സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു കോണ്‍ഗ്രസ് ഇതര ഗവണ്‍മെന്റിന് അഞ്ച് വര്‍ഷ ത്തെ ഭരണത്തിനുശേഷം തുടര്‍ച്ച ലഭിച്ചിരിക്കുകയാണ്. അതും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് അടുത്ത സീറ്റുകളോടുകൂടി. ബി.ജെ.പി ഒറ്റയ്ക്ക് തന്നെ 303 ഉം എന്‍.ഡി.എയ്ക്ക് 352ഉം സീറ്റുകള്‍ ലഭിച്ചു. കേന്ദ്രത്തില്‍ ഒറ്റക്കക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞു എന്ന് പ്രവചിച്ചവരൊക്കെ ഇന്ന് വാപൊത്തി ഇരിക്കുകയാണ്. ബി.ജെ.പിക്ക് ലഭിച്ച ഈ ചരിത്ര വിജയത്തിന്റെ കാരണം അന്വേഷിച്ചുപോകുന്ന തിരക്കിലാണ് പല രാഷ്ട്രീയ വിശകലന വിശാരദന്മാരും മാധ്യമ ഗവേഷണ വിദഗ്ധരുമെല്ലാം. എന്നാല്‍ സാധാരണക്കാരില്‍ സാധാരണക്കാരായ ജനകോടികള്‍ക്ക് ഈ വിജയത്തിന്റെ കാരണമന്വേഷിച്ച് എവിടേയും പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. തങ്ങളുടെ നേരനുഭവം തന്നെയായിരുന്നു അവരുടെ സാക്ഷ്യപത്രം. സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളും രാഷ്ട്രത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയതും ഭരണനൈപുണ്യവുമെല്ലാം സാധാരണക്കാരന് അനുഭവവേദ്യമായി. അവരാണ് മോദി ഗവണ്‍മെന്റിനെ പൂര്‍വ്വാധികം ശോഭയോടെ പുനഃപ്രതിഷ്ഠിച്ചത്.
മോദി ഗവണ്‍മെന്റിന്റെ വിജയത്തിന്റെ കാരണം കൃത്യമായി മനസ്സിലാക്കിയ മുന്‍ എം.പി കൂടിയായ എ.പി. അബ്ദുള്ളക്കുട്ടി തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ അത് പോസ്റ്റ് ചെയ്തതോടുകൂടി വന്‍ വിവാദത്തിന് തിരികൊളുത്തി. അദ്ദേഹത്തെ കോണ്‍ ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇതേ അഭിപ്രായം പറഞ്ഞതിനാണ് മുമ്പ് സി.പി.എമ്മില്‍ നിന്നും അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്. സ്വാതന്ത്ര്യവും ജനാധിപത്യവും നിലനില്‍ക്കുന്നു എന്നവകാശപ്പെടുന്ന പാര്‍ട്ടികളാണ് ഒരു തിരഞ്ഞെടുപ്പ് വിജയത്തിന് പുറകിലുള്ള കാരണത്തെക്കുറിച്ച് തന്റെ നിരീക്ഷണങ്ങള്‍ പുറത്ത് പറഞ്ഞതിന് ഒരാളെ പുറത്താക്കിയിരിക്കുന്നത്. നിങ്ങള്‍ എങ്ങ നെ ചിന്തിക്കണമെന്നും എന്ത് അഭിപ്രായം പറയണമെന്നും ഞങ്ങള്‍ പറയും എന്ന തീര്‍ത്തും സ്വേച്ഛാധിപത്യപരമായ നിലപാടാണ് കോണ്‍ ഗ്രസ്സും സിപിഎമ്മും കൈക്കൊണ്ടത്. ഈ നടപടിയിലൂടെ ഫാസിസ്റ്റ് – ഏകാധിപത്യ നിലപാടുകളില്‍ സിപിഎമ്മില്‍ നിന്നും ഒട്ടും വ്യത്യസ്തരല്ല തങ്ങളെന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുകയാണ്. ജനാധിപത്യ മര്യാദയനുസരിച്ചാണ് അബ്ദുള്ളക്കുട്ടിയില്‍ നിന്ന് വിശദീകരണം കേള്‍ക്കാന്‍ തയ്യാറായത് എന്ന പരിഹാസ്യപൂര്‍ണ്ണമായ പരാമര്‍ശമാണ് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയത്.
എന്താണ് ഇവര്‍ക്ക് ഇത്രമാത്രം പ്രകോപനം ഉണ്ടാക്കുന്ന പരാമര്‍ശം എ.പി. അബ്ദുള്ളക്കുട്ടിയില്‍ നിന്ന് ഉണ്ടായത്? ബിജെപിയുടെ വിജയം മോദിയുടെ ഭരണതന്ത്രജ്ഞതയുടേയും വികസന അജണ്ടയുടേയും വിജയമാണെന്നും ഗാന്ധിയുടെ നാട്ടുകാരനായ മോദി ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ പ്രയോഗിച്ചെന്നുമാണ് അദ്ദേഹം പറഞ്ഞത്. പകല്‍പോലെ വ്യക്തമായ ഈ കാര്യം കൊച്ചുകുട്ടികള്‍ക്കുപോലും അറിയാവുന്നതാണ്. ഈ യാഥാര്‍ത്ഥ്യം ചര്‍ച്ചയാകുന്നത് തടയുക എന്ന ഗൂഢോദ്ദേശ്യമല്ലാതെ മറ്റൊന്നും കോണ്‍ഗ്രസ്സിന്റെ നടപടികള്‍ക്ക് പിന്നില്‍ കാണാനാകുന്നില്ല. കൈവെള്ള കൊണ്ട് സൂര്യനെ മറച്ചുപിടിക്കാനുള്ള വൃഥാ വ്യായാമമാണ് ഇവര്‍ നടത്തുന്നത്. മോദിയെ അഭിനന്ദിക്കുന്നത് ഏത് കോണ്‍ഗ്രസ്സുകാരനായാലും തെറ്റാണെന്നാണ് നിയുക്ത എം.പിയും മുന്‍ കെ.പി.സി.സി. പ്രസിഡന്റുമായ കെ. മുരളീധരന്‍ പറഞ്ഞുവെച്ചിരിക്കുന്നത്. മോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള രാഹുലിന്റേയും സോണിയയുടേയും പ്രസ്താവന മുന്നില്‍ വെച്ചുകൊണ്ടാണ് കെ. മുരളീധരന്‍ ഇങ്ങനെയൊരു സങ്കുചിത പ്രസ്താവന ഇറക്കിയത്. വിജയിച്ചവരെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക എന്ന പൊതു മര്യാദയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കാള്‍ ചവിട്ടിമെതിക്കുന്നത്.
അതിനൊക്കെ അപ്പുറം അബ്ദുള്ളക്കുട്ടി ഉയര്‍ത്തുന്ന വിഷയങ്ങള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പാടില്ല എന്ന ദുരുദ്ദേശ്യം ഈ നടപടിക്കു പിന്നിലുണ്ട്. കേവലം 5 വര്‍ഷംകൊണ്ട് മോദി കൊണ്ടുവന്ന വികസനം 60 വര്‍ഷം രാജ്യം ഭരിച്ച് നശിപ്പിച്ച കോണ്‍ഗ്രസ്സിന് ചര്‍ച്ചചെയ്യാന്‍ സാധിക്കുന്നതല്ലല്ലോ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കുതിച്ചുചാട്ടം കണ്ടില്ലെന്ന് നടിച്ച് ജി.എസ്.ടിയേയും ഡീമോണിറ്റെസേഷനേയും കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയാണ് അവര്‍ ചെയ്യുന്നത്. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുക എന്നതാണ് തങ്ങള്‍ക്ക് ആകെ ചെയ്യാന്‍ സാധിക്കുക എന്ന് അവര്‍ വിശ്വസിക്കുന്നു. ചെറിയ ദ്വീപ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലും ഭാരതത്തെ ധിക്കരിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത സ്ഥാന ത്ത് ഇന്ന് അമേരിക്കയും റഷ്യയും ചൈനയുമടക്കം ഭാരതത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. സ്വച്ഛ്ഭാരത് പദ്ധതിയിലൂടെയും പിന്നാക്ക ജനവിഭാഗങ്ങളുടെ ക്ഷേമ പദ്ധതിയിലൂടെയും ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ പൂവണിയുന്ന കാഴ്ചകള്‍ കാണുന്നു.
അബ്ദുള്ളക്കുട്ടി ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്താല്‍ ഇതൊക്കെയായിരിക്കും ഉയര്‍ന്നുവരിക. അത് തങ്ങള്‍ക്ക് ഗുണകരമല്ല എന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നു.
അബ്ദുള്ളക്കുട്ടി ന്യൂനപക്ഷ സമുദായത്തില്‍ പ്രത്യേകിച്ച് മുസ്ലിം സമുദായത്തില്‍ നിന്നുള്ള വ്യക്തിയാണ്. രണ്ട് തവണ എം.പിയും ഒരു തവണ എം.എല്‍.എയും ആയിട്ടുണ്ട്. ഇങ്ങനെയൊരാള്‍ മോദിയെ പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നാല്‍ അത് തങ്ങള്‍ ഇതുവരെ ഊതിവീര്‍പ്പിച്ച ‘ബിജെപി – ന്യൂനപക്ഷ വിരുദ്ധരെന്ന കാപട്യത്തിന്റെ കുമിളകള്‍ പൊട്ടിപ്പോകുന്നതാണ് എന്ന തിരിച്ചറിവ് കോണ്‍ഗ്രസ്സിനും സിപിഎമ്മിനുമുണ്ട്. അതുകൊണ്ടുതന്നെ അബ്ദുള്ളക്കുട്ടി സ്ഥാനമോഹിയും വഞ്ചകനുമാണ് എന്ന് പ്രചരിപ്പിച്ചുകൊണ്ട്, വ്യക്തിഹത്യ നടത്തി അദ്ദേഹമുന്നയിക്കുന്ന വിഷയത്തെ പുതപ്പിട്ടു മൂടാനാണ് അവര്‍ ശ്രമിക്കുന്നത്. കേരളം പോലെ പ്രബുദ്ധതയുള്ളവരെന്ന് സ്വയം നടിക്കുന്ന പ്രദേശത്തുനിന്നും ഇങ്ങനെയൊരാള്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് തങ്ങള്‍ക്ക് ക്ഷീണം ചെയ്യും എന്നും അവര്‍ കരുതുന്നു.
ഇതിനൊക്കെയപ്പുറം മോദിയെ പ്രശംസിച്ചതിന് നടപടി എടുത്തതുവഴി ഇസ്ലാമിസ്റ്റ് – മാവോയിസ്റ്റ് ഭീകരവാദികളുടേയും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്ന മറ്റ് അരാജകവാദികളുടേയും പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടെ ന്ന് കരുതേണ്ടിയിരിക്കുന്നു. ജനങ്ങളില്‍ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാന്‍ തയ്യാറെടുക്കുന്ന ഇത്തരം വിഘടനവാദികള്‍ക്ക് ചൂട്ട് പിടിച്ചു കൊടുക്കുന്ന പണികൂടിയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കേരളത്തിലെ ന്യൂനപക്ഷങ്ങളെ നിരന്തരം കള്ളപ്രചരണങ്ങളിലൂടെ ഒരു തുരുത്താക്കി നിര്‍ത്താനും പ്രീണനനയത്തിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാനും ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുകയാണ്. ഈ കാപട്യത്തിന്റെ ഇരുളടഞ്ഞ ഗുഹകളില്‍ യാഥാര്‍ത്ഥ്യത്തിന്റെ തിരിനാളം തെളിയിക്കുകയാണ് അബ്ദുള്ളക്കുട്ടി ചെയ്തത്.
നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ കഠിനാധ്വാനത്തേയും വികസന കാഴ്ചപ്പാടുകളേയും അഭിനന്ദിച്ചതിന് വിമര്‍ശനം ഏറ്റുവാങ്ങിയ നിരവധി പ്രമുഖര്‍ ഈ കേരളത്തില്‍ തന്നെയുണ്ട്. മുന്‍മന്ത്രി ഷിബു ബേ ബി ജോണും ശശി തരൂര്‍ എം.പിയുമെല്ലാം ഇതില്‍ പെടും. ഇവര്‍ക്കെല്ലാം പിന്നീട് മാപ്പ് പറയേണ്ടിയും വന്നു. വസ്തുതകളെ വസ്തുതകളായി പറയുകയും തെറ്റുകളെ വിമര്‍ശിക്കുക യും ചെയ്യുമ്പോഴെ ആ വിമര്‍ശനത്തിന് വിലയുണ്ടാകൂ. താത്കാലിക രാഷ്ട്രീയനേട്ടത്തിനുവേണ്ടി പച്ചക്കള്ളം പ്രചരിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ മറുഭാഗത്തിന്റെ പ്രവര്‍ത്തനത്തിന് പതുക്കെയെങ്കിലും വീര്യം പകര്‍ന്നു നല്‍കുകയാണ് ചെയ്യുന്നത്. ആരോപണത്തിന്റേയും അപവാദത്തിന്റേയും കരിമേഘം കൊണ്ട് എതിരാളികള്‍ മറച്ചുവെക്കാന്‍ ശ്രമിച്ച നരേന്ദ്ര മോദിയുടെ വ്യക്തിത്വം പിന്നീട് കത്തിജ്ജ്വലിക്കുന്ന സൂര്യബിംബത്തെപ്പോലെ ജാജ്ജ്വല്യമാനമാകുന്നത് ലോകം മുഴുവന്‍ കണ്ടു.