സൃഷ്ടികര്‍ത്താവായ ബ്രഹ്മാവില്‍ സത്വഗുണം കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയപ്പോള്‍ അതിലെ ഒരംശം ബാലസരസ്വതിയായി രൂപം പ്രാപിച്ചു. ആ ദേവത സ്വന്തം ജന്മദാതാവിന്റെ ആജ്ഞാനുസരണം ദേവീഭാവത്തിലും നദീരൂപത്തിലും അവതരിച്ചു. സരസ്വതീദേവി എല്ലാ ജീവികളുടെയും നാവിന്‍തുമ്പില്‍ വസിച്ചു; വിദ്വജ്ജനങ്ങളുടെയും സംഗീതജ്ഞരുടെയും നാവില്‍ നൃത്തം തത്തി. ആകാശത്തിലെ ക്ഷീരപഥത്തിന്റെ തുടര്‍ച്ചയായി ഭൂമിയില്‍ ഒഴുകാന്‍ തുടങ്ങിയ സരസ്വതി ഏഴു പുണ്യനദികളില്‍ ഒന്ന് എന്ന അഭ്യര്‍ഹിതസ്ഥാനം നേടി.
സരസ്വതീനദിയും സരസ്വതീസംസ്‌കാരവും
നമ്മുടെ സാമ്പ്രദായിക പൂജാക്രമത്തിലെ അതിപ്രധാനമായ ശംഖപൂരണം എന്ന ഘട്ടത്തില്‍ ചൊല്ലേണ്ടുന്ന വിഷ്വക്‌സേനമന്ത്രം ഇങ്ങനെയാണല്ലോ:
ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നര്‍മദേ സിന്ധു കാവേരി
ജലേസ്മിന്‍ സന്നിധിം കുരു.
സരസ്വതീനദീജലംകൂടി കലര്‍ന്നാലേ ശംഖിലെ ജലം തീര്‍ഥമാവൂ എന്നു ചുരുക്കം.
പ്രയാഗയിലെ കുംഭമേള എന്ന മഹാമഹം നടന്ന സ്ഥലം ത്രിവേണി എന്നെണ്ണുന്നത് അന്തര്‍ വാഹിനിയാകയാല്‍ കാണാനാവാത്ത സരസ്വതീനദി അവിടെ എവിടെയും കണ്‍മുന്നിലൂടെ ഒഴുകുന്ന ഗംഗായമുനകളോട് ഒന്നിക്കുന്നു എന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണ്.
ഋഗ്വേദകാലാരംഭത്തില്‍ അല്‍ഭുതാവഹമായ ജലസമ്പത്തിയന്ന സരസ്വതി ഹിമാചല്‍പ്രദേശില്‍ ഉല്‍ഭവിച്ച് ഹരിയാനയില്‍ വച്ച് ഘഗ്ഗര്‍ നദിയുമായി സന്ധിച്ചിട്ട് രാജസ്ഥാനിലൂടെ ഒഴുകി പശ്ചിമസമുദ്രത്തില്‍ ചെന്നുന്നുചേര്‍ന്നു; തീരപ്രദേശങ്ങളെയാസകലം ഫലഭൂയിഷ്ഠവും പവിത്രവുമാക്കി; സ്വന്തം തീരത്തില്‍ ഒരു മഹായാഗം നടത്തിയ മതിനാരന്‍ എന്ന രാജാവിനെ വരിച്ചു; അവര്‍ക്ക് തംസു എന്നൊരു മകന്‍ പിറക്കുകയും ചെയ്തു. ദധീചിമഹര്‍ഷിയുടെ ആശ്രമവും മഹാഭാരത പ്രസിദ്ധമായ കാമ്യകവനവും ആര്യസംസ്‌കാര കേന്ദ്രം എന്നു മനുസ്മൃതി വിശേഷിപ്പിക്കുന്ന ബ്രഹ്മാവര്‍ത്തവും സരസ്വതീതീരത്തിലായി.
ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തിനു ശേഷം ഭഗവാന്റെ ഒട്ടേറെ പത്‌നിമാര്‍ ജീവത്യാഗം ചെയ്യാന്‍ തിരഞ്ഞെടുത്തത് സരസ്വതീനദിയെയത്രേ.
പില്‍ക്കാലത്ത് വല്ല പ്രകൃതിക്ഷോഭവും നിമിത്തവുമാവാം, സരസ്വതിയിലെ ഒഴുക്ക് മന്ദീഭവിച്ചു; വഴിയില്‍ അവിടവിടെ പൊയ്കകള്‍ രൂപപ്പെട്ടു; രാജസ്ഥാനിലെ മരുഭൂമിച്ചൂടില്‍ ആ പുഴ വറ്റിപ്പോവുകയും ചെയ്തു; ഭംഗ്യന്തരേണ പറഞ്ഞാല്‍, അന്തര്‍വാഹിനീരൂപത്തില്‍ അപ്രത്യക്ഷയായി.
പ്രാചീനഭാരതത്തില്‍ സംഭവിച്ചു എന്ന് വൈദേശികഗവേഷകര്‍ സിദ്ധാന്തിച്ച ആര്യന്‍ അധിനിവേശത്തിന്റെയും അതിന്റെ ഫലമെന്നു കരുതിപ്പോന്ന സിന്ധുനദീതടസംസ്‌കാരത്തിന്റെയും വാസ്തവികത സംശയാസ്പദമായിക്കഴിഞ്ഞു. പകരം സരസ്വതീസംസ്‌കാരം എന്ന പ്രയോഗം പ്രചാരമാര്‍ജിച്ചുവന്നു.
വൈവിധ്യങ്ങള്‍ സ്വാഭാവികം
ബ്രഹ്മാവിന്റെ മാനസപുത്രിയായ സരസ്വതീദേവി ക്രമേണ അദ്ദേഹത്തിന്റെ സഹധര്‍മചാരിണി എന്ന പദവിയിലേക്കുയര്‍ന്നു. ഒരു യാഗം ആരംഭിക്കേണ്ടിയിരുന്ന മുഹൂര്‍ത്തത്തില്‍ സരസ്വതിയെ കാണാഞ്ഞതിനാല്‍ യജമാനപത്‌നീസ്ഥാനം വഹിക്കാന്‍ ബ്രഹ്മാവ് ഗായത്രീദേവിയെ സൃഷ്ടിച്ചതില്‍ കാലുഷ്യമിയന്ന സരസ്വതിയുടെ ശാപം മൂലമാണത്രേ ജഗല്‍സ്രഷ്ടാവിന് വിഷ്ണുവിനെയോ ശിവനെയോപോലെ പൂജാര്‍ഹത ഇല്ലാതെ പോയത്.
മഹാലക്ഷ്മീ-ഭൂമീദേവിമാര്‍ക്കൊപ്പം വിഷ്ണുപത്‌നിയായിരുന്ന സരസ്വതീദേവിയെ വിഷ്ണു ബ്രഹ്മാവിനു സമ്മാനിച്ചുവത്രേ.
ഇത്തരം കഥകളുടെ വസ്തുനിഷ്ഠത തര്‍ക്കവിഷയമാക്കേണ്ടതില്ല. വാദപ്രതിവാദങ്ങള്‍ക്കെല്ലാം അപ്പുറത്ത് ആയിരമായിരം കൊല്ലങ്ങളായി ജനഹൃദയങ്ങളില്‍ മിന്നിത്തിളങ്ങിനില്‍ക്കുന്ന വിശാസങ്ങളുടെ മായാലോകത്തിലാണ് അവയുടെ സ്ഥാനം. പുരാണത്തിലെ ഒരു കഥ മറ്റൊന്നിന്റെ നേര്‍വിപരീതമായും കാണാം. അത്യന്തഭിന്നമായ വേഷഭാഷകളും ശീലങ്ങളുമാര്‍ന്ന നൂറുനൂറു ജനസമൂഹങ്ങളെ പരസ്പരവൈജാത്യങ്ങള്‍ക്കെല്ലാം ഇടയിലും ഒരേ ചരടിലെന്നോണം കോര്‍ത്തിണക്കുന്ന പല സമാനതന്തുക്കളുമുണ്ട്. അവയുടെ ബലത്തില്‍ എണ്ണമറ്റ വിഭിന്നസമൂഹങ്ങള്‍ ഒന്നു ചേര്‍ന്നുകഴിയുന്ന നമ്മുടെ മഹാരാജ്യത്തില്‍ ഇഹലോകത്തിലെ ആചാരങ്ങളും വിശ്വാസങ്ങളും പുരാണപ്രപഞ്ചത്തിലേക്കും മറിച്ചും കടന്നുകേറും. പലപ്രദേശങ്ങളില്‍ പലകാലത്തു രൂപംകൊണ്ട നൂറുകണക്കിനു പുരാണങ്ങളിലെ കഥകള്‍ പരസ്പരം പൊരുത്തപ്പെട്ടു കണ്ടാലേ അല്‍ഭുതത്തിനവകാശമുള്ളൂ.
വിശ്വാസാചാരങ്ങളുടെ വൈവിധ്യം
നവരാത്രിമഹോല്‍സവത്തിന്റെ പരിസമാപ്തി എന്നനിലയില്‍ പത്താം ദിവസം (ദശമിനാള്‍) സംഭവിക്കുന്ന തിന്മയുടെ നാശവും നന്മയുടെ വിജയവുമാണ് വിജയദശമി എന്നും ദസ്ര (ദശ + ഹര = പത്താം ദിവസത്തെ ഹരിക്കല്‍, ഇല്ലാതാക്കല്‍) എന്നും മറ്റുമുള്ള പേരുകളില്‍ നമ്മുടെ മഹാരാജ്യത്തിലെ വിവിധപ്രദേശങ്ങളില്‍ ജനങ്ങള്‍ പലപ്രകാരത്തില്‍ ആഘോഷിക്കുന്നത്. അത് ദില്ലിയിലും മറ്റും രാവണ-കുംഭകര്‍ണ- മേഘനാദന്മാരുടെ കൂറ്റന്‍ രൂപങ്ങള്‍ ജനസമുദ്രമധ്യത്തില്‍ അഗ്നിക്കിരയാക്കുന്നതില്‍ കലാശിക്കുന്ന രാമലീലയാവും; മൈസൂരുവിലും മറ്റും ഒന്‍പതുദിവസത്തെ പൂജയുടെ ഫലമായി വീര്യത്തിന്റെ പരമകാഷ്ഠയിലെത്തിയ ദേവിയുടെ മഹിഷാസുരനിഗ്രഹവും.
മറ്റിടങ്ങളില്‍
കേരളത്തിനു വെളിയില്‍, വിശേഷിച്ചും ബംഗാളിലും മറ്റും നവരാത്രിമഹോല്‍സവത്തിന്റെ ആധ്യാത്മികതലം ദുര്‍ഗാപൂജയോടാണ് പൊതുവേ ബന്ധപ്പെട്ടിരിക്കുന്നത്.
വിന്ധ്യാപര്‍വതപ്രദേശങ്ങള്‍, ഒഡിഷ, പശ്ചിമബംഗാള്‍, അസം മുതലായ സ്ഥലങ്ങളില്‍ മഹാസരസ്വതീസങ്കല്‍പ്പം പ്രബലമാണ്. ശൈലപുത്രി (വലംകൈയില്‍ ത്രിശൂലവും ഇടംകൈയില്‍ താമരപ്പൂവുമുള്ള ഹിമവല്‍പുത്രി), ബ്രഹ്മചാരിണി (ഇടം-വലം കൈകളില്‍ കമണ്ഡലുവും ജപമാലയുമാര്‍ന്ന തപോനിഷ്ഠയായ ദേവി), ചന്ദ്രഖണ്ഡാ(ചന്ദ്രക്കല ചൂടിയവള്‍), കൂശ്മാണ്ഡാ (അഷ്ടബാഹുവും സിംഹാരൂഢയും സൂര്യമണ്ഡലമധ്യസ്ഥയുമായ പ്രപഞ്ചജനനി), സ്‌കന്ദമാതാ (ചതുര്‍ബാഹുവും ഒരു കൈയില്‍ അറുമുഖബാലനെ പിടിച്ച സിംഹവാഹനയായ ദേവി), കാത്യായനി (വാളേന്തി സിംഹാരൂഢയായ മഹിഷാസുരമര്‍ദിനി; കതി എന്ന മഹര്‍ഷിയുടെ മകള്‍), കാളരാത്രി (സുംഭ-നിസുംഭന്മാരെ വധിക്കാനൊരുങ്ങി സ്വന്തം ശരീരവര്‍ണം കടും കറുപ്പാക്കി, നാലുകൈകളിലും ആയുധങ്ങളേന്തി, പോത്തിന്‍പുറത്തേറിയ ദേവി), മഹാഗൗരി (തൂവെള്ളനിറത്തോടെ കാളപ്പുറത്തിരിക്കുന്ന ചതുര്‍ബാഹുവായ ദേവി), സിദ്ധിദാത്രി (ശംഖചക്രാദികള്‍ നാലുകൈകളിലേന്തി താമരപ്പൂവിലോ സിംഹാസനത്തിലോ ഇരിക്കുന്ന സര്‍വസിദ്ധിപ്രദ) എന്നീ നവദുര്‍ഗകളെയാണ് ബംഗാളിലും മറ്റും ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള ദിവസങ്ങളില്‍ മുറയ്ക്കു പൂജിക്കാറ്. വിദ്യാ-കലാദിദേവത എന്ന സരസ്വതീസങ്കല്‍പ്പഭാവം ഒന്‍പതാം ദിവസത്തെ പൂജ്യദേവതയായ സര്‍വസിദ്ധിപ്രദാസങ്കല്‍പ്പത്തില്‍ ഉള്ളടങ്ങുന്നു.
വടക്കു കിഴക്കന്‍ഭാരതത്തില്‍ പല പ്രദേശങ്ങളിലും മഹാസരസ്വതി അഥവാ നീലസരസ്വതി അല്ലെങ്കില്‍ താര എന്നൊരു ദേവീസങ്കല്‍പ്പം പ്രചരിച്ചു. മണി, ശൂലം, നുകം, ശംഖം, ഉല, ചക്രം, വില്ല്, അമ്പ് എന്നീ ആയുധങ്ങള്‍ എട്ടുകൈകളിലേന്തി, സുംഭാദിരാക്ഷസന്മാരെ മര്‍ദിച്ച, ശരച്ചന്ദ്രതുല്യ പ്രഭയാര്‍ന്ന, ത്രിലോകാധാരയായ ഗൗരീതനൂജ എന്നാണ് ‘ഘണ്ടാശൂലഹലാനി ശംഖമുസലേ ചക്രം ധനുസ്സായകം… എന്നുന്നു തുടങ്ങുന്ന ധ്യാനശ്ലോകം നീലസരസ്വതിയെ സങ്കല്‍പ്പിക്കുന്നത്.
ടിബെറ്റിലും പ്രാന്തപ്രദേശങ്ങളിലുമുള്ള നീലസരസ്വതീസങ്കല്‍പ്പത്തില്‍ ദേവി സര്‍പ്പങ്ങളുടെയും കപാലങ്ങളുടെയും മാലകളണിഞ്ഞ് കത്രിക, തലയോട്, പാനപാത്രം, ത്രിശൂലം എന്നിവ കൈകളിലേന്തി നരശിരോമാലയും മൂന്നു കണ്ണുകളുമാര്‍ന്ന ശവാസനസ്ഥിതയായ ഉഗ്രമൂര്‍ത്തിയത്രേ.
(ശവാസനാം സര്‍പ്പവിഭൂഷണാഢ്യാം… ഇത്യാദി ധ്യാനശ്ലോകം).
കശ്മീരിലെ ശാരദാപീഠം
പാകിസ്ഥാന്റെ അധീനതയിലുള്ള കാശ്മീരിലെ ശാരദ എന്ന ഗ്രാമത്തില്‍ 6-ഉം 10-ഉം നൂറ്റാണ്ടുകള്‍ക്കിടയില്‍ അതിപ്രശസ്തമായ ഒരൂ ഉന്നതവിദ്യാപീഠം പ്രവര്‍ത്തിച്ചിരുന്നു. പാണിനി, ആദിശങ്കരാചാര്യര്‍, കല്‍ഹണന്‍ തുടങ്ങിയ നിരവധി മഹാമനീഷികളെ ശാരദാപീഠം ആകര്‍ഷിക്കുകയുണ്ടായി. കാശ്മീരിഭാഷ എഴുതാന്‍ പത്താം നൂറ്റാണ്ടില്‍ രൂപംകൊണ്ട ഒരു ലിപിവ്യവസ്ഥയുണ്ട്. ശാരദ എന്ന പേരു വന്നത് സരസ്വതീഭഗവതിയുടെ നാമത്തില്‍ നിന്നാണ്.
പല സരസ്വതിമാര്‍
ശ്രീലളിതാസഹസ്രനാമസ്‌തോത്ര മഹാമന്ത്രത്തിന്റെ ദ്രഷ്ടാക്കളും പ്രഥമസ്‌തോത്രാക്കളുമായ ഋഷിമാര്‍ വശിനി, കാമേശ്വരി, അരുണ, വിമല, ജയിനി, മോദിനി, സര്‍വേശ്വരി, കൗലിനി എന്നീ എട്ടു വാഗ്‌ദേവതമാര്‍ ആണല്ലോ. ഇടത്തുവശത്തുനിന്ന് ചാമരം വീശിക്കൊണ്ട് ലളിതാപരമേശ്വരീ ഭഗവതിയെ സേവിക്കുന്ന സരസ്വതിയെയും ആ സ്‌തോത്രത്തില്‍ത്തന്നെ നാം കാണുന്നു.
ആദ്യമായി കടന്നു ചെല്ലുമ്പോള്‍ തോന്നും പോലെയല്ല, സരസ്വതിമാര്‍തന്നെ പലരുണ്ടെന്നവസ്തുതയും ക്രമേണ തെളിഞ്ഞുവരും.
കേരളത്തില്‍
മാഘമാസത്തിലെ വെളുത്തപക്ഷത്തില്‍ അഞ്ചാം നാള്‍ വരുന്ന ദിനമാണ് സരസ്വതീജയന്തി, വസന്തപഞ്ചമി എന്ന പേരിലുള്ള ആഘോഷങ്ങളും വിശേഷാലുള്ള സരസ്വതീപൂജയും കലോല്‍സവങ്ങളുമായി കേരളീയര്‍ ആഘോഷിക്കാറ്.
കേരളത്തില്‍ നവരാത്രിയും വിജയദശമിയും പൂജവയ്പ്പും എഴുത്തിനിരുത്തലും സകലകലാമയി, വേദജനനി, വാങ്മാതാവ്, അക്ഷരരൂപിണി, സാത്വികലാവണ്യം അനുപമശോഭയോടെ രൂപമാര്‍ന്ന ദേവത എന്നീ നിലകളില്‍ സമസ്തജനസമാരാധ്യയായ സരസ്വതീഭഗവതിയെ പ്രീതിപ്പെടുത്തി കലാവൈഭവവും വാഗ്‌വിലാസവും വശമാക്കാന്‍ ഏറ്റവും പറ്റിയ പുണ്യസന്ദര്‍ഭങ്ങള്‍ എന്നാണ് പരക്കെയുള്ള വിശ്വാസം. വന്‍പിച്ച ജനപങ്കാളിത്തമാര്‍ന്ന ഉല്‍സവങ്ങളാണവ.
മലയാളത്തിന്റെ രാജശില്‍പ്പിയായ ഏ.ആര്‍. രാജരാജവര്‍മ്മക്ക് ബാല്യത്തിലുണ്ടായിരുന്ന വിക്ക് മാറിയത് പനച്ചിക്കാട്ടു സരസ്വതീപ്രസാദം മൂലമാണെന്ന് ജീവിതകഥകളില്‍ കാണാം. വടക്കന്‍ പറവൂരെ മൂകാംബീക്ഷേത്രത്തില്‍ സന്ധ്യാദീപാരാധനക്കുശേഷം ലഭിക്കുന്ന കഷായം കുഞ്ഞുങ്ങളുടെ വിദ്യാപോഷിണിയാണെന്നും ആ ക്ഷേത്രമുറ്റത്തെ മണലില്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത് വിദ്യാഭിവൃദ്ധികരമെന്നുമുള്ള വിശ്വാസം ഇന്നും പ്രബലമാണ്.

സാത്വികലാളിത്യത്തിന്റെയും ശാലീനലാവണ്യത്തിന്റെയും മൂര്‍ത്തിമദ്ഭാവമാണ് കേരളീയസങ്കല്‍പ്പത്തില്‍ സരസ്വതി. സാഹിത്യ-സംഗീതാദികലകളുടെയും ജ്ഞാനം, ബുദ്ധി എന്നിവയുടെയും ദേവതയാണ് വാങ്മയിയും അക്ഷരസ്വരൂപിണിയും വേദമാതാവുമായ ആ ദേവി. വിദ്യാരംഭത്തോടനുബന്ധിച്ച എല്ലാ ചടങ്ങുകളും കേരളത്തില്‍ സരസ്വതീദേവിയോടു ബന്ധപ്പെട്ടിരിക്കുന്നു.
സാക്ഷരതക്കു മുന്‍പന്തിയിലുള്ള കേരളത്തില്‍ കോട്ടയത്തിനടുത്തു പനച്ചിക്കാട്, വടക്കന്‍ പറവൂരെ മൂകാംബി മുതലായ സരസ്വതീക്ഷേത്രങ്ങളിലും തിരൂരെയും തിരുവനന്തപുരത്തെയും തുഞ്ചന്‍സ്മാരക കേന്ദ്രങ്ങള്‍, തലസ്ഥാനത്തെ പൂജപ്പുരയിലെ സരസ്വതീമണ്ഡപം തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളിലും മാത്രമല്ല പള്ളികളിലും വലതിടതുഭേദമെന്യേ പ്രമുഖമാധ്യമങ്ങളുടെയെല്ലാം ഓഫീസുകളിലും വിദ്യാരംഭം പലപ്രകാരത്തിലും നടന്നുവരുന്നു. വിശ്വാസി-അവിശ്വാസിഭേദമേതും കൂടാതെ എല്ലാസ്ഥലങ്ങളിലും കുഞ്ഞുങ്ങളെ അക്ഷരലോകത്തിലേക്കാനയിക്കുന്നത് സമൂഹമധ്യത്തില്‍ കൈവന്നിട്ടുള്ള വല്ല സ്ഥാനമാനങ്ങളുംമൂലം ശ്രദ്ധേയരായ വ്യക്തികളെ മുന്‍നിറുത്തിക്കൊണ്ടാണ്. ഗുരുസ്ഥാനീയ വ്യക്തി കുഞ്ഞിന്റെ നാവില്‍ സ്വര്‍ണമോതിരം കൊണ്ട് നിശ്ചിതാക്ഷരങ്ങള്‍ എഴുതിയിട്ട് കുഞ്ഞിന്റെ മോതിരവിരല്‍ അരിയില്‍ തൊടുവിച്ച് അതേ അക്ഷരരൂപങ്ങള്‍ ചമയ്ക്കും – ഇതാണ് പൊതുവേ നടപ്പിലുള്ള വിദ്യാരംഭച്ചടങ്ങുകളുടെ കാതല്‍. അവിശ്വാസിനാട്യക്കാരും ഇതൊക്കെ നടത്തുന്നു. ഹരിശ്രീഗണപതയേ നമഃ എന്ന മന്ത്രം ഉപേക്ഷിച്ച് സ്വന്തം വിശ്വാസാനുസരണം വ്യാകരണപരമായ സാധുതപോലും നോക്കാതെ മറ്റുവല്ലതും കുഞ്ഞിനെക്കൊണ്ടെഴുതിക്കുന്നു. വിദ്യാഭ്യാസത്തിലും പാണ്ഡിത്യത്തിലും സര്‍വസമ്മതിയാര്‍ജിച്ച ഒരു വിശിഷ്ടവ്യക്തിയാവണം എന്ന് മിക്ക രക്ഷിതാക്കളും ആഗ്രഹിക്കും. അതിന് വല്ല മന്ത്രിയെയോ നേതാവിനെയെങ്കിലുമോ കിട്ടിയാല്‍ ഭാഗ്യം എന്നുന്നു കരുതുന്ന ചുരുക്കം ചില താല്‍ക്കാലികപ്രയോജനതല്‍പ്പരരായ മുഗ്ധമതികളും ഉണ്ട്.
വിദ്യാരംഭച്ചടങ്ങില്‍ കേരളത്തില്‍ സരസ്വതീ സങ്കല്‍പ്പത്തിനു തന്നെയാണ് മുന്‍തൂക്കം. സാധാരണക്കാര്‍പോലും സരസ്വതിയെ അക്ഷരത്തോടും വാക്കിനോടും അവയുടെ ശുദ്ധിയോടും ബന്ധപ്പെടുത്തുന്നു. ഭാഷാപിതാവ് എന്ന ആലങ്കാരികപദവിയില്‍ പ്രതിഷ്ഠിച്ച് മലയാളികള്‍ സാദരം സ്മരിക്കുന്ന തുഞ്ചത്താചാര്യന്‍ സരസ്വതീഭഗവതി സ്വന്തം നാവില്‍ നടനം ചെയ്യേണമേ എന്ന് അധ്യാത്മ രാമായണരചനാരംഭത്തില്‍ പ്രാര്‍ഥിച്ചു.
എഴുത്തുകാരില്‍ ഇഷ്ടദേവതാവിശ്വാസമാര്‍ന്ന ഏവരും മുന്‍കാലങ്ങളില്‍ ഗണപതിവന്ദനത്തെത്തുടര്‍ന്ന് സരസ്വതിയെയും സ്തുതിച്ചുപോന്നു. സംഗീത-നൃത്താദികലാവേദികളില്‍ ഈ പതിവ് ഇക്കാലത്തും തുടരുന്നു. മിക്ക കഥകളിപരിപാടിയും, അത് എത്ര ചുരുക്കത്തില്‍, വിദേശികള്‍ക്കു മുന്നിലാണെങ്കിലും, ആരംഭിക്കാറുള്ളത് ‘മാതംഗാനനം, അബ്ജവാസരമണീം’ (മാതംഗാനനം = ഗജമുഖനായ ഗണപതിയെ. അബ്ജവാസരമണീം = താമരവാസസ്ഥാനമായ ബ്രഹ്മാവിന്റെ പത്‌നിയായ സരസ്വതിയെ) ഇത്യാദി ശ്ലോകം ആലപിച്ചുകൊണ്ടാണല്ലോ.
തിരുവനന്തപുരത്തെ നവരാത്രിമണ്ഡപത്തിലെ സംഗീതക്കച്ചേരികളുടെയും പദ്മനാഭപുരത്തുനിന്ന് സാഘോഷം സരസ്വതീഭഗവതിയെ പുരസ്‌കരിച്ചുകൊണ്ട് നവരാത്രിയോടനുബന്ധിച്ചു തിരുവനന്തപുരത്തു നടക്കാറുള്ള എഴുന്നള്ളിപ്പിന്റെയും പൂജപ്പുര സരസ്വതീമണ്ഡപത്തിലെ വിദ്യാരംഭം, കലോല്‍സവങ്ങള്‍ എന്നിവയുടെയും പകിട്ടും ജനപങ്കാളിത്തവും രാജവാഴ്ചാസമാപ്തിക്കുശേഷവും തുടരുന്നു, എന്നല്ല വര്‍ധിച്ചുകൊണ്ടാണിരിക്കുന്നത്.
കേരളത്തിലെ കേന്ദ്രസര്‍വകലാശാലയുടെ ആദര്‍ശം അമൃതം തു വിദ്യാ എന്ന ഉപനിഷദ് വാക്യമാണ്. വിദ്യ, അതായത് മൂല്യവത്തായ അറിവ്, യഥാര്‍ഥജ്ഞാനം അമൃതമാണ് അഥവാഅനശ്വരവും സുമധുരവുമാണ് എന്നര്‍ഥം. സംസ്‌കൃതത്തില്‍ രചിച്ച നാലു വരികളെ തുടര്‍ന്ന് മലയാളത്തില്‍ എഴുതിയ നാലുവരികളും ചേര്‍ന്ന ഒരു വിദ്യാസ്തവമാണ് ആ മഹാസ്ഥാപനത്തിന്റെ പ്രമേയഗാനം.
വിദ്യ വെറും വിവരമല്ല, സമ്പൂജ്യമായ ജ്ഞാനം തന്നെ എന്ന സങ്കല്‍പ്പം ഭാരതീയമാണ്. എങ്കിലും പ്രസ്തുത സങ്കല്‍പ്പം ഏറിയകൂറും ദുര്‍ഗാസങ്കല്‍പ്പത്തില്‍ ഉള്ളടങ്ങിപ്പോവുന്നു. അതേ സമയം നവരാത്രി-വിജയദശമി-ഉല്‍സവങ്ങളില്‍ സരസ്വതീഭഗവതിക്കു നല്‍കുന്ന കേന്ദ്രസ്ഥനം കേരളത്തനിമയുടെ ശ്രദ്ധേയമായ ഒരു മുഖംതന്നെ.
സരസ്വതീസങ്കല്‍പ്പത്തിലെ പ്രതീകഭംഗികള്‍
മിക്കപ്പോഴും വീണ, പുസ്തകം അക്ഷമാല, മുല്ലപ്പൂവ്, ചന്ദ്രബിംബം, മഞ്ഞ്, സ്ഫടികം മുതലായവയെപ്പോലെ വെളുവെളുത്ത നിറവും വസ്ത്രാലങ്കാരങ്ങളും, വെള്ളത്താമരയെന്ന ഇരിപ്പിടം, തൂവെള്ളയായ ഹംസവാഹനം, പീലിവിടര്‍ത്താതെ മുന്നില്‍ ഒതുങ്ങിനില്‍ക്കുന്ന മയില്‍, സമൃദ്ധസ്തനയുഗം,അലസത നിശ്ശേഷം മാറുന്ന സൗമ്യമധുരപ്പുഞ്ചിരി, വല്ലപ്പോഴും കൈയിലെരു കളിത്തത്ത – ഇവയെല്ലാമാണല്ലോ മലയാളിയുടെ മനസ്സിലെ സരസ്വതീഭഗവതിയുടെ സവിശേഷതകള്‍.
ഇതിലെ എണ്ണമറ്റ പ്രതീകപ്പൊരുളുകളുടെ ഇഴയടുപ്പം നാം കാണാതെ പോകരുത്: വെളുപ്പിന്റെ ധാരാളിത്തം സാത്വികതയുടെ പാരമ്യത്തെ കുറിക്കുന്നു. വശമാക്കാന്‍, ഒരു പക്ഷേ, ഏറ്റവും അധികം അധ്വാനം വേണ്ടിവരുന്ന സംഗീതോപകരണമായ വീണ നിരന്തരമായ ശ്രദ്ധയെയും ജ്ഞാനസാരാത്മകമായ പുസ്തകം അറിവിന്റെ അതിരുകളില്ലായ്മയെയും, അക്ഷമാല ധ്യാനനിഷ്ഠയെയും, വെണ്‍താമര ചേറില്‍പ്പിറന്നാലും ജലനിരപ്പ് എത്ര ഉയര്‍ന്നാലും അതിന്‍ മുകളില്‍ നിലയുറപ്പിച്ച് സൂര്യനില്‍ നിന്ന് ഊര്‍ജം നുകര്‍ന്ന് എല്ലാ ദിക്കുകളിലേക്കും വിടരുന്ന ശീലത്തെയും, ഹംസം ത്യാജ്യ-ഗ്രാഹ്യവിവേകം, അലമാലകള്‍ നിരായാസം അതിലംഘിച്ചുള്ള പുരോയാനം എന്നിവയെയും, വര്‍ണപ്പൊലിമയില്‍ സ്വാഭാവികമായ അഹമ്മതി ഒതുക്കിവച്ചു വിനയാന്വിതനായ മയിലിനെപ്പോലും തിരസ്‌കരിച്ച് ഹംസത്തെയും സ്വരമാധുരിക്കു കേളികേട്ട ലീലാശുകത്തെയും അംഗീകരിക്കുന്ന ദേവിയുടെ രീതി സംശുദ്ധിപക്ഷപാതത്തെയും സൂചിപ്പിക്കുന്നു. ദേവിയുടെ മുഴുത്തമാറിടമാകട്ടെ പ്രപഞ്ചജനനിയുടെ വാല്‍സല്യകാരുണ്യങ്ങള്‍ നിസ്സീമം എന്നു വ്യക്തമാക്കുന്നു; സുസ്മിതം സൗമ്യമധുര ഭാവത്തെയും.