ചാമുണ്ഡി കുടികൊള്ളുന്ന തെയ്യക്കാവിനെ മുണ്ട്യ എന്ന പേരിട്ടാണ് ഭക്തന്മാര്‍ വിളിച്ചുവരുന്നത്. ഇത്തരം മുണ്ട്യകളില്‍ വിഷ്ണുമൂര്‍ത്തിയാണ് പ്രധാന ദൈവതമെന്നും ഈ തെയ്യത്തിന്ന് ചാമുണ്ഡി എന്ന ഒരു ഗ്രാമപ്പേരുണ്ടെന്നും പഴയ തലമുറക്കാര്‍ പറയുന്നു. വടക്കന്‍ കേരളീയഗൃഹങ്ങളില്‍ പ്രാര്‍ത്ഥനയായി ‘പൊട്ടന്‍ തെയ്യത്തെയും വിഷ്ണുമൂര്‍ത്തിയെയും കെട്ടിയാടിച്ചു വരുന്ന പതിവുണ്ട്. അവര്‍ ആ രണ്ടു കോലങ്ങളേയും ‘പൊട്ടനും ചാമുണ്ഡിയും’ എന്നാണ് വിളിച്ചുവന്നത്. ഇവിടെ ചാമുണ്ഡി സാക്ഷാല്‍ വിഷ്ണുമൂര്‍ത്തി തന്നെ. വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ കോലക്കാരായ മലയര്‍ ഈ തെയ്യത്തെ ഭക്തിപുരസ്സരം വിളിക്കുന്നത് ‘പരദേവത’ എന്നാണ്. പരദേവത ഭരദൈവതം എന്ന സംസ്‌കൃതപദ ഗ്രാമ്യരൂപമാണ്. കുലം പരിപാലിച്ചുപോരുന്ന ദൈവത്തെയാണ് പരദേവത എന്ന് ഭക്ത്യാദരപൂര്‍വ്വം വിളിച്ചുവരുന്നത്. കുരുത്തോലകൊണ്ടുള്ള ഒലിയും തോളറ്റം വരെ ഒടയുമണിയുന്ന ഇതേ വിഷ്ണുമൂര്‍ത്തി രൂപം തന്നെയാണ് മാവിലന്മാര്‍ കെട്ടിയാടുന്ന കരിമണല്‍ ചാമുണ്ഡിയുടേതും. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിന് കിഴക്ക് കരിമണല്‍, പൊന്നംവയല്‍, കക്കറ തുടങ്ങിയ ഗ്രാമക്കാവുകളില്‍ പ്രധാന ദേവിയായി ആരാധിക്കപ്പെടുന്ന കോലമാണ് കരിമണല്‍ ചാമുണ്ഡി. തീരദേശക്കാവുകളില്‍ വിഷ്ണുമൂര്‍ത്തീ സങ്കല്പത്തില്‍ ആണ്‍കോലമായി കണ്ടുനിന്നവര്‍ക്ക് മലയോര മേഖലയിലെ കരിമണല്‍ ചാമുണ്ഡിയെ പെണ്‍കോലമായി കൊണ്ടാടാന്‍ തെല്ലു വൈഷമ്യമുണ്ടാകുന്നത് സ്വാഭാവികമാണ്. വിഷ്ണുമൂര്‍ത്തി എന്ന തെയ്യത്തിന് ചരിത്രഗതിയില്‍ എവിടെയോ ഒരാര്യവല്‍ക്കരണശ്രമം നടന്നിട്ടുണ്ടെന്ന് അനുമാനിക്കണം. കാരണം കോട്ടപ്പുറം ചാമുണ്ഡി എന്നുകൂടി പേരുള്ള ഈ തെയ്യത്തിന് അനുഷ്ഠാനച്ചടങ്ങുകളില്‍ ഹിരണ്യകശിപുവിനെ വധിക്കുന്ന രംഗം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പഴയ കാട്ടുനായാട്ടു മുദ്രയായി ധരിച്ച അമ്പും വില്ലും പുലിപ്പുറമേറിയുള്ള കാവു വലംവെക്കലും അമ്പെയ്ത്തു പാഠശാലയായ ഇഡുവിന്റെ സാന്നിധ്യവും കയ്യൊഴിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു നായാട്ടു ദേവതയുടെ പ്രത്യക്ഷമുദ്രകളെല്ലാം വിഷ്ണുമൂര്‍ത്തിയുടെ അനുഷ്ഠാനങ്ങളില്‍ പ്രകടമാണ്. കോലം അവസാനിക്കുന്നതിനു തൊട്ടുമുമ്പേ മടയില്‍ ചാമുണ്ഡി അസുരവധനേരത്തണിയുന്ന ‘മൃഗമുഖം’ ഈ തെയ്യവും അണിയുന്നുണ്ട്. കഥ മാറ്റി തോറ്റം ചമച്ചാലും അലംഘനീയമെന്ന് പരമ്പരാഗതമായി കോലക്കാര്‍ കരുതിപ്പോരുന്ന അനുഷ്ഠാനങ്ങള്‍ അത്രവേഗം കളമൊഴിഞ്ഞു പോവുകയില്ല. അപ്പോള്‍ തിയ്യ സമുദായം അസ്ത്രാഭ്യാസ പരിശീലനകേന്ദ്രം കൂടിയായി കരുതിവന്ന ഇഡുവിനെ പുരസ്‌ക്കരിച്ചുണ്ടാക്കിയ മുണ്ട്യകളിലെ നായാട്ടു ദേവിയാണ് ഈ ചാമുണ്ഡി എന്നു കരുതണം.
മുണ്ട്യ എന്ന വാക്കിന് കാട് എന്ന അര്‍ത്ഥവിവക്ഷയാണ്. പ്രാചീന ഗോത്രസമൂഹം നായാട്ടു തുടങ്ങുന്നതിന് മുമ്പ് ഒത്തുചേരുവാനും നായാട്ടുദൈവത്തെ പ്രീതിപ്പെടുത്താനുള്ള അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുവാനും കാട്ടിന്‍നടുവില്‍ ഒരുക്കിയ ദേവസങ്കേതമായിരിക്കണം മുണ്ട്യകള്‍. അവിടെ തുലാം പത്താം തീയ്യതി ഇഡുവില്‍ കെട്ടിത്തൂക്കിയ ചിരട്ടയടര്‍ത്തിയ തേങ്ങാക്കാമ്പില്‍ ചെറുപ്പക്കാര്‍ ഈര്‍ക്കില്‍ ശരങ്ങള്‍ എയ്തുകൊള്ളിക്കുന്ന അമ്പെയ്ത്തു പരിശീലനം അരങ്ങേറിയതായി പഴമക്കാര്‍ പറയുന്നു. നായാട്ട് പ്രധാന ജീവിതോപാധിയാക്കി കഴിഞ്ഞു വന്നിരുന്ന കാലത്തെ സമൂഹ വിശ്വാസങ്ങള്‍ ഈ മുണ്ട്യകള്‍ വിളിച്ചോതുന്നുണ്ട്. ഇത്തരം മുണ്ട്യകളിലെല്ലാം ഇന്ന് പ്രധാന ദൈവതം വിഷ്ണുമൂര്‍ത്തി രൂപത്തിലുള്ള ചാമുണ്ഡിയാണ്. കണ്ണൂര്‍ കാസര്‍കോടു ജില്ലകളില്‍ അനേകം മുണ്ട്യകളുണ്ട്. ഇഡു എന്ന മണ്‍കയ്യാലകള്‍ (അമ്പെയ്ത്തു പരിശീലന സ്ഥലം) കാസര്‍കോഡു ജില്ലകളിലെ മുണ്ട്യകളില്‍ മാത്രമെ കാണുന്നുള്ളൂ. വനദേവതയായും നായാട്ടു ദേവിയായും ശത്രുവിനാശിനിയായും ആരാധിച്ചുവന്ന ചാമുണ്ഡിയുടെ സങ്കേതത്തെ അവര്‍ മുണ്ട്യകള്‍ എന്ന പേരിലാണ് വിളിച്ചുവന്നത്. മിക്ക മുണ്ട്യകളിലും വിഷ്ണു ചാമുണ്ഡിയോടൊപ്പം രക്തചാമുണ്ഡിത്തെയ്യത്തെയും കുടിയിരുത്തിയതായി കാണാം. സങ്കല്പങ്ങള്‍ എന്തുതന്നെയായാലും ചാമുണ്ഡി പ്രധാന ദൈവതമായി കുടികൊള്ളുന്ന തെയ്യക്കാവുകളെയാണ് മുണ്ട്യകള്‍ എന്ന പേരിട്ടു വിളിക്കുന്നത്. പാലക്കാട് ജില്ലയില്‍ മുണ്ട്യന്‍ എന്ന നായാട്ടുദേവന്റെ കോവിലുകളെ മുണ്ട്യ എന്ന പേരില്‍ വ്യവഹരിച്ചു വരുന്നുണ്ട്. വടക്കന്‍ കേരളത്തില്‍ വിഷ്ണുമൂര്‍ത്തീരൂപത്തിലുള്ള ചാമുണ്ഡിയുടെ പ്രധാനപ്പെട്ട തെയ്യക്കാവിന് ചാമുണ്ഡിക്കുന്ന് എന്നാണ് പേര്. കാഞ്ഞങ്ങാടിന്നടുത്തുള്ള ചാമുണ്ഡിക്കുന്നിലെ വിഷ്ണുമൂര്‍ത്തിയെ വിഷ്ണുചാമുണ്ഡേശ്വരി എന്നു വിളിക്കുന്നതിലെ യുക്തി സപ്തമാതാക്കളിലൊന്നായ വൈഷ്ണവീ ദേവി സങ്കല്പം ഇതിന്നുണ്ടെന്നതാണത്രെ.
ചണ്ഡമുണ്ഡന്മാര്‍ എന്ന അസുര സഹോദരങ്ങളെ വധിച്ച ദേവിക്കു ലഭിച്ച പേരാണത്രെ ചാമുണ്ഡി. ദേവീഭാഗവതം പഞ്ചമസ്‌കന്ധത്തിലും ദേവീമാഹാത്മ്യത്തിലും വിവരിക്കുന്ന അസുരവിനാശ കഥ ഇതിന്ന് അടിസ്ഥാനമാണ്. പുരാണത്തിലെ ചണ്ഡമുണ്ഡാസുര നിഗ്രഹം, സുംഭനിസുംഭാസുരവധം, രക്തബീജാസുരവിനാശം എന്നീ ദുഷ്ടനിഗ്രഹകഥകളുമായി ബന്ധപ്പെടുത്തിയാണ് ഓരോ ചാമുണ്ഡിത്തെയ്യത്തിന്റെയും ഉല്പത്തിക്കഥ തോറ്റംപാട്ടായി പാടിവരുന്നത്. ബ്രഹ്‌മദേവനില്‍ നിന്നും വിശിഷ്ട വരങ്ങള്‍ നേടി മുപ്പാരും അടക്കിവാഴ്ച ആരംഭിച്ച സുംഭനെന്നും നിസുംഭനെന്നും പേരുകളുള്ള അസുരസഹോദരങ്ങളുടെ മുഖ്യസേവകന്മാരായിരുന്നു ചണ്ഡാസുരനും മുണ്ഡാസുരനും. സര്‍വ്വാംഗസുന്ദരീവേഷം ധരിച്ച് പര്‍വ്വതസാനുവിലെത്തിയ സാക്ഷാല്‍ കാര്‍ത്യായനീദേവിയെ യജമാനന്നു കാഴ്ചവെക്കാന്‍ ചണ്ഡമുണ്ഡന്മാര്‍ അസുരപ്പടയുമായി വന്നടുക്കുന്നതും ഘോരമായ യുദ്ധം അനിവാര്യമാകുന്നതും ഒടുവില്‍ കുടില കോപിനിയായ ചണ്ഡികയുടെ തിരുമിഴിയില്‍ നിന്ന് മറ്റൊരു കാളി ഉദയം ചെയ്യുന്നതും ദുഷ്ടന്മാരെ നിഗ്രഹിച്ചതിനാല്‍ ദേവി ചാമുണ്ഡി എന്ന പേരു നേടുന്നതും തോറ്റംപാട്ടില്‍ കേള്‍ക്കാം.
(തുടരും)