പണിക്കരേട്ടനെ ഒന്നുകാണാന്‍ പോയതായിരുന്നു. വീടിനടുത്തുള്ള ഫ്‌ളാറ്റിലാണ് താമസം.
കോവിഡ് വന്നു പോയെങ്കിലും പുള്ളി പൂര്‍വ്വാധികം ആരോഗ്യവാനാണ്. ഡിഫെന്‍സില്‍ ആയിരുന്നു. ഇപ്പോള്‍ വിരമിച്ചു. സ്വസ്ഥം വിശ്രമജീവിതം. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം വര്‍ദ്ധിച്ചു വരുന്ന തെരുവ് നായശല്യത്തെപ്പറ്റി പരാതിപ്പെട്ടു. ഫ്‌ളാറ്റിലെ പുതിയ താമസക്കാരനെ നായകള്‍ വളഞ്ഞിട്ട് ആക്രമിക്കാന്‍ വന്ന കാര്യം പറഞ്ഞു.
‘എന്നിട്ട് ആക്രമിച്ചില്ലല്ലോ?.. അല്ല, അയാള്‍ വല്ല ചൈനക്കാരനോ മറ്റോ ആണോ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കാന്‍..?’ എന്ന എന്റെ ചോദ്യത്തിന് പണിക്കരേട്ടന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ‘കണ്ണൂര്കാരനാണ്, ഇനിയിപ്പോ ചൈനീസ് ഏജന്റാണോ എന്ന് അറിയില്ല’.
ഹ ഹ! ഞാന്‍ ചിരിച്ചു.
ഡിഫെന്‍സില്‍ മിലിറ്ററി എഞ്ചിനീയറിംഗ് സര്‍വ്വീസില്‍ ജോലി ചെയ്ത പണിക്കരേട്ടന്‍ ബോര്‍ഡര്‍ ഏരിയയിലും ജോലി ചെയ്തിട്ടുണ്ട്. പൊതുവെ ചൈനക്കാരെപ്പറ്റി നല്ല അഭിപ്രായമാണ്. ഗാല്‍വാന്‍ സംഭവമുണ്ടായപ്പോള്‍ പണിക്കരേട്ടന്‍ പറഞ്ഞു. ‘ചൈനീസ് പട്ടാളക്കാര്‍ പൊതുവെ ശാന്തരാണ്. അതിര്‍ത്തിയില്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. അവരുടെ ഭരണകൂടമാണ് കുഴപ്പക്കാര്‍. നശൂലം പിടിച്ച കമ്മ്യൂണിസ്റ്റുകാരല്ലേ ഭരിക്കുന്നത്. അല്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ല’. ഒരു പസിഫിസ്റ്റ് ആയ, യുദ്ധവും ഹിംസയും ഇഷ്ടമില്ലാത്ത, പട്ടാളക്കാരനാണ് പണിക്കരേട്ടന്‍ എന്ന് തോന്നി. സിവില്‍ പണികളായിരുന്നതിനാല്‍ തോക്കെടുത്ത് യുദ്ധം ചെയ്തിട്ടുണ്ടാവില്ല.
‘അതിര്‍ത്തി ശരിക്ക് അടയാളപ്പെടുത്താത്തതല്ലേ പ്രശ്‌നം?’ എന്ന് ഞാന്‍.
അതിലേക്കൊന്നും ആഴത്തില്‍ പോകേണ്ട എന്ന് കരുതിയാവും മൂപ്പര്‍ ഇങ്ങനെ പറഞ്ഞു.
‘ഇംഗ്ലീഷില്‍ ഒരു ജോക്കുണ്ട് : Why Chinese don’t play Cricket ? ചൈനക്കാര്‍ എന്തുകൊണ്ടാണ് ക്രിക്കറ്റ് കളിക്കാത്തത് ? ഉത്തരം : Because they eat bats and don’t recognize boundaries: കാരണം അവര്‍ ബാറ്റുകളെ (വവ്വാലുകളെ) തിന്നും അതിര്‍ത്തി (boundary) എന്താണെന്ന് അവര്‍ക്ക് അറിയുകയുമില്ല’ എന്ന്.
ഹ ഹ… ഞങ്ങള്‍ രണ്ടാളും ചിരിച്ചു.
‘ശരിയാണ്. എല്ലാ അയല്‍ രാജ്യങ്ങളുമായും അവര്‍ക്ക് അതിര്‍ത്തി പ്രശ്‌നമുണ്ട്.’
പണിക്കരേട്ടന്‍ തുടര്‍ന്നു : ‘സോഷ്യലിസമല്ല ക്യാപ്പിറ്റലിസമാണ്, മുതലാളിത്തമാണ് അവരെ ധനിക രാഷ്ട്രമാക്കി മാറ്റി എന്തിനും പ്രാപ്തരാക്കുന്നത്. അത് ഇവിടുത്തെ സഖാക്കള്‍ മൂര്‍ഖരായ അണികളോട് പറയില്ല… വളഞ്ഞിട്ട് ആക്രമിക്കുകയാണ് പോലും! ടിയാനന്‍ മെന്നിലെ കൂട്ടക്കൊലയേയും ടിബറ്റന്‍ ബുദ്ധമതക്കാരെ അടിച്ചമര്‍ത്തുന്നതിനെ യും, ഉയിഗൂര്‍ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നതിനെയും ന്യായീകരിക്കുന്നവരാണ് ഇവിടുത്തെ ഇടതന്മാര്‍. പണത്തിന്റെ സ്വാധീനവലയത്തിലാണ് കമ്മ്യൂണിസ്റ്റുകള്‍ എപ്പോഴും’.
‘പാര്‍ട്ടി നേതാക്കന്മാരുടെ ഈ മുതലാളിത്ത ചങ്ങാത്തത്തിന് എന്ത് ഇസം എന്നാണു പറയുക?
‘മാര്‍ക്‌സിസവുമായി ഇതിനു യാതൊരു ബന്ധവുമില്ല.. ഇത് ചതിയാണ്. ചതിയന് ഇംഗ്ലീഷില്‍ ചീറ്റര്‍, ഇമ്പോസ്റ്റര്‍, ഫ്രോഡ്സ്റ്റര്‍, ഡബിള്‍ ഡീലര്‍, ക്വാക്ക് അങ്ങനെ ഉദ്ദേശം 180 ഓളം വാക്കുകളുണ്ട്.
‘കമ്മ്യൂണിസ്റ്റ് ഇരട്ടത്താപ്പിനു ക്വാക്കിസം (Quackism) എന്നായാലോ? ഏതായാലും ഈ ചീറ്റിംഗ് ചൈനയെ വലിയ സാമ്പത്തിക ശക്തിയാക്കിയില്ലേ?’
‘ഉവ്വ്. ഇക്കണോമി തുറന്നപ്പോള്‍ ആദ്യം പാര്‍ട്ടി അംഗങ്ങള്‍ സ്വാധീനം ഉപയോഗിച്ച് സംരംഭകരായി. പിന്നീട് അവര്‍ കോടീശ്വരന്മാരായപ്പോള്‍ ജനം മൂക്കത്ത് വിരല്‍ വെച്ചു. അതുവരെ പാര്‍ട്ടി പാവപ്പെട്ടവരുടെയും, കൃഷിക്കാര്‍, തൊഴിലാളികള്‍, ബുദ്ധിജീവികള്‍ എന്നിവരുടെയും പാര്‍ട്ടി മാത്രമായിരുന്നു. പിന്നെ ചെറുകിട വ്യവസായികള്‍ക്കും സംരംഭകര്‍ക്കും പാര്‍ട്ടി അംഗത്വം ‘ആവാം’ എന്നായി. പിന്നെ അവര്‍ വന്‍കിടക്കാരായി സ്റ്റേറ്റിന്റെ സംരംഭങ്ങളില്‍ പങ്കാളികളായി. ജനങ്ങളുടെ വായ മൂടിക്കെട്ടിയ ഭരണം പുത്തന്‍ മുതലാളിമാര്‍ക്ക് ‘ക്ഷ’ പിടിച്ചു. ഇതിലൊന്നും പെടാത്ത ആയിരങ്ങള്‍ മറുവശത്തുണ്ടായി. അത് ടിയാനന്‍മെന്‍ സ്‌ക്വയറില്‍ കലാശിച്ചു. പാര്‍ട്ടി അംഗങ്ങളല്ലാത്ത ബിസിനസ്സുകാര്‍ നരകിച്ച് പാര്‍ട്ടി അംഗത്വം എടുത്തു. എടുക്കേണ്ടി വന്നു’.
പണിക്കരേട്ടന്‍ ചൈനയെ ശരിക്കും പഠിച്ചിരിക്കുന്നു.
‘ശരിയാണ് ഇന്റര്‍നെറ്റ് കമ്പനി ‘ആലിബാബ’യുടെ മുതലാളി ജാക് മാ വരെ പാര്‍ട്ടി അംഗത്വം എടുത്തു. ഈയിടെ സര്‍ക്കാരുമായി എന്തോ സ്വരച്ചേര്‍ച്ചയില്ലാതായി. ജാക് മാ യെ ഇപ്പോള്‍ കാണാനില്ലത്രേ’.
‘ദുഷ്ടക്കൂട്ടമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നിര്‍മ്മിത ബുദ്ധി, ഉപയോഗിച്ച് എല്ലാ പൗരന്മാരെയും സദാ ട്രാക്ക് ചെയ്തുകൊണ്ടിരിക്കയാണത്രെ. ഫേസ് റെക്കോഗ്‌നിഷ്യന്‍ ക്യാമറാസ് എല്ലായിടത്തും ഉണ്ടത്രേ. ഭീതിയിലാണ് ജനം. പേരിനു സ്വാതന്ത്ര്യമുണ്ട്. എന്‍ജോയ്‌മെന്റ് ആവാം, വിനോദ പാര്‍ട്ടികള്‍, പരിപാടികള്‍ ഒക്കെ ആവാം. പക്ഷെ സര്‍ക്കാരിനെതിരെ ഒരു വാക്ക് ശബ്ദിക്കാന്‍ ആവില്ല. എമര്‍ജന്‍സി കാലമാണവിടെ എപ്പോഴും, ‘നാവടക്കൂ പണിയെടുക്കൂ.’
‘ഹ ഹ’.. ഇടതന്മാര്‍ എമര്‍ജന്‍സിയെ പിന്തുണച്ചിരുന്നു. ജനങ്ങളുടെ വായടപ്പിക്കാന്‍ 118A കൊണ്ടുവരാന്‍ നോക്കിയവര്‍ ഇപ്പൊ മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി വാചാലരാവുന്നു. ഇരട്ടത്താപ്പാനകള്‍’.
‘കമ്മ്യൂണിസ്റ്റ് ക്വാക്കിസം ഇവിടെയും ഉണ്ടല്ലോ. പാവങ്ങളുടെ പാര്‍ട്ടിയില്‍ ഇപ്പോള്‍ സഹസ്ര കോടീശ്വരന്മാരായ ബിസിനസ്സുകാരും വന്‍കിട വ്യവസായികളും ഉണ്ട്. എന്നാല്‍ പാര്‍ട്ടിയുമായി സഹകരിക്കാത്ത വ്യവസായികളെ കെട്ട് കെട്ടിക്കുന്നുമുണ്ട്.’
‘ചങ്കിലെ ചൈനയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുകയാണ്’.
‘അവിടത്തെ ഭോഷ്‌ക്കും ഇവിടത്തെ മുഷ്‌ക്കും എന്നവസാനിക്കും? എന്താ പണിക്കരേട്ടന്റെ അഭിപ്രായം?’
‘ഇവിടത്തെ മുഷ്‌ക്കിനു ഇനി അധികം നാളില്ല. ജനങ്ങള്‍ക്ക് ബോധം വെച്ച് വരുന്നുണ്ട്;
അവിടെ ഗോര്‍ബച്ചേവിനെ പോലെ ഒരാള്‍ വരും, അന്ന് കുറെ ചൈനകള്‍ ഉണ്ടാവും’.
അതില്‍ ഞാന്‍ പണിക്കരേട്ടനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.
‘എന്റെ അഭിപ്രായത്തില്‍ ഇവിടത്തെപ്പോലെ അവിടെയും ആന്തരിക ഉരുള്‍പൊട്ടല്‍ ഉണ്ടാവും’.
‘എങ്ങനെ ?’
‘ടാങ് പിംഗ് എന്ന് കേട്ടിട്ടുണ്ടോ?’
‘ഇല്ല’.
‘എന്നാല്‍ അത് പുതിയ മൂവ്‌മെന്റാണ്. ഗാന്ധിഗിരിയാണ്. മലര്‍ന്ന് കിടന്ന് പ്രതിഷേധം. Lying Flat Movement
‘ച്ചാല്‍?’ പണിക്കരേട്ടന്‍ ജിജ്ഞാസുവായി, ഉത്സുകനായി.
‘ഒരു തരം നിസ്സഹകരണപ്രസ്ഥാനം. പാവങ്ങള്‍; അവര്‍ക്ക് അതേ ചെയ്യാന്‍ പറ്റൂ… സമര വാചകം ഇങ്ങനെ :
‘നിവര്‍ന്ന് നില്‍ക്കാന്‍ വയ്യെങ്കില്‍; മുട്ടിലിഴയാന്‍ മനസ്സില്ലെങ്കില്‍; മലര്‍ന്നു കിടക്കുക’.
പവര്‍ഫുള്‍ മെസ്സേജ് ആണ്. അനേകം യുവാക്കള്‍ ടാങ് പിംഗ് അനുയായികളാണ്.
‘ലളിത ജീവിതം, ഇത്ര മതി, ആശയില്ലാ പ്രസ്ഥാനം’. കുറച്ചു തിന്നുക, കുറച്ചു പണിയെടുക്കുക. പൊതുവെ ഉപഭോഗം കുറയ്ക്കുക. എന്താ നല്ല സന്ദേശമല്ലേ?’
‘സര്‍ക്കാര്‍ ആശങ്കയിലാവും. അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ പറ്റില്ല. ഉത്പ്പാദനം കുറഞ്ഞാല്‍ ലോകരാജ്യത്തെ കബളിപ്പിച്ച് എങ്ങനെ ഉത്പ്പാദനത്തില്‍ മുന്‍നിര സ്ഥാനം ഉറപ്പിക്കും?’
‘ഒരു കാലത്ത് കുടുംബാസൂത്രണം കര്‍ശനമായിരുന്നു; നിയമം ലംഘിച്ചാല്‍ കഠിന ശിക്ഷയായിരുന്നു. ഭര്‍ത്താവിനും ഗര്‍ഭിണിയായ ഭാര്യയ്ക്കു പോലും അടികിട്ടുമായിരുന്നു.
അതേ കൂട്ടര്‍ ഇപ്പോള്‍ കൂടുതല്‍ കുട്ടികളെ സൃഷ്ടിക്കാന്‍ ഉത്തരവ് ഇറക്കി. യുവാക്കള്‍ എല്ലാം അതിനു എതിരായിരിക്കയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ… തംപ്‌സ് ഡൗണ്‍!
സര്‍ക്കാരിന് റോബോട്ടിനെ ഉണ്ടാക്കാം. കുട്ടികളെ ഉണ്ടാക്കാന്‍ പറ്റില്ലല്ലോ. റോബോട്ട് ഉല്‍പ്പന്നങ്ങളും മറ്റു കാക്കത്തൊള്ളായിരം സാധനങ്ങളും വാങ്ങിക്കില്ലല്ലോ’.
‘ഹ ഹ.. അത് ശരിയാണ്. പല കാര്യത്തിലും അവിടത്തെ ജനങ്ങള്‍ സര്‍ക്കാരിനെക്കാളും മെച്ചപ്പെട്ടവരാണ്. പലരും ഇന്ത്യയുമായും നല്ല ബന്ധം ആഗ്രഹിക്കുന്നു’.
അക്കാര്യം പണിക്കരേട്ടന് ബോധ്യമുള്ളതായി തോന്നി.
അദ്ദേഹം പറഞ്ഞു. ‘ബുദ്ധിശൂന്യരായ ചില മലയാളികള്‍ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങള്‍. കോഴിക്കോട്ടെ പഴയ നക്‌സലൈറ്റ് കാരിയുടെ ആത്മകഥ വായിച്ചിട്ടുണ്ടോ? പുല്‍പ്പള്ളി അക്രമം കഴിഞ്ഞു കാട്ടിലിരുന്ന് ചൈനീസ് റേഡിയോവിലെ ഇംഗ്ലീഷ് വാര്‍ത്ത കേള്‍ക്കുകയായിരുന്നുവത്രെ. കേരളത്തില്‍ ‘വസന്തം വന്നെത്തി’ എന്ന വാര്‍ത്തയുണ്ടോ എന്ന്.. ഒന്നും പറഞ്ഞില്ലത്രെ’.
ഹ ഹ ഹ ! ഞങ്ങള്‍ ചിരിച്ചു. അദ്ദേഹം തുടര്‍ന്നു.
‘അന്നും ഇന്നും ചൈനക്കാര്‍ക്ക് കേരളം അവരുടെ വീക്ഷണ പരിധിയിലില്ല. മറിച്ചു ഭാരതം എന്ന ഇന്ത്യ ഉണ്ട്. പ്രാചീന ഇന്ത്യ അവരുടെ പുണ്യഭൂമിയാണ്. ഹുയാന്‍സാങ്ങിന്റെ ഭാരതയാത്ര വായിച്ചിട്ടില്ലേ?
‘ഉവ്വ്. ആധുനിക ചൈനയിലെ ആളുകള്‍ക്കും ഇന്ത്യയോട് ബഹുമാനം ഉണ്ട് എന്ന് ഈയിടെ അറിഞ്ഞു.’
‘എപ്പോള്‍?’
‘ഇന്ത്യയില്‍ കോവിഡ് മരണം വ്യാപിച്ചു എന്ന് വാര്‍ത്ത പരന്നപ്പോള്‍ അവരുടെ ഒഫിഷ്യല്‍ പത്രം കളിയാക്കിക്കൊണ്ട് രണ്ടു ചിത്രങ്ങള്‍ക്കൊപ്പം ഇങ്ങനെ എഴുതി: ‘ചൈന കത്തിക്കുന്നു; ഇന്ത്യ കത്തിക്കുന്നു’ ചൈന റോക്കറ്റ് വിടുന്നതും ഇന്ത്യ ചിതകള്‍ കത്തിക്കുന്നതും ആയിരുന്നു ചിത്രങ്ങള്‍. അത് മര്യാദകെട്ട പണിയായിപ്പോയി എന്ന് ആയിരക്കണക്കിന് ചൈനക്കാര്‍ എഴുതി. അഞ്ചു മണിക്കൂറിനുള്ളില്‍ അവര്‍ക്ക് അത് പിന്‍വലിക്കേണ്ടി വന്നു.’
അതുകേട്ടപ്പോള്‍ പണിക്കരേട്ടന് സന്തോഷമായി.
മൂപ്പര്‍ തുടര്‍ന്നു. ‘മഹാസംസ്‌കൃതിയുടെ നാടാണ് ചൈന. തീര്‍ച്ചയായും കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ പോയിക്കഴിഞ്ഞാല്‍ നമ്മളുമായി അവര്‍ കൂടുതല്‍ അടുക്കും. നമ്മളെ അവരുമായി ബന്ധിപ്പിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്.
നമ്മള്‍ ചൈനയെ ശരിക്കും പഠിച്ചിട്ടില്ല. പഠിപ്പിക്കുന്നുമില്ല. രണ്ടു ചൈനക്കാരായ സഞ്ചാരികള്‍ എന്നാണു ഹുയാന്‍ സാങിനെയും ഫാഹിയാനെപ്പറ്റിയും പഠിപ്പിക്കുന്നത് അതില്‍ ഹുയാന്‍ സാങ് മഹാപണ്ഡിതനും ചൈനക്കാര്‍ മഹാഗുരുവായി കണക്കാക്കുന്ന ആളുമാണ്. അത് നമ്മള്‍ തിരിച്ചറിഞ്ഞ് ഒരിക്കലും ബഹുമാനിച്ചില്ല. ആ ബന്ധം മുതലെടുത്തില്ല.’
‘അതിനെങ്ങനെ? നമ്മള്‍ ആത്മീയത തീണ്ടാത്ത നെഹ്രുവിയന്‍ സെക്കുലറിസ്റ്റുകളും അവര്‍ നിരീശ്വരരായ ഭൗതികവാദികളും ആയിരുന്നില്ലേ?’
‘ശരിയാണ്.’ പണിക്കരേട്ടന്‍ അതിനോട് യോജിച്ചപ്പോള്‍ ഞാന്‍ പതുക്കെ എഴുന്നേറ്റു. എന്നിട്ട് പറഞ്ഞു.
‘ഒരു വിഖ്യാതമായ ചൈനീസ് പഴഞ്ചൊല്ലുണ്ട്; ലോകത്തില്‍ എല്ലാം മാറും; ഒപ്പം നമ്മളും..’
കോണിയിറങ്ങുമ്പോള്‍ കോണിക്കൂട് വരെ അനുഗമിച്ച പണിക്കരേട്ടന്റെ ‘അശരീരി’:
‘എല്ലാ മുഷ്‌ക്കിനും ഭോഷ്‌ക്കിനും ഒരു അന്ത്യമുണ്ട്’.