ദല്‍ഹി: തന്റെ സ്വതസിദ്ധമായ കഴിവുകളെല്ലാം രാഷ്ട്ര ദേവതയുടെ ഉപാസനയ്ക്കായി മാത്രം വിനിയോഗിച്ച അസാധാരണ വ്യക്തിയായിരുന്നു പരമേശ്വര്‍ജിയെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്.സേതുമാധവന്‍ പറഞ്ഞു. ദല്‍ഹി നവോദയം സംഘടിപ്പിച്ച ‘വന്ദേ പരമേശ്വരം’ എന്ന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്‍പ്പനാ വൈഭവമുള്ള കവി, ഉജ്ജ്വല വാഗ്മി, മികച്ച സംഘാടകന്‍ ഇതെല്ലാമായിരുന്നു പരമേശ്വര്‍ജി. ഏവര്‍ക്കും സമീപിക്കാന്‍ കഴിയുകയും എല്ലാവരാലും ആദരിക്കപ്പെടുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. എണ്‍പതുകളില്‍ കേരളത്തില്‍ അരങ്ങേറിയ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ പരമേശ്വര്‍ജി നടത്തിയ പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ താത്പര്യം ഇല്ലാതിരുന്നിട്ടും രാഷ്ട്രം ആവശ്യപ്പെട്ടപ്പോഴൊക്കെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയും, അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തെ ജയില്‍വാസം ഉള്‍പ്പെടെ ഏറ്റു വാങ്ങുകയും ചെയ്ത പരമേശ്വര്‍ജി രാഷ്ട്ര സേവനത്തിനു വേണ്ടി സ്വജീവിതം പൂര്‍ണ്ണമായും സമര്‍പ്പിക്കുകയായിരുന്നുവെന്ന് അഭിഭാഷകനും, സാമൂഹിക പ്രവര്‍ത്തകനുമായ അഡ്വ. ശങ്കു.ടി ദാസ് അനുസ്മരിച്ചു. കേരളത്തിന്റെ ദര്‍ശനങ്ങള്‍ ദേശീയതയോട് കൂട്ടിയോജിപ്പിക്കാന്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായകമാണ്. രാമായണ മാസചാരണവും ഗീതായജ്ഞങ്ങളുമെല്ലാം ഇതിന്റെ ഭാഗമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.