ദേശീയതയുടെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ ശക്തികളിലേക്ക് ജനാധിപത്യ ഭാരതം അധികാരം കൈമാറിയത് തത്പര കക്ഷികളുടെ ഉറക്കംകെടുത്തി. മൂക്കുമുറിച്ചും ശകുനം മുടക്കണം എന്നവര്‍ നിശ്ചയിച്ചുറച്ചു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയവും ആശങ്കയും വളര്‍ത്തുകയായി അവരുടെ ഭരണതന്ത്രം. പക്ഷേ അവരുടെ ദുഷ്പ്രചരണങ്ങളുടെ പുകമറയ്ക്ക് അധികം ആയുസ്സുണ്ടായില്ല. ന്യൂനപക്ഷ ജനസമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങള്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം അവസരങ്ങള്‍ ലഭ്യമാക്കുന്നതും അവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതുമായിരുന്നു നരേന്ദ്രമോദി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ എന്നത് നിഷ്പക്ഷ നിരീക്ഷകര്‍ക്ക് സ്വാഭാവികമായും കണ്ടെത്താന്‍ കഴിഞ്ഞു.
ന്യൂനപക്ഷത്തിലെ ഭൂരിപക്ഷവും ഭൂരിപക്ഷത്തിലെ ഭൂരിപക്ഷവും ചേരുന്നതാണ് അടിസ്ഥാന ജനവിഭാഗം. അവരുടെ പൊതുവായ ജീവല്‍ പ്രശ്‌നങ്ങളാണ്, പട്ടിണിയും നിരക്ഷരതയും ആരോഗ്യകരമായ ജീവിത സാഹചര്യത്തിന്റെ അഭാവവും. അവരില്‍ ബഹുഭൂരിപക്ഷത്തിനും താമസിക്കാന്‍ വീടില്ല, അവരുടെയിടങ്ങളില്‍ വൈദ്യുതിയില്ല, പാചകവാതകമില്ല, ശൗചാലയങ്ങളില്ല, സഞ്ചരിക്കുവാന്‍ വഴിയില്ല. നാളിതുവരെ അവരെ ഭരിച്ചിരുന്ന ഭരണാധികാരികള്‍ക്ക് അതിനെ കുറിച്ചൊന്നും ചിന്തിക്കുവാന്‍ താത്പര്യമില്ലായിരുന്നു. പക്ഷേ അതേ ഭരണാധികാരികള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ആ വലിയ ജനാധിപത്യ വിഭാഗം ഒന്നിച്ചു നിന്ന് ആവശ്യങ്ങള്‍ ചോദിക്കുന്ന അവസ്ഥയെ ഭയപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ഭിന്നിപ്പിക്കുവാനുള്ള എല്ലാവഴിയും ഉപയോഗിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. ബ്രിട്ടീഷുകാര്‍ കൗശലപൂര്‍വ്വം തുടര്‍ന്നു പോന്ന ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങളെ ഭിന്നിപ്പിക്കുന്ന മാര്‍ഗ്ഗം തന്നെയാണ് ജവഹര്‍ലാല്‍ നെഹ്രു മുതലുള്ള ഭരണാധികാരികള്‍ പുതിയ തന്ത്രങ്ങളുമായി അനുവര്‍ത്തിച്ചു പോന്നത്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി സംഘടിത ന്യൂനപക്ഷത്തെ പ്രീണിപ്പിച്ചും അസംഘടിത ഭൂരിപക്ഷത്തെ പാര്‍ശ്വവത്കരിച്ചും അവര്‍ സ്വന്തം അജണ്ട നടപ്പിലാക്കി. ജനാധിപത്യ സംവിധാനത്തെ കുടുംബവാഴ്ചയുള്‍പ്പടെയൂള്ള സ്ഥാപിത താത്പര്യങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി കൈപ്പിടിയിലൊതുക്കുകയായിരുന്നു അവരുടെ രാഷ്ട്രീയ ഭരണതന്ത്രത്തിന്റെ മര്‍മ്മം.
മോദി സര്‍ക്കാരിനുകീഴില്‍ ഭരണകൂടത്തിന്റെ സമീപന രീതികളില്‍ ഗുണപരമായ പരിവര്‍ത്തനം പ്രായോഗികമായതോടെ ന്യൂനപക്ഷങ്ങള്‍ക്ക് രണ്ടു തരത്തിലാണ് നേട്ടങ്ങളുണ്ടായത്. ഒന്നാമത് അടിസ്ഥാന ജനസമൂഹത്തിനെ മൊത്തത്തില്‍ ലക്ഷ്യമാക്കി നടപ്പില്‍ വരുത്തിയ പദ്ധതികളില്‍ നിന്നും സ്വാഭാവികമായും ഉണ്ടായ നേട്ടം. രണ്ടാമത് ന്യൂനപക്ഷത്തിനുവേണ്ടി സവിശേഷമായി ഉള്ള പദ്ധതികളുടെ കാര്യക്ഷമമായ നിര്‍വ്വഹണത്തിലൂടെ ലഭിച്ച നേട്ടം.
‘സ്വച്ഛഭാരത്’, ‘എല്ലാവര്‍ക്കും വീട്’, ‘എല്ലാ വീടുകള്‍ക്കും ശൗചാലയം’, ‘എല്ലായിടങ്ങളിലും വൈദ്യുതി’, ‘എല്ലാ വീട്ടമ്മമാര്‍ക്കും പാചക വാതകം’, തുടങ്ങിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതും യുദ്ധകാലപരിസ്ഥിതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതും അടിസ്ഥാനജനസമൂഹത്തിലേക്ക് വികസനത്തിന്റെ അര്‍ഹിക്കുന്ന വിഹിതം എത്തിക്കുന്ന തലത്തിലേക്ക് കാര്യങ്ങളെ മാറ്റിമറിച്ചു.
ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ ഇല്ലാത്തവനിലേക്കും ബാങ്ക് അക്കൗണ്ടുകളെത്തിച്ചത് ചരിത്രം തിരുത്തിയ മറ്റൊരു ചുവടുവെപ്പായി. തൊട്ടുപിന്നാലെ സബ്‌സിഡികളും സഹായങ്ങളും ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുന്ന രീതിയും വ്യാപകമായി നടപ്പിലാക്കി. അടിസ്ഥാന ജനങ്ങളുടെ ജീവിതമാര്‍ഗ്ഗമായ കാര്‍ഷിക മേഖലയില്‍ വാര്‍ഷിക ധനസഹായമുള്‍പ്പെടെയുള്ള പദ്ധതികളും നടപ്പിലായി. വാഴയ്ക്ക് വെള്ളമൊഴിക്കുമ്പോള്‍ ചീരയും നനയുന്നെങ്കില്‍ നനയട്ടെ എന്ന തരത്തില്‍ വികസനവും വീതംവെക്കലും ഉപരിവിഭാഗത്തിലേക്ക് പരിമിതപ്പെടുത്തിയിട്ട് അവര്‍ വലിച്ചെറിഞ്ഞെങ്കില്‍ കിട്ടുന്ന ഔദാര്യം കൊണ്ട് അടിസ്ഥാന ജനവിഭാഗം ചാകാതെ കിടക്കട്ടെ എന്ന ഭരണകൂടസമീപനത്തിനാണ് മോദി തിരുത്തല്‍ വരുത്തിയത്. ചീരയ്ക്ക് വെള്ളമൊഴിക്കയും ഒപ്പം തന്നെ വാഴ ഉണങ്ങാതെ വളരുവാനുള്ള സാഹചര്യം സൃഷ്ടിക്കുവാന്‍ ഉതകുന്നതുമായി മോദി മുന്നോട്ടു കൊണ്ടുവന്ന രാഷ്ട്രീയ വികസന ബദല്‍. ന്യൂനപക്ഷ-ഭൂരിപക്ഷ വേര്‍തിരിവില്ലാതെ സമാജത്തിനു മൊത്തം ഫലം എത്തിച്ചുകൊണ്ടുള്ള വ്യത്യസ്ത സമീപനത്തിനാണങ്ങനെ തുടക്കം കുറിച്ചത്.
പൊതുവികസനത്തിന്റെ ഭാഗമായി പുതുജീവിതം സുസാദ്ധ്യമായപ്പോള്‍ തന്നെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രത്യേക പ്രശ്‌നങ്ങളോടും സകാരാത്മകമായ സമീപനമാണ് മോദിഭരണകൂടം സ്വീകരിച്ചത്. ഹജ്ജ് സബ്‌സിഡിയെന്ന വിവാദവിഷയം കൈകാര്യം ചെയ്ത രീതി തന്നെ നോക്കാം. ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളുടെ ആത്മാവ് കണ്ടെത്തിയ ആ സമുദായത്തിന്റെ തന്നെ ആദരണീയ പണ്ഡിതര്‍ സബ്‌സിഡി സ്വീകരിച്ച് ഹജ്ജിനു പോകുന്നത് അനിസ്ലാമികമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. കടവും കടപ്പാടും തീര്‍ത്തിട്ടു പോകേണ്ട ചടങ്ങാണ് ഹജ്ജ് എന്നതു കൊണ്ട് ആരുടെയെങ്കിലും (അത് സര്‍ക്കാരിന്റെ ആയാലും) സഹായം സ്വീകരിച്ച് ആ കര്‍മ്മം ചെയ്യുന്നത് അനിസ്ലാമികമാണെന്ന ശക്തമായ നിലപാടുതറയിലാണ് അവര്‍ ഉറച്ചു നിന്നത്. ഈ വിഷയം പരിഗണിച്ച സുപ്രീം കോടതി സബ്‌സിഡി നിര്‍ത്തലാക്കുവാന്‍ വിധിയും പുറപ്പെടുവിച്ചു. അത് നടപ്പിലാക്കേണ്ട ചുമതല സ്വാഭാവികമായും ഭരണകൂടത്തിന്റെ ചുമലിലുമായി. മുസ്ലിം വോട്ടില്‍ കണ്ണുവെച്ച യു.പി.എ. സര്‍ക്കാര്‍ മടിച്ചുനിന്നു. മോദിസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാതൃകകാട്ടി. സബ്‌സിഡി നിര്‍ത്തലാക്കുമ്പോള്‍ അതിനായി നീക്കിവെച്ച തുക മുസ്ലീം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് മാറ്റിവെക്കുവാനുള്ള തീരുമാനമെടുത്തതാണ് ഭാരതം കണ്ട മറ്റു ഭരണാധികാരികളില്‍ നിന്ന് നരേന്ദ്രമോദിയെ വ്യത്യസ്തനാക്കുന്നത്.
മുത്തലാക്ക് വിഷയത്തിലും സുപ്രീം കോടതി നിര്‍ദ്ദേശങ്ങളും ഇസ്ലാമിക മതപണ്ഡിതന്മാരിലെ ഉത്പതിഷ്ണുക്കളുടെ അഭിപ്രായങ്ങളുമാണ് മോദിയിലെ സാമൂഹിക പരിഷ്‌കര്‍ത്താവ് സ്വീകരിച്ചത്. ലിംഗപരമായ വിവേചനത്തിന് വിധേയരായി ഇരുളടഞ്ഞ ജീവിതത്തിന് വിധിക്കപ്പെട്ട മുസ്ലീം സമൂഹത്തിലെ ഹതഭാഗ്യകള്‍ക്ക് പൊതുജീവിതം നല്‍കുന്നതായി മുത്തലാക്കിന്മേലുള്ള നിയമ നിര്‍മ്മാണം.
രാഷ്ട്രീയ താത്പര്യ സംരക്ഷണത്തിനു വേണ്ടി ന്യൂനപക്ഷത്തിലെ മതമൗലികവാദികളെ പ്രീണിപ്പിച്ചു നിര്‍ത്തുന്ന അപകടകരമായ പ്രവണതയാണ് നെഹ്രു മുതല്‍ തുടര്‍ന്നുപോന്നതെന്ന് ഓര്‍ത്തെടുക്കുമ്പോഴാണ് പുതിയ സമീപനത്തിന്റെ ഗുണപരമായ വ്യത്യാസം വ്യക്തമാകുന്നത്. 1986ല്‍ ഷാബാനു കേസിന്റെ വിധിയില്‍ മൊഴി ചൊല്ലപ്പെട്ട മുസ്ലീം സ്ത്രീകളുടെ ചിലവിനു നല്‍കുവാനുള്ള ബാധ്യത മുസ്ലീം പുരുഷന്മാരുടെ മേല്‍ നിക്ഷിപ്തമാക്കാനുള്ള സാധ്യത സുപ്രീംകോടതി തുറന്നു. സുപ്രീംകോടതിയുടെ ആ നീക്കത്തെ തകര്‍ത്തത് രാജീവ് ഗാന്ധി നടത്തിയ നിയമനിര്‍മാണമായിരുന്നു. ആ പിന്തിരിപ്പന്‍ നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രിസഭയില്‍ നിന്ന് സ്വയം പുറത്തു പോകാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറായി. രാജി പിന്‍വലിക്കുവാന്‍ വേണ്ടി രാജീവ് ഗാന്ധി നിയോഗിച്ച കോണ്‍ഗ്രസ് നേതാവ് തങ്ങളുടെ ഭാഗം ആരിഫ് മുഹമ്മദ് ഖാനോട് ന്യായീകരിച്ചതിങ്ങനെയാണ്: ‘കോണ്‍ഗ്രസ് ഒരു സമാജപരിഷ്‌കരണ പ്രസ്ഥാനമല്ല, നമുക്ക് രാഷ്ട്രീയ നിലനില്‍പ്പ് ഉറപ്പാക്കണം, തിരഞ്ഞെടുപ്പുകളെ നേരിടണം, അഴുക്കുചാലില്‍ കിടക്കുന്നതില്‍ തൃപ്തിയുള്ളവര്‍ അവിടെ കിടക്കട്ടെ!’ ചുരുക്കത്തില്‍ മുസ്ലീം സമാജത്തിന്റെ നവീകരണത്തിലല്ല, തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളിലാണ് കോണ്‍ഗ്രസ് രാഷ്ട്രീയം എന്നും താത്പര്യം കാണിച്ചിട്ടുള്ളതെന്നാണ് ഇതിലൂടെ സ്പഷ്ടമാകുന്നത്. അങ്ങനെയുള്ള മുന്‍ ഭരണകൂടസമീപനങ്ങളുടെ പശ്ചാത്തലത്തില്‍ പഠിക്കുമ്പോഴാണ് രാഷ്ട്രീയനേട്ടങ്ങള്‍ക്കപ്പുറം സമാജത്തിന്റെ ക്ഷേമത്തെ ലക്ഷ്യമാക്കി മാറിയ ഭരണകൂടം എടുക്കുന്ന വിപ്ലവകരമായ നടപടികളുടെ മാറ്റ് വെളിപ്പെടുന്നത്.
മദ്രസാ വിദ്യാഭ്യാസ സമ്പ്രദായത്തെ സാധാരണ വിദ്യാഭ്യാസത്തോടൊപ്പമെത്തിക്കാന്‍ അവിടെ കണക്കും ശാസ്ത്രവും ചരിത്രവും ഇംഗ്ലീഷും കമ്പ്യൂട്ടര്‍ സയന്‍സും എല്ലാം പഠിക്കാന്‍ അവസരമൊരുക്കുന്നു. മദ്രസകളിലെ അദ്ധ്യാപകര്‍ക്ക് അക്കാദമിക മികവുറപ്പാക്കുന്ന പുതിയ പരിശീലനം നല്‍കുന്നു. ഇടയ്ക്ക് പഠിത്തം മുടക്കി സ്‌കൂള്‍ വിടുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിന് അവസരങ്ങളൊരുക്കുന്നു.
അഞ്ചു കോടി ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഒപ്പം തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. മുസ്ലീം കുട്ടികളുടെ ഒരു കയ്യില്‍ ഖുറാനും മറുകയ്യില്‍ കമ്പ്യൂട്ടറും ഉണ്ടാകുന്ന അവസ്ഥയാണ് നരേന്ദ്രമോദിയുടെ ലക്ഷ്യമെന്ന് അദ്ദേഹം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.
പ്രഖ്യാപിക്കപ്പെട്ട സ്‌കോളര്‍ഷിപ്പുകളില്‍ 50 ശതമാനം പെണ്‍കുട്ടികള്‍ക്കുവേണ്ടി മാറ്റിവെക്കുമെന്ന് എടുത്തു പറഞ്ഞതോടെ ലിംഗ വിവേചനത്തിനെതിരേയുള്ള സകാരാത്മക ഇടപെടലും ഉണ്ടാകുമെന്ന ശുഭോദര്‍ക്കമായ സൂചനയും നല്‍കുന്നു. ബേട്ടീ ബചാവോ ബേട്ടീ പഠാവോ (പെണ്‍കുട്ടിയെ രക്ഷിക്കൂ; പെണ്‍കുട്ടിയെ പഠിപ്പിക്കൂ) എന്ന ഒന്നാം മോദി സര്‍ക്കാരിന്റെ മൊത്തം ഭാരതീയരോടുള്ള ആഹ്വാനത്തിന്റെ സക്രിയമായ തുടര്‍ ഇടപെടലാണിവിടെ കാണുന്നത്.
ഭാരതസര്‍ക്കാറിന്റെ ന്യൂനപക്ഷ മന്ത്രാലയം നേരിട്ട് നടപ്പില്‍ വരുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വിവിധ പരിപാടികള്‍ കൂടി പരിഗണിക്കുമ്പോഴാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ ജനവിഭാഗങ്ങളോടുള്ള സമീപനങ്ങളിലെ സകാരാത്മകത പ്രകടമാകുന്നത്. വിദ്യാഭ്യാസ ശാക്തീകരണത്തില്‍ മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പടക്കമുള്ള വിവിധ സ്‌കോളര്‍ഷിപ്പുകളും പഠോ പര്‍ദേശ് (വിദേശത്തു പഠിക്കൂ), നയാ സവേരാ(പുതിയ പ്രഭാതം), നയി ഉഡാന്‍(പുതിയ ഉയരല്‍), തുടങ്ങിയ പദ്ധതികളും നിര്‍ണ്ണായക സംഭാവന നല്‍കുന്നു. സാമ്പത്തിക വികസനത്തിനുതകുംവിധം നൈപുണ്യ വികസനത്തിനുള്ള വിവിധ പദ്ധതികളും കുറഞ്ഞ നിരക്കില്‍ മുതല്‍മുടക്കിനു പണം ലഭ്യമാക്കാനുള്ള പദ്ധതികളും മറ്റും ന്യൂനപക്ഷ നമൂഹത്തിലെ ഇല്ലാത്തവരുടെ ക്ഷേമം ഉറപ്പാക്കുവാന്‍ നടപ്പിലാക്കുന്നു. പ്രധാനമന്ത്രിയുടെ പുതിയ പതിനഞ്ചിന പരിപാടികളും ന്യൂനപക്ഷത്തോടുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധത പ്രകടമാക്കുന്നു.
രണ്ടാമതും പ്രധാനമന്ത്രി പദത്തിലേക്കുള്ള ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിയോഗം ലഭിച്ചതിനുശേഷം പാര്‍ലമെന്റ് സെന്റര്‍ ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ മോദി നടത്തിയ ഏറ്റവും പ്രധാന പ്രഖ്യാപനം തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ അദ്ദേഹം ഭാരതത്തിലെ മൊത്തം ജനങ്ങളുടെയും പ്രതിനിധിയായി പുന:പ്രതിജ്ഞ ചെയ്യുന്നുവെന്നുള്ളതായിരുന്നു. അതിന്റെ ഭാഗമായി അവിടെവെച്ചുതന്നെ എല്ലാവരോടുമൊപ്പം; എല്ലാവരുടെയും വികസനം (സബ് കാ സാഥ്; സബ് കാ വികാസ്) എന്ന മോദി ഭരണകൂടത്തിന്റെ മുദ്രാവാക്യത്തോടൊപ്പം എല്ലാവരുടെയും വിശ്വാസവും (സബ് കാ വിശ്വാസ്) കൂട്ടിച്ചേര്‍ത്തു. ആ വാക്കുകള്‍ പ്രവൃത്തികളായി മാറ്റാന്‍ നിശ്ചയിച്ചുറച്ച ഭരണാധികാരിയുടെ ദൃഢചുവടുവെപ്പുകള്‍ക്കാണ് ഭാരതം ദിവസങ്ങള്‍ക്കുള്ളില്‍ സാക്ഷ്യം വഹിക്കുന്നത്.
(ലേഖകന്‍ ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്. അഭിപ്രായങ്ങള്‍ വ്യക്തിപരം)