തിരുവനന്തപുരം: ചരിത്രകാരനായ സര്‍ദാര്‍ കെ.എം. പണിക്കരുടെ വിശകലനങ്ങള്‍ എക്കാലവും പ്രസക്തമാണെന്നും അത് ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്നും കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എച്ച്. വെങ്കിടേശ്വരലു. തിരുവനന്തപുരം സംസ്കൃതി ഭവനില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെയും ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെയും കേരള കേന്ദ്ര സര്‍വകലാശാലയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ‘കിഴക്ക് പടിഞ്ഞാറ് സംഘര്‍ഷം: സര്‍ദാര്‍ കെ.എം. പണിക്കര്‍ ഒരു പുനര്‍വായന’ എന്ന വിഷയത്തില്‍ നടന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിലെ വിദ്യാഭ്യാസരീതിയുടെ പുനഃസംഘടനയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാടുകള്‍ സര്‍ദാര്‍ കെ.എം.പണിക്കരുടെ വീക്ഷണവുമായി യോജിച്ചു പോകുന്നതാണ്. പുതിയ വിദ്യാഭ്യാസനയം അതിന്റെ നിദാനമാണ്. സര്‍ദാര്‍ പണിക്കരുടെ സംഭാവനകളെക്കുറിച്ചുള്ള പുനര്‍വായന ആവശ്യമാണെന്നും വെങ്കിടേശ്വരലു പറഞ്ഞു. സമുദ്രം മുതല്‍ ഹിമാലയം വരെയുള്ള ഭാരതത്തെ സമഗ്രമായി ഉള്‍ക്കൊണ്ടു എന്നതാണ് സര്‍ദാര്‍ കെ.എം. പണിക്കരുടെ സവിശേഷതയെന്ന് സമാപന സമ്മേളനത്തില്‍ സംസാരിച്ച മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന് പറഞ്ഞു.
ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു, സെമിനാര്‍ കണ്‍വീനര്‍ ഡോ. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.