ശരി-തെറ്റ്, നന്മ-തിന്മ, സത്യം-അസത്യം, ധര്‍മ്മം- അധര്‍മ്മം ഇവയെല്ലാം ഒരുമിച്ചു വളരുകയും പരസ്പരം എതിര്‍ത്തു നില്‍ക്കുകയും ചെയ്യുന്നവയാണ്. പ്രപഞ്ചത്തിലാകമാനവും മനുഷ്യജീവിതത്തില്‍ പ്രത്യേകിച്ചും ഇക്കാര്യം നമുക്ക് അനുഭവപ്പെടാറുണ്ട്. ലോകത്തിന്റെ ശാശ്വതശാന്തിയും സമാധാനവും സമൃദ്ധിയും ആഗ്രഹിക്കുന്നവര്‍ ശരി, നന്മ, സത്യം, ധര്‍മ്മം എന്നിവ വിജയിച്ചു കാണണം എന്നാഗ്രഹിക്കുക സ്വാഭാവികം.
ഒരുമിച്ചു വളരുന്നു എന്നു പറയുമ്പോഴും ആസുരപ്രകൃതികള്‍ അവരുടെ കായികബലം കൊണ്ടും തമോ ബുദ്ധികൊണ്ടും സത്യധര്‍മ്മാദികളെ പലപ്പോഴും കവച്ചുവെയ്ക്കാറുണ്ട്.സാധാരണ സമാജമാകട്ടെ ഇനിയിപ്പോള്‍ ആസുരികതയുടെ നാളുകളായി എന്നു കരുതി അലമുറയിടുകയും ചെയ്യും. ഇതിഹാസപുരാണങ്ങളിലും ചരിത്രത്തിലുമെല്ലാം സമാനമായ നിരവധി സംഭവങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.
മഹിഷാസുരന്റെ കഥയും ഓര്‍മ്മിപ്പിക്കുന്നത് മറ്റൊന്നല്ല. അപ്പോള്‍ നിന്ദിതരുടെയും പീഡിതരുടെയും നീതിക്കുവേണ്ടിയുള്ള, ദൈവീകമായ ഇടപെടലിനുവേണ്ടിയുള്ള മുറവിളി മാത്രമായിരിക്കും അവശേഷിക്കുക.
മനുഷ്യന്റെ പ്രാര്‍ത്ഥനയും വേവലാതികളുമാണ് ദൈവീകമായ ഇടപെടലുകളില്‍ കലാശിക്കുന്നത്. അത് ഒരു സമൂഹത്തിന്റെ ആത്മവിലാപത്തിനുള്ള ഉത്തരമാണ്. ദേവി ദുര്‍ഗ്ഗയുടെ അവതാരത്തെ ഈ നിലയില്‍ കാണാം. ധര്‍മ്മത്തിന്റെ – നന്മയുടെ- സത്യത്തിന്റെ – ശരിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ആസുരികത നേടുന്ന മേല്‍ക്കോയ്മകള്‍ക്കപ്പുറത്തേയ്ക്ക് അവയെ വളര്‍ത്തിവിടുകയും ചെയ്യുക എന്നതാണ് ഈ അവതാരം ലക്ഷ്യം വയ്ക്കുന്നത്. അതിനുള്ള വിദ്യയും, കര്‍മ്മകുശലതയും ശാരീരിക ബലവും ആത്മബലവും എല്ലാം അവള്‍ തന്റെ തന്നെ സമൂഹത്തില്‍ നിന്നും ആര്‍ജ്ജിക്കുന്നു.
ആര്‍ജ്ജിത ശക്തികളുടെ സ്വരുക്കൂട്ടലിനുള്ള തപസ്സിന്റെ ദിനരാത്രങ്ങള്‍ നവരാത്രികളായി മാറുന്നു. ദേവീസ്വരൂപത്തിന്റെ വ്യത്യസ്ത ഭാവങ്ങളായി – ലക്ഷ്മിയും സരസ്വതിയും ദുര്‍ഗ്ഗയുമെല്ലാമായി ഈ ശക്തിയെ സമൂഹം ആരാധിക്കുന്നു. അക്ഷരവും അറിവും ആയുധവും ആര്‍ജവവും നേടിക്കഴിഞ്ഞാല്‍ ധര്‍മ്മത്തിന്റെ ഗതിവേഗം കൂട്ടാന്‍ സാധിക്കുമെന്നുറപ്പ്. മഹിഷാസുരന്റെ വധത്തോടെ ദുര്‍ഗ്ഗ അവളുടെ ദൗത്യം നിര്‍വ്വഹിച്ചു. ധര്‍മ്മമാണ് വിജയിക്കുന്നത് എന്ന ആത്മവിശ്വാസം സമൂഹത്തിന് തിരികെ കിട്ടി. അവര്‍ ദൈവത്തിന് നന്ദിയും പറഞ്ഞ് സംതൃപ്ത ജീവിതത്തിലേക്ക് മടങ്ങി.
ഇനിയെന്ത്? വീണ്ടും അധര്‍മ്മം മേല്‍ക്കൈ നേടുമ്പോള്‍ അവതാരങ്ങള്‍ വന്നുകൊള്ളും എന്ന് ആശ്വസിക്കുക സാമാന്യബുദ്ധിക്ക് നിരക്കാവുന്നതല്ല. അതുകൊണ്ടുതന്നെ മഹാപുരുഷന്മാര്‍ അവരുടെ ജീവിതം കൊണ്ടും സംഘടനാപടുത്വം കൊണ്ടും ധര്‍മ്മത്തെ ശക്തിപ്പെടുത്തുവാന്‍ സമാജത്തെ ഉദ്‌ബോധിപ്പിച്ചുകൊണ്ടേയിരുന്നു. നിതാന്തജാഗ്രതയാണ് അധര്‍മ്മത്തിന്റെ തള്ളിക്കയറ്റത്തെ തടയാനുള്ള മാര്‍ഗ്ഗമായി അവര്‍ കണ്ടത്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പാരമ്പര്യമുള്ള ഭാരതത്തില്‍ ഈ ദിശയിലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. അവയുടെ തുടര്‍ച്ചയായി വേണം രാഷ്ട്രീയ സ്വയംസേവക സംഘത്തെ കാണാന്‍. 1925ലെ വിജയദശമി നാളിലാണ് പ.പൂ.ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ സംഘത്തിന് തുടക്കം കുറിച്ചത് എന്നത് യാദൃശ്ചികമാകാന്‍ വഴിയില്ല. കാരണം അതു നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് ധര്‍മ്മത്തിന്റെയും സംസ്‌കാരത്തിന്റെയും സമാജത്തിന്റെയും സുരക്ഷയ്ക്കുവേണ്ടിയുള്ള ജനസംഘാടനവും ജാഗരണവുമാണ്. ഓരോ വ്യക്തിയിലും ധര്‍മ്മത്തിന്റെ തനത് അംശങ്ങളെ ചേര്‍ത്തു വെയ്ക്കുക എന്ന ശ്രമകരമായ പ്രവര്‍ത്തനം സംഘം ചെയ്യുന്നു. മാതൃഭൂമിയോടുള്ള അചഞ്ചലമായ പ്രേമവും വിധേയത്വവുമാണ് ധര്‍മ്മങ്ങളില്‍ പ്രധാനം എന്ന് ഓരോ വ്യക്തിയേയും ചിന്തിപ്പിക്കുന്നു. അവനീതലപാലനത്തിനായി ജന്മമെടുത്ത അവതാരങ്ങളുടെ പിന്മുറക്കാരാണ് ഓരോ ഭാരതീയനെന്നും അവര്‍ ചിന്തിക്കുന്നു.
സംഘത്തിന്റെ ഈ തത്വം ജീവിതമാക്കിയവര്‍ എല്ലാ മേഖലകളിലും വിജയിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം ഇന്നു കാണുന്നത്. സനാതനധര്‍മ്മവും ഭാരതവും ലോകത്തിന്റെ ആദരവ് തിരിച്ചുപിടിക്കുന്നു. വൈവിധ്യങ്ങള്‍ക്കെല്ലാമപ്പുറത്ത് താന്‍ പൈതൃകം കൊണ്ടും കര്‍മ്മം കൊണ്ടും ഹിന്ദുവാണ് എന്ന് ഓരോ ഭാരതീയനും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.
വിജയത്തിന്റെ ഈ കാലം ജാഗ്രതയുടേതുമാണ്. നാം നേടുന്ന വിജയം മറ്റുള്ളവരെ ഉന്മൂലനം ചെയ്യുന്ന രാക്ഷസീയതയുടേതാകരുത്. സ്വന്തം കീര്‍ത്തിയും ധനവും വര്‍ദ്ധിപ്പിക്കുവാനുള്ള ഉപാധിയുമാകരുത്. മറിച്ച് അത് ധര്‍മ്മത്തെ നിലനിര്‍ത്തുവാനുള്ള പരീക്ഷണത്തിന്റെ ഭാഗമാകണം. ധര്‍മ്മവിജയം നേടുന്നവര്‍ പിന്നീടും ക്ലേശിക്കേണ്ടി വരും. അത് ഭഗവാന്‍ ശ്രീരാമനോ ശ്രീകൃഷ്ണനോ ആണെങ്കില്‍ പോലും. എന്നാല്‍ ആ യാതനകളിലൂടെ ധര്‍മ്മത്തിന്റെ മുന്നേറ്റത്തെ ശക്തിപ്പെടുത്തുവാന്‍ നമുക്കാകും.
യാതനകളത്രയും നമുക്ക് സാധനയുടെ ഭാഗമാണ്. സാധന എന്നാല്‍ ധര്‍മ്മസംരക്ഷണത്തിനുള്ള ഉപകരണമായി തീരുവാനുള്ള മാര്‍ഗമാണ്. അതിലൂടെ സമാജത്തിന്റെ സംഘാടനവും നാം ലക്ഷ്യമിടുന്നു. ഈ സാധനയുടെ പ്രത്യക്ഷകേന്ദ്രങ്ങളാണ് ശാഖകള്‍, ശാഖകളിലെ തപസ്സുതന്നെയാണ് ധര്‍മ്മരക്ഷക്കുള്ള ശാശ്വത പോംവഴി.