ഉക്രയിനിന് എതിരായ റഷ്യയുടെ ആക്രമണം ഫെബ്രുവരി 24ന്‌വ്യാഴാഴ്ച പുലര്‍ച്ചെയാണ് തുടങ്ങിയത്. ഇരമ്പിയെത്തിയ റഷ്യന്‍ വിമാനങ്ങള്‍ ഉക്രയിനിന്റെ പലഭാഗത്തും ബോംബ് വര്‍ഷിച്ചു. പുലര്‍ച്ചെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉക്രയിന്‍ സൈന്യം ആയുധം താഴെ വെയ്ക്കണമെന്നും ഇല്ലെങ്കില്‍ യുദ്ധം പ്രഖ്യാപിക്കുകയാണെന്നും അറിയിക്കുകയായിരുന്നു. തങ്ങള്‍ സ്വാതന്ത്ര്യം അടിയറ വെയ്ക്കില്ലെന്ന് പ്രഖ്യാപിച്ച ഉക്രയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി നിലപാട് വ്യക്തമാക്കിയതോടെയാണ് യുദ്ധം തുടങ്ങിയത്. ആദ്യദിവസം തന്നെ ഉക്രയിനിന്റെ സൈനിക താവളങ്ങളും ഇന്റലിജന്‍സ് ആസ്ഥാനവും തലസ്ഥാന നഗരത്തിന്റെ പലഭാഗങ്ങളും റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. റഷ്യയുടെ ഏഴ് വിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും വെടിവെച്ച് വീഴ്ത്തുകയും 40 സൈനികരെ വധിക്കുകയും ചെയ്തു എന്നായിരുന്നു ഉക്രയിനിന്റെ അവകാശവാദം. പ്രധാന ഉക്രയിന്‍ നഗരങ്ങളായ ബെലാറസ്, ചെര്‍ണോവ്, ക്വീവ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ബോംബ് വര്‍ഷിക്കപ്പെട്ടു.
ഉക്രയിന്‍ നാറ്റോയുടെ അംഗരാജ്യമല്ലാത്തതുകൊണ്ട് സൈനിക സഹായം നല്‍കാന്‍ നാറ്റോ വിസമ്മതിച്ചു. ഐക്യരാഷ്ട്രസഭയുടെ തീരുമാനം വൈകുകയായിരുന്നു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മാനവികതയുടെ പേരില്‍ റഷ്യന്‍ സൈന്യത്തെ പുടിന്‍ തിരിച്ചുവിളിക്കുമെന്ന് പ്രത്യാശിച്ചു. ഉക്രയിനിന്റെ സഖ്യരാജ്യങ്ങളായ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍, ജപ്പാന്‍ എന്നിവര്‍ റഷ്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുടിന്റെ ഈ നീക്കം പരാജയപ്പെടുമെന്നും അത് കിരാതമാണെന്നും അഭിപ്രായപ്പെട്ടു. ലോകത്തോട് മുഴുവന്‍ റഷ്യ ഇതിന് സമാധാനം പറയേണ്ടി വരുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടത്. നമ്മുടെയൊക്കെ ജീവിതത്തില്‍ ദൂരവ്യാപകമായ ഫലം സൃഷ്ടിക്കുന്നതാണ് ഈ യുദ്ധമെന്നാണ് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞത്.
എന്തുകൊണ്ടാണ് റഷ്യയും ഉക്രയിനും തമ്മില്‍ യുദ്ധമുണ്ടായത്? യൂണിയന്‍ ഓഫ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഛിന്നഭിന്നമായപ്പോള്‍ ഉക്രയിന്‍ അടക്കമുള്ള മറ്റു രാജ്യങ്ങളൊക്കെ സോവിയറ്റ് യൂണിയനില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര രാജ്യങ്ങളായി മാറി. പക്ഷേ, ഇവര്‍ തമ്മിലുള്ള ശീതസമരം അവസാനിച്ചില്ല. 2014-ല്‍ റഷ്യയുടെ പിന്തുണയോടെ വിമതര്‍ ക്രീമിയ ആക്രമിച്ച് കീഴ്‌പ്പെടുത്തി. റഷ്യന്‍ പിന്തുണയോടെയുള്ള ഈ ആക്രമണത്തിന്റെ പ്രതിധ്വനി ഉക്രയിനിലുണ്ടായി. റഷ്യയെ അനുകൂലിച്ചിരുന്ന പ്രസിഡന്റ് വിക്ടര്‍ യാന്‍കോവിച്ചിനെ ബഹുജനപ്രക്ഷോഭത്തിലൂടെ ഉക്രയിന്‍ ജനത പുറത്താക്കി. അന്നുമുതല്‍ ശീതസമരവും സംഘര്‍ഷവും ഉക്രയിനില്‍ തുടരുകയാണ്. ഉക്രയിനിലെ ഡോണ്‍ടസ്‌ക്, ലുഹാന്‍സ്‌ക് എന്നീ പ്രവിശ്യകളിലും വിമതര്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭം തുടരുകയാണ്. ഈ വിമതര്‍ക്ക് ആയുധവും പണവും നല്‍കുന്നത് റഷ്യയാണെന്ന് ആരോപണമുണ്ടായിരുന്നു. 2014 മുതല്‍ വിമതരും ഉക്രയിന്‍ സൈന്യവും തമ്മില്‍ യുദ്ധം നടക്കുകയാണ്. 14,000 ത്തോളം പേരാണ് ഈ ഏറ്റുമുട്ടലില്‍ മരിച്ചത്. അടുത്തിടെ വളരെ ദുര്‍ബലമായ ഒരു വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയെങ്കിലും അത് നിരന്തരം ലംഘിക്കപ്പെട്ടു. വിമതരുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ജനാധിപത്യപരമാണെന്നും അതിനുവേണ്ടിയാണ് സൈനിക നടപടി എന്നുമാണ് പുടിന്‍ വിവരിച്ചത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇവരെ പിന്തുണയ്ക്കുന്നതിനെ പുടിന്‍ അപലപിക്കുകയും ചെയ്തു. ഡോണ്‍ടസ്‌ക്, ലുഹാന്‍സ്‌ക് പ്രവിശ്യകളിലെ വിമതര്‍ പിടിച്ച മേഖലകളെ റഷ്യ സ്വതന്ത്ര രാഷ്ട്രങ്ങളായി അംഗീകരിച്ചുകഴിഞ്ഞു.
യുദ്ധഭീതി ഉക്രയിനില്‍ ഉടനീളം വ്യാപിച്ചുകഴിഞ്ഞു. കിഴക്കന്‍ ഉക്രയിനിലെ, റഷ്യയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലാണ് സൈനിക അധിനിവേശമുണ്ടായത്. ഇവിടെനിന്ന് ദക്ഷിണ റഷ്യയിലേക്കും ഉക്രയിനിന്റെ പലഭാഗത്തേക്കും പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ പ്രവഹിക്കുകയാണ്. യുദ്ധത്തിന്റെ കെടുതികള്‍ തീര്‍ച്ചയായും മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്. യുദ്ധം പ്രഖ്യാപിച്ചതോടെ അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നു. അന്താരാഷ്ട്രതലത്തില്‍ തന്നെ ഓഹരിവിപണി തകര്‍ന്നടിഞ്ഞു. കരിങ്കടലിലെ കപ്പല്‍നീക്കമടക്കം ബാധിച്ചു. ചില കപ്പലുകള്‍ക്ക് മിസൈല്‍ ആക്രമണം ഏറ്റതായി പരാതിയുയര്‍ന്നു. ഭക്ഷ്യ എണ്ണയ്ക്കടക്കം അന്താരാഷ്ട്രതലത്തില്‍ തന്നെ വില കൂടുമെന്നാണ് വിലയിരുത്തല്‍.
ഈ യുദ്ധത്തിന്റെ നയതന്ത്രതലത്തിലുള്ള ഏറ്റവും വലിയ ഫലവും തിരിച്ചറിവും ഭാരതത്തിന് അഭിമാനാര്‍ഹമായ നേട്ടമാണ്. ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകം മുഴുവന്‍ ആദരിക്കുന്ന, ശ്രദ്ധിക്കുന്ന നേതാവായി മാറിയിരിക്കുന്നു. ഇന്ത്യയിലെ മോദി ഭക്തരോ ബി ജെ പി പ്രവര്‍ത്തകരോ അല്ല ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ ഉക്രയിന്‍ നയതന്ത്ര പ്രതിനിധി ഐഗര്‍ പൊലിഖ ലോകത്തോട് തന്നെ തുറന്നുപറഞ്ഞതാണ് ഇക്കാര്യം. ”ലോകനേതാക്കള്‍ മുഴുവന്‍ പറഞ്ഞാലും പുടിന്‍ കേള്‍ക്കണമെന്നില്ല. എത്ര നേതാക്കളുടെ വാക്കുകള്‍ക്ക് അദ്ദേഹം കാതു കൊടുക്കുമെന്നും അറിയില്ല. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറച്ച ശബ്ദം പുടിന്‍ കേള്‍ക്കാതിരിക്കില്ല. ഭാരതസര്‍ക്കാരില്‍ നിന്ന് കൂടുതല്‍ അനുകൂലമായ മനോഭാവം ഉണ്ടാകുമെന്ന് തന്നെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെ”ന്നും അദ്ദേഹം പറഞ്ഞു. ”ഇത് നഗ്നമായ ഒരു കടന്നുകയറ്റമാണ്. സൈനിക താവളങ്ങള്‍ മാത്രമേ ആക്രമിക്കൂ എന്നാണ് പറഞ്ഞിരുന്നതെങ്കിലും ജനവാസ മേഖലകളിലാണ് ഇപ്പോള്‍ ആക്രമണം നടക്കുന്നത്. നിരവധി സാധാരണക്കാര്‍ക്ക് ജീവഹാനിയുണ്ടായി. അതിര്‍ത്തി കടന്ന് റഷ്യന്‍ സൈന്യം എത്തുമ്പോള്‍ അവരെ തടഞ്ഞുനിര്‍ത്താന്‍ പുടിനോട് ആവശ്യപ്പെടാന്‍ മോദിജിക്ക് മാത്രമേ കഴിയൂ. മോദിജിയുമായി പുടിന് ഉറ്റ വ്യക്തിബന്ധമാണുള്ളത്. ആ പ്രത്യേകബന്ധം സമാധാനത്തിനു വേണ്ടി ഉപയോഗപ്പെടുത്താന്‍ കഴിയും. ഇത് ഉക്രെയിനിന്റെ ഭാവി വിധി നിര്‍ണ്ണയിക്കുന്ന നിര്‍ണ്ണായകമായ നിമിഷമാണ്”, ഐഗര്‍ പൊലിഖ പറഞ്ഞു.
ഇതേ അഭിപ്രായവുമായി യൂറോപ്യന്‍ യൂണിയനും രംഗത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞാല്‍ പ്രസിഡന്റ് പുടിന്‍ കേള്‍ക്കുമെന്നും സമാധാനത്തിനുവേണ്ടി മോദി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും യൂറോപ്യന്‍ യൂണിയനും പ്രതികരിച്ചു. ഫെബ്രുവരി 24 ന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി വ്‌ളാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചു. റഷ്യയും നാറ്റോയുമായുള്ള അഭിപ്രായവ്യത്യാസം ആത്മാര്‍ത്ഥവും സത്യസന്ധവുമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നും അതിനുവേണ്ടി മുന്‍കൈ എടുക്കണമെന്നും നരേന്ദ്രമോദി പുടിനോട് പറഞ്ഞു. ഉടന്‍തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും യുദ്ധം നിര്‍ത്താനും ആവശ്യപ്പെട്ട അദ്ദേഹം നയതന്ത്ര കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കാനും ആവശ്യപ്പെട്ടു. ഉക്രയിനില്‍ കുടുങ്ങിയിട്ടുള്ള ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയിലും നരേന്ദ്രമോദി ആശങ്ക പ്രകടിപ്പിച്ചു. അവരെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാന്‍ നടപടി എടുക്കണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു. 20,000 ഭാരതീയരാണ് ഉള്ളത്. ഹംഗറി അടക്കമുള്ള നാല് അയല്‍ രാജ്യങ്ങളിലൂടെ ഇന്ത്യക്കാരെ പുറത്തെത്തിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമം.
നാറ്റോ രാജ്യങ്ങളുമായുളള ഉക്രയിനിന്റെ അടുപ്പവും യൂറോപ്യന്‍ രാജ്യങ്ങള്‍ അവര്‍ക്ക് നല്‍കിയ പിന്തുണയുമാണ് 30 വര്‍ഷം മുന്‍പ് സോവിയറ്റ് യൂണിയന്‍ വിട്ട ഉക്രയിന് നേരെ യുദ്ധത്തിന് പുടിനെ പ്രേരിപ്പിച്ചത്. മോസ്‌കോയില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ റഷ്യന്‍ അധിനിവേശത്തെ വിസ്മയകരം എന്ന് വിശേഷിപ്പിച്ചപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും സമാധാനത്തിലേക്ക് മടങ്ങാനുമാണ് ഇന്ത്യ ആവശ്യപ്പെട്ടത്. പാകിസ്ഥാന്റെ നിലപാടിനെ അപലപിച്ച ലോകരാഷ്ട്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയുടെ നിലപാടിനെയും അഭിനന്ദിച്ചു. വ്യാഴാഴ്ച അര്‍ദ്ധരാത്രി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പത്രസമ്മേളനത്തില്‍, തങ്ങള്‍ ഇന്ത്യയുമായി കൂടിയാലോചനയിലാണെന്നും പ്രശ്‌നത്തിന് പരിഹാരം കാണാമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. ഭാരതം യുദ്ധത്തിന് അനുകൂലമല്ല എന്ന നിലപാട് ലോകരാഷ്ട്രങ്ങള്‍ക്കു മുന്‍പില്‍ വ്യക്തമാക്കിയതിനൊപ്പം അമേരിക്കന്‍ പ്രസിഡന്റ് അടക്കമുള്ളവര്‍ ഭാരതത്തിന്റെ പങ്ക് പ്രതീക്ഷയോടെ കാണുന്നത് മാറുന്ന ലോകക്രമത്തിന്റെയും ഭാരതത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തെയുമാണ് വ്യക്തമാക്കുന്നത്.
ഐക്യരാഷ്ട്രസഭയും ഈ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനെ പ്രതീക്ഷാനിര്‍ഭരമായാണ് കാണുന്നത്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തിയുടെ പ്രതികരണവും ശ്രദ്ധാപൂര്‍വ്വമായിരുന്നു. സംഭവവികാസങ്ങളെ ദുഃഖത്തോടെയാണ് കാണുന്നതെങ്കിലും സംഘര്‍ഷം ഒഴിവാക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്നാണ് പറഞ്ഞത്. പാകിസ്ഥാനും ചൈനയും അടക്കമുള്ളവര്‍ റഷ്യയെ പിന്തുണച്ച് എത്തിയപ്പോള്‍ സമാധാനത്തിനുവേണ്ടിയുള്ള നിലപാട് എടുക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ ലോകരാഷ്ട്രങ്ങള്‍ കൂടി വാഴ്ത്തുകയാണ്. ഇന്ത്യയിലെ മോദി വിരുദ്ധര്‍ക്ക് അപ്പുറത്തേക്ക് ലോകം, നരേന്ദ്രമോദിയെ ലോകനേതാവായി കാണുന്നു, പരിഗണിക്കുന്നു. ഭാരതത്തിന്റെ അന്താരാഷ്ട്രതലത്തിലേക്കുള്ള, പുതിയ ലോകക്രമത്തിലേക്കുള്ള ജൈത്രയാത്ര തുടങ്ങുകയാണ്. ആര്‍നോള്‍ഡ് ടോയന്‍ബി അടക്കമുള്ള വിശ്വവിഖ്യാത ചരിത്രകാരന്മാര്‍ പ്രവചിച്ചതുപോലെ, പുതിയ സഹസ്രാബ്ദത്തിലെ ലോകനായക പദവിയിലേക്ക് ഇന്ത്യ ഉയരുകയാണ്. കാണാം, കാത്തിരിക്കാം നരേന്ദ്രമോദിയെന്ന ലോകനേതാവിന്റെ പുതിയ ചുവടുവെയ്പ്പിന്.