ഭാരതത്തില്‍ ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെട്ട് 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, ജന്മനാ കാഴ്ചശേഷി നഷ്ടപ്പെട്ട കൃഷ്ണ ഭക്തനായിരുന്നു മഹാനായ ഭക്തകവി സൂര്‍ദാസ്. കവി മാത്രമായിരുന്നില്ല ഒരേസമയം അദ്ദേഹം പ്രസിദ്ധ സംഗീതജ്ഞനായ ത്യാഗരാജനെ പോലെ അതുല്യസംഗീത പ്രതിഭകൂടിയായിരുന്നു. 14 മുതല്‍ 16 വരെയുള്ള നൂറ്റാണ്ടുകളില്‍ അനവധി കവികള്‍ ഭക്തിയുടെയും സൗന്ദര്യത്തിന്റെയും പ്രേമത്തിന്റെയും പ്രചാരകരായി ഭാരതീയ സാഹിത്യത്തില്‍ ഉദിച്ചുയര്‍ന്നു. രാമാനുജന്‍, നിംമ്പാര്‍ക്കന്‍, മാധവന്‍, വല്ലഭാചാര്യര്‍, രാമാനന്ദന്‍, കബീര്‍ദാസ്, തുളസിദാസ്, സൂര്‍ദാസ് തുടങ്ങിയ ഭക്തകവികള്‍ ഒരു നവോത്ഥാനത്തിന്റെ സന്ദേശമാണ് ഭാരതത്തിന് നല്‍കിയത്. ലോക സാഹിത്യത്തില്‍ പോലും ഇത്രയധികം കവികള്‍ ഒന്നിച്ചു പാടിയ ചരിത്രം ഉണ്ടെന്നു തോന്നുന്നില്ല.
‘സൂര്‍ദാസ് ഹിന്ദി കവിതാശാഖയിലെ സൂര്യനും, തുളസീദാസ് ചന്ദ്രനും, കേശവദാസ് നക്ഷത്രവുമാകുന്നു’ എന്നത് ഹിന്ദിസാഹിത്യത്തില്‍ പറഞ്ഞു കേള്‍ക്കുന്ന മഹദ്‌വചനമാണ്. ഭക്തകവി സൂര്‍ദാസ് തന്റെ വ്യക്തി പ്രഭാവം കൊണ്ടും രചനാവൈഭവം കൊണ്ടും ഹിന്ദി സാഹിത്യത്തില്‍ സൂര്യനെപ്പോലെ ഇന്നും അനശ്വരമായി ശോഭിക്കുന്നു. 1478-ല്‍ ഹരിയാനയിലെ ഫരീദാബാദിലെ ‘സിഹി’ എന്ന കൊച്ചുഗ്രാമത്തില്‍ ഒരു സാരസ്വത ബ്രാഹ്‌മണ കുടുംബത്തിലാണ് വൈശാഖ ശുക്ല പഞ്ചമി ദിനത്തില്‍ സൂര്‍ദാസിന്റെ ജനനം. ചരിത്രകാരന്മാരുടെ അഭിപ്രായ പ്രകാരം എ.ഡി. 1478ലോ 1483ലോ സൂര്‍ദാസ് ജനിച്ചിരുന്നുവെന്നും എ.ഡി. 1561-ലോ, 1584-ലോ ഇഹലോകവാസം വെടിഞ്ഞുവെന്നും പറയപ്പെടുന്നു. കാഴ്ചയില്ലാത്ത എന്നര്‍ത്ഥം വരുന്ന ‘സൂര്‍’ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. പിന്നീട് സൂര്‍ദാസ് എന്നറിയപ്പെട്ടു. കുട്ടിക്കാലം മുതല്‍ തന്നെ ഗാനങ്ങള്‍ രചിച്ച് മധുര സ്വരത്തില്‍ പാടി നടക്കുമായിരുന്നു. ഒരിക്കല്‍ ഒരുകൂട്ടം പാട്ടുകാര്‍ വീടിന് സമീപത്ത് കൂടെ ഭഗവദ്ഗീതങ്ങള്‍ ആലപിച്ച് പോകുന്നത് സൂര്‍ദാസിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവരോടൊപ്പം പാടുവാന്‍ സൂര്‍ദാസിന് സാധിച്ചില്ല. അദ്ദേഹം തന്നോട് തന്നെ പറഞ്ഞു – ‘ഒരിക്കല്‍ ഞാന്‍ ഒരു പാട്ടുകാരനാകും!
ജന്മനാ കാഴ്ച ശേഷി നഷ്ടപ്പെട്ട സൂര്‍ദാസിന് തന്റെ കുടുംബവും അയല്‍വാസികളും എന്നും അവഗണനയും അവഹേളനവുമാണ് നല്‍കിയത്. മറ്റ് മക്കള്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കിയിരുന്ന സൂര്‍ദാസിന്റെ അമ്മ അദ്ദേഹത്തിന് ഇതെല്ലാം നിഷേധിച്ചു.തന്റെ സഹോദരങ്ങളോടൊത്ത് എഴുത്തും വായനയും പഠിക്കുന്നതിന് അച്ഛന്റെ അടുക്കലെത്തിയ സൂര്‍ദാസിനെ അച്ഛന്‍ ശകാരിക്കുകയുണ്ടായി. പുറത്ത് പോകൂ… നീ കാഴ്ചയില്ലാത്തവനാണ്, നിനക്ക് വായിക്കുവാനും എഴുതുവാനും സാധിക്കില്ല. സഹോദരങ്ങള്‍ കളിയാക്കി. ഇങ്ങനെ സ്വന്തം മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നുമുള്ള അവഗണനയും മാനസിക പീഡനവും സഹിക്കാതായപ്പോള്‍ 6-ാം വയസ്സില്‍ സൂര്‍ദാസ് വീടുവിട്ടിറങ്ങി. ഭിക്ഷാടന ജീവിതം നയിച്ചു. ഈ കാലയളവില്‍ യമുനാതീരത്തായിരുന്നു വസിച്ചിരുന്നത്.
നാളുകള്‍ക്ക് ശേഷം ഒരുകൂട്ടം ആളുകള്‍ ഗ്രാമത്തിലൂടെ പാട്ടുപാടി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട സൂര്‍ദാസ് അവരോടൊപ്പം ചേര്‍ന്നു. രാത്രിയായപ്പോള്‍ അവര്‍ ഒരു തടാകത്തിനരികെ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി നിര്‍ത്തി. കൂട്ടത്തിലൊരാള്‍ സൂര്‍ദാസിനോട് ചോദിച്ചു: ”നീ എന്തിനാ ഞങ്ങളോടൊപ്പം വന്നത്?” ”എനിക്ക് പാട്ട് പഠിക്കണം” എന്ന് സൂര്‍ദാസ് പറഞ്ഞു. അവര്‍ സൂര്‍ദാസിന് ഭക്ഷണം കൊടുത്തു. കാഴ്ചയില്ലാത്തവനായത് കാരണം കൂടെ കൂട്ടിയില്ല. പിറ്റേദിവസം കാലത്ത് അവനോട് ഒന്നുംമിണ്ടാതെ അവരെല്ലാം സ്ഥലം വിട്ടു. സൂര്‍ദാസ് ഒരു മരച്ചുവട്ടിലിരുന്നു ശ്രുതി മധുരമായി ഭഗവാനെ പാടി സ്തുതിച്ചു. ഗ്രാമീണര്‍ ഭക്ഷണം നല്‍കി. അതുവഴി മഥുരയിലേക്കും വൃന്ദാവനത്തിലേക്കും പോകുന്ന തീര്‍ത്ഥാടകരില്‍ നിന്ന് പുറം ലോകത്തെ കുറിച്ച് മനസ്സിലാക്കി. ഇന്ദ്രിയ വൈകല്യം അനുഭവിക്കുന്നവര്‍ക്ക് ദൈവം ആറാം ഇന്ദ്രിയം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. സൂര്‍ദാസിന്റെ ജീവിതത്തിലും അത് സംഭവിച്ചു. അത്ഭുതസിദ്ധി കൈവന്നു. ഈശ്വരാനുഗ്രഹത്താല്‍ അദ്ദേഹം തന്റെ ചുറ്റും കൂടിയ ജനങ്ങളോട് ഭാവി പ്രവചനങ്ങള്‍ നടത്താന്‍ തുടങ്ങി. എല്ലാവരും ഇതൊരു അത്ഭുതബാലനാണ് എന്ന് പറഞ്ഞു. ഒരിക്കല്‍ ഒരു ഗ്രാമത്തലവന്റെ പശുക്കളെ കാണാതായി. സൂര്‍ദാസിന്റെ സഹായത്താല്‍ അദ്ദേഹത്തിന് വളര്‍ത്തു മൃഗങ്ങളെ തിരിച്ചുകിട്ടി. പാരിതോഷികമായി ഗ്രാമത്തലവന്‍ രണ്ടു പശുക്കളെ ദാനമായി കൊടുക്കുവാന്‍ നിശ്ചയിച്ചു. ഇത് നിരാകരിച്ച് കൊണ്ട് സൂര്‍ദാസ് പറഞ്ഞത് ”ഞാന്‍ വീടുവിട്ടിറങ്ങിയതുതന്നെ ഭഗവാനില്‍ വിലയം പ്രാപിക്കാനാണ്. ഈ യാത്രയില്‍ മറ്റൊരു ഭാരം എനിക്ക് വേണ്ട” എന്നാണ്. ഒരു ധനികന്റെ കാണാതായ മകന്‍ എവിടെ ഉണ്ടെന്ന് പ്രവചിച്ച സൂര്‍ദാസിന് അദ്ദേഹം ഒരു ഗൃഹം നിര്‍മ്മിച്ചു കൊടുത്തുവത്രെ. ഗ്രാമീണര്‍ സൂര്‍ദാസിന് തന്ത്രി ഉപകരണം സമ്മാനിച്ചു. ചിലര്‍ സൂര്‍ദാസിന്റെ ശിഷ്യരായി, സൂര്‍ദാസ് രചിച്ച പാട്ടുകള്‍ ശിഷ്യന്മാര്‍ എഴുതി പ്രചരിപ്പിച്ചു.
ഒരിക്കല്‍ സൂര്‍ദാസിന് ശ്രീകൃഷ്ണ ഭഗവാന്റെ സ്വപ്‌നദര്‍ശനം കിട്ടി. ‘കൃഷ്ണന്‍ എന്നെ വിളിക്കുന്നു’, വൃന്ദാവനം ലക്ഷ്യമാക്കി കാട്ടിലൂടെ നടന്നു നീങ്ങി. എത്തുന്ന സ്ഥലത്തെല്ലാം ജനങ്ങള്‍ പാട്ടുപാടിപ്പിച്ചു. എല്ലാവരും സൂര്‍ദാസ് അവരുടെയെല്ലാം സ്ഥലങ്ങളില്‍ താമസിക്കണമെന്നപേക്ഷിച്ചു. ‘ഞാന്‍ യാത്രക്കാരനല്ല, സന്ന്യാസിയാണ്. ഒരിടത്ത് മാത്രമായി താമസിക്കുകയില്ല.’ സൂര്‍ദാസ് മറുപടിയായി പറഞ്ഞു. ഒരിക്കല്‍ ആള്‍മറയില്ലാത്ത ഒരു പൊട്ടക്കിണറ്റില്‍ വീഴുവാനിടയായി. ശരീരമാസകലം മുറിവേറ്റു. പുറത്ത് കടക്കാന്‍ പറ്റുന്നില്ല. ഏഴുദിവസങ്ങള്‍ അങ്ങനെ കിണറ്റില്‍ കഴിഞ്ഞു. സഹായത്തിനായി പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് ഒരു കുട്ടിയുടെ ശബ്ദം കേട്ടു ‘എന്റെ കൈ പിടിക്കൂ, ഞാന്‍ പുറത്തെത്തിക്കാം.’ പുറത്ത് വന്നപ്പോള്‍ ആരെയും കണ്ടില്ല. തന്നെ അത്ഭുതകരമായി രക്ഷിച്ച അജ്ഞാതബാലന്‍ സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്‍ തന്നെയായിരുന്നുവെന്നു സൂര്‍ദാസ് തിരിച്ചറിഞ്ഞു. ആ കാലഘട്ടത്തിലെ പ്രശസ്തനായ സന്ന്യാസിവര്യനും വൈഷ്ണവ മതത്തിലെ പുഷ്ടിമാര്‍ഗ്ഗ സമ്പ്രദായവും ശുദ്ധാദ്വൈതബ്രഹ്‌മവാദ സിദ്ധാന്തവും പ്രചരിപ്പിച്ച തത്വജ്ഞാനിയുമായിരുന്ന വല്ലഭാചാര്യര്‍ സൂര്‍ദാസ് താമസമാക്കിയ ‘ഗൗഗാട്ടില്‍’ എത്തിച്ചേര്‍ന്നു. സൂര്‍ദാസിന്റെ അചഞ്ചല ഈശ്വരവിശ്വാസവും ഭക്തിയും വിനയവും മനസ്സിലാക്കിയ വല്ലഭാചാര്യര്‍ സൂര്‍ദാസിനെ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഒരു ദിവസം വല്ലഭാചാര്യര്‍ നടത്തിയിരുന്ന പ്രഭാഷണത്തിന്റെ ശ്രോതാവായെത്തിയ സൂര്‍ദാസിന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയ ആചാര്യര്‍ സൂര്‍ദാസിനോട് ശ്രീകൃഷ്ണനെകുറിച്ച് ഒരു കീര്‍ത്തനം ആലപിക്കുവാന്‍ പറഞ്ഞു. നിമിഷ കവിയായ സൂര്‍ദാസ് പാടി ”ചിന്തയിലും, വാക്കിലും പ്രവൃത്തിയിലും തെറ്റുകള്‍ മാത്രം ചെയ്യുന്ന എനിക്ക് ജഗദീശ്വരനെ പുകഴ്ത്തിപാടുവാന്‍ എന്തധികാരം.” ഏതൊരു സന്ന്യാസിയെയും പോലെ സൂര്‍ദാസും വളരെ വിനയാന്വിതനായിരുന്നു എന്നതാണ് ഈ വരികളിലൂടെ വെളിപ്പെടുന്നത്. സൂര്‍ദാസ് നാളുകളായി ആഗ്രഹിച്ചത് പോലെ വല്ലഭാചാര്യര്‍ സൂര്‍ദാസിനെ തന്റെ ശിഷ്യനായി സ്വീകരിക്കുകയും ചെയ്തു. ഗുരുവിന്റെ ഉപദേശപ്രകാരം ശിഷ്ടകാലം സംഗീത ഉപാസനയിലൂടെ ശ്രീകൃഷ്ണഭഗവാനെ സേവിക്കാന്‍ സൂര്‍ദാസ് തീരുമാനിച്ചു.
സംഗീത സാന്ദ്രമായ ഭാവഗീതങ്ങളായിരുന്നു സൂര്‍ദാസിന്റേത്. നാദത്തെ ബ്രഹ്‌മമായി കാണുന്ന പാരമ്പര്യം ഭാരതത്തിന്റെ മറ്റൊരു സവിശേഷതയാണ്. സൂര്‍ദാസിന്റെ പദാവലികളെല്ലാം രാഗബദ്ധങ്ങളാണ്. ഫോക്‌ലോറിന്റെ ഈണവും താളവും തുളുമ്പുന്ന നിരവധി കൃഷ്ണഗീതങ്ങള്‍ സൂര്‍ദാസിന്റെ മാത്രം സംഭാവനകളാണ്. അദ്ദേഹത്തിന്റെ സംഗീതഭാവനയില്‍ ശ്രീകൃഷ്ണഗാനാലാപനം ചെയ്യുമ്പോള്‍ കിട്ടുന്ന സുഖം ഒരിക്കലും തപസ്സുചെയ്താലോ എത്രതന്നെ തീര്‍ത്ഥത്തില്‍ കുളിച്ചാലോ ലഭിക്കുന്നില്ല. ഭഗവാന്റെ താമരപോലുള്ള തൃപ്പാദങ്ങളില്‍ മനസ്സര്‍പ്പിച്ചു കഴിഞ്ഞാല്‍ ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളുടെ വികാരം പോലും നമുക്കുണ്ടാകില്ല. ആരുടെ മനസ്സിലാണോ ശ്രീകൃഷ്ണന്റെ നിവാസമുള്ളത് അവര്‍ക്ക് മൂന്ന് ലോകങ്ങളുടെയും സുഖങ്ങള്‍ തൃണ സമാനമാണ്. ഭഗവാനെ എപ്പോഴും പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ ജനനമരണ ബന്ധനങ്ങളില്‍ നിന്നും തീര്‍ച്ചയായും മോക്ഷം ലഭിക്കും.
ഈ ലോകത്തോട് വിട പറയുന്നതിന് മുമ്പ് സൂര്‍ദാസിന് കാഴ്ചശക്തി തിരിച്ചുകിട്ടിയ ഒരു രസകരമായ സന്ദര്‍ഭമുണ്ട്. എന്റെ പ്രിയഭക്തനായ സൂര്‍ദാസിന്റെ സമീപം വരരുതെന്ന് രാധയോട് ശ്രീകൃഷ്ണഭഗവാന്‍ പറയുമായിരുന്നു. ഇതനുസരിക്കാതെ രാധ സൂര്‍ദാസിന്റെ സമീപമെത്തിയപ്പോള്‍ കാലിലെ പാദസരത്തിന്റെ കിലുക്കം തന്റെ ഭഗവാന്റേതാണെന്ന വിചാരത്തില്‍ സൂര്‍ദാസ് രാധയുടെ കാലില്‍ നിന്നും പാദസരം ഊരിയെടുത്തു. യാഥാര്‍ത്ഥ്യം തുറന്ന് പറഞ്ഞ് രാധ എത്ര അപേക്ഷിച്ചിട്ടും തനിക്ക് അത് വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് സൂര്‍ദാസ് മറുപടി നല്‍കിയത്. ഇതിനെല്ലാം സാക്ഷ്യം വഹിച്ച ഭഗവാന്‍ സൂര്‍ദാസിന് കാഴ്ചശക്തി തിരികെ നല്‍കിക്കൊണ്ട് ഒരു വരം ആവശ്യപ്പെടാന്‍ പറഞ്ഞു.
”ഈ ജന്മത്തില്‍ ഭഗവാന്റെ നേരിട്ടുള്ള ദര്‍ശനം മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. എന്റെ ആഗ്രഹം സഫലമായി. ഇനി ഈ കണ്ണുകള്‍ മറ്റൊന്നും കാണാന്‍ മോഹിക്കുന്നില്ല. അതുകൊണ്ട് എന്റെ കാഴ്ചശക്തി തിരിച്ചെടുത്താലും.” ഇതായിരുന്നു ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിബിംബമായ ഭക്തകവി സൂര്‍ദാസ്.
സാഹിത്യമേഖലയില്‍ സൂര്‍ദാസിന്റെ കീര്‍ത്തിക്ക് ആധാരമായിട്ടുള്ളത് മൂന്ന് രചനകളാണ്. 1. സൂര്‍ സാരാവലി 2. സാഹിത്യലഹരി 3. സൂര്‍സാഗര്‍ ഏകദേശം ഒരു ലക്ഷത്തില്‍പ്പരം കവിതകള്‍ അടങ്ങിയ ‘സൂര്‍സാഗര്‍’ തന്നെയാണ് സൂര്‍ദാസിന്റെ ഏറ്റവും പ്രശസ്തമായ രചന.
ധര്‍മ്മമൂര്‍ത്തിയായ ഇഷ്ടദേവനെ ദര്‍ശിച്ച കണ്ണുകൊണ്ട് അധാര്‍മ്മികമായ മറ്റൊന്നും തന്നെ കാണേണ്ടിവരരുതെന്ന് ഭഗവാനില്‍ നിന്നും വരപ്രസാദമായി സ്വീകരിച്ച ഋഷിതുല്യനായ സൂര്‍ദാസിനെയാണ് ഭിന്നശേഷി ക്ഷേമ ദേശീയ സംഘടനയായ ‘സക്ഷമ’ അഥവാ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല്‍ സംഘടനയുടെ ആചാര്യസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഭക്തകവി സൂര്‍ദാസ് ജയന്തി സക്ഷമയുടെ പ്രധാന ഉത്സവമാണ്. ഭിന്നശേഷിയുള്ള സഹോദരന്മാരുടെ വിശേഷിച്ച് കാഴ്ചശേഷിയില്ലാത്തവരുടെ സംഗീത വൈഭവം പ്രകടിപ്പിക്കുവാന്‍ പ്രാധാന്യം നല്‍കി സംഗീതോത്സവമായാണ് ഗാനപ്രിയനായ ‘ഭക്തകവി സൂര്‍ദാസ് ജയന്തി’ സക്ഷമ ആഘോഷിക്കാറുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഭിന്നശേഷി അവകാശനിയമം – 2016 അംഗീകരിച്ച 21 വൈകല്യങ്ങളെയും പരിഗണിച്ച് കൊണ്ട്, ശാരീരിക വൈകല്യങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ശബ്ദമില്ലാത്തവന്റെ ശബ്ദമായും കാഴ്ചയില്ലാത്തവന്റെ നേര്‍കാഴ്ചയായും ചലനമില്ലാത്തവന്റെ ചാലകശക്തിയായും ഭിന്നശേഷി ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏക ദേശീയ പ്രസ്ഥാനമായ സക്ഷമയുടെ ആദര്‍ശപുരുഷനാണ് മഹാനായ സൂര്‍ദാസ്.
തനിക്ക് കാഴ്ചശക്തിയില്ലെങ്കിലും തലമുറകളെ ഭക്തിയുടെ അമൃത്‌കൊണ്ട് അഞ്ജനമെഴുതി നന്മയിലേക്ക് കണ്ണ് തുറപ്പിച്ച സൂര്‍ദാസിന്റെ ദൗത്യം ഏറ്റെടുത്ത് കോര്‍ണിയ തകരാറുമൂലം കാഴ്ചശേഷി നഷ്ടപ്പെട്ട അസംഖ്യം ഭിന്നശേഷി സഹോദരങ്ങളെ കാഴ്ചയുടെ പുതുലോകത്തിലേക്ക് കൈ പിടിച്ചുയര്‍ത്താന്‍ സക്ഷമ രാജ്യവ്യാപകമായി ഇഅങആഅ (ഇീൃിലമ അിറമവേമ ങൗസവേ ആവമൃമവേ അയവശ്യമി) എന്ന പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. ഇതിനായി സാമൂഹ്യബോധവല്‍ക്കരണാര്‍ത്ഥം പ്രതിവര്‍ഷവും ആഗസ്ത് 25 മുതല്‍ സപ്തംബര്‍ 8 വരെ ദേശീയ നേത്രദാനപക്ഷാചരണവാരം ക്രിയാത്മകമായി നടപ്പിലാക്കി വരുന്നു.
ഈ വര്‍ഷം ആസാദി കാ അമൃത മഹോത്സവ ആഘോഷത്തിന്റെ ഭാഗമായി ഭക്തകവി സൂര്‍ദാസിന്റെ ജയന്തി ദിവ്യാംഗരായ ഭിന്നശേഷി സഹോദരങ്ങള്‍ക്കായി ദേശഭക്തി ഗാനമത്സരങ്ങളും സ്വാതന്ത്ര്യസമരത്തെ ആസ്പദമാക്കിയുള്ള ചിത്രരചനാമത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
തന്റെ ഇഷ്ടദേവനായ ശ്രീകൃഷ്ണഭഗവാനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് മനംനിറയെ കൃഷ്ണഭക്തി ഗാനങ്ങളുമായി ഭഗവല്‍ ദര്‍ശനസാക്ഷാല്‍ക്കാരം സിദ്ധിച്ച ഒരു നിഷ്‌കാമകര്‍മ്മയോഗിയായ സൂര്‍ദാസിന് സായൂജ്യം കൈവന്നത് പോലെ സമൂഹത്തിലെ ഭിന്നശേഷിക്കാരെ നമ്മുടെ കൂടെപ്പിറപ്പുകളായി കണ്ട് ദിവ്യാംഗരായി പരിഗണിച്ച് സ്വയംപര്യാപ്തരാക്കി ഇച്ഛാശക്തിയും ആത്മവിശ്വാസവും പകര്‍ന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന സക്ഷമയുടെ ലക്ഷ്യവും സാക്ഷാല്‍ക്കരിക്കപ്പെടുകതന്നെ ചെയ്യും.
(സക്ഷമ സംസ്ഥാന ജോ. സെക്രട്ടറിയാണ് ലേഖകന്‍)
Comments