ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപകന്‍ ഒരു വിദേശിയാണ്; അതിനെ സംഹരിക്കുന്നതും ഒരു വിദേശി തന്നെയാകണം എന്നത് ചരിത്ര നിയോഗമാകാം. അലന്‍ ഒക്‌ടേവിയന്‍ ഹ്യൂം എന്ന ബ്രിട്ടീഷുകാരന്‍, 1885 ഡിസംബര്‍ 28നാണ് ബോംബെ നഗരത്തില്‍ വെച്ച് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന് ബീജാവാപം നല്‍കിയത്. യോഗത്തില്‍ 72 പ്രമാണിമാര്‍ പങ്കെടുത്തു. നിവേദനം നല്‍കി അധികാരികളുടെ ശ്രദ്ധപിടിച്ചുപറ്റുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. മുപ്പതുകൊല്ലത്തിനുശേഷം മോഹന്‍ദാസ് കെ. ഗാന്ധി സംഘടനയുടെ നേതൃത്വത്തിലെത്തിയതോടെയാണ് നിവേദകസഘം സമരസംഘടനയായി വളര്‍ന്നത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരുപതുകളില്‍ നിസ്സഹകരണസമരം ആരംഭിച്ചു. നീതിരഹിതമായ നിയമവ്യവസ്ഥയോട് സഹകരിക്കുന്നത് അനീതിയാണെന്നും അതുകൊണ്ട് അഹിംസാത്മകമായി അതിനോട് നിസ്സഹകരിക്കുമെന്നും ഗാന്ധിജി പ്രഖ്യാപിച്ചു. മുപ്പതുകളില്‍ സംഘടന നിയമലംഘനപ്രസ്ഥാനം ആരംഭിച്ചു. നീതിരഹിതമായ നിയമത്തെ ലംഘിക്കുകയും പരമാവധി ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യുക എന്ന അഹിംസാത്മക രീതി തന്നെയാണ് അവിടെയും അനുവര്‍ത്തിച്ചത്. നാല്പതുകളില്‍ വിദേശികളെ നിഷ്‌കാസനം ചെയ്യാനുള്ള കരുത്ത് സംഘടനയ്ക്കുണ്ടായി. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിനുശേഷം 1947ല്‍ വിദേശികള്‍ ഇന്ത്യ വിട്ടു.
നിവേദനം, നിസ്സഹകരണം, നിയമലംഘനം, നിഷ്‌കാസനം എന്നിവയോടൊപ്പം നിര്‍മ്മാണപ്രവര്‍ത്തനങ്ങളും സംഘടന ഏറ്റെടുത്തു. ഗ്രാമീണ തൊഴില്‍ സംരംഭകത്വം, സ്ത്രീശാക്തീകരണം, അയിത്തവിരുദ്ധപ്രവര്‍ത്തനം, ഹിന്ദു-മുസ്ലിം മതമൈത്രി, ഹിന്ദിഭാഷാ പ്രചാരണം, സാക്ഷരതാപ്രവര്‍ത്തനം എന്നിവയെല്ലാം നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. അങ്ങനെയാണ് പ്രമാണിമാരുടെ വിശ്രമകാലവിനോദത്തിന്റെ ഭാഗമായി തുടങ്ങിയ നിവേദകസംഘം മൊത്തം ഇന്ത്യാക്കാര്‍ക്കും പ്രാതിനിധ്യം അവകാശപ്പെടാവുന്ന ജനകീയ പ്രസ്ഥാനമായി പരിണമിച്ചത്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം ഇന്നും ഒരു അപൂര്‍ണ്ണരചനയാണ്. ചരിത്രരചന നടത്തിയവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ചരിത്രത്തിലെ പങ്കാളികളുടെ പേരു വിവരങ്ങളിലും വസ്തുതകളിലും മാറ്റം സംഭവിച്ചു. അതുകൊണ്ട് യഥാര്‍ത്ഥ ചരിത്രം എഴുതിയ കോടാനുകോടിമനുഷ്യര്‍ തമസ്‌കരിക്കപ്പെട്ടു. സ്വാതന്ത്ര്യസമരചരിത്രം ചിലരുടെ മാത്രം സവിശേഷ സംഭാവനയായി മാറി. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അധികാരം കയ്യാളിയവരും അവരുടെ മഹത്വത്തെ പാടിപ്പൊലിപ്പിച്ച പാണന്മാരും ചരിത്രവസ്തുകളെ അവഗണിക്കുകയും തമസ്‌കരിക്കുകയും ചെയ്തുകൊണ്ട് അവര്‍ക്ക് സൗകര്യപ്രദമായ ചരിത്രം എഴുതിപ്രചരിപ്പിച്ചു. അത്തരം ഒരു ചരിത്ര നിര്‍മ്മിതിയാണ് നെഹ്‌റു-ഗാന്ധി കുടുംബ മഹിമ.
യഥാര്‍ത്ഥത്തില്‍ മഹാത്മാ ഗാന്ധിയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യാജ നിര്‍മ്മിതിയാണ് നെഹ്രു-ഗാന്ധി കുടുംബം എന്നത്. ഈ നിര്‍മ്മിതിയിലെ ഗാന്ധി നെഹ്രുവിന്റെ സമ്മതത്തോടെ മകള്‍ ഇന്ദിര കൂട്ടിച്ചേര്‍ത്തപദമാണ്. ഇന്ദിരയുടെ ഭര്‍ത്താവ് പാര്‍സിയായ ഫിറോസ് ഗണ്ഡെയാണ്. ഈ ‘ഗണ്ഡെയെ’ യാണ് ഗാന്ധിയാക്കി ഇന്ദിര മാറ്റിയത്. രാഷ്ട്രീയ വിപണിയിലെ വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ ഗാന്ധിക്ക് കഴിയുമെന്നു മനസ്സിലാക്കിയ ജവഹര്‍ലാലും മകള്‍ ഇന്ദിരയും അത് അടിച്ചുമാറ്റി ഉപയോഗിക്കുകയാണ് ചെയ്തത്. പലരും വിശ്വസിച്ചിരുന്നത് ഇന്ദിരാഗാന്ധി മഹാത്മാഗാന്ധിയുടെ മകളായിരുന്നു എന്നാണ്. ഇന്ദിര കുട്ടിയായിരുന്ന കാലത്ത് അവര്‍ ഗാന്ധിജിയോടൊപ്പം ഇരിക്കുന്ന ഒരു ചിത്രം ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയും ചെയ്തു. ഇന്ദിര തന്റെ പേരിനൊപ്പം ഭര്‍ത്തൃനാമമാണ് ചേര്‍ത്തത് എന്ന ന്യായം പറഞ്ഞുകൊണ്ടാണ് മക്കള്‍ക്കും മരുമക്കള്‍ക്കും ആ പേര് അവര്‍ ദാനം ചെയ്തത്. അങ്ങനെയാണ് ഇന്ദിരയുടെ പുത്രവധുവായ സോണിയാ മെയ്‌നോ സോണിയ ഗാന്ധിയായതും നെഹ്‌റു-ഗാന്ധി പാരമ്പര്യത്തിന്റെ അനന്തരാവകാശി എന്ന് അവകാശപ്പെട്ടതും.
ഗാന്ധിജി ജീവിച്ചിരുന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ്സില്‍ നെഹ്‌റു കുടുംബാധിപത്യം തുടങ്ങിയിരുന്നു. ഒരു അച്ഛന്‍ മകള്‍ക്ക് എഴുതിയ കത്തുകളാണ് നെഹ്രു ഭക്തര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഒരു അച്ഛന്‍ മകനെഴുതിയ കത്തുകള്‍ അവര്‍ തമസ്‌കരിച്ചു. 1927 ഡിസംബറിലാണ് മോത്തിലാല്‍ നെഹ്രു എഐസിസി പ്രസിഡന്റായത്. അക്കാലത്ത് തന്റെ മകനെ പ്രസിഡന്റാക്കണമെന്ന നിരന്തരമായ സമ്മര്‍ദ്ദം മോത്തിലാല്‍ ഗാന്ധിജിയില്‍ ചെലുത്തിയിരുന്നു. അതിനുവേണ്ടി കൗശലപൂര്‍വ്വം മോത്തിലാല്‍ ഒരു വിദ്യ കണ്ടെത്തി. ഒന്നുകില്‍ സര്‍ദാര്‍ പട്ടേല്‍ അല്ലെങ്കില്‍ ജവഹര്‍ലാല്‍, ഇവരിലാരെങ്കിലും എഐസിസി പ്രസിന്റാകണം എന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. സര്‍ദാര്‍ പട്ടേല്‍ പ്രസിഡന്റാകില്ല എന്നു മോത്തിലാലിന് ഉറപ്പുണ്ടായിരുന്നു. കാരണം, അക്കാലത്ത് പട്ടേല്‍ ഗാന്ധിജിയുടെ നിര്‍ദ്ദേശാനുസരണം ബര്‍ദൗളിലെ കര്‍ഷക സമരം നയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു കാരണവശാലും ഗാന്ധിജി പട്ടേലിനെ സമരത്തില്‍ നിന്നും പിന്‍വലിക്കില്ല എന്നു മോത്തിലാലിന് ഉറപ്പുണ്ടായിരുന്നു. ഗാന്ധിജി അക്കാര്യം പരസ്യമായി പറയുകയും ചെയ്തു. സ്വാഭാവികമായും ജവഹര്‍ലാല്‍ എഐസിസി പ്രസിഡന്റാകും എന്നു മോത്തിലാല്‍ ഉറപ്പിക്കുകയും ചെയ്തു.
എന്നാല്‍ അപ്രതീക്ഷിതമായ ഒരു നീക്കം സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ബംഗാള്‍ ലോബിയില്‍ നിന്നുണ്ടായി. അവര്‍ മോത്തിലാല്‍ എ.ഐ.സി.സി പ്രസിഡന്റാകണമെന്നു നിര്‍ദ്ദേശിച്ചു; ഗാന്ധിജി അത് അംഗീകരിക്കുകയും ചെയ്തു. പ്രസിഡന്റ് പദം ഏറ്റെടുത്ത മോത്തിലാല്‍ ഉടന്‍ ഒരു നിബന്ധന വെച്ചു. തന്നെ സഹായിക്കാന്‍ തനിക്ക് വിശ്വസ്തനായ ഒരു അനുയായിയെ വേണം. അങ്ങനെയാണ് കോണ്‍ഗ്രസ് ഭരണഘടനയില്‍ ഇല്ലാത്ത വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി എന്ന വിചിത്രമായ പദവി താല്കാലികമായി സൃഷ്ടിച്ചതും മോത്തിലാലിന്റെ വിശ്വസ്ത അനുയായി ആയി ജവഹര്‍ലാല്‍ നിയമിതനായതും. പക്ഷേ, ജവഹര്‍ലാല്‍ പ്രതിമാസം 75 രൂപ ശമ്പളം പറ്റിക്കൊണ്ടാണ് ജോലി ചെയ്തത് എന്നും മറക്കരുത്. ഇന്നത്തെ നിലയില്‍ ഏതാണ്ട് പത്തു ലക്ഷം രൂപ വരും അന്നത്തെ 75 രൂപ. ഇതേ ജവഹര്‍ലാലാണ് പിന്നീട് യുവാക്കളോട്, സര്‍വ്വവും ഉപേക്ഷിച്ചു ഗ്രാമങ്ങളില്‍ പോയി സേവനം ചെയ്യാന്‍ ആഹ്വാനം ചെയ്തത് എന്നും ഓര്‍ക്കാവുന്നതാണ്. ജവഹര്‍ലാല്‍ അങ്ങനെയാണ്, താന്‍ ആചരിക്കാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യണമെന്ന് അദ്ദേഹം എന്നും ശഠിച്ചുകൊണ്ടിരുന്നു. ഈ പദവിയില്‍ നിന്നാണ് ജവഹര്‍ലാല്‍ 1928ല്‍ എഐസിസി പ്രസിഡന്റായത്.
മോത്തിലാലിന്റെ സ്വപ്‌നസാക്ഷാത്കാരമായിരുന്നു ജവഹര്‍ലാലിന്റെ പ്രസിഡന്റ് പദവി. താന്‍ കോണ്‍ഗ്രസിനെ സാമ്പത്തികമായി സഹായിക്കുന്നത് തന്റെ മകന്റെ പദവിക്ക് വേണ്ടിയാണെന്നു പറയാന്‍ മോത്തിലാല്‍ ഒരിക്കലും മടിച്ചിരുന്നില്ല. തന്റെ മകനേയും അദ്ദേഹം അക്കാര്യം ഓര്‍മ്മിപ്പിച്ചിരുന്നു. ജവഹര്‍ലാല്‍ ഹാരോവില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് മോത്തിലാല്‍ എഴുതിയ കത്ത് കാണാതിരിക്കരുത്. മോത്തിലാല്‍ എഴുതി: ”നെഹ്‌റു വംശത്തിന്റെ അടിത്തറ പാകിയത് ഞാനാണ് എന്ന് അല്പം പോലും അഹന്തയില്ലാതെ ഞാന്‍ അവകാശപ്പെടുന്നു. പ്രിയപ്പെട്ട മകനേ, ആ അടിത്തറയ്ക്ക് മുകളില്‍ രമ്യഹര്‍മ്യം പണിതുയര്‍ത്താനുള്ള ബാദ്ധ്യത ഞാന്‍ നിന്നിലാണ് കാണുന്നത്. നിനക്ക് അതിന് കഴിയും”. അനുസരണശീലമുള്ള മകനായിരുന്നു ജവഹര്‍ലാല്‍. അദ്ദേഹം തന്റെ പിതാവിന്റെ ആഗ്രഹം നിറവേറ്റി. അങ്ങനെയാണ് നെഹ്‌റു കുടുംബാധിപത്യം ഇന്ത്യയില്‍ സ്ഥാപിതമായത്.
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് പ്രവിശ്യാ കമ്മറ്റികള്‍ നിര്‍ദ്ദേശിച്ചത് സര്‍ദാര്‍ പട്ടേലിനെ ആയിരുന്നു. പക്ഷേ, പദവി തനിക്ക് വേണമെന്ന് നെഹ്‌റുവിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനുവേണ്ടി ജവഹര്‍ലാല്‍ ഗാന്ധിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. അങ്ങനെയാണ് എല്ലാ ജനാധിപത്യമര്യാദകളെയും ലംഘിച്ചുകൊണ്ട് ജവഹര്‍ലാല്‍ പ്രധാനമന്ത്രിയായത്. കാരണം, കോണ്‍ഗ്രസ് പ്രവിശ്യാ കമ്മറ്റികളില്‍ ഒന്നുപോലും ജവഹര്‍ലാലിന്റെ പേര്‍ പ്രധാനമന്ത്രി പദവിയിലേക്ക് നിര്‍ദ്ദേശിച്ചിരുന്നില്ല. അല്പമെങ്കിലും ജനാധിപത്യമര്യാദ പാലിക്കുന്ന ആള്‍ ആര് പറഞ്ഞാലും ആ പദവി സ്വീകരിക്കാന്‍ പാടില്ലായിരുന്നു.
പ്രധാനമന്ത്രിയായ നെഹ്രു തന്റെ അച്ഛന്റെ പാതതന്നെ പിന്‍തുടര്‍ന്നു. പ്രധാനമന്ത്രിയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാന്‍ തനിക്ക് വിശ്വസ്തനായ സഹായിയെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ മകള്‍ ഇന്ദിരയെ മാത്രമാണ് അദ്ദേഹം വിശ്വസ്തയായി കണ്ടത്. അങ്ങനെ അധികാരത്തിലേക്ക് ഇന്ദിര എത്തിച്ചേര്‍ന്നു. തന്റെ മകളെ കൗശലത്തോടെ എഐസിസി അദ്ധ്യക്ഷയാക്കാനും ജവഹര്‍ലാലിനു കഴിഞ്ഞു. പാര്‍ട്ടി അദ്ധ്യക്ഷ പദവിയില്‍ നിന്നു പ്രധാനമന്ത്രിയിലേക്ക് ദൂരം കുറവാണെന്ന് അനുഭവത്തില്‍ നിന്നും ജവഹര്‍ലാല്‍ പഠിച്ചിരുന്നു. ഇതേ തന്ത്രം തന്നെയാണ് ഇന്ദിരയും പ്രയോഗിച്ചത്. തനിക്ക് വിശ്വസ്തനായ സഹായി വേണമെന്ന് 1971ലെ തിരഞ്ഞെടുപ്പിനുശേഷം ഇന്ദിരയും പറഞ്ഞിരുന്നു. അതിനെ തുടര്‍ന്നാണ് തന്റെ മകന്‍ സഞ്ജയ്ഗാന്ധിയെ സഹായിയായി കൂടെ കൂട്ടിയത്. തന്റെ പിന്‍ഗാമി സഞ്ജയ് ആയിരിക്കുമെന്ന സന്ദേശവും ഇന്ദിര തന്റെ അനുയായികള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ സഞ്ജയന്‍ അകാലത്തില്‍ പൊലിഞ്ഞു. അപ്പോഴാണ് രാജീവിനെ അവിടെ പ്രതിഷ്ഠിച്ചത്. 1984ല്‍ ഇന്ദിര കൊല്ലപ്പെട്ടപ്പോള്‍ രാജീവ് പ്രധാനമന്ത്രിയായി.
രാജീവിന്റെ ഭാര്യയായിരുന്നു എങ്കിലും സോണിയ മെയ്‌നോ ഇന്ത്യന്‍ പൗരത്വം 1983 അവസാനം വരെ സ്വീകരിച്ചിരുന്നില്ല. അവര്‍ അവരുടെ ഇറ്റാലിയന്‍ മഹിമയിലും പൗരത്വത്തിലും അഭിമാനം കൊണ്ടിരുന്നു. സോണിയ മെയ്‌നോ വലിയ രീതിയില്‍ വായനയും പഠിപ്പും ഉള്ള ആളാണെന്ന് അവരുടെ കനത്ത ആരാധകര്‍ പോലും പറയുന്നില്ല. അവര്‍ക്ക് ഇന്ത്യയെക്കുറിച്ചും ഇന്ത്യന്‍ സംസ്‌കാരത്തെകുറിച്ചും കാര്യമായ വിവരവും ഇല്ല. അവയൊക്കെ ആര്‍ജിക്കണമെന്ന് അവര്‍ക്ക് തോന്നിയിരുന്നുമില്ല. എന്നാല്‍ ഭര്‍ത്താവ് രാജീവ് ഗാന്ധികൊല്ലപ്പെട്ടപ്പോഴാണ്, ഒന്നേകാല്‍ നൂറ്റാണ്ട് പ്രായമുള്ള കോണ്‍ഗ്രസ്സിനെ നയിക്കാന്‍ അവര്‍ നിയുക്തയായത്. ഇന്ത്യയുടെ പ്രധാനമന്ത്രിയാകുക എന്നതു തന്നെയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, അവര്‍ നിധിപോലെ കാത്തുസൂക്ഷിച്ചിരുന്ന ഇറ്റാലിയന്‍ പൗരത്വം നിയമപരമായ തടസ്സമായി തീര്‍ന്നതുകൊണ്ട് അവര്‍ക്ക് അതിനു കഴിഞ്ഞില്ല. അതുകൊണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രിയായി അവര്‍ അവരുടെ പാവയായ ഡോ.മന്‍മോഹന്‍സിങ്ങിനെ നിയോഗിച്ചു. അങ്ങനെയാണ് ഒരിക്കല്‍ പോലും ജനവിധി നേടിയിട്ടില്ലാത്ത മന്‍മോഹന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ കഴിവും കാര്യശേഷിയും ഉള്ള അനേകം നേതാക്കള്‍ അന്ന് കോണ്‍ഗ്രസ്സില്‍ ഉണ്ടായിരുന്നു. പ്രണാബ് മുഖര്‍ജി, തീര്‍ച്ചയായും അവരില്‍ പ്രമുഖന്‍ തന്നെ. പക്ഷേ, തന്റെ ഇംഗീതം മാനിക്കാതിരിക്കുമോ എന്ന വിദൂര സംശയം ഉള്ളവരെ പോലും അവര്‍ പദവികളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇക്കാര്യത്തിലും സോണിയ നെഹ്രുകുടുംബ പാരമ്പര്യം തന്നെയാണ് പിന്‍തുടര്‍ന്നത്. തന്നേക്കാള്‍ ബുദ്ധിയും കഴിവും കാര്യശേഷിയും ഉള്ള എല്ലാവരേയും ജവഹര്‍ലാല്‍ തന്ത്രപൂര്‍വ്വം ഒഴിവാക്കിയിരുന്നു. സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ പട്ടേല്‍, സാവര്‍ക്കര്‍, കെ.എം.മുന്‍ഷി എന്നിവരെല്ലാം പെട്ടെന്ന് തോന്നുന്ന പേരുകള്‍ മാത്രം. പട്ടേലിനോടുള്ള പക പട്ടേലിന്റെ മരണശേഷവും ജവഹര്‍ലാലില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ പട്ടേലിന്റെ ശവസംസ്‌കാരചടങ്ങില്‍ പങ്കെടുക്കരുതെന്ന് അദ്ദേഹം ശാസന നല്‍കിയത്.
ശത്രുക്കളാകുമെന്നു കരുതുന്നവരെ ഒതുക്കുന്നതില്‍ ഇന്ദിരയും വളരെ മിടുക്കിയായിരുന്നു. നീലംസഞ്ജീവറെഡ്ഢി, കാമരാജ്, മൊറാര്‍ജി ദേശായ് എന്നിവരെ മാത്രമല്ല ജയപ്രകാശ് നാരായണനേയും അവര്‍ പകയോടെ കണ്ടു. അവരെയെല്ലാം ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒതുക്കുകയും ചെയ്തു. തനിക്ക് ഭീഷണി ഉയര്‍ത്തുന്ന ഒരാളും ഒരു സംസ്ഥാനത്തു നിന്നും കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നു വരാതിരിക്കാന്‍ അവര്‍ എന്നും ശ്രമിച്ചു. ഇന്ദിരക്ക് പിന്‍തുണ നല്‍കി അവരെ പ്രശംസിച്ചിരുന്ന യുവതുര്‍ക്കികളായ ചന്ദ്രശേഖറേയും മറ്റും ഒതുക്കിയത് ഉദാഹരണം മാത്രം. തനിക്കും തന്റെ കുടുംബത്തിനും ഭരണവും അധികാരവും വേണമെന്ന കാര്യത്തില്‍ മുത്തച്ഛന്‍ മോത്തിലാലിന്റെ കൊച്ചു മകള്‍ തന്നെയായിരുന്നു ഇന്ദിരയും.
തന്റെ അമ്മായിയമ്മയില്‍ നിന്നും ഇക്കാര്യം സഹജവാസനകൊണ്ട് സോണിയ സ്വായത്തമാക്കി. അതുകൊണ്ട് ജനപിന്തുണയും നേതൃത്വസിദ്ധിയും ഉള്ള കോണ്‍ഗ്രസ് നേതാക്കളെ അവര്‍ ഭയത്തോടെ വര്‍ജ്ജിച്ചു. കെ. കരുണാകരനും രാജശേഖരറെഡ്ഡിയും മമതാ ബാനര്‍ജിയുമെല്ലാം ഉദാഹരണങ്ങള്‍ മാത്രം. അവര്‍ക്ക് ജനപിന്തുണയുള്ള നേതാക്കളെ ഭയമായിരുന്നതുകൊണ്ട് തന്നെ മന്‍മോഹനെപോലെ ഉദ്യോഗസ്ഥ സ്വഭാവമുള്ള കപില്‍ സിബല്‍, ഗുലാം നബി ആസാദ്, അഭിഷേക് മനുസിംഗ്‌വി എന്നു തുടങ്ങിയവരെയാണ് കൂടെ കൂട്ടിയത്.
ഇങ്ങനെ, മോത്തിലാലില്‍ തുടങ്ങി ജവഹര്‍ലാല്‍, ഇന്ദിര, രാജീവ് എന്നിവരിലൂടെ രാഹുലില്‍ എത്തിനില്‍ക്കുന്ന നെഹ്രു കുടുംബാധിപത്യ സംസ്‌കാരം ഇന്ന് അതിന്റെ അനിവാര്യമായ പതനത്തിലെത്തിയിരിക്കുന്നു. നെഹ്രു ഭക്തര്‍ മനഃപൂര്‍വ്വം വിസ്മരിക്കുന്ന പേരാണ് ഗംഗാറാം കൊത്‌വാളിന്റേത്. ഈ ഗംഗാറാം കൊത്തുവാളാണ് നിയമപ്രകാരം മോത്തിലാലിന്റെ പിതാവ്. എന്നാല്‍, ഒരു പോലീസുകാരനായ ഗംഗാറാമിന്റെ പേര്, തന്റെ വംശമഹിമയുടെ തിളക്കം മങ്ങുമോ എന്നു കരുതിയതുകൊണ്ടാകാം മോത്തിലാലും ജവഹര്‍ലാലും പരാമര്‍ശിക്കാറില്ല. രാജാക്കന്മാരുടെ അഭിഭാഷകനായിരുന്ന മോത്തിലാലിന് തന്റെ പേരില്‍ ഒരു രാജവംശം ഉണ്ടാകണമെന്ന ആഗ്രഹം വന്നതിലും തെറ്റുകാണാനാകില്ല. എന്നും എവിടെയും ചെങ്കോലും കിരീടവും കൊന്നും വെന്നും മാത്രമെ നേടാന്‍ കഴിയൂ. അതുകൊണ്ടാണ് അനാസക്തമല്ലാത്ത അധികാരത്തില്‍ ഹിംസ അന്തര്‍ലീനമാണെന്ന് വ്യാസന്‍ മഹാഭാരതത്തില്‍ പറയുന്നത്.
മോത്തിലാലും ജവഹര്‍ലാലും ഇന്ദിരയും രാജീവും രാഹുലുമെല്ലാം അധികാരത്തില്‍ ആസക്തരാണ്. അതുകൊണ്ട് അധികാരം നേടാനും നേടിയ അധികാരം നിലനിര്‍ത്താനുമായി നെറികെട്ട പണികള്‍ ചെയ്തിട്ടുണ്ട്. അത്തരം നെറികേടുകളെയാണ് സ്വയംകൃതാനര്‍ത്ഥം എന്നു പറയുന്നത്. രാജവംശങ്ങളില്‍ കുമിഞ്ഞു കൂടുന്ന ഈ സ്വയം കൃതാനര്‍ത്ഥങ്ങളാണ് അവയുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നത്. ദിലീപനില്‍ തുടങ്ങി അഗ്നിവര്‍ണ്ണനില്‍ അവസാനിക്കുന്ന രഘുവംശരാജാക്കന്മാരുടെ കഥയെ അനുഗാനം ചെയ്ത കാളിദാസന്‍ അക്കാര്യം മനോഹരമായി ആലേഖനം ചെയ്തിട്ടുണ്ട്. അധികാരം അനാസക്തമായി വിനിയോഗിച്ച ധാര്‍മ്മികനായ ചക്രവര്‍ത്തിയായിരുന്നു ദിലീപന്‍. ഒരു മഹാസാമ്രാജ്യത്തിന്റെ അധിപനായിരിക്കെ അതെല്ലാം ഉപേക്ഷിച്ചുകൊണ്ട് വാനപ്രസ്ഥം സ്വീകരിച്ച് ഗംഗയുടെ ഓരത്ത് സ്വന്തം കൈകൊണ്ട് കൃഷിചെയ്തുണ്ടാകുന്ന ധാന്യം വിഘസമായി സ്വീകരിച്ചു ജീവിച്ച ദിലീപനെ വിസ്മയത്തോടെ മാത്രമേ കാണാന്‍ കഴിയൂ. ആ പരമ്പര അഗ്നിവര്‍ണ്ണനിലെത്തുമ്പോള്‍ മദ്യത്തിലും മദിരാക്ഷിയിലും അഭിരമിച്ച് രാജധര്‍മ്മത്തെ അവഗണിക്കുന്ന ഒരു അധമ ജീവിയേയും കാണേണ്ടിവരുന്നു. അതിലൂടെയാണ് വംശനാശം വരുന്നതും.
മഹാത്മാഗാന്ധിയുടെ നിസ്തുലമായ ത്യാഗവും ധര്‍മ്മബോധവും മാത്രമല്ല കോടാനുകോടി മനുഷ്യരുടെ ആത്മത്യാഗത്തിന്റെ സഞ്ജിതമായ പുണ്യമായിരുന്നു കോണ്‍ഗ്രസ്സിന്റെ ആത്മശക്തിയുടെ അടിത്തറ. ആ സംഘടനയെ, തന്റെ ഇല്ലാത്ത വംശമഹിമയുടെ സ്മാരകമാക്കി മാറ്റണമെന്നു കരുതി കരുക്കള്‍ നീക്കിയ മോത്തിലാലില്‍ തുടങ്ങുന്നു നാശത്തിന്റെ ആദ്യ സ്പന്ദനങ്ങള്‍. ഇന്ത്യയിലെ എല്ലാ മനുഷ്യരുടേയും ആശയാഭിലാഷങ്ങളുടെ പൂര്‍ത്തീകരണത്തിനായി പണിയെടുക്കേണ്ട കോണ്‍ഗ്രസ്സിനെ ഒരു കുടുംബത്തില്‍ മാത്രമാക്കി അധികാരം നിലനിര്‍ത്താനുള്ള ഉപകരണമാക്കി മാറ്റിയപ്പോള്‍ ആ സംഘടനയുടെ നാശം വളരുകയായിരുന്നു. 2014ല്‍ കോണ്‍ഗ്രസ് ഇന്ത്യന്‍ മണ്ണില്‍ നിന്നും ഇന്ത്യാക്കാരുടെ മനസ്സില്‍ നിന്നും തൂത്തെറിയപ്പെട്ടപ്പോള്‍ എ.കെ. ആന്റണിയോട്, ഈ കാര്യങ്ങള്‍ ഈ ലേഖകന്‍ നേരില്‍ പറഞ്ഞു. നാല്പത്തെട്ടു മിനിറ്റുകള്‍ നീണ്ടുനിന്ന സംഭാഷണത്തിന്റെ അവസാനം സംഘടനയില്‍ ജനാധിപത്യം തിരിച്ചുകൊണ്ടുവരണമെന്നും രാഹുലിനെയും സോണിയയേയും പാര്‍ട്ടിയുടെ അധികാരസ്ഥാനത്തുനിന്നും മാറ്റുന്നതാണ് ഉചിതമെന്നും പറഞ്ഞു. അപ്പോള്‍ ”I beg to differ” എന്നു മാത്രം എ.കെ. ആന്റണി പ്രതികരിച്ചു. ആന്റണി ആദ്യമായിട്ടായിരുന്നു എന്നോട് ഇംഗ്ലീഷില്‍ സംസാരിച്ചത്.
ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പു നടത്തി പാര്‍ട്ടിയെ സുശക്തമാക്കാന്‍ കഴിയാത്തവിധം കോണ്‍ഗ്രസ്സിന്റെ ആന്തരികശക്തി നശിച്ചിരിക്കുന്നു. ആന്റണി അടക്കമുള്ളവര്‍ വിശ്വസിക്കുന്നത് മായാ വിദ്യയിലാണ്. നെഹ്രു-ഗാന്ധി വംശ മഹിമ വോട്ടായി മാറുമെന്നാണ്. നേരത്തെ സൂചിപ്പിച്ച, മഹാത്മാഗാന്ധിയുടേയും കോടാനുകോടി മനുഷ്യരുടേയും ആത്മത്യാഗത്തില്‍ നിന്നും സ്വരൂപീക്കപ്പെട്ട നന്മയുടെ ഊര്‍ജ്ജം വറ്റിയിരിക്കുന്നു. അതുകൊണ്ട് അതിന്റെ ഓജസ്സ് കെട്ടിരിക്കുന്നു. ആയതിനാല്‍ പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പു നടന്നാല്‍ പാര്‍ട്ടി തകരുമെന്നു ചില നേതാക്കള്‍ പറയുന്നതിലും കാര്യമുണ്ട്. പുണ്യം നശിക്കുകയും പാപഫലം കായ്ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിന്റെ നാശം സ്വാഭാവികമാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 136 വര്‍ഷത്തിലെത്തിയിരിക്കുന്നു. ഈ പ്രായത്തില്‍, ജഗത്തിനെ സൃഷ്ടിച്ചു സംഹരിച്ചു പരിരക്ഷിക്കുന്ന കാലം തന്നെയാണ്, ഇതിനേയും നശിപ്പിക്കുന്നത്. കാലം ഒരാളെയും കുടംകൊണ്ട് തലക്കടിച്ചു കൊല്ലില്ല എന്നാണ് വ്യാസന്‍ പറയുന്നത്. സ്വയംകൃതാനര്‍ത്ഥം മൂലം ശരി തെറ്റാണെന്നും തെറ്റ് ശരിയാണെന്നും ഒരുവന് തോന്നി തുടങ്ങും. അതോടെ തെറ്റായ തീരുമാനം തന്നെ എടുത്ത് സ്വയം നശിക്കുകയും ചെയ്യും. കോണ്‍ഗ്രസ്സിന്റെ അവസ്ഥ അതാണ്. നെഹ്രു-ഗാന്ധി കുടുംബത്തിന്റെ മാന്ത്രികവടിയുടെ ജാലവിദ്യയിലാണ് ആന്റണി അടക്കമുള്ളവര്‍ക്ക് വിശ്വാസം. ആ മാന്ത്രികവടിയുടെ മായാസിദ്ധി നശിച്ചു എന്ന കാര്യം അവര്‍ക്ക് മനസ്സിലാകില്ല. മായാസിദ്ധി നശിച്ച മാന്ത്രിക വടികൊണ്ട് മായാക്കാഴ്ചകള്‍ കാണിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന മാന്ത്രികനെയാണ് ആന്റണി അടക്കമുള്ള നേതാക്കള്‍ ഓര്‍മ്മിപ്പിക്കുന്നത്.
അതുകൊണ്ട്, നെഹ്രു-ഗാന്ധി കുടുംബമഹിമയില്‍ തങ്ങള്‍ക്ക് ഉറച്ചവിശ്വാസമുണ്ടെന്ന് ആന്റണി മാത്രമല്ല വിമതനായ ഗുലാംനബി ആസാദും ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കും. മരണകാലം അടുത്തവന് ഔഷധം ഫലിക്കില്ല എന്നൊരു ചൊല്ലുണ്ട്. ഇപ്പോഴത്തെ കോണ്‍ഗ്രസ്സിന്റെ അവസ്ഥ അതാണ്. യുപിയില്‍ മാത്രമല്ല പഞ്ചാബിലും ആന്ധ്രയിലുമെല്ലാം തെറ്റായ തീരുമാനമാണ് കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്നത്. ശരിയായ തീരുമാനം എടുക്കാന്‍ കഴിയാത്തവിധം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ സ്വയംകൃതാനര്‍ത്ഥ ഫലം ഗ്രസിച്ചിരിക്കുന്നു. അതിന്റെ സ്വാഭാവികമായ അന്ത്യം തകര്‍ച്ച തന്നെയാണ്. യാദവവംശത്തിന്റെ മഹിത പാരമ്പര്യം ഏറ്റുവാങ്ങി അഹങ്കരിച്ച ദ്വാരകാപുരിയുടെ നാശത്തെയാണ് കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച ഓര്‍മിപ്പിക്കുന്നത്.