ദല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലേക്കോ ഹാത്രാസിലേക്കോ മുസാഫര്‍നഗറിലേക്കോ എത്തുന്നതിനേക്കാള്‍ വേഗത്തിലെത്താന്‍ സാധിക്കുന്ന സ്ഥലമാണ് രാജസ്ഥാനിലെ ആള്‍വാര്‍. റോഡ് വികസനത്തിന്റെ പേരില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മൂന്നു ക്ഷേത്രങ്ങളും 86 വീടുകളും തകര്‍ത്ത ആള്‍വാറിലെ രാജ്ഘട്ടിലേക്ക് ദല്‍ഹിയില്‍ നിന്ന് ഒരു മാധ്യമ വാഹനങ്ങളും പാഞ്ഞെത്തിയില്ല. ആരും വിഷയത്തെ ദേശീയതലത്തിലുള്ള ചര്‍ച്ചയുമാക്കിയില്ല. വടക്കന്‍ ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ അനധികൃത കയ്യേറ്റങ്ങളൊഴിപ്പിക്കുന്നതിനിടെ മുസ്ലിം പള്ളി പൊളിക്കാന്‍ ശ്രമിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ ഒന്നുംതന്നെ ജഹാംഗീര്‍പുരിയിലെ ക്ഷേത്രത്തിന്റെ കയ്യേറ്റവും ഒഴിപ്പിച്ചു എന്ന വാര്‍ത്ത സംപ്രേഷണം ചെയ്തില്ല. ഒഴിപ്പിച്ച കയ്യേറ്റങ്ങളില്‍ ഹിന്ദുക്കളുടേതും ഉണ്ടെന്ന വസ്തുതയും അവര്‍ മറച്ചുവെച്ചു. മധ്യപ്രദേശിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചപ്പോള്‍ അതില്‍ എണ്‍പതിലധികം ഹിന്ദുക്കളുടേയും വെറും മുപ്പതില്‍ താഴെ മാത്രമാണ് മുസ്ലിങ്ങളുടേതുമെന്ന് സോളിസിറ്റര്‍ ജനറലിന് സുപ്രീംകോടതിയില്‍ വിളിച്ചു പറയേണ്ടിവന്നത് ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ മതം കലര്‍ത്തുകയും മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട് മനപ്പൂര്‍വ്വം കള്ളം പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാല്‍ മാത്രമാണ്. മതവിദ്വേഷം മാത്രം ലക്ഷ്യമിട്ട് വാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ ന്യൂനപക്ഷങ്ങളുടേയും ഭൂരിപക്ഷങ്ങളുടേയും മനസ്സില്‍ ഭീതി സൃഷ്ടിക്കുകയും ഇരുവിഭാഗങ്ങള്‍ക്കുമിടയിലെ സാഹോദര്യം ഇല്ലാതാക്കുകയുമാണ്. ദല്‍ഹി പോലീസ് നടത്തിയ സമാധാന ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്താന്‍ കാരണം ആദ്യ രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളേയും പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങളെയും ജഹാംഗീര്‍പുരിയിലേക്ക് പ്രവേശിപ്പിക്കാന്‍ വിടാത്തതായിരുന്നു. ഈ നീക്കം ഫലം കണ്ടു. ഇരുവിഭാഗങ്ങളും ത്രിവര്‍ണ്ണ പതാകയും കൈകളിലേന്തി ശാന്തിയാത്ര നടത്തുന്ന മനോഹര ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം ജഹാംഗീര്‍പുരിയില്‍ നിന്ന് വന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ സംഘര്‍ഷങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളും രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും ഒരുപോലെ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാകുമ്പോള്‍ എത്ര വലിയ ഗൂഢാലോചനയാണ് അരങ്ങേറുന്നതെന്നത് ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു.
ജഹാംഗീര്‍പുരിയിലെ യാഥാര്‍ത്ഥ്യമെന്ത്?
ഏപ്രില്‍ 16ന് ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്ക് നേരെ ഒരു പ്രദേശത്ത് വെച്ച് രൂക്ഷമായ കല്ലേറുണ്ടായതാണ് പ്രശ്നങ്ങളുടെ തുടക്കം. ഘോഷയാത്രയില്‍ പങ്കെടുത്തവരുമായി ഒരുവിഭാഗം ജനങ്ങള്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടെങ്കിലും വളരെ വേഗത്തില്‍ തന്നെ പോലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കി. സംഘര്‍ഷത്തില്‍ 9 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 8 പേര്‍ ദല്‍ഹി പോലീസ് ഉദ്യോഗസ്ഥരാണ്. സംഘര്‍ഷങ്ങള്‍ ഫലപ്രദമായി പോലീസ് തടഞ്ഞു എന്നതിന്റെ ഉദാഹരണമാണിത്.
ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് നേര്‍ക്കുണ്ടായ കല്ലേറ് ആസൂത്രിതമായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബംഗാള്‍ സ്വദേശിയായ അന്‍സാര്‍ ഷെയ്ക്ക് എന്നയാളാണ് കല്ലേറിന് നേതൃത്വം വഹിച്ചത്. ജഹാംഗീര്‍പുരിയില്‍ ആക്രിക്കച്ചവടം നടത്തി കഴിഞ്ഞിരുന്ന ഇയാളുടെ കടയില്‍ നിന്നാണ് കുപ്പികളും കല്ലുകളും ഘോഷയാത്രയ്ക്ക് നേരെ എറിഞ്ഞത്. ഇയാളെ മുഖ്യപ്രതിയാക്കിയാണ് ദല്‍ഹി പോലീസ് കേസെടുത്തിരിക്കുന്നത്. വിദേശത്തുനിന്നടക്കം ഇയാള്‍ക്ക് ധനസഹായം എത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ അനുയായി ഗുലാം റസൂല്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. ജഹാംഗീര്‍പുരി സംഘര്‍ഷത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ ഫാരിദ് എന്നയാളെ ബംഗാളില്‍ നിന്ന് കഴിഞ്ഞ വ്യാഴാഴ്ച ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. കലാപത്തിന് ശേഷം ബംഗാളിലേക്ക് മുങ്ങിയ ഇയാളെ ദിവസങ്ങള്‍ പിന്നാലെ ഓടിയ ശേഷമാണ് പോലീസിന് ലഭിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ബാബുദ്ദീന്‍, ജാഫര്‍ എന്നീ പ്രതികളെയും പോലീസ് പിടികൂടി. സമീപത്തെ സിസിടിവിയില്‍ വാളുമായി പ്രദേശത്ത് കറങ്ങി നടക്കുകയും ആക്രമിക്കാന്‍ ആഹ്വാനം നല്‍കുകയും ചെയ്യുന്ന ജാഫറിന്റെയും ബാബുദ്ദീന്റെയും ദൃശ്യങ്ങള്‍ വ്യക്തമാണ്. ജഹാംഗീര്‍പുരി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ ഇരുവിഭാഗങ്ങളിലെയും ഇരുപത്തഞ്ചോളം പേരെയാണ് പിടികൂടിയത്. ഇതില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളാണ്. ഇവര്‍ ഘോഷയാത്രയ്ക്ക് നേര്‍ക്ക് കല്ലെറിയുന്ന ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നിരുന്നു. മുഹമ്മദ് അസ്ലം എന്നയാള്‍ തോക്കുപയോഗിച്ച് പോലീസിനെ വെടിവെയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വെടിവെയ്പ്പില്‍ ഒരു എസ്ഐക്ക്് പരിക്കേറ്റു.
ഇടുങ്ങിയ തെരുവുകളും അനധികൃത കയ്യേറ്റങ്ങള്‍ നിറഞ്ഞ റോഡുകളും ജഹാംഗീര്‍പുരിയിലെ കലാപകാരികള്‍ക്ക് സഹായകരമായെന്ന തിരിച്ചറിവിലാണ് കയ്യേറ്റങ്ങള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കാന്‍ ഏപ്രില്‍ 19ന് വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിക്കുന്നത്. ജനുവരിയില്‍ ആരംഭിച്ച ജഹാംഗീര്‍പുരി കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിയുടെ നാലാം ഘട്ടം മാത്രമായിരുന്നു അത്. ഫെബ്രുവരിയിലും മാര്‍ച്ചിലുമെല്ലാം ഇവിടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു. ജഹാംഗീര്‍പുരിയിലെ വര്‍ഗ്ഗീയ സംഘര്‍ഷം ആളിക്കത്താതെ പൊടുന്നനെ അവസാനിച്ചതില്‍ നിരാശരായ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കുമുള്ള ഏക പിടിവള്ളിയായി കയ്യേറ്റമൊഴിക്കല്‍ നടപടി. പൊടുന്നനെ രംഗത്തെത്തിയ അവര്‍ കയ്യേറ്റമൊഴിപ്പിക്കലിനെ മതവിഷയമാക്കി മാറ്റാന്‍ ശ്രമിച്ചു. മുസ്ലിംകളെ തെരഞ്ഞുപിടിച്ച് അവരുടെ വീടുകളും കടകളും ബിജെപി ഭരിക്കുന്ന മുനിസിപ്പാലിറ്റി തകര്‍ക്കുന്നുവെന്നായിരുന്നു പ്രചാരണം. മുസ്ലിം പള്ളി ജെസിബി വെച്ച് പൊളിക്കാന്‍ നോക്കുന്നുവെ ന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ജഹാംഗീര്‍പൂരിയില്‍ അനധികൃത കയ്യേറ്റങ്ങള്‍ നടത്തിയ മുഴുവന്‍ പേര്‍ക്കുമെതിരെയായിരുന്നു മുനിസിപ്പാലിറ്റിയുടെ നടപടി. നിരവധി ഹിന്ദുക്കളുടെ വീടുകളും കടകളും മുനിസിപ്പാലിറ്റി അധികൃതര്‍ പൊളിച്ചു നീക്കി. ജഹാംഗീര്‍പുരിയിലെ രാമക്ഷേത്രത്തിന് മുന്നിലേക്ക് കയറ്റി നിര്‍മ്മിച്ച ഭാഗങ്ങള്‍ ക്ഷേത്രം കമ്മറ്റിയും നീക്കം ചെയ്തു.
എന്നാല്‍ ഇതിനിടെയാണ് കലാപകാരികളുടെ പതിവ് വക്കാലത്ത് ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും ദുഷ്യന്ത് ദവെയും സുപ്രീംകോടതിയെ സമീപിക്കുന്നത്. എത്രയും വേഗം കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. മുസ്ലിംകളുടെ കടകളും വീടുകളും തെരഞ്ഞുപിടിച്ച് ജെസിബി ഉപയോഗിച്ച് തകര്‍ക്കുകയാണെന്നായിരുന്നു ഇരുവരുടേയും വാദം. കയ്യേറ്റമൊഴിപ്പിക്കല്‍ തല്‍ക്കാലത്തേക്ക് സുപ്രീംകോടതി തടഞ്ഞെങ്കിലും അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരായ നടപടികള്‍ തുടരാന്‍ തന്നെയാണ് വടക്കന്‍ ദല്‍ഹി കോര്‍പ്പറേഷന്റെ തീരുമാനം.
രാവിലെ മുതല്‍ തുടര്‍ന്ന കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അവസാനിപ്പിച്ചപ്പോഴാണ് സിപിഎം നേതാവ് ബൃന്ദാ കാരാട്ടും സംഘവും പ്രതിഷേധ നാടകവുമായി രംഗത്തെത്തിയത്. മലയാള മാധ്യമങ്ങളുമായി സ്ഥലത്തെത്തിയ ബൃന്ദ ജെസിബിക്ക് മുന്നില്‍ കയറിനിന്ന്് ചാനലുകള്‍ക്ക് വേണ്ടിയുള്ള അഭിനയം പൂര്‍ത്തിയാക്കി.
മധ്യപ്രദേശില്‍ രാമനവമി ഘോഷ യാത്രയ്ക്ക് നേരെ ആക്രമണം
മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രാമനവമി ഘോഷയാത്രയ്ക്ക് നേര്‍ക്കായിരുന്നു ആക്രമണം നടന്നത്. ഏപ്രില്‍ പത്തിന് നടന്ന ആക്രമണത്തില്‍ രാമനവമി ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഘോഷയാത്ര മുസ്ലിം ഭൂരിപക്ഷ മേഖലയായ താലാബി ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം ആരംഭിച്ചത്. സംഘര്‍ഷത്തില്‍ ഖാര്‍ഗോണ്‍ എസ്പി സിദ്ധാര്‍ത്ഥ് ചൗധരി അടക്കം 24 പേര്‍ക്കാണ് പരിക്കേറ്റത്. 77 കലാപകാരികളെ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടടുത്ത ദിവസം നഗരത്തില്‍ നടന്ന കയ്യേറ്റമൊഴിപ്പിക്കലിനെയും മതവല്‍ക്കരിക്കാന്‍ ശ്രമമുണ്ടായി. മുസ്ലിംകളുടെ കടകളും വീടുകളും തെരഞ്ഞുപിടിച്ച് തകര്‍ക്കുകയാണെന്നായിരുന്നു പ്രചാരണം. എന്നാല്‍ ദല്‍ഹിയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ കേസ് പരിഗണിക്കവേ മധ്യപ്രദേശിലെ സ്ഥിതിഗതികള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വിവരിച്ചു. മധ്യപ്രദേശില്‍ ഒഴിപ്പിച്ച അനധികൃത കയ്യേറ്റങ്ങളില്‍ 70 ലേറെ കയ്യേറ്റങ്ങളും ഹിന്ദുക്കളുടേതായിരുന്നുവെന്നും മുപ്പതില്‍ താഴെ കയ്യേറ്റങ്ങള്‍ മാത്രമാണ് മുസ്ലിംകളുടേത് ഒഴിപ്പിച്ചതെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ഇതോടെയാണ് നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന വിവരങ്ങള്‍ കോടതിക്കും ബോധ്യമായത്. കയ്യേറ്റമൊഴിപ്പിക്കലിനെതിരെ നിലപാട് സ്വീകരിക്കാന്‍ കോടതിക്കാവില്ലെന്ന് പരമോന്നത നീതിന്യായ സംവിധാനം ഇതിനകം തന്നെ ആവര്‍ത്തിച്ചു കഴിഞ്ഞിട്ടുണ്ട്.
ആള്‍വാറില്‍ തകര്‍ത്തെറിഞ്ഞത് 3 ക്ഷേത്രങ്ങളും 86 കടകളും
രാജസ്ഥാനിലെ ആള്‍വാറിലെ രാജ്ഗഡില്‍ റോഡ് വികസനത്തിന്റെ പേരില്‍ നടന്ന പൊളിക്കല്‍ നടപടി സമാനതകളില്ലാത്ത പ്രതിഷേധത്തിനാണ് വഴിവെച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാതെ സംസ്ഥാന ഭരണകൂടം പുരാതന ക്ഷേത്രങ്ങളടക്കം പൊളിച്ചെറിയുകയായിരുന്നു. മുന്നൂറ് വര്‍ഷം പഴക്കമുള്ള പുരാതന ശിവക്ഷേത്രം അടക്കം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊളിച്ചുനീക്കി. ദല്‍ഹിയില്‍ മുസ്ലിം പള്ളി ബിജെപി സര്‍ക്കാര്‍ പൊളിക്കാന്‍ ശ്രമിച്ചെന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ച പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും ആള്‍വാറില്‍ നടന്ന ക്ഷേത്രം തകര്‍ക്കലിനെപ്പറ്റി മൗനം പാലിക്കുകയാണ്. ക്ഷേത്രം പൊളിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ ജോഹാരിലാല്‍ മീണ അടക്കമുള്ളവര്‍ക്കെതിരെ പോലീസില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്ഷേത്രങ്ങള്‍ക്കൊപ്പം 86 കടകളും വീടുകളും സര്‍ക്കാര്‍ പൊളിച്ചു നീക്കിയിട്ടുണ്ട്. ഇതില്‍ 85 എണ്ണവും ഹിന്ദുക്കളുടേതാണ്. ക്ഷേത്രങ്ങള്‍ക്ക് സമീപത്തെ ഗോശാലകളും ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. സര്‍ക്കാരിന്റെ അറിവില്ലാതെയാണ് ക്ഷേത്രങ്ങള്‍ പൊളിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും വിശദീകരിക്കുന്നത്. എന്നാല്‍ ക്ഷേത്രങ്ങള്‍ തെരഞ്ഞെടുത്ത് പൊളിച്ചതിനെതിരെ ആള്‍വാറിലും രാജസ്ഥാനില്‍ മുഴുവനും പ്രതിഷേധം ശക്തമാവുകയാണ്. ആള്‍വാറില്‍ കഴിഞ്ഞ വ്യാഴാഴ്ച വലിയ പ്രതിഷേധ പരിപാടിയാണ് ഹിന്ദുസംഘടനകള്‍ നടത്തിയത്.
കോടതിയുടെ മുന്‍ഗണനാ വിഷയങ്ങള്‍
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാമനവമി, ഹനുമദ് ജയന്തി ആഘോഷങ്ങള്‍ക്കുനേരെയുണ്ടായ അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടെങ്കിലും ദിവസങ്ങള്‍ പിന്നിട്ടിട്ടും കോടതി ഹര്‍ജി പരിഗണിച്ചിട്ടില്ല. അഭിഭാഷകനായ വിനീത് ജിന്‍ഡാലാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ജഹാംഗീര്‍പുരിയില്‍ മുസ്ലിംകളുടെ വീടുകളും കടകളും തകര്‍ക്കുന്നുവെന്നാരോപിച്ച് കപില്‍ സിബലും ദുഷ്യന്ത് ദവെയും അടിയന്തര ഇടപെടലാവശ്യപ്പെട്ട് മിനുറ്റുകള്‍ക്കുള്ളില്‍ കോടതി കേസ് പരിഗണിക്കാനും വിശദമായ വാദം കേള്‍ക്കാനും തയ്യാറായി എന്നത് ശ്രദ്ധേയമാണ്.
ശോഭായാത്രയ്ക്കിടെ ഭക്തരെ വെടിവച്ചും കല്ലെറിഞ്ഞും ആക്രമിക്കുന്നതും സംഘര്‍ഷം ഉണ്ടാക്കുന്നതും രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന് വിനീത് ജിന്‍ഡാല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏഴ് വ്യത്യസ്ത സംസ്ഥാനങ്ങളിലുണ്ടായ സംഭവങ്ങളുടെ പരമ്പരയും കൂട്ടിവായിക്കുമ്പോള്‍ ഹിന്ദുക്കളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഐഎസുമായും മറ്റ് ദേശവിരുദ്ധ, അന്തര്‍ദ്ദേശീയ സംഘടനകളുമായും ബന്ധങ്ങളുള്ള തീവ്രവാദ സംഘടനകള്‍ക്ക് അക്രമങ്ങളില്‍ പങ്കാളിത്തമുള്ളതായും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഇത്ര വലിയ വിഷയമായിട്ടും കോടതിയുടെ പരിഗണന കാത്തു കിടക്കുകയാണ് ഹര്‍ജി. ദല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ജെഎന്‍യു കാമ്പസിലും രാമനവമി ആഘോഷങ്ങളില്‍ പങ്കെടുത്ത ഭക്തര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഈ സംഭവങ്ങളുടെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നതാണ്.
Comments