ലോകത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ മതങ്ങളും ലോകാവസാനത്തെക്കുറിച്ച് പ്രവചിക്കുന്നതായി കാണുന്നു. സൃഷ്ടിസ്ഥിതിസംഹാര കാരകനായ ദൈവത്തിന്റെ തന്നെ പദ്ധതിയില്‍ ലോകത്തിന് അനിവാര്യമായ ഒരു സമാപ്തിയെക്കുറിച്ചായിരിക്കാം മതങ്ങള്‍ പറയുന്നത്. എന്നാല്‍ ഭൂമിയിലെ ജൈവലോകം മനുഷ്യനിര്‍മ്മിതമായ പാരിസ്ഥിതിക ദുരന്തങ്ങളാല്‍ ഒടുങ്ങാനുള്ള സാധ്യതയാണ് ശാസ്ത്രലോകം കാണുന്നത്. അതുകൊണ്ടാണ് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാനും മനുഷ്യനെ പാരിസ്ഥിതിക പ്രതിസന്ധികളെക്കുറിച്ച് അവബോധമുള്ളവനാക്കാനും ശാസ്ത്ര സമൂഹം ശ്രമിക്കുന്നത്. എന്നാല്‍ പരിസ്ഥിതി ദിനാചരണങ്ങള്‍ കൊണ്ട് മാത്രം പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഭൂമിയും അതിന്റെ ആവാസവ്യവസ്ഥയും നേരിടുന്നത്. ഭൂമണ്ഡലത്തില്‍ മനുഷ്യനൊഴികെ മറ്റൊരു ജീവിയും പരിസ്ഥിതിയ്ക്ക് ഹാനികരമായി ഒന്നും ചെയ്യുന്നില്ലെന്ന് കാണാന്‍ കഴിയും. മനുഷ്യന്‍ തന്റെ ബുദ്ധിശക്തിയാല്‍ പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്ന നാഗരിക സൃഷ്ടികള്‍ പരിസ്ഥിതിസമതുലനത്തിന്റെ മര്യാദകളെ ലംഘിക്കുന്നിടത്താണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഉപഭോഗാസക്തി വര്‍ദ്ധിക്കുന്നതനുസരിച്ച് ഉത്പാദനം കൂട്ടുക എന്ന വൈയവസായിക നാഗരികതയുടെ ബുദ്ധിയാണ് ഭൂമിയിലെ അസംസ്‌കൃത വസ്തുക്കളെ തത്ത്വദീക്ഷയില്ലാതെ ചൂഷണം ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. വൈയവസായിക നാഗരികതയുടെ ഉപോത്പന്നമായ രാസമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് ഭൂമി നിറയുമ്പോള്‍ ജൈവലോകം ഊര്‍ദ്ധന്‍ വലിക്കുന്നത് കാണാതിരുന്നുകൂടാ.
ഇന്ന് ഭൂമിയിലെ 41415 തരം ജീവജാലങ്ങള്‍ കടുത്ത വംശനാശ ഭീഷണിയിലാണ്. ഭൂമിയിലെ ജൈവ ശൃംഖലയിലെ ഒരു കണ്ണിയുടെ തിരോധാനം പോലും ആവാസവ്യവസ്ഥയ്ക്ക് ഏല്‍പ്പിക്കുന്ന ആഘാതം അളക്കാനാവാത്തതായിരിക്കും. ജൈവ വൈവിദ്ധ്യത്തിന്റെ ഏറ്റവും വലിയ കലവറയായ വനങ്ങളെ തന്നെയാണ് വികസനത്തിന്റെ പേരില്‍ മനുഷ്യന്‍ മുച്ചൂടും മുടിക്കുന്നത്. ഓരോ മിനിറ്റിലും ഭൂഗോളത്തിലെ 56 ഏക്കര്‍ വനം മനുഷ്യന്‍ ഏതെങ്കിലും പ്രകാരത്തില്‍ നശിപ്പിക്കുന്നുണ്ടെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. കടല്‍ കഴിഞ്ഞാല്‍ ഭൂമിക്ക് പ്രാണവായു പ്രദാനം ചെയ്യുന്ന ഏറ്റവും വലിയ സ്രോതസ്സിനെയാണ് നാം നശിപ്പിക്കുന്നത് എന്നിടത്താണ് കാര്യത്തിന്റെ ഗൗരവം കിടക്കുന്നത്. മണ്ണിനെയും ജലത്തേയും നശിപ്പിക്കുന്നതില്‍ പ്ലാസ്റ്റിക്ക് വഹിക്കുന്ന പങ്കും കുറച്ചു കാണാനാവില്ല. ഭൂമിയില്‍ മനുഷ്യനുണ്ടാക്കുന്ന മാലിന്യങ്ങളില്‍ പത്തുശതമാനത്തിനു മേലെ വരുന്നത് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്. ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ കടലിന്റെ പങ്ക് ഏറെ വലുതാണ്. എന്നാല്‍ ഇന്ന് കടല്‍ പ്ലാസ്റ്റിക്, രാസമാലിന്യങ്ങളുടെ അഴുക്ക് വെള്ള സംഭരണിയായി മാറിയിരിക്കുന്നു. പ്രതിവര്‍ഷം 1.3 കോടി ടണ്‍ പ്ലാസ്റ്റിക്കാണ് കടലില്‍ ചെന്നു ചേരുന്നത്.
ആഗോള സാഹചര്യത്തെക്കാള്‍ ഒട്ടും മെച്ചപ്പെട്ടതല്ല കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളും. മെച്ചപ്പെട്ടതല്ല എന്നതിനേക്കാള്‍ കൂടുതല്‍ അപകടകരമാണ് കേരളത്തിന്റെ സ്ഥിതി എന്നു പറയുന്നതാവും കൂടുതല്‍ ശരി. ജനസാന്ദ്രത കൂടിയ കേരളം ഏതാണ്ട് സമ്പൂര്‍ണ്ണമായും നഗരവത്ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ലോകത്തെല്ലായിടത്തും നഗരങ്ങള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി മാലിന്യ സംസ്‌ക്കരണമാണ്. കേരളവും ഇതില്‍ നിന്നും ഒട്ടും ഭിന്നമല്ല. ലോകം മാലിന്യ സംസ്‌ക്കരണത്തിന് ശാസ്ത്രീയമായ വഴികള്‍ തേടുമ്പോള്‍ സാക്ഷര കേരളം മാലിന്യം തെരുവില്‍ തള്ളുന്ന പ്രാകൃത ശൈലിയില്‍ ഇപ്പോഴും തുടരുകയാണ്. കേരളം ഒരു ദിവസം പുറന്തള്ളുന്നത് ഏതാണ്ട് പതിനായിരം ടണ്‍ മാലിന്യമാണ്. ഇതില്‍ കഷ്ടിച്ച് അയ്യായിരം ടണ്‍ മാത്രമാണ് വിധിയാംവണ്ണം സംസ്‌ക്കരിക്കപ്പെടുന്നത്. ബാക്കി മാലിന്യങ്ങള്‍ പകര്‍ച്ചവ്യാധികളുടെ പ്രജനന കേന്ദ്രമായി തെരുവില്‍ ചീഞ്ഞുനാറുന്ന അവസ്ഥയാണുള്ളത്.
ആഗോള താപനം ഭൂമിയില്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ കുറയ്ക്കാന്‍ ലോക രാഷ്ട്രങ്ങള്‍ ശാസ്ത്രീയ പ്രതിവിധികള്‍ തേടുമ്പോള്‍ കേരളം ഇരുട്ടില്‍ തപ്പുന്ന കാഴ്ചയാണ് ഇന്നുള്ളത്. ആഗോള താപനത്തെ പ്രതിരോധിക്കാന്‍ വികസിത രാഷ്ട്രങ്ങള്‍ നഗരവനങ്ങള്‍ വരെ വച്ചുപിടിപ്പിക്കുമ്പോള്‍ മലയാളി വികസനത്തിന്റെ പേരുപറഞ്ഞ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാതയോര മരങ്ങളെ വരെ നിര്‍ദാക്ഷിണ്യം വെട്ടിമുറിക്കുകയാണ്. ഇതു കൂടാതെ കേരളത്തിലെ വനങ്ങള്‍ പ്രതിവര്‍ഷം മൂവായിരം ഹെക്ടര്‍ എന്ന തോതില്‍ കാട്ടുതീയില്‍ നശിപ്പിക്കപ്പെടുന്നു. ഇതില്‍ നല്ലൊരുപങ്കും വനം കൈയേറ്റ മത-മാഫിയകള്‍ ഉണ്ടാക്കുന്ന കാട്ടുതീയാണ്. ആഗോള താപനത്തിനെതിരെയുള്ള പ്രധാന പ്രതിവിധി കാടും മരങ്ങളും പരിപാലിക്കുക എന്നതാണ്. നിര്‍ഭാഗ്യവശാല്‍ പട്ടയദാന മത-രാഷ്ട്രീയം വരാന്‍ പോകുന്ന ദുരന്തങ്ങളെ വോട്ട് രാഷ്ട്രീയം കൊണ്ട് മറച്ചു പിടിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. പരിസ്ഥിതി ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത് വരുന്ന നൂറ് വര്‍ഷത്തിനിടയില്‍ ഉണ്ടാകാന്‍ പോകുന്ന കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ അന്തരീക്ഷ താപനില 4.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ത്തുമെന്നാണ്. ആഗോള താപനത്തിന്റെ ഭാഗമായി ഈ നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കടല്‍നിരപ്പ് അമ്പത് സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. ഇങ്ങനെ വന്നാല്‍ കടല്‍നിരപ്പിനും താഴെ സ്ഥിതി ചെയ്യുന്ന കുട്ടനാടിന്റെയും കടല്‍നിരപ്പിനോട് ചേര്‍ന്നു കിടക്കുന്ന ആലപ്പുഴ എറണാകുളം നഗരങ്ങളുടെയും അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കടലില്‍ നിന്നും വീണ്ടെടുത്തു എന്ന് ഐതിഹ്യ പ്രസിദ്ധമായ കേരളത്തെ കടല്‍ തിരിച്ചു ചോദിച്ച് തുടങ്ങിയ വിവരം മലയാളികള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കടലാക്രമണം മൂലം കേരളത്തിന്റെ തീരത്തു നിന്നും നഷ്ടമായത് 493 ഹെക്ടര്‍ ഭൂമിയാണ്. മനോഹരവും വിശാലവുമായ ശംഖുമുഖം തീരം കടല്‍ കയ്യേറിയിട്ട് അധികം കാലമായിട്ടില്ല. കേരളത്തിന്റെ 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരത്തില്‍ 215.5 കിലോമീറ്ററും രൂക്ഷമായ കടലാക്രമണ സാധ്യത കൂടിയ മേഖലയാണെന്ന് മനസ്സിലാക്കി കൊണ്ടാവണം ഭാവി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍.
അനാവൃഷ്ടിയും അതിവൃഷ്ടിയും ഇന്ന് കേരളത്തിന്റെ കാലാവസ്ഥയുടെ ഭാഗമായിരിക്കുന്നു. താളം തെറ്റിയ മഴക്കാലം മേഘ സ്‌ഫോടനങ്ങളും ഉരുള്‍പൊട്ടലുമായി കേരളത്തിന്റെ മേല്‍ ദുരന്ത പെയ്ത്താകുവാന്‍ പോകുകയാണ്. നാളിതുവരെ കേരളത്തിന്റെ കാലാവസ്ഥയെ നിയന്ത്രിച്ചു പോന്നിരുന്ന പടിഞ്ഞാറന്‍ കടല്‍ തീരവും കിഴക്കന്‍ മലയോരവും മലയാളിയുടെ ആര്‍ത്തിപൂണ്ട കൈയേറ്റങ്ങളില്‍ തകര്‍ന്നു കഴിഞ്ഞിരിക്കുന്നു. 5924 കരിങ്കല്‍ ക്വാറികളിലൂടെ പശ്ചിമഘട്ടത്തെ തകര്‍ത്തു മുന്നേറുമ്പോള്‍ മലയാളി കെട്ടി ഉയര്‍ത്തുന്നത് അവന്റെ തന്നെ കുഴിമാടങ്ങളാണെന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ നല്ലത്. തീരപരിപാലന നിയമങ്ങളെ കാറ്റില്‍ പറത്തി ഉണ്ടാക്കുന്ന നിര്‍മ്മിതികളെ നക്കിത്തുടക്കുന്ന രാക്ഷസ തിരമാലകളെ ഗര്‍ഭത്തിലൊളിപ്പിച്ച് ഒരു ഭ്രാന്തിയെ പോലെ കടല്‍കയറി വരാനും അധികം കാലതാമസമുണ്ടാവില്ല. കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്ന വികസന നയം അവലംബിക്കാന്‍ ഭരണകൂടങ്ങള്‍ വൈകുംതോറും പ്രകൃതിദുരന്തത്തിന്റെ മുനമ്പിലേക്കുള്ള കേരളത്തിന്റെ യാത്രാവേഗം കൂടിക്കൊണ്ടിരിക്കും.