കേരളം തീവ്രവാദികളെ വളര്‍ത്തുന്ന നഴ്‌സറിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍പൊരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി കേരളത്തിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. മതേതരകേരളം ആ പ്രസ്താവനയ്‌ക്കെതിരെ അന്ന് മുഖംചുളിച്ചു. നരേന്ദ്രമോദി കേരളത്തെ അപമാനിച്ചു എന്ന് മാദ്ധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും വരിവരിയായി നിന്ന് വിലപിച്ചു. വാസ്തവത്തില്‍ പലരും മറച്ചുവെയ്ക്കുകയോ പൊതിഞ്ഞുപിടിയ്ക്കുകയോ ചെയ്യുന്ന ഒരു വസ്തുതയാണ് നരേന്ദ്രമോദി അന്ന് ചൂണ്ടിക്കാണിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന നിരവധി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കിയ തടിയന്റവിട നസീറും അബ്ദുള്‍ നാസര്‍ മദനിയുമൊക്കെ മതഭീകരവാദത്തിന്റെ കേരളീയ മുഖങ്ങളായിരുന്നു. തീവ്ര ഇസ്ലാമിക സംഘടനയായ ഐഎസ്സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പോലും മലയാളി സാന്നിധ്യമുണ്ട്.
കേരളം മതതീവ്രവാദത്തിന്റെ പച്ചത്തുരുത്തായി മാറുകയാണ് എന്ന വിമര്‍ശനം ഒട്ടും പുതുമയുള്ളതല്ല. കൊച്ചു കുട്ടികളെ പോലും വംശവെറിയുതിര്‍ക്കുന്ന തീവ്രവാദ പ്രചാരണങ്ങള്‍ക്കായി മതഭീകരവാദികള്‍ ഉപയോഗിക്കുന്ന കാഴ്ചയാണ് ഇവിടെ നാം കാണുന്നത്. ഏതാനും ദിവസം മുന്‍പ് ആലപ്പുഴയില്‍ നടന്ന റാലിയില്‍ കൊച്ചു കുട്ടിയെ ഉപയോഗിച്ച് വളരെയേറെ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് ഉയര്‍ത്തിയത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഉന്നംവെച്ച് ‘അവലും മലരും കുന്തിരിക്കവും വാങ്ങിവെച്ചോളൂ’ എന്നും, ‘നിങ്ങളുടെയൊക്കെ കാലന്മാര്‍ വരുന്നുണ്ട്’ എന്നുമുള്ള അങ്ങേയറ്റം വംശീയവും വിഷലിപ്തവുമായ മുദ്രാവാക്യം ഒരു കുഞ്ഞിന്റെ വായിലേക്ക് തിരുകിയ പോപ്പുലര്‍ ഫ്രണ്ട് നീക്കത്തെ അപകടകരമായ നടപടിയായി മാത്രമേ കാണാന്‍ കഴിയൂ. കുട്ടികള്‍ക്ക് നിയമപരിരക്ഷ ലഭിക്കുമെന്ന പഴുത് മുന്നില്‍ കണ്ടാണ് അവര്‍ ഈ മുദ്രാവാക്യംവിളി ആസൂത്രണം ചെയ്തതെന്നുവേണം കരുതാന്‍. തങ്ങളുടെ പ്രചാരണങ്ങള്‍ക്കുള്ള മാധ്യമമായി പോപ്പുലര്‍ ഫ്രണ്ട് മുന്‍പും കുട്ടികളെ കരുവാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ ആറിന് പത്തനംതിട്ട കോട്ടാങ്ങലിലെ സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നെഞ്ചത്ത് ‘ഞാന്‍ ബാബറി’ എന്ന ബാഡ്ജ് കുത്തിയ സംഭവം ഇതിന് ഉദാഹരണമാണ്. ക്രിസ്ത്യന്‍ മാനേജ്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂള്‍ തന്നെ ഇതിനുവേണ്ടി തിരഞ്ഞെടുത്തതും ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടിരിക്കുന്ന വിദ്യാര്‍ത്ഥിയെവരെ ബലമായി തടഞ്ഞുനിര്‍ത്തി ബാഡ്ജ് ധരിപ്പിച്ചതും സമൂഹത്തില്‍ പ്രകോപനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
ആലപ്പുഴ റാലിയില്‍ ഉയര്‍ത്തിയ മുദ്രാവാക്യം വിവാദമായതോടെ അതിലെ ചില വാക്കുകളെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് നിലപാടെടുത്തു. അപ്പോഴും ആ മുദ്രാവാക്യത്തെ പൂര്‍ണ്ണമായും തള്ളിപ്പറയാന്‍ അവര്‍ തയ്യാറായില്ല. മുദ്രാവാക്യത്തില്‍ മതപരമായി ഒന്നുമില്ലെന്നും അത് ആര്‍എസ്എസിനെതിരായ മുദ്രാവാക്യമാണെന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചത്. അതോടൊപ്പം ഹിന്ദുത്വത്തിന്റെ കാലന്മാരാണ് തങ്ങള്‍ എന്ന് കൂടി അവര്‍ അവകാശപ്പെടുകയും ചെയ്തു. ‘കുന്തിരിക്കം കാത്തുവെച്ചോളൂ’ എന്ന മുദ്രാവാക്യം ആര്‍എസ്എസിനെതിരെയുള്ളതല്ലെന്നും അത് ആരെ ഉന്നംവെച്ചുള്ളതാണെന്നുമൊക്കെ കേരളത്തില്‍ അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കുമറിയാം.
ഹിന്ദുക്കളും ക്രിസ്ത്യാനികളുമല്ല ആര്‍എസ്എസുകാര്‍ മാത്രമാണ് തങ്ങളുടെ ശത്രു എന്ന് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം പൊതുയോഗങ്ങളിലും പത്രസമ്മേളനങ്ങളിലും എപ്പോഴും സ്വയം സാക്ഷ്യപ്പെടുത്താറുണ്ട്. എന്നാല്‍ അബദ്ധത്തില്‍ കൂവിപ്പോയ നീലക്കുറുക്കന്റെ പഴയ കഥപോലെ അവരുടെ ഉള്ളിലിരുപ്പ് പലപ്പോഴും അവരറിയാതെ തന്നെ പുറത്തുചാടാറുമുണ്ട്.’21ല്‍ ഊരിയ കത്തി അറബിക്കടലിലെറിഞ്ഞിട്ടില്ല’ എന്ന് കേരളത്തിന്റെ തെരുവുകളില്‍ മുദ്രാവാക്യം മുഴക്കിയത് ആരെ ഉദ്ദേശിച്ചായിരുന്നു? 1921ല്‍ ആര്‍.എസ്.എസ്. രൂപീകരിച്ചിട്ടുപോലുമില്ല. അടുത്തിടെ കാശിയിലെ ജ്ഞാനവാപി പള്ളിയില്‍ നടന്ന പുരാവസ്തു വകുപ്പിന്റെ സര്‍വ്വേക്കിടെ ശിവലിംഗം കണ്ടെടുത്ത സംഭവത്തെക്കുറിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു സംസ്ഥാന നേതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ‘അവതാരങ്ങളുടെ കല്യാണസാധനം മര്യാദയ്ക്ക് സൂക്ഷിക്കണം’ എന്നാണ്. ശിവലിംഗം ആര്‍എസ്എസുകാരുടെയല്ല, മുഴുവന്‍ ഹൈന്ദവ വിശ്വാസികളുടെയും ആരാധനാബിംബമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവിന് മനസ്സിലാകാത്തതല്ല. ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന മതവിദ്വേഷം സന്ദര്‍ഭം വന്നപ്പോള്‍ അറിയാതെ പുറത്തു ചാടിയെന്നേയുള്ളൂ. ആര്‍എസ്എസ് മാത്രമാണ് ശത്രുവെന്നും ഇതര മതങ്ങളെ ആക്ഷേപിക്കാറില്ലെന്നും ആണയിടുന്ന പോപ്പുലര്‍ ഫ്രണ്ട് ശിവലിംഗത്തെ ആക്ഷേപിച്ച ഈ പരാമര്‍ശം ഹൈന്ദവ വിരുദ്ധമാണെന്ന് സമ്മതിക്കുമോ!
ആര്‍എസ്എസ് വിരുദ്ധതയെന്നത് പോപ്പുലര്‍ ഫ്രണ്ട് സൃഷ്ടിച്ചെടുക്കുന്ന ഒരു പുകമറ മാത്രമാണ്. അതിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഹൈന്ദവ വിരുദ്ധതയും ഭാരത വിരുദ്ധതയും തന്നെയാണ്. മുന്‍പ് പ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച് ‘മാതൃഭൂമി’ പത്രത്തിനെതിരെ തീവ്ര ഇസ്ലാമിക സംഘടനകള്‍ നടത്തിയ പ്രതിഷേധപ്രകടനങ്ങളില്‍ അവര്‍ വ്യാപകമായി ഉയര്‍ത്തിയ ഒരു മുദ്രാവാക്യം ‘മാതൃഭൂമി തുലയട്ടെ’ എന്നായിരുന്നു. ‘മാതൃഭൂമി’യെന്ന പ്രസിദ്ധീകരണത്തെ മുന്‍നിര്‍ത്തി മാതൃഭൂമിയായ ഭാരതത്തെ ആക്ഷേപിക്കുന്ന തരത്തിലായിരുന്നു ആ ദ്വയാര്‍ത്ഥ മുദ്രാവാക്യം മുഴക്കിയത്. 1921 ല്‍ മലബാറില്‍ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നനെയും, നിരവധി മതപരിവര്‍ത്തനങ്ങള്‍ക്കും ക്ഷേത്രധ്വംസനങ്ങള്‍ക്കും നേതൃത്വം നല്‍കിയ ടിപ്പു സുല്‍ത്താനെയുമാണ് ഹിന്ദുക്കളെ ശത്രുവായി കാണുന്നില്ലെന്ന് പ്രഖ്യാപിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ആരാദ്ധ്യപുരുഷന്മാരായി സ്വീകരിച്ചിരിക്കുന്നത്. ഇത് വിരോധാഭാസമല്ലാതെ മറ്റെന്താണ്. ആര്‍എസ്എസിനെ അടിച്ചമര്‍ത്തിയവരല്ല, മറിച്ച് ഹിന്ദുക്കളെ ആക്രമിക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്തവരാണ് എന്നും പോപ്പുലര്‍ ഫ്രണ്ടിന് അനുകരണീയ മാതൃകകളാകുന്നത്. ആര്‍എസ്എസ് വിരോധത്തിന്റെ മറപറ്റി ‘ഇന്ത്യയെ ഇസ്ലാമികവല്‍ക്കരിക്കുക’യെന്ന സിമിയുടെ പഴയ മുദ്രാവാക്യത്തെ രാഷ്ട്രീയ ലക്ഷ്യമായി സ്വീകരിച്ചിരിക്കുകയാണവര്‍. ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളോടും സ്ഥാപനങ്ങളോടും പോപ്പുലര്‍ ഫ്രണ്ടിന് ശത്രുതയുണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. ഭാരതത്തെ ഇസ്ലാമികവല്‍ക്കരിക്കാനും, മതത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും വിഭജിക്കാനുമുള്ള നീക്കത്തിന് തടസ്സമായാണ് ആര്‍എസ്എസിനെ അവര്‍ കാണുന്നത്. ഭാരതത്തിന്റെ നിയമസംവിധാനത്തോടും പോപ്പുലര്‍ ഫ്രണ്ടിന് ശത്രുതാപരമായ സമീപനമാണുള്ളത്. ഹാദിയ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് വിപരീതപരാമര്‍ശമുണ്ടായപ്പോള്‍ കോടതിയിലേക്ക് അക്രമാസക്തമായ മാര്‍ച്ചിന് അവര്‍ നേതൃത്വം നല്‍കിയിരുന്നു. 2022 ഫെബ്രുവരി 18 ന് അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ 38 പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചപ്പോള്‍ ‘ഇത് ശിക്ഷാവിധിയല്ലെന്നും ഭരണകൂടത്തിന്റെ കൂട്ടക്കൊല’യാണ് എന്നുമായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പതിച്ച പോസ്റ്ററിലെ വാചകം.
ആര്‍എസ്എസിനെ ഇല്ലാതാക്കുകയാണ് തങ്ങളുടെ ഒരേയൊരു ലക്ഷ്യം എന്ന് നിരന്തരം പ്രഖ്യാപിക്കുന്ന പോപ്പുലര്‍ ഫ്രണ്ട്, രാഷ്ട്രജീവിതത്തിന്റെ സര്‍വ്വമേഖലയിലും നുഴഞ്ഞുകയറി ആര്‍എസ്എസ് വിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ നിരന്തരം പരിശ്രമിച്ചു വരുന്നുണ്ട്. എന്നാല്‍ മതഭീകരവാദികള്‍ സമൂഹത്തിന്റെ സമാധാനജീവിതത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന സന്ദര്‍ഭങ്ങളിലൊക്കെ ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് സമീകരിക്കാനാണ് ചില മാദ്ധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭാരതത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരനായ വ്യക്തിയുടെ ഹൃദയത്തില്‍ രാഷ്ട്രമെന്ന ഭവ്യഭാവനയെ പുന:പ്രതിഷ്ഠിക്കാന്‍ വേണ്ടി ഒരു നൂറ്റാണ്ടുകാലമായി നിത്യനിതാന്തമായ തപസ്സാധനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കര്‍മ്മസംഘടനയെ, തീവ്രവാദ സംഘടനയെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി പോലും പരാമര്‍ശിച്ച ഒരു മതഭീകരപ്രസ്ഥാനവുമായി താരതമ്യപ്പെടുത്തുന്നത് അധാര്‍മ്മികവും അബദ്ധജടിലവുമാണ്. ഭാരത സൈന്യത്തോടൊപ്പം മാര്‍ച്ച് ചെയ്ത പാരമ്പര്യമുള്ള ആര്‍എസ്എസിനെ കാശ്മീരില്‍ ഭാരത സൈന്യത്തോട് ഏറ്റുമുട്ടാന്‍ ആളുകളെ റിക്രൂട്ട് ചെയ്ത തടയന്റവിട നസീറിന്റെയും ഭാരത പാര്‍ലമെന്റ് ആക്രമിച്ച യാക്കൂബ് മേമന്റെയും പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ഒരു സംഘടനയോട് ചേര്‍ത്തുവെക്കുന്നത് ഈ രാഷ്ട്രത്തിന്റെ ചരിത്രത്തോടും ധര്‍മ്മത്തോടും കാണിക്കുന്ന നീതീകരിക്കാനാവാത്തതും അക്ഷന്തവ്യവുമായ അപരാധമാണ്. മതഭീകരവാദം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഭാരതം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും രാഷ്ട്രീയ മതഭേദമന്യേ ഒറ്റക്കെട്ടായി അണിനിരക്കുകയാണ് വേണ്ടത്.