ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആധ്യാത്മിക ആസ്ഥാനം ഗുരുവിന്റെ മഹാസമാധി സ്ഥിതിചെയ്യുന്ന ശിവഗിരിയാണ്. പ്രസിദ്ധമായ പാപനാശിനികടല്‍ തീരവും പുണ്യപുരാതനമായ ജനാര്‍ദ്ദനക്ഷേത്രവും ശിവഗിരിയോടു തൊട്ടുകിടക്കുന്നു. വര്‍ക്കലക്കുന്നിന് ശിവഗിരി എന്നു നാമകരണം ചെയ്തത് ഗുരുവാണ്.
ഗുരു അരുവിപ്പുറവും ആലുവ അദ്വൈതാശ്രമവും ശിഷ്യന്മാരെ ഏല്പിച്ചശേഷം ശാന്തസുന്ദരമായ ഒരു ഏകാന്തതീരം തേടിയാണ് വര്‍ക്കലയിലെത്തിയത്. ഗുരുവിന്റെ മഹാസമാധിക്കുപുറമെ സ്വാമിബോധാനന്ദ, സ്വമി ശാശ്വതീകാനന്ദ എന്നീ പ്രധാനശിഷ്യന്മാരുടെ സമാധി മന്ദിരങ്ങളും ഇവിടെയുണ്ട്.
ഗുരുവിന്റെ പ്രശസ്തമായ ശാരദാമഠം, വൈദിക മഠം (ഗാന്ധിജി വിശ്രമിച്ചത്), ബ്രഹ്‌മവിദ്യാലയം, അന്തര്‍ദേശീയസമ്മേളന-തീര്‍ത്ഥാടനഹാള്‍ ഇവ ശിവഗിരിയുടെ യശസ്സ് വര്‍ദ്ധിപ്പിക്കുന്നവയാണ്. രാഷ്ട്രപിതാവ് ഗാന്ധിജി, രാഷ്ട്രപതിമാര്‍, നെഹ്‌റു മുതല്‍ മോദിജിവരെയുള്ള പ്രധാനമന്ത്രിമാര്‍, ഒട്ടേറെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, ദലൈലാമ, മാതാ അമൃതാനന്ദമയിദേവി, ശ്രീ ശ്രീ രവിശങ്കര്‍ എന്നീ ആചാര്യശ്രേഷ്ഠന്മാര്‍ തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ ഈ പുണ്യഭൂമിയില്‍ തീര്‍ത്ഥാടകരായി എത്തിയിട്ടുണ്ട്. ചരിത്രമുറങ്ങുന്ന ശിവഗിരിമഠം മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിനു ലോകത്തെ സാക്ഷിയാക്കുകയുണ്ടായി.
വിശ്വമാനവികതയുടെ പ്രവാചകനും ഏകലോകത്തിന്റെ വക്താവുമായ ശ്രീനാരായണഗുരുദേവന്‍ വര്‍ക്കല കുന്നില്‍ സ്ഥാപിച്ച ശിവഗിരി മഠത്തിനു ഒരു ശാഖ ആരംഭിക്കാന്‍ അമേരിക്കയിലെ ടെക്‌സസിലെ ഡാളസില്‍ ചിങ്ങം ഒന്നിന് ശിലാന്യാസം നടത്തുകയുണ്ടായി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ പോഷകസംഘടനയായ ഗുരുപ്രചാരണ സഭയുടെ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്‌കൂള്‍ ഓഫ് വേദാന്തയുടെ മുഖ്യാചാര്യന്‍ സ്വാമി മുക്താനന്ദ എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് ശിലാസ്ഥാപന ചടങ്ങുകള്‍ നടന്നത്. ഭാരതത്തിന് പുറത്ത് ശിവഗിരി മഠം സ്ഥാപിക്കുന്ന ആദ്യത്തെ ആശ്രമശാഖയാണിത്. ഒന്നാംഘട്ടമായി 6,000 ചതുരശ്ര അടിയിലാണ് ആശ്രമ സമുച്ചയം പണിയുക. ഗുരുമന്ദിരത്തോടൊപ്പം അതിഥികള്‍ക്കുള്ള മുറികള്‍, പ്രാര്‍ത്ഥനാലയം, ലൈബ്രറി, യോഗ ധ്യാനകേന്ദ്രം, പ്രസിദ്ധീകരണവിഭാഗം എന്നിവയുമുണ്ടാകും. ആളുകള്‍ക്ക് ഇവിടെ താമസിച്ച് ഗുരുദേവദര്‍ശനത്തില്‍ ഗവേഷണവും നടത്താം.
അമേരിക്കയില്‍ വിവിധ സ്റ്റേറ്റുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗുരുധര്‍മ്മ പ്രചരണ സഭായൂണിറ്റുകളുടെയും ഗുരുമന്ദിരങ്ങളുടെയും ആസ്ഥാനം ഇനി ഇവിടെയാവും. 50 സ്‌റ്റേറ്റുകളുള്ള അമേരിക്കയിലെ 28-ാമത്തെ സ്റ്റേറ്റായ ടെക്‌സാസിലെ ഡാളസ് പട്ടണത്തോടു ചേര്‍ന്നു കിടക്കുന്ന ഗ്രാന്റ് പ്രയറിയില്‍ പ്രകൃതി രമണീയമായ മൂന്നര ഏക്കര്‍ സ്ഥലത്താണ് ശിവഗിരി മഠത്തിന്റെ ശാഖ സ്ഥാപിക്കുന്നത്; ഡാളസ് വിമാനത്താവളത്തിനു സമീപമാണ് ഈ സ്ഥലം. ഫിലാഡല്‍ഫിയ, ഹുസ്റ്റണ്‍ എന്നിവിടങ്ങളില്‍ നിലവില്‍ ഗുരുമന്ദിരങ്ങളുണ്ട്. വൈകാതെ ന്യൂയോര്‍ക്കിലും യു.എസിലെ ഇതര സംസ്ഥാനങ്ങളിലും ഗുരുമന്ദിരങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ ശ്രമം നടന്നു വരികയാണ്.
ആശ്രമ സ്ഥലത്തിനുവേണ്ടി മാത്രം മൂന്നുകോടി രൂപ ചെലഴിച്ചു കഴിഞ്ഞു. 30 കോടിയിലേറെ രൂപയാണ് ആശ്രമ സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് പാശ്ചാത്യലോകത്തില്‍ ഗുരുധര്‍മ്മം പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനകേന്ദ്രമായിരിക്കും. ശ്രീനാരായണഗുരുവിന്റെ പ്രിയ ശിഷ്യനും, ഡോ.പല്പുവിന്റെ മകനുമായ ഡോ.നടരാജഗുരുവാണ് ആദ്യമായി അമേരിക്കന്‍ ഐക്യനാടുകളില്‍ ഗുരുദര്‍ശനം എത്തിച്ചത്. നടരാജഗുരുവിന്റെ ശിഷ്യനായ നിത്യചൈതന്യയതിയും, ഇപ്പോഴത്തെ ഗുരുകുലം അധ്യക്ഷനായ മുനിനാരായണ പ്രസാദും ഒട്ടേറെ തവണ അമേരിക്കന്‍ ഐക്യനാടുകളില്‍ ഗുരുധര്‍മ്മത്തെക്കുറിച്ച് പ്രചാരണം നടത്തിയിട്ടുണ്ട്.
ഗുരുദേവന്‍ ലോകവ്യാപിയായി നിറഞ്ഞുനില്‍ക്കുകയാണ്. ദൈവദശകം വിദേശഭാഷകളുള്‍പ്പെടെ നൂറിലേറെ ഭാഷകളിലൂടെ ഗുരുദര്‍ശനം പ്രസരിപ്പിച്ചുകൊണ്ടിരിക്കയാണ്.