പൂനെ: ഭാരതീയ സമാജം ആരോഗ്യപരമായി സ്വയംപര്യാപ്തമാവണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പൂനെയിലെ മഹാരാഷ്ട്ര ആരോഗ്യ മണ്ഡലില്‍ ദാദാ ഗുജാര്‍ മാതാ ബാല്‍ ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക നില നോക്കാതെ ഏത് ശ്രേണിയില്‍ നില്‍ക്കുന്നവര്‍ക്കും ആശ്രയിക്കാനാകുംവിധം ആരോഗ്യമേഖല മാറേണ്ടതുണ്ട്.
ചികിത്സകള്‍ ഇന്ന് വളരെ ചെലവേറിയതാണ്. ഈ ചെലവിന്റെ സമ്മര്‍ദ്ദം രോഗിക്കും കുടുംബത്തിനും മേല്‍ പതിക്കുന്നു. ആയുര്‍വേദം, അലോപ്പതി, ഹോമിയോപ്പതി തുടങ്ങി വിവിധതരം ചികിത്സാ സമ്പ്രദായങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഇവയെല്ലാം ഒരേ കേന്ദ്രത്തില്‍ ലഭ്യമാക്കിയാല്‍ എല്ലാവര്ക്കും താങ്ങാവുന്ന നിരക്കില്‍ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. ആയുര്‍വേദം രോഗത്തോടൊപ്പം ആരോഗ്യത്തെയും പരിഗണിക്കുന്നു. അതിനാല്‍, ആയുര്‍വേദത്തിന്റെ വിവിധ ശാഖകള്‍ക്ക് ശക്തി പകരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യമെന്ന നിലയില്‍ നമ്മള് ലോകത്തെ ശക്തമാക്കാന്‍ ആവശ്യമായ സംഭാവനകള്‍ നല്‍കണം. അതിനുള്ള പ്രാപ്തി നമുക്കുണ്ട്. അങ്ങനെ സാധിച്ചാല്‍ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി മാറാന്‍ നമുക്ക് കഴിയും. രാജ്യത്തോടുള്ള പ്രതിബദ്ധത ജീവിതത്തിന്റെ ഓരോ അണുവിലും പ്രകടമാക്കാന്‍ ഒരു പൗരനെന്ന നിലയില്‍ നമുക്ക് സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.