1972 ജൂണ്‍ 5 മുതല്‍ 16 വരെ ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ മാനവപരിസ്ഥിതി സമ്മേളനം സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ നടന്നു. ഈ സമ്മേളനത്തിലാണ് യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം (NEP) രൂപം കൊണ്ടത്. വികസന പ്രക്രിയകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതിനാശത്തെക്കുറിച്ച് ആ സമ്മേളനം ആഴത്തില്‍ ചര്‍ച്ച ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി ഒരു അന്താരാഷ്ട്ര നിയമാവലിക്ക് രൂപം നല്‍കുകയും ചെയ്തു. വെള്ളം, വായു, മണ്ണ്, സസ്യമൃഗാദികള്‍ എന്നിവയെ ഗുണശോഷണം വരാത്ത വിധത്തില്‍ കാത്തുസൂക്ഷിച്ച് വരുംതലമുറകള്‍ക്ക് കൈമാറണമെന്നും സ്റ്റോക്ക്‌ഹോം സമ്മേളനം നിര്‍ദേശിച്ചു.
ജൂണ്‍ 5 ന് ലോകപരിസ്ഥിതി ദിനമായി ആചരിക്കുമ്പോള്‍ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത് ആവശ്യമാണ്. ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കെ- റെയില്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. സംസ്ഥാനത്ത് നിലവില്‍ ദേശീയപാതാ വികസനത്തിനായി ഏറ്റെടുത്ത മിക്കവാറും ഭൂമി മുഴുവനും ഫലവൃക്ഷങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളായിരുന്നു. അവ മുറിച്ചുനീക്കിയപ്പോള്‍ കുറ്റികളായിത്തീര്‍ന്ന റോഡിന്റെ വശങ്ങളില്‍ ഈ വേനല്‍ക്കാല ചൂടില്‍ ഒന്ന് വിശ്രമം കൊള്ളാന്‍ പോലും പ്രയാസമാണ്. വികസനം കാലത്തിന്റെ പ്രവാഹത്തില്‍ ആവശ്യം തന്നെയാണ്. എന്നാല്‍ അത് മുന്‍കൂട്ടി കണ്ടുകൊണ്ടു നഷ്ടപ്പെടാന്‍ പോകുന്ന അത്രയും വൃക്ഷങ്ങള്‍ക്ക് പകരം അത്രയും സ്ഥലത്ത് ഫലവൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കുന്ന സംവിധാനം ഉണ്ടായിരുന്നെങ്കില്‍ വരുംതലമുറകള്‍ക്ക് അതൊരു മാതൃകയാവുമായിരുന്നു. ഇത്രയും കാലമായി, അതായതു ഏകദേശം നാല്‍പ്പത് വര്‍ഷത്തോളം പരിസ്ഥിതിദിനത്തില്‍ വൃക്ഷത്തൈകള്‍ നടാന്‍ പ്രധാന നിരത്തുകളുടെ വശങ്ങള്‍ തന്നെയാണല്ലോ നമ്മള്‍ ആശ്രയിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഇതുവരെ നാം എടുത്തിട്ടുള്ള വെള്ളം, വെളിച്ചം ഇവയൊക്കെ നോക്കുകയാണെങ്കില്‍ വാസ്തവത്തില്‍ നമ്മളുടെ മക്കളുടെ ക്വാട്ടയില്‍ നിന്നാണു നമ്മള്‍ എടുക്കുന്നത് എന്ന് ഈയിടെ ഒരു പരിപാടിയില്‍ ഒരു പ്രഭാഷകന്‍ സൂചിപ്പിച്ചിരുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ മനുഷ്യന്‍ കുറച്ചു കൂടെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.
വരാനിരിക്കുന്ന തലമുറകളുടെ ഭൗതികസ്വത്തായ നീര്‍ച്ചാലുകളും വയലുകളും കുന്നുകളും കണ്ടല്‍ക്കാടുകളും ഇപ്പോഴേ മനസ്സിന്റെ കാഴ്ചയില്‍ നിന്ന് മറഞ്ഞുകൊണ്ടിരിക്കുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്തിയിരുന്ന പരിസ്ഥിതിസ്‌നേഹികളാകട്ടെ, തങ്ങളുടെ ഭരണവര്‍ഗത്തിന്റെ കുടചൂടാനിരുന്നതുകൊണ്ടു കണ്ണും കാതും വായയും സ്വയം മൂടികെട്ടിയതു കൊണ്ട് ഇഴഞ്ഞു നീങ്ങിയത് ശതവര്‍ഷങ്ങളാണ്. പൊതുസ്വത്ത് ആരുടെയും സ്വത്തല്ല എന്ന അവസ്ഥ സംജാതമാകാന്‍ അനുവദിക്കരുത്. പൊതുസമൂഹത്തിനു കൂട്ടായി അവകാശപ്പെട്ടതാണ് നമ്മുടെ നാട്ടിലെ പുഴയും വനവും കുന്നും വയലും. അത് മനസ്സിലാക്കിയും അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടും പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കാന്‍ എല്ലാവരും തയ്യാറാകേണ്ടതാണ്.
ആഗോളതാപനം ഏറ്റവും അധികം ദുരന്തം വിതക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കും എന്ന പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. 2100 ആകുമ്പോഴേക്കും താപനില 4.8 ഡിഗ്രി സെല്‍ഷ്യസ് കൂടും. ജനസംഖ്യാ വിസ്‌ഫോടനവും നഗരവത്കരണവും വികസനത്തിനുവേണ്ടിയുള്ള വര്‍ധിച്ച ആവശ്യങ്ങളും പരിസ്ഥിതിക്കുമേല്‍ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. ഇതിനോടുള്ള പ്രതികരണമെന്നോണം പ്രകൃതിക്ഷോഭങ്ങളും രൂക്ഷമായി വരുന്നു. നഗരഹൃദയങ്ങളില്‍ പോലും ഉണ്ടാകുന്ന വെള്ളപ്പൊക്കം, കുടിവെള്ളക്ഷാമം, വരണ്ടുണങ്ങിയ പുഴകള്‍ ഇവയെല്ലാം സര്‍വ്വസാധാരണമായി കഴിഞ്ഞിരിക്കുന്നു.
പരിസ്ഥിതിയെ പരിഗണിച്ചുകൊണ്ടുള്ള വികസന കാഴ്ചപ്പാടുകളിലേക്ക് നാം മാറേണ്ടതുണ്ട് എന്ന സന്ദേശമാണ് പരിസ്ഥിതിദിനം നമുക്ക് നല്‍കുന്നത്.