം മക്കള്‍ക്ക് നല്‍കിയ ദിവ്യമായ വാല്‍സല്യത്തിന് പകരമായി മക്കള്‍ ആ അമ്മയ്ക്ക് നല്‍കിയത് അതിപൈശാചികമായ കശ്മലതയാണെന്ന് ഓഎന്‍വി തുറന്നുകാട്ടുന്നു.
ഹരിതമൃദുകഞ്ചുകം തെല്ലൊന്നു
നീക്കി നീ
അരുളിയ മുലപ്പാല്‍ കുടിച്ചു
തെഴുത്തവര്‍ക്കൊ-
രുദാഹമുണ്ടായ് ഒടുക്കത്തെ ദാഹം
തിരുഹൃദയ രക്തം കുടിക്കാന്‍
(ഭൂമിക്കൊരു ചരമഗീതം)
കേരളത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി നിരവധി പോരാട്ടങ്ങള്‍ നടത്തി കുറേ രാഷ്ട്രീയക്കാരില്‍ നിന്നും, വനം ക്വാറി മാഫിയകളില്‍ നിന്നും എണ്ണമറ്റ അവഹേളനങ്ങള്‍ ഏറ്റുവാങ്ങിയ സുഗതകുമാരി ടീച്ചര്‍ പറയുന്നത് നോക്കൂ.. ‘നദികളെക്കുറിച്ചും വയലുകളെക്കുറിച്ചും വനത്തെക്കുറിച്ചും വൃക്ഷത്തെക്കുറിച്ചും വേവലാതികള്‍ ഇല്ലാത്ത ഒരു സമൂഹത്തോട് യാതൊരു ബദലും എനിക്ക് നിര്‍ദ്ദേശിക്കാനില്ല. എട്ട് വരി പാതകളും ചീറിപ്പായുന്ന വാഹനങ്ങളും ആകാശം മുട്ടുന്ന കെട്ടിടങ്ങളും സ്വപ്‌നം കാണുന്നവരോട് ഞാന്‍ എന്താണ് പറയേണ്ടത്….? കുടിക്കാന്‍ ഇഷ്ടംപോലെ മദ്യഷാപ്പുകളും സുഖിക്കാന്‍ പഞ്ചനക്ഷത്രഹോട്ടലുകളും ഇനിയും ഇനിയും വേണമെന്ന് ശഠിക്കുന്ന മലയാളിക്ക് മുന്നില്‍ ഞങ്ങളെ പോലുള്ളവര്‍ ഇനിയും ശകാരം കേള്‍ക്കേണ്ടിവരും… പരിഹാസവും അപഹാസവും അവമതിയും ഇനിയും സഹിക്കേണ്ടിവരും..’ (മേഘം വന്നു തൊട്ടപ്പോള്‍ പേജ് 116) പ്രതികരണ ശേഷി നശിച്ച സമൂഹത്തിന്റെ നിസ്സംഗാവസ്ഥയാണ് ടീച്ചറെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.
ലബനനില്‍ ജനിച്ച് അമേരിക്കയില്‍ ജീവിച്ച് ലോകപ്രശസ്തനായി തീര്‍ന്ന ഖലീല്‍ ജിബ്രാന്‍ പ്രകൃതിയോടുള്ള മനുഷ്യന്റെ സമീപനത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു… ‘tress are poems that the earth writes upon the sky… we feel them down… turn them in to paper… that we may record our emptiness ‘ ((പ്രകൃതി ആകാശത്തിലേക്ക് എഴുതുന്ന അര്‍ത്ഥവത്തായ കവിതകളാണ് മരങ്ങള്‍… അതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ നാം അവയെ നിഷ്‌കരുണം മുറിച്ചു നിലത്തിടുന്നു… ആ തടിക്കഷ്ണങ്ങളില്‍ നിന്ന് കടലാസുണ്ടാക്കി അതില്‍ നമ്മുടെ ദരിദ്രവും പരമനിശൂന്യവുമായ പൊങ്ങച്ചം എഴുതി സൂക്ഷിക്കുന്നു).
ലക്ഷക്കണക്കിന് ജീവരാശികള്‍ക്ക് അതീവ സുരക്ഷിതമായ ആവാസവ്യവസ്ഥയാണ് നാം അധിവസിക്കുന്ന ഈ ഭൂമി നല്‍കിക്കൊണ്ടിരിക്കുന്നത്. പക്ഷി മൃഗാദികളും വൃക്ഷലതാദികളും അടങ്ങുന്ന ജൈവസമൂഹത്തിന്റെ ഏക ആശ്രയവുമാണ് അത്. എന്നാല്‍ ഈ സസ്യജന്തുജാലങ്ങളില്‍ മനുഷ്യന്‍ ഒഴിച്ച് മറ്റൊരു ജീവിയും ഈ പ്രകൃതിയെയോ ഭൂമി മാതാവിനെയോ നശിപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. മറ്റ് ജീവരാശികള്‍ പ്രകൃതിക്ക് അനുസൃതമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ മനുഷ്യന്‍ അഹങ്കാരജഡിലമായ സ്വാര്‍ത്ഥ ചിന്തകള്‍കൊണ്ട് പ്രകൃതിയുടെ തനിമയെ നശിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതാണ് കണ്ടുവരുന്നത്. ഈ പ്രവര്‍ത്തികളുടെ അനന്തരഫലം മാത്രമാണ് നാം ഇന്നീ കാണുന്ന പ്രകൃതി നാശവും ആസന്നമരണയായേക്കാവുന്ന ഭൂമിദേവിയുടെ കവിഭാവനയിലെ ദുരന്തചിത്രവും. മനുഷ്യന്റെ ഇടപെടലുകള്‍കൊണ്ടുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി മനസ്സിലാക്കാന്‍ പ്രമുഖ കവികളുടെ ചില വരികള്‍ മാത്രം മതിയാകും.
ആടിമുകില്‍മാല കുടിനീര്
തിരയുന്നു
ആതിരകള്‍ കുളിര് തിരയുന്നു
ആവണികളൊരു കുഞ്ഞു പൂവ്
തിരയുന്നു
ആറുകള്‍ ഒഴുക്ക് തിരയുന്നു
(ഓഎന്‍വി)
ഇരുളും മനസ്സിലിന്നോണമില്ല
കളിയില്ല ചിരിയില്ല ചിറകുമില്ല
മലര്‍തേടിയോടും മലഞ്ചെരിവില്‍
തണല്‍വീശിനിന്ന തേന്‍മാവുമില്ല
(സുഗതകുമാരി)
കാടെവിടെ മക്കളെ മേടെവിടെ മക്കളെ
കാട്ടുപുല്‍ത്തകിടിയുടെ വേരെവിടെ മക്കളെ
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളെ
കാറ്റുകള്‍ പുണര്‍ന്ന പൂങ്കാവെവിടെ മക്കളെ (അയ്യപ്പപണിക്കര്‍)
ഹീബ്രു യൂണിവേഴ്‌സിറ്റി അദ്ധ്യാപകനും സാപിയന്‍സ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് മാന്‍കൈന്‍ഡ്, ഹോമോഡിയൂസ്- എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമാറോ എന്നീ ലോകപ്രശസ്ത ബെസ്റ്റ് സെല്ലറുകളുടെ കര്‍ത്താവുമായ യുവന്‍ നോഹ ഹരാരി (Yuval Noah Harari) തന്റെ മൂന്നാമത്തെ ഗ്രന്ഥമായ ട്വന്റിവന്‍ ലസണ്‍സ് ഫോര്‍ ദി ട്വന്റിഫസ്റ്റ് സെഞ്ചുറി എന്ന പുസ്തകത്തില്‍ പറയുന്നത് നോക്കുക: ‘മനുഷ്യവര്‍ഗ ചരിത്രം ആകെ പരിശോധിക്കുമ്പോള്‍ അഭിമാനകരമായ നേട്ടം ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം.’ പ്രയാസങ്ങളും ദുഃഖദുരിതങ്ങളും ഇല്ലാതാക്കാന്‍ ഈ ആധുനിക മനുഷ്യന് കഴിഞ്ഞിട്ടില്ല എന്നദ്ദേഹം വിലയിരുത്തുന്നു. അദ്ദേഹം തുടര്‍ന്ന് പറയുകയാണ്.. ‘മനുഷ്യന്‍ മുമ്പത്തേക്കാള്‍ ഏറെ ശക്തനായിട്ടുണ്ട്… എന്നാല്‍ ഈ ശക്തി എന്തിന് വേണ്ടി ഉപയോഗിക്കണമെന്ന് അവന് അറിയില്ല… ടെക്‌നോളജിയുടെ അഹങ്കാരത്താല്‍ സ്വയം നിര്‍മ്മിത ദൈവമായി മാറിയ മനുഷ്യന് ആരോടും കടമയോ കടപ്പാടോ ഇല്ലാതായി. എന്നിട്ടോ.. അവന്‍ തൃപ്തനായോ.. അതും ഇല്ല. നിരുത്തരവാദിയും അതൃപ്തനുമായ ഈയൊരു മനുഷ്യദൈവത്തേക്കാള്‍ അപകടകാരിയായി മറ്റെന്തുണ്ട്…?’
മറ്റെല്ലാ ജീവജാലങ്ങളുടെയും മേല്‍ അധീശത്വം സ്വയം സ്ഥാപിച്ചെടുത്ത് അഹങ്കാരത്തിന്റെ ഉത്തുംഗതയില്‍ വിരാജിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക മനുഷ്യന്റെ മുഖത്തേക്ക് വിരല്‍ചൂണ്ടിക്കൊണ്ടാണ് യുവാന്‍ നോഹ ഹരാരി എന്ന യഹൂദ പണ്ഡിതന്‍ കുറേ നഗ്നസത്യങ്ങള്‍ വിളിച്ചുപറയുന്നത്.
വിവേചന ബുദ്ധിയുണ്ട് എന്നവകാശപ്പെടുന്ന മനുഷ്യവര്‍ഗത്തിന് എങ്ങനെയാണ് ഇതുപോലെ ഇരുന്നിടം കുഴിക്കുന്ന സ്വഭാവസവിശേഷതകള്‍ വന്നുപെട്ടത് എന്ന് ചിന്തിക്കുമ്പോഴാണ് അവന്റെ അറിവിന്റെ പരിമിതിയും കാഴ്ചപ്പാടിന്റെ വൈകല്യവും പ്രകടമാകുന്നത്.
അറിവിന്റെയോ തിരച്ചറിവിന്റെയോ വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന് സ്വര്‍ഗതുല്യമായ ഏദന്‍ തോട്ടത്തില്‍ നിന്നും ഇണയോടൊപ്പം ഇറക്കിവിട്ടതിന്റെ നീരസം ഒരുഭാഗത്തും വിശ്വസിക്കപ്പെട്ട സ്വര്‍ഗത്തില്‍ എങ്ങനെയെങ്കിലും കടന്നുകൂടി സകലഭൗതികസുഖ സൗഭാഗ്യങ്ങളും ആവോളം നുകരാനുള്ള വ്യഗ്രത മറുഭാഗത്തുമായി ദൈവവാക്യമായ പ്രകൃതി ചൂഷണത്തെ സ്വന്തം ജീവിതവ്രതമാക്കിക്കൊണ്ട് നടക്കുന്ന പ്രബലമായ മതവിഭാഗങ്ങളും വ്യാവസായിക നാഗരികതയും സാര്‍വ്വദേശീയ പ്രത്യയശാസ്ത്രങ്ങളും പെടാപ്പാടുപെടുന്ന ഒരു അവസ്ഥയിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്.
പുതിയ പുതിയ ആശയങ്ങള്‍ ഏത്രയത്ര കൈവരിക്കുമ്പോഴും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ആ നഷ്ടസ്വര്‍ഗത്തിന്റെ ദുഃഖ സ്മൃതികള്‍ അവനെ എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാന്‍ വെമ്പല്‍കൊള്ളുമ്പോഴും, ആധുനിക ശാസ്ത്രസാങ്കേതികതയില്‍ വിരാജിക്കുമ്പോഴും, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അനുഭവപ്പെട്ട ആ നഷ്ടബോധം ഒരു അപകര്‍ഷതയായി തലമുറകളോളം അവനെ പിന്തുടര്‍ന്ന് പോരുന്നു. ശാസ്ത്ര സത്യങ്ങള്‍ എത്ര ഉന്നത ചിന്തകള്‍ സമ്മാനിച്ചാലും ജീനുകളില്‍ കുടികൊള്ളുന്ന അധമബോധത്തിന്റെ തികട്ടിവരലാണ് പ്രകൃതി ചൂഷണത്തിന്റെ ദൈവവാക്യത്താല്‍ മാതൃരക്തം ഊറ്റിക്കുടിക്കാന്‍ വരെ അവനെ നിരന്തരം പ്രേരിപ്പിക്കുന്നത്.
യൂറോപ്യന്‍ സംസ്‌കാരം രൂപപ്പെട്ടത് തന്നെ ഈ അധമബോധത്തിന്റെ മൂശയില്‍ നിന്നാണ്. ആ സംസ്‌കാരത്തെ താങ്ങിനിര്‍ത്തുന്ന നാല് തൂണുകള്‍ മാത്രം നോക്കിയാല്‍ മതി അത് ബോധ്യപ്പെടാന്‍. നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടം (struggle for existence) അര്‍ഹതയുള്ളവന്റെ അതിജീവനം (survival of the fittest പ്രകൃതി ചൂഷണം (exploitation of the nature) മനുഷ്യാവകാശം (Human rights) എന്നിവയാണ് അവ. നിലനില്‍പ്പിന് വേണ്ടി പോരാടാനും അതിജീവനത്തിനുള്ള അര്‍ഹത നേടാനും പ്രകൃതിയെ ചൂഷണം ചെയ്‌തേ പറ്റൂ. പണ്ട് ഏദന്‍ തോട്ടത്തില്‍ കുടിയിരുത്തിയ സമയത്ത് ഇത് മുഴുവന്‍ നിനക്ക് ആസ്വദിക്കാനുള്ളതാണെന്നതിന് ദൈവവചനവും ഉണ്ടല്ലോ. മറ്റ് ജീവികള്‍ക്കൊന്നും ഇല്ലാത്ത അവകാശം മനുഷ്യന് മാത്രമേ ഉള്ളൂവെന്ന് പഠിപ്പിച്ചതും (മറ്റ് സൃഷ്ടികള്‍ നടത്തിയിട്ടും തൃപ്തനാവാത്ത ദൈവം സ്വന്തം രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്ന് മതസംഹിത) ഇതേ സംസ്‌കാരത്തിന്റെ പരിമിതമായ വിവേചന ബുദ്ധിയില്‍ നിന്നാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. വെട്ടിപ്പിടിക്കലിന്റെയും തച്ചുതകര്‍ക്കലിന്റെയും അധികാരഅധിനിവേശത്തിന്റെയും പ്രത്യയ ശാസ്ത്രങ്ങള്‍ രൂപപ്പെട്ടതും ഈയൊരു വിശ്വാസ സംഹിതയുടെ ചരിത്രബോധത്തില്‍ നിന്ന് തന്നെയാണ്.
ഈ ആശയത്തിന്റെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ടതാണ് ലോകത്തിലെ പ്രബലമായ രണ്ട് മതങ്ങളും ക്യാപിറ്റലിസം, കമ്മ്യൂണിസം എന്നീ രണ്ട് പ്രത്യയശാസ്ത്രങ്ങളും. ഇതില്‍ കമ്മ്യൂണിസത്തെ ആശയതലത്തില്‍ ലോകം പാടേ തിരസ്‌കരിച്ചെങ്കിലും മറ്റുള്ള മൂന്ന് ശക്തികളും ലോകത്ത് ഇന്നും പ്രബലമായി നിലനില്‍ക്കുകയാണ്. രണ്ട് മതങ്ങളും ലോകം മുഴുവന്‍ ഒരു അധികാരത്തിന്റെ കുടക്കീഴിലാക്കാനുള്ള ധ്രുതഗതിയിലുള്ള പ്രവര്‍ത്തനവുമായി ശക്തിയുക്തം മുന്നേറുമ്പോള്‍ വ്യവസായ വിപ്ലവത്തിന്റെ ഉത്പന്നമായ മുതലാളിത്തമാവട്ടെ മൂല്യങ്ങളുടെ സമ്പൂര്‍ണ്ണ നിരാസത്തിന്റേതായ ഉപഭോഗ ഭ്രാന്തിലേക്കുള്ള പുത്തന്‍ സങ്കേതങ്ങളുമായി ലോകം കീഴടക്കാനുള്ള അതി തീവ്ര അജണ്ടകളുമായി സമൂഹത്തില്‍ സ്വാധീനം ഉറപ്പിക്കുകയാണ്.
പ്ലാസ്റ്റിക്ക് ദുരന്തം
ഇനിമുതല്‍ നിങ്ങള്‍ നന്മയെന്ന് കരുതിയവയെയൊക്കെ തിന്മയായും തിന്മയായി കരുതിയതിനെ നന്മയായും കണക്കാക്കണമെന്ന് മുതലാളിത്ത വ്യവസ്ഥയുടെ അപ്പോസ്തലനായ കെയിന്‍സ് പ്രഭു പറഞ്ഞതായി കേട്ടിട്ടുണ്ട്. ആ ചിന്തയുടെ അടിസ്ഥാനത്തില്‍ എന്ത് ചെയ്തിട്ടായാലും ലാഭം നേടുക എന്ന തത്വശാസ്ത്രത്തിന്റെ അടിത്തറയില്‍ രൂപപ്പെട്ട അനേകം കണ്ടുപിടുത്തങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് പ്ലാസ്റ്റിക് എന്ന മാരകമായ വസ്തു എന്ന് കാണാം. പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ടെങ്കിലും സ്ഥലപരിമിതി മൂലം പ്ലാസ്റ്റിക്കിനെപ്പറ്റി മാത്രം അല്‍പം പ്രതിപാദിക്കാം.
ജര്‍മ്മന്‍ രസതന്ത്രജ്ഞനായ ക്രിസ്റ്റ്യന്‍ ഷോണ്‍ ബൈന്‍ തന്റെ പരീക്ഷണങ്ങള്‍ക്കിടെ അവിചാരിതമായി സെല്ലുലോസ് നൈട്രേറ്റ് കണ്ടെത്തുന്നതോടെയാണ് മനുഷ്യ നിര്‍മ്മിത പ്ലാസ്റ്റിക്കുകളുടെ ചരിത്രം ആരംഭിക്കുന്നത്. പിന്നീട് ഹെന്‍ട്രി ബാക് ലാന്‍ഡ്, ബെക്കലൈറ്റ് എന്ന പ്ലാസ്റ്റിക് കണ്ടുപിടിച്ചതോടെ ഭൂമിയില്‍ പ്ലാസ്റ്റിക് യുഗത്തിന് തുടക്കമായി എന്ന് പറയാം. സാങ്കേതിക വിദ്യയില്‍ കടുത്ത മുന്നേറ്റമുണ്ടായ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലാണ് പ്ലാസ്റ്റിക്കും കൃത്രിമ റബ്ബറുകളും ഉള്‍പ്പെടുന്ന മനുഷ്യനിര്‍മ്മിത പോളിമെറുകള്‍ സൃഷ്ടിക്കപ്പെടുന്നത്. തുടര്‍ന്ന് വര്‍ദ്ധിത ലാഭം നേടുക എന്ന ലക്ഷ്യത്തോടെ വ്യാവസായിക അടിസ്ഥാനത്തില്‍ വ്യാപകമായി പ്ലാസ്റ്റിക് ഉത്പ്പാദിക്കപ്പെട്ടു. കഴിഞ്ഞ നൂറ്റാണ്ടിലെ കണ്ടുപിടുത്തങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതും മനുഷ്യജീവിതത്തിലേക്ക് നേരിട്ട് കടന്ന് ചെന്നതുമായ വസ്തുവാണ് പ്ലാസ്റ്റിക്. ഇരുമ്പ് യുഗം ചെമ്പുയുഗം എന്നൊക്കെ പറയും പോലെ പ്ലാസ്റ്റിക് യുഗം എന്ന രീതിയില്‍ ഒരു കാലഘട്ടം തന്നെ ഇതിനോടനുബന്ധിച്ച് ഉരുത്തിരിഞ്ഞുവന്നു എന്ന് പറയാം.
താരതമ്യേന താഴ്ന്ന ഊഷ്മാവില്‍ ഉരുക്കിയെടുത്ത് വളരെ എളുപ്പത്തില്‍ ഏത് രൂപത്തിലും വാര്‍ത്തെടുക്കാനാവുമെന്നതും, വളരെയേറെ വിലക്കുറവുണ്ട് എന്നതുമാണ് പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഏറെ ജനപ്രിയമായതിനു പ്രധാനകാരണം. മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലെ ഓപ്പറേഷന്‍ തിയേറ്ററുകള്‍ മുതല്‍ സാധാരണക്കാരന്റെ വീട്ടിലെ ടോയിലറ്റുകള്‍ വരെയും ഇടത്തരക്കാരന്റെ ഷോക്കേസു മുതല്‍ ചാന്ദ്രയാന്‍ പദ്ധതികളിലെ റോക്കറ്റുകള്‍ വരെയും പിഞ്ചുകുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങള്‍ മുതല്‍ വന്‍കിട ആണവരാഷ്ട്രങ്ങളിലെ ആയുധപ്പുരകള്‍വരെയും ചെന്നെത്താന്‍ അതുകൊണ്ടുതന്നെ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ക്ക് യഥേഷ്ടം സാധിച്ചു.
ആദ്യകാലത്ത് പ്രകൃതിദത്തമായ പദാര്‍ത്ഥങ്ങളില്‍ നിന്നും രാസപ്രക്രിയവഴി വികസിപ്പിച്ചെടുത്തവയായിരുന്നു പ്ലാസ്റ്റിക്ക് വസ്തുക്കളെങ്കില്‍ ഇപ്പോള്‍ പോളിമറൈസേഷന്‍ എന്ന പ്രക്രിയവഴി കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്ന രാസശൃംഖലകളാണ് ഇതിലെ പ്രധാനഘടകം.
പൊതുവേ രാസവസ്തുക്കളെ ചെറുക്കുന്ന തന്മാത്രാ ഘടനയായതുകൊണ്ടുതന്നെ അവ ദീര്‍ഘകാലം നിലനില്‍ക്കുന്നു. ഉപയോഗശേഷം എത്തിപ്പെടുന്ന പ്ലാസ്റ്റിക്കുകള്‍ രാസമാറ്റമോ ജൈവവിഘടനമോ സംഭവിക്കാതെ, മണ്ണില്‍ ചേരാന്‍ ഏതാണ്ട് അഞ്ഞൂറ് മുതല്‍ ആയിരത്തിലേറെ വര്‍ഷങ്ങള്‍ എടുക്കുന്നതുകൊണ്ട് മണ്ണിലെ ജൈവഘടകങ്ങള്‍ ലയിച്ചുചേരുന്നത് തടയുകയും നീരൊഴുക്കിനെ തടസപ്പെടുത്തുകയും സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവയെ ചവറുകൂനകളില്‍ ഉപേക്ഷിക്കുന്നതും മണ്ണില്‍ കുഴികുത്തി മൂടുന്നതും പരിസ്ഥിതിക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
വെറുതെ കിടക്കുന്ന പ്ലാസ്റ്റിക്കിനെക്കാള്‍ അത്യധികം അപകടകാരിയാണത്രേ കത്തിക്കുന്ന പ്ലാസ്റ്റിക് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കത്തിക്കുന്ന പ്ലാസ്റ്റിക്കുകളില്‍ നിന്ന് ഡയോക്‌സിന്‍ അടക്കമുള്ള മാരക വിഷവാതകങ്ങള്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നത് ക്യാന്‍സര്‍, ശ്വാസകോശ അസ്വസ്ഥതകള്‍, തൈറോയിഡ് എന്നിവയടക്കം പലവിധ രോഗങ്ങള്‍ക്കും കാരണമാകുന്നു.
പാര്‍ശ്വഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ ലാഭം മാത്രം പ്രതീക്ഷിച്ച് ഉത്പ്പാദിപ്പിക്കപ്പെട്ട പ്ലാസ്റ്റിക് ഇന്ന് അന്തരീക്ഷത്തിനും മണ്ണിനും മാത്രമല്ല ജൈവവൈവിധ്യത്തിന്റെ ഉറവിടങ്ങളായ നിബിഡവനങ്ങള്‍ക്കും മഹാസാഗരങ്ങള്‍ക്കും വിശാല മലഞ്ചെരിവുകള്‍ക്കും മനോഹര താഴ്‌വാരങ്ങള്‍ക്കും വരെ കടുത്ത ഭീഷണിയായി മാറിയിരിക്കയാണ്. ചിലവ് കുറഞ്ഞതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ഒരു വസ്തുവിനെ കിട്ടിയതില്‍ സന്തോഷഭരിതരായ ജനമനസുകള്‍ സര്‍വ്വനാശത്തിന്റെ കൊടുംഭീതിയിലാണ്ടുകിടക്കുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്. കുപ്പിയില്‍ നിന്ന് തുറന്നുവിട്ട ഭൂതം തന്റെ അടിമയാകുമെന്ന് മനുഷ്യന്‍ കരുതിയെങ്കിലും അത് ഇന്ന് ജൈവകുലത്തിന്റെ തന്നെ അന്തകനായി മാറിയ കാഴ്ച കണ്ട് അന്തം വിട്ടുനില്‍ക്കുകയാണ് അവന്‍. ആ ഭൂതത്തെ എങ്ങനെ വീണ്ടും കുപ്പിയില്‍ കയറ്റാമെന്നതിനെക്കുറിച്ച് ആലോചിച്ച് വേവലാതിപ്പെടുന്ന മനുഷ്യനെയാണ് നാം ഇന്ന് കാണുന്നത്. ഉപയോഗം പരമാവധി കുറയ്ക്കുകയും കഴിയാവുന്നിടത്തോളം പുനരുപയോഗം നടത്തുകയും പുന-ചംക്രമണം നടത്തി വീണ്ടും ഉത്പ്പന്നങ്ങളാക്കി മാറ്റുകയുമാണ് വിനാശഭീതിയുടെ ഈ കാലത്ത് നമുക്ക് ആകെ ചെയ്യാനുള്ളത്.
ആസന്നമായ ഈ സര്‍വ്വനാശത്തില്‍ നിന്ന് പ്രകൃതിമാതാവിനെ രക്ഷിക്കാന്‍ മനുഷ്യന് മാത്രമേ സാധിക്കുകയുള്ളൂ. കാരണം മനുഷ്യനാണല്ലോ ഇക്കണ്ട പാതകങ്ങളൊക്കെ ചെയ്തുകൂട്ടിയത്. മഹാതത്വജ്ഞാനിയായിരുന്ന റോമാ ചക്രവര്‍ത്തി മാര്‍ക്കസ് ഒറേലിയസ് പറയുന്നു.. ‘സുഖത്തോടുള്ള ആസക്തിയേക്കാള്‍ നമ്മുടെ പ്രകൃതിക്ക് ഇണങ്ങുന്നത് ലാളിത്യം, ദയ തുടങ്ങിയ ആത്മീയ മൂല്യങ്ങളാണ്..’ എന്ന്. അമേരിക്കന്‍ പരിസ്ഥിതി ചിന്തകനായ ഹെന്റി ഡേവിഡ് തോറോയുടെ വാക്കുകളും ഇതേ ദിശയിലേക്കാണ് പോകുന്നത്. അദ്ദേഹം പറയുകയാണ് ‘നമ്മുടെ ജീവിതത്തെ പരമാവധി ലഘൂകരിക്കുക… എന്റെ ആവശ്യങ്ങള്‍ കുറച്ചുകൊണ്ടാണ് ഞാന്‍ സമ്പന്നനാകേണ്ടത്…’
അധിനിവേശത്തിന്റെ ഭാഗമായി നടന്ന നഗരവല്‍ക്കരണത്തിന് വേണ്ടി ഭൂമി വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട യൂറോപ്യന്‍ ശക്തികളോട് അമേരിക്കന്‍ ആദിമനിവാസികളുടെ തലവനായ സിയാറ്റിന്‍ മൂപ്പന്‍ പറയുന്നത് നോക്കുക. ‘ഞങ്ങള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമി വിട്ടുനല്‍കാം. എന്നാല്‍ ഒരു കാര്യം നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കണം.. നദികള്‍ ഞങ്ങളുടെ കൂടെപ്പിറപ്പുകളാണ്; അതിനാല്‍ ഒരു കൂടെപ്പിറപ്പിന് നല്‍കേണ്ട കാരുണ്യം നിങ്ങള്‍ നദികള്‍ക്കും നല്‍കണം…’
നമ്മുടെ പ്രിയകഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ നിളാ നദിയെക്കുറിച്ച് പറഞ്ഞത് ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്: ‘ഞങ്ങള്‍ക്ക് നിളാദേവി കാരുണ്യം നിറഞ്ഞ അമ്മയാണ്. മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി ഞങ്ങള്‍ ചെയ്ത കര്‍മ്മങ്ങള്‍ ഈ അമ്മയെ സാക്ഷിയാക്കിയാണ് അവര്‍ ഏറ്റുവാങ്ങിയത്. അങ്ങനെയാണവര്‍ പരലോക യാത്രകളിലേക്ക് വഴിതിരിഞ്ഞത്… എന്നെ ഏറെ പ്രചോദിപ്പിക്കുകയും എന്റെ ഉള്ളിലെ വൈരുദ്ധ്യങ്ങളെ പൊറുക്കുകയും എന്റെ എല്ലാ വളര്‍ച്ചയ്ക്കും സാക്ഷിയാകുകയും ചെയ്ത നിളാ ദേവി ഇതാ ഊര്‍ദ്ധ്വന്‍ വലിക്കുകയാണ് ‘(കണ്ണാന്തളി പൂക്കുന്ന കാലം, പേജ് 45,46).
അമേരിക്കന്‍ ആദിമനിവാസികള്‍ക്ക് നദികള്‍ സഹോദരിയാണെങ്കില്‍ നമുക്ക് അവ അമ്മയാണെന്ന വ്യത്യാസം മാത്രം. ഇവരൊക്കെ ഈ പറഞ്ഞ കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തി കാണിച്ച, അല്ലെങ്കില്‍ അങ്ങനെ ജീവിച്ചൊരു സമൂഹം ഈ ഭൂമുഖത്തുണ്ടായിരുന്നു. അവരാണ് നമ്മള്‍ ഭാരതീയര്‍. അധിനിവേശത്തിന്റെ മലവെള്ളപ്പാച്ചിലില്‍ യൂറോപ്യന്മാര്‍ക്ക് ഈ സമൂഹത്തെ പുച്ഛമായിരുന്നു. ഭാരതീയര്‍ അപരിഷ്‌കൃതരാണെന്ന് അവര്‍ ലോകത്തെ പഠിപ്പിക്കാന്‍ ആവോളം ശ്രമിച്ചു. പാമ്പിനെയും പഴുതാരയേയും ആരാധിക്കുന്നവരാണെന്ന് കളിയാക്കി. ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങള്‍ അന്ധവിശ്വാസത്തിന്റെ തമോഗര്‍ത്തങ്ങളാണെന്ന് അവര്‍ പ്രചരിപ്പിച്ചു. സായിപ്പിന്റെ കവാത്തുകണ്ട് രോമാഞ്ചം കൊണ്ട ഇവിടുത്തെ കുറേ കറുത്തസായിപ്പന്മാരും അതുകേട്ട് കൈകൊട്ടി ചിരിച്ചു. എന്നാല്‍ ഇന്ന് വിനാശഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ലോകജനതയ്ക്ക് ആശാകിരണങ്ങളുമായി അതേ ഭാരതം നില്‍ക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
‘മനുഷ്യ വംശത്തോടുള്ള സ്‌നേഹത്തിന്റെ പേരില്‍ സ്വയം ത്യജിച്ചവരാണ് ഭാരതത്തില്‍ ആത്മാവിന്റെ ശരിയായ അര്‍ത്ഥം പറഞ്ഞുതന്നിട്ടുള്ളത്’ എന്ന ടാഗോറിന്റെ വാക്കുകള്‍ (സാധന- ദി റിയലൈസേഷന്‍ ഓഫ് ലൈഫ്) ലോകത്തിന്റെ അന്തരീക്ഷത്തില്‍ പ്രതിധ്വനിക്കുകയാണ് ഇന്ന്.
ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ ഫ്രിജോഫ് കാപ്ര വെളിപ്പെടുത്തിയ ഒരു കാര്യമുണ്ട്. ‘അനന്തതയില്‍ നിന്ന് വര്‍ഷിക്കപ്പെടുന്ന വിശ്വരശ്മികളിലെ ഊര്‍ജ്ജകണങ്ങളും ഭൗതികവസ്തുക്കളിലെ പരമാണുക്കളില്‍ അന്തര്‍ഭൂതമായ ഊര്‍ജ്ജകണങ്ങളും ഒത്തുചേര്‍ന്ന് നര്‍ത്തനം ചെയ്യുന്ന അത്ഭുത ദൃശ്യം കണ്ടപ്പോള്‍ ഓ… ഇതാണ് ആര്‍ഷഭാരതം ദര്‍ശിച്ച അര്‍ദ്ധനാരീശ്വരന്‍… എന്ന് തനിക്ക് അന്തരംഗത്തില്‍ വെളിപാടുണ്ടായി’ എന്നതാണ് അത്.
മെക്‌സിക്കോയിലെ വിജനമായ മരുപ്രദേശത്ത് ആണവപരീക്ഷണങ്ങള്‍ക്കിടയിലെ അനിവാര്യ സ്‌ഫോടനത്തിന്റെ അത്യുജ്ജലമായ പ്രകാശധാര കണ്ട് റോബര്‍ട്ട് ഓപ്പണ്‍ ഹീമര്‍ ഭഗവദ്ഗീതയിലെ ‘ദിവിസൂര്യ സഹസ്രസ്യ’- എന്ന് തുടങ്ങുന്ന ശ്ലോകം ഉരുവിട്ടതും ഇത്തരുണത്തില്‍ നമുക്ക് ഓര്‍ക്കാവുന്നതാണ്.
‘ശാന്തിയും സമാധാനവും സൗഖ്യവും സൗന്ദര്യവും നിറഞ്ഞുള്ള ഒരു ലോകത്ത് ഇരിക്കുവാനാണ് നാമെല്ലാം ആഗ്രഹിക്കുന്നത്. എന്നാല്‍ അതിനുള്ള ശരിയായ പ്രവര്‍ത്തനം നാം ചെയ്യുന്നുണ്ടോ?’ എന്ന് ചോദിച്ചത് മൂന്നര നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, അതായത് പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ജീവിച്ചിരുന്ന സന്ത് തുക്കാറാമാണ്. അതെ അതിനുള്ള പ്രവര്‍ത്തനം സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നതും വിജയിപ്പിച്ചു കാണിച്ചതുമായ ഒരു സമൂഹമാണ് നമ്മുടേത് എന്ന കൃത്യമായ ബോധത്തോടെ തന്നെയാണ് അദ്ദേഹം ആ വാക്കുകള്‍ പുതുതലമുറയോട് പറഞ്ഞത്.
മഹാത്മാഗാന്ധിയുടെ ശിഷ്യയായിരുന്ന മീരാബെന്‍ ‘ഇന്ത്യയിലെ ധനികരുടെയും അഭ്യസ്തവിദ്യരുടെയും ഇടയില്‍ പ്രകൃതിയുമായുള്ള ബന്ധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്’ എന്ന് 1949ല്‍ തന്നെ ആശങ്കപ്പെട്ടിരുന്നുവത്രേ. ബ്രിട്ടീഷ് അഡ്മിറലായിരുന്ന സര്‍ എഡ്മന്‍ഡ് സ്ലൈഡിന്റെ പുത്രി മാഡലിന്‍ സ്ലൈഡാണ് പിന്നീട് മീരാ ബെന്നായി മാറിയത്. ഇംഗ്ലണ്ടിലെ ഭൗതിക സുഖഭോഗങ്ങളുടേതായ ജീവിതം ഉപേക്ഷിച്ചാണവര്‍ ഗാന്ധിജിയുടെ ശിഷ്യയായതും ഹിമാലയത്തില്‍ സ്വന്തമായി ആശ്രമം സ്ഥാപിച്ചതും.
ആശങ്കകള്‍ എത്രയൊക്കെ ഉണ്ടെങ്കിലും പ്രകൃതിയെ സ്‌നേഹിക്കുന്ന, പ്രകൃതിയെ ആരാധിക്കുന്ന, സര്‍വചരാചരങ്ങളും ഒരേ ഈശ്വരന്റെ പ്രതിരൂപങ്ങളാണെന്ന് ബോധ്യമുള്ള, മനുഷ്യന് മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും ഇവിടെ തുല്യ അവകാശമുണ്ടെന്ന് കരുതുന്ന ഒരു മഹാ സംസ്‌കൃതി ഇനിയും ഈ ഭാരതഭൂമിയില്‍ നിലനില്‍ക്കുന്നുണ്ട് എന്നത് വിനാശഭീതിയില്‍ വിലപിക്കുന്ന ലോകത്തിന് പ്രതീക്ഷാ കിരണമാണ് നല്‍കുന്നത്. ഒരു കാലത്ത് ലോകത്തിന് അറിവിന്റെ വെളിച്ചം പ്രദാനം ചെയ്ത അതേ ഭാരത സമൂഹം തന്നെ ഈ പ്രതിസന്ധിയിലും രക്ഷാകവചമായി വരുമെന്ന് നമ്മള്‍ മാത്രമല്ല തിരിച്ചറിവുകള്‍ ലഭിച്ച മുഴുവന്‍ ജനസമൂഹവും കരുതുന്നുണ്ട്.
കാരണം ഭൂമി അമ്മയാണെന്നും നമ്മളെല്ലാം ആ അമ്മയുടെ മക്കളാണെന്നും (മാതാ ഭൂമി പുത്രോ അഹം പ്രഥ്വിവ്യാ) നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പഠിപ്പിച്ച ഒരു സംസ്‌കൃതിയുടെ പിന്തുടര്‍ച്ചക്കാരാണ് നാം എന്നതുകൊണ്ടുതന്നെ. അമ്മയ്ക്ക് വേദനയുണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയും ഭാരതീയരായ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല.
വളരെ അത്യാവശ്യത്തിനായി വൃക്ഷം മുറിക്കേണ്ടിവന്നാലും, ഗൃഹനിര്‍മ്മാണത്തിനായി ഭൂമി പാകപ്പെടുത്തേണ്ടി വന്നാലും അവരോട് സമ്മതം വാങ്ങിയതിന് ശേഷം മാത്രം അത് ചെയ്തിരുന്ന ഒരു പാരമ്പര്യത്തിന് ഉടമകളായിരുന്നു നാം.
യാനീഹ ഭൂതാനി വസന്തിതാനീ
ബലിം ഗൃഹത്വാ വിധിവല്‍ പ്രയുക്തം
അന്യത്ര വാസം പരികല്‍പയാമീ
ക്ഷമന്തു താനാദ്യ നമോസ്തുതേഭ്യ (കൗശികീയം). ഈ മഹാവൃക്ഷത്തില്‍ താമസിക്കുന്ന ജീവജാലങ്ങളേ ക്ഷമിക്കുക. ഞങ്ങള്‍ക്ക് വാസയോഗ്യമായ വീട് നിര്‍മ്മിക്കുവാന്‍ ഈ മരം മുറിക്കേണ്ടിവന്നിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ ഇവിടെ നിന്ന് മാറിതാമസിച്ചാലും – എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് നാം ഒരു വൃക്ഷം മുറിക്കാന്‍ തീരുമാനിക്കുന്നത്.
‘എനിക്ക് സമ്പത്തോ യശസ്സോ സ്വര്‍ഗമോ ജീവന്‍ മുക്തിയോ ഒന്നും ലഭിച്ചില്ലെങ്കിലും സാരമില്ല എന്നെ ഒരിക്കലും ഒരു മരംവെട്ടിയാക്കരുതേ ഈശ്വരാ’ എന്ന് പ്രാര്‍ത്ഥിച്ച ഒരു സമൂഹമായിരുന്നു ഇവിടുത്തേത്.
ഒരു വൃക്ഷം സ്വാഭാവികമായി നശിച്ചാല്‍ പോലും ആ വൃക്ഷ ശരീരത്തെ ആദരപൂര്‍വ്വം സംസ്‌കരിച്ച് ആ സ്ഥലത്ത് അതേ വൃക്ഷത്തിന്റെ തൈ നട്ടുപിടിപ്പിച്ചിരുന്ന പൂര്‍വ്വികരുടെ നാടാണിത്. ഓരോ ജന്മ നക്ഷത്രത്തിനും ഒരു വൃക്ഷവും മൃഗവും പക്ഷിയും ജ്യോതിശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട.് അവയെ പരിപാലിക്കേണ്ടത് ആ നക്ഷത്രക്കാരന്റെ കടമയാണ്. ഏറ്റവും ചുരുങ്ങിയത് അവയെ ഉപദ്രവിക്കാതിരിക്കാനെങ്കിലും അവന്‍ തയ്യാറാകുമല്ലോ. അങ്ങനെയാണിവിടെ സാംസ്‌കാരിക നൈരന്തര്യം ഉണ്ടായി വന്നത്.
ദശകൂപ സമാവാപി
ദശവാപി സമാഹ്രദ
ദശഹ്രദ സമപുത്രോ
ദശപുത്ര സമോദ്രുമഃ
(പത്തുകിണറുകള്‍ക്ക് തുല്യമാണ് ഒരു കുളം, പത്ത് കുളങ്ങള്‍ക്ക് തുല്യം ഒരു തടാകം, പത്തു തടാകങ്ങള്‍ക്ക് തുല്യം ഒരു പുത്രന്‍, പത്ത് പുത്രന്മാര്‍ക്ക് തുല്യം ഒരു വൃക്ഷം) എന്ന് വളര്‍ന്നുവരുന്ന ഓരോ കുഞ്ഞിലേക്കും പകര്‍ന്നുനല്‍കിയ ഒരു വിശാല സാംസ്‌കാരിക ഭൂമികയാണ് നമ്മുടേത്.
അന്നാദ് ഭവന്തി ഭൂതാനി
പര്‍ജന്യാദ് അന്ന സംഭവാ
യജ്ഞാ ഭവന്തി പാര്‍ജന്യോ
യജ്ഞ കര്‍മ്മ സമുദ്ഭവാ
(ഭഗവദ് ഗീത 3.14)
ജീവികളുടെ കര്‍മ്മത്തില്‍ നിന്ന് യജ്ഞവും യജ്ഞത്തില്‍ നിന്ന് മഴയും മഴയില്‍ നിന്ന് അന്നവും അന്നത്തില്‍ നിന്ന് ജീവികളും ഉണ്ടാകുന്നു- ഇത് തുടര്‍ച്ചയായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ്. പ്രകൃതി ചാക്രികമായാണല്ലോ ചലിക്കുന്നത്. ഉദയാസ്തമയങ്ങളും ആഴ്ചകളും പാക്ഷികങ്ങളും മാസങ്ങളും ഋതുക്കളും സംവത്സരങ്ങളും യുഗങ്ങളുമെല്ലാം ചാക്രികമായി സംഭവിച്ചുകൊണ്ടിരിക്കുന്നു.
ദേവാന്‍ ഭാവയതാനേന
തേദേവാ ഭാവയന്തുവാ
പരസ്പരം ഭാവയന്തഃ
ശ്രേയപരമവാപ്‌സ്യഥ (ഭഗവദ് ഗീത 3.11) ദേവന്മാരെ ആരാധനയിലൂടെ തൃപ്തിപ്പെടുത്തുമ്പോള്‍ ആ ദേവന്മാര്‍ നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റി നമ്മളെയും തൃപ്തിപ്പെടുത്തുന്നു- ഇങ്ങനെ പരസ്പരം സംതൃപ്തിപ്പെടുത്തിക്കൊണ്ടാണ് പരമമായ ശ്രേയസിനെ പ്രാപിക്കേണ്ടത്.
ഇതാണ് ഭാരതത്തിന്റെ വീക്ഷണം. പ്രകൃതിയോട് സമരസപ്പെട്ടുള്ള ഒരു ജീവിത ദര്‍ശനമാണ് ഭാരതം മുന്നോട്ടുവെച്ചത്. പ്രകൃതിയെ പരിപോഷിപ്പിച്ചുകൊണ്ടുള്ള വികസനകാഴ്ചപ്പാടാണ് സഹസ്രാബ്ദങ്ങളായി ഭാരതം അനുവര്‍ത്തിച്ചുവരുന്നത്. അതിനാല്‍ തന്നെ ചൂഷണം എന്ന വാക്ക് ഒരിക്കലും നമുക്ക് സ്വീകാര്യമായിരുന്നില്ല.
എവിടെയോ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു സ്വര്‍ഗകവാടം കയറിപ്പറ്റുന്നതിനിടക്കുള്ള ഒരു ഇടത്താവളമാണ് ഇവിടത്തെ ജീവിതം എന്ന എബ്രഹാമിക് മതങ്ങളുടെ കാഴ്ചപ്പാടല്ല നമുക്കുള്ളത്. നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന ജീവിതങ്ങളുടെ അനുസ്യൂത പ്രയാണത്തില്‍, ജന്മാന്തരങ്ങളുടെ കര്‍മ്മ ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള ദൗത്യവുമായാണ് ഓരോ ജന്മവും നാം കടന്നുവരുന്നത്. ആ ജന്മദൗത്യം ധാര്‍മ്മികമായി മുന്നോട്ട് കൊണ്ടുപോകേണ്ടതിനാല്‍ അവിടെ ചൂഷണമോ സംഘര്‍ഷമോ നമുക്ക് അഭികാമ്യമാവുന്നില്ല.
സമന്വയത്തിന്റെയും സര്‍വധര്‍മ്മ സമഭാവനയുടെയും മഹിത സന്ദേശം ജീവിതവ്രതമാക്കിയ ഈ ഹിന്ദു വംശത്തിന് മാത്രമേ നമ്മുടെ പ്രിയപ്പെട്ട അമ്മയായ ഭൂമിദേവി നേരിടുന്ന കടുത്ത പ്രതിസന്ധിയെ അതിജീവിക്കാനുള്ള ജീവിതദര്‍ശനം കൈമുതലായുള്ളൂ. സംഘര്‍ഷത്തിന്റെയും ചൂഷണത്തിന്റെയും നിഷേധാത്മകമായ എബ്രഹാമിക് മതസ്വാധീനങ്ങളെ സാമൂഹിക ജീവിതത്തില്‍ നിന്ന് പാടേ പിഴുതുമാറ്റി സ്‌നേഹസമാധാനത്തിന്റെ ഭാവാത്മക ചിന്ത പ്രസരിപ്പിച്ച ഭാരതീയ ഋഷി വാടങ്ങളെ പുല്‍കിപുണരാന്‍ ലോക ജനത തയ്യാറാവേണ്ടതുണ്ട്. വികസിത രാജ്യങ്ങളൊക്കെ ഏതാണ്ട് അത്തരമൊരു നീക്കം നടത്തുന്നതിന്റെ സൂചനകള്‍ കണ്ട് തുടങ്ങിയിട്ടുള്ളത് ഏതായാലും ശുഭോദര്‍ക്കമാണ്.
വിജയനഗര സാമ്രാജ്യത്തിലെ പ്രശസ്തനായ കൃഷ്ണദേവരായരുടെ ജീവിതത്തിലെ ഒരു സംഭവം കൂടി സൂചിപ്പിച്ചിട്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. രാജാവായ അദ്ദേഹം നാട്ടുവിശേഷങ്ങള്‍ അറിയാന്‍ വേഷപ്രച്ഛന്നനായി നാട് ചുറ്റി നടക്കവേ ഒരു വൃദ്ധന്‍ വഴിയോരത്ത് ഒരു വൃക്ഷ തൈ കുഴിച്ചിടുന്നത് കണ്ടു. മറ്റൊന്നും ശ്രദ്ധിക്കാതെ തന്റെ കര്‍മ്മത്തില്‍ മാത്രം വ്യാപൃതനായി ഇരിക്കുന്ന ആ വൃദ്ധനോട് (പ്രച്ഛന്ന വേഷധാരിയായ) രാജാവ് ചോദിച്ചു…
ഈ വയ്യാത്ത വയസ്സുകാലത്ത് താങ്കള്‍ ഇത്ര കഷ്ടപ്പെട്ട് എന്താണ് ചെയ്യുന്നത്?
ഞാന്‍ ഒരു തൈ നടുകയാണ്….
ദിവസേന വെള്ളം നനച്ചു വളര്‍ത്തണ്ടേ ?
വേണം….
കഴിയുമോ താങ്കള്‍ക്ക്.. ?
കഴിയാവുന്നടുത്തോളം ആവാമല്ലോ…!
എന്നിട്ടോ…?
ഇത് മുളയ്ക്കും… വളരും…. വലിയൊരു ഫലവൃക്ഷമാകും… ഇവിടെയത്തുന്ന പഥികന്മാര്‍ക്ക് അത് തണലും മധുരാനുഭവങ്ങളും നല്‍കും.
ശരി…! ഇതൊരുവലിയ മരമാകുന്നത് വരെ താങ്കള്‍ ഉണ്ടാകുമോ..? അപ്പോള്‍ ഈ ബുദ്ധിമുട്ടുന്നത് വെറുതെ ആവില്ലേ…?
ഞാന്‍ ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല.. വരുന്ന തലമുറകള്‍ക്ക് വേണ്ടിയാണ്… അതാണ് എന്റെ സംതൃപ്തി.
അതെ… അവനവന് വേണ്ടി മാത്രം ജീവിച്ച് പരാജയപ്പെടുന്ന, സമീപകാലത്തിന്റെ ആള്‍ക്കൂട്ടത്തിന് നടുവില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി തണല്‍വിരിച്ച് നില്‍ക്കുന്ന ഒരു മഹാവൃക്ഷമാവാന്‍ നമുക്ക് കഴിഞ്ഞെങ്കില്‍…
എങ്കില്‍… എങ്കില്‍ മാത്രം….
ഭൂമി ദേവിയുടെ സീമന്തരേഖയില്‍ എന്നും സൂര്യോദയത്തിന്റെ പ്രഭാതകുങ്കുമം തുടിക്കുന്നത് കണ്ട് സായൂജ്യമണയണമെന്ന മഹാകവി ഒഎന്‍വിയുടെ ആഗ്രഹം നമുക്കും നമ്മുടെ അനന്തര തലമുറകള്‍ക്കും സാധിതമാകും.