ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്ന് സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചുള്ളതാണ്. മാനവികതയുടെ അഭിന്നങ്ങളായ രണ്ടു ഘടകങ്ങളാണ് സ്ത്രീയും പുരുഷനും. അവരുടെ സംയോഗത്താലല്ലാതെ സൃഷ്ടി അസാധ്യമാണ്. വിദ്യുച്ഛക്തിയുടെ ഇരുധ്രുവങ്ങളുടെ സംയോഗത്തിലൂടെയല്ലാതെ വിദ്യുത്‌ചേതനക്ക് പ്രവഹിക്കാനാവില്ല എന്ന പോലെ മനുഷ്യരാശിയുടെ നൈരന്തര്യത്തിന് സ്ത്രീ-പുരുഷ യുഗ്മങ്ങളുടെ സംഗമം അനിവാര്യമാണ്. ഏതായാലും സംഗതവും അസംഗതവുമായ ഒട്ടേറെ കാരണങ്ങളാല്‍ ലോകത്താകമാനം, വിശേഷിച്ചും ഭാരതത്തില്‍, പ്രസ്തുത വിഷയം ഈ നൂറ്റാണ്ടില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കയാണ്. അതിന് പല മാനങ്ങളും ഉണ്ട്. കൂടാതെ, വിഷയം ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന്റെ സ്വാധീനം ഭാരതത്തിലും ഉണ്ടാവുക സ്വാഭാവികം മാത്രമാണ്.
എന്നാല്‍, വിഷയത്തിലേക്ക് കടക്കുന്നതിന് മുമ്പ് വിശിഷ്ടമായ നമ്മുടെ പശ്ചാത്തലത്തെക്കുറിച്ച് വ്യക്തമായ ധാരണ നമുക്ക് ഉണ്ടാകേണ്ടത് ആവശ്യമാണ്.
1.ഭാരതത്തിന്റെ പൗരാണികത
ഇന്ന് ലോകത്ത് നാം കാണുന്ന ഏകദേശം 200 രാജ്യങ്ങളെപ്പോലെ അര്‍വാചീനമായ ഒരു ദേശമല്ല ഭാരതം. അതിന് എത്ര സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് ആര്‍ക്കും തിട്ടപ്പെടുത്താനാവില്ല. അനിര്‍വചനീയമായ ഒരു ഭൂതകാലം തൊട്ട് ഇന്നോളം ഇവിടെത്തെ സാമാജികവും കുടുംബപരവുമായ ജീവിതം അഭംഗുരം തുടര്‍ന്നുപോരുന്നു.
2.നാട്ടുനടപ്പിലെ വൈവിധ്യം
മറ്റുള്ള ഭൂപ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന കൊച്ചു കൊച്ചു രാഷ്ട്രങ്ങളില്‍ കാണാനാകാത്ത നമ്മുടെ ദേശത്തിന്റെ മറ്റൊരു സവിശേഷതയെക്കുറിച്ച് പ്രാചീനരായ മഹര്‍ഷിവര്യന്മാര്‍ ‘നാനാ ധര്‍മ്മാണം ബഹുധാ വിവാചസം” (പല പല ധര്‍മ്മങ്ങള്‍ അവലംബിക്കുന്ന, പലവിധം ഭാഷകള്‍ സംസാരിക്കുന്ന ജനസമൂഹം) എന്നാണ് വിവരിച്ചിരിക്കുന്നത്. അതോടൊപ്പം, വൈവിധ്യപൂര്‍ണമായ ഈ സാമാജിക ജീവിതം കുരുവിക്കൂടുകളില്‍ ജീവിക്കുന്നതുപോലെ (യത്ര ഭവതി വിശ്വം ഏക നീഡം) യാണെന്നും ആ ജ്ഞാനികള്‍ വ്യക്തമാക്കിയിരുന്നു.
3. ഏറ്റിറക്കത്തിന്റെ അനുഭവം
ലൗകിക ജീവിതത്തില്‍ ഭാരതത്തെപ്പോലെ ഏറ്റിറക്കം അനുഭവിച്ച മറ്റൊരു ദേശവും എങ്ങുമില്ലെന്നതാണ് മൂന്നാമത്തെ പ്രത്യേകത. വിശാലമായ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത ഇവിടത്തെ ജനങ്ങള്‍ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അടിമത്തവും അനുഭവിച്ചിട്ടുണ്ട്.
4. സ്വാംശീകരണം
നാലാമത്തെ സവിശേഷത നവാഗതരെ സ്വാംശീകരിക്കലാണ്. എപ്രകാരം നാം ഉച്ചരിക്കുന്ന വാക്കുകള്‍ ക്രമബദ്ധമായി ആകാശം ഉള്‍വലിക്കുന്നോ അപ്രകാരം ആക്രമണകാരികളായി ഇവിടെ വന്നവരെയെല്ലാം ഭാരതത്തിന്റെ അന്തരീക്ഷത്തില്‍ ലയിച്ചുചേര്‍ത്തതായി നമുക്ക് കാണാം. ഭാരതവര്‍ഷത്തിന്റെ ഈ സ്വാംശീകരണ ക്ഷമത സുദീര്‍ഘമായ മാനവരാശിയുടെ ചരിത്രത്തില്‍ അദ്വിതീയവും അത്ഭുതാവഹവുമാണ്.
5. ദാര്‍ശനികതയുടെ പ്രത്യേകത
നമ്മുടെ അനുപമമായ മറ്റൊരു സവിശേഷത ദാര്‍ശനിക മണ്ഡലത്തെ സംബന്ധിക്കുന്നതാണ്. ബഹുഭൂരിപക്ഷം മറ്റ് ദേശങ്ങളുടെയും അടിത്തറ താരതമ്യം ചെയ്തു നോക്കുമ്പോള്‍ സെമിറ്റിക് മതങ്ങളുടേതാണെങ്കില്‍, അവയില്‍ നിന്നും ഭിന്നമായി ഭാരതത്തിന്റെ ദാര്‍ശനിക വൈദിക ചിന്തകളിലും തത്ത്വാന്വേഷണത്തിലും അധിഷ്ഠിതമാണ്. അത് ഭാരതത്തിന് പ്രദാനം ചെയ്തത് അപൂര്‍വ്വവും അനുപമവുമായ കാഴ്ചപ്പാടാണ്. ഈ സവിശേഷതകളെ കണക്കിലെടുക്കുകയും കാണുകയും ചെയ്യാതെ മാനവികതയെ സംബന്ധിക്കുന്ന ഏതൊരു കാര്യത്തെയും നാം പഠിക്കാന്‍ ശ്രമിക്കുന്നത് അശാസ്ത്രീയവും യുക്തിഹീനവുമായിരിക്കും; വികലവും വികടവുമായിരിക്കും. സ്ത്രീ-പുരുഷ ബന്ധമെന്ന വിഷയവും ഇതിനൊരപവാദമല്ല. ലോകത്തെമ്പാടുമുള്ള വിചാരധാരകളെ അംഗീകരിച്ചുകൊണ്ടുതന്നെ, തനതായ അതിന്റെ സ്വത്വത്തിന്റെ വെളിച്ചത്തില്‍ ഭാരതത്തിന് ഈ വിഷയത്തെ വിലയിരുത്തുകയും പര്യാലോചിക്കുകയും ചെയ്യേണ്ടിവരും.
സ്ത്രീ ശ്രുതികളുടെ കാലഘട്ടത്തില്‍
ആദിയില്‍ ബ്രഹ്മം മാത്രമാണ് ഉണ്ടായിരുന്നതെന്ന് മനീഷികളായ ഭാരത ഋഷീശ്വരന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബ്രഹ്മം പുരുഷനോ സ്ത്രീയോ അല്ല, മറിച്ച് ലിംഗരഹിതമായ പരമചൈതന്യമാണ്; വിശാലവും അനന്തവും അഖണ്ഡവുമായ സത്ത. ഏകവും പരമവുമായ ആ സത്തയുടെ ഉള്ളില്‍ ”എനിക്ക് പലതാകണം” എന്ന ചിന്തയുടെ സ്പന്ദനമുണ്ടായി. തല്‍ഫലമായി ആ സത്ത ഒരു ധാന്യമണിയുടെ പരിപ്പുകളെന്നപോലെ രണ്ടായി പിളര്‍ന്നു. ബൃഹദാരണ്യകോപനിഷത്തിന്റെ ദ്രഷ്ടാവിന്റെ വാക്കുകളാല്‍ ‘തസ്മാത് ഇദം അര്‍ദ്ധവൃഗളം ഇവ’ – അതുകൊണ്ട് ഈ (ശരീരം) പകുതിഭാഗം പോലെയാണ്. അത് ഭര്‍ത്താവും ഭാര്യയുമായി (പതിഃ ച പത്‌നീ ച അഭവതാം). അതില്‍ നിന്ന് മനുഷ്യന്മാര്‍ ജനിച്ചു (തതഃ മനുഷ്യാഃ അജായന്ത) (ബൃഹദാരണ്യകോപനിഷത്ത് – അദ്ധ്യായം 1, ബ്രാഹ്മണം 4, ഖണ്ഡിക 3) സൃഷ്ടി നടക്കണം എന്ന ചിന്ത അദിചൈതന്യത്തില്‍ അങ്കുരിച്ച മാത്രയില്‍ സ്ത്രീ-പുരുഷ യുഗ്മങ്ങള്‍ ആവിര്‍ഭവിച്ചു. അവര്‍ക്കിടയില്‍ ഭാര്യ – ഭര്‍തൃ ബന്ധമുണ്ടാവുകയും തുടര്‍ന്ന് മനുഷ്യവംശം ഉടലെടുക്കുകയും ചെയ്തു. അതായത് ആദ്യമുണ്ടായത് പുരുഷനോ, അതോ സ്ത്രീയോ എന്ന ചോദ്യം തന്നെ ഇവിടെ ഉദിക്കുന്നില്ല. ഒരു ധാന്യമണി പിളര്‍ന്ന് രണ്ടു പരിപ്പുകളായിത്തീരുന്ന ഉദാഹരണം എത്രമാത്രം അര്‍ത്ഥഗര്‍ഭമാണ്! ഇവയില്‍ ആദ്യം ഉണ്ടായ പരിപ്പേതാണെന്ന് ചിന്തിക്കാനോ പറയാനോ ആര്‍ക്കാണാവുക? മനുഷ്യന്റെ കൈകള്‍ ഇടതെന്നോ വലതെന്നോ വേര്‍തിരിച്ചു കാണാനാകും. എന്നാല്‍ മേല്‍ പ്രസ്താവിച്ച പരിപ്പുകള്‍ ഇടതെന്നോ വലതെന്നോ എന്ന് എങ്ങനെ വേര്‍തിരിച്ചറിയാനാകും? ഈ ദൃഷ്ടിയില്‍, സ്ത്രീപുരുഷന്മാരില്‍ ആരാണ് ഇടത് വശത്ത് ആരാണ് വലതുവശത്ത് എന്ന് വ്യക്തമായി മറുപടി പറയുക തീര്‍ത്തും അസാധ്യമാണ്. അതേസമയം, രണ്ടുപേരും അര്‍ദ്ധാംഗികളാണെന്ന് നിസ്സംശയം പറയാം.
ഒന്നിന്റെ അഭാവത്തില്‍ മറ്റേത് അപൂര്‍വ്വമായിരിക്കും. അതുകൊണ്ട് നമ്മുടെ ദ്രഷ്ടാക്കള്‍ പുരുഷനെ അര്‍ദ്ധാംഗിയെന്നും സ്ത്രീയെ അര്‍ദ്ധാംഗിനിയെന്നുമാണ് വിളിച്ചത്. രണ്ടും ഒന്നിച്ചു ചേര്‍ന്നാല്‍ മാത്രമെ പൂര്‍ണത കൈവരൂ. പിന്നീടങ്ങോട്ട് ഭാരതത്തിലുടനീളം സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇതുതന്നെയാണെന്ന് കാണാം. സുദീര്‍ഘമായ നമ്മുടെ രാഷ്ട്ര ജീവിതത്തില്‍ പലപ്പോഴും ഏറ്റിറക്കങ്ങള്‍ ഉണ്ടായിരുന്നിട്ടുപോലും ഈ കാഴ്ചപ്പാട് സ്ഥായിയായി നിലകൊണ്ടു. ഉദാഹരണത്തിന്, സ്മൃതികാരനായ മനു പറയുന്നു: ”ബ്രഹ്മാവ് തന്റെ ദേഹം രണ്ടു ഭാഗമാക്കി. ഒരു പകുതി പുരുഷനും മറ്റേ പകുതി സ്ത്രീയുമായി.”1 ഇതിന്റെ അര്‍ത്ഥം ഭാരതീയ ദര്‍ശനം സ്ത്രീക്കും പുരുഷനും തുല്യമായ പ്രാധാനം നല്‍കുന്നു എന്നാണ്. പ്രകൃതിജന്യമായ ലിംഗഭേദമൊഴിച്ച് രണ്ടു പേര്‍ക്കുമിടയില്‍ യാതൊരന്തരവുമില്ല. സ്ത്രീപുരുഷ ബന്ധസംബന്ധിയായ ഏതൊരു പ്രശ്‌നം കൈകാര്യം ചെയ്യുമ്പോഴും അടിസ്ഥാനപരമായ ഈ വസ്തുത കണക്കിലെടുത്തായിരിക്കണം. അപ്പോള്‍ മാത്രമെ നമ്മുടെ ദേശത്തിന്റെ അസ്മിതക്ക് അനുഗുണമായ പരിഹാരം കാണാനാവൂ. അമ്പലങ്ങളിലായാലും രാജകൊട്ടാരങ്ങളിലാണെങ്കിലും പുരുഷന് പോകാവുന്ന ഇടംവരെ സ്ത്രീക്കും പോകാവുന്നതാണ്. ബ്രഹ്മഋഷി വസിഷ്ഠന്‍ പോകുന്നിടംവരെ അരുന്ധതിക്കും പോകാം. രണ്ടുപേര്‍ക്കും വിഹായസ്സില്‍ ചിരകാലം കഴിഞ്ഞുകൂടാം. പ്രാകൃതികമായ കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സ്ത്രീക്കും പുരുഷനും യോഗ്യത തുല്യമാണ്.
ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ അല്പം താരതമ്യം ആവശ്യമാണ്. പൊതുവായി പാശ്ചാത്യമെന്ന് നാം വിശേഷിപ്പിക്കുന്ന സെമിറ്റിക് കാഴ്ചപ്പാടില്‍ സ്ത്രീയുടെ സ്ഥാനം മൗലികമായി താഴെയാണ്. അവരുടെ മതഗ്രന്ഥം പറയുന്നതനുസരിച്ച് സൃഷ്ടികര്‍ത്താവ് ആദ്യം പുരുഷനെ സൃഷ്ടിക്കുകയും പിന്നീട് ആ പുരുഷന്റെ ആഗ്രഹപ്രകാരം അവന്റെതന്നെ എല്ലുകൊണ്ട് സ്ത്രീയെ സൃഷ്ടിക്കുകയുമാണ് ചെയ്തത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പുരുഷനില്‍ നിന്ന്, പുരുഷനുവേണ്ടി, പുരുഷനെ സൃഷ്ടിച്ച ശേഷമാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടത്. ആ സ്ത്രീ ദൈവം വിലക്കിയ കനി കഴിക്കാന്‍ പുരുഷനെ പ്രലോഭിപ്പിക്കുക വഴി ആദിപാപം ചെയ്തവളായിത്തീരുകയും ചെയ്തു. ഈ വര്‍ണ്ണനയില്‍ വിശ്വാസമര്‍പ്പിക്കുന്ന ജനസമൂഹത്തിന്റെ കാഴ്ചപ്പാട് സ്വാഭാവികമായും ഭാരതീയ കാഴ്ചപ്പാടില്‍ നിന്ന് രാവില്‍ നിന്ന് പകലെന്നപോലെ വ്യത്യസ്തമായിരിക്കും.
(തുടരും)
അടിക്കുറിപ്പ്
1. ദ്വിധാകൃതാങ്കത്മാനോ ദേഹമര്‍ധേന
പുരുഷോങ്കഭവത്, അര്‍ധേന നാരീ
(മനുസ്മൃതി 1-32)
Comments