പുതിയകാലത്ത് സൃഷ്ടിസ്ഥിതിസംഹാരങ്ങളൊക്കെ നടപ്പാക്കുന്നത് മാധ്യമങ്ങളാണെന്ന് നമുക്കറിയാം. ചെറുതിനെ വലുതാക്കാനും വലുതിനെ നിസ്സാരമാക്കാനും അവയ്ക്കു കഴിയും. ചെറുതൊന്നിനെ ഊതിപ്പെരുപ്പിച്ച്, ചിതല്‍പ്പുറ്റിനെ മഹാമേരുവാക്കിയ മാധ്യമമാഹേന്ദ്രജാലത്തിന്റെ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും സമീപകാലത്തു നിന്ന് ചൂണ്ടിക്കാട്ടാനാവും. കൂട്ടത്തില്‍ നന്നായി ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ഹിജാബ് വിവാദം. ‘ഭക്ഷണസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന ഫാസിസ’ ത്തിനു ശേഷം വസ്ത്രധാരണ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമെന്ന് പരസ്യം ചെയ്യപ്പെട്ടു ഈ വിഷയം. സ്‌കൂള്‍ യൂണിഫോം ധരിച്ചാവണം കുട്ടികള്‍ സ്‌കൂളിലെത്തേണ്ടത്, ഹിജാബാവരുത് എന്ന യുക്തിസഹജമായ ഒരു നിബന്ധനയാണ് ഇങ്ങനെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്. യൂണിഫോം നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അത് ധരിച്ചിരിക്കണമെന്ന നിലപാടിലെന്താണ് അപാകത? കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഹിജാബിനെന്താണു കുഴപ്പം?
മനുഷ്യരാശി വസ്ത്രം ധരിക്കാന്‍ തുടങ്ങിയത് പ്രകൃതി ശക്തികളില്‍ നിന്നു സംരക്ഷണം തേടുന്നതിന്റെ ഭാഗമായിട്ടായിരുന്നു. കാറ്റും മഞ്ഞും മഴയും വെയിലും പൊടിയുമൊക്കെ ശരീരത്തെ ബാധിക്കാതിരിക്കാന്‍ മരവുരിയോ മൃഗത്തോലോ ഇലകളോ കല്ലുമാലകളോ തുന്നിയ ഉടുപ്പുകള്‍ സഹായിക്കുമെന്ന തിരിച്ചറിയലായിരുന്നു തുടക്കം. പിന്നെപ്പിന്നെ, മനുഷ്യജീവിതത്തിന്റെ മറ്റെല്ലാ കാര്യങ്ങളിലുമെന്നതുപോലെ, വസ്ത്രധാരണത്തിലും അടിമുടി മാറ്റങ്ങളുണ്ടായി. ഉടുക്കുന്ന രീതിയും വസ്തുവും അതിന്റെ സവിശേഷതകളുമൊക്കെ ഭൂപ്രകൃതിയ്ക്കും കാലാവസ്ഥക്കും ജീവിതശൈലിക്കും ധരിക്കുന്നയാളിന്റെ പ്രായത്തിനും ലിംഗത്തിനും സ്ഥാനത്തിനും മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനുമൊക്കെ അനുസൃതമായി മാറിമറിഞ്ഞുകൊണ്ടേയിരുന്നു. പലപ്പോഴും വ്യക്തിയുടെ താല്പര്യങ്ങളും സമൂഹത്തിന്റെ നിബന്ധനകളും തമ്മില്‍ വസ്ത്രധാരണത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായി; ജയാപജയങ്ങളുണ്ടായി. പൊതുവേ പറഞ്ഞാല്‍, സൗകര്യവും വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളും സാമൂഹ്യമായ പുതുവഴക്കങ്ങളുമൊക്കെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലെത്തി നില്‍ക്കുന്ന ലോകത്തെ വസ്ത്രധാരണത്തെ നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ ഇതിനൊരപവാദം, ഇസ്ലാമിക നിയമങ്ങളുടെ അടിച്ചേല്പിക്കലിന്റെ ഭാഗമായുള്ള ഹിജാബെന്ന ചട്ടക്കൂടാണ്. അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ സ്വതന്ത്രരായി, തങ്ങള്‍ക്കിഷ്ടമുള്ള പാശ്ചാത്യ വേഷങ്ങളായിരുന്നു താലിബാന്‍ അധിനിവേശത്തിനു മുന്‍പ് ധരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ മതഭ്രാന്തിനാല്‍ അന്ധത ബാധിച്ച താലിബാന്‍ സൈന്യം അധികാരം പിടിച്ചെടുത്തതോടെ, ശരീരമാസകലം മൂടിപ്പൊതിയുന്ന ഹിജാബ് അവര്‍ക്കുമേല്‍ അടിച്ചേല്പിക്കപ്പെട്ടു. സ്ത്രീകള്‍ തനിച്ചു പുറത്തിറങ്ങാന്‍ പാടില്ലെന്ന നിബന്ധന നടപ്പാക്കപ്പെട്ടു. ബ്യൂട്ടിപാര്‍ലറുകളുടെ പരസ്യം പോലും കരിഞ്ചായമൊഴിച്ചു മറയ്ക്കപ്പെട്ടു. ഇത് അഫ്ഗാനിസ്ഥാന്റെ മാത്രം കാര്യമല്ല, ഇസ്ലാമികരാഷ്ട്രങ്ങളില്‍ പലയിടത്തും സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യം മതതീവ്രവാദികളുടെ ഇടപെടല്‍ മൂലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
ഒരു കാലത്ത് കേരളത്തിലെ മുസ്ലിം കുടുംബങ്ങളിലെ സ്ത്രീകള്‍ മതചിഹ്നമെന്നോണം വേഷധാരണത്തില്‍ പുലര്‍ത്തിയിരുന്ന നിഷ്‌ക്കര്‍ഷ, തലയില്‍ തട്ടമിടുന്നതില്‍ മാത്രമായിരുന്നു. ഹിജാബ് ധരിച്ച ഒരു സ്ത്രീയെപ്പോലും കേരളത്തിലെവിടെയും കാണാനുണ്ടായിരുന്നില്ല. പക്ഷേ തീവ്രവാദവും അന്യമതവിദ്വേഷവും മതാന്ധതയും മതരാജ്യം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള നിസ്സങ്കോചമായ മനുഷ്യക്കുരുതിയുമൊക്കെ ആഗോളതലത്തില്‍ വര്‍ദ്ധിക്കുന്നതിനൊപ്പം കേരളീയ സമൂഹത്തിലും മാറ്റങ്ങളുണ്ടായിരിക്കുന്നു. മൂക്കുള്‍പ്പെടെ മുഖം മറയ്ക്കുന്ന കറുപ്പുവേഷം ധരിച്ചവര്‍, അടിമുടി ഹിജാബില്‍ പൊതിഞ്ഞവര്‍ – അങ്ങനെയുള്ള മുസ്ലിം സ്ത്രീകളെ ഇന്ന് നാട്ടിന്‍പുറങ്ങളില്‍ പോലും കാണാം. പെണ്ണിന്റെ വേഷധാരണത്തിന്റെ മേലുള്ള ഈ അടിച്ചേല്പിക്കലിനെ ആരെങ്കിലും വിമര്‍ശിച്ചാലോ? ഉടന്‍ വരും ന്യായീകരണക്കാരികള്‍, ”ഞങ്ങളെ ആരും നിര്‍ബന്ധിച്ചിട്ടല്ല, ഞങ്ങള്‍ക്ക് ഈ വേഷമാണിഷ്ടം. ഹിജാബ് നല്‍കുന്ന സുരക്ഷിതത്വം ചെറുതല്ല” തുടങ്ങിയ വാദങ്ങളുമായി. വിചിത്രമായ വാദങ്ങളെന്നല്ലാതെ എന്തു പറയാന്‍? സ്വന്തം ശരീരം, മുഖമുള്‍പ്പെടെ പൊതിഞ്ഞു കെട്ടി വെയ്ക്കുന്നതാണ് ഇവര്‍ക്കിഷ്ടമെന്നോ? പ്രകൃതിയുടെ കാറ്റും വെളിച്ചവും മുഖത്തു തൊടുന്നത് ഇഷ്ടമല്ലെന്നോ? എങ്കിലെന്തേ, തീവ്രവാദ ഭീകരകാലത്തിനു മുന്‍പു ജീവിച്ചിരുന്ന മുസ്ലിം വനിതകള്‍ ഈ വേഷം ധരിച്ചില്ല? വിശുദ്ധ ഖുറാനില്‍ ഹിജാബ് നിബന്ധന ചെയ്തിട്ടുണ്ടെങ്കില്‍, എന്തുകൊണ്ട് പഴയകാലത്തെ ഇസ്ലാമിക സ്ത്രീകളതു പാലിച്ചില്ല? ഇനി ഹിജാബ് ധരിക്കുമ്പോഴാണ് തങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നുന്നതെന്ന അപഹാസ്യമായ വാദം യഥാര്‍ത്ഥത്തില്‍ ഭരണസംവിധാനത്തിന്റെയും നിയമവ്യവസ്ഥയുടെയും തങ്ങളുടെ തന്നെ പുരുഷന്മാരുടെയും വിശ്വാസ്യതയില്ലായ്മയിലേക്കല്ലേ വിരല്‍ ചൂണ്ടുന്നത്? പൊതിഞ്ഞു കെട്ടി, മറച്ചുവെച്ചില്ലെങ്കില്‍ പൊട്ടിത്തെറിക്കുന്ന ബോംബാണോ സ്ത്രീ? സ്വന്തംശരീരത്തെപ്പറ്റി, സൗന്ദര്യത്തെപ്പറ്റി മനുഷ്യ സഹജമായ വികാരവിചാരങ്ങളൊന്നുമില്ല തങ്ങള്‍ക്കെന്നു പ്രഖ്യാപിക്കുന്നതിലെ സത്യസന്ധയില്ലായ്മയെന്ന അസാന്മാര്‍ഗ്ഗികത എങ്ങനെ കണ്ടില്ലെന്നു നടിക്കും?ഒരു ഉഷ്ണമേഖലാരാജ്യത്തെ കാലാവസ്ഥയില്‍ ഈ കറുപ്പുകൂടാരത്തില്‍ കഴിഞ്ഞുകൂടുന്നതിന്റെ പ്രായോഗിക വൈഷമ്യത്തെക്കുറിച്ചുപോലും അഭിപ്രായം പറയാന്‍ കഴിയാത്ത വിധമുള്ള സ്ത്രീ അടിമത്തത്തെപ്പറ്റി എന്തേ ഇന്നാട്ടിലെ ബുദ്ധിജീവികള്‍ നിശ്ശബ്ദത പാലിക്കുന്നു?
ഇനി വിദ്യാലയങ്ങളിലെ ഹിജാബിന്റെ പ്രസക്തിയെക്കുറിച്ചാലോചിക്കാം. എന്തിനാണ് മിക്ക സ്‌കൂളുകളിലും ചില കോളേജുകളിലും യൂണിഫോം നിര്‍ബ്ബന്ധിതമാക്കിയിരിക്കുന്നത്? അത് വിദ്യാര്‍ത്ഥികളെ ഒരുമിപ്പിക്കുന്നു; വേഷധാരണത്തിലെങ്കിലും തുല്യത സൃഷ്ടിക്കുന്നു, തിരിച്ചറിയപ്പെടാനുള്ള സാഹചര്യമൊരുക്കുന്നു, വിദ്യാലയങ്ങളിലേയ്ക്ക് ചേര്‍ത്തുപിടിക്കുന്നു, അച്ചടക്കത്തിന്റെ വസ്ത്രവിധാനപാഠമായിത്തീരുന്നു. വിദ്യാലയത്തിന്റെ അല്ലെങ്കില്‍ താന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ നിയമങ്ങളനുസരിക്കാനും ആ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കാനുമുള്ള ബാധ്യതയുണ്ട് ഓരോ ആള്‍ക്കുമെന്നു മാത്രമല്ല, അതിനും തയ്യാറല്ലെങ്കില്‍ അവിടം വിട്ടുപോകാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നിരിക്കെ, യൂണിഫോം വേണ്ട, ഹിജാബ് വേണം എന്ന കലാപത്തിനെന്തര്‍ത്ഥം? ഒരുമയുടെ, പുരോഗമനാശയങ്ങളുടെ, ദേശീയബോധത്തിന്റെ, ശാസ്ത്രീയ ചിന്താഗതിയുടെയൊക്കെ പിള്ളത്തൊട്ടിലായിരിക്കേണ്ടുന്ന വിദ്യാലയങ്ങളില്‍ അനാവശ്യമായി മതാധിപത്യം വളര്‍ത്താനല്ലേ ഹിജാബ് ശാഠ്യം ഉതകുകയുള്ളൂ? തങ്ങള്‍ യൂണിഫോമിന്റെ ഏകതയിലുള്‍പ്പെടുന്നില്ല, പകരം വിദ്യാലയശരീരത്തില്‍ നിന്നും രാഷ്ട്രശരീരത്തില്‍ നിന്നും അകന്നുമാറി മതസമൂഹമായി മാത്രം നിലകൊള്ളുമെന്ന സന്ദേശമല്ലേ അത് നല്‍കുന്നത്? ഇത്തരമൊരു വിഘടനാത്മക ശാഠ്യം എത്രമാത്രം ദോഷകരമായ പ്രതിഫലനങ്ങളാവും കൗമാരമനസ്സുകളില്‍ സൃഷ്ടിക്കുന്നത്? തീവ്രവാദത്തിന്റെ വളര്‍ച്ച, നേതാക്കള്‍ക്ക്, മതാധിപതികള്‍ക്ക് അവരുടെ നിലനില്പിനാവശ്യമായ ഒന്നാണ്. പക്ഷേ അതിനുവേണ്ടി തങ്ങളുടെ കുട്ടികളെ ബലിയാടുകളാക്കണമോയെന്ന് മാതാപിതാക്കള്‍ ചിന്തിച്ചേ മതിയാകൂ.
തീവ്രവാദാക്രമണങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്ന ആഗോള സമൂഹത്തില്‍, വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മാത്രമല്ല, പൊതുവിടങ്ങളിലെവിടെയും ഹിജാബ് അനാവശ്യമാണ്. കറുപ്പുകൂടാരത്തിനുള്ളിലെ ആളാരാണെന്നു തിരിച്ചറിയാനാകാത്തത് മതഭ്രാന്തന്മാര്‍ക്ക് സൗകര്യമായിത്തീരുന്നു. പൊതുധാരയോടു ചേര്‍ന്നു നില്‍ക്കുന്ന വസ്ത്രധാരണവൈവിധ്യങ്ങളേതും സ്വീകരിച്ചുകൊണ്ട് വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വേണ്ടുവോളം ഇടം നേടാമെന്നിരിക്കെ, നിരവധി ലോകരാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട ഹിജാബിനു വേണ്ടി തെരുവിലിറങ്ങുന്നത് സദുദ്ദേശപരമല്ലെന്നതു സത്യം. വസ്ത്രം ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇണങ്ങുന്നതായിരിക്കുന്നതിനൊപ്പം, സാമൂഹ്യമായ അപകടഭീഷണികള്‍ക്ക് അരുനില്‍ക്കുന്നതാവരുത് എന്നുകൂടി പറയേണ്ടിയിരിക്കുന്നു.
ഭാരതീയരാണ് നാമെന്ന് അഭിമാനപൂര്‍വ്വം തിരിച്ചറിയാനാവണം ഓരോ ആള്‍ക്കും. ഭാഷയും വേഷവും മതവുമൊക്കെ തീര്‍ക്കുന്ന അതിരുകള്‍ക്കതീതമായി ലോകത്ത് അഭിവൃദ്ധി നേടിയിട്ടുള്ള എല്ലാ രാജ്യങ്ങളിലെയും ജനത ചിന്തിക്കുന്നത് അത്തരത്തിലാണ്. മതാന്ധതയ്ക്കല്ല, ദേശീയതയ്ക്കാണ് ഇനിവരും നാളുകളിലെ ഭാരതം പിന്തുണ നല്‍കാന്‍ പോകുന്നതെന്ന സത്യം, ‘വേഷശാഠ്യ’ ക്കാര്‍ക്ക് സദ്ബുദ്ധിയുണ്ടാക്കട്ടെ.
Comments