കേരളം മതഭീകരവാദികളുടെ കൈപ്പിടിയില്‍ അകപ്പെട്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം ആശങ്കകളായി പുറത്തു വരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കേരളത്തില്‍ ലൗജിഹാദ് ഉണ്ടെന്നും മലബാര്‍ കേന്ദ്രീകരിച്ച് ഇസ്ലാമിക രാജ്യം രൂപീകരിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നതായും 2010 ല്‍ മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദന്‍ ദല്‍ഹിയില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. കേരളം ഭാരതത്തിലെ മതഭീകരതയുടെയും മതരാഷ്ട്രവാദത്തിന്റെയും തലസ്ഥാനമായി മാറുകയാണ്. ഇസ്ലാമിക ഭീകരവാദത്തിന് ബൗദ്ധികവും സംഘടനാപരവും സാമ്പത്തികവുമായ അരങ്ങൊരുക്കലുകള്‍ നടക്കുന്നത് കേരളത്തിലാണ്.
മതഭീകരവാദത്തിന്റെ ദംഷ്ട്രകള്‍ കേരളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലയിലും വളരെ കൃത്യമായ ആസൂത്രണത്തോടെ നുഴഞ്ഞുകയറാനും സ്വാധീനമുറപ്പിക്കാനും വിഭജനത്തിന്റെ വിഷബീജങ്ങള്‍ വിതയ്ക്കാനും മതഭീകരവാദികള്‍ സംഘടിതമായി പരിശ്രമിക്കുന്നുണ്ട്. അതിനെ തിരിച്ചറിയാനോ തടയാനോ സംസ്ഥാന ഭരണകൂടത്തിന് കഴിയുന്നില്ല. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ആലുവയില്‍ അഗ്‌നിശമനസേനയുടെ ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് പരിശീലനം നല്‍കിയ സംഭവം. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ഘടകം സംഘടിപ്പിച്ച പരിപാടിയിലാണ് അഗ്‌നിരക്ഷാസേനയിലെ അംഗങ്ങളെത്തി അവര്‍ക്ക് പരിശീലനം നല്‍കിയത്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് തൊടുപുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വ്യക്തിവിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ ഒരു പോലീസുകാരനെ ഉദ്യോഗത്തില്‍ നിന്ന് പിരിച്ചുവിട്ടത്. വളരെ ഗുരുതരമായ ഈ സംഭവത്തെ മതേതര കേരളം വേണ്ടത്ര ഗൗരവത്തോടെ ചര്‍ച്ചചെയ്തില്ല. കേരളാ പോലീസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ‘പച്ചവെളിച്ചം’ എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായി പ്രവര്‍ത്തിക്കുന്ന പോലീസുകാരുടെ ഒരു വാട്സാപ്പ് ഗ്രൂപ്പ് നിലവിലുണ്ടായിരുന്നു എന്ന വാര്‍ത്ത മുന്‍പ് തന്നെ പുറത്തുവന്നിരുന്നു.
വളരെക്കാലമായി തീവ്രവാദക്കേസുകളില്‍ കാര്യക്ഷമമായ അന്വേഷണം നടത്താന്‍ കേരളാ പോലീസിന് കഴിയുന്നില്ല. 2006 ല്‍ പാനായിക്കുളത്തും 2007 ഡിസംബറില്‍ വാഗമണിലെ കോലാഹല മേട്ടിലും നിരോധിത സംഘടനയായ സിമിയുടെ ക്യാമ്പ് സംഘടിപ്പിച്ച കേസുകളുടെ അന്വേഷണം എങ്ങുമെത്തിയില്ല. കണ്ണൂരിലെ കനകമലയില്‍ ഐഎസ് ക്യാമ്പ് നടക്കുന്നതായി കേരള പോലീസ് അറിഞ്ഞത് എന്‍ഐഎ ഉദ്യോഗസ്ഥര്‍ അവിടെച്ചെന്ന് റെയ്ഡ് നടത്തി ഭീകരവാദികളെ പിടികൂടിയപ്പോള്‍ മാത്രമാണ്. അന്ന് പിടിയിലായ ഏഴുപേര്‍ക്ക് ജാമ്യമെടുക്കാന്‍ മുന്നോട്ടുവന്നവരെക്കുറിച്ചോ അവര്‍ക്ക് സഹായമൊരുക്കിയ സംഘടനകളെക്കുറിച്ചോ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായില്ല. മലപ്പുറം സ്ഫോടനക്കേസിലാകട്ടെ പ്രതികളെ മാത്രം പിടികൂടി നടപടിക്രമങ്ങള്‍ വേഗത്തില്‍ അവസാനിപ്പിക്കുകയായിരുന്നു. കുറ്റിപ്പുറം പാലത്തിനടിയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലും കൊല്ലം കളക്ടറേറ്റില്‍ നടന്ന സ്ഫോടനക്കേസിലും പോലീസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ചോ ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള റിക്രൂട്ട്‌മെന്റുകളെക്കുറിച്ചോ ഇന്നും കേരളാ പോലീസിന് കൃത്യമായ ധാരണയില്ല.
രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ നിരോധിക്കപ്പെട്ട ‘സിമി’ എന്ന തീവ്രവാദ സംഘടനയുടെ നേതാക്കളാണ് പിന്നീട് എന്‍ഡിഎഫിന്റെയും തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെയും രൂപീകരണത്തിന് നേതൃത്വം നല്‍കിയത്. ആഭ്യന്തരവകുപ്പും ഇന്റലിജന്‍സ് വിഭാഗവും ഗൗരവത്തോടെ കണക്കിലെടുക്കേണ്ട വസ്തുതയാണിത്. സംഘടന രൂപീകരിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കിയിട്ടുണ്ട്. തൊടുപുഴയില്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിമാറ്റിയതുള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നില്‍ അവരുടെ കൈകളുണ്ടെന്ന് ആര്‍ക്കാണറിയാത്തത്? പോപ്പുലര്‍ ഫ്രണ്ട് ഒരു ഭീകര സംഘടനയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളതാണ്. ഭീകരവാദബന്ധം ചൂണ്ടിക്കാട്ടിയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രത്തിന് പരസ്യം നല്‍കുന്നത് കേരള സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. അതിന്റെ തുടര്‍ച്ചയായാണ് അവര്‍ക്ക് അവരുടെ പത്രസ്ഥാപനം അടച്ചു പൂട്ടേണ്ടി വന്നത്. ഹാദിയ കേസില്‍ ഹൈക്കോടതി വിധി എതിരായപ്പോള്‍ കോടതിയിലേക്ക് അക്രമാസക്തമായ മാര്‍ച്ചിന് നേതൃത്വം നല്‍കിയതും മറ്റാരുമല്ല. പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ കേസില്‍ സംസ്ഥാനാന്തര ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിരുന്നു. മറ്റു പലരുടെയും മൗനാനുവാദത്തോടെയും ആശീര്‍വാദത്തോടെയും എന്‍ഡിഎഫ് ഏറ്റെടുത്തു നടപ്പിലാക്കിയ മാറാട് കലാപത്തിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കലാപം അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഇവയൊക്കെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരവാദമുഖം വെളിവാക്കാന്‍ മതിയായ തെളിവുകളാണ്. അടുത്തിടെ കര്‍ണാടകയില്‍ നടന്ന ഹിജാബ് വിഷയത്തിന് പിന്നില്‍ പോലും പോപ്പുലര്‍ ഫ്രണ്ടിന്റെ വ്യക്തമായ ആസൂത്രണവും പങ്കാളിത്തവുമുണ്ട്. സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഹിജാബ് വിവാദം ഉയര്‍ത്തി സമൂഹത്തില്‍ വിഭാഗീയതയും അസ്ഥിരതയും സൃഷ്ടിച്ചതില്‍ കര്‍ണാടക ഹൈക്കോടതിയും പോപ്പുലര്‍ ഫ്രണ്ടിനു നേരെ പരോക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഹിജാബ് നിരോധനം ശരിവെച്ച ജഡ്ജിമാര്‍ക്ക് നേരെപോലും വധഭീഷണിയുണ്ടായി. മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ യുപിയിലെ ഹത്രാസില്‍ കലാപം ഉണ്ടാക്കാന്‍ പോയ മലയാളിയായ സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണെന്ന കാര്യവും ഇതിനോട് ചേര്‍ത്തു വായിക്കണം. ഇത്തരം വസ്തുതകള്‍ക്കെല്ലാം നേരെ ബോധപൂര്‍വം കണ്ണടച്ചുകൊണ്ടാണ് സംസ്ഥാന ആഭ്യന്തരവകുപ്പിന് കീഴിലുള്ള അഗ്‌നിരക്ഷാസേന ഭീകരവാദികളുടെ ആതിഥ്യം സ്വീകരിച്ചതും അവര്‍ക്ക് പരിശീലനം നല്‍കിയതും.
സര്‍വീസില്‍ നിന്ന് വിരമിച്ചശേഷം കേരളത്തില്‍ മതഭീകരവാദികളുടെ പ്രവര്‍ത്തനം ശക്തമാണെന്ന് വെളിപ്പെടുത്തിയത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയായിരുന്നു. അതിനുമുമ്പ് പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാറും ഈ വസ്തുത കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍വ്വീസ് കാലത്ത് അവര്‍ ഈ സത്യം തുറന്നു പറയാതിരുന്നത് രാഷ്ട്രീയവും ഭരണപരവുമായ സമ്മര്‍ദ്ദങ്ങള്‍ കാരണമാകാം. ബോംബ് സ്‌ഫോടനക്കേസുകളില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിക്കുവേണ്ടി നിയമസഭയില്‍ സംയുക്തമായി പ്രമേയം പാസ്സാക്കാന്‍ മടിയില്ലാത്ത ഭരണപ്രതിപക്ഷങ്ങളുള്ള നാടാണല്ലോ കേരളം. ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാന്‍, ഇസ്രായേലില്‍ ഹമാസ് ഭീകരരുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്റെ അനുശോചനക്കുറിപ്പ് തിരുത്താന്‍ തയ്യാറായ മുഖ്യമന്ത്രിയുള്ള നാടാണിത്.
എസ്ഡിപിഐയുടെ പിന്തുണയോടെ സിപിഎം ഭരണം നടത്തുന്ന കോട്ടാങ്ങല്‍ പഞ്ചായത്തിലാണ് കഴിഞ്ഞ ഡിസംബര്‍ ആറിന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ വിദ്യാര്‍ത്ഥികളുടെ നെഞ്ചത്ത് ‘ഞാന്‍ ബാബറി’ എന്ന ബാഡ്ജ് അടിച്ചേല്‍പ്പിച്ചത്.
ഇത്തരത്തില്‍ മതഭീകരതയുടെ പടയാളികളായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് സംസ്ഥാന അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ പരിശീലനം നല്‍കിയത് അതീവ ഗുരുതരമായ ചട്ടലംഘനമായേ കാണാന്‍ കഴിയൂ. സംഭവം വിവാദമായതോടെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി വിഷയം ലഘൂകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മതം നോക്കി രാജ്യസഭാ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനും മതഭീകരതയെ പ്രീണിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുമുള്ള കുറുക്കുവഴികള്‍ കേരളത്തിലെ ‘മതേതര’ രാഷ്ട്രീയ കക്ഷികള്‍ക്ക് നന്നായി വഴങ്ങുന്ന രാഷ്ട്രീയ കലയായി മാറിയിരിക്കുന്നു. അതിന് കേരളം നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും….