കേള്‍ക്കുമ്പോള്‍ വളരെ വിചിത്രമായി തോന്നുന്ന മൂന്നുകാര്യങ്ങളാണ് കര്‍മ്മബന്ധങ്ങള്‍, പുനര്‍ജന്മങ്ങള്‍, രോഗശാന്തി എന്നിവ. എന്നാല്‍ ഇവ മൂന്നും തമ്മില്‍ അഭേദ്യവും അലംഘനീയവുമായ പരസ്പരബന്ധമുള്ളതായി വൈദേശിക മനശ്ശാസ്ത്രവിദഗ്ദ്ധന്മാര്‍ സംശയമന്യെ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം പൂര്‍വ്വ ജന്മങ്ങളിലെ കര്‍മ്മങ്ങളും കര്‍മ്മബന്ധങ്ങളും തുടര്‍ന്നുള്ള ജന്മങ്ങളില്‍ ഏതുവിധം പ്രതിഫലിക്കുമെന്ന് വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. രാമായണത്തിലും ഇത്തരത്തില്‍ കര്‍മ്മഫലമനുഭവിച്ചവരുടെ നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. മഹാഭാരതത്തിലും രാമായണത്തിലും നിരവധി പ്രമുഖരുടെ പൂര്‍വ്വജന്മത്തെക്കുറിച്ചും അവരുടെ മുജ്ജന്മങ്ങളില്‍ നേടിയ പുണ്യപാപങ്ങളുടെയും പിന്നീടുള്ള ജന്മങ്ങളില്‍ അവ മൂലമുണ്ടായ പരിണാമങ്ങളും വാല്മീകി മഹര്‍ഷിയും വേദവ്യാസമഹര്‍ഷിയും ജനങ്ങളുടെ ജ്ഞാനത്തിനും വിവേകത്തിനുമായി ഭംഗിയായി വരച്ചു കാണിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലാണ് പാശ്ചാത്യലോകത്ത് പുനര്‍ജന്മത്തെ കുറിച്ചുള്ള ഗൗരവതരമായ ഗവേഷണം ആരംഭിക്കുന്നത്. ചില കുട്ടികള്‍ ചെറുപ്രായത്തില്‍ പൂര്‍വ്വജന്മത്തെക്കുറിച്ചുള്ള ചില സ്മരണകള്‍ പ്രകടിപ്പിച്ചപ്പോള്‍ ഇവയുടെ സത്യാവസ്ഥ കണ്ടെത്താനാണ് തുടക്കത്തില്‍ പഠനങ്ങള്‍ നടന്നത്. ഒരു കുട്ടി പൂര്‍വ്വജന്മത്തിലെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ തുടങ്ങിയവരെ കുറിച്ച് പറഞ്ഞ വിവരങ്ങളും അവര്‍ ജീവിച്ച സ്ഥലവും സാഹചര്യവുമൊക്കെ പരിശോധിച്ച് കുട്ടി പറഞ്ഞത് വാസ്തവമാണോ എന്നറിയാനുള്ള ശ്രമമായാണ് ഈ അന്വേഷണങ്ങള്‍ ആരംഭിച്ചത്. ഇത്തരത്തില്‍ മനശ്ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ആയിരക്കണക്കിന് പഠനങ്ങള്‍, പൂര്‍വ്വജന്മസ്മരണ പുലര്‍ത്തിയ കുട്ടികള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് എന്ന് തെളിയിക്കപ്പെട്ടു. അങ്ങിനെ പാശ്ചാത്യശാസ്ത്രസമൂഹം പുനര്‍ജന്മമെന്നത് യാഥാര്‍ത്ഥ്യമാണെന്നും വെറും വിശ്വാസം മാത്രമല്ലെന്നും വസ്തുനിഷ്ഠമായി തെളിയിച്ചു. ഹൈന്ദവവിശ്വാസികളോടൊപ്പം, ബൗദ്ധരും ജൈനരും ചില ആഫ്രിക്കന്‍ ഗിരിവര്‍ഗ്ഗക്കാരും പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും സെമിറ്റിക്ക് മതങ്ങള്‍ പുനര്‍ജന്മ വിശ്വാസം അന്ധവിശ്വാസമായാണ് കണ്ടിരുന്നത്.
പാശ്ചാത്യലോകത്തും ആദ്യകാല സമൂഹങ്ങളില്‍ പലതിലും പൂര്‍വ്വജന്മവിശ്വാസം നിലനിന്നിരുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ‘കമ്മിങ്ങ് ബാക്ക്: സയന്‍സ് ഓഫ് റി ഇന്‍കാര്‍നേഷന്‍’ എന്ന പുസ്തകത്തിന്റെ ഒന്നാം അദ്ധ്യായത്തില്‍ ഇസ്‌കോണിന്റെ സ്ഥാപകാചാര്യനായ ഭക്തി വേദാന്ത സ്വാമി പ്രഭുപാദര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അമേരിക്കന്‍ മനോരോഗചികിത്സകനായ ഡോക്ടര്‍ ബ്രിയാന്‍ വീസ് മനോരോഗത്തിനടിമയായ കാതറൈന്‍ എന്ന യുവതിയെ 18 മാസം പരമ്പരാഗത രീതിയില്‍ ചികിത്സിച്ചിട്ടും രോഗശാന്തി ലഭിക്കാത്തതു കാരണം ഹിപ്‌നോട്ടിക് നിദ്രയിലേയ്ക്കാനയിച്ച് കുറച്ച് സെഷനുകള്‍ കഴിഞ്ഞപ്പോള്‍ യുവതി പൂര്‍വ്വജന്മങ്ങളെക്കുറിച്ച് വിശദമായി വിവരിക്കുന്നതു കേട്ട് അത്ഭുതസ്തബ്ധനായി. അതദ്ദേഹത്തിന്റെ ക്രിസ്തീയ വിശ്വാസത്തിനെതിരായിരുന്നു. യുവതി പറയുന്നത് അവിശ്വസിക്കാനും സാധിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഡോക്ടര്‍ വീസിന് ഒരുകാര്യം ബോദ്ധ്യപ്പെട്ടു. പഴയ നിയമത്തില്‍ പുനര്‍ജന്മം ക്രിസ്തുമതത്തിലും അംഗീകരിച്ചിരുന്നു. പുതിയ നിയമത്തിലും തുടക്കത്തില്‍ അതുണ്ടായിരുന്നു. എന്നാല്‍ എ.ഡി.325ല്‍ അന്നത്തെ റോമാസാമ്രാജ്യത്തിന്റെ ഭരണാധികാരി ആയിരുന്ന കോണ്‍സ്റ്റാന്‍ന്റൈനും അദ്ദേഹത്തിന്റെ മാതാവ് ഹെലനും ചേര്‍ന്ന് പുനര്‍ജന്മ പരാമര്‍ശങ്ങളെ പുതിയ നിയമത്തില്‍ നിന്ന് നീക്കം ചെയ്തു. പിന്നീട് എ.ഡി. 553-ല്‍ രണ്ടാം കോണ്‍സ്റ്റാന്റെനോപ്പിള്‍ യോഗത്തില്‍ ഈ നടപടി അംഗീകരിക്കുകയും, പുനര്‍ജന്മത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ മതനിന്ദയായി പ്രഖ്യാപിക്കുകയുമുണ്ടായതായി ഡോക്ടര്‍ വീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയാണ് ക്രൈസ്തവ വിശ്വാസത്തില്‍ നിന്നു പുനര്‍ജന്മം പുറംതള്ളപ്പെട്ടത്.

തുടക്കം ശാന്തീദേവിയില്‍ നിന്ന്
നേരത്തെയും പൂര്‍വ്വജന്മസ്മരണകള്‍ ചെറിയ തോതില്‍ അന്വേഷണവിധേയമായിരുന്നുവെങ്കിലും ഈ പഠനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ശ്രദ്ധ പകര്‍ന്നത് ദല്‍ഹിയില്‍ 1926 ഡിസംബര്‍ 11 ന് ജനിച്ച ശാന്തി ദേവി എന്ന കുട്ടിയുടെ പൂര്‍വ്വജന്മ സ്മരണകളുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. ശാന്തിദേവിയ്ക്ക് 3 വയസ്സായതോടെ പൂര്‍വ്വജന്മത്തിലെ ഭര്‍ത്താവിനെ കുറിച്ചും കുടുംബത്തെക്കുറിച്ചും സംസാരിക്കുകയും തന്റെ വീട് മഥുര ക്ഷേത്രത്തിനടുത്താണെന്നു പറയുകയും ചെയ്തത് കുട്ടിയുടെ കുടുംബത്തെ അത്ഭുതപ്പെടുത്തുകയും ആശങ്കയിലാക്കുകയും ചെയ്തു. നാലു വയസ്സുള്ളപ്പോള്‍ അമ്മ വിളമ്പിയ മാംസാഹാരം നിഷേധിച്ച് ഞങ്ങള്‍ ”സത്വഭക്ഷണം” മാത്രമെ കഴിക്കൂ എന്നു പറഞ്ഞു. ദല്‍ഹിയിലെ മാതാപിതാക്കള്‍ക്ക് അറിയാത്ത പദമായിരുന്നു സത്വഭക്ഷണമെന്നത്. കുട്ടിയുടെ അമ്മ, ആരാണീ ഞങ്ങള്‍ എന്നു ചോദിച്ചപ്പോള്‍ എന്റെ ഭര്‍ത്താവിന്റെ കുടുംബം എന്ന മറുപടിയാണ് കുട്ടി നല്‍കിയത്. അവര്‍ മഥുരാക്ഷേത്രത്തിനടുത്താണ് താമസിക്കുന്നതെന്നും ഭര്‍ത്താവിനവിടെ ഒരു ചെറിയ വ്യാപാരശാലയുണ്ടെന്നും തുടര്‍ന്നു പറഞ്ഞു. പൂര്‍വ്വജന്മസ്മൃതികളുള്ള കുട്ടികള്‍ അല്പായുസ്സുള്ളവരാകുമെന്ന കുടുംബവിശ്വാസം മൂലം കുട്ടിയുടെ പൂര്‍വ്വജന്മസ്മൃതികളെ നിരുത്സാഹപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും കുട്ടി സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ അദ്ധ്യാപകരോടും കുട്ടൂകാരോടും പൂര്‍വ്വജന്മസ്മരണകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
കുട്ടിയുടെ അച്ഛന്റെ ബന്ധുവായ ഒരദ്ധ്യാപകനോട് കുട്ടിയുടെ സ്വഭാവം മാറ്റിയെടുക്കാന്‍ കുടുംബം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവള്‍ പറയുന്നതില്‍ എന്തെങ്കിലും പരമാര്‍ത്ഥമുണ്ടാകുമെന്ന സംശയത്താല്‍ കുട്ടിയില്‍ നിന്ന് മഥുരയിലെ ഭര്‍ത്താവെന്ന് അവള്‍ അവകാശപ്പെടുന്ന ആളുടെ പേരും മേല്‍വിലാസവും ഇദ്ദേഹം ചോദിച്ചുവാങ്ങി. മഥുരാക്ഷേത്രത്തിനു സമീപം പീടിക നടത്തുന്ന പണ്ഡിറ്റ് കേദാര്‍ നാഥ് ചൗബേ എന്നയാളാണ് മുന്‍ ഭര്‍ത്താവ് എന്ന് കുട്ടി വ്യക്തമാക്കി. ശാന്തിദേവി പറഞ്ഞകാര്യങ്ങളുടെ നിജസ്ഥിതി അറിയാനായി അദ്ധ്യാപകന്‍ ചൗബേക്ക് വിശദമായ ഒരു കത്തെഴുതി. കുറച്ചു ദിവസത്തിനുശേഷം ചൗബേക്ക്കിട്ടിയ മറുപടിയില്‍ കുട്ടി അവകാശപ്പെട്ടതെല്ലാം ശരിയാണെന്ന് അറിയിക്കുകയും ചെയ്തു.
ആഴ്ചകള്‍ക്കുശേഷം ഈ കുട്ടിയെക്കുറിച്ച് അദ്ധ്യാപകന്‍ അറിയിച്ച കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ ചൗബേ സ്വന്തം മച്ചുനനെ ദല്‍ഹിയിലേക്കയച്ചു. അയാളെ കണ്ടയുടന്‍ ശാന്തിദേവി പേരെടുത്തു വിളിക്കുകയും ചൗബേയുടെ കാര്യങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്തതോടെ അയാള്‍ക്ക് ചൗബേയുടെ മരിച്ചുപോയ ഭാര്യയായ ലുഡ്ദി ദേവിയുടെ പുനര്‍ജന്മമാണെന്ന് ബോദ്ധ്യമായി. നേരത്തെ അദ്ധ്യാപകനോട് തന്റെ പേര് ലുഡ്ദി ദേവി എന്നായിരുന്നുവെന്ന് കുട്ടിതന്നെ വെളിപ്പെടുത്തിയിരുന്നു. അതിനുശേഷം ചൗബേയും 8 വയസ്സായ മകനും നേരത്തെ കുട്ടിയെ കാണാന്‍ വന്ന മച്ചുനിയനും ചേര്‍ന്ന് ദല്‍ഹിയില്‍ കുട്ടിയെ നേരിട്ടു കാണാനെത്തി. ശാന്തിദേവി സ്‌കൂളില്‍ നിന്നു വന്നപ്പോള്‍ അടുത്ത മുറിയില്‍ നിനക്ക് ഒരു അതിഥി ഉണ്ടെന്നു പറഞ്ഞപ്പോള്‍ മുറിയില്‍ കടന്നയുടന്‍ അവള്‍ മൂന്നുപേരെയും തിരിച്ചറിഞ്ഞു. നാണത്തോടെ ഭര്‍ത്താവിന്റെ മുന്നില്‍ തല കുനിച്ച് നിന്ന് സംസാരിക്കുകയും അങ്ങ് എന്തിനാണ് വീണ്ടും വിവാഹം കഴിച്ചതെന്ന് ആരായുകയും ചെയ്തു. തുടര്‍ന്ന് ഒരമ്മ മകനെ ഓമനിക്കുന്നതുപോലെ 8 വയസ്സുള്ള കുട്ടിയെ ഉമ്മവെക്കുകയും ലാളിക്കുകയും അവളുടെ കളിക്കോപ്പുകളെല്ലാം അവന് സമ്മാനിക്കുകയും ചെയ്തത് അവരെല്ലാം അ തിശയത്തോടെ നോക്കിക്കണ്ടു. ഇതോടെ ചൗബേക്ക് വര്‍ഷങ്ങള്‍ ക്കു മുമ്പ് മരിച്ച തന്റെ ഭാര്യയായ ലുഡ്ദിദേവിയുടെ പുനര്‍ജന്മമാണീ കുട്ടി എന്നത് പൂര്‍ണ്ണമായും ബോദ്ധ്യപ്പെട്ടു.
ഈ വാര്‍ത്തകളെല്ലാം വലിയ പ്രാധാന്യത്തോടെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചത് ചര്‍ച്ചാവിഷയമായി. മകള്‍ കൈവിട്ടുപോകുമോ എന്ന ഭയത്താല്‍ കുട്ടിയുടെ മാതാപിതാക്കള്‍ അവളുടെ മഥുരയാത്രക്കുള്ള ആഗ്രഹത്തോട് സഹകരിച്ചില്ല. ഇത്തരം വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി കുട്ടിയെ നേരിട്ടു കാണുകയും, സ്വയം ബോദ്ധ്യപ്പെടുകയും ചെയ്തശേഷം കുട്ടിയ്ക്ക് മഥുര സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തു. അതോടൊപ്പം ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താനായി 15 പ്രമുഖ വ്യക്തികളടക്കമുള്ള ഒരു വിദഗ്ദ്ധസംഘത്തെ ഏര്‍പ്പെടുത്തുകയും ചെയ്തു. പന്ത്രണ്ടുദിവസത്തിനുശേഷം 1935 നവംബര്‍ 24ന് ശാന്തി ദേവി മാതാപിതാക്കളോടും പതിനഞ്ചംഗസംഘത്തോടുമൊപ്പം മഥുര സന്ദര്‍ശിക്കുകയും കുട്ടി പലപ്പോഴായി പറഞ്ഞ എല്ലാ വസ്തുതകളും പൂര്‍ണ്ണമായും ശരിയാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു. വിദേശപത്രങ്ങളിലും ഈ വിഷയം ചര്‍ച്ചയായത് പില്‍ക്കാലത്ത് പല പഠനങ്ങള്‍ക്കും പ്രേരകമായി.
ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ആരംഭിച്ചെങ്കിലും പാശ്ചാത്യരാജ്യങ്ങളില്‍ പ്രത്യേകിച്ചും അമേരിക്കയില്‍ പൂര്‍വ്വജന്മങ്ങളെക്കുറിച്ചുള്ള ഗൗരവപൂര്‍ണ്ണമായ ഗവേഷണം ശക്തിപ്രാപിച്ചത് എണ്‍പതുകളോടെയാണ്. അതില്‍ ഏറ്റവും പ്രഗല്‍ഭനായ ഗവേഷകന്‍ വെര്‍ജീനിയാ സര്‍വ്വകലാശാലയിലെ ഡോക്ടര്‍ ഇയാന്‍ സ്റ്റീവന്‍സണ്‍ ആയിരുന്നു. 1987ല്‍ അദ്ദേഹം Children who Remember Past Lives എന്ന പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചത് പിന്നീട് പല പഠനങ്ങള്‍ക്കുമുള്ള പ്രേരക ശക്തിയായി മാറി. അതിനുശേഷം വളരെ വ്യാപകമായ പഠനങ്ങള്‍ക്കുശേഷം രണ്ടു പുസ്തകങ്ങള്‍ കൂടി പ്രസിദ്ധീകരിച്ചു. ഡ്യൂക്ക് സര്‍വ്വകലാശാലയിലെ ഡോക്ടര്‍ ജോസഫ് റൈന്‍, ന്യൂയോര്‍ക്ക് കോളേജിലെ ഡോക്ടര്‍ ജര്‍ടൂബ് സകിമിലഡര്‍, മിയാമിയിലെ പ്രശസ്ത മനോരോഗചികിത്സകന്‍ ഡോക്ടര്‍ ബ്രയാന്‍ എല്‍.വീസ്, അമേരിക്കയിലെ പ്രശസ്തനായ പുനര്‍ജന്മപഠിതാവും ‘റിഗ്രഷന്‍ തെറാപ്പിസ്റ്റു’ മായ ടൂസ് ഹാര്‍ഡോ തുടങ്ങി നിരവധി പ്രമുഖര്‍ ഈ മേഖലയില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി പുനര്‍ ജന്മത്തെ ശാസ്ത്രീയമായി തെളിയിക്കുകയും അതോടൊപ്പം റിഗ്രഷന്‍ തെറാപ്പിയുടെ അനന്തസാദ്ധ്യതകള്‍ അനാവരണം ചെയ്യുകയുമുണ്ടായി.
പുനര്‍ജന്മ സ്മൃതിയിലൂടെ രോഗശാന്തി
അമേരിക്കയില്‍ എണ്‍പതുകള്‍ക്ക് മുന്‍പും ശേഷവും പാരാസൈക്കോളജില്‍ നിരവധി ശ്രദ്ധേയമായ പഠനങ്ങള്‍ നടന്നിരുന്നു. മിയാമിയിലെ മനോരോഗചികിത്സകനായിരുന്ന ഡോക്ടര്‍ ബ്രിയാന്‍ വീസിന് ഇത്തരം പഠനങ്ങളിലൊന്നും യാതൊരു താല്പര്യവും ഇല്ലായിരുന്നു. അദ്ദേഹം പരമ്പരാഗത മനോരോഗ ചികിത്സാപദ്ധതികളാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ എണ്‍പതുകളുടെ മദ്ധ്യത്തില്‍ മനോരോഗത്തിനടിമയായ ഒരു സ്ത്രീയുടെ തുടര്‍ ചികിത്സ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. പിന്നീടദ്ദേഹം പുനര്‍ജന്മ സ്മരണകളിലൂടെ പല മാനസിക-ശാരീരിക രോഗങ്ങളും മരുന്നിന്റെ സഹായമില്ലാതെ സ്വയം ഭേദപ്പെടുന്നതായി കണ്ടെത്തി. എണ്‍പതുകളുടെ മദ്ധ്യത്തില്‍ കാതറൈന്‍ എന്ന പേരുള്ള ഒരു യുവതി കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അദ്ദേഹത്തെ സമീപിച്ചു. 18 മാസം തുടര്‍ച്ചയായി പരമ്പരാഗത ചികിത്സ നല്‍കിയിട്ടും കാര്യമായ രോഗശാന്തി ലഭിക്കുകയുണ്ടായില്ല. തുടര്‍ന്ന് അവരെ ഹിപ്‌നോട്ടിസത്തിനു വിധേയയാക്കി. ഇത്തരത്തില്‍ കുറച്ച് സെഷനുകള്‍ പിന്നിട്ടപ്പോള്‍ യുവതി ഗാഢമായ ഹിപ്‌നോട്ടിക്ക് നിദ്രയിലെത്തുകയും പൂര്‍വ്വജന്മങ്ങളെക്കുറിച്ച് വിവരണങ്ങള്‍ നല്‍കുകയും ചെയ്തതുകേട്ട് ഡോക്ടര്‍ വീസ് അത്ഭുതസ്തബ്ധനായി. തുടര്‍ന്നുള്ള പല സെഷനുകളിലായി അവരുടെ നിരവധി പൂര്‍വ്വജന്മങ്ങളെക്കുറിച്ചവര്‍ വെളിപ്പെടുത്തുകയും അതോടൊപ്പം അവളുടെ മനോരോഗം പടിപടിയായി കുറഞ്ഞ് നിശ്ശേഷം ഭേദമാകുകയും ചെയ്തു. ഇത് വീസിന് പുതിയ അനുഭവമായിരുന്നു. അതോടെ അവളുടെ മനോരോഗം പൂര്‍വ്വജന്മങ്ങളിലെ ചില അസുഖകരമായ ഓര്‍മ്മകള്‍ അവളുടെ ഉപബോധമനസ്സില്‍ അടിഞ്ഞു കിടക്കുന്നതുമൂലമായിരുന്നുവെന്ന് ഡോക്ടര്‍ വീസിനു മനസ്സിലായി.
ഈ പശ്ചാത്തലത്തില്‍ പൂര്‍വ്വ ജന്മങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ള ശാസ്ത്രീയ പഠനങ്ങള്‍ ശേഖരിക്കാനും പഠിക്കാനും ഡോക്ടര്‍ വീസ് ആരംഭിച്ചു. രണ്ടായിരത്തിലധികം കുട്ടികളുടെ പൂര്‍വ്വജന്മസ്മരണകളെകുറിച്ചുള്ള ഇയാന്‍ സ്റ്റീവന്‍സിന്റെ പഠനം 1987-ല്‍ പ്രസിദ്ധീകരിച്ചിരുന്നു. അതുപോലെ എഡ്ഗര്‍ മിച്ചലിന്റെ ശാസ്ത്രീയ പ്രബന്ധവും ഡ്യൂക്ക് സര്‍വ്വകലാശാലയിലെ അതീന്ദ്രിയജ്ഞാനത്തെ (Extra sensory Perception) കുറിച്ചുള്ള പഠനവും ബ്രൗണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫസ്സര്‍ സി.ജെ.ഡ്യൂക്കാസിന്റെ പേപ്പറുകളും, ഡോക്ടര്‍ മാര്‍ട്ടിന്‍ എമ്പ്രാന്‍, ഡോക്ടര്‍ ഹെലന്‍ വമ്പാക്ക്, ഡോക്ടര്‍ ജെര്‍ട്ട് ഗുഡ്ഷിമല്‍മഡര്‍, ഡോക്ടര്‍ ഫ്രെഡറിക് ലെന്‍സ് ഡേ എഡ്ത്ത് ഫിയോര്‍ എന്നിവരുടെ ശാസ്ത്ര പഠനങ്ങളും ഡോ.വീസ് പഠനവിധേയമാക്കി. ഇതോടെ മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതകളേയും പുനര്‍ജന്മസ്മൃതികളുടെ രോഗശാന്തിക്കുള്ള സാദ്ധ്യതകളേയും കുറിച്ച് ഡോക്ടര്‍ വീസിന് കൂടുതല്‍ ശാസ്ത്രീയമായ ഉള്‍ക്കാഴ്ച നേടാനായി.
2008 ആയപ്പോഴേക്കും ഡോക്ടര്‍ വിസ് 4000ത്തില്‍ പരം രോഗികളുടെ പൂര്‍വ്വ ജന്മസ്മരണകള്‍ ശേഖരിച്ചിരുന്നു. ഇതേ കാലത്ത് ഡോക്ടര്‍ വീസിനു പുറമെ ഡോക്ടര്‍ ഇയാന്‍ സ്റ്റീവന്‍സണ്‍, ടൂസ് ഹാര്‍ഡോ തുടങ്ങി നിരവധി മനശ്ശാസ്ത്രജ്ഞന്മാരും പതിനായിരക്കണക്കിന് ആളുകളുടെ പൂര്‍വ്വജന്മസ്മൃതികള്‍ അപഗ്രഥിച്ചു കഴിഞ്ഞിരുന്നു. ഇവയില്‍ പലതും ”ഗ്രൂപ്പ് വര്‍ക്ക് ഷോപ്പുകള്‍” മുഖേന ശേഖരിച്ചവയാണ്. ഇവരില്‍ ബഹുഭൂരിപക്ഷവും അവിശ്വസനീയമായ രീതിയില്‍ ഇതോടെ രോഗശാന്തി കൈവന്നവരുമാണ്. ഇവരുടെയെല്ലാം മുന്‍ജന്മങ്ങളിലെ ചില ദുരന്ത അനുഭവങ്ങള്‍, അപകട മരണങ്ങള്‍, പീഡനാനുഭവങ്ങള്‍, മാരകമായി പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്ത സാഹചര്യങ്ങള്‍ എന്നിവ ഉപബോധമനസ്സില്‍ മായാതെ കിടക്കുന്നതു കാരണമാണ് അപകടഭീതി, ഭയം, അകാരണമായ ദുഃഖം, കടുത്ത മാനസികസമ്മര്‍ദ്ദം, ശരീരത്തിന്റെ പ്രത്യേകഭാഗത്ത് സ്ഥിരമായുള്ള വേദനകള്‍ എന്നിവ അനുഭവപ്പെടുന്നത് എന്ന് ഗവേഷകര്‍ കണ്ടെത്തി. അതോടൊപ്പം ഇവര്‍ പൂര്‍വ്വ ജന്മത്തില്‍ മറ്റാരെയെങ്കിലും കൊല്ലുകയോ ആക്രമിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവയുടെ തിരിച്ചടികളുടെ ഭീതിയും ഉപബോധമനസ്സുവഴി മാനസികസമ്മര്‍ദ്ദത്തിനിടയാകും. ഇവിടെ ഉപബോധമനസ്സ് എന്നത് ഭാരതീയ വീക്ഷണത്തിലുള്ള ജ്ഞാനമയ കോശമാണ്. ഒരാളുടെ പൂര്‍വ്വജന്മസ്മൃതിയും പൂര്‍വ്വജന്മങ്ങളിലെ കാര്‍മ്മികബന്ധങ്ങളുമെല്ലാം കുടികൊള്ളുന്നത് വിജ്ഞാനമയ കോശത്തിലാണ്. അവ ബോധമനസ്സിന് അപ്രാപ്യമാണെങ്കിലും ഉപബോധമനസ്സില്‍ അന്തര്‍ലീനമായിരിക്കും.
ഒരിക്കല്‍ ഈ ശാരീരിക-മാനസികപ്രശ്‌നങ്ങള്‍ക്ക് കാരണമായ പൂര്‍വ്വജന്മ പശ്ചാത്തലം സ്വയം ബോദ്ധ്യപ്പെട്ടാല്‍ മറ്റു ചികിത്സകളൊന്നും കൂടാതെ മാനസികസമ്മര്‍ദ്ദങ്ങളും വേദനകളും സ്വയം ഇല്ലാതാകുന്നതായും ഈ പഠനങ്ങളില്‍ വ്യക്തമായി. ഉദാഹരണത്തിന് 17 വര്‍ഷമായി തീവ്രമായ പുറംവേദന അനുഭവിച്ചിരുന്ന ഒരു സ്ത്രീയ്ക്ക് തുടര്‍ച്ചയായി മരുന്നുകള്‍ കഴിച്ചിട്ടും അസഹ്യമായ വേദന തുടര്‍ന്നിരുന്നു. ഇവര്‍ പൂര്‍വ്വ ജന്മത്തില്‍ ജറുസലേമില്‍ പുരുഷനായിരുന്നപ്പോള്‍ റോമന്‍ പട്ടാളക്കാര്‍ പടയോട്ടസമയത്ത് അയാളുടെ നടുവൊടിച്ചിരുന്നതായി റിഗ്രഷന്‍ സെഷനില്‍ സ്വയം കണ്ടതോടെ യാതൊരു മരുന്നും കഴിക്കാതെ തന്നെ അവരുടെ പുറംവേദന പൂര്‍ണ്ണമായും ഭേദപ്പെട്ടതായി ബ്രയാന്‍ വീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ചുരുക്കത്തില്‍ പല ശാരീരിക-മാനസിക രോഗങ്ങളുടേയും ഉറവിടം പൂര്‍വ്വജന്മങ്ങളിലെ ചില ദുരന്ത അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ലക്ഷക്കണക്കിന് ആളുകളുടെ പൂര്‍വ്വജന്മസ്മൃതികള്‍ അപഗ്രഥിച്ച ഒരു കുട്ടം ഗവേഷകര്‍ അസന്നിഗ്ദ്ധമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഭാരതീയ ഇതിഹാസങ്ങളിലും പുരാണങ്ങളിലുമെല്ലാം പുനര്‍ജന്മത്തെക്കുറിച്ചും കര്‍മ്മബന്ധങ്ങളെക്കുറിച്ചുമെല്ലാം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇവയെല്ലാം ശാസ്ത്രീയമായി ശരിയാണെന്ന് ഈ പാശ്ചാത്യ ഗവേഷണങ്ങള്‍ വസ്തുനിഷ്ഠമായി തെളിയിച്ചിരിക്കുകയാണ്. എന്നാല്‍ പൂര്‍വ്വജന്മ സ്മരണകള്‍ ഒരു ചികിത്സാ പദ്ധതിയായി മാറുന്നത് രണ്ട് മൂന്നു ദശകങ്ങള്‍ക്കു മുന്‍പ് മാത്രമാണ്. മനോരോഗ വിദഗ്ദ്ധര്‍ പൂര്‍വ്വജന്മ സ്മൃതികള്‍ ഉണര്‍ത്താന്‍ ‘റിഗ്രഷന്‍’ മാര്‍ഗ്ഗം അവലംബിക്കുകയും അതുവഴി മാനസിക – ശാരീരിക രോഗത്തിനു കാരണമായ പ്രതിഭാസത്തെ രോഗിക്ക് നേരിട്ടു മനസ്സിലാക്കാന്‍ അവസരം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. ഈ ചികിത്സാരീതി ‘റിഗ്രഷന്‍ തെറാപ്പി’ എന്നാണറിയപ്പെടുന്നത്. അതിനെക്കുറിച്ച് Trutz Hardo എന്ന റിഗ്രഷന്‍ തെറാപ്പിസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത് ഇപ്രകാരമാണ്. (P123)
റിഗ്രഷന്‍ അഥവാ റീ ഇന്‍കാര്‍നേഷന്‍ തെറാപ്പി ഒരു വ്യക്തിക്ക് അവന്റെ ഉന്നത ആത്മാവുമായി ബന്ധപ്പെടാനും ആത്മീയ മാര്‍ഗ്ഗദര്‍ശനം സ്വീകരിക്കാനുമുള്ള വഴി തുറക്കുന്നു. തന്റെ ഉപബോധമനസ്സിലേക്കോ വൈകാരിക ശരീരത്തിലേക്കോ ആഴ്ന്നിറങ്ങി ഭൂതകാലത്തിന്റെ ശേഖരത്തെ വായിച്ചെടുക്കാന്‍ ഇത് അവനെ പ്രാപ്തനാക്കുന്നു. ഇപ്പോഴത്തെ അസ്വസ്ഥതകളുടെ ലക്ഷണങ്ങളായ ഭയം, വിദ്വേഷം, ബാധ, നിരാശ, അലര്‍ജി, ഉറക്കമില്ലായ്മ, മാറാത്ത വേദനകള്‍, മൈഗ്രെയ്ന്‍, ആസ്തമ, ദുസ്വപ്നങ്ങള്‍ വ്യക്തിബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളുടെ ഉറവിടം ഇവിടെയാണ് സംഭരിച്ചുവെച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മിക്ക അ സ്വസ്ഥ ലക്ഷണങ്ങളും മുജ്ജന്മങ്ങളിലാണ് രൂപമെടുത്തതെന്നാണ് ഹാലു ഇതിലൂടെ കണ്ടെത്തിയത്. ഈ ജന്മത്തിലെ പ്രശ്‌നങ്ങള്‍ ആദ്യ കാരണങ്ങളുടെ അടയാളങ്ങളോ പാര്‍ശ്വഫലങ്ങളോ ആകാം. ഒരു തെറാപ്പിയിലൂടെ ഉപബോധമനസ്സില്‍, അതായത് വൈകാരിക ശരീരത്തില്‍ ഉള്ള അസ്വസ്ഥ ലക്ഷണങ്ങളെ, അവയുടെ വികാരങ്ങളെ ഇല്ലാതാക്കാന്‍ കഴിയും. റിഗ്രഷന്‍ തെറാപ്പിയിലൂടെയുള്ള രോഗശമന സാധ്യത വളരെ കൂടുതലാണ്. പുനര്‍ജന്മത്തിലുള്ള ഗവേഷ ണം ഈ തെറാപ്പിയെ മനുഷ്യ സമൂഹത്തിന് ഗുണകരമാക്കുന്നു. (ടുഡ്‌സ് ഹാര്‍ഡോ (2009), 30 മോസ്റ്റ് കണ്‍വിന്‍സിംഗ് കെയ്‌സസ് ഓഫ് റീഇന്‍കാര്‍നേഷന്‍, ജയ്‌കോ പബ്ലിഷിംഗ് ഹൗസ്, പേജ് 123-24).
റിഗ്രഷന്‍ തെറാപ്പി മനുഷ്യബന്ധങ്ങളിലുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കുന്നതിനും വളരെ പ്രയോജനകരമാണ്. പല കുടുംബബന്ധങ്ങളും തകരുന്നതിനും അസുഖകരമായ പല പ്രശ്‌നങ്ങള്‍ക്കും പൂര്‍വ്വജന്മ പശ്ചാത്തലമുണ്ടാകും. ഡോക്ടര്‍ ‘ടൂസ്’ ഹാര്‍ഡോ ഇത്തരത്തിലുള്ള നിരവധി കേസുകള്‍ വിവരിക്കുന്നുണ്ട്. ഉദാഹരണത്തിന് 20 വര്‍ഷം മുന്‍പ് വിവാഹം കഴിച്ച ഒരാള്‍ ഒരിക്കല്‍ പോലും ഭാര്യ ശാരീരികബന്ധത്തിനു തയ്യാറായിട്ടില്ല എന്ന് റിഗ്രഷന്‍ സെഷനുമുമ്പ് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നുള്ള സെഷനില്‍ ഇയാള്‍ 200 വര്‍ഷം മുന്‍പ് പട്ടാളക്കാരനായിരുന്നപ്പോള്‍ ഈ യുവതിയെ ഭീകരമായ രീതിയില്‍ ബലാല്‍സംഗം ചെയ്തിരുന്നതായി കണ്ടു. ഈ സ്മരണ അവളുടെ ഉപബോധമനസ്സില്‍ തങ്ങി നില്‍ക്കുന്നതുകൊണ്ടാണ് അവള്‍ ശാരീരിക ബന്ധത്തെ എതിര്‍ത്തിരുന്നത്. അയാള്‍ തെറാപ്പിയുടെ ഭാഗമായി അവളോട് ക്ഷമിക്കുകയും മുജ്ജന്മത്തില്‍ ചെയ്ത തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുകയും ചെയ്ത് വീട്ടിലെത്തിയപ്പോള്‍ ആ സ്ത്രീ സ്വയം ഇയാളെ ആദ്യമായി ശാരീരിക ബന്ധത്തിന് ക്ഷണിക്കുകയാണുണ്ടായത്.
ഇതുപോലെ മറ്റൊരു കേസ് രേഖപ്പെടുത്തിയിട്ടുള്ളത് ഏതുവിധം മുജ്ജന്മങ്ങളിലെ പ്രവൃത്തികള്‍ ഈ ജന്മത്തെ കുടുംബബന്ധങ്ങളെ ബാധിക്കുമെന്നതിനുദാഹരണമാണ്. 45 വയസ്സുള്ള ഒരു വനിത മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സക്കായി വന്നപ്പോള്‍ പറഞ്ഞത് ചെറുപ്പകാലം മുതല്‍ അമ്മ അവഗണിക്കുകയും മാറ്റി നിര്‍ത്തുകയും മറ്റ് രണ്ടു സഹോദരങ്ങളെ വല്ലാതെ സ്‌നേഹിക്കുകയും ലാളിക്കുകയുമായിരുന്നു എന്നും 25 വര്‍ഷമായി അമ്മയില്‍ നിന്നു മാറിത്താമസിക്കുകയാണെങ്കിലും ഈ അമ്മയുടെ അവഗണനയും സ്‌നേഹമില്ലായ്മയും വലിയ മാനസികവിഷാദം ഉണ്ടാക്കുന്നുവെന്നുമാണ്. ചികിത്സയുടെ ഭാഗമായി റിഗ്രഷന്‍ തെറാപ്പിയ്ക്കു വിധേയമായപ്പോള്‍ അവര്‍ക്ക് ബോദ്ധ്യപ്പെട്ടത് അമ്പരപ്പിയ്ക്കുന്ന കാര്യമാണ്. മറ്റൊരു ജന്മത്തില്‍ ഇവര്‍ സുന്ദരിയായ ഒരു സ്ത്രീയായിരുന്നു. വിവാഹിതനായ ഒരു പുരുഷനുമായി അവള്‍ പ്രേമത്തിലായി. പക്ഷെ ഭാര്യ കൂടെയുള്ളതുകൊണ്ട് അയാള്‍ക്കിവളെ സ്വീകരിയ്ക്കാനായില്ല. തുടര്‍ന്ന് അയാളുടെ സമ്മതത്തോടെ ഭാര്യയെ വിഷംകൊടുത്തു കൊല്ലുകയാണിവള്‍ ചെയ്തത്. അങ്ങിനെ ഇവള്‍ വിഷം കൊടുത്തു കൊന്ന സ്ത്രീയാണ് ഈ ജന്മത്തില്‍ ഇവളുടെ മാതാവായി ജനിച്ചിട്ടുള്ളത്. മാതാവിന്റെ ഉപബോധമനസ്സില്‍ ഈ ഓര്‍മ്മ മായാതെ കിടക്കുന്നതുകൊണ്ടാണ് ഈ ജന്മത്തില്‍ അവളെ സ്‌നേഹിക്കാതെ മാറ്റിനിര്‍ത്തിയത്. തുടര്‍ന്ന് ടൂസ് ഹാര്‍ഡോ അമ്മയോട് പൂര്‍വ്വജന്മത്തില്‍ ചെയ്ത തെറ്റ് പൊറുക്കാനും അമ്മയോട് ക്ഷമയാചിച്ച് പ്രാര്‍ത്ഥിക്കാനും അമ്മയ്ക്ക് ഒരു പാത്രം നിറയെ സ്‌നേഹം പാനീയ രൂപത്തില്‍ സമര്‍പ്പിക്കുന്നതായി ആത്മാര്‍ത്ഥമായി സങ്കല്പിച്ച് പ്രാര്‍ത്ഥിക്കാനും ആവശ്യപ്പെട്ടു. അതെല്ലാം ചെയ്ത് മടങ്ങിപ്പോയ അവള്‍ പിറ്റേന്ന് വലിയ സന്തോഷത്തോടെ അമ്മ രാവിലെ ഫോണില്‍ വിളിച്ച് ആദ്യമായി സ്‌നേഹപൂര്‍വ്വം മോളേ എന്ന അഭിസംബോധന ചെയ്യുകയും ഉച്ചതിരിഞ്ഞ് വീട്ടിലേക്കുവരാന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുകയും ചെയ്തതായും പറഞ്ഞു. വീട്ടിലേക്കു ചെന്ന അവളെ ആദ്യമായി പൊന്നുമോളേ എന്നു പറഞ്ഞ് അമ്മ കെട്ടിപ്പിടിക്കുകയും വലിയ സ്‌നേഹത്തോടെ പെരുമാറുകയുംചെയ്തു. റിഗ്രഷന്‍ തെറാപ്പിയുടെ ഭാഗമായി അമ്മയോട് ചെയ്ത ക്രൂരതക്ക് മാപ്പ് രേഖപ്പെടുത്തുകയും ഹൃദയത്തില്‍ തട്ടത്തക്കവിധം ക്ഷമ ചോദിച്ച് സ്‌നേഹം കാഴ്ചവെക്കുകയും ചെയ്തതോടെ അമ്മയുടെ ഉപബോധമനസ്സിലെ വെറുപ്പും അപ്രത്യക്ഷമായി. പല കുടുംബബന്ധ ശൈഥില്യങ്ങളുടെയും പുറകില്‍ ഇത്തരത്തില്‍ പൂര്‍വ്വജന്മവുമായി ബന്ധപ്പെട്ട ഏതെങ്കിലും അനുഭവങ്ങളുണ്ടാകാം. അവയെ റിഗ്രഷന്‍ തെറാപ്പിയിലൂടെ ദൂരികരിച്ച് കുടുംബ ബന്ധം സ്‌നേഹമുള്ളവയാക്കാന്‍ സഹായിക്കും.
റിഗ്രഷന്‍ തെറാപ്പി സാമൂഹ്യ സ്വാസ്ഥ്യത്തിന്
റിഗ്രഷന്‍ തെറാപ്പിയിലൂടെ വ്യക്തികളുടെ ശാരീരിക-മാനസികരോഗ ശാന്തിയോടൊപ്പം സാമൂഹ്യ തലത്തിലുള്ള അസ്വാസ്ഥ്യങ്ങള്‍ക്കും ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. 2015ലെ കണക്കനുസരിച്ച് ലോകത്തെ 32.25 കോടി ജനങ്ങള്‍ മാനസികരോഗങ്ങള്‍ക്കടിമകളായിരുന്നു. 2017ലെ പഠനമനുസരിച്ച് ഭാരതത്തിലെ 14 ശതമാനം ജനങ്ങള്‍ മാനസിക രോഗങ്ങള്‍ അനുഭവിയ്ക്കുന്നവരായിരുന്നു. ഇത് 18 കോടിയിലധികം പേരെ ബാധിക്കുന്ന വലിയ സാമൂഹ്യപ്രശ്‌നമായി മാറിയിരിക്കുന്നുവെന്നര്‍ത്ഥം. ഇപ്പോള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തരക്കാരുടെ എണ്ണം വളരെ ഉയര്‍ന്നിട്ടുണ്ടാകും. ഇത്രയധികം ജനങ്ങള്‍ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നത് സാമൂഹ്യസ്വാസ്ഥ്യത്തെ ബാധിക്കുമെന്നുറപ്പാണ്. അതിന്റെ ബാഹ്യപ്രകടനമാണ് വര്‍ദ്ധിച്ചുവരുന്ന കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, സ്ത്രീപീഡനങ്ങള്‍, ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍, കലാപങ്ങള്‍, ലഹരിമരുന്നിനടിമപ്പെടല്‍, കുട്ടികളോടുള്ള ക്രൂരതകള്‍ തുടങ്ങിയവയെല്ലാം. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിലും പീഡനങ്ങളിലുമെല്ലാം ഏര്‍പ്പെടുന്നവര്‍മിക്കവരും മുന്‍ജന്മങ്ങളുടെ ഭീകരവും ക്രൂരവും ആക്രാമികവുമായ അനുഭവങ്ങളുടെ ഇരകളായിരിക്കും. റിഗ്രഷന്‍ തെറാപ്പിയിലൂടെ ഇപ്പോഴത്തെ സ്വഭാവ വൈകൃതത്തിന്റെ മൂലകാരണം സ്വയം വെളിവായാല്‍ അവരില്‍ നിന്നും ഈ പ്രവണത പൂര്‍ണ്ണമായും മാറിപ്പോകുന്നതായി കാണാം.
ഒരു പക്ഷെ ഏറ്റവും കൂടുതല്‍ പരീക്ഷിക്കാവുന്ന മേഖല ക്രിമിനോളജിയാണ്. മിക്ക ക്രിമിനലുകളും പൂര്‍വ്വജന്മങ്ങളിലെ ക്രൂരമായ അനുഭവങ്ങളുടെ ഇരകളായിരിക്കും. അവര്‍ക്കുണ്ടായ ക്രൂരമായ അനുഭവങ്ങളോ മറ്റുള്ളവരില്‍ നിന്ന് നേരിട്ട അസഹ്യമായ പീഡനങ്ങളോ, മര്‍ദ്ദനങ്ങളോ, കൊലപാതകമോ ആയിരിക്കാം ഇതിനുള്ള മൂലകാരണം. അവര്‍ക്ക് റിഗ്രഷന്‍ സെഷനുകളിലൂടെ ഈ പശ്ചാത്തലം സ്വയം മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ക്രിമിനല്‍ സ്വഭാവം അതോടെ ഇല്ലാതാകും. ഇത് അയാള്‍ക്കും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ ശ്രേയസ്‌കരമായി മാറും. മറ്റൊരു സാമൂഹ്യദുരന്തമാണ് വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍ 2000 ത്തിനും 2020നും ഇടയ്ക്ക് ഭാരതത്തില്‍ വര്‍ഷംതോറും ശരാശരി 1.33 ലക്ഷം പേര്‍ ആത്മഹത്യ ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് 20 വര്‍ഷം കൊണ്ട് 27 ലക്ഷത്തിലധികം പേര്‍ ആത്മഹത്യചെയ്തു. 2019ല്‍ കേരളത്തില്‍ 8556 പേര്‍ ആത്മഹത്യ ചെയ്തു. ദേശീയതലത്തില്‍ 2019ല്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 10.4 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ കേരളത്തിലത് 24.3 ആയിരുന്നു. 3 ശതമാനത്തില്‍ താഴെ ജനസംഖ്യയുള്ള സംസ്ഥാനത്ത് രാജ്യത്തെ ആത്മഹത്യകളുടെ 6.5 ശതമാനമാണുള്ളത്. നാഷണല്‍ ക്രൈം റിസര്‍ച്ച് ബ്യൂറോയുടെ കണക്കുകളില്‍ ഇവയുടെ കാരണ ങ്ങളെ കുടുംബപ്രശ്‌നങ്ങള്‍, സ്ത്രീധനപ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്ന രീതിയിലാണ് തരംതിരിച്ചിട്ടുള്ളതും. എന്നാല്‍ ഇവയുടെ മൂലകാരണം പൂര്‍വ്വജന്മത്തെ ചില അനുഭവങ്ങളുമായി ബന്ധപ്പെട്ടവയോ ചിലപ്പോള്‍ പൂര്‍വ്വജന്മങ്ങളിലെ ആത്മഹത്യയുടെ പുനരാവര്‍ത്തനമോ ആകാമെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രവണതകാണിക്കുന്നവരെ റിഗ്രഷന്‍ തെറാപ്പിയിലൂടെ സന്തുഷ്ടജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് മനശ്ശാസ്ത്രജ്ഞന്മാര്‍ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.
അതുപോലെ ലഹരിയ്ക്കടിമപ്പെട്ട് ജീവിതം ഹോമിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിച്ചുവരികയാണ്. ഇവര്‍ പലരും അക്രമവാസനയോ ക്രിമിനല്‍ സ്വഭാവമോ കാണിക്കുന്നുമുണ്ട്. കൊലപാതകങ്ങളും ക്വട്ടേഷന്‍ പരിപാടികളുമായി നടക്കുന്ന ക്രിമിനലുകളും ധാരാളമുണ്ട്. അതോടൊപ്പം വന്‍സാമ്പത്തിക അട്ടിമറികളും തട്ടിപ്പുകളും പിടിച്ചുപറിയും കൊള്ളയും നടത്തുന്ന വ്യക്തികളും സംഘങ്ങളുമുണ്ട്. ഇവരെല്ലാം ഒരര്‍ത്ഥത്തില്‍ പൂര്‍വ്വജന്മത്തിലെ ദുരന്തസ്മരണകളുടെ ഇരകളായിരിക്കും. ഇത്തരക്കാരെ ജയിലിലടച്ചാല്‍ അവരുടെ ക്രിമിനല്‍ സ്വഭാവത്തിന് മാറ്റമൊന്നും വരുന്നില്ല. അതോടൊപ്പം അവരെ റിഗ്രഷന്‍ തെറാപ്പിയ്ക്ക് വിധേയമാക്കിയാല്‍ ഈ ആക്രമണ-കൊലപാതകപ്രവര്‍ത്തനം അവരില്‍ നിന്നും എന്നെന്നേക്കുമായി വിട്ടുമാറും. എന്നാല്‍ ഇതിന് പറ്റിയ നിയമ-സാമൂഹ്യ പശ്ചാത്തലം സൃഷ്ടിക്കേണ്ടതുണ്ട്. നുണപരിശോധനാ ടെസ്റ്റിന് പ്രതിയുടെ സമ്മതപത്രം ആവശ്യമാണെന്ന കോടതി വിധി മാറ്റിയേ പറ്റൂ. വ്യക്തമായ ശാസ്ത്രീയ തയ്യാറെടുപ്പോടെ വിദഗ്ദ്ധരായ രണ്ടോ മൂന്നോ മാനസിക രോഗചികിത്സരുടെ നേതൃത്വത്തില്‍ (പ്രത്യേക പരിശീലനം ലഭിച്ചവര്‍) ഇത്തരക്കാരെ റിഗ്രഷന്‍ തെറാപ്പിക് വിധേയമാക്കാനുള്ള നിയമപരിരക്ഷ ആവശ്യമാണ്. കുറ്റവാളിയെ ജയിലടച്ചതുകൊണ്ട് അയാളിലെ കുറ്റവാസന കുറയുന്നില്ല. പലപ്പോഴുമത് കൂടുന്നതായും അനുഭവമുണ്ട്. നേരെ മറിച്ച് അയാളുടെ ഉപബോധമനസ്സില്‍ അടിഞ്ഞുകിടക്കുന്ന ഇതിനു പ്രേരകമായ പൂര്‍വ്വജന്മ അനുഭവങ്ങളിലൂടെ അതിനെ ഇല്ലാതാക്കുകയാണ് കരണീയമായിട്ടുള്ളത്.
എന്തിനീ അവഗണന?
പൂര്‍വ്വജന്മത്തിലും കര്‍മ്മഫലത്തിലുമൊക്കെ വിശ്വസിക്കുന്ന ഭാരതത്തില്‍ റിഗ്രഷന്‍ തെറാപ്പിക്ക് വേണ്ടത്ര ശ്രദ്ധയും പരിഗണനയും ലഭിക്കാത്തത് അതിശയകരമാണ്. ഇപ്പോള്‍ കേരള നിയമസഭയുടെ മുന്നിലുള്ള അന്ധവിശ്വാസ-അനാചാര നിര്‍മ്മാര്‍ജ്ജന ബില്ലിന്റെ പരിധിയില്‍ ഇതിനെ പെടുത്താനും സാദ്ധ്യതയുണ്ട്. അത്തരത്തിലാണ് നമ്മുടെ മതേതര കാഴ്ചപ്പാട്. എന്നാല്‍ എന്തിനും വൈദേശിക ശാസ്ത്രജ്ഞരെ അനുകരിക്കുന്ന ഭാരതീയരും കേരളീയരും റിഗ്രഷന്‍ തെറാപ്പിയോട് പിന്‍തിരിഞ്ഞുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമല്ല. ഈ തെറാപ്പിയ്ക്കാവശ്യമായ പരിശീലനം ശാസ്ത്രീയമായി വികസിപ്പിക്കുകയും അതിന് അക്രഡിറ്റേഷന്‍ ലഭിച്ചവര്‍ മാത്രം ശാസ്ത്രീയ രീതി അവലംബിച്ച് രോഗികളെ പരിശോധിക്കുന്ന രീതിയില്‍ ചിട്ടപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. അതില്ലെങ്കില്‍ ചിലരെങ്കിലും അതിനെ ദുരുപയോഗം ചെയ്യാനിടയുണ്ട്. ഇക്കാര്യത്തില്‍ പൊതു അഭിപ്രായങ്ങള്‍ രൂപപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
Reference
Brian L.Weiss, MD
1. Many lifes and Many Masters (1988)
2. Through Time into Healing (1992)
3. Messages from Masters (2000)
4. Love only is Real (1996)
5. Mirrors of Time: Using Regression for Physical, Emotional and spiritual Healing (2002)
6. Same soul and Many Bodies (2004)
7. Mirracles Happen (2012)
Dr. Ian Stevenson, MD
1. Children who remember Past Lives (1987)
2. Reincarnation and Biology – A contribution to the Ethiology of Birthmarks and Birth Defects (1997)
3. Where Reincarnation and Biology intersect (1997).
Helen Wambachi, (1979) Life Before Life Ian wilson (1982), Reincarnation. Jeffry …..son (1976) More lives than one.
Trutz Hardo
1. Reincarnation: The case of Children who have lived before (2003)
2. 30 Most convincing cases of Reincarnation (2009)
3. The Karma Handbook: Reincarnation and Healing (2006)
Note
ട്രൂസ് ഹാര്‍ഡോ കര്‍മ്മാഹാന്‍ഡ് ബുക്ക് എന്ന പുസ്തകം തുടങ്ങുന്നത് ഹൈന്ദവ വിശ്വാസത്തില്‍ കര്‍മ്മബന്ധങ്ങളെ എങ്ങിനെ അപഗ്രഥിച്ചിരിക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ടാണ്.
ആദ്യപേജ് തുടങ്ങുന്നതുതന്നെ ഭഗവാന്‍ സത്യസായിബാബയു ടെ ഒരു ഉദ്ധരണിയോടെയാണ്.
കര്‍മ്മത്തിന്റെയും പുനര്‍ജന്മത്തിന്റെയും അറിവ് ലോകം മുഴുവന്‍ വ്യാപിക്കുകയാണെങ്കില്‍ ലോക ത്തെ അതിന്റെ അസുഖങ്ങളില്‍ നിന്ന് ഭേദമാക്കാം. ഈ അറിവ് ഇല്ലാതെ രോഗശാന്തിയോ സത്യമോ സത്യസന്ധതയോ ശാന്തിയോ സുവര്‍ണ യുഗമോ ഉണ്ടാകില്ല.
(Part one of Karma Hand book: Part on title: India as the Birth place of Karmic Concept)