Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മടയില്‍ ചാമുണ്ഡി

ഡോ.ആര്‍.സി.കരിപ്പത്ത്

Print Edition: 18 March 2022

കരിമണല്‍ ചാമുണ്ഡി, മടയില്‍ ചാമുണ്ഡി, മേനച്ചൂര്‍ ചാമുണ്ഡി, ആനമടച്ചാമുണ്ഡി, മലമ്മല്‍ച്ചാമുണ്ഡി, വീരചാമുണ്ഡി തുടങ്ങിയ പേരുകളില്‍ കെട്ടിയാടിച്ചുവരുന്ന ഒരു തെയ്യമാണ് പാതാളമൂര്‍ത്തി എന്നുകൂടി വിളിച്ചുവരുന്ന മടയില്‍ ചാമുണ്ഡി.

അസുരവിനാശത്തിന്നായി അവതരിച്ച ശ്രീ കാര്‍ത്ത്യായനീ ദേവിയുടെ സൗന്ദര്യാതിരേകത്തില്‍ മനംമയങ്ങിയ ചണ്ഡമുണ്ഡന്മാര്‍ അസുരപ്പടയുമായാണ് ആ ദേവിയെ കീഴ്‌പ്പെടുത്തുവാനെത്തിയത്. ദേവിയും അസുരന്മാരും ഘോരമായി യുദ്ധം തുടങ്ങി. തളര്‍ച്ച തോന്നിയ ദേവി കുടില കോപത്തോടെ കണ്‍തുറന്നപ്പോള്‍ അതില്‍ നിന്നു ഉടലെടുത്ത ഘോരസ്വരൂപിണിയായ ദേവിയാണ് കാളമേഘംപോലെ അവരെ നേരിട്ടത്. പരാജയം മണത്തറിഞ്ഞ ചണ്ഡമുണ്ഡന്മാര്‍ ആകാശദേശത്തേക്ക് പാഞ്ഞുവെങ്കിലും ദേവി അവിടെ കൊടുങ്കാറ്റായണഞ്ഞു. ഗത്യന്തരമില്ലാതെ അവര്‍ പാതാളത്തില്‍ ചെന്നൊളിച്ചു. അഷ്ടാദശകരങ്ങളിലും ആയുധങ്ങളുമായി പാതാളത്തില്‍ പാഞ്ഞെ ത്തിയ ദേവി ചണ്ഡമുണ്ഡന്മാരെ വധിച്ച് ജഡങ്ങള്‍ ചണ്ഡികാദേവിക്ക് കാഴ്ചവെച്ചു. സംപ്രീതയായ കാര്‍ത്യായനീദേവി ആ ചൈതന്യ സ്വരൂപിണിക്ക് ചാമുണ്ഡി എന്ന വിളിപ്പേര്‍ സമ്മാനിച്ചു. പാതാളലോകം വരെ പാഞ്ഞുചെന്ന് അസുരനിഗ്രഹം നടത്തിയ ഈ ചാമുണ്ഡിയെ ‘പാതാളമൂര്‍ത്തി’ എന്ന പേരിലും ഭക്തന്മാര്‍ ആരാധിക്കാന്‍ തുടങ്ങി.

പുരാണപ്രസിദ്ധയായ ചാമുണ്ഡി പിന്നീട് ഭക്തന്മാരെ ധര്‍മ്മസംസ്ഥാപനം ചെയ്തു പരിപാലിക്കാനായി ഭൂമിയിലേക്ക് ഇറങ്ങിവരികയാണ്. യമണ്ടിമട പാതാളത്തില്‍ നിന്ന് ദേവി ആദ്യം കരിമണല്‍ത്താവളത്തില്‍ വന്നുചേരുകയും ഭക്തോത്തമനായ കരിമണല്‍ നായര്‍ക്ക് ദര്‍ശനം കൊടുക്കുകയും ചെയ്തു. അതീവ ചൈതന്യം പൊഴിക്കുന്ന ദേവിയെ കരിമണല്‍ ചാമുണ്ഡി എന്ന പേരില്‍ നായര്‍ താനുണ്ടാക്കിയ കാവില്‍ കുടിയിരുത്തി ആരാധിക്കാന്‍ തുടങ്ങി. പിന്നീട് കുപ്പോള്‍, പൊന്നന്‍വയല്‍, കക്കറ തുടങ്ങിയ സ്ഥലങ്ങളിലേക്കും ദേവി സഞ്ചരിച്ച് അവിടങ്ങളിലും ആരാധന നേടി. ഭക്തന്റെ അകംനൊന്ത പ്രാര്‍ത്ഥനയില്‍ മനസ്സലിഞ്ഞ് അനുഗ്രഹം ചൊരിയുന്ന ദേവി എന്ന നിലയില്‍ അനേകായിരങ്ങളുടെ ഉപാസനാമൂര്‍ത്തിയാണ് കരിമണല്‍ ചാമുണ്ഡി.

ഓരോ തെയ്യത്തിന്നും എന്നതുപോലെ ഈ ചാമുണ്ഡിക്കും ഗ്രാമസംബന്ധിയായ ഒരു ഉത്തരകഥാഭാഗം ഉണ്ട്. കോലസ്വരൂപത്തിലും (കോലത്തിരിയുടെ രാജ്യം) അള്ളടസ്വരൂപത്തിലും (നീലേശ്വരം നാട്ടിലും) സ്ഥാനം നേടാന്‍ കൊതിച്ച ദേവി ദേശപ്പെരുമാളായ ശ്രീ പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമിയുടെ അനുവാദം ചോദിച്ചപ്പോള്‍ ബലവും വീര്യവും കാണിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് കഥ. നിന്ന നില്‍പ്പില്‍ ചാമുണ്ഡി ഊടുപാതാളത്തൂടെ മറഞ്ഞ് ആലന്തട്ട മടവാതില്ക്കല്‍ വന്നു മുടിനിവര്‍ത്തി. അന്നവിടെ പയ്യന്നൂര്‍ പൊതുവാളായ ഒരു വണ്ണാടില്‍ അച്ഛന്‍ പ്രതാപിയായി കഴിഞ്ഞു വന്നിരുന്നു. നായാട്ടിനു പറ്റിയ വസന്തപഞ്ചമി ദിനത്തില്‍ വണ്ണാടില്‍ പൊതുവാളും കൂട്ടുകാരന്‍ പുതിയടം മണിയാണിയും അന്നിറങ്ങിയതാണ് മേല്‍ക്കാട്ടിലേക്ക്. പന്തക്കുറ്റിയും മുന്നില്‍ പിടിച്ച് കരിയിലയനക്കം കേള്‍ക്കുന്ന കാട്ടിന്‍ നടുവിലേക്ക് ഇരുവരും കുലച്ച വില്ലുമായി പാഞ്ഞുനടന്നു. പക്ഷേ മാനോ മലാനോ ഒരു കൊച്ചു മുയലുപോലുമോ കണ്ണില്‍പ്പെടുന്നില്ല. ഒടുവിലാണ് കാട്ടിനുള്ളിലെ മടയില്‍ വിളങ്ങുന്ന രണ്ടു ചോരക്കണ്ണുകള്‍ അവര്‍ കണ്ടത്. പന്തത്തീയ്യില്‍ പേടിച്ചോടിയ പന്നി തന്നെ എന്നു തീരുമാനിച്ച പൊതുവാള്‍ ആ ലക്ഷ്യത്തിലേക്ക് ശരമെയ്തു. ഒരു നിമിഷം. കാട്ടുമൂലയെ നടുക്കുന്ന ഒരു ഘോരാട്ടഹാസം…. ഒപ്പം ചിലമ്പിന്‍ കിലുക്കം. ഭയപരിഭ്രാന്തികളോടെ നായാട്ടുകാര്‍ ഇരുപേരും പിന്തിരിഞ്ഞു ഓടാന്‍ തുടങ്ങി. കുലഭരദൈവതമായ കാനക്കരമ്മയുടെ കന്നിക്കൊട്ടിലില്‍ കമിഴ്ന്ന് വീണ് പൊതുവാള്‍ അഭയം യാചിച്ചു. പക്ഷേ കാനക്കരമ്മ കണ്ണുതുറക്കുമ്പോഴേക്കും ഉഗ്രസ്വരൂപിണിയായ വാരാഹി രൂപിണി മടയില്‍ചാമുണ്ഡി അദ്ദേഹത്തെ ചവിട്ടിക്കൊന്ന് ശവം പുറങ്കാലുകൊണ്ട് എറിഞ്ഞിരുന്നു. നിലവിളിച്ചുകൊണ്ട് ഓടി രക്ഷപ്പെട്ട പുതിയടം മണിയാണി കുലദേവതയായ പണയകാട്ടമ്മയുടെ കാലുകളില്‍ അഭയംനേടി. കനല്‍ക്കണ്ണുമായി ഉഗ്രനര്‍ത്തനമാടുന്ന ചാമുണ്ഡിയെ കാനക്കര ഭഗവതി അനുനയിപ്പിച്ച് തറവാട്ടിലെ മുഖ്യദൈവതമാക്കി പീഠം നല്‍കി.

പൊതുവാളുടെ ശവമഞ്ചവുമായി പയ്യന്നൂരിലേക്കു പുറപ്പെട്ട സംഘത്തോടൊപ്പം അദൃശ്യ സാന്നിധ്യമായി ദേവിയുമുണ്ടായിരുന്നുവത്രെ. വഴിമധ്യേ ശവം ഇറക്കിവെച്ച തിമിരി കൊട്ടുമ്പുറത്ത് ഈ ദേവിക്ക് ആരൂഢമുണ്ട്. പൊതുവാളുടെ തറവാടായ വണ്ണാടില്‍ മീനക്കൊട്ടില്‍ കരിവെള്ളൂര്‍, കോട്ടൂര്‍ പറമ്പ്, അന്നൂര്‍ കാരയില്‍, കുറിഞ്ഞി, കുഞ്ഞിമംഗലം പൊങ്ങിലാട്ടുകാവ്, അണീക്കരക്കാവ് എന്നിവ ദേവിയുടെ പ്രധാന സങ്കേതങ്ങളാണ്. ഇവ കൂടാതെ വടക്കെ മലബാറിലെ അസംഖ്യം കാവുകളില്‍ മടയില്‍ ചാമുണ്ഡിക്ക് ആരാധ്യസ്ഥാനവും കെട്ടിക്കോലവുമുണ്ട്.

കമനീയമായ രൂപ സവിശേഷതയുള്ള തെയ്യമാണ് മടയില്‍ ചാമുണ്ഡി. വൃത്താകൃതിയിലുള്ള പുറത്തട്ടാണ് തിരുമുടി. മുഖത്ത് മിനുക്കും താടിത്തണ്ടും ചന്ദ്രക്കലയുമാണ് എഴുത്ത്. മയില്‍പ്പീലിയും വെള്ളിചന്ദ്രക്കലകളും കുരുത്തോലകൊണ്ടുള്ള കമനീയമായ മുറിച്ചു കുത്തിയും ചേര്‍ന്നതാണ് പുറത്തട്ടു മുടി. മലയ സമുദായക്കാരാണ് മടയില്‍ ചാമുണ്ഡിയെ അവതരിപ്പിച്ചു വരുന്നത്.

ഇളങ്കോലമായി കൊച്ചുതിരുമുടിയും കൈവളയും മാറില്‍ മലര്‍മാലയും ധരിച്ച് കോലക്കാരന്‍ ചെണ്ടയില്‍ താളമിട്ട് അവതാര മഹിമ തോറ്റംപാട്ടായി പാടിസ്തുതിക്കുന്ന പതിവുണ്ട്. പാടുവാന്‍ സഹായികള്‍ കൂടെയുണ്ടാകും. മധുരവും മനോഹരവുമായ ഈണത്തിലാണ് തോറ്റംപാട്ടു പാടുന്നത്.

തോറ്റംപാട്ട്

വരവിളി
വരിക വരിക വേണം പാതാളമൂര്‍ത്തി
മടയില്‍ച്ചാമുണ്ണിയമ്മേ
അച്ചുതാണ്ഡം, ഗോദാണ്ഡം
അചലാണ്ഡം, സുതലാണ്ഡം, ബ്രഹ്‌മാണ്ഡം
അതലം, വിതലം, സുതലം, രസാതലം
തലാതലം, മഹാതലം, പാതാളം
മേലേഴ് ലോകമെന്നും കീഴേഴ് ലോകമെന്നും
ഇടയിലും മുടിയിലും മടവാതില്‍ക്കലും
പൂണ്ടു ശോഭിച്ചോരു മടയില്‍ച്ചാമുണ്ണിയമ്മേ
അര്‍ത്ഥത്തിന്നു മതിപ്രസാദത്തിന്നും
ആളടിയാര്‍ ജന്മഭൂമിക്കും
പറഞ്ഞോരു വാക്കിനും
നിരൂപിച്ചു പുറപ്പെട്ട കാര്യത്തിന്നും
എന്നും മേലുങ്കൈ താഴ്ത്തി
വര്‍ദ്ധനയാല്‍ തുണപ്പെട്ട്
നിരൂപിച്ച കാര്യങ്ങള്‍ സാധിച്ചുകൊടുപ്പാന്‍
വരിക വരിക വേണം
പാതാളമൂര്‍ത്തി മടയില്‍ച്ചാമുണ്ണിയമ്മേ…..

സ്തുതി
ഭദ്രേ പാതാളവാസീ മമ ദുരിതവിനാശം
ചെയ്‌വതിന്നായി നിത്യം
മുക്കാതം നാടതിങ്കല്‍ സ്ഥലമിഹ തിമിരി
ഗ്ഗോപുരം വാണ നാഥേ
താപത്തെ തീര്‍പ്പതിന്നായ് ത്രിഭുവനമതിങ്കല്‍
നീയൊഴിഞ്ഞാരുമില്ലേ
വാണീടുന്നൊരു ദേവി, പൊതുവാള്‍
കന്നിരാശിക്കു നാഥേ.
യമണ്ടിയാം മടയകത്ത-
ങ്ങുദകിയ മടപാതാളം
കരുമണല്‍ത്താമളത്തോ
ടഴകേറുമാലംതട്ട
മടവാതില്‍ മഹിമതങ്കും
വണ്ണാടി മീനക്കൊട്ടില്‍
നിലയേറുമധിഷ്ഠാനങ്ങള്‍
നിലനിന്നുകൊണ്ട മായേ
പാരീശന്‍ പയ്യന്നൂര്
പെരുമാള്‍ തന്റനുഗ്രഹത്താല്‍
ശ്രുതിയില്‍ ഗ്രാമം തന്നില്‍
തെളിവോടു നിറന്തശക്തി
പാരിടമീരേഴിന്നും
പരന്നോരചോതിയായി
പാലിച്ചു കൊണ്ടമായേ
പരിപാലിച്ചരുളീടമ്മേ….
ദുരിതങ്ങളകറ്റിടേണം
ശിക്ഷയും ദീര്‍ഘായുസ്സും
ശക്തിയുമരുളീടേണം
ചിത്തത്തിലത്യാനന്ദം
ശുഭമെനിക്കരുളീടേണം
ഭദ്രമാം ഭുവനനാഥേ
ചാമുണ്ഡേ നമോ നമസ്‌തേ നമഃ

ചന്ദ്രബിംബസമമാഭ പൂണ്ട തിരു
മാര്‍വ്വിലൊത്ത കുളുര്‍ കൊങ്കയും
മിന്നല്‍പോലെ വിലസുന്ന മാലകളു-
മെണ്ണമില്ല കടകങ്ങളും
ഖഡ്ഗ ഖേട മുസലാദിദണ്ഡ്
ധരിച്ചത്തല്‍ തീര്‍ത്തഖിലനാശിനി
ഉത്തമേ സതതമത്തല്‍ തീര്‍ത്തു
മടവാതിലാണ്ട ഭുവനേശ്വരി!

(തുടരും)

Tags: തെയ്യംതെയ്യം-അനുഷ്ഠാനകലയുടെ സൌന്ദര്യം
Share7TweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies