ചിതയിലെരിയുന്നതീ നാടിന്റെ ജാതകം
ചിതലു തിന്നുന്നതോ ഭൂര്‍ജപത്രം
ഹരിശ്രീ ഗണപതയേ നമിക്കുന്ന
ഹരിതഭൂവിന്റെ ശിരോ ലിഖിതം.
കാലയന്ത്രങ്ങളേ സ്തംഭിച്ചുനില്‍ക്കുക
ഏതുകൈ നിന്നെത്തിരിപ്പു പിന്നോട്ട്
സ്‌നേഹിക്കയെന്നേ പഠിപ്പിച്ച പൈതൃകം
ഭീതിയാലീ മിഴിച്ചെപ്പു പൂട്ടുന്നുവോ?
രോഗാതുരം തലച്ചോറുമായ് ഞങ്ങളുടെ
വീഥിയെ വിഷലിപ്തമാക്കുന്നതാരിവര്‍?
അനാഥ സ്വപ്നങ്ങള്‍ക്കുമേയാന്‍ തകടിയായ്
തീര്‍ത്തതീയക്ഷര പച്ചപ്പുകള്‍.
ഏതുനീര്‍ക്കുതിരകള്‍ മേഞ്ഞു വന്ധ്യങ്ങളായ്
തീര്‍ക്കുന്നു ഞങ്ങളുടെ താഴ്‌വരകള്‍
അക്ഷരം, വാക്ക് തുടിക്കുന്ന ഗീതികള്‍
സ്വപ്നം തുളുമ്പും കഥാസഞ്ചയങ്ങളും
തെക്കോട്ടെടുക്കാനൊരുക്കും ശ്മശാനഘട്ടങ്ങളില്‍
നില്‍ക്കുന്നിതാ നമ്മള്‍ നിശ്‌ചേഷ്ടരായ് നിസ്വരായ്
ചിതയിലീ കുഞ്ചനണിഞ്ഞ ചിലങ്കകള്‍
ചിരി മറന്നാര്‍ത്തം വിളിക്കുന്നു നമ്മളെ
ചടുല സല്ലാപമുതിര്‍ത്തൊരാ പൈങ്കിളി-
ച്ചിറകെരിയുന്നിതഭിചാര മൂര്‍ച്ഛയാല്‍.
കുരലുണങ്ങാതല്പ ദാഹനീര്‍ ചോദിച്ച
മഹിതഭിക്ഷുവും ഭക്തമാതംഗിയും
മധുരസംഗീതിക മീട്ടിയ വീണകള്‍
പ്രണയദുഗ്ദ്ധം പകര്‍ന്നൊരജപാലന്‍
കവിതകോര്‍ത്ത ജപമാലയണിഞ്ഞു നിത്യധ്യാന
ലഹരിയില്‍ ജന്മമെരിച്ചൊരവധൂതന്‍
പ്രണയഭിക്ഷാപാത്രമെടുക്കാതെ
പൊരുതി നീറുന്ന ജീവനെ സ്‌നേഹിച്ചു
മരണമൗനം മുറിച്ചു മുന്നേറിയ
വൈലോപ്പിള്ളിലെ വാഗ്ഗേയകാരനും
ഹിമഗിരികളെ തൊട്ടുതലോടി വന്നുയിര്‍
തണുപ്പിച്ച മായൂരപിഞ്ഛിക
കാളിഘട്ടങ്ങളില്‍ നിന്നുവിശ്വപ്രേമ
കാളിന്ദിയായി പടര്‍ന്ന രബീന്ദ്രനിശ്വാസങ്ങ-
ളൂറിയുറഞ്ഞതാം ദാരുശില്പങ്ങളും ചിതയിലേയ്ക്കിട്ടുവോ?
ആരുനിങ്ങള്‍തന്‍ നാഡീതടങ്ങളില്‍
ഗാഢതമസിന്റെ ഛായാതലങ്ങളില്‍
നേര്‍വഴിക്കായ് വിളക്കുകത്തിക്കും?
ആരുചമ്മട്ടിയേന്തിത്തെളിക്കും
വീഥിയറ്റതാം പ്രജ്ഞാഹയങ്ങളെ?
ഘോരകാന്താരമധ്യം വകഞ്ഞൊരു
പാതവെട്ടാന്‍ ശ്രമിക്കുക സ്‌നേഹിതാ.