കേരള സാഹിത്യ അക്കാദമിയുടെ പുതിയ പ്രസിഡന്റായ കവി കെ. സച്ചിദാനന്ദന്റെ പ്രശസ്തമായ കവിതയുണ്ട്, കോഴിപ്പങ്ക്. 1970 കളില്‍ എഴുതിയ കവിത. അന്നത്തെ രാഷ്ട്രീയ സ്ഥിതിയും അവസ്ഥയുമൊക്കെയാണ് ആ കവിതയുടെ പശ്ചാത്തലം. ആദ്യം ‘ആത്മഗീത’ എന്ന സമാഹാരത്തിലും പിന്നീട് ‘എഴുത്തച്ഛന്‍ എഴുതുമ്പോള്‍’ എന്ന സമാഹാരത്തിലും ആ കവിതയുണ്ട്.
ഒരു കോഴിയെ പങ്കുവെക്കുന്നതു സംബന്ധിച്ചാണ് കവിതാശരീരം; ആത്മാവ് എന്തുതന്നെയായാലും.
”എന്റെ കോഴിയെ നിങ്ങള്‍ പകുത്തോളിന്‍
പക്ഷേ, കൂര്‍മ്പന്‍ കൊക്കെനിക്കു തരിന്‍…
എന്റെ കോഴിയെ നിങ്ങള്‍ പകുത്തോളിന്‍
പക്ഷേ,ചെമ്പന്‍പൂവെനിക്കു തരിന്‍-കുന്നിക്കുരു-
ക്കണ്ണെനിക്കു തരിന്‍…”എന്നിങ്ങനെ വളരുന്ന കവിത, അവസാനിക്കുന്നത് ഇങ്ങനെ:
”എന്റെ കോഴിയെ നിങ്ങള്‍ പകുത്തോളിന്‍
പോട്ടെ, കോഴിക്കൊമ്പു നിങ്ങളെടുത്തോളിന്‍
പല്ലു നിങ്ങളെടുത്തോളിന്‍
പൂവന്‍മുട്ട നിങ്ങളെടുത്തോളിന്‍
മുലയും നിങ്ങളെടുത്തോളിന്‍
എന്റെ കോഴിയെ നിങ്ങള്‍ പകുത്തോളിന്‍
പക്ഷേ, എന്റെ കോഴിയെ മാത്രമെനിക്കുതരിന്‍.”
പങ്കുവെക്കാന്‍ മനസ്സില്ലാത്ത ഭരണാധികാരിയെ, ജനാധിപത്യത്തിലെ എകാധിപതിയായ സ്വാര്‍ത്ഥമതിയെ വിമര്‍ശിക്കുന്ന കവിത എന്നൊക്കെ പലരും കവിതയെ ശരീരം നോക്കി വ്യാഖ്യാനിച്ചിട്ടുണ്ട്. ആത്മാവിലേക്ക് ചുഴിഞ്ഞിറങ്ങിയാല്‍ കവിയിലെ സ്വാര്‍ത്ഥതയുടെ അക്ഷരപ്രകടനമാണതെന്ന് വ്യക്തം. ഏതുകവിക്കുമുണ്ട് ഈ സ്വാര്‍ത്ഥത; എറിയും കുറഞ്ഞുമിരിക്കുമെന്നുമാത്രം.
സച്ചിദാനന്ദന്‍ പറഞ്ഞിട്ടുണ്ട്, ‘എഴുതുമ്പോള്‍ വായനക്കാരനെയൊന്നും മുന്നില്‍ കാണാറില്ല, എഴുതുമ്പോള്‍ എഴുത്തു മാത്രമാണ്,എന്നും ഇതു പറയുമ്പോള്‍ ‘സാമൂഹ്യ പ്രതിബദ്ധതാവാദക്കാര്‍’ ക്ഷമിക്കണ’മെന്നും. ‘എഴുത്തച്ഛന്‍ എഴുതുമ്പോള്‍’ എന്ന കവിതയില്‍ മറ്റൊരു വലിയ സത്യം പറയുന്നുണ്ട്, ”എഴുത്തച്ഛനെഴുതുമ്പോള്‍ സംഭവിപ്പതെന്തെന്നു ഞാനറിയുന്നു, എഴുത്ത് അച്ഛനാകുന്നു, അച്ഛന്‍ എഴുത്തും.”
എം.ടി. വാസുദേവന്‍ നായരുടെ കാലം എന്ന നോവലിലെ കഥാപാത്രം സേതുവിനെക്കുറിച്ച് കാമുകി സുമിത്ര പറയുന്നുണ്ട്: ”സേതൂന്ന് എന്നും ഒരാളോടെ ഇഷ്ടേംണ്ടായിരുന്നുള്ളൂ… സേതൂന്നോട് മാത്രം.” സച്ചിദാനന്ദന്‍ എന്ന കവിക്ക് സ്വന്തം കരിയറിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ സ്വാര്‍ത്ഥം കൂടുതലായിരുന്നില്ലേ?
ചില കാര്യങ്ങളില്‍ വേണ്ടത്ര വിമര്‍ശിക്കുന്നില്ലെന്ന് വിമര്‍ശിച്ചിട്ടുണ്ട്
സച്ചിദാനന്ദന് എഴുത്തച്ഛന്‍ അവാര്‍ഡ് നല്‍കിയതിനുള്ള വിമര്‍ശനത്തിന് അഭിപ്രായം പറയവേ, എം.എന്‍. കാരശ്ശേരി പറഞ്ഞതില്‍നിന്ന്: ”അദ്ദേഹത്തോട് എതിരഭിപ്രായമുണ്ടാവാം. അതില്‍ തെറ്റില്ല. എനിക്കും അത്തരം അഭിപ്രായമുണ്ട്. ഉദാഹരണത്തിന് ഒരുകാലത്ത് അദ്ദേഹം നക്‌സലൈറ്റുകള്‍ക്ക് പിന്തുണ കൊടുത്തയാളാണ്. നക്‌സലൈറ്റുകളുടെ ആത്മാര്‍ഥത അംഗീകരിക്കുമ്പോള്‍ തന്നെ അവരുടെ വഴി തെറ്റാണെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. പക്ഷേ നക്‌സലൈറ്റുകള്‍ക്ക് പിന്തുണകൊടുത്തയാളാണ്, അതുകൊണ്ട് പുരസ്‌കാരം നല്‍കാന്‍ പാടില്ല എന്ന് പറയുന്നത് തെറ്റാണ്.ചില സമയങ്ങളില്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് അനുഭാവിയായി നിന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് വിമര്‍ശനം നടത്തിയിട്ടുണ്ട്. ചില കാര്യങ്ങളില്‍ അദ്ദേഹം വേണ്ടത്ര വിമര്‍ശിക്കുന്നില്ലെന്ന് ഞങ്ങളെല്ലാം വിമര്‍ശിച്ചിട്ടുണ്ട്.”
രാഷ്ട്രീയത്തില്‍ അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണി എന്ന എ.കെ. ആന്റണിയെക്കുറിച്ച് പറയാറുണ്ട്, എവിടെയെങ്കിലും എന്തെങ്കിലും അധികാരസ്ഥാനമില്ലാതെ കണ്ടിട്ടില്ലെന്ന്. അതുപോലെയാണ് സാഹിത്യലോകത്ത് കെ. സച്ചിദാനന്ദന്‍. ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റു പദവി. 75 പിന്നിട്ട സാഹിത്യ-സാമൂഹ്യ വ്യക്തിത്വത്തിന് ചാരിക്കിടന്ന്, സര്‍ഗശേഷി ശേഷിക്കുന്നെങ്കില്‍ അത് ചെയ്യാനുള്ള വേളയിലാണ് നിര്‍വഹണ ശേഷി വിനിയോഗിക്കേണ്ട ഈ പദവി ഏറ്റെടുക്കല്‍.
നിയമിച്ച മുഖ്യമന്ത്രി പിണറായി വിജയനും നിയമനം ആഹ്ലാദാവേശത്തോടെ സ്വീകരിച്ച സച്ചിദാനന്ദനും നല്‍കുന്ന സന്ദേശം എന്തായിരിക്കാം? നല്ലൊരധ്യാപകനായിരുന്നുവെന്ന്, പ്രൊഫ. എം.എന്‍. വിജയനെന്ന ഇടതുപക്ഷ പുരോഗമന ചിന്താവേദിയിലെ സൂര്യതാരത്തിനെ വിശേഷിപ്പിച്ച് ചുരുക്കിയൊതുക്കി പ്രൊഫസറുടെ ചിതയിലെ വെളിച്ചം പോലും കെടുത്തിയ ആളാണ് പിണറായി. കാരണമായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കമ്മ്യൂണിസം പിണറായി ഇല്ലാതാക്കുന്നുവെന്ന് പറഞ്ഞത്. എന്നാല്‍, നക്‌സലിസത്തെ നെഞ്ചില്‍ ധരിച്ച്, മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസത്തെ മാലയാക്കി കഴുത്തിലണിഞ്ഞ കെ. സച്ചിദാനന്ദനെ, (എം.എന്‍. കാരശ്ശേരിയുടെ അഭിപ്രായം ബോക്‌സില്‍ ചേര്‍ത്തത് വായിക്കുക) പാര്‍ട്ടിയിലെ ഭാരവാഹിത്വത്തിന് നിശ്ചയിച്ച വിരമിക്കല്‍ പ്രായം കടന്നിട്ടും, അക്കാദമിയില്‍ തലപ്പത്തിരുത്തിയപ്പോള്‍ പിണറായി പ്രഖ്യാപിക്കുകയായിരുന്നു- ഒപ്പം നിന്നാല്‍ അപ്പം തരും, ആജീവനാന്ത സംരക്ഷണം തരും.
ഇതിനായി, സാംസ്‌കാരിക വകുപ്പ്, നിയമനത്തിന് പ്രായം നിയന്ത്രിച്ച് ഇറക്കിയ ഉത്തരവ് തിരുത്തിയെന്നുകൂടി അറിയണം. സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി സി.കെ. ആനന്ദന്‍പിള്ള അത് വെളിപ്പെടുത്തിയിട്ടുണ്ട്. വകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവ് (ജിഒ നം. 1-2022) പ്രകാരം സാംസ്‌കാരിക വകുപ്പിന്റെ സ്ഥാപനങ്ങളില്‍ സെക്രട്ടറി, സിഇഒ, ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ 65 വയസ്സുകഴിഞ്ഞവര്‍ക്ക് നിയമനം നല്‍കാന്‍ പാടില്ല. സച്ചിദാനന്ദനുവേണ്ടി ആ ഉത്തരവ് മുഖ്യമന്ത്രി റദ്ദുചെയ്യിച്ചു!! ആനന്ദന്‍പിള്ള ഇത്രകൂടി കടത്തിപ്പറഞ്ഞു, മറ്റു പലര്‍ക്കും പറയണമെന്നുണ്ടെങ്കിലും പിള്ളയുടെ ഇരട്ടച്ചങ്ക് അവര്‍ക്കില്ല. സാഹിത്യ വിമര്‍ശം മാസികയുടെ എഡിറ്റര്‍കൂടിയായ പിള്ള എഴുതി: ‘അക്കാദമിയുടെ മുറ്റത്ത് രണ്ട് ആംബുലന്‍സുകള്‍ എപ്പോഴും റെഡിയായിട്ട് വേണം. സെക്രട്ടറിക്ക് പ്രായം 77. പ്രസിഡന്റിന് 76. ആര്‍ക്ക് എപ്പോഴാണ് ഒരാവശ്യം ഉണ്ടാവുക എന്നത് പറയാനാവില്ലല്ലോ.’ ദേശാഭിമാനിയുടെ എഡിറ്ററാണ് സെക്രട്ടറിയായി നിയമിതനായ സി.പി. അബൂബക്കര്‍.
സച്ചിദാനന്ദന്റെ കാര്യമോ? 1996 മുതല്‍ 2006 വരെ അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. അഞ്ച് തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. 1996 ല്‍ കോണ്‍ഗ്രസ് ഭരണമാണ് കേന്ദ്രത്തില്‍. 98 മുതല്‍ ബിജെപിയുടേത്. അതിനിടയ്ക്കുള്ള കാലം കമ്മ്യൂണിസ്റ്റുകള്‍ നിയന്ത്രിച്ച ഐക്യമുന്നണി ഭരണം. 2004 മുതല്‍ വീണ്ടും കോണ്‍ഗ്രസ്. ഈ കാലത്ത് കേന്ദ്ര സാഹിത്യ അക്കാദമി ‘ഭരിച്ചത്’ സെക്രട്ടറിയായിരുന്ന കവി സച്ചിദാനന്ദനായിരുന്നു. സകല രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാര്‍ക്കും വഴങ്ങുന്നയാളെന്നോ, വഴിക്കുവരുത്തുന്നയാളെന്നോ പറയാം. ‘ബിജെപിയുടെ വര്‍ഗീയ’ ഭരണത്തിലും സര്‍ക്കാര്‍ സേവനത്തിലുണ്ടായിരുന്നു, അവരുടെ സാംസ്‌കാരിക- സാഹിത്യ വഴിക്ക് ഒരു പരിധി വരെയെങ്കിലും ഒത്തു നിന്നു; അക്കാലത്ത് ബിജെപി നിയോഗിച്ച പ്രസിഡന്റ് ഗോപീചന്ദ് നാരംഗുമായി കലഹം പതിവായിരുന്നുവെങ്കിലും.
ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ ഖജനാവില്‍നിന്നുള്ള വേതനം, ‘മോദി സര്‍ക്കാരിന്റെ നിലപാടുകളോട് വിയോജിച്ച്’ വേണ്ടെന്നു വെച്ചത് സര്‍വീസില്‍നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു. എന്നാല്‍, എല്ലാറ്റിലും കുറ്റം പറയരുതല്ലോ, ‘അവാര്‍ഡ് വാപ്പസി’ പരിപാടികളിലൂടെ പലരും മോദിക്കെതിരേ പ്രതികരിച്ചപ്പോള്‍ ആ വായ്ത്താരി പാടാനും അതില്‍ പങ്കുചേരാനും അദ്ദേഹം തയ്യാറായില്ല. അവാര്‍ഡ് മടക്കിയവരുടെ പട്ടികയില്‍ സ്വന്തം പേരും എഴുതിക്കണ്ടപ്പോള്‍, അത് ശരിയല്ലെന്നും ആ നിലപാടില്ലെന്നും ഒരിക്കല്‍ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. അവാര്‍ഡുതുക തിരിച്ചു നല്‍കിയാല്‍ ധാര്‍മികമായി, ബിജെപി ഭരണത്തിലെ പദവികളില്‍ വാങ്ങിയ വേതനത്തിന്റെ കാര്യമോ എന്ന ചോദ്യം ഉയരാതിരിക്കാനുമായിരുന്നിരിക്കണം എന്ന് ചിലര്‍ നസ്യം പറഞ്ഞിരുന്നു അക്കാലത്ത്. നിലപാടുകളുടെ ന്യായാന്യായങ്ങള്‍ക്കിടയിലും വ്യക്തതയുള്ള എഴുത്തുകാരന്‍തന്നെയാണ് സച്ചി, സംശയമില്ല.
കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് പദമേറ്റെടുക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ ഏറെയാണ്. ആരോഗ്യ പ്രശ്‌നങ്ങളുള്ള സച്ചിക്ക് അനുഭവങ്ങള്‍ ഏറെയുണ്ടെങ്കിലും പഴയ പോലെ ആക്ടിവിസ്റ്റായി പെരുമാറാനാവുമോ? പണത്തിന് പഞ്ഞമില്ല, റോയല്‍റ്റി മാത്രമല്ല, പലതരത്തില്‍ പെന്‍ഷനുകളുമുണ്ട്. പിന്നെയെന്തിന് പദവി?
സര്‍വാദരണീയനായി, സാഹിത്യ സാംസ്‌കാരിക രംഗത്തിന് പൊതു ഉപദേശകനായി, മാര്‍ഗദര്‍ശകനായി ഇരിക്കുന്നതല്ലേ ഉചിതം. അരനൂറ്റാണ്ടായി, അനേകം യുവതലമുറയുടെ സാഹിത്യ വഴികാട്ടിയായി നേതൃത്വത്തിലുണ്ടായിരുന്ന ആളാണ്. അഞ്ഞൂറോളം സാഹിത്യ അവാര്‍ഡ് കമ്മറ്റികളില്‍ അധിപനായിരുന്നിട്ടുണ്ട്, അവാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്, ആയിരത്തിലേറെ സര്‍ഗസാഹിത്യ രചനാ – പരിശീലന ക്യാമ്പുകള്‍ നയിച്ചിട്ടുണ്ട്. എന്നിട്ടും കേരള സാഹിത്യ അക്കാദമിയുടെ തലപ്പത്തേക്ക് താനല്ലാതെ ഒരാളെ കണ്ടെത്തി നിയോഗിക്കാനാകുന്നില്ല എങ്കില്‍ അത് ആരുടെ പരാജയപ്രഖ്യാപനമാണ്?
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി ഉറക്കമിളച്ച പടപ്പാട്ട് സാഹിത്യക്കാരുടെ, അധികാര മോഹങ്ങളുടെയും ആഗ്രഹങ്ങളുടെയും തലയില്‍ അടിച്ചുകൊണ്ടല്ലേ ഈ ചുമതലയേറ്റെടുക്കുന്നത്? അശോകന്‍ ചരുവിലിനെപ്പോലെ, പാര്‍ട്ടിക്ക് വിധേയനായി, എന്തും സഹിക്കാന്‍ പഞ്ചപുച്ഛമടക്കി, പ്രസിദ്ധമായ ആ ‘മൂന്ന് ബുദ്ധിശാലി വാനരന്മാരെ’ ഓര്‍മിപ്പിച്ച്, കഴിഞ്ഞിരുന്ന കേരളത്തിലെ പ്രൊഫഷണല്‍ സാംസ്‌കാരിക നായകര്‍ പലരും സ്വപ്‌നം കണ്ടിരുന്ന കസേരയാണത്. അവിടെ ഇരിക്കുമ്പോള്‍ ‘കോഴിപ്പങ്കി’ല്‍ കവി പാടിയതെല്ലാം അന്വര്‍ത്ഥമാകുകയാണ്. ഒപ്പം നിന്നവര്‍ക്ക് ബാക്കിയെല്ലാം കൊടുക്കുന്നു; കോഴിക്ക് ഇല്ലാത്തതെല്ലാം, ഉള്ളതൊക്കെ മുച്ചൂടും കവി കവര്‍ന്നെടുക്കുന്നു.
ഒന്ന് സംഭവിക്കാം, അല്ലെങ്കില്‍ സംഭവിപ്പിച്ചേക്കാം. ‘ചാടിക്കളിയടാ കുഞ്ഞിരാമാ’ എന്ന വായ്ത്താരി മൂളിക്കൊണ്ട്, ഒരു ചരട് അക്കാദമി പ്രസിഡന്റിന്റെ കസേരയില്‍ക്കെട്ടി മുഖ്യമന്ത്രി പിടിച്ചിരിക്കും. ആ ‘മൂന്നു കുരങ്ങന്‍മാരെപ്പോലെ’ സാംസ്‌കാരികര്‍ കഴിയുകയും പ്രസിഡന്റ് ചാടിക്കളിക്കുകയും ചെയ്യണമെന്നായിരിക്കാം തിട്ടൂരം. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തില്‍നിന്ന് ഇറക്കാന്‍ ആഹ്വാനം ചെയ്തിറങ്ങിത്തിരിച്ചിട്ടുള്ള ആളാണല്ലോ സച്ചിദാനന്ദന്‍.
ആ ബുദ്ധിമാന്മാരായ മൂന്നു കുരങ്ങന്മാരെക്കുറിച്ചുകൂടി പറഞ്ഞാലേ പൂര്‍ണമാകൂ. ‘ത്രീ വൈസ് മങ്കീസ്’ എന്ന പ്രസിദ്ധമായ ശില്‍പ്പം. 1900 ല്‍ ബ്രിട്ടനില്‍ പ്രസിദ്ധമായിരുന്നു ഈ പ്രതിമ. മൂന്നു ബുദ്ധിശാലിക്കുരങ്ങന്മാര്‍. ഒരാള്‍ കണ്ണ്, ഒരാള്‍ ചെവി, ഇനിയൊരാള്‍ വായ – മൂടിപ്പിടിച്ചിരിക്കുന്നു. ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടീഷ് സൈനികര്‍ക്ക,് അശുഭം കാണാതെ, കേള്‍ക്കാതെ, പറയാതെ എന്ന് ഭാഗ്യക്കാഴ്ചയായിരുന്നു ഇത്. പില്‍ക്കാലത്ത് സ്വാര്‍ത്ഥത, മനപ്പൂര്‍വമുള്ള ദുഷ്‌ചെയ്തി, ഭീരുത്വം തുടങ്ങിയവയ്ക്ക് പ്രതീകമായി.
വാസ്തവത്തില്‍, ജപ്പാനിലാണ് ഇതിന്റെ മൂലം. 16-ാം നൂറ്റാണ്ടില്‍ വഴിദേവതയായ കോഷിനെ ബഹുമാനിക്കാന്‍ നാല്‍ക്കവലകളില്‍ അവരിത് സ്ഥാപിച്ചിരുന്നു. ഇങ്ങനെ അവരുടെ ഭാഷയില്‍ എഴുതിയും വെച്ചിരുന്നു: മി-സാറു, കികാ-സാറു, ഐവാ-സാറു. കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക മണ്ഡലത്തിലെ ജീര്‍ണതകള്‍ കണ്ടിട്ടും പ്രതികരിക്കാത്ത ”മി,കികാ,ഐവാ സാംസ്‌കാരിക സഖാക്കള്‍” അങ്ങനെ ഇനിയും തുടര്‍ന്നേക്കാം. എല്ലാവര്‍ക്കും വേണ്ടി ചാടിക്കളിക്കലാകും അക്കാദമി പ്രസിഡന്റിന്റെ ധര്‍മ്മവും കര്‍മ്മവും. ‘ഇവനേക്കൂടി,’ ഹാ കഷ്ടം!!